23/04/2026

പെയ്തൊഴിയാതെ : ഭാഗം 30

രചന – മിയ അവ

ശിവ പിറ്റേന്ന് എന്തോ ദു :സ്വപ്നം കണ്ട് നേരത്തെ തന്നെ കണ്ണ് തുറന്ന് എഴുന്നേറ്റ് പോയി. നോക്കിയപ്പോൾ പാറു റൂമിലില്ല. അവൾ കാലത്തെ തന്നെ എഴുന്നേറ്റു പോയി കാണുമെന്ന് അവന് തോന്നി.സ്വപ്നത്തിന്റെ മുറിപ്പാട് ഉള്ളിൽ അങ്ങനെ തന്നെ കിടന്നത് കൊണ്ട് ആ മഴയിൽ പോലും അവൻ വിയർത്തു കുളിച്ചു.  എന്തോ അപകടം വരാൻ പോകുന്നുവെന്ന് മനസ്സിൽ തോന്നിയെങ്കിലും വരുന്നത് വരട്ടെയെന്ന മട്ടിൽ അവൻ ബെഡിൽ നിന്നെഴുന്നേറ്റ് വേഗം ബാത്‌റൂമിൽ കയറി മുഖമൊക്കെ കഴുകി ബ്രഷ് ചെയ്ത് പുറത്തേക്കിറങ്ങി.

നേരെ പോയത് അപ്പുറത്തെ മുറിയിലേക്ക് തന്നെയാണ്. ഈ നേരം അവൾ അവിടെ കാണുമെന്ന് അവനറിയാമായിരുന്നു. ചെന്നപ്പോൾ കണ്ണടച്ച് കൈ കൂപ്പി തന്റെ കൃഷ്ണ ഭഗവാന് മുന്നിൽ പ്രാർത്ഥിക്കുകയാണ് അവൾ. ചുണ്ടിലൊരു ചിരിയോടെ… കണ്ണിമ വെട്ടാതെ ശിവ അവളെ അവിടെ നിന്നു തന്നെ നോക്കി നിന്നു. കൂമ്പിയടഞ്ഞു കിടക്കുന്ന കണ്ണുകളിൽ നിന്ന് കണ്ണുനീർ ആ കവിളിലേക്ക് അരിച്ചിറങ്ങുന്നത് കണ്ടപ്പോൾ അവനും ഒന്ന് നൊന്തു. പിന്നെ ചുണ്ടിൻ കോണിലെ ചിരിയെയൊന്ന് അടക്കി പിടിച്ച് അവളെയൊന്നു ദേഷ്യം പിടിപ്പിക്കാൻ തന്നെ തീരുമാനിച്ചു.

“ഹലോ മാഡം… കുളിക്കാത്തവർക്ക് നിന്റെയീ കൃഷ്ണന്റെ മുറിയിലേക്ക് പ്രവേശനം ഉണ്ടോ….”

അവന്റെ ശബ്ദം കേട്ടപ്പോൾ അവളൊന്ന് കണ്ണ് തുറന്ന് നോക്കി. ഉടനെ തന്നെ അവൾ തിരിഞ്ഞ് നിന്ന് അവൻ കാണാതിരിക്കാൻ തന്റെ കണ്ണുനീരിനെ തുടച്ചു കളഞ്ഞു. എന്നാൽ അത് വ്യക്തമായി തന്നെ അവൻ കാണുകയും ചെയ്തു. വീണ്ടും അവന് നേരെ തിരിഞ്ഞ അവളെ കണ്ണിലും ചുണ്ടിലും നിറഞ്ഞ  കള്ളചിരിയോടെ തന്നെ അവൻ നോക്കി.

“എനിക്ക് മറുപടി കിട്ടിയില്ല മാഡം….”

വീണ്ടും ചോദിച്ചപ്പോൾ അവനെ നോക്കിയൊന്ന് ചുണ്ട് കോട്ടി അവൾ തലയിൽ കെട്ടിയ ടവൽ ഊരി അത് ആ മുറിയിലെ സൈഡിലുള്ള ഹാങ്ങറിൽ വിരിച്ചിട്ട് ആ അഴിഞ്ഞ മുടിയെ സ്വാതന്ത്രമായി വിട്ട് അവൾ ഡോറിനടുത്തേക്ക് നടന്നു. അവൾ വരുന്നത് കണ്ടതും ശിവ ഡോറിന് കുറുകെ കൈ തടസ്സമായി വെച്ചു. അവൾ അവന്റെ അടുത്തെത്തി അവനെയൊന്ന് ഇരുത്തി നോക്കി.

“ശരീരത്തിൽ അഴുക്ക് ഉള്ളവരെ ദൈവങ്ങൾ അകറ്റി നിർത്തില്ല… മനസ്സിന് അഴുക്ക് ഇല്ലാഞ്ഞാൽ മതി….”

അവൾ അവന്റെ കണ്ണുകളിലേക്ക് ചൂഴ്ന്ന് നോക്കി തന്നെ പറഞ്ഞു.

“ഓഹോ… എന്നാ എനിക്ക് കുറച്ചു അഴക്കുണ്ട്…”

അവൾക്ക് മറുപടിയായി പറഞ്ഞു കൊണ്ട് അവനും അവളെ നോക്കിയൊന്ന് ചുണ്ടകൊടുക്കാതെ “അതെനിക്കറിയാലോ….”

കൂർപ്പിച്ചു തന്നെ അവനെ നോക്കി അവൾ ഡോറിന് മുന്നിൽ തടസ്സം വെച്ച അവന്റെ കൈയ്ക്ക് ഒരു തട്ട് കൊടുത്തു മാറ്റി മുന്നോട്ട് നടന്നു പോയി. അവളുടെ കുറുമ്പ് അവന്റെ അധരങ്ങളിൽ വീണ്ടും കുസൃതിയൊളിപ്പിച്ചു. പിന്നെ തിരിഞ്ഞ് നിന്ന് നടന്നു പോവുന്നവളെ പിന്നിന് വിളിച്ചു.

“ഹേയ് പാറു…..”

പോവുന്ന പോക്കിൽ അവളൊന്ന് തിരിഞ്ഞു നോക്കി.

“നിന്നെ… നിന്റെ മായേച്ചിയ്ക്ക് ഒന്ന് കാണണം പറഞ്ഞു…”

അവനോടുള്ള കുറുമ്പ് ഒളിഞ്ഞു നിന്ന കണ്ണുകളിൽ പെട്ടെന്ന് തന്നെ തെളി നീര് പൊതിഞ്ഞു. വരുന്ന വിവരം ഒന്ന് പറയുകയോ വന്നിട്ടും തന്നെയൊന്ന് വിളിക്കുകയോ മെസ്സേജ് ഇടുകയോ ചെയ്യാഞ്ഞപ്പോ മായേച്ചി തന്നെ മറന്നു പോയെന്ന് അവൾ വിചാരിച്ചിരുന്നു. അല്ലെങ്കിൽ ചേച്ചിയുടെ ഈ പ്രാണനെ വിട്ട് പൊയ്ക്കോന്ന് പറഞ്ഞിട്ടും പോവാതെ..

മായേച്ചിയ്ക്ക് തന്നെ വിട്ട് കൊടുക്കാതെ എല്ലാം അടക്കി പിടിച്ച് … ഇവിടെ തന്നെയിങ്ങനെ നിൽക്കുന്നതിൽ..ചേച്ചിയ്ക്ക് തന്നോട് പിണക്കം ആവോന്ന് വരെ ആ പൊട്ടി പെണ്ണ് തെറ്റിദ്ധരിച്ചു പോയിരുന്നു.. വന്നെന്ന് അറിഞ്ഞിട്ടും അവളും ചേച്ചിയെ ഒന്ന് വിളിക്കാനോ കാണാനോ മടിച്ചത് അറിയാതെയെങ്കിൽ പോലും ചേച്ചിയുടെ ഈ പ്രാണനെ താൻ സ്നേഹിച്ചു പോയല്ലോന്നുള്ള അവളുടെ കുറ്റബോധം കൊണ്ടായിരുന്നു. ഇപ്പോ ചേച്ചിയ്ക്ക് തന്നെ കാണാൻ ആഗ്രഹം ഉണ്ടെന്ന് കേട്ടപ്പോൾ അവളുടെ മനസ്സിൽ ഒരേ സമയം സന്തോഷവും സങ്കടവും കവിഞ്ഞു. അതേ സമയം തന്നെ… ഇനിയീ പ്രാണനെ തിരിച്ചു കൊടുക്കണമെന്ന് പറയാനാവോ തന്നെ കാണണമെന്ന് പറഞ്ഞതെന്ന ചിന്തയും അവളിൽ അൽപ്പം ഭയം ഉണർത്തിയെങ്കിലും ഇനീ നിമിഷം വരേയ്ക്കും പാറു ജീവിതത്തിൽ എന്തെങ്കിലുമൊക്കെ സന്തോഷം അറിഞ്ഞിട്ടുണ്ടെങ്കിൽ അത് തന്റെ മായേച്ചി ഒറ്റയൊരാൾ കാരണമാണ്.. ചേച്ചിയ്ക്ക് ഇപ്പോ ഉണ്ടായ ഈ നശിച്ച അവസ്ഥയ്ക്ക് പോലും താനാണ് കാരണക്കാരി.. തന്നെ സംരക്ഷിക്കാൻ വേണ്ടി ഇറങ്ങി തിരിച്ചത് കൊണ്ടാ ചേച്ചിയ്ക്ക് ഈ ഗതിയുണ്ടായത്.

അതുകൊണ്ട് ചേച്ചി ആവിശ്യപ്പെട്ടാൽ ഈ

താലി മാത്രമല്ല.. എന്റെ ജീവൻ തന്നെ ഞാൻ കൊടുക്കും എന്നൊക്കെ മനസ്സിൽ ചിന്തിച്ചു കൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് അവന്റെ ശബ്ദം വീണ്ടും കാതിലെത്തുന്നത്.

“നമുക്കൊന്ന് അവളെ കാണാൻ പോയാലോ… പറ്റിയാൽ അവളെ കൊണ്ട് പുറത്തേക്കൊക്കെയൊന്ന് പോവാം… ഒരേ കിടപ്പല്ലേ പാവം… അവൾക്കും ഒരു ആശ്വാസം ആവും….”

അത് കേട്ടപ്പോൾ അവനും മായയുടെ പ്രെസെൻസും അവൾക്കൊപ്പം സ്പെൻഡ്‌ ചെയ്യാനുമാണ് ആഗ്രഹിക്കുന്നതെന്നു പാറുവിന് തോന്നി. നെഞ്ചിൽ ഒരു പാറക്കല്ല് കയറ്റി വെച്ച പോലെ ഭാരം തോന്നിയെങ്കിലും ആ നോവിലും അവനെ നോക്കി നിറഞ്ഞു പുഞ്ചിരിച്ചു അവൾ.

“മ്മ്.. പോവാം… ഞാൻ വരാം….”

അവളുടെയാ മറുപടി കിട്ടിയപ്പോൾ അവനും അവളെ നോക്കി മനോഹരമായൊന്ന് പുഞ്ചിരിച്ചു.

രണ്ടു പേരും ഒന്നിച്ച് റെഡിയായി പുറത്തേക്ക് ഇറങ്ങുന്നത് കണ്ടപ്പോൾ താഴെ നിന്ന ശ്രീദേവിയുടെയും

സരസ്വതിയമ്മയുടെയും കൃഷ്ണ മേനോന്റെയും മാധവിയമ്മയുടെയും ശ്രേയയുടെയുമെല്ലാം കണ്ണുകൾ വിടർന്നു. അവരെല്ലാം തന്നെ ഒത്തിരി ആഗ്രഹിക്കുന്നൊരു കാഴ്ചയാണ് അതെന്ന്  നിറഞ്ഞു വന്ന അവരുടെ കണ്ണുകൾ പറയാതെ പറഞ്ഞു.

കാറിൽ കയറി ശിവ പാറുവിന് വേണ്ടി ഫ്രണ്ട് ഡോർ തുറന്നു കൊടുത്തപ്പോൾ അവൾ അവിടെ കയറണോ വേണ്ടേയെന്നോർത്ത് ശങ്കിച്ച് നിന്നു. അവളുടെ നിൽപ്പ് കണ്ട് സംശയത്തിൽ ശിവ അവളെ നോക്കി.

“… വന്ന് കേറടി….”

അവനൊരു വിളറിയ ചിരി നൽകി അവൾ അവിടേക്ക് കയറിയിരുന്നു. അവളെയൊന്ന് നോക്കി ഒരു ചിരിയോടെ അവനും കാർ സ്റ്റാർട്ട്‌ ആക്കി.

രണ്ടു പേരും മായയുടെ വീട്ടിൽ എത്തുമ്പോൾ മായ നല്ല ഉറക്കം ആയിരുന്നു. താഴെ വെച്ച് സുനിതയെ കണ്ടപ്പോൾ പാറുവൊന്ന് കൈ കൂപ്പി. അവർ അടുത്ത് വന്ന് അവളുടെ കവിളിൽ ഒന്ന് തൊട്ടു.

“സുഖല്ലേ മോൾക്ക്….”

“മ്മ്.. സുഖം അമ്മാ…”

അവളുടെ അമ്മയെന്ന വിളി സുനിതയ്ക്ക് നന്നായി ഇഷ്ട്ടപ്പെട്ടു. അവർ അവളെയൊന്ന് ചേർത്ത് നിർത്തി നെറുകയിലൊരു മുത്തം കൊടുത്തു. അത് നോക്കി കൊണ്ട് ശിവ മെല്ലെ മുകളിലേക്ക് കയറി. സിംഗപ്പൂരിൽ നിന്ന് വരുമ്പോൾ കൊണ്ട് വന്ന പൊന്തിക്കാനും താഴ്ത്താനുമൊക്കെ കഴിയുന്ന ഇലക്ട്രിക് ബെഡിലായിരുന്നു മായയെ കിടത്തിയിരുന്നത്. സുനിതയോട് അൽപ്പ നേരം സംസാരിച്ച് പാറു മായയുടെ മുറിയിലെത്തിയപ്പോൾ അവിടെ ശിവ അവൾക്ക് നിവർന്നിരിക്കാനായി ബെഡൽപ്പം പൊന്തിച്ച് വെച്ച് അവളെ നെഞ്ചിലേക്ക് ചായ്ച്ച് പതിയെ ബെഡിലേക്ക് ചാരി ഇരുത്തുന്നതാണ് കാണുന്നത്. എന്തോ ആ കാഴ്ച കണ്ടപ്പോൾ അവളുടെ ഹൃദയമൊന്ന് വിലങ്ങി..അവർക്കിടയിലേക്ക് ഒരു തടസ്സമായി ചെല്ലാൻ മനസ്സ് മടിച്ചു. ഉള്ളിലേക്ക് കയറണോ വേണ്ടേന്നുള്ള ചിന്തയിൽ അവൾ കുറച്ചു നേരം ആ വാതിലിന് അടുത്ത് തന്നെ നിന്നു.

“നീയെന്താ പെണ്ണെ അവിടെ തന്നെ നിന്ന്

കളഞ്ഞത്….”

മായയാണ്. പാറു വെറുതെ ഒന്ന് അവരെ നോക്കി ചിരിച്ചു.

“ഏയ്‌.. ഞാൻ… വെറുതെ….”

അവൾ അവരുടെ അടുത്തേക്ക് നടന്നു കൊണ്ട് മറുപടി നൽകി.

“എന്താടി… ഞാൻ വന്നു രണ്ടു ദിവസമായിട്ടും ഒരു വിളിയോ അന്വേഷണമോ ഒന്നും നിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലല്ലോ…. എന്താ… മറന്നോ നീ നിന്റെ മായേച്ചിയെ….”

അതിന് അവൾക്ക് മറുപടിയില്ലായിരുന്നു. മുഖത്തേക്ക് നോക്കാതെ.. തല താഴ്ത്തി… ഒരു കുറ്റവാളിയെ പോലെ…വിങ്ങി പൊട്ടി കൊണ്ട് മായയുടെ നെഞ്ചിലേക്ക് മുഖമമർത്തി പാറു.

“അയ്യേ.. എന്താടിയിത് കരയുന്നോ എന്റെ കുറുമ്പി പാറു… ഞാൻ നിന്നെയൊന്ന് വട്ട് പിടിപ്പിക്കാൻ പറഞ്ഞതല്ലെടി… തിരിച്ച് നല്ല കാന്താരി മറുപടി പ്രതീക്ഷിച്ച എന്നെ നീ സങ്കടത്തിലാക്കുവാണോടി….”

മായ പറഞ്ഞപ്പോൾ പാറു

തലയുയർത്തിയൊന്ന് അവളെ നോക്കി.

“എന്താടാ…. എനിക്കറിയില്ലേ എന്റെ പാറുസിനെ… നിനക്കൊരിക്കലും നിന്റെ ചേച്ചിയെ മറക്കാൻ കഴിയില്ലെന്ന് വേറെ ആൾക്കാരും എനിക്കറിയാലോ…”

അത് കേട്ടതും വീണ്ടും പാറുവിന്റെ കണ്ണുകൾ നിറഞ്ഞു തൂവി. കുറ്റബോധം അവളെ വല്ലാതെ പിടി മുറുക്കുന്നുണ്ടായിരുന്നു. മായയ്ക്ക് അർഹതപ്പെട്ടതിനെ സ്വന്തമാക്കാൻ ആഗ്രഹിച്ച താൻ മായേച്ചിയുടെ മുന്നിൽ നിൽക്കാൻ പോലും അർഹതയില്ലെന്ന് അവൾക്ക് തോന്നി.

“ദേ പെണ്ണെ ഇനിയും എന്റെ മുന്നിൽ നിന്ന് കണ്ണ് നിറച്ചാൽ നല്ല അടി വാങ്ങിക്കുവേ നീ…..”

എന്നിട്ടും പാറു കരച്ചിൽ നിർത്താൻ ഭാവമില്ലായിരുന്നു.

“ഒഹ്… ഇപ്പോ എനിക്ക് നിന്നെ അടിക്കാൻ പോയിട്ട് എന്റെ കൈയൊന്ന് അനക്കാൻ പോലും ശേഷിയില്ലെന്ന് നിനക്കറിയാലോ ല്ലേ… അതോണ്ടല്ലേ നിനക്ക് പേടിയില്ലാതെ വീണ്ടും അനുസരണക്കേട് കാണിക്കുന്നത്… അല്ലെങ്കിലും കയ്യും

കാലുമൊക്കെ തളർന്നു കഴിഞ്ഞാൽ പിന്നെ ആർക്കും നമ്മളെയൊരു വിലയും……”

പറഞ്ഞു മുഴുമിപ്പിക്കൻ സമ്മതിക്കാതെ പാറു മായയുടെ വാ പൊത്തി.

“യാം സോറി ചേച്ചി… എനിക്ക്… ഞാൻ ചേച്ചിയോട് തെറ്റ് ചെയ്തു പോയെന്ന് തോന്നിയത് കൊണ്ടാ ഞാൻ…..”

“തെറ്റോ… നീ എന്നോട് എന്ത് തെറ്റ് ചെയ്തെന്നാ പാറുസേ….”

ശിവ അടുത്ത് ഉണ്ടായത് കൊണ്ടോ എന്തോ അതിന് അവളിൽ മറുപടിയൊന്നും ഉണ്ടായില്ല.

അവളുടെ അനക്കമൊന്നും ഇല്ലാഞ്ഞപ്പോൾ മായ തന്നെ തുടർന്നു.

“നീ എന്നെ മറന്നോന്ന് ഞാൻ ചോദിച്ചത് കൊണ്ടാണോ നിനക്ക് തെറ്റ് ചെയ്‌തെന്ന് തോന്നുന്നത്.. എന്റെ പൊന്നു പാറുസേ അത് ഞാൻ നിന്നെയൊന്ന് ചൂടാക്കാൻ പറഞ്ഞതല്ലെടി…. അങ്ങനാണേൽ ഇങ്ങോട്ട് വരുന്ന വിവരം ഞാനും നിന്നെയൊന്ന് വിളിച്ചു അറിയിച്ചില്ലല്ലോ… അപ്പോ ഞാനും നിന്നെ പോലെ തെറ്റ്

ചെയ്തതല്ലേ… സോ അതൊന്നും ഓർത്തു സങ്കടപ്പെടേണ്ടാ കേട്ടല്ലോ..പിന്നെ നിന്റെ കരച്ചിൽ കാണാനല്ല ഞാൻ നിന്നെ കാണണം പറഞ്ഞത്… നീയെന്നും ഹാപ്പിയായിട്ടിരിക്കുന്നത് കാണാനാ.. കേട്ടോടി കുറുമ്പി….”

“മ്മ്…”

“എന്നാ ആ കണ്ണൊക്കെ തുടച്ചേ……ഇനി നീ കരയാൻ പാടില്ല.. കേട്ടല്ലോ…”

പാറു അവളെ നോക്കിയൊന്ന് ചിരിച്ചു കൊണ്ട് തന്റെ കണ്ണുനീരെല്ലാം തുടച്ചു മാറ്റി.

“ഇല്ല ചേച്ചി….ഇനി കരയില്ല….”

പറഞ്ഞു കൊണ്ട് അവൾ മായയുടെ കവിളിലേക്കൊരു ഉമ്മ കൊടുത്തു.

“എന്നാപ്പിന്നെ നമുക്ക് മൂന്നു പേർക്കും കൂടി പുറത്തൊക്കെയൊന്ന് പോയാലോ മായ….”

ശിവയാണ്. മായയുടെ മുഖം അത് കേട്ടതും വല്ലാതായി.

“നിങ്ങൾ പൊയ്ക്കോടാ… ഞാൻ എങ്ങനാ ഇങ്ങനെ…നിങ്ങടെ കൂടെ….”

“അതിനെന്താ… നിന്നെ പൊക്കിയെടുത്തായാലും കൊണ്ട് പോവാൻ ഞങ്ങൾ റെഡിയാണെങ്കിലോ…..അല്ലേ പാറു….”

പാറു മൃദുവായൊന്ന് ചിരിച്ചു. അവൾ നോക്കി കാണുകയായിരുന്നു മായ വന്നപ്പോഴുള്ള ശിവയുടെ മാറ്റത്തെ. വളരെ ഹാപ്പിയാണ് അവൻ. തന്നോടുള്ള പെരുമാറ്റത്തിൽ പോലും നല്ല മാറ്റമുണ്ട്. എല്ലാം മായ തിരിച്ചു വന്നതിന്റെ സന്തോഷമാണെന്ന് അവൾക്ക് തോന്നി. മായയുടെ പ്രെസെൻസിൽ അവൻ ഇത്രയും സന്തോഷിക്കുന്നുണ്ടെങ്കിൽ ഒരിക്കലും…ഒരിക്കലും അവർക്കിടയിലേക്കൊരു തടസ്സമായി താൻ ഉണ്ടാവാൻ പാടില്ലായെന്ന് ഉറപ്പിക്കുക കൂടിയായിരുന്നു അവളുടെ മനസ്സപ്പോൾ.

ശിവയും പാറുവും ഒരുപാട് നിർബന്ധം പിടിച്ചപ്പോൾ മായയും പാതി സമ്മതം പറഞ്ഞു. അങ്ങനെ സുനിതയും പാറുവും ചേർന്ന് മായയെ പെട്ടെന്ന് തന്നെ ഒരുക്കി ശിവ അവളെ എടുത്തു കൊണ്ട് പോയി കാറിൽ തന്റെയൊപ്പം  ഫ്രണ്ട് സീറ്റിലേക്ക് ഇരുത്തി. പാറു പിൻ സീറ്റിലും ഇരുന്നു.

പോകുന്ന വഴിയിലൊക്കെയും മുന്നിലിരുന്ന് ശിവയോട് വാ തോരാതെ സംസാരിക്കുന്ന മായയെ കണ്ണിൽ നിറഞ്ഞ പുഞ്ചിരിയോടെ പാറു നോക്കി നിന്നു. ഒത്തിരി നാളുകളായി ഒരു റൂമിൽ തന്നെ തളയ്ക്കപ്പെട്ട്….അവിടുന്ന് പുറത്തു ചാടി സ്വർഗം വെട്ടിപ്പിടിച്ച പോലൊരു സന്തോഷമായിരുന്നു അവൾക്കപ്പോൾ. തന്റെ മായേച്ചിയുടെ ആ സന്തോഷം കാണുമ്പോൾ അവിടെ പാറുവും ഉള്ളാലെ സന്തോഷിക്കുകയായിരുന്നു. എന്തൊക്കെ നഷ്ടപ്പെടേണ്ടി വന്നാലും ആ സന്തോഷം എന്നും കാണാൻ പറ്റുമെങ്കിൽ അത് തന്നെയാണ് തന്റെ ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യമെന്ന് അവൾ ഓർത്തു. ഇന്നവൾ ശിവയെയും ഒത്തിരി സ്നേഹിക്കുന്നുണ്ട്. താൻ ജീവന് തുല്യം സ്നേഹിക്കുന്ന രണ്ടു പേർ…

അവർക്ക് രണ്ടു പേർക്കും അത്രയും സന്തോഷത്തോടെയും സമാധാനത്തോടെയും നിൽക്കാൻ കഴിയുന്നത് അവർ പരസ്പരം ഒന്നിച്ച് ഉള്ളപ്പോഴാണെങ്കിൽ അവിടെ മാറി പോവേണ്ടത് താൻ തന്നെയാണെന്ന് കാറിൽ പുറത്തെ കാഴ്ചകളിലേക്ക് മിഴി നട്ടിരിക്കുമ്പോഴും പാറു  മനസ്സിൽ വീണ്ടും ഉറപ്പിക്കുന്നുണ്ടായിരുന്നു. ശിവ മായയോടുള്ള സംസാരത്തിനിടയിലും പലപ്പോഴും മിററിൽ കൂടി പാറുവിനെ നോക്കിയെങ്കിലും അവൾ പുറത്തേക്ക്

നോക്കി മറ്റേതോ ലോകത്തെന്ന പോലെ ഇരിക്കുകയായിരുന്നു.

കുറെ ദൂരം പിന്നിട്ട് അവരുടെ കാർ ചെന്ന് നിന്നത് ഒരു കുഞ്ഞു കാട്ടരുവിയ്ക്ക് അടുത്തായിരുന്നു. കാടും അതിന്റെ ഭംഗിയും വർണനയ്ക്ക് അപ്പുറമാവും വിധം അത്രമേൽ മനോഹരമായിരുന്നു അവിടം. സൂര്യ രശ്മിയുടെ ഒരു നൂലിഴ പോലും ഭൂമിയിൽ പതിയ്ക്കാൻ അനുവദിക്കാതെ തങ്ങളുടെ ചില്ലകൾ കൊണ്ട് തണൽ തീർത്തിരുന്നു വൃക്ഷങ്ങൾ. കാടിന്റെ മടിത്തട്ടിലെന്ന പോൽ കുഞ്ഞരുവികൾ ഓരോ പാറയിടുക്കുകളിലും തങ്ങളുടെ സാനിധ്യമറിയിച്ചിരുന്നു. കിളികളുടെ  കള കള ശബ്ദം ആ കാടിനെ കൂടുതൽ രോമാഞ്ചം കൊള്ളിച്ചു.

കാറിൽ നിന്നിറങ്ങി വീൽ ചെയറിലേക്ക് ശിവ മായയെ എടുത്തിരുത്തി. അവൻ തന്നെ ആ വീൽ ചെയർ ഉരുട്ടി അവിടുത്തെ ഓരോ കാഴ്ചകളായി കാണിച്ച് കൊടുത്ത് അവളുടെ കണ്ണിനേയും മനസ്സിനെയും കുളിരണിയിപ്പിച്ചു. പ്രകൃതിയുടെ ആ ദൃശ്യ വിരുന്നിൽ പാറുവും അവളുടെ മനസ്സിനെ ശാന്തമാക്കുകയായിരുന്നു. അവിടുത്തെ തണുത്ത കാറ്റിലും അരുവിയിലെ പുളകം തീർക്കുന്ന കുളിരിലും ലയിച്ച് എന്നോ

തന്നിൽ വേരിട്ട് പോയ ആ പാഴ് മോഹത്തെ അവിടെ ഉപേക്ഷിച്ച് വീണ്ടും തന്റെ മനസ്സിനെയൊരു മരു ഭൂമിയാക്കാൻ അവൾ തയ്യാറെടുക്കുകയായിരുന്നു. അവിടുത്തെ പാറയിടുക്കുകളിലൊന്നിൽ നിന്ന് പ്രകൃതിയുടെ നനുത്ത സ്പർശനത്തിൽ മുകളിലേക്ക് നോക്കി കണ്ണടച്ച് അവളൊന്ന് മനസ്സറിഞ്ഞു പുഞ്ചിരിച്ചു. കാറ്റിൽ അവളുടെ സാരി ആടിയുലഞ്ഞു. നീളമുള്ള മുടിഴിയകൾ അവരുടെ ലോകത്ത് കാറ്റിനൊപ്പം നൃത്തം ചവിട്ടി.

വീൽ ചെയറിൽ ഇരുന്നു തന്നെ ഉച്ചി വരെ കുളിരേകുന്ന അരുവിയുടെ തണുപ്പിലേക്ക് കാലിട്ട് ഇരിക്കുകയാണ് മായ. തൊട്ട് അടുത്തായി തന്നെ ശിവയും ഉണ്ട്.

“അന്ന് പറഞ്ഞ കാര്യത്തിൽ നമുക്കൊരു തീരുമാനമാക്കണ്ടേ  മായ…”

“എന്ത് തീരുമാനമാണ് ഞാൻ എടുക്കേണ്ടത് ശിവ… കയ്യും കാലും വഴങ്ങാത്ത എനിക്ക് ഇനിയും ആഗ്രഹങ്ങളൊക്കെ പാടുണ്ടോന്ന് പോലും അറിയില്ല….ഒരുപാട് ആഗ്രഹിച്ചതല്ലേ നമ്മൾ… ഒരുപാട് സ്വപ്നങ്ങൾ കണ്ടതല്ലേ നമ്മൾ… എന്നിട്ടും.. എന്നിട്ടും എന്റെ വിധി ഇങ്ങനെയായില്ലേ….. ഇനിയും

മോഹിക്കാൻ പേടി തോന്നുവാ ശിവ…..അതിനിടയിൽ ഈ ഒറ്റപ്പെടലും കൂടി എന്നെ വല്ലാതെ തളർത്തുന്നുണ്ട്…. ഇനിയും പിടിച്ചു നിൽക്കാൻ വയ്യെന്ന് തോന്നിയപ്പോഴാ കൂടുതൽ ചിന്തിക്കാതെ… മറ്റൊന്നിനെ കുറിച്ചും ഓർക്കാതെ… ഒരു മുന്നറിയിപ്പു പോലുമില്ലാതെ ഞാനിങ്ങ് വന്നത്… പക്ഷെ… ഈ ഒറ്റപ്പെടലിൽ നിന്ന് രക്ഷപ്പെടാൻ… എന്റെ മോഹങ്ങൾക്കു വേണ്ടി  ഞാനീ കാര്യത്തിൽ ഉറച്ചൊരു തീരുമാനം എടുക്കുമ്പോൾ… അപ്പുറം….അപ്പുറം മറ്റൊരാൾക് കിട്ടേണ്ട സ്വർഗ തുല്യമായൊരു ജീവിതം ഇല്ലാതാക്കുവല്ലേടാ ഞാൻ ചെയ്യുന്നത്… അതോർക്കുമ്പോൾ.. എന്തോ….”

അവർക്കടുത്തേക്ക് നടന്നെത്തിയ പാറുവിന്റെ കാതുകളിലേക്ക് എത്തുന്ന സംസാരം അതായിരുന്നു. താൻ ഭയത്തോടെ നോക്കി കണ്ടിരുന്ന കാര്യം… ഇന്നിതാ തന്റെ കാതുകളിൽ തന്നെ ഈശ്വരൻ കൊണ്ടെത്തിച്ചിരിക്കുന്നു… അതും അവരുടെ തന്നെ നാവിൽ നിന്ന്.  ഉരുകി പോയി ആ പാവം. മനസ്സിലെ പാഴ് ചിന്തകളെ കളഞ്ഞ് ശുദ്ധമാക്കാൻ തന്നാലാവും വിധം ശ്രമിച്ചിട്ടും അതിന് കഴിയാതെ…..തന്നിൽ നിന്ന് മനസ്സ് പിടി വിട്ട് പോവുന്ന പോലെ… കണ്ണുകളിൽ ഉറഞ്ഞു കൂടിയ കണ്ണുനീരിനെ അവർ കാണാതെ

ഒഴുകി വിടാൻ അവിടെ നിന്നും പിന്തിരിഞ്ഞപ്പോഴാണ് ശിവയുടെ കണ്ണിൽ പാറുവിന്റെ നിഴലുടക്കിയത്.

“നീയിത് എവിടേക്ക് പോവുവാ….”

എന്ത് പറയുമെന്നറിയാതെ  തറഞ്ഞു നിന്ന് പോയി പാറു. തിരിഞ്ഞ് അവർക്കിടയിലേക്ക് പോവാനോ തന്റെ വിഷമം അവരെ കാണിക്കാനോ അവൾക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. അതുകൊണ്ട് മുഖം തിരിക്കാതെ തന്നെ അവൾ വിളിച്ചു പറഞ്ഞു.

“ഞാൻ… ദേ.. ആ കാടിന്റെ അപ്പുറത്തേക്ക് നല്ല കോട്ടപ്പഴം ഉണ്ടെന്ന് തോന്നുന്നു… എനിക്ക്… എനിക്ക് കോട്ടപ്പഴം ഭയങ്കര ഇഷ്ട്ടാ… ഞാനൊന്ന് പോയി നോക്കട്ടെ… നിങ്ങൾ സംസാരിച്ചിരിക്ക്…..”

പറയുമ്പോൾ വാക്കുകൾ ഇടറാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു.

“വോ… അല്ലെങ്കിലും കാട്ടു ജാതികൾക്ക് അതിനോടൊക്കെയല്ലേ പ്രിയം തോന്നൂ….”

അവളെയൊന്ന് ചൂടു പിടിപ്പിക്കാനെന്ന പോലെ ശിവയും പറഞ്ഞപ്പോൾ ഒരു വിളറിയ ചിരി മാത്രം പാറുവിൽ

നിന്നുണ്ടായി. മായ അവനെ നോക്കിയൊന്ന് കണ്ണുരുട്ടിയപ്പോൾ തമാശയ്ക്കെന്ന് പറഞ്ഞ് അവൻ അവളെ നോക്കി കണ്ണടച്ചു കാണിച്ചു.

കൂടുതൽ അവിടെ നിൽക്കാൻ ശക്തിയില്ലാത്തത് കൊണ്ട് അവരുടെ ബാക്കി സംസാരങ്ങൾക്ക് കാത് കൊടുക്കാൻ നിൽക്കാതെ പാറു വേഗം തന്നെ അവിടെ നിന്നും കുറെ അപ്പുറത്തെക്കായി കാടിന് അൽപ്പം താഴേക്കുള്ള ആ പാറയിടുക്കിലേക്ക് നടന്നു.
അവിടെ നല്ല മുഴുത്ത കോട്ടപ്പഴങ്ങൾ ഉണ്ടാവുന്ന മരങ്ങൾ തലയുയർത്തി നിന്നിരുന്നു. ലക്ഷ്യം കോട്ടപ്പഴമല്ലെങ്കിലും  അപ്പോൾ അവരുടെ അടുത്ത് നിന്ന് കുറച്ചു ദൂരത്തേക്ക് മാറി നിൽക്കണമെന്നേ പാറുവിനുണ്ടായിരുന്നുള്ളു. മനസ്സ് കൈ വിട്ട്… ചിന്തകളെ സ്വാതന്ത്ര്യത്തോടെ അലയാൻ വിട്ട്… അവൾ ഈ ലോകത്ത് പോലും അല്ലെന്ന മട്ടിൽ എങ്ങോട്ടെന്നില്ലാതെ നടന്നു. അവരിൽ നിന്ന് എത്ര ദൂരത്തേക്ക് ആ കാലടികൾ പിന്നിട്ടുവെന്ന് പോലും അവൾക്കൊരു നിശ്ചയമില്ലായിരുന്നു.

ആ പാറയിടുക്കുകളെയും വൃക്ഷങ്ങളെയും പിന്നിട്ട് പോലും അവൾ മുന്നോട്ടു നടന്നു പോയി. കൂട് വിട്ട് ചിറകിട്ടടിച്ച് പറന്ന അവളുടെ സ്വബോധം അവളിലേക്ക് തന്നെ മടങ്ങിയെത്തിയത് മുന്നിലേക്ക് സഡൺ ബ്രേക്കിട്ട് നിർത്തിയ ജീപ്പിന്റെ കാതടപ്പിക്കുന്ന ഞരക്കം കേട്ടാണ്. അപ്പോൾ പോലും പാതി മയക്കത്തിലെന്ന പോലെയാണ് അവൾ ആ ജീപ്പിന് നേരെ തന്റെ മുഖമുയർത്തി നോക്കിയത്. ചുവന്ന കണ്ണുകളോടെ… അതിലേറെ വഷളൻ ചിരിയോടെ തന്നെ നോക്കി ആർത്തു ചിരിക്കുന്നവനെ കണ്ടപ്പോൾ പാറുവിന്റെ ഹൃദയം നിലച്ചു പോയി. ഒരു രക്ഷയ്ക്ക് വേണ്ടി പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ മാത്രമാണ് അവരുടെ അടുത്ത് നിന്ന് താൻ ഒത്തിരിയിങ്ങോട്ട് പിന്നിട്ടുവെന്ന് അവൾക്ക് ബോധം വന്നത്. കൈ കാലുകൾ വിറച്ചു പോയി…ശരീരം തളർന്നു പോവുന്നത് പോലെ തോന്നിയവൾക്ക്. ഒന്നുറക്കെ നിലവിളിക്കാൻ പോലും ശബ്ദം തൊണ്ടക്കുഴിയിൽ നിന്ന് പുറത്ത് വരാത്തത് പോലെ അവളുടെ തൊണ്ടയിടറി. കണ്ണുകളിൽ ഭയം ഇരച്ചു കയറി. തിരിഞ്ഞോടാൻ മനസ്സ് മന്ത്രിക്കുന്നുണ്ടെങ്കിലും കാലുകൾ അനങ്ങുന്നില്ല.. എന്ത് ചെയ്യുമെന്നറിയാതെ അവൾ ഒന്നാകെ വെട്ടി വിയർത്തു. അപ്പോഴേക്കും വെട്ടുപോത്ത് ഷാജി അവളുടെ അടുക്കലേക്ക് നടന്നെത്തിയിരുന്നു. അവന്റെ കൂട്ടാളികളും

ജീപ്പിൽ നിന്നിറങ്ങി അവളെയൊരു വഷളൻ ചിരിയോടെ നോക്കി നിന്നു. തൊട്ടു തൊട്ടില്ലെന്ന് മട്ടിൽ തനിക്കരികിൽ വന്നു നിൽക്കുന്ന ഷാജി അവളുടെ മുഖത്തേക്ക് മുഖം താഴ്ത്തി താടിയുഴിഞ്ഞു കൊണ്ട് അവളെ ഒട്ടാകെയൊന്ന് നോക്കി.

“എന്താടി.. എന്നെയിവിടെ നീ തീരെ പ്രതീക്ഷിച്ചില്ല അല്ലേ…”

കണ്ണുനീർ അവളുടെ കണ്ണുകളിൽ നിന്ന് പിടഞ്ഞു വീണിരുന്നു. ഭയം കൊണ്ട് ചുണ്ടുകൾ കൂട്ടിയിടിക്കാൻ തുടങ്ങി.

“നീ എന്ത് വിചാരിച്ചെടി എന്നും നിനക്ക് നിന്റെ മറ്റവന്റെ സംരക്ഷണം ഉണ്ടാവുമെന്നോ… അവന്റെ താലി കഴുത്തിൽ വീണെന്ന് കരുതി നീയീ ഷാജിയുടെ കയ്യിൽ നിന്ന് എന്നേക്കുമായി രക്ഷപ്പെട്ടെന്നോ….”

അവൾ കണ്ണുകൾ കൂട്ടിയടച്ചു. നെഞ്ചിൻ കൂട് ഭാരിച്ച് പൊട്ടി പോവുമെന്ന് തോന്നിയവൾക്ക്.

“കാത്തിരിക്കുവായിരുന്നെടി ഈ ഷാജി.. ഇതുപോലൊരു അവസരത്തിനായി കാത്തിരിക്കുവായിരുന്നു ഞാൻ… എന്നെങ്കിലും.. എന്നെങ്കിലും നീയാ മാളിക

വീട്ടിൽ നിന്ന് പുറത്തു കടന്ന്… ഇതുപോലെ… ഒറ്റയ്ക്ക്…. എന്റെ കൈകളിൽ വന്നു വീഴുന്നൊരു നിമിഷം സ്വപ്നം കണ്ടു നടക്കുവായിരുന്നു ഞാൻ……ഒരുപാട് മോഹിച്ചതാ നിന്നെയീ ഷാജി… ഇന്നേ വരെ മോഹിച്ചതൊന്നും സ്വന്തമാക്കാതെ പോയിട്ടില്ല ഞാൻ….. നിന്റെ മറ്റവളെ ഞാൻ തളർത്തിയിട്ടിട്ട് പോലും അവൾ നിന്നെ അവന്റെ കയ്യിലേൽപ്പിച്ചു…..അത് നോക്കി അങ്ങനെയങ്ങ് പിന്മാറാൻ ഷാജിക്ക് ആവോടി… മോഹിച്ചിട്ടുണ്ടെങ്കിൽ അത് ഷാജി സ്വന്തമാക്കിയിരിക്കും….ദേ.. ഇത് അതിനുള്ള അവസരമാണ്… ഒരുത്തനും… ഒരുത്തനും നിന്റെ രക്ഷയ്ക്ക് ഇവിടെയെത്തില്ല…..”

പറഞ്ഞുകൊണ്ട് ഷാജി അവളുടെ മുടിയിൽ പിടിത്തമിട്ടു. അവന്റെ പിടിയിൽ അവളുടെ മുടി വലിയുമ്പോൾ അവളുടെ ജീവനവിടെ പിടച്ചു. മറു കൈ കൊണ്ട് അവളെ തലങ്ങും വിലങ്ങും അവനടിച്ചു. അടി കിട്ടുമ്പോഴും എങ്ങനെയോ ധൈര്യം വീണ്ടെടുത്ത് അവൾ ഉറക്കെ ഒച്ച വെയ്ക്കാൻ നോക്കിയപ്പോഴേക്കും അവന്റെ ബലിഷ്ടമായ കൈകൾ അവളുടെ വായിലമർന്നു. ശ്വാസം പോലും വിടാൻ അനുവദിക്കാതെ മറു കൈ കൊണ്ട് കഴുത്തിലും അമർത്തി

പിടിച്ചപ്പോൾ അവളുടെ കണ്ണുകളിൽ നിന്ന് നോവ് കവിളിനെ പൊള്ളിച്ചിറങ്ങി. അപ്പോഴേക്കും അവന്റെ കൂട്ടാളികൾ അവളുടെ കൈകളും ബന്ധിച്ചിരുന്നു. അവരുടെയെല്ലാം പിടിയിൽ പെട്ട് ഒരല്പം പ്രാണ വായുവിന് വേണ്ടി അവൾ പിടഞ്ഞു. ജീപ്പിലേക്ക് കയറ്റാനായി അവളെ ഷാജി കാലുകളിൽ പൊക്കിയെടുത്ത് മുന്നോട്ട് നടന്നതും പിന്നിൽ നിന്നും പെട്ടെന്നുണ്ടായ ആഘതത്തിൽ അവളിലെ പിടി വിട്ട് അവൻ മുന്നോട്ട് ആഞ്ഞു പോയി. വീണിടത്ത് നിന്ന് തപ്പി പിടിച്ച് തല തിരിച്ചു നോക്കിയപ്പോൾ കണ്ടത് മുന്നിൽ മുഖത്തേയും കൈകളിലെയും ഞരമ്പ് വലിഞ്ഞു മുറുകി കണ്ണിൽ അഗ്നിയെരിഞ്ഞ് കലി തുള്ളി നിൽക്കുന്ന ശിവ.

ഇനി…..ശിവന്റെ സംഹാര താണ്ഡവത്തിനുള്ള സമയമാണ്…

(തുടരും )