23/04/2026

ഗ്രീഷ്മ : ഭാഗം 02

രചന – ഐശ്വര്യ അനിൽ കുമാർ

അപ്പോഴാണ് വീടിന്റെ മതിലിനു മുകളിൽ കുറച്ച് കുട്ടികളുമായി ഇരിക്കുന്ന ഒരു പാവടക്കാരിയെ കണ്ടത്.അവളുടെ മുഖം കാണാൻ കഴിയുന്നില്ലയിരുന്നു.അവൾ പുറകോട്ട് തിരിഞ്ഞ് എന്തോ എത്തി വലിച്ചെടുക്കുവരുന്നു.

“ദേ ചേച്ചി…ആരോ വരുന്നു.നമുക്ക് അപ്പുറത്താങ്ങാനും പോയി കളിക്കാം.”

“അടങ്ങിയിരിക്കു പുള്ളേരെ..ഞാനീ റോസാപ്പൂ ഒന്നു പറിക്കട്ടെ…ആ കിട്ടി…കുറെ നാളുകൊണ്ടു നോക്കുവാ ഇതൊന്നു വിരിയാൻ”അവൾ സന്തോഷത്തോടെ ആ പൂവിൽ നോക്കിക്കൊണ്ട് പറഞ്ഞു.

അപ്പോഴാണ് കാർത്തിക്ക് അവളുടെ മുഖം കണ്ടത്‌.ആരും കണ്ണെടുക്കാതെ നോക്കിപ്പോകും.അത്ര ഭംഗി.ആ പൂവിനെ നോക്കി അവൾ ചിരിച്ചത് കണ്ട് അവന്റെ മുഖത്തും ഒരു പുഞ്ചിരി തെളിഞ്ഞു.

പെട്ടെന്നാണ് അവൾക്ക് പരിസരബോധം വന്നത്.തന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന കാർത്തിയെക്കണ്ട അവൾ ചോദിച്ചു.

“ആരാ…ഈ വീട്ടിൽ ആരും ഇല്ല.”

“അത്…”അവൻ പറഞ്ഞു തുടങ്ങിയപ്പോഴേക്കും അമ്മാവൻ പറഞ്ഞു തുടങ്ങി.
“കൊള്ളാല്ലോ മരം കേറി.വീടുവാങ്ങാൻ വന്നവരോട് ആരാന്ന് ചോദിക്കണത് കേട്ടാൽ വീട് അവളുടെതാണെന്ന് തോന്നുമല്ലോ.ഇറങ്ങടി താഴെ”

‘നശിപ്പിച്ചു. ഈ അമ്മാവന്റൊരു കാര്യം.അല്പം മയത്തിൽ പറയല്ലോ. ചൂടാവൻ ഈ വീട് നമ്മൾ വാങ്ങിയൊന്നുമില്ലല്ലോ.ആ കൊച്ചിന് വിഷമം ആയോ എന്തോ’കാർത്തിക് ചിന്തിച്ചു.

ഉടനെ അവൾ താഴെ ചാടിയിറങ്ങി. റോസാപ്പൂ പിന്നിൽ ഒളിപ്പിച്ചു കൊണ്ട് പറഞ്ഞു”വാടാ..നമുക്ക്‌ പോവാം..”അവൾ എല്ലാവരെയും വിളിച്ച് ഓപ്പോസിറ്റ് ഉള്ള വീട്ടിലേക്ക് ഓടിക്കയറി.
അമ്മാവൻ കാണാതെ അമ്മാവന്റെ നേരെ കൊഞ്ഞനം കുത്തി കാട്ടാനും മറന്നില്ല.കാർത്തി അത് കണ്ട് വിളിച്ചപ്പോൾ അവന്റെ നേരെ പുച്ഛത്തോടെ നോക്കിയിട്ട് അവൾ ഓടിയകന്നു.കാറ്റിൽ അവളുടെ മുടിയിഴകൾ പറന്നു കളിച്ചു.
അന്നാണ് അവൻ ആദ്യമായി അവളെ കാണുന്നത്.അന്ന് തന്നെ അവൾ അവന്റെ മനസ്സിൽ ഇടം നേടി.

പിന്നീട് അമ്മയുമായി താമസമാക്കിയപ്പോൾ ആദ്യ ദിവസം അവൾ വീട്ടിലേക്ക് എല്ലാവർക്കും ഒപ്പം വന്നു.അന്നും അവൾ ആ റോസാപ്പൂ വിരിഞ്ഞോന്ന് നോക്കുന്നത് അവൻ കണ്ടിരുന്നു.
അവൾ എല്ലാവരോടും പെട്ടെന്ന് അടുക്കുന്ന സ്വഭാവക്കാരിയാണ്.ഗിരിയും കാർത്തിയും അന്ന് മുതൽ നല്ല സുഹൃത്തുക്കളായിരുന്നു.

പക്ഷേ അവിടെ താമസമാക്കി ഒരു മാസം തികയും മുമ്പ് അവൾക്ക് മെഡിസിന് അഡ്മിഷൻ ലഭിച്ചു. അവൾ ഹോസ്റ്റലിൽ താമസമാക്കി.പിന്നീട് അവൾ വല്ലപ്പോഴും മാത്രമേ വരാറുള്ളായിരുന്നു.എങ്കിലും അവന്റെ മനസിൽ അവളോടുള്ള ഇഷ്ടം മായാതെ കിടന്നു.
പലപ്പോഴും അവളെ ഓർമ വരുമ്പോൾ അവൻ ആ റോസാച്ചെടിയിൽ നോക്കിയിരിക്കുമായിരുന്നു.അതിൽ പൂക്കൾ വിടരുമ്പോൾ സന്തോഷിക്കുമായിരുന്നു.അമ്മയോട്‌ പറഞ്ഞപ്പോൾ അവർ ഫുൾ സപ്പോർട്ട് ആയിരുന്നെങ്കിലും സ്ഥിരമായി ഒരു ജോലി കിട്ടിയിട്ട് അവളുടെ വീട്ടിൽ പെണ്ണ് ചോദിക്കാമെന്ന അഭിപ്രായം ആയിരുന്നു.അവനും അതിന് ശരിവച്ചു.
അങ്ങനെയിരിക്കെ ആ കോളേജിൽ തന്നെ അവന് സ്ഥിരമായി ജോലി ലഭിക്കുകയും ചെയ്തു. എന്നിട്ട് അമ്മയും മകനും കൂടി അമ്മുവിന്റെ വീട്ടുകാരുമായി ചേർന്നു കല്യാണം തീരുമാനിക്കുകയും ചെയ്തിരുന്നു.ഇതൊന്നും അവൾക്കറിയില്ലായിരുന്നു.പഠിത്തം കഴിഞ്ഞ് അറിയിക്കണമെന്ന് എല്ലാവരും തീരുമാനിച്ചു.

“ആ…കാർത്തി വന്നല്ലോ… നീയെന്താ വാതിൽക്കൽ നിൽക്കുന്നത് അകത്തേക്ക് വരൂ”ഗിരി അവനെ വിളിച്ചു.
ഗിരി പറയുന്നത് കേട്ട് അമ്മു അങ്ങോട്ട് നോക്കി.കാർത്തിയും അവളെ തന്നെ നോക്കുവരുന്നു.
അവന്റെ കണ്ണിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഭാവം അവൾ തിരിച്ചറിഞ്ഞു.അവൾ അവനെ നോക്കി ചിരിച്ചു.

“നിനക്ക്‌ വേണ്ടെങ്കിൽ പിന്നെ ഞാൻ എന്തിനാ നിർബന്ധിക്കുന്നത്…കഴിക്കേണ്ട.ഇങ്ങനെ കിടന്നോ..കാലിനൊക്കെ ചതവുണ്ട്. എണീക്കണമെങ്കിൽ പരസഹായം വേണം.എന്നാലും വാശിക്കൊരു കുറവുമില്ല”രേണുക എഴുന്നേറ്റു കൊണ്ട് പറഞ്ഞു.

“രേണു നമുക്കെന്നാൽ വീട്ടിൽ പോയിട്ടു വരാം.അത്യാവശ്യം സാധനങ്ങൾ എടുത്തിട്ട് വരാം.ഇവിടെ ഗിരിയും കാർത്തിയുമൊക്കെ ഉണ്ടല്ലോ”.പ്രഭാകരൻ പറഞ്ഞു.

“അതേ…ഒന്ന് കുളിച്ച് ഫ്രഷായിട്ട് വരാം.മോനും ഇവിടെ കാണുല്ലോ അല്ലേ..”അവർ കാർത്തിയെ നോക്കി പറഞ്ഞു.
അവൻ തലയാട്ടി.അവർ ഇറങ്ങുവാന്നും പറഞ്ഞു പോയി.
കാർത്തിക് അവൾക്ക് അരികിലുള്ള കസേരയിൽ ഇരുന്നു.

“ഇപ്പോൾ എങ്ങനുണ്ട്?കാലിന് നല്ല വേദനയുണ്ടോ”അവൻ ചോദിച്ചു.

“ഏയ്‌..വല്യ കുഴപ്പമൊന്നുമില്ല”.അവൾ പറഞ്ഞു.
അവൾ അവനെ ശ്രെദ്ധിക്കുകയായിരുന്നു.കുറേ നാളായി കാണാതിരുന്നു കാണുന്നത് പോലെ അവൾക്ക് തോന്നി.ആള് സുന്ദരനായിട്ടുണ്ട്.

“ഇല്ല…അവൾക്കിതൊക്കെ ചെറുതല്ലേ.കഴിഞ്ഞ അവധിക്ക് വന്നിട്ട് മരത്തിന്റെ മണ്ടേന്ന് വീണപ്പോൾ ഒരു കയ്യും ഒരു കാലും ഒടിഞ്ഞ് കിടന്നതല്ലേ ആ അവധി മുഴുവനും.”ഗിരി അവളെ കളിയാക്കി.

പക്ഷെ അവളുടെ മുഖം മങ്ങി.അവൾ അത് ഓർത്തെടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.പക്ഷെ ഒന്നും ഓർമ കിട്ടുന്നില്ല.
“ചേട്ടാ…ഇതൊക്കെ എപ്പോൾ നടന്നതാ എനിക്ക് ഓർമ കിട്ടണില്ല. ഓർക്കുന്തോറും തല പെരുക്കുന്നു.ആ..”

അപ്പോഴാണ് അവൻ ഡോക്ടർ പറഞ്ഞത് ഓർത്തത് ‘ചില സംഭവങ്ങൾ ചില വ്യക്തികൾ ഇതൊക്കെ പാടേ മറന്നു പോകാം.’ അവൻ പെട്ടെന്ന് കാർത്തിയെ നോക്കിയപ്പോൾ അവനും അത് തന്നെയാണ് ആലോചിച്ചിട്ടുണ്ടാവുന്നതെന്ന് മനസിലാക്കി.

“അത് വിശ്വസിച്ചോടി മരത്തവളെ…ഞാൻ നിന്നെ ഒന്ന് ആക്കിയതല്ലേ. ഇനി അതോർത്ത് തല അനക്കണ്ട.ആ കളിമണ്ണൊക്കെ ഇളകും.”ഗിരി പറഞ്ഞൊപ്പിച്ചു.കാർത്തി അതുകേട്ട് ചിരിച്ചു.

“ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് എന്നെ ആ പേര് വിളിക്കരുതെന്ന്.ദേ ആള് നിക്കുന്നു.ഇല്ലെങ്കിൽ…”അവൾ പറഞ്ഞു തീരുന്നതിന് മുമ്പ് ഡോക്ടർ വന്നു.

“ആഹാ അടികൂടുവാണോ…എണീറ്റ് നിന്നിട്ട് പോരെ അടിയൊക്കെ…”ഡോക്ടർ പറഞ്ഞു.അവൾ ഒന്നു ചിരിച്ചു.
ഡോക്ടർ അവളെ പരിശോധിച്ചിട്ടു പറഞ്ഞു.”ഇനി ആരെങ്കിലും ഒന്ന് പിടിച്ചെഴുനേല്പിച്ചു നടത്തിക്കണം.ഇപ്പോൾ തന്നെ തുടങ്ങിക്കോ.ചേട്ടനോട് പറ അനിയത്തിയെ പിച്ച വയ്പ്പിക്കാൻ”

ഉടനെ ഗിരി അവളെ എഴുന്നേൽക്കാൻ സഹായിച്ചിട്ടു പതിയെ നടത്തിച്ചു.അവൾക്ക് പരസഹായം കൂടാതെ നടക്കാൻ കഴിയില്ലായിരുന്നു.ഡോക്ടർ പത്തു മിനിറ്റ് നടത്തിയിട്ട് കിടത്താൻ പറഞ്ഞു.എന്നിട്ട് നാളെ തന്നെ ഡിസ്ചാർജ് ചെയ്യാമെന്ന് പറഞ്ഞിട്ട് പോയി.
അങ്ങനെ ഗിരി അവളെ നടത്തിക്കൊണ്ടിരുന്നു. പെട്ടെന്ന് ഗിരിക്ക് ഓഫീസിൽ നിന്നും ഒരു അർജന്റ് കാൾ വന്നു.
“കാർത്തി…ഇതിനെ ഒന്നു പിടിച്ചേ”എന്നു പറഞ്ഞിട്ട് അവൻ ഫോണുമായി റൂമിന് പുറത്തേക്കിറങ്ങി സംസാരിച്ചു. കാർത്തി ഓടിച്ചെന്ന് ബാലൻസ് പോയി നിൽക്കുന്ന അവളെ പിടിച്ചു.
അവർ പരസ്പരം നോക്കി.പെട്ടെന്ന് തന്നെ നോട്ടം പിൻവലിക്കുകയും ചെയ്തു.അവൻ അവളെ പതിയെ നടത്തിച്ചു കട്ടിലിൽ കൊണ്ടിരുത്തി.
അവൾ അവനോട് ചോദിച്ചു”ചേട്ടനിപ്പോഴും കോളേജിൽ സ്ഥിരമായില്ലല്ലോ.വേറെങ്ങോട്ടെങ്കിലും ശ്രമിക്കുന്നില്ലേ?”

അവളോട് തനിക്ക് സ്ഥിരം ജോലിയായെന്നു പറഞ്ഞപ്പോൾ അവൾ അഭിനന്ദനങ്ങൾ അറിയിക്കാൻ പറഞ്ഞത് ഗിരി പറഞ്ഞിരുന്നു.അവൾക്കതും ഓർമയില്ല.അപ്പോൾ കഴിഞ്ഞ വർഷത്തെ ആദ്യത്തെ കാര്യങ്ങളൊന്നും അവൾക്കോർമാ
യില്ലെന്ന് അവന് മനസ്സിലായി.
“എനിക്കിപ്പോൾ സ്ഥിരമായി അവിടെ തന്നെ കിട്ടി.”അവൻ പറഞ്ഞു.

“ആണോ.congrats..”അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.അവർ കുറച്ചു നേരം സംസാരിച്ചിരുന്നു.അപ്പോഴേക്കും ഗിരി വന്നു.

“ചേട്ടനാള് കൊള്ളാല്ലോ…ഒരു ഫോൺ വന്നാൽ എന്നെക്കളഞ്ഞിട്ട് പോവും അല്ലെ?”അവൾ ചോദിച്ചു.

“അങ്ങനൊന്നും നിന്നെ വിട്ടിട്ടു പോവില്ല ഞാൻ.പിടിക്കാനാളെ ഏർപ്പെടുത്തിയിട്ടല്ലേ പോയത്”ഗിരി കാർത്തിയെ നോക്കി കണ്ണിറുക്കി കാട്ടിയിട്ട് ചിരിച്ചു.കാർത്തി അവളെ നോക്കി.അവൾ സംശയത്തോടെ ഗിരിയെ നോക്കുന്നുണ്ട്.

കുറച്ച് നേരം കഴിഞ്ഞു അവളുടെ കോളേജിൽ നിന്ന് അവളുടെ ബെസ്റ്റ് ഫ്രണ്ട് ഗീതുവും കാസിൻ വിവേകും കൂടി വന്നു.ഗീതുവിനെ കണ്ടപ്പോൾ അവളുടെ മുഖം വിടർന്നു.
“ഗീതൂ നീയെങ്ങനെ ഇവിടെ?”

“അത് നിന്റെ വിവരങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് ഫോൺ വിളിച്ചപ്പോൾ നിന്റെ ചേട്ടൻ പറഞ്ഞിരുന്നു.അറിഞ്ഞപ്പോൾ ഓടി വന്നതാ…എങ്ങനുണ്ട് ഇപ്പോൾ?”ഗീതു പറഞ്ഞു.

“ഇപ്പോൾ ആരെങ്കിലും പിടിച്ചാൽ നടക്കാൻ പറ്റുന്നുണ്ട്.”അവൾ അതും പറഞ്ഞിട്ട് കാർത്തിയെ ഇടം കണ്ണിട്ട് നോക്കി.അവൻ പുഞ്ചിരിച്ചു.
“അല്ല… ഇതാരാ കൂടെയുള്ളത്?”

“അത് നിനക്കറിയില്ലേ….”ഗീതു പറഞ്ഞു തുടങ്ങിയപ്പോൾ ഡോക്ടർ അങ്ങോട്ടേക്ക് വന്നു.
“സർ”വിവേക് ഡോക്ടറെ കണ്ട് അങ്ങോട്ട്‌ ചെന്നു.കൂടെ ഗീതുവും.

“സർ ,ഞാൻ വിവേക് ഓർമയുണ്ടോ എന്നെ?സർ എന്നെ പഠിപ്പിച്ചിട്ടുണ്ട്.”വിവേക് പറഞ്ഞു.

“ആ..വിവേക്.മറന്നിട്ടില്ലടോ.താനെന്റെ ബെസ്റ്റ്‌ സ്റ്റുഡന്റ് അല്ലായിരുന്നു?”

“ഗ്രീഷ്മ ഞങ്ങളുടെ ഫ്രണ്ട് ആണ്.ഇതെന്റെ കസിൻ ഗീതു.ഇവർ ഒത്തായിരുന്നു മെഡിസിന്. അവൾക്കെന്താ സർ കുഴപ്പം?ഹെഡ് ഇഞ്ചുറി വന്നിട്ടുണ്ടെന്നും ഓപ്പറേഷൻ കഴിഞ്ഞെന്നും പറഞ്ഞിരുന്നു.എന്നെ അറിയാവുന്നതാണ്. ബട് അറിയില്ലെന്ന് പറയുന്നു.”

“അത് ആ കുട്ടിക്ക് ചെറുതായിട്ട് മെമ്മറി ലോസ്സ് ഉണ്ടായിട്ടുണ്ട്.ഈ വർഷം തുടക്കത്തിലുള്ള ചില ഇൻസിഡന്റസ് ഓർക്കുന്നില്ലന്ന് വീട്ടുകാർ പറയുന്നുണ്ടായിരുന്നു.അതുപോലെ മറന്നതാവും.ചിലപ്പോൾ ആ ഓർമകൾ ഇനി തിരികെ വന്നെന്ന് വരില്ല.അതുകൊണ്ട് തിരിച്ചറിഞ്ഞില്ലെങ്കിൽ അധികം സ്‌ട്രൈൻ എടുപ്പിക്കണ്ട.ചിലപ്പോൾ അത് ആ കുട്ടിയിൽ ഡിപ്രെഷൻ ഉണ്ടാക്കിയേക്കാം.നമ്മുടെ കുറച്ചു കാലത്തെ എല്ലാ ഓർമകളും നഷ്ടപ്പെടുന്നത് നമുക്ക് ചിന്തിക്കാനാവുമോ?അതുകൊണ്ട് തിരിച്ചറിഞ്ഞില്ലെങ്കിൽ ആദ്യമായി കാണുന്നത് പോലെ സംസാരിക്കൂ.”

“ഒക്കെ ഡോക്ടർ”അതു കേട്ട് വിവേകിന്റെ സ്വരം ഇടറി.

(തുടരും)