19/04/2026

സോൾമേറ്റ് : ഭാഗം 06

രചന – ഐശ്വര്യ അനിൽകുമാർ

ന്ദു ആയുഷ് നീട്ടിയ പേപ്പറിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി. “ഡിവോഴ്സോ….ഏട്ടൻ എന്ത് ഭ്രാന്താ ഈ പറയുന്നത്?” “ഐ ആം സീരിയസ്…” “ഇല്ല…ഞാൻ ഇതിന് സമ്മതിക്കില്ല.ഏട്ടന് ഇതൊക്കെ ചിലപ്പോൾ ഡ്രാമ ആയിട്ട് തോന്നുന്നുണ്ടാവും.പക്ഷേ ഈ താലി…ഇത്…ഇതെന്റെ ജീവിതമാണ്.അത് ഒരു പേപ്പർ കാട്ടി നശിപ്പിക്കാന്ന് ഏട്ടൻ കരുതിയിട്ടുണ്ടെങ്കിൽ ആ മോഹം അങ്ങ് മറന്നേക്കൂ…എന്തൊക്കെ പറഞ്ഞാലും ഞാൻ ഇതിൽ ഒപ്പിടുമെന്ന് ഏട്ടൻ കരുതണ്ട” അവൻ നീട്ടിയ പേപ്പറുകൾ അവനു നേരെ തന്നെ വലിച്ചെറിഞ്ഞിട്ട് അവൾ താഴേക്ക് നടന്നു. ‘എന്നെ അങ്ങനെ ഒന്നും തോല്പിക്കാമെന്ന് ആരും കരുതണ്ട..ഞാൻ അത്രയ്ക്ക് വിഡ്ഢിയൊന്നുമല്ല.ഇനി ഇങ്ങോട്ട് വരട്ടെ ഒപ്പും ചോദിച്ച്’ നന്ദു മനസ്സിൽ പറഞ്ഞു. അതിന് ശേഷം കുറച്ച് ദിവസത്തേക്ക് അതിനെ പറ്റിയുള്ള ചർച്ചയൊന്നും ഉണ്ടായില്ല.പക്ഷേ അവന്റെ സ്വഭാവത്തിലും മാറ്റമൊന്നും ഉണ്ടായില്ല.

ഒരു ദിവസം പതിവ് പോലെ അവൾ ഗേറ്റിനടുത്ത് വായിനോക്കി നിന്നപ്പോൾ ദൂരെനിന്നും ദിയ നടന്നു വരുന്നത് കണ്ടു.റോഡിന്റെ എതിർ വശത്ത് കൂടിയാണ് അവൾ വരുന്നത്.ഫോണിൽ കുത്തിക്കൊണ്ടാണ് നടപ്പ്. “ഇവൾക്ക് നടക്കുമ്പോഴെങ്കിലും അത് മാറ്റി വച്ചൂടെ”നന്ദന ചിന്തിച്ചു. ദിയ റോഡ് ക്രോസ്സ് ചെയ്യുന്നതും ഒരു കാർ അവൾക്ക് നേരെ വരുന്നത് നന്ദു കണ്ടു.ആരോ മനഃപൂർവം ഇടിക്കാൻ വരുന്ന പോലുണ്ട്.എന്നാൽ ദിയ ഇതൊന്നും അറിയുന്ന പോലുമില്ല. നന്ദു പെട്ടെന്ന് എന്തു ചെയ്യണം എന്നറിയാതെ ദിയ എന്ന് വിളിച്ചു കൊണ്ട് അവൾക്കടുത്തേക്ക് ഓടി അവളെ പിടിച്ച് റോഡിന് മറുഭാഗത്തേക്ക് ഇട്ടു.ദിയ രക്ഷപ്പെട്ടെങ്കിലും കാറ് തട്ടിയത് നന്ദുവിനെയാണ്. “അമ്മേ”അലറി വിളിച്ചു കൊണ്ട് നന്ദു റോഡിലേക്ക് വീണു.ആള് മാറിയത് മനസിലായിട്ടാകും കാറ് ബ്രേക്ക് പിടിച്ചിരുന്നു.

അതിനാൽ വല്യ അപകടമൊന്നും ഉണ്ടായില്ല.പക്ഷേ ആ കാർ പിന്നിലൊട്ടെടുത്ത് വീണ്ടും ദിയയെ ലക്ഷ്യമാക്കി നീങ്ങി.കൃത്യസമയത്ത് ദിയ ഒഴിഞ്ഞു മാറിയിരുന്നു.അതിനാൽ അവൾക്ക് ചെറിയ പോറലുകൾ മാത്രമേ സംഭവിച്ചുള്ളൂ.ആൾക്കാർ കൂടുന്നത് മനസിലാക്കി കാർ സ്ഥലം വിട്ടു. “നന്ദന…..”ദിയ റോഡിൽ കിടക്കുന്ന നന്ദുവിനടുത്തേക്ക് നീങ്ങി. “ഹെല്പ്….സംവൺ പ്ലീസ് കാൾ ദി ആംബുലൻസ്”ദിയ ആൾക്കൂട്ടത്തിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. പിന്നെല്ലാം പെട്ടന്നായിരുന്നു.ആരൊക്കെയോ ചേർന്ന് അവരെ ഹോസ്പിറ്റലിൽ എത്തിച്ചു. ദിയ വിളിച്ചു പറഞ്ഞ് ആയുഷും ഹോസ്പിറ്റലിൽ എത്തിച്ചേർന്നു. ആയുഷ് എത്തിയപ്പോൾ നന്ദുവിനെ റൂമിലേക്ക് മാറ്റിയിരുന്നു.ആ റൂമിൽ തന്നെ ദിയയും ഇരിപ്പുണ്ട്.നന്ദുവിന് ഇതുവരെ ബോധം വീണിട്ടില്ല. “എന്താ പറ്റിയെ?രണ്ടാളും കൂടി എന്തിനാ വണ്ടിക്ക് മുന്നിൽ ചാടിയത്?”ആയുഷ് ദിയയെ നോക്കി ചോദിച്ചു.

“വണ്ടിക്ക് മുന്നിൽ എടുത്ത് ചാടാൻ ഞങ്ങൾക്ക് വട്ടൊന്നുമില്ല.” “പിന്നെങ്ങനെയാ രണ്ടാൾക്കും പരിക്ക് പറ്റിയെ…നന്ദു ബോധമില്ലാണ്ട് കിടക്കുവാണല്ലോ” “അത്…അത് എന്നെ വണ്ടിയിടിക്കാൻ വന്നപ്പോൾ…” “നിനക്ക് ശ്രദ്ധിച്ച് നടന്നൂടെ…വേറെന്തേലും പറ്റിയോ…ഡോക്ടർ എന്തു പറഞ്ഞു” “വൈറ്റ്…ഞാൻ പറയട്ടെ… എന്നെ ഇടിക്കുന്നതിന് മുന്നേ നന്ദു എന്നെ പിടിച്ചു മാറ്റി…അപ്പോഴാണ് നന്ദുവിന്” ആയുഷ് നന്ദുവിനെ നോക്കി.തന്റെ സഹോദരിയെ രക്ഷിക്കാൻ വേണ്ടി അവൾ സ്വന്തം ജീവിതം തന്നെ അപകടത്തിലാക്കി.മറ്റെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ….ഓർക്കാൻ കൂടി വയ്യ. അവൻ അവൾക്കരികിലായി കസേരയിട്ട് ഇരുന്നു. “ആ കാറുകാരനെയെങ്ങാനും എന്റെ കയ്യിൽ കിട്ടിയാൽ….”അവൻ രോഷത്തോടെ പറഞ്ഞു. “ഒന്ന് പതുക്കെ… നന്ദു ഉണരും” തന്നെ രക്ഷിക്കാൻ നന്ദു ശ്രമിച്ചതുകൊണ്ട് ദിയയ്ക്ക് ഇപ്പോൾ നന്ദനയോട് സ്നേഹമൊക്കെ വന്നു തുടങ്ങിയിരുന്നു. ആയുഷിന്റെ ബഹളം കേട്ടതും നന്ദു ഉണർന്നു.

“എഴുന്നേൽക്കണ്ട….കിടന്നോളൂ”ആയുഷിനെ കണ്ട് എഴുന്നേൽക്കാൻ തുനിഞ്ഞ നന്ദുവിനോട് ദിയ പറഞ്ഞു. “ഇതിന്റെ വല്ല കാര്യം ഉണ്ടായിരുന്നോ…സൂപ്പർ വുമൺ കളിച്ചതായിരിക്കും…ഇങ്ങാനവുമെന്ന് കരുതി കാണില്ല”ആയുഷ് പരിഹാസത്തോടെ പറഞ്ഞു. ‘നല്ലത് ചെയ്താലും കുറ്റം മാത്രം… അനിയത്തിയെ രക്ഷിച്ചതിന് ഒരു നന്ദിയെങ്കിലും പറയുമെന്ന് കരുതിയപ്പോൾ അതിനും വഴക്ക് മാത്രം…ഏട്ടൻ നന്നാവുമെന്ന് തോന്നണില്ല’അവൾ ചിന്തിച്ചു. “ഏത് നേരവും അതിനെ വഴക്ക് പറയാനേ അറിയൂ…ഇത് ഹോസ്പിറ്റലാണ്.മറക്കണ്ട” ദിയ ആയുഷിനോട് അല്പം ഗൗരവമായി പറഞ്ഞു. ദിയ തന്നെ സപ്പോർട്ട് ചെയ്യുന്നതിൽ നന്ദുവിന് ഒരുപാട് സന്തോഷം തോന്നി. തന്നെ മനസിലാക്കാൻ ഒരാൾ കൂടി ഉണ്ടല്ലോ. “എന്താന്ന് വച്ചാൽ ചെയ്യ്…ഞാൻ പോയി ബില്ല് പേ ചെയ്തിട്ട് വരാം”അതും പറഞ്ഞ് ആയുഷ് പുറത്തിറങ്ങി പോയി. “ദിയ…എനിക്ക് ഒരു കാര്യം അറിയണം എന്നുണ്ട്”നന്ദു പറഞ്ഞു. ദിയ അത് പ്രതീക്ഷിച്ചിരുന്നു.

എന്താ എന്ന അർഥത്തിൽ അവൾ നന്ദുവിനെ നോക്കി. “ഇന്ന് നടന്നത് ഒരു ആക്‌സിഡന്റ് ആണെന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല.ഞാൻ കണ്ടതാ ആ കാർ പിന്നെയും ദിയയെ ലക്ഷ്യം വച്ച് വന്നത്.” “എല്ലാം ഞാൻ പറയാം…ബട്ട് ആരും അറിയരുത്” “ഞാൻ ആരോടും പറയില്ല…” “അത് ഓഫീസിലെ കോ വർക്കറുമായി ഞാൻ ഇഷ്ടത്തിലായിരുന്നു.ബട്ട് ഹീ വാസ് ചീറ്റിങ് മീ. ഇപ്പോൾ അവൻ ചില ഫോട്ടോസ് വച്ച് എന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുവാണ്….ഐ നോ ദി ഫോട്ടോസ് ആർ ഫേക്ക്…സോ ഞാൻ കോംപ്ലയിന്റ് ചെയ്യുമെന്ന് പറഞ്ഞു.അതിനാ അയാൾ എന്നെ…ഒന്നുകിൽ അയാൾ എന്നെ കൊല്ലും അല്ലെങ്കിൽ അയാളുടെ ഇഷ്ടത്തിന് ഞാൻ വഴങ്ങി കൊടുക്കണം എന്നാ പറയുന്നത്….” “എട്ടനോട് പറയാമായിരുന്നില്ലേ?” “ചേട്ടൻ ഇതറിഞ്ഞാൽ…അയാൾ ഒരു ഫ്രോഡാ… ചേട്ടനെ അയാൾ എന്തെങ്കിലും ചെയ്താൽ…” “ദിയ വിഷമിക്കാതിരിക്ക്… നമുക്കെന്തെങ്കിലും വഴി കാണാം” അധികം പ്രശ്നങ്ങളൊന്നും ഉണ്ടാവാത്തതിനാൽ പിറ്റേന്ന് തന്നെ ആശുപത്രി വാസം അവസാനിപ്പിച്ച് അവർ വീട്ടിലേക്ക് വന്നു.നന്ദുവിന് നെറ്റിയിൽ ഒരു സ്റ്റിച്ചുമുണ്ട്.

എന്നാൽ ദിയയ്ക്ക് വല്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. കുറച്ചു നാൾ പ്രശ്നങ്ങളൊന്നും കൂടാതെ വീണ്ടും കടന്നു പോയി.ദിയ കുറച്ചു ദിവസം കൊണ്ട് ലീവ് ആണ്.വീട്ടിലെ പണികളെല്ലാം ഇപ്പോൾ ദിയയാണ് ചെയ്യാറ്. നന്ദു സഹായിക്കാൻ ചെന്നാലും റെസ്റ്റ് എടുക്കാൻ പറയും.ഇപ്പോൾ ദിയയും നന്ദുവും നല്ല കൂട്ടാണ്. രണ്ടുപേർക്കും പരസ്പരം എന്തും ഷെയർ ചെയ്യാം. അങ്ങനെ ഇരിക്കെ ദിയയ്ക്ക് സഞ്ജയുടെ കാൾ വീണ്ടും വന്നു. “നോക്ക് സഞ്ജയ്…നീ പറയുന്നതൊന്നും എന്റടുത്ത് നടക്കാൻ പോകുന്നില്ല.ഇത്രയും ദിവസം ശല്യം ഇല്ലാതിരുന്നതിനാൽ എല്ലാം തീർന്നു എന്നാ ഞാൻ കരുതിയത്..ലീവ് മീ എലോണ്” “കൂൾ ബേബി…ഒരു ഡോസിന്റെ ക്ഷീണം മാറട്ടെന്ന് കരുതിയാ കുറച്ച് വെയ്റ്റ് ചെയ്തത്..ഇപ്പോൾ ക്ഷീണമൊക്കെ മാറി കാണുമല്ലോ.അപ്പോൾ ഞാൻ പറഞ്ഞ ഡീൽ മറക്കണ്ട.എന്നാ സൗകര്യം എന്ന് പറഞ്ഞാൽ മതി” “യൂ…ഇനി മേലാൽ എന്നെ വിളിച്ചു പോകരുത്.ഞാൻ കംപ്ലയിന്റ് കൊടുക്കാൻ പോകാ.

എനിക്ക് നഷ്ടമാകുന്നതൊക്കെ ഞാൻ അങ്ങ് സഹിക്കും” “കിടന്ന് കാറാതടീ…ഒരിക്കൽ കിട്ടിയത് പോരല്ലേ…അന്ന് നിനക്കായിരുന്നു.ഇനി നിന്റെ പുന്നാര ആങ്ങളയ്ക്ക് ആയിരിക്കും. ഒരു ഫോൺ കാൾ അതുമതി.എനിക്ക് അവനെ തീർക്കാൻ.അപ്പോൾ മോള് റെഡിയായി ഇരുന്നോ.ഇനിയിപ്പോൾ സൗകര്യം ഒന്നും നോക്കണ്ട.നാളെ ഡ്രീംസ് ഹോട്ടലിൽ വന്നാ മതി.അപ്പോൾ ഗുഡ് നൈറ്റ് ഡിയർ” പെട്ടന്ന് എന്തു ചെയ്യണമെന്ന് അറിയാതെ ദിയ പകച്ചുപോയി. എന്നിട്ട് ഉടനെ തന്നെ നന്ദുവിനോട് കാര്യം പറഞ്ഞു. “ഇനി ഇത് വച്ചോണ്ടിരുന്നാൽ ശരിയാവില്ല.നമുക്ക് ഏട്ടനോട് പറയാം.”നന്ദു ദിയയുടെ കൈ പിടിച്ചു പുറത്തേക്കിറങ്ങാൻ നോക്കി. “അത് ശരിയാവില്ല.ഏട്ടന്റെ ലൈഫ് ഞാൻ കാരണം ഡെയ്ഞ്ചറിലാവുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല.” “ഈ ഏട്ടനേം പെങ്ങളേം കൊണ്ട് ഞാൻ തോറ്റല്ലോ. രണ്ടും പുലിവാലുകളാ..” “സീരിയസ് കാര്യത്തിന്റെ ഇടയ്ക്ക് ഇത്ര ചീപ്പ് കോമഡി പറയാൻ എങ്ങനെ തോന്നുന്നു.

പറഞ്ഞത് അബദ്ധമായല്ലോ.” “ഞാൻ ഒന്നാലോചിക്കട്ടെ…ആ…കളേഴ്‌സ് സിനിമ കണ്ടിട്ടുണ്ടോ…റോമയുടെ…” “ഇവിടിപ്പോൾ അതാണോ മാറ്റർ… ഡോണ്ട് ബി സില്ലി”ദിയ അല്പം ദേഷ്യത്തിൽ പറഞ്ഞു. “അതിൽ ഇതുപോലൊരു പ്രോബ്ലം വരുന്നുണ്ട്.സംഗതി എൽക്കുമോന്ന് അറിയില്ല.പക്ഷേ നോക്കാം.” “എന്താന്ന് പറ” “എഡിറ്റിങ്ങോക്കെ ചെയ്യാൻ അറിയാല്ലോ അല്ലേ” “അറിയാം…എന്തിനാ?” “ഇവിടുള്ള വല്ല ഡോണിനെയും അറിയാമോ…അവർക്ക് പെണ്മക്കളും വേണം ട്ടോ. അല്ലെങ്കിൽ ഏതെങ്കിലും പവറുള്ള ആളുടെ മകളുടെ ഫോട്ടോ ആയാലും മതി” “ഇതൊക്കെ വച്ചിട്ടിപ്പോൾ എന്താകാൻ?” “അതൊക്കെ ഉണ്ട്.ഞാൻ പറയുന്ന പോലെ അനുസരിച്ചാൽ മതി.” അങ്ങനെ നന്ദു പറയുന്നത് പോലെ ദിയ അവിടുത്തെ ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ മകളെ ചേർത്തു സഞ്ജുവുമായുള്ള ഫോട്ടോ ഉണ്ടാക്കി. എന്നിട്ട് കാര്യങ്ങളെല്ലാം ദിയയ്ക്ക് പറഞ്ഞു കൊടുത്തു. “ഇതു വല്ലതും നടക്കോ?” “അത് പെർഫോമൻസ് അനുസരിച്ച് ഇരിക്കും.

വേണോങ്കിൽ ആ സീൻ ഒന്ന് കണ്ട് നോക്ക്.പിന്നെ ഒട്ടും ഭയക്കാതെ പറയണം.പ്ലാൻ ബി ആയിട്ട് വേണേൽ പോലീസിനെ കൂടി വിളിക്കാം.” “ഇതൊന്നും ഒറ്റയ്ക്ക് ചെയ്യാൻ പറ്റില്ല എന്നെക്കൊണ്ട്… എനിക്ക് പേടിയാ” “അതിനല്ലേ ഞാൻ” “ആ ബെസ്റ്റ്…ബ്രോ വെണ്ടന്ന് പറഞ്ഞപ്പോൾ സൂയിസൈഡ് ചെയ്യാൻ പോയ ആളാ ഇപ്പോൾ വല്യ ഡയലോഗ് അടിക്കുന്നത്…” “അത്..അന്നത്തെ സങ്കടം കൊണ്ട്…അതുകൊണ്ട് എന്താ..നിന്റെ ചേട്ടനെ തന്നെ കെട്ടിയല്ലോ…” “അതുകൊണ്ട് തന്നാ ആദ്യം ഞാൻ മിണ്ടതിരുന്നത്…ബ്രോയ്ക്ക് ഇഷ്ടമില്ലാത്ത ആരെയും എനിക്കും ഇഷ്ടമല്ല…” “ആ…അപ്പോൾ നാളത്തെ കാര്യം ഒക്കെ സെറ്റ് ആണല്ലോ…” “എന്ന് തോന്നുന്നു”ദിയ അതും പറഞ്ഞ് ലാപ്ടോപ്പും എടുത്ത് പുറത്തേക്ക് പോയി. ‘എന്റെ ദേവീ… ഒരാവേശത്തിന് പറഞ്ഞതാ…കുഴപ്പം ഒന്നും ആവല്ലേ” പിറ്റേന്ന് ആയുഷ് ഓഫീസിൽ പോയതിന് പിന്നാലെ അവർ രണ്ടു പേരും കൂടി ഹോട്ടലിലേക്ക് പുറപ്പെട്ടു. ഡ്രീംസ് ഹോട്ടൽ എന്നൊക്കെ പറഞ്ഞിട്ട് സ്വപ്നത്തിൽ പോലും ഇത്ര മോശം സ്ഥലം ആരും കാണില്ല.അവിടെ ആകെ ഒരു വശപിശക്.

റിസപ്ഷനിൽ തന്നെ ഓരോരുത്തരുടെ നോട്ടം ശരിയല്ല.ദിയ തന്നെ സഞ്ജയുടെ റൂം തിരക്കി. സ്റ്റെപ്പ് കയരുന്നതിനിടയ്ക്ക് നന്ദു പറഞ്ഞു. “എനിക്കെന്തോ പേടിയാകുന്നു.ഈ സ്ഥലം അത്ര ശരിയല്ലാട്ടോ…” “ഒന്ന് മിണ്ടാതിരിക്ക്. എന്നെ കൂടി ടെൻഷൻ ആക്കാതെ” രണ്ടുപേരും പേടിച്ചരണ്ട് റൂമിന് മുന്നിൽ എത്തി.ദിയ തന്നെയാണ് കോളിങ് ബെൽ അമർത്തിയത്. ഉടൻ തന്നെ വാതിൽ തുറന്നു. “ആഹാ…ഇപ്പോൾ ഒന്ന് ഫ്രീയാണോ..വരൂ” “നിന്റെ സ്വീകരണം കണ്ട് ഇരിക്കാനൊന്നുമല്ല ഞാൻ വന്നത്.ഇത് പോലുള്ള ചീപ് ട്രിക്കുകൾ നിനക്ക് മാത്രമല്ല ഞങ്ങൾ പെണ്ണുങ്ങൾക്കും അറിയാമെന്ന് കാണിക്കാൻ വന്നതാ…”ദിയ പറഞ്ഞു. നന്ദു ഫോട്ടോ അവന് നേരെ നീട്ടിക്കൊണ്ടു പറഞ്ഞു. “ഈ പെണ്ണ് ആരാന്ന് അറിയാമായിരിക്കുമല്ലോ.നീരജ ശർമ. കമ്മീഷണരുടെ ഒരേയൊരു മകൾ.ഈ ഫോട്ടോ അങ്ങ് പോസ്റ്റ് ചെയ്താൽ മതി പിന്നെ നിന്റെ കാര്യം പോക്കാണ്”നന്ദു പറഞ്ഞൊപ്പിച്ചിട്ട് അവനെ വിജയീഭാവത്തിൽ നോക്കി. “അയ്യോ…ഞാൻ പേടിച്ചു പോയി… അറിയാമോ അങ്ങേര് എന്റെ ബോസാ മറ്റു പല കാര്യങ്ങളിലും…അപ്പോൾ ഇതൊക്കെ എനിക്ക് വെറും പുല്ലാണ്. പിന്നേ മറ്റേ സിനിമ ഞാനും കണ്ടിട്ടുണ്ട്.അപ്പോൾ എങ്ങനാ രണ്ടു പേരും അകത്തേക്ക് വരികയല്ലേ”സഞ്ജയ് ഒരു ചിരിയോടെ പറഞ്ഞു.

അവന് പുറകിൽ നിന്നും മറ്റൊരാൾ കൂടി വന്നു.അവരിരുവരും ചേർന്ന് നന്ദുവിനെയും ദിയയെയും അകത്തേക്ക് കയറ്റാൻ നോക്കി.രണ്ടുപേരും രക്ഷപ്പെടാൻ ഏറെ ശ്രമിച്ചു. അപ്പോഴാണ് ഒരു കൂട്ടം പോലീസുകാരുമായി ആയുഷ് വന്നത്.പൊലീസുകാർ സഞ്ജയെയും കൂടെ ഉള്ള ആളിനെയും കൊണ്ട് പോയി. ആയുഷ് ഒന്നും മിണ്ടാതെ ദിയയുടെ കയ്യും പിടിച്ച് കാറിനടുത്തേക്ക് നടന്നു.പിറകെ നന്ദുവും ചെന്നു.വീടെത്തുന്ന വരെ ആരും ഒന്നും സംസാരിച്ചില്ല. വീടെത്തിയതും പിൻസീറ്റിന്റെ ഡോർ തുറന്ന് ആയുഷ് നന്ദുവിനെ വലിച്ചു പുറത്തേക്കിറക്കിയിട്ട് വീട്ടിനുള്ളിലേക്ക് കയറി. “നിന്റെ ഭാവം നീയാരാണെന്നാ… എന്ത് വല്യ മണ്ടത്തരമാണ് ഇന്ന് കാട്ടിയത് എന്നറിയാമോ” കരണം പുകയുന്ന ഒരടി കൊടുത്തിട്ടാണ് അവൻ അത് ചോദിച്ചത്.നന്ദു കവിളിൽ കൈ വച്ചു കൊണ്ട് അവനെ നോക്കി കരഞ്ഞു. “ഒരാൾ നിങ്ങളെ അവിടെ കണ്ടെന്ന് പറഞ്ഞു വിളിച്ചിട്ടാ ഞാൻ അങ്ങട് വന്നത്..ഞാൻ അനുഭവിച്ച ടെൻഷൻ എനിക്കേ അറിയൂ…ഞാൻ അല്പം വൈകിയിരുന്നു എങ്കിലോ” “ഏട്ടാ… നന്ദു തെറ്റൊന്നും” “ഷട്ട് അപ്പ്… ഇവൾക്കോ ബുദ്ധിയില്ല.നിനക്കെങ്കിലും വിവേകം ഉണ്ടെന്ന് കരുതി.

“അവൻ ദേഷ്യത്തിൽ മുകളിലേക്ക് കയറി പോയി. “നന്ദൂ…”ദിയ അവളെ ആശ്വസിപ്പിക്കാൻ ചെന്നപ്പോഴേക്കും നന്ദു റൂമിൽ കയറി കതക് അടച്ചിരുന്നു.നന്ദു കവിൾ തടവിക്കൊണ്ട് ഒരുപാട് നേരം കരഞ്ഞു. “ഏട്ടൻ എന്നോട് കാര്യം പോലും തിരക്കിയില്ല..ദിയ ചെയ്ത തെറ്റിനും ശിക്ഷ കിട്ടിയത് എനിക്കാണ്… ഞാൻ സഹായിക്കാൻ അല്ലേ നോക്കിയത്.ഏട്ടന് എന്നോട് ഒരു സ്നേഹവുമില്ല”അവൾ പിറുപിറുത്തു. കരഞ്ഞു കരഞ്ഞ് എപ്പോഴോ ഉറങ്ങിപ്പോയി. പിറ്റേന്ന് രാവിലെ ഉണർന്നപ്പോഴാണ് ആയുഷ് ഇന്നലെ നടന്നതൊക്കെ ഒന്നുകൂടി ഓർത്തത്.തല്ലേണ്ടിയിരുന്നില്ല എന്നവൻ ഓർത്തു.അപ്പോഴത്തെ ദേഷ്യത്തിന് ചെയ്തു പോയതാ.വേണ്ടായിരുന്നു. അപ്പോഴാണ് അവൻ മേശപ്പുറത്തിരിക്കുന്ന പേപ്പറിലേക്ക് നോക്കിയത്.അന്ന് താൻ സൈൻ ചെയ്യാൻ പറഞ്ഞ ഡിവോഴ്സ് പേപ്പർ..അതിൽ നന്ദു ഒപ്പിട്ടിരിക്കുന്നു.ഒപ്പം ഒരു കത്തും. (തുടരും)