രചന – മിയ അവ
തറവാട്ട് കുളത്തിൽ എത്തിയ പാറുവിന്റെ കണ്ണുകൾ വിടർന്നു. ഒരരികിലായി തൂവെള്ള നിറത്തിൽ വിരിഞ്ഞു നിൽക്കുന്ന ആമ്പൽ പൂവുകൾ അവളുടെ മനസ്സിനെയും തണുപ്പിച്ചു. ചെറുപ്പം മുതൽക്കേ ആമ്പൽ പൂക്കളോട് വല്ലാത്തൊരു ഇഷ്ട്ടമാണ് അവൾക്ക്. കൺ കുളിരെ ഒന്ന് നോക്കി കൊണ്ടു കുളപ്പടവുകളിലൂടെ അവൾ താഴോട്ടിറങ്ങി. ഒരു സൈഡിലേക്ക് ആയി പടർന്നു കിടക്കുന്ന ആമ്പൽ പൂക്കളുടെ കൂട്ടത്തിൽ നിന്ന് ഏന്തി വലിഞ്ഞ് തന്റെ കൈ പിടിയിൽ ഒതുങ്ങുന്ന അത്രയും പൂക്കൾ അവൾ പിഴുത്തെടുത്തു. അടിയിൽ നിന്നും പൂക്കൾ കയ്യിലൊതുക്കി മുകളിലേക്ക് വലിച്ചപ്പോൾ അതിൽ തങ്ങി നിന്നിരുന്ന വെള്ളത്തുള്ളികൾ അവളുടെ കവിളിനെ ചുംബിച്ചു. അവയുടെ ചുംബനത്തിൽ അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞതും അവളുടെ മനസ്സ് കഴിഞ്ഞ വർഷത്തെ തന്റെ പിറന്നാൾ ദിനത്തിലേക്ക് ഓടിയെത്തിയിരുന്നു. ജീവിതത്തിൽ ഇന്നേ വരെ ആദ്യമായും അവസാനമായും താൻ മനസ്സ് നിറഞ്ഞു സന്തോഷിച്ച ആ പിറന്നാൾ ദിനത്തിലേക്ക്………
🍁🍁🍁🍁🍁
“മായേച്ചി.. നാളെ ഞാൻ കുറച്ചു വൈകും കേട്ടോ ഓഫീസിൽ എത്താൻ.. സർ ചോദിച്ചാൽ ചേച്ചി ഒന്ന് അഡ്ജസ്റ്റ് ചെയ്യണേ…”
“എന്ത് പറ്റി വൈകാൻ…”
“അത്… ആരോടും പറയണ്ട.. നാളെ എന്റെ ബർത്ത് ഡേ ആണ്…”
“ആഹാ.. എന്നിട്ടാണോ ഇത് മറച്ചു വെയ്ക്കുന്നെ…”
“അത് പിന്നെ എല്ലാരും അറിഞ്ഞാൽ എന്തെങ്കിലും സെലിബ്രേഷൻ ഒക്കെ നടത്തേണ്ടി വരും..എന്റെ കാര്യം ചേച്ചിയ്ക്ക് അറിയാലോ….”
“മ്മ്.. എന്നാ ഓക്കേ നീ നാളെ ലീവ് എടുത്തോ.. ഞാൻ പറഞ്ഞോളാം അവനോട്…”
“അയ്യോ ലീവ് ഒന്നും വേണ്ട.. ലീവ് ഒക്കെ എടുത്തു വീട്ടിൽ ഇരുന്നിട്ട് എനിക്കെന്തിനാ ചേച്ചി.. ആരോരും ഇല്ലാത്ത എനിക്ക് അവിടെ എന്ത് ആഘോഷം ഉണ്ടാവാനാ.. പിന്നെ അമ്പലത്തിൽ പോവാറുണ്ട് ഞാൻ എല്ലാ കൊല്ലവും.. അതൊരു സമാധാനം ആണ്.. അത്രയേ ഉള്ളു എന്റെ ബർത്ത് ഡേ ഒക്കെ….”
“മ്മ്… എന്നാ നീ ഇറങ്ങിക്കോടാ.. ലേറ്റ് ആവണ്ട…”
“മ്മ്.. ചേച്ചി.. ബൈ…”
“ബൈ…”
പിറ്റേന്ന് കാലത്ത് തന്നെ എഴുന്നേറ്റു പണികളൊക്കെ തീർത്ത് പാറു അമ്പലത്തിലേക്ക് പോവാനായി ഒരുങ്ങി. ഒരുങ്ങി കഴിഞ്ഞ് പുറത്തേക്കിറങ്ങി ആ ഇടുങ്ങിയ വഴിയിലൂടെ നടന്ന് അവൾ റോഡിൽ എത്തിയതും അവിടെ മായയുടെ കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ട് അവൾ അതിശയിച്ചു.
“ഇത് മായേച്ചിയുടെ കാർ ആണല്ലോ.. ചേച്ചി എന്താ ഇവിടെ…”
അവൾ വേഗം തന്നെ നടന്ന് മായയുടെ കാറിന്റെ അരികിലെത്തി. ഡ്രൈവിംഗ് സീറ്റിന്റെ അടുത്ത് ചെന്ന് ഗ്ലാസിൽ മുട്ടിയപ്പോ മായ ഗ്ലാസ് താഴ്ത്തി അവളെ നോക്കി ചിരിച്ചു.
“ഹാപ്പി ബർത്ത് ഡേ മൈ ഡിയർ പാറൂസ്…”
പാറുവിന്റെ മുഖം സന്തോഷം കൊണ്ടു വിടർന്നു.
“താങ്ക്സ് ചേച്ചി… എന്നെ വിഷ് ചെയ്യാൻ പോലും ഇത്തവണ ആരും ഉണ്ടാവുമെന്ന് കരുതിയതല്ല.. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്ത് നിന്ന് ഇറങ്ങുന്ന വരെ അവരുണ്ടായിരുന്നു എല്ലാം ആഘോഷത്തിനും…”
പറഞ്ഞു മുഴുമിപ്പിക്കും മുന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു.
“ദേ.. ഇന്നത്തെ ദിവസം കരഞ്ഞ നീ അടി വാങ്ങിക്കുവേ പാറു… ഇന്ന് കരയാനല്ല സന്തോഷിക്കുവാനുള്ള ദിവസമാണ്.. വാ. വന്നു കാറിൽ കയറിക്കേ.. ഞാനും ഉണ്ട് നിന്റെ കൂടെ അമ്പലത്തിലേക്ക്.. അതിനാ കാലത്ത് തന്നെ വന്നു ഇവിടെ വെയിറ്റ് ചെയ്തത്… മ്മ്.. വാ…”
“അയ്യോ.. ചേച്ചി എന്റൊപ്പം അമ്പലത്തിൽ വരുന്നുണ്ടെന്നോ…”
“ഹാ.. എന്താ ഞാൻ വന്നാൽ നിന്റെ കള്ള കൃഷ്ണൻ അവിടുന്ന് ഇറങ്ങി ഓടോ…”
“ഈൗ.. അതല്ല.. ചേച്ചി എന്റെ കൂടെ വരുന്നുന്നുള്ള സന്തോഷം കൊണ്ടു പറഞ്ഞതാ…”
“മ്മ് മ്മ്… വന്നു കേറിക്കേ…”
പാറു അവളെ നോക്കി ഒന്ന് ഇളിഞ്ഞു ചിരിച്ചു കൊണ്ടു കാറിലേക്ക് കയറി.
കൃഷ്ണ ഭാഗവാന് മുന്നിൽ തൊഴു കയ്യോടെ നിൽക്കുമ്പോൾ പാറുവിന്റെ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞു. അത് കണ്ടതും മായ അവളുടെ തോളിൽ കൈ വെച്ചു.
“ഹാ.. എപ്പോഴും ഇങ്ങനെ മുന്നിൽ വന്നു നിന്ന് കരഞ്ഞു കാണിച്ച് അങ്ങേരെ കൂടി വിഷമിപ്പിക്കല്ലെടി നീ.. നിന്റെ കൃഷ്ണന് നീ ചിരിച്ചു നിൽക്കുന്നത് കാണാനാവും ഇഷ്ടം.. അല്ലേ കൃഷ്ണ…”
നടയിലേക്ക് നോക്കി മായ കൃഷ്ണ ഭാഗവാനെ നോക്കിയൊന്ന് കണ്ണിറുക്കി ചോദിക്കുന്നത് കണ്ട് പാറുവും ചിരിച്ചു.
“എന്നാ പോവാം നമുക്ക്..??.”
അമ്പലത്തിന് വെളിയിലേക്ക് ഇറങ്ങിയപ്പോൾ മായ ചോദിച്ചപ്പോൾ പാറു അവളുടെ കയ്യിൽ പിടിച്ചു നിർത്തി.
“ഒരു മിനിറ്റ് ചേച്ചി.. നമുക്ക് ആ അമ്പലക്കുളത്തിൽ വരെ ഒന്ന് പോയി വരാം.. ആമ്പൽപൂ വിരിഞ്ഞോ ഒന്ന് നോക്കിക്കോട്ടെ ഞാൻ…”
“ഏഹ്.. ആമ്പൽ പൂവോ…”
അവൾ ചോദിക്കുമ്പോഴേക്കും പാറു കുളത്തിനടുത്തേക്ക് ഓടിയിരുന്നു. അത് കണ്ട് ഒരു ചിരിയോടെ മായയും അവളുടെ പുറകെ വിട്ടു.
മായ അവിടെ എത്തിയപ്പോൾ കൈ നിറയെ ആമ്പൽ പൂക്കൾ പിഴുത്തെടുത്ത് അവിടെ നിന്ന് തന്നെ നോക്കി ചിരിക്കുകയാണ് കക്ഷി. അതേ ചിരി പകരം നൽകി മായയും അവളുടെ അരികിലായി ആ പടവുകളിലേക്ക് ഇരുന്നു.
“നിനക്ക് ഇത്രയ്ക്കും ഇഷ്ട്ടം ആണോ ആമ്പൽ പൂക്കൾ…”
“മ്മ് ചേച്ചി.. ഒരുപാടിഷ്ട്ടാ.. നല്ല രസം അല്ലേ ഇത് ഇങ്ങനെ കാണാൻ… പണ്ട് മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒപ്പം വരുമ്പോൾ കുറെ പറിച്ചു കൊണ്ടു പോകുമായിരുന്നു ഞാൻ.. ഇത് ഇങ്ങനെ കാണുമ്പോ മനസ്സിനൊരു സന്തോഷം ആണ്….”
“ആഹാ…”
“ചേച്ചിയ്ക്ക് ഇഷ്ട്ടല്ലേ ആമ്പൽ പൂക്കൾ…”
“ഇഷ്ട്ടം ആണോ ചോദിച്ചാൽ… ആണ് എനിക്കല്ല…. ശിവയ്ക്ക്… ശിവയ്ക്ക് ഇഷ്ട്ടം ആയോണ്ട് എനിക്കും….”
“ആഹാ….”
“മ്മ് അവിടെ.. ശിവയുടെ വീട്ടിൽ അവരുടെ തറവാട്ട് കുളം ഉണ്ട്… അവിടെ നിറച്ചും ഉണ്ടാവാറുണ്ട് ഈ ആമ്പൽ പൂക്കൾ….. അവന് കുഞ്ഞിലേ തൊട്ട് ഭയങ്കര ഇഷ്ട്ടമാ ആമ്പൽ പൂക്കളോട്.. കുഞ്ഞിൽ ഒക്കെ ഞങ്ങൾ അവിടെ പോകുമ്പോൾ എന്നെയും കൂട്ടി അവിടെ പോയി ഒരുപാട് പറിച്ചു തരും എനിക്ക്…”
“അത് ശരി… അപ്പോ കുഞ്ഞിലേ തൊട്ട് ഉണ്ടായിരുന്നോ.. നിങ്ങളുടെ ഈ റൊമാൻസ്….”
“ഹ.. ഹ.. ഹ…”
മായ ഇരുന്നു ഉറക്കെ ചിരിക്കുന്നത് കണ്ട് പാറുവിനും ആവേശമായി.
“പറ.. പറ.. കേൾക്കട്ടെ..നിങ്ങടെ കഥ.. കുറെ ആയി ചോദിക്കണം കരുതുന്നു ഞാൻ.. എപ്പഴാ നിങ്ങടെ റൊമാൻസ് തുടങ്ങിയെ.. ആരാ ആദ്യം പ്രൊപ്പോസ് ചെയ്തേ….”
“ഏയ്.. അങ്ങനെ കഥയായി പറയാൻ മാത്രം വലിയ റൊമാൻസ് ഒന്നും അല്ലെന്നേ… ഫ്രണ്ട്സ് ആയിരുന്നു ഞങ്ങൾ… പിന്നെ അറിയാലോ എന്റെ പപ്പയും അവന്റെ പപ്പയും എം ബി എ യ്ക്ക് ഒരുമിച്ച് പഠിക്കുന്നത് തൊട്ടുള്ള ഫ്രണ്ട്ഷിപ് ആണ്… പഠിത്തം കഴിഞ്ഞ് രണ്ടു പേരും മാര്യേജ് ചെയ്തു.. മാര്യേജിന് ശേഷം ആണ് അവർ രണ്ടു പേരും കൂടി ഒന്നിച്ച് നമ്മുടെ കമ്പനി സ്റ്റാർട്ട് ചെയ്തത്… അങ്ങനെ അവർ തമ്മിലുള്ള ബോണ്ട് കുറച്ചു കൂടി സ്ട്രോങ്ങ് ആയി… പിന്നെ അവിടുന്നും കുറെ കഴിഞ്ഞ് ഞങ്ങൾ ഉണ്ടായി.. രണ്ടോ മൂന്നോ ദിവസത്തിന്റെ വ്യത്യാസത്തിൽ ആണ് ഞങ്ങൾ ജനിച്ചത്… എനിക്ക് ഓർമ്മ വെച്ചത് മുതൽ ഞാൻ കാണുന്ന ഒരേയൊരു ഫ്രണ്ട് അവനാ… മിക്ക അവധി ദിവസങ്ങളിലും ഒന്നെങ്കിൽ എന്റെ വീട്ടിൽ അല്ലെങ്കിൽ അവന്റെ വീട്ടിലാവും ഞങ്ങളുടെ ഫാമിലിടെ ഒത്തു കൂടൽ.. അവർ മുതിർന്നവർ അവരുടെ ലോകങ്ങളിലേക്ക് മാറുമ്പോൾ ഞങ്ങൾ ഞങ്ങളുടെ ലോകത്തും കളിയും ചിരിയും ഒക്കെ ആയി അങ്ങ് വളർന്നു.. പിന്നെ സ്കൂളിലും കോളേജിലും ഒക്കെ ഞങ്ങളെ ഒന്നിച്ചായിരുന്നു ചേർത്തിയതും പഠിച്ചതും ഒക്കെ.. അതു കൊണ്ടു തന്നെ എനിക്ക് അവനെക്കാൾ വലിയതോ അവന് എന്നെക്കാൾ വലിയതോ ആയ വേറെ ഫ്രണ്ട്സൊന്നും ഉണ്ടായില്ല… പിന്നെ രണ്ടു പേർക്കും കോമൺ ആയിട്ട് കുറച്ചു ഫ്രണ്ട്സ് ഉണ്ടായിരുന്നു സ്കൂളിലും കോളേജിലുമൊക്കെ പക്ഷെ..അറിയാലോ ശിവയുടെ കാര്യം… മുൻകോപം ആയിരുന്നു…അവന്റെ ഈ പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതം ആ കൂട്ടത്തിൽ തന്നെ പലർക്കും ഇഷ്ടപ്പെടാതെയായി….ഒളിഞ്ഞും തെളിഞ്ഞും അവരൊക്കെ അവനെ ഒറ്റപ്പെടുത്തുന്നത് കണ്ടപ്പോൾ എനിക്കും സഹിച്ചില്ല.. അവരോടൊക്കെ അവന് വേണ്ടി വഴക്കിട്ടു ഞാൻ അവന്റേത് മാത്രം ആയി അവൻ എന്റേതും….ഇതിനിടയിൽ എപ്പോഴൊക്കെയോ പരസ്പരം തിരിച്ചറിഞ്ഞിരുന്നു…വെറുമൊരു ഫ്രണ്ട്ഷിപ്പിൽ കവിഞ്ഞ് എന്തോ ഒന്ന് ഞങ്ങൾക്കിടയിൽ ഉണ്ടെന്ന്… പക്ഷെ ഞാനോ അവനോ അത് പരസ്പരം തുറന്നു പറഞ്ഞില്ലന്നുള്ളത് തന്നെയാണ് വാസ്തവം… രണ്ടു പേരും എംബിഎയ്ക്കും ഒന്നിച്ചായിരുന്നു…ആ ഇടയ്ക്ക് ആണ് എന്റെ പപ്പയെ ഇവിടെ കമ്പനി ഏൽപ്പിച്ചു ശിവയുടെ പപ്പ ഒരു ബിസിനസ് ടൂറിനു പോയത്… അവർക്ക് ഇടയ്ക്ക് ഉണ്ടാവുന്നതാ ഈ ടൂർ.. ചിലപ്പോൾ എന്റെ പപ്പ പോവും.. അല്ലെങ്കിൽ അവന്റെ പപ്പ… പക്ഷെ അന്ന് അവന്റെ പപ്പ പോയിട്ട് പിന്നെ തിരിച്ചു വന്നില്ല…ആക്‌സിഡന്റ് ആയിരുന്നു… ബോഡി പോലും ബാക്കിയില്ലാതെ പപ്പ അങ്ങ് പോയി…… ”
മായയൊന്ന് നിർത്തിയപ്പോൾ സഹതാപത്തോടെ പാറു മായയെ നോക്കി.
“ഓഹ്.. എന്നിട്ട്…”
“അവനത് ഭയങ്കര ഷോക്ക് ആയിരുന്നു.. പപ്പയുടെ മരണം… പഠിത്തത്തിൽ ഒക്കെ നന്നായി ഉഴപ്പിയ അവനെ ഒരു വിധത്തിലാണ് ഞാനും എന്റെ പപ്പയും രണ്ടു അമ്മമാരും കൂടി മാറ്റിയെടുത്തത്… അതോണ്ട് തന്നെ പഠിത്തം കഴിഞ്ഞപ്പോൾ അവനെ റിലാക്സ് ചെയ്യാൻ വിട്ടാൽ ശരിയാവില്ലാന്ന് പപ്പയ്ക്ക് തോന്നി… പഠിത്തം കഴിഞ്ഞതും അവനെയും എന്നെയും പിടിച്ചു കമ്പനിയിൽ ഇട്ടു പപ്പ… പിന്നെ കുറച്ചു ഒക്കെ ഉത്തരവാദിത്തം ഒക്കെ വന്നു അങ്ങനെ അങ്ങ് മുന്നോട്ട് പോയി അവനും ഞാനും…..”
അവൾ പറഞ്ഞു നിർത്തിയപ്പോൾ പാറു അതിശയത്തോടെ മായയെ നോക്കി.
“അല്ല… അപ്പോ.. അപ്പോ ഇപ്പോഴും നിങ്ങൾ തമ്മിൽ ഇഷ്ട്ടം തുറന്നു പറഞ്ഞിട്ടില്ലേ…”
അതിന് മനോഹരമായി അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു മായ.
“ഉവ്വല്ലോ… പക്ഷെ എന്നോടല്ല.. പപ്പയോടു… പപ്പയോടു പറഞ്ഞു അവൻ.. അവന് എന്നെ ഇഷ്ടമാണെന്നു…”
“ഏഹ്.. അത് കൊള്ളാലോ…”
“മ്മ്… ഞങ്ങൾ രണ്ടും കമ്പനിയിൽ കയറി കുറച്ചു കഴിഞ്ഞപ്പോൾ എനിക്കൊരു പ്രൊപോസൽ വന്നു.. അത്യാവശ്യം നല്ല ബിസ്സിനെസ്സ് ഗ്രൂപ്പ് ഒക്കെ ഉള്ള ആളുടെ ആയിരുന്നു ആലോചന… എന്റെ പപ്പ ആ ആളെ കുറിച്ച് അന്വേഷിക്കാൻ ഏൽപ്പിച്ചത് ഇവനെയും…പപ്പ ഇടയ്ക്ക് വന്ന് എന്തെങ്കിലും അപ്ഡേറ്റ്സ് ഉണ്ടോ.. ആളെ കുറിച്ച് ഡീറ്റെയിൽസ് എടുത്തോ ഒക്കെ ചോദിക്കുമ്പോ ഇവൻ പല എസ്ക്യൂസും പറഞ്ഞ് ഒഴിഞ്ഞു മാറും.. ഒരിക്കൽ പപ്പ അവനെ കുത്തിന് പിടിച്ചു ചോദിച്ചു നീ അന്വേഷിക്കുന്നുണ്ടോ എന്താ ഉദ്ദേശമെന്ന്… അപ്പോ അവൻ നിവൃത്തിക്കെട്ട് ചോദിച്ചു പോലും അവളെ എനിക്ക് കെട്ടിച്ചു തരോന്ന്…..”
“ആഹാ.. എന്നിട്ട്.. എന്നിട്ട് ചേച്ചിയുടെ പപ്പ എന്ത് പറഞ്ഞു….”
“പപ്പ ഉറക്കെ ചിരിച്ചു… പപ്പയ്ക്ക് ആൾറെഡി ഡൌട്ട് ഉണ്ടായിരുന്നു അത്.. അതോണ്ട് തന്നെയാ അന്വേഷിക്കാൻ അവനെ തന്നെ ഏല്പിച്ചത്.. അവൻ എങ്ങനെ റെസ്പോണ്ട് ചെയ്യും അറിയാൻ… പപ്പയ്ക്കും മമ്മയ്ക്കും പിന്നെ അവിടുത്തെ അമ്മയ്ക്കും ഒക്കെ ഞങ്ങൾ ഒന്നിക്കണം തന്നെയായിരുന്നു താല്പര്യം.. പിന്നെ ഞങ്ങൾ ഒരു സൂചന പോലും കൊടുക്കാത്തത് കൊണ്ടു എന്ത് ചെയ്യണം അറിയാതെ അവരും കൺഫ്യൂഷനിൽ ആയിരുന്നു….”
“അടിപൊളി.. അപ്പോ അങ്ങനെയാണ് ഈ മായ വിശ്വനാഥ് ശിവദേവ് സാറിന്റെ വുഡ് ബി ആയത് അല്ലേ….”
“മ്മ്….”
മായയുടെ മുഖം നാണത്തിൽ താഴുന്നത് പാറു അവളെ കളിയാക്കാൻ തുടങ്ങി.
“അയ്യേ. ചേച്ചിയ്ക്ക് നാൺ വന്നു.. അയ്യേ..”
“ഒന്ന് പോ പെണ്ണെ.. എനിക്ക് നാണം ഒന്നും ഇല്ല.. പിന്നെ അവനെയല്ലേ കെട്ടുന്നേ…പിനെന്ത് നാണിക്കാനാ..കള്ള കില്ലാടി…”
“മ്മ് മ്മ്.. ഉവ്വേ.. എന്നിട്ട് നിങ്ങടെ മാര്യേജ് അടുത്ത് ഉണ്ടാവോ…”
“അടുത്ത് കാണില്ലടാ.. അവന് കുറച്ചു കൂടി പക്വത വരാനുണ്ടെന്നാ പപ്പ പറഞ്ഞത്.. എന്നിട്ട് കൈ പിടിച്ചു ഏൽപ്പിക്കാമെന്ന് പറഞ്ഞു…”
“ഹ ഹ ഹ.. നൈസ്… അതേതായാലും നന്നായി അങ്ങേർക്ക് പക്വത മാത്രം അല്ല.. കുറച്ചു നന്മയും കൂടി ആവിശ്യം ആണ്.. ചേച്ചിയിൽ നിന്നും അതും കൂടി കുറച്ചു കിട്ടട്ടെ.. എന്നിട്ട് കെട്ടാന്ന് പറയ്യ്…”
“ഹ ഹ ഹ.. പോടീ പോടീ.. അത് അവൻ നിന്നെ എപ്പോഴും വഴക്ക് പറയുന്നത് കൊണ്ടല്ലേ…”
“പിന്നല്ലാതെ… അങ്ങേർക്ക് എന്നെ കാണുമ്പോ പ്രേത്യകിച്ച് ഒരു കലിപ്പ് ആണ്… തിരിച്ചു പറയാൻ ഈ പാറുന് അറിയാഞ്ഞിട്ടൊന്നും അല്ല….”
“ഓഹോ.. എന്നിട്ട് എന്താ നീ തിരിച്ചു പറയാത്തത്…. മ്മ്….”
“ആ.. അത് പിന്നെ ഈ ജോലി എനിക്ക് അത്യാവശ്യം ആയിപ്പോയില്ലേ… താഴ്ന്നു കൊടുത്തായാലും പിടിച്ചു നിൽക്കണല്ലോ….”
“ഓഹോ….”
“മ്മ്… എന്നാ നമുക്ക് വിട്ടാലോ ചേച്ചി.. ഓഫീസിൽ കേറണ്ടേ.. ഇല്ലെങ്കിൽ അങ്ങേര് കടിച്ചു കീറും… ചേച്ചി പിന്നെ അങ്ങേരുടെ ഭാവി വധു ആണെന്ന് വെക്കാം.. എന്നെ അങ്ങേര് വെച്ചേക്കില്ല….”
“ഹ ഹ ഹ.. മ്മ്… വാ പോവാം…”
കയ്യിൽ പറിച്ചെടുത്ത ആമ്പൽ പൂക്കളുമായി പാറു മായയ്ക്കൊപ്പം പുറത്തേക്ക് നടന്നു.
വെളിയിൽ എത്തിയപ്പോൾ കുറച്ചു അപ്പുറത്ത് നിന്നേ പാറു കണ്ടു അവരുടെ കാറിൽ ചാരി നിൽക്കുന്ന ശിവയെ… നിന്ന നിൽപ്പിൽ തരിച്ചു പോയി അവൾ.
“യ്യോ.. ചേച്ചി…”
“യ്യോ.. എന്താടി…”
അവളുടെ ഞെട്ടിയുള്ള അലർച്ചയിൽ വല്ല പാമ്പോ മറ്റോ ഉണ്ടെന്ന് കരുതി മായയും പേടിച്ചു.
“ദേ.. അങ്ങോട്ട് നോക്കിയേ.. ശിവ സർ…”
“ഹോ.. എന്റെ പൊട്ടികാളി അതിനാണോ നീയീ അലറിയത്..ഞാൻ വല്ല പാമ്പ് എങ്ങാൻ ആവുമെന്ന് പേടിച്ചു പോയി… ഒരു കുത്ത് വെച്ചു തരും ഞാൻ…”
“ഹാ.. പാമ്പിനെയൊന്നും പിന്നെലും പേടിക്കണ്ട.. പക്ഷെ ഇങ്ങേരെ അങ്ങനെ അല്ലല്ലോ…”
“ഓഹോഹോ… മ്മ്.. നോക്കി നിൽക്കാതെ ഇങ്ങ് വാ നീ…”
“അയ്യോ ഞാനില്ല അങ്ങേരുടെ അടുത്തേക്ക്… ഞാൻ ഇതിലൂടെ ഒരു ഷോർട്ട് കട്ട്….”
“നിന്റെയൊരു ഷോർട്ട് കട്ട്.. അവൻ നിന്നെ കൊല്ലാനൊന്നും വന്നതല്ല.. എന്നെ കൊണ്ടു പോവാൻ വന്നതാ….”
അവളു പറഞ്ഞു തീരും മുന്നെ മായ അവളെ കയ്യിൽ പിടിച്ചു നടക്കാൻ തുടങ്ങി.
“ചേച്ചിയെ കൊണ്ടു പോവാൻ വന്നതാണെങ്കിൽ ചേച്ചി പോവണം.. അതിനെന്തിനാ എന്നെ പിടിച്ചു വലിച്ചോണ്ട് പോവുന്നെ….”
തന്നെ പിടിച്ചു വലിച്ചു കൊണ്ടു മുന്നോട്ട് നടക്കാൻ നോക്കുന്ന മായയുടെ കൈ വിടുവിക്കാൻ പാറു മാക്സിമം നോക്കുന്നുണ്ടായിരുന്നു.
“എന്റെ പാറു.. ഞാൻ വിളിച്ചിട്ട അവൻ വന്നത്…നീ എന്റെ കൂടെയുള്ളത് അവനറിയാം…ഓഫീസിൽ പോവണ്ടേ നിനക്ക് ഇങ്ങ് വന്നേ മര്യാദക്ക്….”
“അയ്യോ.. അപ്പോ ചേച്ചി സാറിനോട് എല്ലാം പറഞ്ഞോ…'”
“മ്മ്.. കുറച്ചൊക്കെ.. ഞങ്ങൾ പ്രണയിക്കുന്നവരല്ലെടി.
എത്രയാന്ന് വെച്ചാ അവനിൽ നിന്ന് ഞാൻ ഒരു കാര്യം മറച്ചു വെയ്ക്കുക.. പോരാത്തതിന് ഞാൻ എന്തേലും മറച്ചു വെയ്ക്കുന്നുണ്ടെങ്കിൽ അവനത് പെട്ടെന്ന് മനസ്സിലാവുകയും ചെയ്യും.. നീ പേടിക്കണ്ട.. അവന് അതിൽ ഒരു കുഴപ്പവുമില്ല.. നിന്നോട് അവൻ അതിനെ കുറിച്ചൊന്നും ചോദിക്കാനും പോവുന്നില്ല..കുറച്ചു ഒക്കെ നന്മ ആ മൂരാച്ചിടെ ഉള്ളിലും ഉണ്ടെടി…സോ ധൈര്യം ആയിട്ട് പോരെ….”
പാറു മായയെ നോക്കി നന്നായൊന്ന് ചിരിച്ചു.
“ഇതെവിടെയായിരുന്നു.. എത്ര നേരമായി…”
അവരെ കണ്ടതും ശിവ അൽപ്പം ഗൗരവത്തോടെ ചോദിച്ചു.
“ഹാ.. തൊഴുകയല്ലായിരുന്നോ ശിവ.. പെട്ടെന്ന് പോരാനൊക്കുവോ… അല്ല നീയെന്താ ഇവിടെ തന്നെ നിന്ന് കളഞ്ഞത് എന്നിട്ട്.. നിനക്ക് വരായിരുന്നില്ലേ അമ്പലത്തിലേക്ക്…”
“ഓ.. പിന്നെ.. എനിക്കതിലൊന്നും വിശ്വാസം ഇല്ല…നിങ്ങൾ വന്നു കയറാൻ നോക്ക്… ഞാൻ എടുക്കാം കാർ…ചാവി താ….”
“മ്മ് ന്നാ.. അല്ല അപ്പോ നീയെങ്ങനെ ഇവിടെ എത്തി.. നിന്റെ കാർ എടുത്തില്ലേ…”
“ഇല്ല.. എന്നെ ഷിജു ഇവിടെ ഇറക്കി തന്നു.. എല്ലാരും ഒരു സ്ഥലത്തേക്ക് അല്ലേ.. എന്തിനാ പിന്നെ രണ്ടു വണ്ടി ഒക്കെ എടുത്തിട്ട്….”
“മ്മ്.. അതേതായാലും നന്നായി..എന്നാ വാ പാറു..കയറ്.. നമുക്ക് പോവാം…”
മായ പറഞ്ഞത് കേട്ട് പാറു കാറിന്റെ പുറകിലെ സീറ്റിലേക്ക് കയറാൻ ഒരുങ്ങുമ്പോഴാണ് ശിവ അവളെ ശ്രദ്ധിച്ചത്.
“അയ്യേ.. നീയിത് എന്തോന്നാ കാടും പടലയുമൊക്കെയായി കാറിന്റെ ഉള്ളിലേക്ക്.. അത് എടുത്തു പുറത്തേക്ക് കളഞ്ഞേ…”
അവളുടെ കയ്യിലുള്ള ആമ്പൽ പൂക്കൾ കണ്ട് അവൻ ചൂടായത് കണ്ടിട്ട് മായ അവനെ അത്ഭുതത്തിൽ നോക്കി.
“ഇത് നല്ല കൂത്ത്.. നിനക്കും ആമ്പൽ പൂക്കൾ ഭയങ്കര ഇഷ്ടം ആണല്ലോ… എന്നിട്ടാണോ കാടും പടലയെന്നൊക്കെ പറഞ്ഞ് വലിച്ചെറിയാൻ നോക്കുന്നത്.. അത് അവളുടെ കയ്യിൽ അല്ലേ ഇരിക്കുന്നെ.. നിന്റെ മേൽ ഒന്നും അല്ലല്ലോ… ചുമ്മാ ഷോ കാണിക്കല്ലേ ശിവ… ഹും.. പാറു.. നീ അത് കാര്യം ആക്കണ്ട.. കേറിക്കോ വണ്ടിയിൽ…”
“മ്മ് ചേച്ചി…”
കാറിലേക്ക് കയറുന്നതിനിടയിൽ ശിവയെ ഒന്ന് കലിപ്പിച്ച് നോക്കാൻ പാറു മറന്നില്ല.
“നോക്കി പേടിപ്പിക്കുന്നോടി…”
അവളുടെ നോട്ടം കണ്ട് ശിവയും ഉള്ളിൽ പറഞ്ഞു കൊണ്ടു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.
ഉള്ളിൽ കയറിയിട്ട് മുന്നിലെ മിററിൽ കൂടി ശിവയൊന്ന് പാറുവിനെ നോക്കിയെങ്കിലും അവൾ മുഖം തിരിച്ചു.. അത് കണ്ടു കലിപ്പോടെ അവനും മുഖം വെട്ടിച്ചു. രണ്ടു പേരുടെയും കടന്നൽ കുത്തിയ പോലുള്ള മുഖം കണ്ട് മായ ഉള്ളിൽ ഊറി ചിരിച്ചു.
(തുടരും )

by