രചന – മിയ അവ
“വീട്ടിലോട്ട് പോകണോ ശിവ.. മൈൻഡ് ഓക്കേ അല്ലെങ്കിൽ ഇന്നും കൂടി….”
“ഏയ്.. വേണ്ട ഗൗതം… ഇന്ന് നിന്റെ വൈഫും മക്കളും വീട്ടിൽ നിന്ന് വരില്ലേ… അവരൊന്നും എന്റെയീ ഗതിക്കെട്ട ജീവിത കഥ അറിയണ്ട… എന്നെ നീ വീട്ടിൽ വിട്ടേക്ക്.. എന്റെ കാർ ഞാൻ നാളെ വന്നു എടുത്തോളാം….”
“മ്മ് ഓക്കേ ടാ….”
ശിവയെ കണിയോത്ത് വീടിന്റെ പടിക്കലിറക്കി ഗൗതം തിരിച്ചു പോയി. അലസമായിരുന്നു ശിവയുടെ മനസ്സ്. മണ്ണിൽ പതിയുന്ന കാലടികളുടെ താള ഗതി പോലും അവനറിഞ്ഞില്ല. ഉമ്മറ കോലായി കടന്ന് ഉള്ളിലേക്ക് കടക്കുമ്പോൾ ഒരു നിഴൽ പോലെന്തോ കണ്ണിൽ തടഞ്ഞൊരു തോന്നലിൽ അവൻ മെല്ലെ തല ചരിച്ചു നോക്കി. സൈഡിലെ ചാരു കസേരയിൽ ചാരി കിടക്കുകയാണ് തന്റെ അച്ചാച്ചൻ. ശരിയാണ് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു ഇങ്ങനെയും ചില ജന്മങ്ങൾ ഇവിടെയുണ്ടെന്ന് കൂടി ഓർത്തിട്ട്. മനസ്സ് കല്ലായി പോയ കുറെയേറെ ദിനങ്ങൾ. വല്ലാത്തൊരു വല്ലായ്മ തോന്നിയവന്. എങ്കിലും മയങ്ങി കിടക്കുന്ന അച്ചാച്ചനെ തട്ടിയുണർത്താതെ അവൻ ഉള്ളിലേക്ക് കടന്നു.ഹാളിന്റെ ചെരുവിൽ നിന്ന് അവൻ വീടിന്റെ ഉള്ളോന്നാകെയൊന്ന് കണ്ണോടിച്ചു. ആ വീട് പോലും തന്നോട് പരിഭവം പറയുന്ന പോലെ. ഇത്രയും നാളും തന്നെയല്ലാതെ മറ്റാരെയും താൻ കണ്ടിരുന്നില്ലെന്ന് തിരിച്ചറിയുകയായിരുന്നു അവനാ നിമിഷം. ഹൃദയഭാരം കൂടുന്നത് പോലെ തോന്നിയപ്പോൾ കാലുകൾ ചലിച്ചത് ഹാളിന്റെ അങ്ങേ അറ്റത്തുള്ള അച്ഛമ്മയുടെയും അച്ഛാച്ചന്റെയും മുറിയിലേക്കാണ്. അവിടെ ബെഡിൽ അച്ഛമ്മ കിടക്കുന്നുണ്ട്. തന്റെ ഓരോ തമാശകളിൽ തലയൊന്നാകെ കുലുങ്ങി ചിരിക്കുന്ന അച്ഛമ്മയുടെ മുഖം മനസ്സിലൊരു മിന്നായം പോലെ കടന്നു പോയി. തന്റെ ഭാഗം ചേർന്ന് അച്ചാച്ചനെ
ഓരോന്ന് പറഞ്ഞ് ചൊടി പിടിപ്പിക്കാൻ നോക്കുന്ന.. മുത്തശ്ശൻ ദേഷ്യപ്പെടുമ്പോൾ പിണക്കം നടിച്ച് മാറിയിരിക്കുന്ന അച്ഛമ്മ.. അത് കണ്ട് അച്ഛമ്മയെ ചിരിപ്പിക്കാൻ എന്നെ കൂട്ട് വിളിക്കുന്ന അച്ചാച്ചൻ…ഈ വീടിനെ അലയടിപ്പിച്ച സായാഹ്നങ്ങളിലെ ആ കളി ചിരികൾ പോലും മാഞ്ഞു പോയത് താൻ കാരണമാണോയെന്ന് ഓർത്തപ്പോൾ അറിയാതെ തന്നെ ആ വൃദ്ധയുടെ കാൽക്കലേക്ക് മുഖമമർത്തി പോയവൻ. കാലിൽ നനവ് പടർന്നപ്പോൾ ഉറക്കത്തിലായിരുന്ന സരസ്വതിയമ്മ പെട്ടെന്ന് ഉണർന്നു പോയി. തന്റെ കാലിൽ വീണു കരയുന്ന ശിവയെ കണ്ട് ആ നെഞ്ചോന്ന് ആളി.
“കുഞ്ഞാ… എന്താടാ.. അച്ഛമ്മേടെ കുഞ്ഞ് കരയുവാണോ… എണീക്കേടാ മക്കളെ.. അച്ഛമ്മ നോക്കട്ടെ.. ഇങ്ങ് വാ….”
കൈ കൊണ്ട് തലയിൽ തലോടാൻ അച്ഛമ്മ ഏന്തി വലിയുന്നത് കണ്ടപ്പോൾ അവൻ എഴുന്നേറ്റ് ചെന്ന് ബെഡിലേക്ക് കയറി അച്ഛമ്മയുടെ മടിയിലേക്ക് തല വെച്ച് കിടന്നു. അത്രയും മനസ്സ് അസ്വസ്ഥമാവുമ്പോൾ മാത്രമേ അവന്റെ കണ്ണ് നിറയുള്ളുവെന്ന് സരസ്വതിയമ്മയ്ക്കും അറിയായിരുന്നു. ചോദ്യങ്ങൾ കൊണ്ട് മൂടാതെ
നെറുകയിലൊരു മുത്തം കൊടുത്ത് അവർ പതിയെ അവന്റെ തലമുടിയിൽ വിരലുകളോടിച്ചു കൊണ്ടിരുന്നു.
അൽപ്പമൊന്ന് ആശ്വാസം തോന്നിയപ്പോൾ ഫ്രഷ് ആയിട്ട് വരാമെന്ന് പറഞ്ഞ് അവൻ മുകളിലെ തന്റെ മുറിയിലേക്ക് പോയി. ഡോറിന്റെ അടുത്തെത്തിയപ്പോൾ പതിവില്ലാതെ എന്തിനോ കണ്ണുകൾ അടുത്ത് അടഞ്ഞു കിടക്കുന്ന മുറിയിലേക്ക് നീണ്ടു. അടുത്ത നിമിഷം തന്നെ നോട്ടം പിൻവലിച്ചു അവൻ ഉള്ളിലേക്ക് ചെന്ന് ടവൽ എടുത്തു ഫ്രഷ് ആവാൻ പോയി.
ഉച്ചിയിലേക്ക് വീഴുന്ന തണുത്ത വെള്ളത്തിൽ അവന്റെ മനസ്സും ഒന്ന് തണുത്തു.
റെഡിയായി താഴേക്കു ചെന്നപ്പോൾ ശ്രീദേവി ധൃതിയിൽ അവനുള്ള ഭക്ഷണമെല്ലാം ടേബിളിൽ എടുത്തു വെയ്ക്കുന്ന തിരക്കിലായിരുന്നു. ഒരു കാലം വരെ പല കുരുത്തക്കേടുകൾക്കും അമ്മ വഴക്ക് പറയോന്ന് പേടിച്ചു നിന്നിരുന്ന അവസ്ഥയിൽ നിന്ന് മാറി ഇന്ന് തന്റെയടുത്തുന്ന് വഴക്ക് കേൾക്കോന്നുള്ള പേടിയിൽ തിരക്ക് കാണിക്കുന്ന അമ്മയെ കണ്ടപ്പോൾ അവന് അവനോട് തന്നെ അവജ്ഞ തോന്നി.
“ഹാ.. മോനെ എല്ലാം എടുത്തു വെച്ചിട്ടുണ്ട്..വാ വന്നു കഴിക്ക്….”
ശ്രീദേവിയുടെ വിളിയിൽ നിന്ന നിൽപ്പിൽ നിന്നും ശിവ ഒരു പുഞ്ചിരിയോടെ താഴെക്കിറങ്ങി വന്ന് ടേബിളിലേക്ക് നോക്കി. വൈകുന്നേരത്തെ ചായയ്ക്ക് വേണ്ടിയുണ്ടാക്കിയ പലഹാരങ്ങളാണ്. പഴം പൊരിയും ഉണ്ണിയപ്പവുമെല്ലാമുണ്ട്.
“ഇന്നെന്താ അമ്മേ.. സ്പെഷ്യൽ പലഹാരങ്ങളൊക്കെയാണല്ലോ…”
“മ്മ്.. എന്റെ മോനിന്നലെ ഒന്നും കഴിക്കാതെയല്ലേ ഇവിടുന്ന് ഇറങ്ങി പോയത്.. അതോണ്ട് ഇന്ന് മോൻ വരുമ്പോഴേക്കും ഇഷ്ട്ടപ്പെട്ടതൊക്കെ ഉണ്ടാക്കി വെയ്ക്കുവായിരുന്നു അമ്മ….”
അവന് വല്ലാത്ത കുറ്റബോധം തോന്നി. ഇത്രയും ദിവസം സ്വയം മറന്നു പോയതിന്.
എങ്കിലും വാക്കുകളൊന്നും പുറത്തേക്ക് വന്നില്ല. അല്ലെങ്കിലും പണ്ടേ അവൻ ആരുടേയും മുന്നിൽ മനസ്സ് തുറക്കുന്നവനല്ല.. ഉള്ളിലെ എല്ലാം ഭാരവും അവൻ ഇറക്കി വെക്കാറ് മായയിൽ മാത്രമായിരുന്നു. ഏറ്റു പറച്ചിലുകളെ ഒരു പുഞ്ചിരിയിൽ കലർത്തി അവൻ ശ്രീദേവിയെ നോക്കി. ആ മനസ്സറിഞ്ഞ
പോലെ ശ്രീദേവി അവന്റെ നെറുകയിലേക്കൊരു ചെറു ചൂട് പകർന്ന് ജാനകിയുടെ വിളി കേട്ടപ്പോൾ അടുക്കളയിലേക്ക് പോയി.
ചൂടുള്ള പഴം പൊരി കുറച്ചധികം കഴിച്ചു അവൻ. അവിടേക്ക് ആരെയും കാണാഞ്ഞപ്പോ ബാക്കി വന്ന പഴം പൊരി പാത്രത്തോടെ തന്നെ എടുത്തു അടുക്കളയിലേക്ക് വെയ്ക്കാൻ പോയപ്പോഴാണ് ജാനകിയിൽ നിന്നും അവനത് കേട്ടത്.
“പാറു കുഞ്ഞ് മുത്തശ്ശിയെ കാണാൻ പോയിട്ട് ഇനിയും വന്നില്ലല്ലോ ശ്രീദേവി ചേച്ചി…നേരം ഇത്തിരി ആയില്ലേ….”
“ഹാ.. അത് നിന്നോട് പറയാൻ മറന്നു.. അവൾ വിളിച്ചിരുന്നു.. ഇന്നൊരു ദിവസം മുത്തശ്ശിയ്ക്കൊപ്പം അവിടെ നിൽക്കുവാണെന്ന് പറഞ്ഞു.. അവരുടെ മക്കൾ പുതിയൊരു ഹോം നഴ്സിനെ വെച്ചിട്ടുണ്ടല്ലോ അവിടെ.. ആ കുട്ടി നാട്ടിൽ പോയിരിക്കുവാത്രേ.. നാളെ ഉച്ച തിരിഞ്ഞേ എത്തുള്ളു… അവൾ വന്നാൽ പാറു ഇങ്ങ് എത്തിക്കോളും…”
“ആഹാ… വെറുതെയല്ല അപ്പൊ സരസ്വതിയമ്മ എന്തോ ക്ഷീണമെന്ന്
പറഞ്ഞ് നേരത്തെ മുറിയിൽ പോയി കിടന്നത്.. പാറു കുഞ്ഞ് ഇല്ലാത്തതിന്റെ വിഷമം ആവും ല്ലേ…”
“അത് പിന്നെ ചോദിക്കാനുണ്ടോ… അമ്മ മാത്രമല്ല.. ഉമ്മറകോലായിൽ ദേ ഒരാൾ അട്ടം നോക്കി കിടക്കുന്നു… അച്ഛനും അവൾ ഇല്ലാത്തതിന്റെ നല്ല വിഷമം ഉണ്ട്….”
“അത് കാണുമല്ലോ.. പാറു കുഞ്ഞ് ഉണ്ടെങ്കിൽ ഇപ്പോ മൂന്നാളും കൂടി ഉമ്മറത്തിരുന്ന് സൊറ പറഞ്ഞു ചിരിക്കുന്ന സമയല്ലേ…”
“അതെ.. അവരോരു കൂട്ടാണല്ലോ…”
“മ്മ് സ്നേഹം ഉള്ള കുട്ടിയാ അത്.. പാവം.. ദൈവം അതിന് നല്ലത് വരുത്തട്ടെ….”
“മ്മ്…”
വെറുതെയൊന്ന് മൂളി ശ്രീദേവിയും പ്രാർത്ഥനയോടെ നെഞ്ചിൽ കൈ വെച്ചു. ആ സമയം എവിടെ നിന്നോ പാറി വന്നൊരു മാട പ്രാവ് മുറ്റത്തിന്റെ അങ്ങേ അറ്റത്തു….പാറുവിന്റെ മുറിയോട് ചേർന്ന് പടർന്ന് പന്തലിച്ചു നിൽക്കുന്ന മൂവാണ്ടൻ മാവിന്റെ ചില്ലകളിലൊന്നിൽ ഇരുന്നു ആ
മുറിയിലെ തുറന്നിട്ട ജനൽ പാളിയിലൂടെ ഉള്ളിലെ ചില്ലലമാരയിൽ ഇരിക്കുന്ന കള്ള കൃഷ്ണനെ നോക്കിയൊന്ന് കണ്ണ് ചിമ്മി.
“എന്നാ പിന്നെ ഞാനും ഇറങ്ങട്ടെ ചേച്ചി.. പാറു കുഞ്ഞ് വന്നിട്ട് പോവാന്ന് കരുതി നിക്കുവായിരുന്നു… ഇനിപ്പോ കുഞ്ഞിനെ കാക്കണ്ടല്ലോ…ഞാൻ പോയിട്ട് കാലത്ത് വരാം…”
“ആ ജാനു.. നീ പൊയ്ക്കോ… നേരം വൈകണ്ട…”
ജാനകിയെ നോക്കി അവൾക്ക് പിന്നാലെ ശ്രീദേവിയും പിന്നാമ്പുറത്തേക്ക് ഇറങ്ങിയപ്പോൾ ശിവ വേഗം അവർക്ക് മുഖം കൊടുക്കാതെ കയ്യിലുള്ള പാത്രം അടുക്കളയിലെ തിണ്ണയിലേക്ക് വെച്ച് മുറിയിലേക്ക് പോയി.
രാത്രി അന്ന് ശിവ എല്ലാർക്കുമൊപ്പം അത്താഴത്തിനിരുന്നു. അതിന്റെ സന്തോഷം എല്ലാവരിലും ഉണ്ടായിരുന്നെങ്കിലും പാർവതി ഇല്ലാത്തതിന്റെ ദുഃഖം അച്ഛമ്മയെയും അച്ഛാച്ചനെയും കുറച്ചൊക്കെ അമ്മയെയും ഇപ്പോഴും അലട്ടുന്നുണ്ടെന്നത് ഭക്ഷണം കഴിക്കുന്നതിനിടയിലും അവൻ ശ്രദ്ധിച്ചു.
പിന്നെ കൈ കഴുകി എഴുന്നേറ്റ് മുകളിൽ പോയി കിടന്നു. ബെഡിൽ മയങ്ങാൻ കിടന്നപ്പോഴും മനസ്സ് മുഴുവൻ മായ പറഞ്ഞ വാക്കുകൾ ആയിരുന്നു. അതിങ്ങനെ ഓർക്കും തോറും ഉള്ളു കീറി ചോര പൊടിയുന്നുണ്ടായിരുന്നു. രാത്രിയുടെ ഏതോ യാമത്തിൽ ഒടുവിൽ അവന്റെ മനസ്സും നിദ്രയെ പുൽകി.
പിറ്റേന്ന് നെറ്റിത്തടത്തിൽ ആരുടെയോ കൈത്തടം പതിയും പോലെ തോന്നിയപ്പോഴാണ് അവൻ കണ്ണ് തുറന്നത്. നോക്കിയപ്പോൾ ശ്രീദേവിയാണ്.
“നന്നായി പനിക്കുന്നുണ്ടല്ലോ മോനെ…അമ്മ നമ്മുടെ ഫാമിലി ഡോക്ടറോട് ഒന്ന് ഇവിടെ വരെ വരാൻ പറഞ്ഞാലോ…”
“ഏയ്.. അതിന്റെയൊന്നും ആവിശ്യമില്ല അമ്മേ. അത് കുറച്ചു കിടന്നാൽ മാറിക്കോളും..”
“മ്മ്.. എന്നാൽ അമ്മേടെ മുറിയിലൊരു ബാം ഉണ്ട്.. അത് പുരട്ടി കിടക്ക്.. നല്ല ആശ്വാസം കിട്ടും… അമ്മ എടുത്തിട്ട് വരാം…”
“അമ്മേ….”
പിന്നിൽ നിന്നുള്ള വിളി കേട്ട് ശ്രീദേവി തിരിഞ്ഞു.
“അമ്മ അതെടുത്ത് അച്ഛമ്മേടെ മുറിയിലേക്ക് വാ.. ഞാൻ അവിടെയുണ്ടാവും…”
“മ്മ്.. ശരി മോനെ…”
അവനെയൊന്ന് നോക്കി ചിരിച്ച് ശ്രീദേവി താഴേക്ക് പോയപ്പോൾ അവനും തന്റെ ബ്ലാങ്കറ്റ് എടുത്തു സരസ്വതിയമ്മയുടെ മുറിയിലേക്ക് പോയി.
ശ്രീദേവി ബാമും കൊണ്ട് അവിടെയെത്തുമ്പോൾ അച്ഛമ്മയുടെ മടിയിൽ തല വെച്ച് സുഖമായിട്ട് കിടക്കുകയാണ് ശിവ. എന്തോ ആ കാഴ്ച കണ്ടപ്പോൾ അവരുടെ ഉള്ള് നിറഞ്ഞു. നിറഞ്ഞൊന്ന് ചിരിച്ച് ബാം സരസ്വതിയമ്മയുടെ കയ്യിൽ കൊടുത്ത് അച്ഛമ്മയെയും കൊച്ചു മകനെയും അവരുടെ ലോകത്തിൽ വിട്ട് ശ്രീദേവി പുറത്തേക്ക് പോയി.
സരസ്വതിയമ്മ അൽപ്പം ബാം എടുത്തു അവന്റെ നെറ്റിയിൽ പുരട്ടുമ്പോൾ കണ്ടു ആ കൺകോണിലൂടെ അരിച്ചിറങ്ങുന്ന കണ്ണുനീർ. വേദനകളെല്ലാം ഉള്ളിലൊതുക്കി
പുറത്തു ചിരിച്ചു കാണിക്കാൻ പാട് പെടുകയാണ് അവനെന്ന് അവർക്ക് മനസ്സിലായി. ബാം പുരട്ടി ആ കവിളിലൊരു മുത്തം കൊടുത്തു അവർ.
“കുഞ്ഞാ….”
“മ്മ്… എന്താ അച്ഛമ്മേ…”
“മോന് അറിയോന്ന് അറിയില്ല.. മോന്റെ അച്ഛൻ ഉണ്ടായിരുന്നപ്പോൾ.. ഇത്പോലെ ബിസ്സിനെസ്സ് കാര്യങ്ങളും മറ്റുമായി മനസ്സിന്റെ സമാധാനം നഷ്ടപ്പെടുമ്പോൾ അൽപ്പം ആശ്വാസം കിട്ടാനായി പോവുന്നൊരിടം ഉണ്ട്….”
“ബാർ ആണോ അച്ഛമ്മേ…”
“ച്ചീ.. ഈ കുട്ടി….കുറുമ്പ് കുറച്ചു കൂടുന്നുണ്ട് നിനക്ക്..നല്ല അടി വെച്ച് തരും ഞാൻ..നിനക്ക് അതൊക്കെ ആവും ആശ്വാസം നിന്റെ അച്ഛന് അങ്ങനെ അല്ലായിരുന്നു….”
“ഹാ.. അപ്പോഴേക്കും പിണങ്ങിയോ എന്റെ സരസ്വതി കൊച്ച്… ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. ദേ ഇങ്ങോട്ട് നോക്കിയേ.. ചിരിച്ചേ… എന്നാ ഇനി അച്ഛമ്മ പറഞ്ഞോ ഞാൻ ഇടയിൽ കേറില്ല….”
പരിഭവിച്ച് മുഖം കനപ്പിച്ച സരസ്വതിയമ്മയെ അവൻ ഒരു വിധത്തിൽ അനുനയിപ്പിച്ചു .
“മ്മ്.. നിനക്ക് അത്തരം കാര്യങ്ങളിൽ ഒന്നും വിശ്വാസമില്ലാന്ന് അച്ഛമ്മയ്ക്കറിയാം…ഒരു അമ്പലത്തിൽ പോലും പോവാറില്ലല്ലോ നീ….”
“ഹാ..അപ്പൊ വല്ല അമ്പലത്തിലും തീർത്ഥാടനത്തിന് പോവാനാവും….”
“ശിവ….”
“ഇല്ലില്ല.. ഞാൻ മിണ്ടിയില്ല.. അച്ഛമ്മ പറഞ്ഞോ…”
അവൻ സരസ്വതിയമ്മയ്ക്ക് നേരെ കൈ കൂപ്പി കൊണ്ട് പറഞ്ഞു. അത് കണ്ടു ഒന്നുറക്കെ ചിരിച്ചു സരസ്വതിയമ്മ.
“നമ്മുടെ ആ മേൽപ്പാലം കഴിഞ്ഞാൽ ഒരു കവലയില്ലേ…ആ കവലയിൽ ആരോട് ചോദിച്ചാലും പറഞ്ഞു തരും..തേവര് കുന്നിനെ കുറിച്ച്…”
“തേവര് കുന്നോ.. അതെന്ത് കുന്ന്…”
“മ്മ്.. അങ്ങനൊരിടം ഉണ്ട്… ആ കുന്ന് കേറിയാൽ അവിടൊരു ആശ്രമം ഉണ്ട്… ശിവ ഭഗവാനെ ഭജന നടത്തുന്ന സന്യാസിമാരുടെ ആശ്രമമാണത്… നിന്റെ അച്ഛൻ അവിടെ പോവുന്നത് ഇവിടെ ആർക്കും അറിയില്ല… നിന്റെ അമ്മയ്ക്ക് പോലും.. പക്ഷെ അച്ഛമ്മയ്ക്കറിയാം… അച്ഛമ്മയാണല്ലോ അവനെ കുഞ്ഞിലേ അവിടെ കൊണ്ട് പോയതൊക്കെ….”
പറഞ്ഞു കൊണ്ട് വലിയ വായിൽ ഉറക്കെ ചിരിച്ചു അവർ.അവരുടെ ആ സന്തോഷം കണ്ടപ്പോൾ എതിർത്തൊന്നും പറയാൻ അവന് തോന്നിയില്ല.
“ആഹാ.. കൊച്ചു കള്ളി… എന്നിട്ട്…”
“മനുഷ്യരുടെ ഉള്ളിന്റെ പിടച്ചിൽ അറിയാൻ കഴിവുള്ളൊരു സിദ്ധനുണ്ട് അവിടെ… കുഞ്ഞിന് അതിലൊന്നും ഒട്ടും വിശ്വാസം ഉണ്ടാവില്ല.. എന്നാലും അച്ഛമ്മയ്ക്ക് വേണ്ടിയെങ്കിലും വൈകീട്ട് മോനൊന്ന് അവിടം വരെ പോയി വാ… എന്തെങ്കിലും ആശ്വാസം കിട്ടാതിരിക്കില്ല…..”
അവനൊന്നും മിണ്ടിയില്ല. പുറമെ ചിരിക്കുമ്പോഴും അവന്റെ ഹൃദയം നീറുന്നത് അച്ഛമ്മ മനസ്സിലാക്കുന്നുണ്ടെന്ന് അവന് തോന്നി.
“കേൾക്കുന്നുണ്ടോ കുഞ്ഞാ നീ…”
“മ്മ്… പോവാം അച്ഛമ്മേ….”
ഇഷ്ടമില്ലായ്‌മയോടെയാണ് സമ്മതിച്ചതെങ്കിലും അച്ഛമ്മയെ എതിർക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് വൈകുന്നേരം കുളിച്ചു ഒരുങ്ങി അവൻ തേവര് കുന്ന് അന്വേഷിച്ചിറങ്ങി. അപ്പോഴും പാറു തിരിച്ചു എത്തിയിരുന്നില്ല. പാലം കടന്ന് കവലയിൽ എത്തിയപ്പോൾ അവിടെ കണ്ട തട്ടു കടക്കാരനോട് ശിവ വഴി ചോദിച്ചു. അയാൾ പറഞ്ഞു കൊടുത്ത വഴിയേ അവൻ തേവര് കുന്നിലേക്ക് കാറോടിച്ചു.
തേവര് കുന്നിൽ വീശിയടിക്കുന്ന നനുത്ത കാറ്റിലേക്ക് ശിവയുടെ കാർ പതിയെ വന്നു നിന്നു. അവിടെയിറങ്ങി അവൻ ചുറ്റുമോന്ന് നോക്കി. വിശാലമായി പരന്നു കിടക്കുന്ന ആ കുന്നിൽ അങ്ങിങ്ങായി ഓരോ ആശ്രമ മഠങ്ങൾ അവൻ കണ്ടു. ഇതിലിപ്പോ ഏതിൽ ചെന്ന് ചോദിച്ചാലാണ് ആ സിദ്ധനെ കാണാൻ കഴിയുകയെന്ന് തെല്ലോന്ന് ആലോചിച്ചു അവൻ.
“ആരാ… എന്താ വന്നത്…”
ആരുടെയോ ചോദ്യത്തിൽ അവനൊന്നു തിരിഞ്ഞു നോക്കി. മുന്നിൽ കാവി വസ്ത്രമിട്ടൊരു സന്യാസി. കയ്യിലൊരു താലവുമുണ്ട്.
“ഞാൻ.. ഇവിടെ ഒരു സിദ്ധ…”
മുഴുമിച്ചില്ല. അപ്പോഴേക്കും…
“ഓഹ്.. സിദ്ധ മുനിയുടെ അനുഗ്രഹത്തിന് വന്നതാണല്ലേ… എന്നാൽ ദേ അങ്ങോട്ട് ചെന്നോളൂ… അദ്ദേഹമിപ്പോ ഭജന കഴിഞ്ഞു അങ്ങ് പോയേ ഉള്ളു….”
അയാൾ ചൂണ്ടിയ ഭാഗത്തേക്കൊന്ന് നോക്കിയതിനു ശേഷം ശിവ ആ സന്യാസിക്ക് നന്ദി പറഞ്ഞു. കൂട്ടത്തിൽ വലിയ ആശ്രമ മഠം അതായിരുന്നു. ശിവ അതിനെ മൊത്തത്തിലൊന്ന് നോക്കി. വെളുത്ത തുണി കൊണ്ട് മറച്ചു കെട്ടിയൊരു ആശ്രമം… അതിന് മുകളിലൊക്കെയും ഈ അമ്പലത്തിലൊക്കെ കാണുന്നപോലെ കുറെ മണികൾ തൂക്കിയിട്ടിരിക്കുന്നു. ചന്ദന തിരിയുടെയും കർപ്പൂരത്തിന്റെയും ഗന്ധം കാറ്റിൽ അലിഞ്ഞു ചേർന്ന് മൂക്കിൽ തട്ടി സാനിധ്യമറിയിക്കുന്നുണ്ട്. മൊത്തത്തിലൊരു ദൈവീക പ്രതീതി ഉണ്ടെങ്കിലും ശിവയ്ക്ക് അതൊക്കെ കണ്ട്
ഒരു അസ്വസ്ഥത തോന്നി. എങ്കിലും ഇഷ്ടക്കേട് പുറത്തു കാണിക്കാതെ അവൻ ഉള്ളിലേക്ക് കടന്നു. അവിടെ ഉള്ളിൽ ഒരാൾ നിലത്ത് പലകമേൽ ചമ്രം പടിഞ്ഞിരിക്കുന്നത് അവൻ കണ്ടു. കുറച്ചു കൂടി മുന്നോട്ട് ചുവടുകൾ വെച്ചതും…
“അവിശ്വാസികൾക്ക് ഉള്ളതല്ലല്ലോ ഈ ഇടം.. പിന്നെ താൻ എങ്ങനെ ഇവിടെയെത്തി…”
കണ്ണുകളടച്ചു കൊണ്ടാണ് അയാളത് പറഞ്ഞത്. ശിവ ചുറ്റിലും നോക്കി മറ്റാരെങ്കിലും അവിടെയുണ്ടോന്നറിയാൻ.
“എന്താ ഒന്ന് പരീക്ഷിക്കാമെന്ന് തോന്നി വന്നതാണോ..”
അയാളുടെ സൗണ്ട് വീണ്ടും അവിടെ ഉയർന്നു. ശിവയ്ക്ക് നന്നായി ദേഷ്യം വന്നു.
ഇയാളിത് എന്തൊക്കെയാ പറയുന്നേന്ന് ചിന്തിച്ചപ്പോഴാണ് ഇറങ്ങാൻ നേരം അച്ഛമ്മ പറഞ്ഞ കാര്യം അവൻ ഓർത്തത്.
“ആള് അൽപ്പം മുൻകോപിയാണ്… എന്തെങ്കിലും മുഷിഞ്ഞു പറഞ്ഞാലും കുഞ്ഞു എതിർത്തൊന്നും പറയരുത് കേട്ടോ….”
ആ വാക്കുകളെ വിലയ്ക്കെടുത്ത് അവൻ ശാന്തമായി പറഞ്ഞു തുടങ്ങി.
“അത്.. അച്ഛമ്മ….”
“അച്ഛമ്മയ്ക്കാണോ ഇപ്പോ മനഃശാന്തി വേണ്ടത്…. എങ്കിൽ അച്ഛമ്മയ്ക്ക് വരായിരുന്നല്ലോ…”
“ഇയാളിത് എന്തോന്ന്…നാശം.. ഞാൻ കണ്ട സന്യാസിമാരൊന്നും ഇങ്ങനെ അല്ലല്ലോ.. അച്ഛമ്മേടെ ഓരോ ഇടങ്ങേറ്….”
അവൻ മനസ്സിൽ ഓർത്തതെ ഉള്ളു…
“തിരിച്ചു പൊയ്ക്കോളൂ…തനിക്ക് ഇവിടുന്നൊന്നും കിട്ടാനില്ല….”
അതുടെ കേട്ടതോടെ കുറച്ചു കൂടി കലി കയറി അവന്.
“വോ.. സമാധാനം…”
അയാളെ നോക്കി സ്വരം താഴ്ത്തി അത്രയും പറഞ്ഞു അവൻ തിരിഞ്ഞു നടക്കാനൊരുങ്ങിയതും…
“പോവുമ്പോൾ ഒന്ന് മാത്രം മനസ്സിൽ
വെച്ചോളൂ….. ശിവന് പാതി പാർവതി തന്നെയാണ്… ആ ബന്ധം മനുഷ്യർ വിചാരിച്ചാൽ തകർക്കാൻ പറ്റില്ല… മുറിച്ചിട്ടാലും മുറി കൂടുക തന്നെ ചെയ്യും….”
തൂക്കിയിട്ടിരിക്കുന്ന അമ്പല മണികൾ കാറ്റിലിളകി ഒച്ച വെച്ചപ്പോൾ…അതിന്റെ പ്രതിധ്വനിയിൽ അയാളുടെ ആ വാക്കുകൾ എന്തിനോ വേണ്ടി ശിവയുടെ മനസ്സിന്റെ ഏതോ ഒരു കോണിൽ തട്ടി ഓളമുണ്ടാക്കി.
(തുടരും )

by