രചന – മിയ അവ
പിറ്റേന്ന് ശനിയാഴ്ച ആയതിനാൽ അവർക്ക് ക്ലാസ്സ് ഉണ്ടായിരുന്നില്ല. എന്നാലും മായയ്ക്ക് പ്രാക്ടീസ് ഉള്ളത് കൊണ്ട് അവൾ രാവിലെ തന്നെ പ്രാക്ടീസിന് വേണ്ടി കോളേജിലേക്ക് പോയി. ഇറങ്ങാൻ നേരം മഹിയെ അവൾ ഫോണിൽ ട്രൈ ചെയ്തെങ്കിലും അവന്റെ ഫോൺ സ്വിച്ച് ഓഫ് എന്നായിരുന്നു അറിയാൻ കഴിഞ്ഞത്. ആ കാര്യം അവൾ ശിവയെ വിളിച്ചു പറഞ്ഞപ്പോൾ അവളോട് കോളേജിലേക്ക് വിട്ടോളാനും അവൻ മഹിയുടെ വീട്ടിൽ പോയി കണ്ട് അവനെയും കൂട്ടി കോളേജിലേക്ക് വരുമെന്നും പറഞ്ഞതനുസരിച്ചു അവൾ വേഗം കോളേജിലേക്ക് ഇറങ്ങി. മഹിയുടെ സ്വന്തം വീട് തിരുവനന്തപുരം ആയതു കൊണ്ട് അവൻ ഇവിടെ അവന്റെ അങ്കിളിന്റെ വീട്ടിൽ നിന്നായിരുന്നു കോളേജിൽ വന്നിരുന്നത്. ശിവ അവനെ കാണാനായി നേരെ അവന്റെ അങ്കിളിന്റെ വീട്ടിലേക്ക് ചെന്നു. എന്നാൽ അങ്കിളിൽ നിന്നും അറിയാൻ കഴിഞ്ഞത് മഹി പുലർച്ചെയുള്ള ട്രെയിനിൽ നാട്ടിലേക്ക് പോയെന്നായിരുന്നു. വളരെ നിരാശയോടെയാണ് ശിവ ഈ വിവരം പറയാൻ മായയുടെ അടുത്തേക്ക് പോയത്. മായയുമായി ചർച്ച ചെയ്ത് പിറ്റേന്ന് തന്നെ ശിവ മഹിയെ തേടി തിരുവനന്തപുരത്തേക്ക് പോവാൻ തീരുമാനിച്ചു. മായയ്ക്ക് കുട്ടികളെ ട്രെയിൻ ചെയ്യിക്കാൻ ഉള്ളത് കൊണ്ട് അവൾക്ക് അവന്റെയൊപ്പം പോവാനും പറ്റിയില്ല. അങ്കിളിന്റെ കയ്യിൽ നിന്നും കിട്ടിയ അഡ്രെസ്സ് വെച്ച് തപ്പി പിടിച്ച് ശിവ മഹിയുടെ തിരുവനന്തപുരത്തുള്ള സ്വന്തം വീട്ടിൽ എത്തിയെങ്കിലും അവനെയൊന്നു കാണാനോ സംസാരിക്കാനോ മഹി കൂട്ടാക്കിയില്ല. തനിക്ക് ആരെയും കാണേണ്ടന്ന വാശിയിൽ റൂം ലോക്ക് ആക്കി ശിവ മടങ്ങി പോവുന്നത് വരെ മഹി
ആ റൂമിനുള്ളിൽ തന്നെയിരുന്നു. എന്തായാലും ഇപ്പോഴത്തെ ചെറിയ പിണക്കം മാറിയാൽ അവൻ കോളേജിലേക്ക് മടങ്ങി വരുമെന്നോർത്ത് അവർ രണ്ടും വീണ്ടും ദിവസങ്ങളെ തള്ളി നീക്കി. എന്നാൽ അങ്ങനെയൊരു മടങ്ങി വരവ് പിന്നീടുണ്ടായില്ല.
അവരുടെ ക്ലാസ്സ് ട്യൂട്ടർ വഴി മഹി കോഴ്സ് ഡ്രോപ്പ് ഔട്ട് ചെയ്തെന്ന് അവർ അറിഞ്ഞു. ഇതറിഞ്ഞ ഉടനെ തന്നെ മായയും ശിവയും കൂടി തിരുവനന്തപുരത്തേക്ക് തിരിച്ചെങ്കിലും ഹൈയർ സ്റ്റഡീസിന് വേണ്ടി അവൻ ബാംഗ്ലൂർക്ക് പോയെന്ന് അവന്റെ പേരെന്റ്സ് പറഞ്ഞു. അന്നത്തെ ശിവയുടെ ചുരുങ്ങിയ കോൺടാക്ട്സ് വെച്ചും പിന്നെ മായയുടെ പപ്പ വഴിയുമൊക്കെ ബാംഗ്ലൂരിൽ അവനെ കുറിച്ചു അന്വേഷിക്കാനും അവിടെ ചെന്ന് അവനെ കാണണമെന്നുമൊക്കെ അവർ കരുതി ഇരിക്കുമ്പോഴായിരുന്നു ശിവയുടെ അച്ഛന്റെ മരണം. അതിൽ തീർത്തും ഡൌൺ ആയിപ്പോയ ശിവയും അവനെ അങ്ങനെയൊരു അവസ്ഥയിൽ നിന്നും തിരിച്ചു കൊണ്ട് വരാനുള്ള ഓട്ടത്തിലേക്ക് മായയും തിരിഞ്ഞപ്പോൾ മഹിയെന്ന അദ്ധ്യായം അവരുടെ ലൈഫിൽ നിന്നും എന്നേക്കുമായി അടഞ്ഞു
പോവുകയായിരുന്നു……
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
ഒട്ടും പ്രതീക്ഷിക്കാതെ മഹിയെ അവിടെ കണ്ട മായയുടെ കണ്ണുകൾക്ക് മുന്നിൽ നടക്കുന്നതെന്തൊക്കെയാണെന്ന് ഒരു പിടിയും കിട്ടുന്നില്ലായിരുന്നു. താൻ ഒരുപാട് പ്രതീക്ഷിച്ച ശിവയോ പാറുവോ തന്റെ വീട്ടുക്കാരോ പോലും അവിടെ എത്തിയില്ല. പകരം എങ്ങു നിന്നോ എത്തിയിരിക്കുന്നത് മഹിയും. അവൾ അവിശ്വസനീയമായി അവനെ നോക്കി.
“മഹി….. നീയെങ്ങനെയാ ഇവിടെ… സിംഗപ്പൂരിലുള്ള നീയെങ്ങനെ അറിഞ്ഞു എന്റെ കാര്യങ്ങൾ……”
“സിംഗപ്പൂരിൽ വെച്ച് അന്ന് നമ്മൾ കണ്ടു പിരിഞ്ഞേരെയുള്ള നിന്റെ കാര്യങ്ങൾ ഞാൻ അറിഞ്ഞത് ഇവിടെ വെച്ചാണ്… അതും ആറു വർഷങ്ങൾക്ക് മുൻപ്… കൃത്യമായി പറഞ്ഞാൽ നീ ജയിലിലേക്ക് പോകുന്ന അന്ന് ഞാനിവിടെ….. നിങ്ങടെ കമ്പനിയിൽ ജോയിൻ ചെയ്തിരുന്നു… അപ്പോ പിന്നെ ബാക്കി വിശേഷങ്ങൾ ഞാൻ അറിയാതിരിക്കില്ലല്ലോ…….”
“ഞങ്ങടെ കമ്പനിയിലോ…എന്നിട്ട്… ശിവ ഇതൊന്നും….എന്നോട്…”
“നിന്നെ കാണാൻ ശിവ വന്നിരുന്നപ്പോഴൊക്കെ ഇതൊന്നും നിന്നോട് പറയരുതെന്ന് പറഞ്ഞ് അവനെ വിലക്കിയത് ഞാനാണ്… ഞാൻ മാത്രമല്ല… പാർവതിയും…..”
“പാറുവോ… അവളെന്തിന്…..”
“അവളുടെ ചേച്ചി ശിക്ഷ കഴിഞ്ഞ് ഇറങ്ങുന്ന ദിവസം… എന്തോ വലിയ സർപ്രൈസ് കൊടുക്കാൻ വേണ്ടി…..”
“സർപ്രൈസോ… എനിക്കോ… എന്ത് സർപ്രൈസ്…..”
“അറിയില്ല…. ഒരു പക്ഷെ ആ സർപ്രൈസ് ഞാൻ ആവണം….”
“നീയോ… എങ്ങനെ….”
അൽപ്പ നേരം നിശബ്ദമായിരുന്നു മഹിയുടെ ഭാഗം. പിന്നെ അവളെ നോക്കാതെ നോട്ടം മറ്റെങ്ങോ നട്ട് അവൻ ദീർഘമായൊന്ന് നിശ്വസിച്ചു.
“ഒരുപാട് തെറ്റിദ്ധാരണകളുണ്ടായിരുന്നു
നിനക്കെന്നെ കുറിച്ച്… അല്ലേ മായ…..”
മായ ഒന്നും മനസിലാവാതെ അവനെ തന്നെ നോക്കി.
“..അന്ന് നമ്മൾ സിംഗപ്പൂർ വെച്ച് കണ്ടപ്പോൾ.. ഞാൻ നിന്നോട് ഇഷ്ടം പറഞ്ഞത്.. നിന്റെ അവസ്ഥ കണ്ടുള്ള സഹതാപം കൊണ്ട്… അല്ലെങ്കിൽ ആ അവസ്ഥയിൽ ഞാൻ നിന്നെ കെട്ടിയാൽ നിന്റെ പപ്പയിൽ നിന്ന് കിട്ടുന്ന സ്വത്ത് മോഹിച്ച്…ഒരു കുഞ്ഞു വഴക്കിന്റെ പേരിൽ ഒന്നര വർഷത്തെ സൗഹൃദം വേണ്ടെന്ന് വെച്ച് പോയ എന്നെ എങ്ങനെ വിശ്വസിക്കാനാവും…ഇതൊക്കെയായിരുന്നു നിന്റെ ധാരണകൾ അല്ലേ……. എന്നിൽ നിന്നും രക്ഷപ്പെടാനായിരുന്നു ധൃതി പിടിച്ച് സിംഗപ്പൂർ വിട്ട് നാട്ടിലേക്ക് തന്നെ മടങ്ങി വന്നത് അല്ലെ……”
മറുപടിയില്ലായിരുന്നു ആ ചോദ്യങ്ങൾക്കൊന്നും മായയുടെ കയ്യിൽ. എന്ത് പറയുമെന്നറിയാതെ അവളൊന്ന് പരുങ്ങി. അത് കണ്ട് മഹി തന്നെ തുടർന്നു.
“നിനക്കോർമ്മയുണ്ടോ മായ… നമ്മൾ തമ്മിൽ പണ്ട് കോളേജിൽ വെച്ച് പിരിഞ്ഞത്….ഒരുപക്ഷെ നിനക്കിപ്പോ അത് ഓർത്തെടുക്കാൻ പ്രയാസം ആവും….
പക്ഷെ എനിക്കിന്നും പകൽ വെട്ടം പോലെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നുണ്ട് ആ ദിവസം…. ഒരു മനസ്സും മൂന്നു ശരീരവുമായി നടന്നിരുന്ന നമ്മൾ രണ്ടു വഴിക്ക് പിരിഞ്ഞു പോയ ആ ദിവസം…. ഓർക്കുന്നുണ്ടോ നീ…..”
ആ ചോദ്യത്തിൽ മായയുടെ ഓർമ്മകൾ പത്തു വർഷം മുൻപുള്ള ആ ഒരു ദിവസത്തിൽ എത്തി നിന്നു. അന്നത്തെയാ ഗ്രൗണ്ടിൽ അവളുടെ ഓർമ്മ വന്ന് തറഞ്ഞു നിന്നതും കുറച്ചൊരു മൗനത്തിന് ശേഷം മഹി തന്നെ വീണ്ടും തുടർന്നു.
“അന്ന്… കാര്യം എന്താണെന്ന് അറിയാതെ തന്നെയാണ് ഞാൻ ശിവയോട് അങ്ങനെ പെരുമാറിയത്.. തെറ്റ് എന്റേത് തന്നെയാണ്… അതിന്റെ പേരിൽ നീ എന്നോട് ദേഷ്യപ്പെട്ടതോ അത്രയും പറഞ്ഞതോ ഒന്നും അല്ലായിരുന്നു എന്റെ വിഷമം…. അതൊക്കെ ഞാൻ അർഹിക്കുന്നത് തന്നെയായിരുന്നു.. പക്ഷെ….”
ബാക്കി അറിയാനായി മായ അവന്റെ മുഖത്തേക്ക് തന്നെ ആകാംഷയോടെ നോക്കി.
“നിനക്കറിയോ മായ…. അന്നത്തെയാ ഒറ്റ
ദിവസം കൊണ്ട് തകർന്ന് പോയത്… എന്റെ.. എന്റെ ഒന്നര വർഷത്തെ സ്വപ്‌നങ്ങളായിരുന്നു…… നിന്നെ പരിചയപ്പെട്ട നാൾ മുതൽ…. ഞാൻ നെയ്തു കൂട്ടിയ ഒരുപാട് മോഹങ്ങളായിരുന്നു…..”
“വാട്ട്…. എന്ന് വെച്ചാൽ…..”
ഞെട്ടലായിരുന്നു മായയ്ക്ക് ആ വാക്കുകൾ കേട്ടപ്പോൾ. വ്യക്തമാവുന്നില്ലായിരുന്നു അവൾക്കൊന്നും.
“യെസ്…അത് തന്നെ…പരിചയപ്പെട്ടന്ന് തൊട്ട് നീയീ നെഞ്ചിലുണ്ടായിരുന്നു… ഒരുപാട്… ഒരുപാട് ഇഷ്ട്ടമായിരുന്നു എനിക്ക് നിന്നെ….എങ്ങനെ നിന്നോടത് പറയണം അറിയില്ലായിരുന്നു…. നിന്നോട് ഒറ്റയ്ക്ക് സംസാരിക്കാൻ ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ.. അങ്ങനെയിരിക്കുമ്പോഴായിരുന്നു ശിവ…അവൻ അന്ന് നേരത്തെ പോവുമെന്നും നിന്നെ ഞാൻ പിക്ക് ചെയ്യണമെന്നും പറഞ്ഞത്…അന്ന് എന്റെ അവസരമാണെന്ന് ഞാൻ ഉറപ്പിച്ചിരിക്കുകയായിരുന്നു… നിന്നോട് എന്റെ പ്രണയം തുറന്നു പറയാൻ.
കാത്തിരിക്കുകയായിരുന്നു ഞാൻ… അപ്പോഴാണ് ആ വഴക്ക്……എനിക്കുറപ്പായിരുന്നു ആ വഴക്ക് കണ്ടാൽ നീ പ്രാക്ടീസ് ഒക്കെ മതിയാക്കി ശിവയെയും കൊണ്ട് പോകുമെന്ന്…അന്നാ വഴക്ക് കണ്ടപ്പോൾ.. എന്റെ മനസ്സ് മുഴുവൻ ആ ഒരു ചിന്ത മാത്രമായിരുന്നു… അവന്റെ വഴക്ക് കാരണം എന്റെ പ്രണയം നിന്നോട് പറയാനുള്ള അവസരം നഷ്ട്ടപ്പെട്ടു പോയ ദേഷ്യമായിരുന്നു… അതാ ഞാൻ.. അപ്പോൾ… എന്താ കാരണമെന്ന് പോലും തിരക്കാതെ അന്നങ്ങനെ പ്രതികരിച്ചു പോയത്…. പക്ഷെ അന്ന് അവസാനമായി നിന്നിൽ നിന്നും വന്ന വാക്കുകൾ.. എന്റെ ഹൃദയത്തെ തന്നെ കീറി മുറിച്ചു കളഞ്ഞു പോയി…. നോവ് തോന്നി ഒരുപാട്……..”
മായയ്ക്ക് അതൊരു പുതിയ അറിവായിരുന്നു. തന്നോടുള്ള അവന്റെ പ്രണയത്തിന് അത്രയും വർഷത്തെ പഴക്കമുണ്ടായിരുന്നുവെന്നത്. ആ ഉള്ളിൽ അന്നേ താൻ ഇടം നേടിയിരുന്നു എന്നത്… സിംഗപ്പൂർ വെച്ച് അവിചാരിതമായി പരസ്പരം കണ്ടു മുട്ടിയപ്പോൾ.. തന്റെ കാര്യങ്ങളെല്ലാം അറിഞ്ഞപ്പോൾ ഒരു സുഹൃത്തെന്ന നിലയിൽ തോന്നിയ സഹതാപം… അല്ലെങ്കിൽ ഒറ്റ ദിവസം കൊണ്ട് ഒന്നര വർഷത്തെ സൗഹൃദം ഇട്ടെറിഞ്ഞു പോയ ആളല്ലേ…
അങ്ങനെയുള്ളയാൾ ഇപ്പോൾ അടുത്ത് കൂടുന്നത് ഒരുപക്ഷെ തന്നെ വിവാഹം ചെയ്താൽ കിട്ടാൻ പോവുന്ന സ്വത്ത് മോഹിച്ചാണോ ആ സ്വത്ത് കിട്ടി കഴിഞ്ഞാൽ ശേഷി ഇല്ലാത്ത തന്നെ ഉപേക്ഷിച്ചു അന്നത്തെ പോലെ വീണ്ടും മുങ്ങി കളയുമോ എന്നൊക്കെയുള്ള ചിന്ത മാത്രമായിരുന്നു ജയിലിലേക്ക് പോകുന്ന നിമിഷം വരെ അല്ലെങ്കിൽ ഇങ്ങനെയൊരു കാര്യം അറിയുന്നതിന്റെ തൊട്ട് മുന്നെ വരെ അവളിൽ ഉണ്ടായിരുന്നത്. അത് കൊണ്ടായിരുന്നു ശരീരം തളർന്ന ആ ഒരു അവസ്ഥയിൽ പുതിയൊരു ജീവിതം ആഗ്രഹിക്കാനും അവനൊരു മറുപടി കൊടുക്കാനും ഭയന്നത്… അവനിൽ നിന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെടാൻ തന്നെയായിരുന്നു സിംഗപ്പൂരിൽ നിന്ന് പെട്ടെന്ന് തന്നെ ഒരു മുന്നറിയിപ്പ് പോലുമില്ലാതെ നാട്ടിലേക്ക് തിരികെ വന്നത്… ഇവിടെ വന്ന് ശിവയോട് എല്ലാം പറഞ്ഞപ്പോഴും അവന്റെ ഉദ്ദേശം എന്താണെന്ന് അന്വേഷിക്കാമെന്ന് ശിവ പറഞ്ഞെങ്കിലും വേണ്ടെന്ന് പറഞ്ഞ് അതിനെ എതിർത്തതും ആ ഒരു ചിന്ത കൊണ്ട് തന്നെയായിരുന്നു. പക്ഷെ ഇപ്പോൾ… ഇതെല്ലാം കേൾക്കുമ്പോൾ.. മായയ്ക്ക് എന്ത് ചെയ്യണമെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ലായിരുന്നു.
” … എനിക്ക് ശക്തിയില്ലായിരുന്നു മായ…മനസ്സ് കൊണ്ട് ആദ്യമായി പ്രണയം തോന്നിയയാൾ മറ്റൊരാളുടെ കൂടെ… അത് ശിവയാണെങ്കിൽ കൂടിയും അത് കണ്ടു നിൽക്കാനുള്ള ശക്തി എനിക്കില്ലായിരുന്നു.. അതുകൊണ്ടാ… അതാ ഞാൻ പിന്നെയൊരിക്കലും നിങ്ങൾക്ക് മുഖം തരാതെ ഓടിയൊളിച്ചത്….സൗഹൃദമെല്ലാം ഉപേക്ഷിച്ച് ദൂരേക്ക് അകന്ന് മാറിയത്….. പക്ഷെ വർഷങ്ങൾ എടുത്തിട്ടും… ചുറ്റിലുമുള്ള പലതും മാറിയിട്ടും നിന്നോടുള്ള പ്രണയം മാത്രം… ഇന്നും ഒരു കോട്ടവും തട്ടാതെ.. ഇപ്പോഴും മനസ്സിൽ…. അങ്ങനെ തന്നെ കിടക്കുവാ…. ”
പറയുമ്പോൾ അവന്റെ തൊണ്ടയിടറിയത്… കണ്ണിൽ ഈർപ്പം പൊതിഞ്ഞത് മായ വ്യക്തമായി കണ്ടു.
“പക്ഷെ… ഒന്നര വർഷം നിഴൽ പോലെ കൂടെയുണ്ടായിട്ടും നിനക്ക് മനസ്സിലാക്കാൻ കഴിയാതെ പോയ എന്റെ സ്നേഹം… എന്റെ മനസ്സ്….മനസ്സിലാക്കിയത്… പാർവതിയാണ്….”
അതു കേട്ടപ്പോൾ മായ സംശയത്തിൽ അവനെ നോക്കി.
“പാറു… അവളെങ്ങനെ…..”
“ഇവിടെ വന്ന് നീ ശിവയോട് എന്റെ കാര്യമെല്ലാം തുറന്നു പറഞ്ഞപ്പോൾ.. നിന്റെ മടങ്ങി വരവും മറ്റും പാർവതിയിൽ സംശയം ഉണ്ടാക്കിയിട്ടുണ്ടെന്ന് മനസ്സിലാക്കി എല്ലാ കാര്യങ്ങളും അവളോട് പറയണമെന്ന് ഏല്പിച്ചല്ലേ നീ ജയിലിലേക്ക് പോയത്… അവനത് പറഞ്ഞു… അതിന്റെ പിറ്റേ ദിവസം തന്നെ അവൾ വന്നിരുന്നു എന്നെ കാണാൻ… സംസാരിക്കാൻ… എന്റെ ഉള്ളിലെന്താണെന്ന് അറിയാൻ… ഈ ഉള്ളിൽ ഇപ്പോഴും നിന്നോടുള്ള കറ കളഞ്ഞ പ്രണയം മാത്രമാണെന്ന് തിരിച്ചറിഞ്ഞതും മനസ്സിലാക്കിയതും അവളാണ്…. എന്റെ മനസ്സ് നീ മനസ്സിലാക്കുമെന്നും എന്നെ നീ പൂർണ മനസ്സോടെ തന്നെ സ്വീകരിക്കുമെന്നും എനിക്ക് ഉറപ്പ് തന്നതും എന്നിൽ വിശ്വാസം പകർന്നതും അവളാണ്… ഇന്നിപ്പോൾ… ഞാൻ നിന്റെ മുന്നിലിങ്ങനെ വന്ന് നിൽക്കാൻ പോലും കാരണം അവളാണ്…. നീ ഇറങ്ങുന്ന…ഈ ദിവസം.. ഇവിടെ നിന്നെ കാത്ത് ഞാൻ ഉണ്ടാവണമെന്നും…. എല്ലാം.. എല്ലാം ഉള്ളു തുറന്നു നിന്നോട് സംസാരിക്കണമെന്നും പറഞ്ഞ് എന്നെ ഇവിടെ നിർത്തിയത് അവളാണ്…..അവൾ മാത്രമല്ല… ശിവയും.. അവനും എന്നെ ഞെട്ടിച്ചു… ഒരു മറുപടി പോലും തരാതെ
ഓടിപ്പോയ നിന്നെ കാണാനും സംസാരിക്കാനും തന്നെ വേണ്ടിയാണ് ഞാൻ സിംഗപ്പൂരിൽ നിന്നും നാട്ടിലെ നിങ്ങളുടെ കമ്പനിയിൽ ഇന്റർവ്യൂ നടക്കുന്നുവെന്ന് അറിഞ്ഞ് ഇവിടേക്ക് വരുന്നത്…ഇവിടെ വന്നാൽ ശിവ എന്നെ വെച്ചേക്കില്ലെന്നാ ഞാൻ കരുതിയത്… പക്ഷെ പഴയതിനേക്കാൾ കൂടുതൽ സ്നേഹത്തോടെയാണ് അവൻ എന്നെ സ്വീകരിച്ചത്… എല്ലാം കാര്യങ്ങളും ചോദിച്ചതും അറിഞ്ഞതും പാർവതിയാണെങ്കിലും ഇവിടെ എന്നെ കൂടുതൽ കംഫർട്ട് ആക്കിയതിൽ ശിവയ്ക്കും നല്ല പങ്കുണ്ട്……. ”
കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൻ മായയെയൊന്നു നോക്കി. എല്ലാം കേട്ട് കൊണ്ട് ഏതോ ലോകത്തെന്ന പോലെ ദൂരെയെങ്ങോ മിഴിയൂന്നി നിൽക്കുകയാണ് അവൾ. കണ്ണുകളിൽ മിഴി നീരിന്റെ നനവുണ്ട്… ചുണ്ടുകൾ എന്തിനോ വിറയ്ക്കുന്നുണ്ട്…. ഒരു നിശ്വാസത്തോടെ മഹി അവൾക്ക് അടുത്തേക്ക് നടന്നു.
“മായ.. എനിക്ക് പറയാനുള്ളത് ഒക്കെ ഞാൻ പറഞ്ഞു… ഇനിയൊരു തീരുമാനം പറയേണ്ടത് നീയാണ്…..”
അതു കേട്ടപ്പോൾ മായ അവന് നേരെ
തിരിഞ്ഞു. കണ്ണുകളിൽ മിഴി നീരിന്റെ ചൂട് പൊതിയുന്നത് അവൾ അറിഞ്ഞു. അടുത്ത് ഉണ്ടായിട്ടും താനറിയാതെ പോയ സ്നേഹത്തിന്റെ വിങ്ങൽ അവന്റെ ഓരോ വാക്കുകളിലും പ്രകടമായിരുന്നു. ഒരു പക്ഷെ ശിവയോട് ഉണ്ടായിരുന്ന പ്രണയത്തിന് മുന്നിൽ മഹിയുടെ സ്നേഹം അറിഞ്ഞിട്ടും മനസ്സ് ബോധപൂർവം അതിനെ മറച്ചു പിടിച്ചു കളഞ്ഞതാവുമോ എന്ന് വരെ അവൾക്ക് തോന്നിപ്പോയി. ഇന്ന്… ഈ നിമിഷം അവന്റെ ഓരോ ചലനങ്ങളും മനസ്സിലേക്ക് വീണ്ടും ഓർത്തെടുക്കുമ്പോൾ അവൾക്ക് കാണാൻ പറ്റുന്നുണ്ട്… അതിൽ തുളുമ്പി നിന്നിരുന്ന അവന്റെ പ്രണയം…അന്നത്തെ അവന്റെ ഓരോ നോട്ടത്തിലൂടെയും ചിരിയിലൂടെയും അവ തന്നോട് പറയാതെ പറഞ്ഞിരുന്നു തന്നെ അത്രമേൽ പ്രണയിക്കുന്നുവെന്ന്….എന്നിട്ടും.. എന്നിട്ടും താൻ അതിനെ അവഗണിക്കുകയായിരുന്നോ…. അറിഞ്ഞിട്ടും അറിയാത്ത പോലെ നടിച്ചതായിരുന്നോ തന്റെ മനസ്സപ്പോൾ….മനസ്സിലൂടെ കടന്നു പോയ ചിന്തകൾക്ക് അവൾക്ക് തന്നെ ഒന്നിനും ഒരു മറുപടിയില്ലായിരുന്നു. നിറ കണ്ണുകളോടെ അവൾ അവനെ നോക്കിയൊന്ന് വിതുമ്പി.
“ഞാൻ… ഞാനൊന്നും…. അറിഞ്ഞി…..”
പറഞ്ഞു തുടങ്ങിയപ്പോഴേക്കും അതിനെ പാതി വഴിയിൽ നിർത്തി കൊണ്ട് ഒരു കാർ അവിടേക്ക് സാവധാനത്തിൽ കൊണ്ട് നിർത്തിയപ്പോൾ മായയുടെയും മഹിയുടെയും കണ്ണുകൾ അവിടേക്ക് നീണ്ടു. ആ കാറിൽ നിന്നും പുറത്തേക്കിറങ്ങിയവരെ കണ്ടപ്പോൾ മായയുടെ കണ്ണുകൾ കോരി തരിച്ചു.
“ശിവ… പാറു…..”
അവളുടെ ചുണ്ടുകൾ വിറയലോടെ ആ പേരുകൾ മൊഴിഞ്ഞപ്പോൾ നിറഞ്ഞ ചിരിയോടെ തന്നെ അവർ രണ്ടും അവൾക്കടുത്തേക്ക് നടന്നെത്തി.
“എന്താടി ഞങ്ങൾ നിന്നെ മറന്നു പോയെന്ന് കരുതിയോ….”
ആ ചോദ്യം കേട്ടപ്പോൾ മായ വിങ്ങിപ്പൊട്ടി കൊണ്ട് ശിവയുടെ നെഞ്ചിലേക്ക് ചാഞ്ഞു. വിഷമങ്ങളെ തന്റെ നെഞ്ചിലേക്ക് പെയ്തൊഴിക്കുന്നവളെ അവൻ ഏറെ സ്നേഹത്തോടെ തന്നിലേക്ക് ചേർത്ത് നിർത്തി ആശ്വസിപ്പിച്ചു.
“ഞാൻ മറന്നു പോയാലും നിന്റെ ഈ
അനിയത്തി മറക്കുവോടി നിന്നെ… നീ പോയ അന്ന് മുതൽ നിനക്ക് വേണ്ടി….. എത്രയും പെട്ടെന്ന് ശിക്ഷയുടെ കാലാവധി കഴിഞ്ഞ് നീ തിരിച്ചു വരാൻ വേണ്ടി ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു അവൾ… വരുന്ന ദിവസം നിനക്കായ്… നിന്നെ സന്തോഷിപ്പിക്കാനായി എന്തൊക്കെ ചെയ്യാൻ കഴിയുവോ അതൊക്കെ ചെയ്തു കൂട്ടാൻ വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു അവൾ…. ഇവന്റെ കാര്യം അറിഞ്ഞപ്പോൾ എന്നോട് കൂടി അനുവാദം വാങ്ങിക്കാതെയാണ് അവൾ ഇവനെ പോയി കണ്ടതും നിനക്ക് വേണ്ടി ഇവനോട് സംസാരിച്ചതുമെല്ലാം… മായേച്ചിയ്ക്ക് ഏറ്റവും ബെസ്റ്റ് തന്നെ കിട്ടണം.. ഏറ്റവും സുരക്ഷിതമായിടത്ത് തന്നെ എത്തണം എന്നൊക്കെ എന്നേക്കാൾ വാശിയും ആഗ്രഹവും ഇവൾക്കായിരുന്ന്…. മായേച്ചിയെന്ന് പറഞ്ഞാൽ ഈ പൊട്ടിക്കാളിയ്ക്ക് ഭ്രാന്ത് ആടി….”
അതു കേട്ട് ചിരിച്ചു കൊണ്ട് മായ പതിയെ ശിവയുടെ നെഞ്ചിൽ നിന്നും തല പൊക്കി. എന്നിട്ട് പാറുവിന് നേരെ മിഴികളെറിഞ്ഞപ്പോൾ ആ കണ്ണുകളും നിറഞ്ഞിരിക്കുന്നത് മായ കണ്ടു. ഒത്തിരി സ്നേഹത്തോടെ തന്നെ അവൾ വിളിച്ചു.
“പാറു……”
“മായേച്ചി….”
ഏങ്ങലടിച്ചു കരഞ്ഞു കൊണ്ട് പാറു മായയെ ഇറുക്കെ പുണർന്നു. മായ അവളെയും. ആനന്ദത്തിന്റെ ചുടു കണ്ണീർ ഇരു കണ്ണുകളിൽ കൂടിയും പെയ്തൊഴിഞ്ഞു.
“എനിക്കറിയാടി നിനക്കൊരിക്കലും നിന്റെ മായേച്ചിയെ മറക്കാൻ കഴിയില്ലെന്ന്… എന്നെ മറന്ന് നിനക്കൊരു ജീവിതം ഉണ്ടാവില്ലെന്ന്…. നിന്റെ സ്നേഹം മറ്റാരെക്കാൾ തൊട്ടറിഞ്ഞതല്ലെടി ഞാൻ… പിന്നെ എന്തിനാ കുറുമ്പി നീ വിഷമിക്കുന്നെ…. നിനക്കൊപ്പം ഇനിയെന്തിനും ഈ മായേച്ചിയുണ്ടാവും… അതുപോലെ എനിക്ക് കൂട്ടായി നീയും.. അതു നമുക്ക് രണ്ടു പേർക്കും അറിയാവുന്നതല്ലെടി…. സോ ഇനിയും ഈ കണ്ണുകൾ നിറയരുത്… കേട്ടോടി….”
“മ്മ്…. ഇല്ല മായേച്ചി… ഞാനിപ്പോ… സന്തോഷം കൊണ്ടാ….ഞാൻ….”
“മ്മ്….”
രണ്ടു പേരും വീണ്ടും മുറുക്കെ പുണർന്നു.
ആ കാഴ്ച കണ്ട് ശിവയും മഹിയും കണ്ണുകൾ തുടച്ചു.
“മായ…”
ശിവ വിളിച്ചപ്പോൾ മാത്രമാണ് രണ്ടു പേരും അകന്നത്.
“നീണ്ട പത്തു വർഷമായി നീയൊരാളുടെ ഓർമ്മയിൽ ജീവിക്കുവാ ഇവൻ… കൺ മുന്നിൽ നീ നഷ്ട്ടപ്പെട്ടുവെന്ന് അറിഞ്ഞിട്ട് കൂടിയും മറ്റൊരാൾക്കും ഹൃദയത്തിൽ ഇടം കൊടുക്കാതെ നിനക്ക് വേണ്ടി.. നിന്റെ ഓർമ്മയിലാ അവൻ ഇത്രയും നാൾ തള്ളി നീക്കിയത്… ആ സ്നേഹം പവിത്രമാണ് മായ.. അതിനിയും നീ കണ്ടില്ലെന്ന് വെയ്ക്കരുത്……”
അടുത്ത് നിന്ന പാറുവിനെ കയ്യിൽ പിടിച്ച് തന്നിലേക്ക് ചേർത്ത് നിർത്തി അവൻ വീണ്ടും തുടർന്നു.
“ദേ.. ഇവളെ സുരക്ഷിതമായി നീ എന്റെ കയ്യിൽ ഏല്പിച്ചത് പോലെ.. എനിക്ക് നിന്നെ ഏൽപ്പിക്കാൻ ഏറ്റവും സുരക്ഷിതമായ കരങ്ങൾ ഇത് തന്നെയേ ഉള്ളു മായ… ഇവന്റെ കൈകളിൽ നീ മറ്റെവിടെത്തേക്കാളും സേഫ് ആയിരിക്കുമെന്ന് എനിക്കുറപ്പുണ്ട്…. നീ…
നീയിത് അംഗീകരിക്കണം… ഞാൻ പറഞ്ഞാൽ കേൾക്കില്ലേ നീ…. നീ പറഞ്ഞത് ഞാൻ കേട്ട പോലെ… മ്മ്….”
കണ്ണിൽ വാത്സല്യം നിറച്ചുള്ള ശിവയുടെ ചോദ്യത്തിൽ മായയുടെ കണ്ണുകളിൽ ആനന്ദം തിളങ്ങി. ഉവ്വെന്ന അർത്ഥത്തിൽ അവൾ അവനെ നോക്കി തല കുലുക്കി. അതു കണ്ടു മഹിയുടെയും പാറുവിന്റെയും ശിവയുടെയും മനസ്സും നിറഞ്ഞു.
“ഇനി നിനക്ക് മറ്റൊരു ഗിഫ്റ്റ് കൂടിയുണ്ട്….”
എന്തെന്ന അർത്ഥത്തിൽ മായ അവനെ നോക്കിയപ്പോൾ ശിവയും പാറുവും നേരെ നോക്കിയത് ആ കാറിലേക്കാണ്. അവരെ നോട്ടം മനസ്സിലാക്കിയ പോലെ ആ കാറിൽ നിന്നും സുനിതയും ഗോവിന്ദു ഇറങ്ങി. സുനിതയുടെ കൈകളിലപ്പോൾ ഒരു പിഞ്ചോമനയും ഭദ്രമായിരുന്നു. അതു കണ്ട മായയുടെ കണ്ണുകൾ വിടർന്നു. സന്തോഷത്തിന്റെ അലകൾ അവളുടെ കണ്ണുകളിൽ പെയ്തിറങ്ങി. ഓടിച്ചെന്ന് സുനിതയുടെ കയ്യിൽ നിന്നും ആ പിഞ്ചോമനയെ വാങ്ങി അവൾ ഒരു നിമിഷമൊന്ന് ആ കുഞ്ഞിനെ മൊത്തമായി കണ്ണോടിച്ചു. പെൺകുഞ്ഞാണ്. ശിവയുടെയും പാറുവിന്റെയും ചോര. ശരിക്കുമൊരു
കുഞ്ഞു പാറു തന്നെയായിരുന്നു അതു. ആ കുരുന്നിനെ നോക്കിയവൾ ഒലിച്ചിറങ്ങുന്ന കണ്ണു നീരോടെ… പെയ്തിറങ്ങുന്ന സന്തോഷ മഴയോടെ… ആ പിഞ്ചോമനയുടെ മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി. അപ്പോഴേക്കും ശിവയും പാറുവും മഹിയും അവരുടെ അടുത്തേക്ക് എത്തിയിരുന്നു.
“ദേ.. കൊച്ചിന്റെ പേരിടൽ പോലും നടത്തിയില്ല…ആ അവകാശം പോലും മായേച്ചിയ്ക്കുള്ളതാണെന്ന് പറഞ്ഞ് കാത്തിരിക്കുവായിരുന്നു നിന്റെ പാറു… ഇനി നീ വേണം ഇവൾക്കൊരു നല്ല പേരിടാൻ….”
ശിവ പറഞ്ഞത് കേട്ടപ്പോൾ അവനെയും പാറുവിനെയും അശ്രു മിഴിയോടെ…. സന്തോഷത്തിൽ ഒന്ന് നോക്കി മായ കുഞ്ഞിന് നേരെ തന്നെ തിരിഞ്ഞു. എന്നിട്ട് ആ ഓമന മുഖത്തേക്ക് നോക്കി പതിയെ പറഞ്ഞു.
“മിഴി… ആ പേര് മതി ഇവൾക്ക്….”
അവളിട്ട പേര് കേട്ട് ഇഷ്ട്ടമായ പോലെ ആ കുരുന്നൊന്ന് കുണുങ്ങി. അതു കണ്ട് ശിവയുടെയും പാറുവിന്റെയും മുഖവും തെളിഞ്ഞു. സന്തോഷത്തിന്റെ ചുടു നീര്
അവരുടെ കണ്ണുകളിലും അലയടിച്ചു. കുഞ്ഞിന്റെ കാതിനോട് ചേർന്ന് മൂന്നു വട്ടം മിഴിയെന്നോതി മായ ആ കുഞ്ഞു നെറ്റിയിൽ പതിയെയൊന്നു തന്റെ ചുണ്ട് ചേർത്തു. തങ്ങളുടെ എല്ലാം സങ്കടങ്ങളുടെയും നൊമ്പരങ്ങളുടെയും കണ്ണുനീർ അവരുടെ ഓരോരുത്തരുടെയും കണ്ണുകളിലൂടെ അവിടെയപ്പോൾ പെയ്തൊയൊഴിഞ്ഞു.
അവസാനിച്ചു.🍂

by