രചന – നിള നന്ദ
” എന്താടാ… ? എന്താ പ്രശ്നം..? ” ടെൻഷനോടെ അരവിന്ദ് ഫോൺ വെച്ചതും ശിവൻ അരവിന്ദനെ നോക്കി ചോദിച്ചു. ” അത്… മഹിക്ക് ഒരു ആക്‌സിഡന്റ് പറ്റിയെന്ന്. ” “ആരാ വിളിച്ചത്…? ” ” മഹിടെ ഒരു ഫ്രണ്ട് ആണ്.. എനിക്ക് പെട്ടന്ന് തന്നെ അങ്ങോട്ട് പോണം… ” ഇടർച്ചയോടെ അരവിന്ദ് പറഞ്ഞു. ” നീ തനിയെ പോണ്ട അച്ചു ഞാനും വരാം. ഞാൻ അമ്മയ്ക്ക് ഒന്ന് വിളിക്കട്ടെ. നീ ദേവകിയമ്മയെ ഒന്ന് വിളിച്ച് പറഞ്ഞേക്ക്. മഹിക്ക് ആക്‌സിഡന്റ് ആയെന്ന് പറയണ്ട. മറ്റെന്തെങ്കിലും പറഞ്ഞാൽ മതി.” ശിവൻ എഴുനേറ്റ് ഫോൺ എടുത്ത് മാറി നിന്നു. അരവിന്ദും ഫോൺ എടുത്ത് ദേവകിയെ വിളിച്ചു. എൻജിനീറിങ്ങിന് കൂടെ പഠിച്ച ഒരു സുഹൃത്തിന് ആക്‌സിഡന്റ് ആയി എറണാകുളത്തേക്ക് പോവാണെന്നും കൂടെ ശിവൻ ഉണ്ടെന്നും പറഞ്ഞ് അരവിന്ദ് വേഗം ഫോൺ വെച്ചു.
അധികം സംസാരിച്ചാൽ ചിലപ്പോൾ അവൻ സത്യം പറഞ്ഞു പോവുമായിരുന്നു. ” എടാ അച്ചു… നീ ഇങ്ങനെ വിഷമിക്കാതെ മഹിക്ക് ഒന്നും ഉണ്ടാവില്ല. നമ്മൾ അങ്ങോട്ട് അല്ലെ പോവുന്നത്… ” ട്രെയിനിൽ ഇരിക്കുന്ന നേരത്ത് ശിവൻ അരവിന്ദനെ സമാദനിപ്പിക്കാനായി പറഞ്ഞു. ” നിനക്ക് അറിഞ്ഞൂടെ ശിവ ലച്ചുവിനെ നഷ്ട്ടപെട്ടതിൽ പിന്നെ വീട്ടിൽ ഉണ്ടായ കാര്യങ്ങൾ. മഹിക്ക് കൂടെ എന്തെങ്കിലും സംഭവിച്ചാൽ പിന്നെ…. ” വാക്കുകൾ പൂർത്തീകരിക്കാൻ കഴിയാതെ അരവിന്ദ് തേങ്ങി. ” നീ എന്താടാ അച്ചു ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ. മഹിക്ക് ഒന്നും ഉണ്ടാവില്ല. ഈ അവസ്ഥയിൽ ലച്ചുവിനെ പറ്റി ഒന്നും ആലോചിക്കേണ്ട. ” ശിവന്റെ വാക്കുകൾ കേട്ട് അരവിന്ദ് ഒന്ന് ചിരിക്കാൻ ശ്രെമിച്ചു. ശിവന്റെ മനസ്സിൽ അപ്പോഴും കിലുങ്ങുന്ന പദസരവും ഇട്ട് ഓടി കളിക്കുന്ന ഒരു അഞ്ചു വയസുകാരി ആയിരുന്നു. *
” മോളെ… അച്ചു ഒരു സുഹൃത്തിന് ആക്‌സിഡന്റ് പറ്റിയിട്ട് കാണാൻ പോയിരിക്കുകയാ… നാളെയെ വരൂ. മോള് പോയി ഭക്ഷണം കഴിച്ചോളൂ. ” ദേവകി നയനയുടെ റൂമിൽ ചെന്ന് വിളിച്ചു. ” അപ്പൊ അമ്മ കഴിക്കുന്നില്ലേ..? ” ” അമ്മയ്ക്ക് തീരെ വിശപ്പ് ഇല്ല. ” ദേവകി നയനയിൽ നിന്ന് മുഖം തിരിച്ച് താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു. ” എന്നാ പിന്നെ എനിക്കും വേണ്ട ” ” മോള് ഭക്ഷണം കഴിക്കാതിരുന്നാൽ എങ്ങനെയാ മരുന്ന് കഴിക്കാനുള്ളതല്ലേ..? ” ദേവകി ശ്വസനയോടെ നയനയെ നോക്കി. ” അമ്മ കഴിക്കാതെ എനിക്കും വേണ്ട. എന്തിന്റെ പേരിൽ ആണെങ്കിലും ഭക്ഷണത്തോട് അപ്രിയം കാണിക്കരുതെന്ന് അമ്മ തന്നെയല്ലേ എന്നോട് പറഞ്ഞിട്ടുള്ളത്. ” നയന ദേവകിയെ നോക്കി നിഷ്കളങ്കമായി പറഞ്ഞു. ” ഓഹ് ഇനി ഇതിന്റെ പേരിൽ കഴിക്കാതെ ഇരിക്കണ്ട വാ. ” ദേവകി നയനയെയും വിളിച്ച് അകത്തേക്ക് പോയി.
ഭക്ഷണത്തിന്റെ മുന്നിൽ ഇരിക്കുമ്പോഴും ദേവകിയുടെ മനസ്സ് ആകെ കലങ്ങി മറഞ്ഞിരിക്കുകയായിരുന്നു. എന്തോ ഒരു അസ്വസ്ഥത അവരെ പിടികൂടി. എന്തൊക്കെയോ കഴിച്ചെന്ന് വരുത്തി നയനയോട് അധികം ഒന്നും സംസാരിക്കാതെ ദേവകി എഴുന്നേറ്റ് പോയി. അരവിന്ദ് ഇല്ലാത്തതിന്റെ വിഷമം ആയിരിക്കും ദേവകിക്ക് എന്ന് കരുതി നയന ഒന്നും ചോദിക്കാൻ പോയില്ല. കുറച്ച് കഴിച്ചു അവളും എഴുന്നേറ്റ് പോയി. ആരോ ഉച്ചത്തിൽ തേങ്ങി കരയുന്നത് കേട്ടാണ് നയന ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റത്. ലൈറ്റ് ഇട്ട് സമയം നോക്കിയപ്പോൾ പുലർച്ചെ മൂന്ന് മണി ആയിട്ടുണ്ടായിരുന്നു. നെഞ്ചിടിപ്പോടെ അവൾ കാതോർത്തു. പക്ഷേ പിന്നെ ആ ശബ്‌ദം കേൾക്കാതയപ്പോൾ തോന്നിയതാവും എന്ന് കരുതി അവൾ ലൈറ്റ് അണച്ച് കിടക്കാൻ പോയി. ബെഡിൽ ഇരുന്നതും വീണ്ടും ആ ശബ്‌ദം അവളെ തേടിയെത്തി. ആ തേങ്ങി കരച്ചിൽ വീണ്ടും വീണ്ടും അവളുടെ കാതിൽ എത്തും തോറും പേടിച്ച് അവളാകെ വിയർത്തു. എഴുന്നേറ്റ് വീണ്ടും ലൈറ്റ് ഇട്ട് ഡോർ തുറന്ന് അവൾ പുറത്തിറങ്ങി. ഓരോ ചുവട് മുന്നോട്ട് വയ്ക്കുമ്പോഴും ആ കരച്ചിൽ അടുത്തടുത്തായി വരുന്നത് അവൾ അറിഞ്ഞു.
അതനുസരിച്ച് നെഞ്ചിടിപ്പ് കൂടി കൂടി വന്നു. ശബ്‌ദം വരുന്നതനുസരിച്ച് നടന്ന് അവൾ എത്തിപ്പെട്ടത് ദേവകി കാണിച്ച് കൊടുകാതിരുന്ന റൂമിന്റെ മുന്നിൽ ആണ്. തൊണ്ടയിൽ തങ്ങി നിന്ന ഉമിനീരിറക്കി ചുറ്റും ഒന്നും കണ്ണോടിച്ച് അവൾ പതിയെ ആ റൂമിന്റെ ഡോറിൽ വലതു കൈ വെച്ച് കാത് ചേർത്ത് നിന്നു. എന്തോ ഒന്ന് ആ റൂമിലേക്ക് തന്നെ ആകർഷിക്കുന്നതായി അവൾക്ക് തോന്നി. നെഞ്ചിടിപ്പോടെ കാതോർത്തതും വീണ്ടും നല്ല ഉച്ചത്തിൽ ആ കരച്ചിൽ അവളുടെ കാത്തിലെത്തി. ഡോർ തുറന്ന് അകത്ത് കയറാൻ തോന്നിയെങ്കിലും അത് ലോക്ക് ആയിരുന്നു. കുറച്ച് നേരം അവിടെ നിന്നതും നയനക്ക് തല കറങ്ങുന്നത് പോലെ തോന്നി. നെറ്റിയിൽ കൈ വെച്ച് കണ്ണടച്ചും നയന താഴേക്ക് തളർന്നു വീണു. രാവിലെ കണ്ണ് തുറന്ന് നോക്കുമ്പോൾ നയന റൂമിൽ ആയിരുന്നു. അവൾ ചുറ്റും കണ്ണോടിച്ച് നോക്കിയതും അരികിൽ ദേവകി ഇരിക്കുന്നത് കണ്ടു. ദേവകിയെ കണ്ടതും നയന എഴുന്നേറ്റിരുന്നു. ” മോളെന്തിനാ ആ നേരത്ത് അങ്ങോട്ട് പോയത്..? ” ദേവകി നയനയുടെ നെറ്റിയിൽ തലോടി കൊണ്ട് ചോദിച്ചു. ” അത് അമ്മേ ഞാൻ…. ആരോ കരയുന്നത് കേട്ടപ്പോൾ…. ” നയന അത് പറഞ്ഞതും ദേവകിയുടെ മുഖം പെട്ടന്ന് മാറി.
” കരയെ ആര്…? മോൾക്ക് തോന്നിയത് ആവും. ” ഇടറിയ ശബ്‌ദത്തിൽ ദേവകി പറഞ്ഞു. ” അല്ല അമ്മേ ഞാൻ ശെരിക്കും കേട്ടതാ ആരോ കരയുന്നത്.. ” നയന ഉറപ്പോടെ പറഞ്ഞു. ” എന്താ അമ്മയും മോളും രാവിലെ തന്നെ ഒരു സ്വകാര്യം പറച്ചിൽ.. ” ദേവകി എന്തോ പറയാൻ തുടങ്ങിയതും വിദ്യ അങ്ങോട്ട് വന്നു. ” ഒന്നൂല്ല വിദ്യ മോളെ നയന മോള് ഇന്നലെ എന്തോ ശബ്‌ദം കേട്ട് പേടിച്ചു. ആ കാര്യം പറയായിരുന്നു. ” ദേവകി വിദ്യയെ നോക്കി മറുപടി കൊടുത്തു. ” അത്രേ ഉള്ളൂ. ഞാൻ ക്ഷേത്രത്തിൽ പോവാൻ ഇറങ്ങിയതാ. നയനയും വന്നോട്ടെ. ഒന്ന് പ്രാർത്ഥിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ. ” വിദ്യ നയനയുടെ അടുത്ത് ചെന്നിരുന്നു. ” എന്നാ പിന്നെ മോള് വിദ്യയുടെ കൂടെ പൊയ്ക്കോ. മനസ്സൊന്ന് ശാന്തമാവട്ടെ. ” ദേവകി പറഞ്ഞത് കേട്ടതും നയന വേഗം എഴുന്നേറ്റ് ഫ്രഷ് ആയി വിദ്യയുടെ ഒപ്പം പോയി. പാടവരമ്പത്ത് കൂടി നടക്കുമ്പോൾ വിദ്യ നല്ല വർത്താനം ആയിരുന്നു. നയന ചിരിച്ചോണ്ട് എല്ലാം മൂളി കേട്ടു. ” ചെറുപ്പത്തിൽ ഞാനും വിവേകേട്ടനും അച്ചുവേട്ടനും ശിവേട്ടനും മഹിയെട്ടനും ഒക്കെ ഈ പാടത്തു കുറേ കളിച്ചിട്ടുണ്ട്. വിവേകേട്ടനും അച്ചുവേട്ടനും പാവം ആയിരുന്നു.
പക്ഷേ ശിവേട്ടൻ പാവം ആണെങ്കിലും ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ല. ദേഷ്യം വന്നാൽ ഒരു നോട്ടം കൊണ്ട് അപ്പുറത്ത് നിൽക്കുന്ന ആളുടെ വായ അടപ്പിക്കും അതാ സ്വഭാവം. പിന്നെ മഹിയേട്ടൻ വല്ലാത്ത വികൃതി ആയിരുന്നു. കളി തുടങ്ങിയാൽ വീട്ടിൽ നിന്ന് ആരെങ്കിലും വടിയും ആയി വരാതെ ഞങ്ങൾ കളി നിർത്തില്ലായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടങ്ങളിൽ ഒന്ന് തിരിച്ച് കിട്ടാത്ത ബാല്യം ആണ്. ” വിദ്യ പാടത്തേക്ക് നോക്കി നെടുവീർപ്പിട്ടോണ്ട് പറഞ്ഞു നിർത്തി. ” ഈ മഹിയേട്ടൻ ഇപ്പൊ…? ” ” എറണാകുളത്ത് ആണ്. മഹിയേട്ടൻ പഠിച്ചതും ജോലി ചെയ്യുന്നതും അവിടെ ആണ്. ഇടയ്ക്കൊക്കെ വരും. സ്വന്തയായി ഒരു ബിസിനസ് തുടങ്ങാൻ പോവാണെന്ന് കഴിഞ്ഞ തവണ വന്നപ്പോൾ പറയുന്നത് കേട്ടു. ” ദേവകി പറഞ്ഞത് കേട്ട് നയന ഒന്ന് മൂളി. വിദ്യ പിന്നെയും ക്ഷേത്രത്തിൽ എത്തുന്നത് വരെ ഓരോന്ന് പറഞ്ഞോണ്ടിരുന്നു. ” നയനെ നന്നായി പ്രാർത്ഥിച്ചോ പരമശിവന്റെ പ്രതിഷ്ഠ ആണ്. ” ക്ഷേത്രത്തിന്റെ ഉള്ളിലേക്ക് കയറുന്ന നേരത്ത് വിദ്യ നയനയെ നോക്കി പറഞ്ഞു.
അവളൊന്ന് ചിരിച്ച് അകത്തേക്ക് കയറി. കണ്ണടച്ച് പ്രാർത്ഥിക്കുമ്പോൾ നയനയുടെ ഉള്ളിൽ അവളെ നോക്കി കണ്ണുരുട്ടിയ ശിവന്റെ മുഖം ആയിരുന്നു. ” നയനെ ആ വീട് കണ്ടോ… ശിവേട്ടന്റെയാ. ” ക്ഷേത്രത്തിൽ നിന്ന് ഇറങ്ങി തിരികെ നടക്കുന്ന നേരത്ത് വിദ്യ നയനക്ക് ഒരു വീട് ചൂണ്ടി കാണിച്ചു. നയന വിദ്യ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി. മുറ്റത്ത് നിറയെ പൂക്കൾ ഉള്ള ഒരു കൊച്ചു ഓട് വീട്. ഒറ്റ നോട്ടത്തിൽ തന്നെ അവൾക്ക് ആ വീട് ഇഷ്ട്ടപെട്ടു. ” വാ നമുക്ക് അങ്ങോട്ട് ഒന്ന് പോയിട്ട് വരാം. മാഷും അമ്മയും കാണും അവിടെ. ” വിദ്യ നയനയുടെ കയ്യും പിടിച്ച് അങ്ങോട്ട് നടന്നു. ” ശിവേട്ടൻ പഠിപ്പിക്കുന്ന സ്കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്നു ശിവേട്ടന്റെ അച്ഛൻ. ഞങ്ങളുടെ ഒക്കെ പ്രിയപ്പെട്ട കൃഷ്ണന്മാഷ്. ഇപ്പൊ റിട്ടയർ ആണ്. പിന്നെ ഉള്ളത് ഒരു പാവം അമ്മയാണ്. മാലതി. ശിവേട്ടനും മാഷും ആണ് അമ്മയുടെ ലോകം.. ” നടക്കുന്നതിന് ഇടയിൽ വിദ്യ ശിവനെ കുറിച്ച് വാ തോരാതെ സംസാരിച്ച് കൊണ്ടിരുന്നു.
രണ്ട്പേരും കയറി ചെല്ലുമ്പോൾ മുറ്റത്ത് ചെടികൾക്ക് എന്തൊക്കെയോ വളം ഇട്ടുകൊടുക്കുകയായിരുന്നു മാഷ്. ” എന്താ മാഷേ സുഖല്ലേ…? ” കയറി ചെന്നതും വിദ്യ മാഷിന്റെ അടുത്തേക്ക് ഓടി. ” ആരിത് വിദ്യ മോളോ. കണ്ടിട്ട് കുറച്ച് ആയല്ലോ. എപ്പോ വന്നു…? ” ” ഇന്നലെ… ” മാഷും വിദ്യയും കുറച്ച് നേരം കുശലം പറഞ്ഞു നിന്നു. നയന അവരെ രണ്ട് പേരെയും മാറി മാറി നോക്കി നിന്നു. ” നയന മോള് ആണോ..? ” മാഷ് വിദ്യയിൽ നിന്ന് നോട്ടം തെറ്റിച്ച് നയനയെ നോക്കി. അതെയെന്ന് അവൾ തിരികെ തലയാട്ടി. ” മാഷിന് നയനയെ എങ്ങനെ അറിയാം…? ” വിദ്യ മനസിലാവാതെ മാഷേ നോക്കി. ” ദേവകി പറഞ്ഞിരുന്നു ഇങ്ങനെ ഒരാളെ കുറിച്ച്. കാണാൻ അങ്ങോട്ട് വരാൻ ഇരിക്കയായിരുന്നു. ” മാഷ് നയനയെ നോക്കി പുഞ്ചിരിച്ചു. തിരികെ അവളും. ” രണ്ടാളും കയറി വാ.. ” മാഷ് അവരെയും കൊണ്ട് അകത്തേക്ക് പോയി. മാലതി അവർക്ക് കഴിക്കാൻ ചായയും പുട്ടും കൊടുത്തു. ആദ്യത്തെ ഒരു പരിചയ കുറവ് മാറിയതും നയന പിന്നെ വിദ്യയെക്കാൾ സംസാരം ആയിരുന്നു. കുറച്ച് സമയം കൊണ്ട് തന്നെ അവൾ മാഷിന്റെയും മാലതിയുടെയും പ്രിയപ്പെട്ടവളായി. അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ താൻ തനിച്ചെല്ലെന്നും തനിക് ആരൊക്കെയോ ഉണ്ടെന്നും നയനക്ക് തോന്നി.
നല്ല ടെൻഷനോടെ ആണ് അരവിന്ദ് ഹോസ്പിറ്റലിൽ ചെന്നത്. മഹിയുടെ സുഹൃത്തിനെ വിളിച്ച് റൂം നമ്പർ ചോദിച്ച് പെട്ടന്ന് അവർ അങ്ങോട്ട് ചെന്നു. ” മോനെ എന്താടാ നിനക്ക് പറ്റിയത്..? ” റൂമിലേക്ക് കയറിയതും അരവിന്ദ് ഓടിച്ചെന്ന് മഹിയുടെ അടുത്ത് ഇരുന്നു. ” എന്റെ ഏട്ടാ എനിക്ക് ഒന്നും ഇല്ല. ബൈക്കിൽ പോവുമ്പോൾ ഒരു പട്ടി കുറുകെ ചാടിയപ്പോൾ ഒന്ന് വീണു. അത്രേ ഉള്ളൂ. ” മഹി അരവിന്ദനെ നോക്കി നിസാരമട്ടിൽ പറഞ്ഞു. ” അത്രേ ഉള്ളൂന്നോ… അപ്പൊ പിന്നെ ഈ കാണുന്നത് എന്താടാ…? ” അരവിന്ദ് മഹിയുടെ പ്ലാസ്റ്റർ ഇട്ട കയ്യില്ലേക്ക് നോക്കി. ” ഇത്രയല്ലേ ഏട്ടാ പറ്റിയുള്ളൂ. അതത്ര പേടിക്കാൻ ഒന്നും ഇല്ല. ഏട്ടൻ അമ്മയോട് എന്തെങ്കിലും പറഞ്ഞോ…? ” ” ഇല്ല. അറിഞ്ഞാൽ പാവം ടെൻഷൻ അടിക്കും. ഇനി ഒരു ദുഃഖം കൂടി താങ്ങാൻ അമ്മയ്ക്ക് കഴിയില്ല. നിനക്ക് അറിഞ്ഞൂടെ എല്ലാം. ” അരവിന്ദ് പറയുന്നത് കേട്ട് മഹിയെന്നു മൂളി. ” എപ്പോഴാ ഡിസ്ചാർജ് ചെയ്യുന്നത്…? ” ശിവൻ മഹിയുടെ അടുത്ത് വന്നിരുന്ന് ചോദിച്ചു. ” കുറച്ച് കഴിഞ്ഞാൽ പോവാം. ” ശിവനെ നോക്കി മഹി മറുപടി പറഞ്ഞു. പേടിച്ച പോലെ മഹിക്ക് കുഴപ്പം ഒന്നും ഇല്ലെന്ന് അറിഞ്ഞപ്പോൾ ആണ് അരവിന്ദനും ശിവനും സമാധാനം ആയത്.
ഹോസ്പിറ്റലിൽ നിന്ന് മഹിയെ വീട്ടിലേക്ക് കൊണ്ട് പോവണം എന്നുണ്ടായിരുന്നിട്ടും ദേവകിയെ ഓർത്ത് അരവിന്ദ് ആ ആഗ്രഹം വേണ്ടെന്ന് വെച്ചു. അവനെ തിരികെ വീട്ടിൽ ആക്കി കുറച്ച് നേരം അവിടെ നിന്നിട്ടാണ് അവർ തിരിച്ചു പോന്നത്. രാത്രിയോടെ അവർ തിരികെ നാട്ടിൽ എത്തി. ശിവനെ വീട്ടിലാക്കി അരവിന്ദ് വീട്ടിലേക്ക് പോന്നു. വീട്ടിൽ എത്തി ഫ്രഷ് ആയി അത്താഴം കഴിച്ച് ചുരുങ്ങിയ വാക്കുകളിൽ ദേവകിയോട് വിശേഷങ്ങൾ പറഞ്ഞു അരവിന്ദ് വേഗം കിടന്നു. രാവിലെ പതിവ് പോലെ പാടത്തേക്ക് പോവാൻ ഇറങ്ങി. കൂടെ നയനയും. നയന എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അരവിന്ദ് അധികം സംസാരിച്ചില്ല. അവന്റെ മനസ്സിൽ മുഴുവൻ മഹി ആയിരുന്നു. പേടിക്കാൻ മാത്രം ഒന്നും ഇല്ലെങ്കിലും ഇങ്ങനെ ഒരു അവസ്ഥയിൽ അവനെ അവിടെ വിട്ടിട്ട് പോന്നതിൽ അരവിന്ദന് നല്ല വിഷമം ഉണ്ടായിരുന്നു. അരവിന്ദന്റെ കൂടെ ഓരോന്ന് സംസാരിച്ച് അവനെ സഹായിച്ച് കൊണ്ടിരിക്കുന്ന നേരത്താണ് അങ്ങോട്ട് ശിവൻ വന്നത്.
ഞായറാഴ്ച ആയത് കൊണ്ട് അവന് സ്കൂൾ പോവണ്ടായിരുന്നു. ആ ദിവസങ്ങളിൽ ഒക്കെ ശിവൻ അരവിന്ദന്റെ കൂടെ കൂടാറുണ്ട്. ശിവനെ കണ്ടതും നയന മുഖം വീർപ്പിച്ച് നിന്നു. ” നീ എന്താടാ ഇന്ന് താമസിച്ചത്…? ” ശിവനെ നോക്കി അരവിന്ദ് ചോദിച്ചു. ” നിനക്ക് തരാൻ അമ്മ കപ്പ പുഴുങ്ങിയതും ചമ്മതിയും ഉണ്ടാക്കുന്നുണ്ടായിരുന്നു. അതെടുക്കാൻ നിന്നത് കൊണ്ടാ താമസിച്ചത്.” ശിവൻ അരവിന്ദന് നേരേ ഒരു വാഴയില പൊതി നീട്ടി. ” എന്നാൽ പിന്നെ ഇനി ഇത് കഴിച്ചിട്ടെ ഉള്ളു ബാക്കി പണി. ” അരവിന്ദ് ശിവനെ നോക്കി ചിരിച്ച് പോയി കൈ കഴുകി വന്നു. നയനക്ക് അത് കണ്ട് കഴിക്കണം എന്നുണ്ടെങ്കിലും ശിവനോട് ചോദിക്കാൻ മടി ആയിരുന്നു. അത് മനസിലാക്കിയ അരവിന്ദ് ഒരു കഷ്ണം നയനക്ക് നേരേ നീട്ടി. ” ആ ഭദ്രകാളിക്ക് കൊടുത്തേക്ക് ഇല്ലെങ്കിൽ നിനക്ക് കൊതി പറ്റും.. ” നയനയുടെ മുഖത്തെ ഭാവം കണ്ട് ശിവൻ അവളെ കളിയാക്കി. ” ദേ വായിൽ തോന്നുന്നതൊക്കെ വിളിച്ച് പറഞ്ഞാൽ ഉണ്ടല്ലോ… ആർക്കാടോ കൊതി..? ” നയന ശിവനെ കൂർപ്പിച്ച് നോക്കി.
” നിനക്ക് തന്നെ അല്ലാതെ ആർക്കാ…? ” ” ദേ അച്ചുവേട്ടാ ഇയാളോട് മിണ്ടാതെ നിൽക്കാൻ പറഞ്ഞോ…” നയന അരവിന്ദനെ നോക്കി പരിഭവ സ്വരത്തിൽ പറഞ്ഞു. ” നിനക്ക് എന്നോട് ഒന്നും പറയാൻ കിട്ടുന്നില്ലെങ്കിൽ നീ മിണ്ടാതെ നിൽക്കെടി കാളി… ” ” പോടാ വെട്ട് പോത്തേ. ” നയന അവൻ കേൾക്കാതെ പിറുപിറുത്തു. ” എന്താന്ന്…? ” ” ഒന്നൂലടാ വെട്ട് പോത്തേ… ” എടീ എന്ന ശിവന്റെ അലർച്ച കേട്ടപ്പോൾ ആണ് എന്താ വിളിച്ചതെന്ന് അവൾക് ബോധം വന്നത്. അവന്റെ നോട്ടം കണ്ട് പേടിച്ച അവൾ പെട്ടെന്ന് മുന്നോട്ട് ഓടി. ഓടുന്നതിന് ഇടയിൽ അവൾ തിരിഞ്ഞ് നോക്കി ഒന്നൂടെ അവനെ വെട്ട് പോത്തേ എന്ന് ഉറക്കി വിളിച്ചു. അവൻ അത് കേട്ട് രൂക്ഷമായി നോക്കുന്നത് കണ്ടതും അവൾ അവനെ നോക്കിയൊന്ന് ഇളിച്ചിട്ട് ഓടി. അത് കണ്ട ശിവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു. ( തുടരും )

by