രചന : ശ്രീനിധി
“ഏട്ടൻ ഇത് എങ്ങോട്ടാ………. ” ഋഷി ചോദിച്ചു. ഞാൻ അവനെ ഒന്ന് കണ്ടിട്ട് വരാം…… ആ അദ്രിയെ……..അവനല്ലോ എല്ലാത്തിനും മൂലകാരണം ” ആദി പറഞ്ഞു.” വല്യമ്മ പറയുന്നത്കേട്ട് തുള്ളാൻ നിൽക്കുവാണോ ഏട്ടൻ, ഇവിടുന്ന് അദ്രിയേട്ടൻ വന്ന് ചേച്ചിയെ എങ്ങോട്ടാ കൊണ്ടുപോകാനാണ്, ചുമ്മാ ദേഷ്യത്തിന്റെ പുറത്ത് ഓരോന്ന് കാണിക്കാതെ ഇപ്പോ ചേച്ചിയെ കണ്ടുപിടിക്കാൻ നോക്കാം ” ഋഷി പറഞ്ഞു, ഋഷി പറയുന്നത് കേൾക്ക് ആദി, എത്രയും പെട്ടെന്ന് നേത്ര എവിടെയാണെന്ന് അന്വേഷിക്ക് ” വേണു പറഞ്ഞു.
അവര് സംസാരിച്ച് നില്കുമ്പോഴാണ് മുറ്റത്ത് ഒരു ഓട്ടോ വന്ന് നിന്നത്,ആരായിരിക്കും വന്നതെന്ന് അറിയാൻ എല്ലാവരും അക്ഷമയോടെ നോക്കി നിന്നു.
ഒരു വേള അത് നേത്രയായിരിക്കണേ എന്ന് എല്ലാവരും ആഗ്രഹിച്ചുപോയി.പക്ഷെ അവരുടെ ആഗ്രഹങ്ങളെയും പ്രീതിക്ഷകളെയും കാറ്റിൽ പറത്തിക്കൊണ്ട് രാധാമണി ഓട്ടോയിൽ നിന്ന് ഇറങ്ങി.ഓട്ടോക്കാരന് കാശ് കൊടുത്ത ശേഷം രാധാമണി മുന്നിലേക്ക് നടന്നു.
” ഇത് എന്തുപറ്റി എല്ലാവരും കൂടി ഇവിടെ നിൽക്കുന്നത് ” ചെരുപ്പ് വെളിയിൽ അഴിച്ചു വച്ച് രാധാമണി ഉമ്മറത്തേക്ക് കയറി.നേത്രയേ പ്രതീക്ഷിച്ചടത്ത് രാധാമണിയെ കണ്ട ഷോക്കിലായിരുന്നു എല്ലാവരും.” എന്തുപറ്റി എല്ലാരും എന്നെ എന്താ ഇങ്ങനെ നോക്കുന്നത്, ഇതുവരെ കണ്ടിട്ടില്ലാത്ത പോലെ ” രാധാമണി ചോദിച്ചു.
രാധാമണിയുടെ ചോദ്യങ്ങൾക്ക് ആരും തന്നെ മറുപടി പറഞ്ഞില്ല, മറുപടി പറയാൻ പറ്റുന്ന ഒരു സാഹചര്യത്തിലായിരുന്നില്ല അവര് ഇന്ന് നീരവ് മരിച്ചിട്ട് 4 വർഷമായി, ഞാൻ അമ്പലത്തിൽ പോയിട്ട് വരുന്ന വഴിയാണ്,നേത്ര മോള് എവിടെ, ഇന്ന് അമ്പലത്തിൽ ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു, കാണാത്തത്കൊണ്ടാണ് ഞാൻ ഇങ്ങ് വന്നത്, ഇന്നലെ കല്യാണം കഴിഞ്ഞ വീടല്ലേ ഇവിടെയും തിരക്കുകൾ ഉണ്ടാവും, അതുകൊണ്ട് മോൾക്ക് വരാൻ പറ്റാത്തതാവുമെന്ന് എനിക്ക് തോന്നി” രാധാമണി എല്ലാവരോടുമായി പറഞ്ഞു.
” മാഷേ ഇന്നലെ ഞാൻ വ്രതത്തിൽ ആയിരുന്നു അതാ കല്യാണത്തിന് വരാഞ്ഞത്, മാഷ് കല്യാണം വിളിക്കാൻ വന്നപ്പോ ഞാൻ പറഞ്ഞിരുന്നില്ലേ,
ഞാൻ ജീവനോടെ ഉള്ളത് വരെ കണ്ണന്റെ കാര്യങ്ങൾക്ക് ഒരു കുറവ് വരാൻ പാടില്ലെന്ന് എനിക്ക് നിർബദ്ധമുണ്ട് ” രാധാമണി വേണുവിനോട് പറഞ്ഞു. ഇതാണല്ലേ ഋഷിയുടെ കുട്ടി………ശിവ…… അങ്ങനെ അല്ലേ കുട്ടീടെ പേര്, മോള് പറഞ്ഞ് എനിക്ക് അറിയാട്ടോ” രാധാമണി ശിവയുടെ അടുത്തേക്ക് ചെന്നു.അല്ല എന്താ എല്ലാവരും ഇങ്ങനെ നിൽക്കുന്നേ, ഞാൻ വന്നതുമുതൽ ഓരോന്ന് പറയുന്നു, ഇവിടെ ആരും ഒന്നും മിണ്ടുന്നില്ല, എന്താ പറ്റിയെ, നേത്ര എവിടെ ” രാധാമണി ചോദിച്ചു.
എല്ലാവരുടെയും മുഖത്തെ ഭാവങ്ങൾ അവർക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.ഉമ്മറത്തെ കസേരയിൽ തളർന്നിരിക്കുന്ന ശ്രീജയുടെ അടുത്തേക്ക് രാധാമണി ചെന്നു.എന്താ ശ്രീജയെ……… എന്താ പറ്റിയെ…… ശ്രീജ എന്തിനാ ഇങ്ങനെ വിഷമിച്ചിരിക്കുന്നത്, മോള് എവിടെ ” രാധാമണി തിരക്കി.നേത്ര ഇവിടെ ഇല്ല ” ജലജ പറഞ്ഞു. ഇവിടെ ഇല്ലേ……… നേത്ര പിന്നെ എവിടെ പോയി ” രാധാമണി ചോദിച്ചു.
അറിയില്ല…….. ഇവിടെ ആർക്കും അറിയില്ല” ജലജ പറഞ്ഞു.
” അറിയില്ലെന്നോ………. ഇവര് എന്തൊക്കെയാണ് ഈ പറയുന്നത്, എന്താ ഉണ്ടായത്…..?മോള് പിന്നെ എവിടെ പോവാനണ് ” രാധാമണി ചോദിച്ചു എന്താ ഉണ്ടായതെന്ന് ഞാൻ പറയാം ” ഷീല പറഞ്ഞു.രാധാമണി എല്ലാവരുടെയും മുഖത്തേക്ക് നോക്കി.എന്നിട്ട് ഷീല പറയുന്നത് കേൾക്കാൻ കാതോർത്തു.ഇന്നലെ മുതൽ നടന്നതൊക്കെ ഷീല രാധാമണിയോട് വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കേൾപ്പിച്ചു.ഈ വീട്ടിൽ നിന്ന് എന്റെ കുട്ടി എങ്ങോട്ടാണ് പോയതെന്ന് നിങ്ങൾക്ക് ആർക്കും അറിയില്ലേ, ഇത്രയും നേരമായിട്ടും അവൾ എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പറഞ്ഞാൽ എന്താ അതിന്റെ അർത്ഥം ” എല്ലാം കേട്ട് കഴിഞ്ഞ് രാധാമണി എല്ലാവരോടുമായി ചോദിച്ചു.
“ചേച്ചി പോവാറുള്ള സ്ഥലങ്ങളിലൊക്കെ അന്വേഷിച്ചു, പക്ഷെ ചേച്ചി അവിടെ എങ്ങും ഇല്ല, ഇനി അന്വേഷിക്കാൻ ഒരിടവും ബാക്കിയില്ല” ഋഷി പറഞ്ഞു. ഞങ്ങള് കംപ്ലയിന്റ് കൊടുക്കാൻ സ്റ്റേഷനിലേക്ക് പോവായിരുന്നു ” ആദി പറഞ്ഞു.
ഈശ്വരാ………. ഈ കുട്ടി ഇത് എവിടെ പോയിട്ടുണ്ടാവും, അമ്പലത്തിൽ കാണാഞ്ഞപ്പോ തന്നെ എനിക്ക് എന്തോ പന്തികേട് തോന്നിയിരുന്നു, അല്ലെങ്കിൽ കണ്ണന്റെ ഒരു കാര്യങ്ങളും അവള് മുടക്കാറില്ല” രാധാമണി പറഞ്ഞു.
” ഇന്നലെ മുതൽ എന്റെ കുട്ടി സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല, മനസ്സ് മടുത്ത അവസ്ഥയിലായിരുന്നു, ഒന്ന് ഒറ്റക്ക് ഇരുന്നാൽ ഉള്ളിലെ ഭാരം കുറയുമെന്ന് കരുതിട്ടാണ് ഇന്നലെ ഒറ്റക്ക് വിട്ടത്, ഇതിപ്പോ എങ്ങോട്ടാ പോയി, ഇവിടെയുണ്ടെന്നപോലും അറിയില്ലല്ലോ ” ശ്രീജ കരച്ചിലിന്റെ വക്കിൽ എത്തി.
ആദി………ഇനി ഒന്നും നോക്കണ്ട സ്റ്റേഷനിലേക്ക് ചെല്ല്, ഇനിയും വൈകിപ്പിക്കണ്ട ” സുരേഷ് പറഞ്ഞു.ഏട്ടാ വാ നമുക്ക് പോവാം ” ഋഷി ആദിയുടെ തോളിൽ പിടിച്ചുഅപ്പോഴേക്കും അദ്രിയുടെ കാർ വീടിന്റെ കോമ്പൗണ്ടിലേക്ക് വന്നുനിന്നു.
ഡ്രൈവിംഗ് സീറ്റിൽ നിന്നും അദ്രി ഇറങ്ങിയതും എല്ലാവരും അമ്പരപ്പോടെ അവനെ നോക്കി.
എല്ലാവരെയും ഒന്ന് നോക്കിയ ശേഷം അദ്രി മറുവശത്തേക്ക് നടന്ന് ചെന്ന് കോ ഡ്രൈവിംഗ് സീറ്റ്ന്റെ ഡോർ തുറന്നു.
അദ്രിയുടെ കാറിൽനിന്ന് ഇറങ്ങുന്ന നേത്രയേ കണ്ടതും എല്ലാവർക്കും ആശ്വാസമായി.
ശ്രീജ ഉമ്മറത്തുനിന്ന് ഇറങ്ങി നേരെ നേത്രയുടെ അടുത്തേക്ക് ചെന്ന് അവളെ തന്നോട് ചേർത്ത് പിടിച്ചു.നേത്ര അദ്രിയെ ഒന്ന് നോക്കിയ ശേഷം ശ്രീജയോടൊപ്പം അകത്തേക്ക് നടന്നു.അദ്രി ഡോർ അടച്ച് മുന്നിലേക്ക് നടന്നതും ആദി അവന്റെ അടുത്തേക്ക് ചെന്നു.”വന്ന് വന്ന് നിന്റെ തോന്ന്യാസം എന്റെ വീടിന്റെ പടിക്കൽ വരെ എത്തി അല്ലേ,ഇത്രയും സമയം ഞങ്ങള് അവളെ കാണാതെ തീ തിന്നുവായിരുന്നു, നീ അവളെ എങ്ങോട്ടാ കൊണ്ടുപോയെ”
ആദി ചോദിച്ചു.
” എന്തെങ്കിലും അറിയാൻ ഉണ്ടെങ്കിൽ അത് അവിടെ, പെങ്ങളോട് ചോദിക്ക് ” ആദിയോട് അത്രയും പറഞ്ഞ് അദ്രി വണ്ടിയിലേക്ക് കയറാൻ ഒരുങ്ങിയതും ആദി അവന്റെ മുന്നിൽ കയറി നിന്നു.
നീ ഇതിന് മറുപടി പറയാതെ എങ്ങോട്ടും പോകില്ല, ഇന്നലെ മുതൽ സഹിക്കുന്നതാണ് നിന്റെ ഈ അഹങ്കാരം, നീ എന്താ കരുതിയെ അവൾക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്നോ ” ആദി ചോദിച്ചു.”ഓഹോ ……. അവൾക്ക് ചോദിക്കാനും പറയാനും ആളുകളൊക്കെ ഉണ്ടായിരുന്നോ…….?
എന്നിട്ട് ഈ ആളുകളെ ഒന്നും ഇന്നലെ കണ്ടില്ലല്ലോ, സ്വന്തം പെങ്ങളെ അത്രയും പേരുടെ മുന്നിൽ വച്ച് ദാ ആ നിൽക്കുന്നവരൊക്കെ അപമാനിച്ചപ്പോൾ, ചോദിക്കാനും പറയാനുംആരെയുംകണ്ടില്ലല്ലോ,അപ്പോ എന്ത്പറ്റി പ്രതികരണശേഷി നഷ്ടപ്പെട്ട്പോയോ” അദ്രി ചോദിച്ചു.
” എടാ നിന്നേ ഞാൻ……. “ആദി അദ്രിയെ അടിക്കാൻ കൈ ഉയർത്തിയതും അദ്രി ആ കൈയിൽ കയറി പിടിച്ചു.ഇന്നലെ നിന്റെ കൈ എന്റെ നേരെ പൊങ്ങിയപ്പോൾ ഞാൻ പ്രതികരിക്കാതിരുന്നത് എന്റെ ഭാഗത്ത് തെറ്റ് ഉണ്ടായിരുന്നതുകൊണ്ടാണ്,അവളുടെ അനുവാദം ഇല്ലാതെ അവളുടെ കഴുത്തിൽ ഞാൻ താലി കെട്ടിയത് തെറ്റാണ്, ആ ബോധ്യം എനിക്കുണ്ട്, അത് ചോദ്യംചെയ്യാൻ അവളുടെ ആങ്ങള എന്ന നിലയിൽ നിനക്ക് അവകാശവുമുണ്ട്.
പക്ഷെ ഇനി എന്റെ നേരെ നിന്റെ കൈ പൊങ്ങിയാൽ അദ്രി വെറുത്തിരിക്കുമെന്ന് കരുതണ്ട” അദ്രി ആദിയുടെ കൈ തട്ടി എറിഞ്ഞു.
“എന്താ ഏട്ടാ ഉണ്ടായേ, ചേച്ചി എവിടായിരുന്നു ” ഋഷി അങ്ങോട്ട് വന്നു. ഞാൻ പറഞ്ഞല്ലോ, എന്തെങ്കിലും അറിയണമെങ്കിൽ അവളോട് തന്നെ ചോദിക്ക് ” അദ്രി വണ്ടി എടുത്ത് പോയി. കണ്ടില്ലേ അവന്റെ അഹങ്കാരം ” ആദി പല്ല് കടിച്ച്.ഏട്ടൻ വാ……. ചേച്ചിയോട് ചോദിക്കാം നമുക്ക് ” ഋഷി ആദിയെ കൂട്ടി അകത്തേക്ക് ചെന്നപ്പോ മുറിയിൽ ബെഡിൽ ഇരിക്കുകയായിരുന്നു നേത്ര, അവളുടെ ഇരുവശങ്ങളിലും ശ്രീജയും രാധാമണിയുമുണ്ട്. ബാക്കി ഉള്ളവർ മുറിയിൽ തന്നെ നിൽപ്പുണ്ട്.
” മോള് ആരോടും പറയാതെ എവിടെയാണ് പോയത്, ഞങ്ങള് ഇത്രയും സമയം നീ എവിടെയാണെന്ന് അറിയാതെ എത്ര പേടിച്ചെന്ന് മോൾക്ക്അറിയാമോ”ശ്രീജചോദിച്ചു.ഞാൻ……… ഞാൻ അമ്പലത്തിൽ പോയതാണ് ” നേത്ര പറഞ്ഞ് അമ്പലത്തിലോ……… ഏത് അമ്പലത്തിൽ……. ഇവര് അവിടെ വന്ന് അന്വേഷിച്ചിരുന്നല്ലോ ” വേണു പറഞ്ഞു.എന്താ മോളെ ഉണ്ടായത്, മോള് പറ ” രാധാമണി ചോദിച്ചു.
” ഇന്നലെ , ഇടക്ക് എപ്പഴോ ഒന്ന് ഉണർന്നിട്ട് പിന്നെ ഉറങ്ങാൻ പറ്റിയില്ല വെളുപ്പിനെയാണ് അമ്മയോട് അമ്പലത്തിൽ ചെല്ലാമെന്ന് പറഞ്ഞത് ഓർമ്മ വന്നത്, അമ്പലത്തിൽ പോവാൻ ഒരുങ്ങി ഇറങ്ങി, വിവരം അച്ഛനോടും അമ്മയോടും പറയാൻ റൂമിന്റെ മുന്നിൽ വന്നതാ, അപ്പോ നിങ്ങള് നല്ല ഉറക്കമായിരുന്നു, ഇന്നലെ താമസിച്ച് ഉറങ്ങിയത്കൊണ്ട് ശല്യപെടുത്താൻ തോന്നിയില്ല, എല്ലാവരും എഴുനേൽക്കുമ്പോഴേക്കും തിരിച്ച് വരാം എന്ന കരുതിയാണ് പോയെ, അമ്പലത്തിൽ തൊഴുത് നീരവേട്ടനുവേണ്ടി കർമ്മം ചെയ്ത തിരികെ വരുന്ന വഴി, തലച്ചുറ്റുന്നതുപോലെ തോന്നി.പിന്നെ എനിക്ക് ഒന്നും ഓർമ്മ ഇല്ല, കണ്ണ് തുറക്കുമ്പോൾ ഞാൻ ഹോസ്പിറ്റലിലായിരുന്നു, അടുത്ത് അയാളും ഉണ്ടായിരുന്നു.ബോധം വന്നപ്പോ ഡോക്ടർ വന്ന് പറഞ്ഞു അയാളാണ് എന്നെ ഹോസ്പിറ്റലിൽ എത്തിച്ചതെന്ന്, ഇന്നലെ ഭക്ഷണം കഴിക്കാതെ ഇരുന്നതുകൊണ്ട് പ്രഷർ കുറഞ്ഞതായിരുന്നു,ഡ്രിപ് കഴിഞ്ഞപ്പോ ഹോസ്പിറ്റലിൽനിന്ന് വിട്ടു, അയാള് തന്നെ ഇവിടെ കൊണ്ടുവന്ന് ആക്കി ” നേത്ര എല്ലാവരോടുമായി പറഞ്ഞു.
” കുട്ടിക്ക് ഇപ്പോ കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ ” രാധാമണി ചോദിച്ചു.?ഇല്ല……… ചെറിയ ക്ഷീണമുണ്ട് ” നേത്ര പറഞ്ഞു.ഞങ്ങളൊക്കെ അങ്ങ് പേടിച്ചുപോയല്ലോ കുട്ടി, നിനക്ക് ഒന്ന് വിളിച്ച് പറഞ്ഞൂടായിരുന്നോ ” ശ്രീജ ചോദിച്ചു.ഞാൻ ഫോൺ എടുത്തില്ല ” നേത്ര പറഞ്ഞു. എന്തായാലും മോള് ഇങ്ങ് എത്തിയല്ലോ, സമാധാനമായി, ഇനി എല്ലാരും ചെല്ല്, നേത്ര കുറച്ച് സമയം കിടന്നോട്ടെ ” സുരേഷ് പറഞ്ഞു.രാധാമണി ഒഴികെ എല്ലാവരും റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. ഞാൻ ഏട്ടനോട് പറഞ്ഞതല്ലേ, വെറുതെ അദ്രിയേട്ടനോട് കാര്യമറിയാതെ ചൂടായില്ലേ, ഇപ്പോ സത്യം മനസ്സിലായില്ലേ ” ഋഷി ചോദിച്ചു.
” നേത്ര പറഞ്ഞത് എനിക്ക് അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല ” ജലജ പറഞ്ഞു. അത് പിന്നെ അങ്ങനെ ആയിരിക്കുമല്ലോ, വല്യമ്മ മനസ്സിൽ എന്തെങ്കിലും വിചാരിച്ചിട്ടുണ്ടാവും, അത് അങ്ങനെ തന്നെ നടക്കാത്തതിന്റെ വിഷമമാണ് ” ഋഷി പറഞ്ഞു.ജലജ പിന്നെ ഒന്നും പറയാൻ നിന്നില്ല എല്ലാവരുടെയും ഒപ്പം അടുക്കളയിലേക്ക് നടന്നു.റൂമിൽ രാധാമണിയുടെ മടിയിൽ തലവെച്ച് കിടക്കുകയായിരുന്നു നേത്ര.
രാധാമണി അവളുടെ മുടിയിൽകൂടി വിരലുകൾ ഓടിച്ചുകൊണ്ടിരുന്നു.മോള് എന്തിനാ ഇങ്ങനെ വിഷമിച്ചിരിക്കുന്നേ, ഇന്നലെ സംഭവിച്ചതൊക്കെ അമ്മ അറിഞ്ഞു. അതിൽ മോൾടെ ഭാഗത്ത് തെറ്റൊന്നും ഇല്ലല്ലോ ” രാധാമണി പറഞ്ഞു.
” ആരും അത് വിശ്വസിക്കുന്നില്ല അമ്മേ, ഞാൻ എന്തോ വലിയ തെറ്റ് ചെയ്തപോലെയാണ് എല്ലാവരും എന്നോട് പെരുമാറിയത് ” നേത്ര പറഞ്ഞു വേണുവോ ശ്രീജയോ എന്തെങ്കിലും പറഞ്ഞോ, ഋഷിയും ആദിയും ഒന്നും പറഞ്ഞില്ലല്ലോ, വേറെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ മോള് എന്തിനാ അതിനൊക്കെ വില കൊടുക്കുന്നത്.എല്ലാടത്തും ഉണ്ടാവും ചില മനുഷ്യര് മറ്റുള്ളവരുടെ മുറിവിൽ കുത്തി വേദനിപ്പിക്കുന്നത് അവർക്ക് വലിയ സുഖമാണ്, മോള് അതൊന്നും കേൾക്കാൻ നിൽക്കണ്ട ” രാധാമണി പറഞ്ഞു.
” ഞാൻ കാരണമാണ് ഏട്ടനും ഏട്ടത്തിയും തമ്മിൽ ഓരോ പൊരുത്തക്കേടുകൾ ഉണ്ടാവുന്നത്,ഇനി ഋഷിയുടെ ജീവിതത്തിലും ഞാൻ കാരണം എന്തെങ്കിലും പ്രേശ്നങ്ങൾ ഉണ്ടാകുമോ എന്നാണ് എന്റെ പേടി ” നേത്ര പറഞ്ഞു. അവര് തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുന്നതിന് മോള് എങ്ങനെ കാരണമാകും, അതൊക്കെ മോൾടെ തോന്നലാണ്, വെറുതെ അതും ഇതും ചിന്തിക്കണ്ട ” രാധാമണി പറഞ്ഞു. അമ്മേ……. നമുക്ക് ഒരുമിച്ച് നിൽക്കാം, ഞാൻ അമ്മയുടെ കൂടെ പോരട്ടെ, ഇവിടെ എനിക്ക് വയ്യ ” നേത്ര അവരുടെ വയറിൽ കെട്ടിപിടിച്ചു.
” പാടില്ല കുട്ടി…….. കണ്ണനെ ഓർത്ത് ഇനിയും ജീവിക്കാൻ പറ്റില്ല, ആ അദ്ധ്യായം കഴിഞ്ഞു. നിനക്ക് ഒരു ജീവിതം വേണം,അത് എന്റെ കൂടെ നിന്നാൽ പറ്റില്ല.സംഭവിച്ചതൊക്കെ വച്ച് നോക്കുമ്പോൾ ആ കുട്ടി അത്ര മോശക്കാരനാണെന്ന് അമ്മക്ക് തോന്നുന്നില്ല, മോള് ഒന്ന് നന്നായി ആലോചിക്ക്.
ചിലപ്പോ നിങ്ങള് തമ്മിൽ ഒന്നിക്കണമെന്നായിരിക്കും വിധി, ഒന്നും കാണാതെ നിന്റെ കഴുത്തിൽ ഈ താലി വീഴില്ലല്ലോ “രാധാമണി പറഞ്ഞു.അയാളെപ്പോലെ ഒരുത്തന്റെ കൂടെ ചേച്ചി ജീവിക്കുന്നതിലും നല്ലത് ചേച്ചി അമ്മയുടെ കൂടെ നീരവേട്ടന്റെ വീട്ടിൽ നിൽക്കുന്നതാണ് ” രാധാമണിക്ക് ചായയുമായി വന്ന ശിവ പറഞ്ഞു.
” എന്താ കുട്ടി നീ ഈ പറയുന്നത്, ഇന്നലെ അങ്ങനെ ഒരു സാഹചര്യത്തിൽ എടുത്തുചാട്ടം കാണിച്ചത് തെറ്റായിപോയി,പക്ഷെ അതിലും ഒരു ശരിയുണ്ട് ” രാധാമണി പറഞ്ഞു. എന്ത് ശരി……….വിവാഹം എന്ന് പറയുന്നത് രണ്ടുപേരും ഇഷ്ടത്തോടെ ചെയ്യേണ്ടതാണ് അല്ലാതെ വാശിപുറത്ത് ചെയേണ്ടതല്ല.മാത്രല്ല അമ്മക്ക് അയാളെപ്പറ്റി എന്ത് അറിയാം.ചേച്ചി അയാളുടെ കൂടെ ജീവിക്കാൻ ഞാൻ സമ്മതിക്കില്ല ” ശിവ പറഞ്ഞു.” എന്താ കുട്ടി ഇത്, അത് കുട്ടീടെ ഏട്ടൻ അല്ലേ, പിന്നെ എന്താ ” രാധാമണി ചോദിച്ചു.എന്റെ ഏട്ടനാണ്, പക്ഷെ ആ ബന്ധം ഞാൻ പണ്ടേ അറത്തെറിഞ്ഞതാണ്, അയാളുമായി തറവാട്ടിൽ ആർക്കും ഒരു ബന്ധവുമില്ല,അയാളെ കാണുന്നതുപോലും അവിടെ ആർക്കും ഇഷ്ടല്ല ” ശിവ പറഞ്ഞു.
“ശിവ…………” ഋഷിയുടെ ശബ്ദത്തിൽ ദേഷ്യം പ്രകടമായിരുന്നു.ഋഷി മുറിക്കുള്ളിലേക്ക് വന്നു.
” നീ അമ്മയുടെ അടുത്തേക്ക് ചെല്ല് ” ദേഷ്യം നിയന്ത്രിച്ചായിരുന്നു ഋഷി അത്രയും പറഞ്ഞത്.
അല്ല ഞാൻ അമ്മയോട്……. ” ശിവ പറയാൻ തുടങ്ങിയതും ഋഷി വീണ്ടും ഇടക്ക് കയറി.
“നിന്നോട് പുറത്തേക്ക് പോവാന പറഞ്ഞേ ” ശിവ ചായ ടേബിളിൽ വച്ച് ഋഷിയെ ഒന്ന് നോക്കിട്ട് പുറത്തേക്ക് പോയി.ഋഷി ശിവ വച്ച ചായ ഗ്ലാസ് എടുത്ത് രാധാമണിക്ക് കൊടുത്തു.ശിവ എന്തൊക്കെയാ പറഞ്ഞത് എനിക്ക് ഒന്നും മനസ്സിലായില്ല ഋഷി “രാധാമണി പറഞ്ഞു.
” അത് കുറച്ച് കാര്യങ്ങളുണ്ട്, അമ്മ വാ ഞാൻ പറയാം ” ഋഷി രാധാമണിയെ കൂട്ടി പുറത്തേക്ക് വന്നു.അദ്രിയെക്കുറിച്ച് ശിവ പറഞ്ഞ അറിവുള്ള കാര്യങ്ങളൊക്കെ ഋഷി രാധാമണിയോട് പറഞ്ഞു.
മോനെ………നമുക്ക് ഈ ബന്ധം എന്തായാലും വേണ്ട, ഇങ്ങനെ ഒരാളല്ല നേത്രയുടെ ജീവിതത്തിലേക്ക് വരണ്ടത്, ശിവ പറഞ്ഞതിൽ കാര്യമുണ്ട് ” രാധാമണി പറഞ്ഞു. ഇവിടെ ആരും ചേച്ചിയെ ഒന്നിനും നിർബന്ധിക്കില്ല, ചേച്ചിക്ക് ഇഷ്ടമുള്ള തീരുമാനം എടുക്കട്ടേ അത് എന്തായാലും ഇവിടെ എല്ലാവരും അംഗീകരിക്കും.
എന്റെ ഭാര്യയുടെ ഏട്ടനായതുകൊണ്ട് ഞാൻ ന്യായികരിക്കുവല്ല,ഒരാള് ജയിലിൽ കിടന്നെന്ന് കരുതി അയാള് കുറ്റക്കാരനാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ഒരു ആങ്ങള എന്ന നിലയിൽ ചേച്ചി അദ്രിയേട്ടന്റെ കൈയിൽ സുരക്ഷിതയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.ഇതൊന്നും ആരും മുൻകൂട്ടി തീരുമാനിച്ചതല്ലല്ലോ എല്ലാം സംഭവിച്ചു പോയതല്ലേ, ഓരോന്നും സംഭവിക്കുന്നതിന്റെ പിന്നിൽ ഓരോ കാരണങ്ങളുണ്ടെന്ന് അല്ലേപറയാറ്,അങ്ങനെയെങ്കിൽ ഇതിന്റെ പിന്നിലും എന്തെങ്കിലും ഒരു നല്ല കാരണം ഉണ്ടാവില്ലേ ” ഋഷി ചോദിച്ചു.
” ഋഷി പറയുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട്, എന്റെ മകന്റെ മരണം അവളെ വലിയ ഒരു ദുഃഖത്തിലേക്കാണ് തള്ളി ഇട്ടത്, ഇനിയും അതുപോലെ ഒന്ന് കൂടി സഹിക്കാനുള്ള ത്രാണി ആ കുട്ടിക്ക് ഉണ്ടാവില്ല. അതുകൊണ്ട്ഒരുപരീക്ഷണത്തിന് വേണ്ടി വിട്ടു കൊടുക്കാൻ മനസ്സ് സമ്മതിക്കുന്നില്ല, നമുക്ക് ഇത് വേണ്ട ഋഷി,എന്റെ കുട്ടിക്ക് ഇനിയെങ്കിലും സന്തോഷവും സമാധാനവും നൽകുന്ന ഒരു ജീവിതം വേണം” രാധാമണി പറഞ്ഞു.
” ചേച്ചി തീരുമാനിക്കട്ടെ, ഇപ്പഴും ചേച്ചിയുടെ മനസ്സിൽ നീരവേട്ടൻ ചേച്ചി കാരണമാണ് മരിച്ചതെന്നുള്ള ചിന്തയാണ്, ആ ചിന്ത മാറാതെ ചേച്ചി ഇനി വേറെ ഒരു ജീവിതത്തേക്കുറിച്ച് ചിന്തിക്കില്ല ” ഋഷി പറഞ്ഞു.” മാറ്റം വരും…… കുട്ടിക്ക് കുറച്ച് സമയം കൊടുക്കാം നമുക്ക് ” രാധാമണി മുറിയിലേക്ക് തന്നെ തിരിച്ചുപോയി.
രാധമണി ചെല്ലുമ്പോൾ നേത്ര മയങ്ങിരുന്നു, അവര് കുറച്ച് സമയംകൂടി അവളുടെ അടുത്തിരുന്നു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അദ്രി ഹോട്ടലിൽ എത്തിയപ്പോൾ അവന്റെ റൂം ലോക്ക്ഡ് ആയിരുന്നു, കൈയിൽ ഇരുന്ന കീ ഉപയോഗിച്ച് റൂം തുറന്ന് അവൻ അകത്തേക്ക് കയറി.കൈയിൽ ഇരുന്ന ഫോൺ എടുത്ത് ചാർജിൽ ഇട്ട് ഒന്ന് ഫ്രഷായി വന്നു.റീസെപ്ഷനിൽ വിളിച്ച് ഫുഡ് ഓർഡർ ചെയ്ത, അദ്രി ഫോൺ എടുത്ത് ജോയലിനെ വിളിച്ചു.
തുടരും
എല്ലാ ദിവസവും പാർട്ട് ഇടുന്നത് നല്ല കഷ്ടപാടുള്ള പണിയാണ്, അപ്പോ കമന്റിൽ പിശുക്ക് കാണിക്കാതെ എന്തെങ്കിലും ഒന്ന് എഴുതാൻ ശ്രമിക്കണേ,തെറ്റുകൾ ചൂണ്ടി കാണിച്ചാൽ തിരുത്താനും കഴിയും