The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – മിയ അവ
ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീഴും തോറും മായയുടെ ഓർമ്മകൾ ശിവയെ കൂടുതൽ കൂടുതൽ വരിഞ്ഞു മുറുക്കി കൊണ്ടിരുന്നു. ആ ഓർമ്മകളിൽ പിടഞ്ഞ് നില തെറ്റിയ മനസ്സുമായി എന്നും വീട്ടിലേക്ക് കയറി വരുന്ന മകൻ ശ്രീദേവിയ്ക്കും അടങ്ങാത്ത നോവായി മാറുമ്പോൾ മറുപുറം പാറുവിന്റെ മനസ്സ് ദിനംപ്രതി കല്ലായി മാറുകയായിരുന്നു. കുടിച്ചു തീർക്കാൻ കയ്പ്പുനീര് ഇനിയും ബാക്കിയാണെന്ന കൂട്ട് അവൾ തന്റെ മനസ്സിനെ പാകമാക്കി കൊണ്ടിരിക്കുകയായിരുന്നു. മുന്നിൽ തനിക്കായ് എണ്ണപ്പെട്ടിട്ടുള്ള ദിനങ്ങൾ ഒന്നൊന്നായി അടർന്നു വീഴുമ്പോൾ അവളുടെ മനസും എന്തിനെയും സ്വീകരിക്കാനാവും വിധം കൂടുതൽ ദൃഡമായി കൊണ്ടിരുന്നു. ഇന്ന് മാറും നാളെ മാറും എന്ന പ്രതീക്ഷയിൽ കഴിഞ്ഞിരുന്ന ബാക്കിയുള്ളവർക്കും ആശ്വാസിക്കാനായി പോലും മാറ്റത്തിന്റെ ഒരു നുറുങ്ങു വെട്ടം പാറുവിന്റെയും ശിവയുടെയും ദാമ്പത്യ ജീവിതത്തിൽ ഉണ്ടായില്ല എന്നത് തന്നെയാണ് സത്യം.
ശിവയുടെ താലിയിൽ കുരുക്കപ്പെട്ട പാറുവിന്റെ ജീവിതം മൂന്നു മാസങ്ങൾ പിന്നിട്ട് നാലാം മാസത്തിന്റെ പിറവിയ്ക്ക് സാക്ഷ്യം വഹിക്കുമ്പോൾ കണിയോത്ത് വീട് അന്നുണർന്നത് ശിവയുടെ കാതടപ്പിക്കുന്ന അലർച്ചയോടെയാണ്. അന്നത്തെ ദിവസം അത് പ്രതീക്ഷിച്ചെന്ന പോലെ ആ അലർച്ചയിൽ അവിടുത്തെ ഓരോ ഹൃദയവും കണ്ണീർ വാർത്തു. ശിവയുടെ റൂമിന്റെ ചുവരുകൾക്കപ്പുറം പാറു ആ അലർച്ചയിലും നിർവികാരതയോടെ ഇരുന്നു. അവന്റെ റൂമിലെ സാധനങ്ങൾ ഓരോന്നായി താഴെ വീണുടയുന്നതിന് ആ വീട് പോലും മൂക സാക്ഷിയായി. ഹൃദയം തകർന്ന്…സമനില തെറ്റിയുള്ള ശിവയുടെ ആർത്തിരമ്പൽ ആ മുറിയിൽ നിന്നും പാറുവിന്റെ മുറിയിലേക്ക് അധിക സമയം വേണ്ടി വന്നില്ല…
ചുമരിൽ ചാരി താഴെ വെറും നിലത്തേക്ക് ഊർന്നിരിക്കുന്ന പാറുവിനെ കണ്ടതും ശിവയുടെ കണ്ണുകളിൽ അഗ്നിയെരിഞ്ഞു. കോപത്തിന്റെ തള്ളി കയറലിൽ കൈ മുഷ്ടി മുറുകി…കാറ്റു പോലെ അവൻ പാറുവിന്റെ അടുത്തേക്ക് ആഞ്ഞടത്തു.
“ഡീ……”
ഇടിയൊച്ച പോലെ ഗാഭീരമാർന്ന ആ വിളിയിൽ പാറു ഇരുന്ന ഇരുപ്പിൽ ഒന്ന് തുള്ളി പോയി. തല അവനു നേരെ ചരിയ്ക്കും മുന്നേ തന്നെ അവൻ അവൾക്കരികിൽ എത്തിയിരുന്നു. നിർഭയത്തോടെ തന്നെ നോക്കി ഇരിക്കുന്നവളെ കണ്ടപ്പോൾ അവന്റെ കൈകൾ അവളുടെ മുടിയിൽ പിടിത്തമിട്ടു. സർവ്വ ശക്തിയിൽ ആ മുടിയിഴകളിൽ പിടിച്ചവൻ ആഞ്ഞു വലിച്ചു. ആ വലിയിൽ അവൾ നിലത്തേക്ക് മലർന്ന് കിടന്നു പോയി. തലമുടി മുറുകിയതിന്റെ വേദന അവളുടെ കണ്ണുകളിലൂടെ പുറത്തേക്ക് ചാടി. എങ്കിലും കണ്ണടച്ച് തന്നെ അവൾ തന്റെ പ്രതിഷേധം കാണിച്ചു.
“ഓർക്കുന്നുണ്ടോടി ഇന്നത്തെ ദിവസം നീ… എന്റെ എല്ലാം സ്വപ്നങ്ങളും തകർന്നടിഞ്ഞ… നീ തല്ലി തകർത്ത ഇന്നത്തെ ദിവസം ഓർക്കുന്നുണ്ടോ നീ…..”
ഒരു നേർത്ത നിശ്വാസം പോലും അവളിൽ നിന്നും പുറത്തേക്ക് വന്നില്ല. അവളിലെ നിസംഗ ഭാവം അവനിലെ ദേഷ്യം ഇരട്ടിപ്പിച്ചു.
മുടിയിലെ പിടിത്തം വിട്ട് അവൻ ആ കൈ കൊണ്ട് അവളുടെ കഴുത്തിൽ മുറുക്കി. അവൾ ഒന്ന് ശ്വാസം ആഞ്ഞു വലിക്കാൻ ശ്രമിച്ചു… എന്നാൽ അതേ മുറുക്കത്തോടെ തന്നെ അവൻ അവളുടെ തല പൊക്കി ചുവരിലേക്ക് അമർത്തി.
“സ്വന്തം കൂടപ്പിറപ്പിനെ പോലെയല്ലെടി അവൾ…. എന്റെ മായ നിന്നെ സ്നേഹിച്ചത്…എന്നോട് പോലും അവൾ പലപ്പോഴും വഴക്കിട്ടത് നിനക്ക് വേണ്ടിയല്ലായിരുന്നോ… എന്നിട്ടും… എന്നിട്ടും നീ അവളെ കൊണ്ട് പോയി കുരുതി കൊടുത്തല്ലോടി… തളർത്തി കളഞ്ഞല്ലോടി അവളെ… ഞങ്ങടെ.. ഞങ്ങടെ സ്വപ്നം.. ജീവിതം.. എല്ലാം നീ നശിപ്പിച്ചില്ലേ…..”
പാറ പോലെ ഉറപ്പിച്ചിരുന്നിട്ട് കൂടി ആ വാക്കുകൾ അവളുടെ മനസ്സിന്റെ ഭിത്തികളിൽ കോലിളക്കം സൃഷ്ടിച്ചു. പറയിടുക്കിൽ വിള്ളൽ വീണ പോലെ കണ്ണീർ ചീളുകൾ അവളുടെ കണ്ണുകളിൽ നിന്നും താഴേക്ക് അടർന്നു.
“ഹും.. കരയുന്നോടി…എന്തിനാ…ആരെ കാണിക്കാനാ ഈ മുതലക്കണ്ണീർ.. എന്നെയോ…ഇത് കണ്ട് ഞാൻ അലിഞ്ഞു പോവുമെന്ന് കരുതിയോ നീ….ഈ കണ്ണുനീർ കാണിച്ചല്ലേ നീ അവളെ…..”
പറഞ്ഞു തീരലും അവന്റെ വലം കൈ അവളുടെ ഇരു കവിളിലും മാറി മാറി പതിഞ്ഞു. കണ്ണുകൾ കൂട്ടിയടച്ച് പാറു വേദനയെ അമർത്തി പിടിച്ചു.
“പറയെടി…നിന്റെ ഈ കണ്ണീരു കൊണ്ട് എനിക്കെന്റെ ജീവിതം തിരിച്ചു കിട്ടോ… എന്റെ മായയെ എനിക്ക് പഴയ പോലെ കിട്ടോ…ഇതാ… നിന്റെയീ കണ്ണുനീരാണ് എന്റെ മായയെ എനിക്ക് നഷ്ട്ടമാക്കിയത്… നിനക്ക് വേണ്ടിയാണ് അവൾ അന്ന്…..”
അവന് തന്റെ ദേഷ്യത്തെ പിടിച്ചു നിർത്താൻ കഴിയുന്നുണ്ടായിരുന്നില്ല. കഴുത്തിൽ മുറുക്കെ പിടിച്ചു തന്നെ അവൻ അവളെ മുകളിലേക്ക് ഉയർത്തി.. ആ പിടിത്തത്തോടെ തന്നെ അവളെ അവിടെ ബെഡിലേക്ക് അവൻ ആഞ്ഞു തള്ളി.
“അധിക കാലം ഇവിടെ എന്റെ ഭാര്യയായി സുഖിച്ചു കഴിയാമെന്ന് നീ വിചാരിക്കണ്ട… മൂന്നു മാസം… ഇനി വെറും മൂന്നു മാസം കൂടിയേ നിനക്കീ വീട്ടിൽ സ്ഥാനമുള്ളു… ആ മൂന്നു മാസം നരകിക്കും നീ.. എന്റെ കാൽച്ചുവട്ടിൽ കിടന്നു നരകിച്ചു തീരും നീ.. ശിവയാ പറയുന്നത്…. ഓർത്തോ….”
അവൾക്ക് നേരെ വിരൽ ചൂണ്ടി ദഹിപ്പിക്കുന്ന നോട്ടത്തോടെ അത്രയും പറഞ്ഞ് അവൻ വന്ന പോലെ വേഗത്തിൽ വാതിൽ വലിച്ചടച്ച് ആ മുറി വിട്ട് പുറത്തു പോയി.
ഉള്ളിലെരിയുന്ന കനൽ അവിടെയിരുന്നാൽ അണയില്ലെന്ന് കണ്ട് കാറിന്റെ ചാവി തപ്പി പിടിച്ചെടുത്ത് അവൻ പുറത്തേക്കിറങ്ങി. സ്റ്റെയർ ഇറങ്ങി വരുന്ന ശിവയെ ഭയത്തോടെയാണ് ശ്രീദേവിയും മറ്റും നോക്കി നിന്നത്. കലങ്ങി മറിയുന്ന മനസ്സുമായുള്ള അവന്റെ പോക്ക് കണ്ട് ആ അമ്മയുടെ ഉള്ളിൽ ആധി കയറി. പേടിയോടെയാണെങ്കിലും അവരുടെ ഉള്ളിലെ ആശങ്ക അവന്റെ പോക്കിന് തടസ്സമായി പുറത്തേക്ക് വന്നു.
“മോനെ ശിവ.. എവിടെക്കാടാ… മോനെ… അമ്മ പറയുന്നേ കേൾക്ക് കുഞ്ഞാ… ഇന്ന്.. ഇന്നെന്റെ കുട്ടി പുറത്തേക്ക് പോവണ്ട… ഈയൊരു അവസ്ഥയിൽ വണ്ടിയെടുത്ത് നീ പുറത്തു പോയാൽ ഇവിടുള്ളവർക്ക് ഒരു സമാധാനവും കിട്ടില്ല മോനെ…..”
ചാവിയുമായി കാർ പോർച്ചിലേക്ക് ഇറങ്ങിയ ശിവ ശ്രീദേവിയുടെ കരച്ചിലോടെയുള്ള വാക്കുകളിൽ ഒന്ന് തിരിഞ്ഞു നിന്നു. ഒട്ടും പതറാതെ അവരുടെ കണ്ണുകളിലേക്ക് നോക്കി അവൻ ചോദിച്ചു
“ഇല്ല.. പോവുന്നില്ല.. ഇവിടെ ഇരിക്കാം ഞാൻ… പക്ഷെ.. പക്ഷെ അമ്മയ്ക്ക് ഉറപ്പ് തരാൻ പറ്റോ.. ഈ പറയുന്ന സമാധാനം എനിക്ക് ഇവിടെ ഇരുന്നാൽ കിട്ടുമെന്ന്… പൊട്ടി ചിതറി പോയ എന്റെ ജീവിതം പഴയത് പോലെ എനിക്ക്… എനിക്ക് തിരിച്ചു കിട്ടുമെന്ന്… എന്റെ ഉള്ളിലെ തീ അണയ്ക്കാൻ പറ്റുമെന്ന്…..”
മറു വാക്കുകൾ ഇല്ലാതെ ഉറക്കെ.. ഉറക്കെ പൊട്ടി കരഞ്ഞു പോയി ആ അമ്മ. ആ കരച്ചിലിനെ കണ്ടിട്ടും ഗൗനിക്കാതെ അവൻ കാറിൽ കയറി അതി വേഗത്തിൽ തന്നെ ഓടിച്ചു അവിടുന്ന് പോയി. നെഞ്ചിൽ കൈ ചേർത്ത് ആ പോക്കും നോക്കി മൂന്നു ഹൃദയങ്ങൾ അവിടെ നിന്നും കണ്ണീർ പൊഴിച്ചു.
മുകളിൽ ബെഡിലേക്ക് വീണു കിടക്കുന്ന പാറുവിന്റെ കണ്ണിൽ നിന്നും തോരാ മഴ പോലെ ചുടു നീരൊഴുകി. ഒത്തിരിയേറെ കിടന്നപ്പോൾ തലയ്ക്കു എന്തോ ഭാരം തോന്നി അവൾ പയ്യെ ബെഡിൽ എഴുന്നേറ്റ് ഇരുന്നു. അവിടെ കിടന്ന തലയിണയെടുത്ത് ബെഡിന്റെ തലയ്ക്കലേക്ക് ചായ്ച്ചു വെച്ച് അവൾ അതിലേക്ക് അമർന്നു. അടി കൊണ്ട് വീങ്ങിയ കവിൾത്തടം ചുവന്നു തുടുത്തിരുന്നു. നീര് തളം കെട്ടി നിന്ന് ഭാരിച്ച മിഴിയിണകൾ അവിടെ ആ ഭിത്തിയിലെ തൂങ്ങി കിടന്ന കലണ്ടറിൽ പോയി പതിഞ്ഞു. അതിലെ ജൂലൈ 4 എന്ന ഡേറ്റിലേക്ക് നോക്കി നിൽക്കവേ അറിയാതെ….ഏതോ ഓർമ്മയെ ചികയാനെന്ന പോൽ ആ കളണ്ടറിന് അടുത്തായി ഫ്രെയിം ചെയ്തു വെച്ച പൂമോട്ടു പോലുള്ള പല്ലുകൾക്കിടയിലൂടെ വിടർന്നു ചിരിക്കുന്ന അവളുടെ മായേച്ചിയുടെ ആ തേജസ്സുറ്റ മുഖത്തിലങ്ങനെ കൊരുത്തു കിടന്നു.
🍁🍁🍁🍁🍁🍁
“പാർവതി…”
തന്റെ ടേബിളിന് മുകളിലുള്ള ചെയ്തു തീർത്ത ഫയലുകൾ ഓരോന്നായി ഓർഡർ അനുസരിച്ചു കെട്ടി വെച്ച് അവിടം ക്ലിയർ ആക്കുന്നതിനിടയിലാണ് ശിവയുടെ ശാന്തമായുള്ള ആ വിളി പാറു കേട്ടത്. അവൾക്ക് അന്ന് ആ വിളിയിൽ വലിയ അത്ഭുതം ഒന്നും തോന്നിയില്ല. കാരണം അന്ന് തന്റെ പിറന്നാൾ ദിവസം അവർ ഒരുമിച്ചുണ്ടായിരുന്ന ആ നല്ല നിമിഷങ്ങൾക്ക് ശേഷം ഇപ്പോ ശിവയ്ക്ക് തന്നോടുള്ള പെരുമാറ്റത്തിൽ നല്ല മാറ്റം കുറച്ചു ദിവസങ്ങളായി പാറു ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. പണ്ടത്തെ പോലെ എന്തിനും ഏതിനും തന്നെ കടിച്ചു കീറാൻ വരുന്ന ആ പഴയ സ്വഭാവമൊക്കെ കുറെ മാറിയിട്ടുണ്ട്. വളരെ സൗമ്യമായി തന്നെയാണ് തന്നെ ഇപ്പോൾ ഓരോ കാര്യങ്ങൾ ഏല്പിക്കുന്നതും ഇടപഴകുന്നതും എല്ലാം. അവൻ വിളിച്ചത് കേട്ട് സന്തോഷത്തോടെ തന്നെ അവൾ വിളി കേട്ടു.
“ഹാ.. എന്താ സർ…”
“തന്റെ വർക്ക് ഒക്കെ കഴിഞ്ഞോ…”
“മ്മ് . ഏതാണ്ട് ഒക്കെ.. ഇനി ദേ.. ഇതുടി ഒന്ന് ഒതുക്കി വെച്ചാൽ എല്ലാം ആയി.. എന്താ സർ ചോദിച്ചത്….”
“ഹ… അതുടി ഒതുക്കി വെച്ചിട്ട് താൻ ഒന്ന് എന്റെ ക്യാമ്പിനിലേക്ക് വാ കേട്ടോ…ഒരു അത്യാവശ്യ കാര്യം ഉണ്ട് …..”
“ഓഹ്… ഓക്കേ സർ..ഞാൻ വരാം…”
ശിവ പോയതും പാറു വേഗം തന്നെ അവിടുത്തെ ഫയലുകൾ എല്ലാം ഒതുക്കി പെറുക്കി അവിടെ ക്ലീൻ ആക്കിയതിനു ശേഷം വേഗം അവന്റെ ക്യാബിനിലേക്ക് പോയി. മായ എന്തോ അത്യാവശ്യം ഉണ്ടായിട്ട് ഇന്ന് നേരത്തെ ഓഫീസിൽ നിന്ന് പോയിരുന്നു. ആ സമയത്താണ് ശിവ പാറുവിനെ ക്യാമ്പിനിലേക്ക് വിളിപ്പിച്ചത്.
അവൾ അവിടെ എത്തി ഡോറിന് മുട്ടിയപ്പോൾ അവൻ ചെവിയിൽ ഇയർ ഫോൺ വെച്ച് ഏതോ പാട്ടിന്റെ ഈണത്തിൽ മുഴുകി ഇരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ അവൾ വന്നു ഡോർ മുട്ടിയത് അവൻ അറിഞ്ഞതേ ഇല്ല. മൂന്നാല് തവണ മുട്ടിയിട്ടും ഒരു അനക്കവും കാണാഞ്ഞ് പാറു മെല്ലെ ഡോർ തുറന്നു നോക്കി. നോക്കിയപ്പോൾ ദേ ആശാൻ ഫോണിലെ പാട്ടും കേട്ട് ആസ്വദിച്ചു ചെയറിൽ ഇരുന്നു കറങ്ങുന്നു. അവൾക്ക് ഉള്ളിൽ ചിരി പൊട്ടിയെങ്കിലും വിദഗ്ദമായി അത് ഒളിപ്പിച്ച് അവൾ ഉള്ളിലേക്ക് കയറി അവന്റെ മുന്നിലായി വന്നു നിന്ന് ടേബിളിൽ രണ്ടു കൊട്ട് കൊട്ടി. അപ്പോഴാണ് മുന്നിൽ വന്നു നിൽക്കുന്ന അവളെ അവൻ ശ്രദ്ധിച്ചത്.
“ഒഹ്.. സോറി.. ഞാൻ അറിഞ്ഞില്ല താൻ വന്നത്…”
“ഇട്സ് ഓക്കേ സർ.. ഞാൻ കുറെ തവണ ഡോറിൽ മുട്ടിയിരുന്നു… ഒന്നും പറയാത്തത് കണ്ടാ ഉള്ളിലേക്ക് കയറിയത്… സോറി…”
“ഏയ്.. നോ പ്രോബ്ലം… താൻ ഇരിക്ക്…”
“ഓക്കേ സർ…”
കുറച്ചു നേരം അവൻ ഒന്നും മിണ്ടിയില്ല. പിന്നെ അവളെ നോക്കിയൊന്ന് ചിരിച്ചു കൊണ്ട് കുറച്ചു കൂടി ചെയർ മുന്നിലേക്ക് വലിച്ച് അവൾക്ക് അഭിമുഖമായി ഇരുന്നു.
“സീ.. എനിക്ക് ഇത് തന്നോട് എങ്ങനെ പറയണം അറിയില്ല… പക്ഷെ ഇവിടുത്തെ ബാക്കി സ്റ്റാഫിനെക്കാൾ എന്റെയും മായയുടെയും റിലേഷനും ബോണ്ടും ഒക്കെ നന്നായി അറിയുന്നത് തനിക്കല്ലേ… അതോണ്ട് തന്നോട് ചോദിക്കാന് കരുതി….”
“എന്ത്.. എന്താ സർ ചോദിക്കാനുള്ളത്..ധൈര്യം ആയിട്ട് ചോദിച്ചോളൂ….”
“അത്.. വേറൊന്നും അല്ല..എനിക്ക്.. എനിക്ക് തന്റെ ഒരു ഹെല്പ് വേണം നാളെ….”
“ഹെൽപ്പോ.. എന്ത് ഹെല്പ്… ഞാൻ എന്താ സർ ചെയ്യേണ്ടത്…”
“ഞാൻ പറയാം.. അതിന് മുൻപ് നാളത്തെ പ്രത്യേകത എന്താ അറിയോ തനിക്ക്…”
“നാളെയോ… നാളെ എന്താ പ്രത്യേകിച്ച്….”
“ഹാ.. എനിക്ക് തോന്നി അറിഞ്ഞു കാണില്ലെന്ന്… നാളെ തന്റെ മാഡത്തിന്റെ.. ഒഹ് സോറി… ഇപ്പോ മാഡം അല്ലല്ലോ.. ചേച്ചിയല്ലേ തനിക്കവൾ .”
ആ ചോദ്യത്തിൽ അവനെ പോലെ അവളും ചിരിച്ചു.
“അപ്പൊ തന്റെ ചേച്ചിയുടെ ബർത്ത് ഡേ ആണ് നാളെ….”
“ആഹാ.. ശരിക്കും….”
“അതേടോ…”
“അത് ശരി..നാളെ ജൂലൈ 4… ഒഹ് ഗോഡ്…എന്നിട്ട് ഒരു സൂചന പോലും തന്നില്ലല്ലോ ചേച്ചി..”
“ആ.. അവൾ അങ്ങനെ തന്നാ..അവൾക്ക് എപ്പോഴും അങ്ങോട്ട് സർപ്രൈസ് കൊടുക്കുന്നതാ ഇഷ്ട്ടം…നാളെ വീട്ടിൽ പാർട്ടി വെച്ച് നിന്നെ അങ്ങോട്ട് വിളിച്ച് സർപ്രൈസ് ആക്കണം പറഞ്ഞിരിക്കുവാ അവൾ…”
“ഓഹോ… അത് കൊള്ളാലോ…”
“മ്മ്..പക്ഷെ ഞാൻ അവളുടെ ആ പ്ലാൻ പൊളിച്ച് നമ്മൾക്ക് രണ്ടാൾക്കും കൂടി അവൾക്കൊരു സർപ്രൈസ് കൊടുത്താലോന്ന് ആലോചിക്കുവാ…എന്താ താൻ കൂടെ നിൽക്കില്ലേ….”
“ഹാ.. എന്ത് ചോദ്യമാ സാറെ ഇത്.. ചേച്ചിയ്ക്ക് സർപ്രൈസ് കൊടുക്കുന്ന കാര്യത്തിൽ ഞാൻ കൂടെ നിൽക്കാതെ ഇരിക്കോ… സർ ഇപ്പോ പറഞ്ഞത് പോലെ മാഡം അല്ലല്ലോ ചേച്ചിയല്ലേ എനിക്ക് എന്റെ….”
“മ്മ്.. അതുകൊണ്ടാ ഇതിന് നിന്നെ തന്നെ ഞാൻ വിളിച്ചത്….”
“നൈസ്… അതെന്തായാലും നന്നായി… നമ്മൾ ഇത് പൊളിക്കും സർ….പോരെ…”
“മതി.. ധാരാളം….”
അതും പറഞ്ഞ് രണ്ടു പേരും മുഖത്തോട് മുഖം നോക്കി ചിരിച്ചു.
“ഹാ.. അപ്പൊ സർ പ്ലാൻ പറ… ഞാൻ എന്താ ചെയ്യേണ്ടത്….”
(തുടരും )