രചന – മിയ അവ
അയാൾ പിന്തുടരുന്നത് കണ്ട് മായ എങ്ങോട്ടെന്നില്ലാതെ കാർ അതി വേഗത്തിൽ പായിച്ചു. അവൾക്ക് പിന്നാലെ തന്നെ അയാളും തന്റെ ജീപ്പ് കത്തിച്ചു വിട്ടു. തൊട്ട് തൊട്ടില്ലന്ന കൂട്ട് തന്റെ പിന്നാലെ വരുന്നവനെ കണ്ട് അവൾക്ക് ഉള്ളിലെവിടെയോ ഭയം ഉരുണ്ടു കൂടാൻ തുടങ്ങി. ഒരു കൈ സ്റ്റിയറിങ്ങിൽ ഉറപ്പിച്ച് മറ്റേ കൈ കൊണ്ട് അവൾ ഫോൺ എടുത്തു ശിവയെ ഡയൽ ചെയ്തു. എന്നാൽ പാറുവിനെ വീട്ടിലും ഹോസ്പിറ്റലിലുമൊന്നും കാണാഞ്ഞുള്ള ടെൻഷനിൽ വിളിക്കുകയാവുമെന്നോർത്ത് ഫോണിലേക്ക് നോക്കി ഒരു കുസൃതി ചിരിയോടെ ശിവ ഫോൺ സൈലന്റ് ആക്കി പോക്കറ്റിലേക്ക് ഇട്ടു. എന്നിട്ട് അവിടെ വരുന്ന ഗസ്റ്റുകളെയൊക്കെ
സ്വീകരിച്ചു ഇരുത്താൻ തുടങ്ങി. കുറച്ചു നേരം ആരെയും വിളിച്ചു കിട്ടാതെയാവുമ്പോൾ അവൾ ഇങ്ങോട്ട് എത്തിക്കോളും എന്നായിരുന്നു ശിവയുടെ വിശ്വാസം.
“ഓഹ്.. ഷിറ്റ്.. ഈ മാക്രി ഇതെന്ത് കോൾ എടുക്കാതെ…”
നാലോ അഞ്ചോ തവണ വിളിച്ചിട്ടും അവൻ ഫോൺ എടുക്കാത്തത് കണ്ട് അവൾ ദേഷ്യത്തോടെ ഫോൺ സീറ്റിലേക്ക് ഇട്ടു. അയാളിൽ നിന്ന് രക്ഷ നേടാൻ സിറ്റി മുഴുവൻ ഓടിച്ചു പോകുമ്പോഴും മായയുടെ കണ്ണുകൾ അവിടെയൊക്കെ പാറുവിനെ തേടുന്നുണ്ടായിരുന്നു. അവിടെ എവിടെയെങ്കിലും അവൾ കാണുമോ എന്നാ പ്രതീക്ഷയിൽ. എന്നാൽ അപ്പുറം പാറുവും മായയുടെ വീട്ടുകാരെ പരിചയപ്പെടുന്നതിലും വരുന്നവർക്കെല്ലാം ജ്യൂസും മറ്റും സേർവ് ചെയ്യുന്നതിലുമൊക്കെയായി ബിസി ആയിപ്പോയിരുന്നു. എങ്കിലും അവളുടെ ഉള്ളിൽ ഒരു പിടപ്പ് തോന്നി തുടങ്ങിയിരുന്നു.
“ചേച്ചി പിന്നെ ഒന്ന് വിളിച്ചത് പോലും ഇല്ലല്ലോ… ഇവിടേക്ക് ഇത്രേം നേരമായിട്ടും കാണുന്നുമില്ല.. എന്നെ അന്വേഷിച്ച് ഉള്ള ഹോസ്പിറ്റലിൽ മുഴുവൻ കയറി
ഇറങ്ങുകയാവോ… ഒന്ന് തിരിച്ചു വിളിച്ചു നോക്കണോ. സർ വഴക്ക് പറയോ വിളിച്ചാൽ…”
ശിവയുടെ താക്കീത് ഓർത്ത് അവൾക്ക് ഭയം തോന്നിയെങ്കിലും അവർ എത്തി കുറച്ചേറെ നേരമായിട്ടും മായയെ അങ്ങോട്ട് കാണാഞ്ഞപ്പോ രണ്ടും കല്പ്പിച്ചു പാറു ശിവ കാണാതെ മായയെ വിളിക്കാൻ തീരുമാനിച്ചു.
സിറ്റിയിൽ നാല് റോഡുകൾ നാല് വഴിക്കായ് പിരിഞ്ഞു കിടക്കുന്ന ഒരിടത്ത് എത്താറായപ്പോഴായിരുന്നു മായയുടെ ഫോണിലേക്ക് പാറുവിന്റെ കോൾ എത്തുന്നത്.
“ഹാവൂ.. പാറു വിളിക്കുന്നു.. ഈ കൊച്ച് ഇത് എവിടെയായിരുന്നു ആവോ…”
മായ പാറുവിന്റെ കോൾ കണ്ട ആശ്വാസത്തിൽ ഫോൺ എടുക്കാൻ തുനിഞ്ഞപ്പോഴാണ് അവൾ വരുന്ന റോഡിന്റെ ഇരു സൈഡിലുള്ള റോഡുകളിൽ നിന്നും ഓരോ ജീപ്പുകൾ വരുന്നത് അവൾ ശ്രദ്ധിച്ചത്. കാഴ്ചയിൽ തന്നെ എന്തോ പന്തികേട് തോന്നിയത് കൊണ്ട് അവൾ പിന്നിലേക്ക് നോക്കി. പിന്നിൽ ഇപ്പോഴും വെട്ടു പോത്ത്
ഷാജിയുടെ ജീപ്പ് അവളെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോൾ ഈ രണ്ടു സൈഡിൽ നിന്നും വരുന്ന ജീപ്പുകളും അയാളുടെ തന്നെ ഗുണ്ടാ സംഘത്തിലെ ആളുകൾ ആണെന്ന് അവൾക്ക് മനസ്സിലായി. ഇരു സൈഡിൽ നിന്നുമുള്ള ജീപ്പുകൾ തന്നെ ബ്ലോക്ക് ചെയ്യുമെന്ന ഘട്ടത്തിൽ എത്തിയപ്പോൾ കയ്യിലെടുത്ത ഫോൺ അവിടെ തന്നെയിട്ട് അവൾ ഗിയർ മാറ്റി ആക്സിലേറ്ററിൽ അമർത്തി ചവിട്ടി. തന്നെ ആ ജംഗ്ഷനിലിട്ട് അവർ ബ്ലോക്ക് ചെയ്യും മുൻപേ അവൾ ആ ജീപ്പുകളെയെല്ലാം വെട്ടിച്ച് മുന്നിലേക്ക് കുതിച്ചു. പക്ഷെ അവളെ വെറുതെ വിടാൻ അവർക്ക് ഉദ്ദേശമില്ലായിരുന്നു. അതി വേഗത്തിൽ തന്നെ ആ മൂന്നു ജീപ്പുകളും അവളെ പിന്തുടർന്നു. ഒരു ജീപ്പിന് പകരം ഇപ്പോ മൂന്നു ജീപ്പ് ആളുകളാണ് തന്നെ പിന്തുടരുന്നതെന്നോർത്തപ്പോൾ എവിടെയൊക്കെയോ അവൾക്ക് അവളുടെ ധൈര്യം ചോർന്നു പോവുന്നത് പോലെ തോന്നി. കൈ കാലുകൾ വിറച്ച് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ അവൾ മുന്നിൽ കാണുന്ന വഴികളിലൂടെയെല്ലാം വണ്ടിയോടിച്ചു.
കുറെയേറെ നേരം എവിടേക്ക് ആണെന്നോ എങ്ങനെയാണെന്നോ അറിയാതെ അവൾ വണ്ടി ഓടിച്ചു കയറ്റിയത് ഒരു കുന്നിൻ ചെരുവിലേക്ക് ആയിരുന്നു. മുന്നിലേക്ക് ഇനി എത്ര ദൂരം വഴി ഉണ്ടെന്ന് പോലും ഓർക്കാതെ.. അറിയാതെ…അവൾ കാർ വേഗത്തിൽ തന്നെ പായിച്ചു കയറ്റി. ഒടുക്കം ആ കുന്നിന്റെ ഏറ്റവും ഉയരത്തിൽ എത്തിയപ്പോൾ മാത്രമാണ് താൻ എത്തിപ്പെട്ട സ്ഥലമേതാണെന്ന് അവൾക്കൊരു ധാരണ കിട്ടിയത്. അതോടെ താൻ അപകടത്തിൽ ആണെന്ന് അവൾക്ക് മനസ്സിലായി. കുറച്ചു കൂടി മുന്നോട്ടു പോയാൽ ഈ കുന്നിനപ്പുറം താഴോട്ട് ആഴത്തിലുള്ള കൊക്കയാണെന്ന് അവൾക്കറിയാം. എന്ത് ചെയ്യുമെന്ന് ഒരു പിടിയുമില്ലാതെ അവൾ ആകെ വിയർത്തു. പരിഭ്രാന്തിയിൽ മുന്നിൽ കണ്ട വഴികളിൽ കൂടിയൊക്കെ ഓടി കയറുമ്പോൾ ഒട്ടും ഓർത്തില്ല എത്തിപ്പെടുന്നത് ഇങ്ങനെയൊരു അപകടത്തിലേക്ക് ആവുമെന്ന്. അവൾ കുറച്ചു നേരം കണ്ണുകളടച്ചു. പിന്നെ എന്തും വരട്ടെന്ന് കരുതി ആ കുന്നിന്റെ അറ്റത്തേക്കായി കാർ സഡൺ ബ്രേക്കിട്ട് നിർത്തി. ഒരു നിമിഷം ആ സ്റ്റിയറിങ്ങിൽ തല വെച്ച് അവൾ കിടന്നു. അപ്പോഴേക്കും അവൾക്ക് പിന്നാലെ ആ മൂന്നു ജീപ്പും അവിടെ എത്തിയിരുന്നു. ഇനി അവരുടെ പിടിയിൽ നിന്നും തനിക്ക് രക്ഷയില്ലെന്ന് ഏതാണ്ട് അവൾക്ക് ഉറപ്പായിരുന്നു. എങ്കിലും
അവസാന ആശ്രയമെന്ന പോലെ അവൾ ഫോൺ എടുത്തു വീണ്ടും ശിവയുടെ നമ്പർ ഡയൽ ചെയ്തു. എന്നാൽ റിങ് ചെയ്യാൻ തുടങ്ങുന്നതിനു മുൻപേ തന്നെ വെട്ടു പോത്ത് ഷാജിയും അവന്റെ കൂട്ടാളികളും അവളുടെ കാറിന് ചുറ്റും എത്തിയിരുന്നു. അവരെ മുന്നിൽ കണ്ട് അവൾ പെട്ടന്ന് തന്നെ ഫോൺ കട്ട് ചെയ്യാതെ താഴേക്ക് ഇട്ടു. ഷാജി ഡ്രൈവിംഗ് സീറ്റിന്റെ അടുത്ത് വന്നു ഡോർ പിടിച്ചു വലിക്കാൻ തുടങ്ങി.
“ഡോർ തുറക്കെടി.. ഇനി നീ എവിടേക്ക് ഓടിച്ചു പോവുമെന്ന് എനിക്കൊന്നു കാണണം..മര്യാദയ്ക്ക് ഡോർ തുറക്കെടി…”
അവർ എത്ര ശ്രമിച്ചിട്ടും അവൾ ഡോർ തുറക്കുന്നില്ലെന്ന് കണ്ട് അവൻ അടുത്തുള്ള ഒരു വലിയ കല്ലിന്റെ കഷ്ണമെടുത്ത് കാറിന്റെ ചില്ല് നോക്കി തന്നെ എറിഞ്ഞു. ആ ഗ്ലാസ് പൊട്ടി ചിതറി ചീളുകൾ മായയുടെ മുഖത്തേക്കും തെറിച്ചു.
ഈ സമയം വരേണ്ട സമയം ഏറെ കഴിഞ്ഞിട്ടും അവളെ കാണാത്തത്തിൽ എവിടെ പോയെന്ന് ചിന്തിച്ചപ്പോഴാണ് ഫോൺ സൈലന്റിൽ ഇട്ട കാര്യം ശിവ ഓർത്തത്. പെട്ടന്ന് തന്നെ പോക്കറ്റിൽ
നിന്ന് ഫോൺ എടുത്തു നോക്കിയപ്പോഴാണ് കറക്റ്റ് ടൈമിൽ മായയുടെ കോൾ അതിലേക്ക് വന്നത്.
“ഹോ.. ഈ കുരിപ്പ് ഇപ്പോഴും അവിടെ ഫോൺ വിളിച്ചു കൊണ്ടിരിക്കുകയാണോ.. അവിടെയൊന്നും അവളെ കണ്ടില്ലെങ്കിൽ ഇങ്ങോട്ട് തിരിച്ചു വരാനുള്ള ബുദ്ധി പോലും ഇല്ലേ ഇവൾക്ക്…ഹാ ഇനിയിപ്പോ ഏതായാലും ഫോൺ എടുത്തു അവളെ പിന്നെ തപ്പാം ഇങ്ങോട്ട് വായെന്ന് പറഞ്ഞേക്കാം…”
മനസ്സിൽ ഓർത്തു കൊണ്ട് ശിവ കോൾ അറ്റൻഡ് ചെയ്തു.
“ഹേയ്.. നോ.. എന്നെ വിട്.. വിടാനാ പറഞ്ഞെ…”
“നീയെന്റെ പെണ്ണിനെ എന്നിൽ നിന്നും അകറ്റും അല്ലേടി.. അവളെ കണ്ടവന് കെട്ടിച്ചു കൊടുക്കും അല്ലേ… ശരിയാക്കി തരാം നിന്നെ ഞാൻ….”
മായയുടെയും ഷാജിയുടെയും മല്പിടിത്തത്തിനിടയിലുള്ള സംഭാക്ഷണ ശകലങ്ങളാണ് കോൾ എടുത്തപ്പോൾ ശിവയുടെ കാതിൽ എത്തിയത്.
“ഹേയ്.. മായ.. വാട്ട് ഹാപ്പെൻഡ്…താൻ എവിടെയാ…ആരാ കൂടെ… എന്താ സംഭവിക്കുന്നത്…മായ.. കേൾക്കുന്നുണ്ടോ നീ… ”
ശിവ ചോദിക്കുന്നതിനൊന്നും മറു തലയ്ക്കൽ മറുപടിയില്ലായിരുന്നു. എന്തൊക്കെയോ ബഹളങ്ങളും അവ്യക്തമായ സംസാരങ്ങളും മാത്രം. നിവൃത്തി കെട്ട് അവൻ ഫോൺ കട്ട് ചെയ്തു. മായ എന്തോ അപകടത്തിലാണെന്ന് മാത്രം അവന് മനസ്സിലായി. എന്ത് ചെയ്യണമെന്ന് അവന് ഒരു പിടിയും കിട്ടിയില്ല.തലമുടിയെല്ലാം പിടിച്ചു വലിച്ച് അവൻ തല പുകച്ചു. പെട്ടന്ന് എന്തോ ഓർത്ത പോലെ പുറത്തേക്ക് പോവാൻ തുനിഞ്ഞപ്പോഴാണ് പിന്നിൽ നിന്നും പാറു വിളിച്ചത്.
“സർ.. മായേച്ചി ഇത് വരെ എത്തിയില്ലല്ലോ.. വിളിച്ചിട്ടും എടുത്തില്ല … ചേച്ചി എന്താ വരാതെ സർ…”
“എനിക്കറിയില്ല പാർവതി.. അവൾക്ക്… അവൾക്കെന്തോ അപകടം പറ്റിയിട്ടുണ്ട്….”.
പറയുമ്പോൾ അവന്റെ ശബ്ദം ചിലമ്പിച്ചിരുന്നു.
“അപകടോ..എന്ത്.. എന്താ സർ ചേച്ചിയ്ക്ക് പറ്റിയത്…”
“അറിയില്ലടോ.. അവിടെ…അവളുടെ കൂടെ ആരൊക്കെയോ ഉണ്ട്…ആരോ അവളെ അപകടപ്പെടുത്തിയിരിക്കുകയാണ്…”
“അപകടപ്പെടുത്തിയെന്നോ.. ആര്.. ആരാ സർ ചേച്ചിയെ അപകടപ്പെടുത്തിയത്….”
“എനിക്കൊന്നും അറിയില്ല പാർവതി….ഒന്നും വ്യക്തമാവുന്നില്ല… ഫോണിൽ കൂടി അവ്യെക്തമായി മാത്രം എന്തൊക്കെയോ കേട്ടു…അവന്റെ പെണ്ണെന്നോ.. കെട്ടിക്കുമെന്നോ കൊല്ലുമെന്നോ എന്തൊക്കെയോ… ഒരു പിടിയും ഇല്ല…ഞാനൊന്ന്…..”
ശിവ പറഞ്ഞു മുഴുമിപ്പിക്കും മുൻപേ അത് കേട്ട് പാറു ഞെട്ടിപ്പോയിരുന്നു.
“ഓഹ് ഗോഡ്..അപ്പൊ അയാളാണോ.. അയാളാണോ ചേച്ചിയെ….”
“വാട്ട്.. അയാളോ…ആരാ..ഏതയാൾ…”
“അത്.. സർ.. അത് പിന്നെ.. അയാൾ.. എന്റെ.. എന്റെ….”
ശിവയുടെ ചോദ്യത്തിൽ പാറുവൊന്ന് വിറച്ചുവെങ്കിലും വിക്കി വിക്കി ഷാജിയെ കുറിച്ചും അന്ന് തന്റെ പേരിൽ അവനും മായയും തമ്മിൽ ഉണ്ടായ വഴക്കുമെല്ലാം പാറു ശിവയോട് പറഞ്ഞു.
“ഓഹ് ഷിറ്റ്…. ഹൌ നോൺ സെൻസൻസ്… ഇങ്ങനെയൊക്കെ ഉണ്ടായിട്ട് ഇപ്പോഴാണോ എല്ലാം പറയുന്നേ… മൈ ഗോഡ്… എന്റെ മായ…”
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ സമനില തെറ്റിയവനെ പോലെയായിരുന്നു ശിവ. സിറ്റിയിലെ തന്നെ പേരെടുത്ത ക്രിമിനലാണ് ആ വെട്ടു പോത്ത് ഷാജിയെന്ന് പലരും പറഞ്ഞു അവൻ കേട്ടിട്ടുണ്ട്. വലിയൊരു അപകടത്തിലേക്കാണ് തന്റെ മായ എത്തിപ്പെട്ടതെന്ന് ഓർത്തപ്പോൾ അവനാകെ തല കറങ്ങുന്നത് പോലെ തോന്നി. എത്രയും പെട്ടന്ന് എന്തെങ്കിലും ചെയ്തില്ലെങ്കിൽ മായയുടെ ജീവൻ തന്നെ അപകടത്തിലാവുമെന്ന് അവനോർത്തു. പിന്നെ ഒന്നും ചിന്തിക്കാതെ.. ആരോടും ഒന്നും പറയാതെ അവൻ കാറും എടുത്തു ഇറങ്ങി. പോലീസ് സ്റ്റേഷൻ ആയിരുന്നു ലക്ഷ്യം. പോകുന്ന വഴിയിൽ ഇങ്ങനെയൊരു സർപ്രൈസ് പ്ലാൻ ചെയ്ത
നിമിഷത്തെയോർത്ത് അവൻ സ്വയം പഴിച്ചു. മായയെ കുറിച്ചോർക്കും തോറും അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ചാലിട്ടോഴുകി.
ഈ സമയമത്രയും ആ ഗുണ്ടാ സംഘത്തിന്റെ മല്പിടിത്തത്തിൽ കിടന്നു പിടയ്ക്കുകയായിരുന്നു മായ. വന്നവന്മാർ എല്ലാരും വട്ടം നിന്ന് മായയുടെ മുടിയിൽ പിടിച്ച് ഓരോരുത്തരുടെ കൈകളിലേക്കായി അവളെ അങ്ങോട്ടും ഇങ്ങോട്ടും ആഞ്ഞു തള്ളി വിടുമ്പോൾ നന്നായി തല ചുറ്റുന്നുണ്ടായിരുന്നു അവൾക്ക്. ഒടുവിൽ ഷാജിയുടെ കയ്യിൽ തന്നെ മായ എത്തിയപ്പോൾ അവൻ അവളുടെ മുടിയിൽ തെരു പിടിച്ച് മറു കൈ കൊണ്ട് മുഖത്തേക്ക് വീശി അടിച്ചു കൊണ്ടിരുന്നു.
“മര്യാദയിൽ ഞാൻ പറഞ്ഞതല്ലെടി അവൾ എന്റെയാണെന്ന്… അത് കേൾക്കാതെ വീണ്ടും അവന്റെ കൂടെ കറങ്ങാൻ വിട്ടതല്ലേ നീ അവളെ…. അവൾ ഈ ഷാജിയ്ക്കുള്ളതാ… അങ്ങനെ വിട്ടു തരില്ലെടി ഞാനവളെ…”
മറുപടി പോലും പറയാൻ ആവാത്ത വിധം അശക്തയായിരുന്നു മായ അപ്പോഴേക്കും. തുടരെ തുടരെയുള്ള അടിയിൽ ബലമറ്റു
അവൾ അയാളുടെ കൈപ്പിടിയിലൂടെ താഴേക്ക് ഊർന്ന് വീണു. ഷാജി അവളെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ആ കുന്നിൻ ചെരുവിന്റെ ഏറ്റവും അറ്റത്ത് എത്തിച്ചു. എന്നിട്ട് താഴ്ന്നു നിന്ന് അവളുടെ തല കൈ കൊണ്ട് പൊക്കി താഴേക്ക് കാണിച്ചു കൊടുത്തു.
“കണ്ടോടി.. അറ്റമില്ലാത്ത കൊക്കയാ.. ഇപ്പോ ഒരു തട്ട് തട്ടിയാൽ നീ ഈ കൊക്കയിൽ വീണ് ഒടുങ്ങി തീരും… പക്ഷെ ഞാൻ അത് ചെയ്യുന്നില്ല… കാരണം എനിക്ക് വേണ്ടത് അവനെയാ…എന്റെ പെണ്ണിനെ കൊണ്ട് നാട് ചുറ്റുന്നവനെ…പിന്നെ ഇത് നിനക്കുള്ള ഒരു താക്കീതാ… ഇനി മേലാൽ എന്റെ പെണ്ണിനെ മറ്റു വല്ലവർക്കും കൊടുക്കാനുള്ള ചിന്ത പോലും നിന്റെ മനസ്സിൽ ഉണ്ടാവരുത്… കേട്ടോടി… ഡാഷ് മോളെ….”
അത്രയും പറഞ്ഞ് കാല് കൊണ്ട് അവൾക്കൊരു തട്ടും കൊടുത്ത് അവന്മാരെല്ലാം അവിടുന്ന് ജീപ്പുമായി പോയി. കുറച്ചു നേരം അനങ്ങാതെ അവിടെ തന്നെ അങ്ങനെ കിടന്നെങ്കിലും താൻ എവിടെയാണെന്ന് പോലും അറിയാതെ ആർക്കും തന്നെ ഇവിടെ വന്നു രക്ഷിക്കാൻ കഴിയില്ലെന്ന്
തോന്നിയതോണ്ട് മായ അവിടെ നിന്നും പതിയെ നീങ്ങിയും നിരങ്ങിയും എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി. പക്ഷെ അവളുടെ കയ്യും കാലുകളുമൊക്കെ അത്രയ്ക്കും തളർന്നു പോയിരുന്നു. അവളൊന്നു മുകളിലേക്ക് ഏന്തി നോക്കി. തന്റെ തല കിടക്കുന്നത് കൊക്കയുടെ അറ്റത്തു ആയിട്ടാണ്. ഒരിഞ്ച് തെന്നിയാൽ താൻ താഴെയാണെന്ന് അവൾക്ക് മനസ്സിലായി. എന്നാലും കൈയൊന്ന് എത്തിച്ചു നോക്കിയപ്പോൾ കൊക്കയിലേക്ക് താഴ്ന്നു കിടക്കുന്ന ഒരു കുറ്റിച്ചെടിയിൽ അവൾക്കൊരു പിടിത്തം കിട്ടി. അതിൽ ബലം കൊടുത്ത് അവളൊന്നു എഴുന്നേൽക്കാൻ നോക്കി. ഒരു വിധത്തിൽ തല പൊക്കി എഴുന്നേറ്റിരുന്നു. അല്പം ആശ്വാസം തോന്നിയവൾക്ക് അങ്ങനെ ഇരുന്നപ്പോൾ. ശ്വാസമൊന്ന് അയച്ച് അവൾ പതുക്കെ ആ ചെടിയിലുള്ള പിടിത്തം വിട്ട് എഴുന്നേറ്റ് നിൽക്കാൻ നോക്കിയതും ഹീൽസുള്ള ചെരുപ്പ് ആയതിനാൽ അടുത്തുള്ള ഉരുളൻ കല്ലുകളിൽ ഏതിലോ ഒന്നിൽ തടഞ്ഞ് അവളുടെ കാലൊന്ന് പതക്കം മറിഞ്ഞു പോയി. പ്രതീക്ഷിക്കാതെയുള്ള ആ പിടച്ചിലിൽ പെട്ടന്ന് ബാലൻസ് തെറ്റി അവൾ പുറകിലേക്ക് മറിഞ്ഞു.
“അമ്മാആാാ……”
ആഴമളക്കാൻ പറ്റാത്ത വിധം താഴ്ച്ചയുള്ള ആ കൊക്കയിലേക്ക് താഴ്ന്നു പോവുന്നതിനനുസരിച്ച് അവളുടെയാ അവസാന നിലവിളി ശബ്ദവും അവിടുത്തെ വായുവിൽ ചേർന്ന് നേർത്ത് നേർത്ത് വന്നു.
(തുടരും )

by