06/12/2025

പ്രണയഗീതം 1

ഭാഗം 1

” നീ എന്തറിഞ്ഞിട്ടാണ് ഈ പറയുന്നത്….?  നിനക്ക് അറിയില്ലേ കാര്യങ്ങൾ…?  ആ  പെൺകൊച്ചിനെ എന്ത് വിശ്വസിച്ചു ആണ്  ഇവിടെ നിർത്തുന്നത്…!  എല്ലാ കാര്യങ്ങളും നിനക്ക് അറിയാവുന്നതല്ലേ,

നല്ല മൃദു ആയ  പാലപ്പത്തിൻറെ പുറത്തേക്ക് ഉരുളക്കിഴങ്ങ് സ്റ്റൂ ഒഴിച്ചു കൊണ്ട് സണ്ണി ചോദിച്ചു….!

” ഇച്ചായൻ അറിയാലോ ബെറ്റി എന്റെ  അടുത്ത കൂട്ടുകാരിയാ…  അവൾ ഒരു കാര്യം പറയുമ്പോ ഞാൻ എങ്ങനെയാ തള്ളുന്നത്,  അത് മാത്രമല്ല എനിക്ക് ഈ  കാര്യം അവളോട് പറയാൻ പറ്റുമോ…? പിന്നെ ആ കൊച്ചിന്റെ കാര്യവും ബുദ്ധിമുട്ടിൽ ആണ്….! അവൾക്ക് ഇവിടെ ചെന്നൈയിൽ  എവിടെയോ അഡ്മിഷൻ കിട്ടിയിരിക്കുന്നത്,  ഹോസ്റ്റലിൽ  നിർത്താൻ ഒരു മാസം എടുക്കും, അതുവരെ വേറെ എങ്ങും പെയിൻ ഗസ്റ്റ്‌ ആയി നിർത്താൻ ഒന്നും  ജോൺസൺ സമ്മതിക്കുകേല…. അതിനും കുറെ പൈസ ചെലവാക്കണ്ടേ…. ഒന്നും അല്ലേലും  നഴ്സിംഗ് എങ്കിലും പഠിച്ചിറങ്ങിയ അവൾ അവളുടെ കാര്യം നോക്കിക്കോളും…  രക്ഷപ്പെട്ടു പൊയ്ക്കോളും, ബെറ്റി  ചോദിക്കുമ്പോ ഞാൻ എങ്ങനെയാ പറ്റില്ല  എന്ന് പറയുന്നത്…..

അമല വേദനയോടെ പറഞ്ഞു…

” ഇവിടെ നിർത്തുന്നതുകൊണ്ട് എനിക്ക് കുഴപ്പമൊന്നും ഉണ്ടായിട്ടല്ല….  പിന്നെ ഞാൻ എന്തുകൊണ്ട് പറയുന്നതെന്ന് നിനക്കറിയാലോ,

” എനിക്കിപ്പോൾ  അവളോട് പറയാൻ പറ്റുമോ…?  ഞാൻ പറയുന്നത് തൽക്കാലം ഇവിടെ  നിൽക്കട്ടെ ഒരു ഒന്നര മാസം കഴിയുമ്പോൾ എന്താണെങ്കിലും അവൾക്ക് ഹോസ്പിറ്റലിൽ ഹോസ്റ്റലിലേക്ക് മാറേണ്ടിവരുംമ്..  നേഴ്സിംഗ് പഠിക്കുന്നതു കൊണ്ടുതന്നെ അങ്ങനെയല്ലേ നിക്കാൻ പറ്റൂ,   ഒന്നും നോക്കണ്ട ഒരു പെൺകൊച്ച് രക്ഷപ്പെടുന്ന കാര്യം ആണെന്ന് കരുതിയാ പോരെ, ഇല്ലെങ്കിൽ പിന്നെ ആ വീട്ടിൽ കിടന്ന് കൊച്ചിന്റെ  ജീവിതം പോകും….  നമ്മുടെ കൂടെ പറഞ്ഞു അയക്കാൻ വേണ്ടിയാണ് ചോദിച്ചത്,അങ്ങനെയാണെങ്കിൽ ബാക്കി കാര്യങ്ങൾ ചെയ്യാനാ….  അഡ്മിഷൻ മറ്റും..

”  ആദ്യം അഡ്മിഷൻ കിട്ടട്ടെ, എന്നിട്ട് പോരാ ബാക്കിയൊക്കെ….

” അതൊക്കെ കിട്ടും,  അവൾക്ക് നല്ല മാർക്കുണ്ട്….  എന്താണെങ്കിലും അഡ്മിഷൻ കിട്ടും എന്ന  കാര്യം ഉറപ്പാണ്,  നമ്മുടെ കാര്യം ഉറപ്പായി അവൾ അഡ്മിഷൻ കാര്യം നോക്കുന്നുള്ളൂ  എന്ന് പറഞ്ഞത്….  നമ്മൾ ഇവിടെയുള്ള കൊണ്ടാ ഇത്രയും ദൂരത്തേക്ക് കൊച്ചിനെ അയക്കുന്നത്,  ഇല്ലെങ്കിൽ അവൾക്ക് ഒരു സമാധാനവുമില്ല…. എത്ര ആണെങ്കിലും അമ്മയല്ലേ,

”  അവൾ നല്ലൊരു അമ്മ ആയതുകൊണ്ടാണല്ലോ ആ കൊച്ച് അവിടെ ഇത്രത്തോളം ബുദ്ധിമുട്ടുന്നത്….

സണ്ണി ചായ ഫ്ലാസ്കിൽ ഒഴിച്ചു കൊണ്ട് പറഞ്ഞു…

”  അവളുടെ അവസ്ഥ ഇച്ചായനോട്  ഞാൻ പറഞ്ഞിട്ടില്ലേ….. ഇപ്പോൾ  തന്നെ അവൾ ഇവിടേക്ക് കൊച്ചിനെ അയക്കുന്നു എന്ന് പറയുമ്പോൾ തന്നെ ജോൺസൺ കുത്തി  ഓരോന്ന് പറയാൻ തുടങ്ങും….

” അഡ്മിഷൻ കാര്യങ്ങളൊക്കെ നോക്കിയിട്ട് ഇവിടെ കിട്ടുവാണെങ്കിൽ അയക്കാൻ പറ,  ഒരു മാസത്തെ കാര്യമല്ലേ…അതുവരെ എന്തെങ്കിലും ചെയ്യാം,നമ്മുടെ പുത്രനെ ഇവിടുന്ന് പറഞ്ഞു വിടാം…

” അവനോട് ഒന്ന് ആലോചിക്കേണ്ട,

”  അയ്യടാ ആലോചിക്കാൻ പറ്റിയ കാര്യം…ആലോചിച്ചാൽ അവന്  പൂർണ്ണ സന്തോഷമേ  ആവുക  ഉള്ളൂ,  മറ്റൊന്നും അല്ല  ഒരു പെൺകൊച്ച് അല്ലേ ഇങ്ങോട്ട് വരുന്നത്…എണ്ണം പറഞ്ഞ ഒരു കാട്ടുകോഴി ആയ നിൻറെ മോന് അതിലും വലിയ സന്തോഷം വേറൊന്നും കാണില്ലല്ലോ….. ആ കൊച്ച്  വരുന്നതുവരെ ഒരു വാക്ക് അവനോട് നീ പറഞ്ഞേക്കരുത് ഇക്കാര്യത്തെക്കുറിച്ച്,

”  അപ്പൊൾ  അവനോട് പറയണ്ട എന്നാണോ  നിങ്ങൾ പറയുന്നത്,

അമലയ്ക്ക് ആധി ആയി…

” നിന്റെ ഇഷ്ടം പോലെ ചെയ്യ്…!പിന്നെ നീ പ്രത്യേകം പറഞ്ഞേക്കണം നിൻറെ കൂട്ടുകാരിയുടെ മോളാണ്, അവൻറെ സ്വഭാവം ഒന്നും അവളുടെ അടുത്തേക്ക് ഇറക്കരുത് എന്ന് … നാട്ടുകാർ ആണ് നിന്റെ പുന്നാരമോനെ കുറിച്ച് ആ കൊച്ചെങ്ങാനം ചെന്ന് അവളുടെ വീട്ടിൽ പറഞ്ഞാൽ എനിക്ക് ആണ് അതിന്റെ നാണകേട്, കുറച്ചു അഭിമാനം നാട്ടിൽ ബാക്കിയുണ്ട് അത് മിക്കവാറും ഇതോടെ പോയികിട്ടും…!

അയാൾ ഭക്ഷണം കഴിച്ചു കൈ കഴുകി…!

”  നിങ്ങളീ പറയുന്ന പോലെ എന്ത് സ്വഭാവമാണ് അവൻ  ഉള്ളത്,

”  നിനക്കൊന്നും അറിയില്ല അല്ലേ,  എട്ടാംക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയതാ നിൻറെ മോൻറെ കലാപരിപാടികൾ….  പഠിപ്പിക്കുന്ന ടീച്ചർക്ക് ലൗ ലെറ്റർ കൊടുത്തത് വെറും  തുടക്കം,  അതൊന്നും നിന്നോട് ഞാൻ പറഞ്ഞിട്ടില്ല….  പിന്നെ എത്ര എണ്ണം ഉണ്ടായി, എണ്ണാൻ  പറ്റുമോ, 200 പേജിൻറെ 2 ബുക്ക് പോരാതെ വരും നിൻറെ മോൻറെ പ്രേമത്തിൻറെ കണക്കെടുത്താൽ….  പിന്നെ ആകെയുള്ള ഒരു ആശ്വാസം പ്രേമം മാത്രമേ  ഉള്ളു എന്നതാ… മറ്റൊന്നും ഇതുവരെ ഞാൻ കേട്ടിട്ടില്ല,  ഇനി അതുഉണ്ടോന്ന്  ആർക്കറിയാം,

” സ്വന്തം മോനെ കുറിച്ച് ആണ് നിങ്ങൾ കുറ്റം  പറയുന്നത്…..

”  സ്വന്തം മോനായി  പോയി…. ഇല്ലേൽ പണ്ടേക്ക് പണ്ടേ ഞാൻ അവനെ ഇറക്കി വിട്ടേനെ…. എനിക്ക് ഈ സ്വഭാവം ഇല്ല ഞാൻ ഒരുത്തിയെ പ്രേമിച്ചു അന്തസായി അവളെ കെട്ടി,  പിന്നെ എൻറെ കുടുംബത്തിൽ ആർക്കും ഈ സ്വഭാവം ഇല്ലായിരുന്നു….  ഇനിയും നിന്റെ  കുടുംബത്തിലുള്ള ആർക്കെങ്കിലും…..

ഒന്ന് സംശയത്തോടെ നോക്കി സണ്ണി പറഞ്ഞു…

” എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ…. നിങ്ങടെ മോൻ എന്തെങ്കിലും സ്വഭാവം കിട്ടിയിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ സ്വഭാവം തന്നെ ആയിരിക്കും…  അല്ലാതെ എൻറെ കുടുംബത്തിലെ സ്വഭാവവും അല്ല,

” അത്‌ ഇരിക്കട്ടെ, എന്തിയേ നിന്റെ മോൻ….

”  അവൻ ഇവിടെ ഇല്ല ഒരു കൂട്ടുകാരനെ കാണാൻ ഉണ്ടെന്നും പറഞ്ഞ് രാവിലെ പോയതാ,

”  കൂട്ടുകാരനോ….?  നീ അങ്ങ് വിശ്വസിച്ചല്ലേ,  പുതിയ കൂട്ടുകാരിയെ കിട്ടിയിട്ടുണ്ടരിക്കും…..  ഇനി ഒരു മാസത്തേക്ക് അതിനെ കൊണ്ടായിരിക്കും കറക്കം,  ഒരുമാസം കഴിയുമ്പോൾ നിൻറെ മോന് അത് വേണ്ടെന്നു തോന്നും…  ഉപേക്ഷിക്കും, ഇവൻ ഇവളുമാർക്ക് വേണ്ടി ചെലവാക്കുന്ന പൈസ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ എറണാകുളത്ത് 2 ഫ്ലാറ്റ് എങ്കിലും വാങ്ങിയേനെ……

”  നമ്മുടെ കാശ് ഒന്നും എടുത്തല്ലല്ലോ ആർക്കെങ്കിലും കൊടുക്കുന്നത്, സ്വന്തമായി അധ്വാനിച്ചു ഉള്ള പൈസ അല്ലേ….

”  നല്ല അമ്മ….! മോൻ എങ്ങനെ നടന്നാലും നീ ഇങ്ങനെ തന്നെ പറയണം,

” അവൻ  മോശമായി ഒന്നും പോകുന്നില്ല…..

” നല്ല വീട്ടിലെ പെൺപിള്ളേരെ  പ്രേമിച്ച്  കെട്ടാമെന്ന്  വാക്കുകൊടുത്തു സിനിമ തീയേറ്ററിൽ മാളിലും ഒക്കെ കറങ്ങാൻ കൊണ്ടുപോയി  ഒരൊന്നൊന്നര മാസം കഴിയുമ്പോൾ നിങ്ങളോട് എനിക്ക് അങ്ങനെ ഒന്നുമില്ല ഞാൻ ഫ്രണ്ട് ആയിട്ടേ കാണുകയുള്ളൂ എന്നൊക്കെ പറയുന്നതിനെ പിന്നെ നിൻറെ നാട്ടിലെന്താ പറയുന്നത് നല്ല സ്വഭാവം എന്നാണോ….?

” അവൻറെ ഗേൾ ഫ്രണ്ട് ആണെന്ന് അവൻ പറഞ്ഞത്,  മറ്റു ബന്ധങ്ങളൊന്നും അവരുമായിട്ട് ഇല്ല,

” ഫ്രണ്ട്സ് ആയിട്ടാണ്  രണ്ടുമൂന്ന് പെമ്പിള്ളേരെ ഈ വീട്ടിൽ കയറിവന്ന് കരഞ്ഞത്…  നിൻറെ മോനുമായി  പ്രേമത്തിൽ ആയിരുന്നു  എന്ന് പറഞ്ഞിട്ട്,  ഇനി എന്നാണോ പിള്ളേരെ കൊണ്ട് ആരെങ്കിലും  കയറി വരുന്നത്….

”  നിങ്ങൾ ചുമ്മാ അനാവശ്യം പറയരുത് കേട്ടോ, അവൻ അങ്ങനെ സ്വഭാവം ഒന്നും ഇല്ല…  ഒരു പെൺകൊച്ചിന്റെ ജീവിതം തകർക്കാൻ ഒന്നും പോകില്ല…

” മോൻ എന്ത് കാണിച്ചാലും അമ്മ ഇങ്ങനെ സപ്പോർട്ട് ചെയ്തോണം,  ഞാൻ പറയാൻ വന്നത് ഇതുപോലുള്ള ഒരുത്തൻ ഉള്ളിടത്ത് ആണ് ആ പെങ്കൊച്ചിനെ കൊണ്ട് നിർത്താൻ പോകുന്നത്,

” ഒരു മാസത്തെ കാര്യല്ല ഇച്ചായാ…

”  അയ്യോ നിന്റെ  മോനെ ഒരു ദിവസം തന്നെ ധാരാളം അല്ലേടി,

അതും പറഞ്ഞ് സണ്ണി എഴുന്നേറ്റ് പോയപ്പോൾ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു അമല…. ഉടനെ തന്നെ അവർ ഫോണെടുത്തു മകന്റെ  നമ്പർ ഡയൽ ചെയ്തു,
ഒരുവട്ടം ബെല്ലടിച്ച് നിന്നെങ്കിലും ഫോൺ എടുക്കപെട്ടിരുന്നില്ല കുറച്ചു സമയങ്ങൾക്കു ശേഷമാണ് വീണ്ടും ഫോൺ അടിച്ചത്…

” ഇന്ത ഡ്രസിൽ നീ റൊമ്പ അഴകാർക്ക്…

അഴിഞ്ഞുപോയ ഷൂലെസ് കെട്ടിക്കൊണ്ട് സെൽവിയുടെ  മുഖത്തേക്ക് നോക്കി ഒരു കള്ളച്ചിരിയോടെ പറയുക ആണ് അവൻ….

” നെജ്ജമാ….?

കവിളിൽ വിരിഞ്ഞ നാണത്തോടെ അവൾ ചോദിച്ചു…!

” ഉന്നോട് ഞാൻ പൊയ് സൊല്ലുമോ സെൽവി,

കള്ളചിരിയോടെ പറഞ്ഞവൻ..

”  കണ്മണി അന്‍പൊടു കാതലന്‍ നാന്‍ എഴുതും കടിതമേ… പൊന്മണി ഉന്‍ വീട്ടില്‍ സരഖ്യമാ നാന്‍ ഇന്‍ഗു സരഖ്യമേ…. ഉന്നൈ എന്നി പാര്‍ക്കൈയില്‍ കവിതെ സൊട്ടുതു … അത്തൈ എഴുത നിനൈക്കൈയില്‍ വര്‍ത്തയ്‌ മുട്ടുതു …

അവളുടെ മുഖത്തേക്ക് നോക്കി ഒരു പ്രത്യേക താളത്തിൽ അവൻ പാടി.. വീണ്ടും ഫോൺ അടിക്കുന്നത് കേട്ടപ്പോൾ  പോക്കറ്റിൽ നിന്നും ഫോൺ എടുത്തു നോക്കി,  ഡിസ്‌പ്ലെയിൽ അമ്മച്ചി  എന്ന് തെളിഞ്ഞതും അവൻറെ മുഖത്ത് ഒരു ചിരി വിടർന്നു,

” യാര്…?

” അമ്മ,

അതും പറഞ്ഞ് അവൻ ഫോണുമായി അല്പം നീങ്ങിനിന്നു…

”  എന്താ എൻറെ അമല കൊച്ചേ,

കൊഞ്ചിക്കൊണ്ട് ചോദിച്ചു…

”  നീ എവിടെയാടാ,

“ഞാനിവിടെ അത്യാവശ്യമായ ഒരു ജോലിയിലാ….  എന്താ….?

” എന്താഡാ  നിന്നെ പറ്റി പപ്പാ  പറയുന്നത്,

” എന്നാ പറഞ്ഞെന്ന് ആണ്…?

” നീ പെണ്പിള്ളാരൊക്കെ ആയിട്ട്
ഇപ്പോഴും കമ്പനി ഉണ്ടെന്ന് പറയുന്നത് സത്യമാണോ….? അന്ന്  ഈ  വീട്ടിൽ  ആ  പെൺകൊച്ച്  വന്നു പോയതിനു പിന്നാലെ നീ എൻറെ കൈയ്യിൽ  തൊട്ട് സത്യം ചെയ്തതാ,  ഇനി ഇമ്മാതിരി പണിക്കൊന്നും നിൽക്കുക ഇല്ലന്ന്…  എന്നിട്ട് നീ ആ സത്യം തെറ്റിച്ചോഡാ….?

ആകുലതയൊടെ ചോദിച്ചു….!

” എന്റെ ഈശോയെ എന്നാ ഈ പറയുന്നേ…..! എൻറെ പൊന്ന് അമല കൊച്ചേ,  ഞാൻ ആ സത്യം തെറ്റിക്കുമോ…?  എൻറെ അമ്മച്ചി എൻറെ മുത്തല്ലേ,  പിന്നെ ഈ നിമിഷം വരെ ഒറ്റ ഒരുത്തിയും ആയിട്ട് ഒന്നും മിണ്ടാൻ പോലും  നിന്നിട്ട് ഇല്ല ഞാൻ….  സത്യം….! ഒരു വാക്ക് തന്നാൽ  ഈ സോളമൻ തെറ്റിക്കുമോ..?

അവൻറെ കൊഞ്ചിക്കൊഞ്ചി ഉള്ള ആ വർത്തമാനത്തിൽ അമല വീണു പോയിരുന്നു….  അല്ലെങ്കിലും അമ്മച്ചിയെ കുപ്പിയിലാക്കാൻ എളുപ്പമാണെന്ന് സോളമനും അറിയാം,

“നീ ഇങ്ങനെ പള്ളിയിലും പോകാതെ പ്രാർത്ഥനയും ഇല്ലാതെ നടക്കുന്നതുകൊണ്ടാണ് ഇമ്മാതിരി ദുഷ്ചിന്തകൾ ഒക്കെ മനസ്സിൽ വരുന്നത്. സന്ധ്യാവുമ്പോൾ വീട്ടിൽ വന്ന് കുടുംബ പ്രാർത്ഥനയ്ക്ക് ഇരിക്കണം.  ഒന്നുമല്ലെങ്കിൽ കിടക്കുന്നതിനു മുൻപ് ആ ബൈബിൾ എങ്കിലും ഒന്ന് വായിക്കണം.

” ആര് പറഞ്ഞ് അമലകൊച്ചേ ഞാൻ ബൈബിൾ വായിക്കുന്നില്ലന്ന്,

” ഓ പിന്നെ നീ ബൈബിൾ വായിക്കുന്നുണ്ട് കുറെ, വൃത്തിയ്ക്ക് ഒരു വചനമെങ്കിലും നിനക്കറിയാമോടാ.?

“പിന്നില്ലേ…?

“എന്റെ മണവാട്ടി നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു, നിന്റെ ഒറ്റക്കാടാക്ഷം കൊണ്ട്, നിന്റെ കൺഠഭാരത്തിലേ ഒറ്റ രത്നം കൊണ്ട് എന്റെ ഹൃദയം കവർന്നെടുത്തിരിക്കുന്നു ”

സൊളമന്റെ ഉത്തമഗീതത്തിലെ 4 ന്റെ 9 ആണ്, ഞാൻ ബൈബിൾ വായിക്കാതെ ആണോ ഇത് പറഞ്ഞെ…

കുസൃതിയോട് അവൻ പറഞ്ഞു..

“അത് എന്റെ മോന് നന്നായി അറിയാമെന്ന് അമ്മച്ചിയ്ക്ക് അറിയാം…

“ഈ അമ്മച്ചിടെ കാര്യം, ഒരു വിശ്വാസം ഇല്ലല്ലോ, ഞാൻ ഒരു തമാശ പറഞ്ഞത് അല്ലെ…

”  ശരി ശരി… എന്നാ നീ വേഗം വീട്ടിലോട്ട് വന്നേ….

”  എപ്പോൾ എത്തി എന്ന് ചോദിച്ചാൽ മതി….

അതും പറഞ്ഞു അവൻ ഫോൺ വെച്ചിരുന്നു….

”  സെൽവി,  വീട്ട്ക്ക്   ഒരു ഗസ്റ്റ് വന്താച്ച്, ഈവനിംഗ്  പാക്കലാം….

അവളെ നോക്കി ഒന്ന് സൈറ്റ് അടിച്ചു കാണിച്ച് ചെറുചിരിയോടെ ബൈക്ക് സ്റ്റാർട്ട് ആക്കിയിരുന്നു അവന്റെ  പുറകിലേക്ക് കയറിയിരുന്നവളുടെ കൈപിടിച്ച് തൻറെ വയറോടെ ചേർത്തുവച്ചു  സോളമൻ…

തുടരും…!