22/04/2026

പെയ്തൊഴിയാതെ : ഭാഗം 26

രചന – മിയ അവ

അങ്ങനെയങ്ങനെ കുറെയേറെ നാളുകൾ പിന്നിട്ടു. ഉള്ളവും പുറവും ഒരുപോലെ ചുട്ടു പൊള്ളിച്ച വേനൽചൂടിന്റെ മൂടു പടം മാറ്റി കുളിർക്കാറ്റിന്റെ…..പുതു മഴയുടെ വരവിനായുള്ള ആരവമൊരുക്കുകയാണ് പ്രകൃതിയും. അതിന്റെ അടയാളമെന്ന പോൽ അന്നത്തെ പുലരി പിറന്നത് ഇരുണ്ട് തുടുത്ത മാനത്ത് നിന്നും നനുത്ത ഈറൻ കാറ്റിന്റെ തലോടലേറ്റ്…..അതു വരെയും വരണ്ടുണങ്ങി കിടന്നിരുന്ന ഭൂമിയിലേക്ക് ദാഹ ജലം പോലെ പെയ്തിറങ്ങിയ പുതു മഴയുടെ കുളിരു പകർന്നാണ്. രാത്രിയുടെ യാമങ്ങളിൽ മനസ്സിനെ മദിച്ച ഏതോ സ്വപ്നത്തിന്റെ ഹൃദയഭാഗത്തേക്ക് അരിച്ചു

കയറിയ തണുപ്പ് ഒരു ഉൾക്കിടിലം തീർത്തപ്പോൾ ശിവയും മയക്കം വിട്ടുണർന്നു. നെഞ്ചിലേക്ക് കൈ രണ്ടും പിണച്ചു ചേർത്ത് അവനാ നനുത്ത കാറ്റിനെ ആവോളം ആസ്വദിച്ചു. ഉറക്കം മുറിഞ്ഞത് കൊണ്ട് മെല്ലെ ബെഡിൽ നിന്നെഴുന്നേറ്റ് അവൻ റൂമിലെ ജനാല തുറന്നൊന്നു പുറത്തേക്ക് നോക്കി. ഈ വർഷത്തെ ആദ്യത്തെ മഴ…..മെയ്യും മനവും തണുപ്പിച്ച് അതങ്ങനെ ആർത്തു പെയ്യുമ്പോൾ വെളിച്ചം കിട്ടാതെ ഇരുൾ മൂടി കിടന്ന എന്തൊക്കെയോ ആ മഴയ്ക്കൊപ്പം കുത്തിയൊലിച്ചു പോവുന്ന പോലെ തോന്നിയവന്.. ഇനിയും തളം കെട്ടി നിർത്തി മലിനമാക്കാൻ അനുവദിക്കാതെ അഴുക്കുകളെയെല്ലാം ആ മഴയിൽ കളഞ്ഞ് അവൻ തന്റെ മനസ്സിനെയും ശുദ്ധീകരിച്ചു. എന്തോ വല്ലാത്തൊരു ഉന്മേഷം അവന്റെ ഹൃത്തിനെ അപ്പോൾ പൊതിഞ്ഞു.

എന്നത്തേയും പോലെ ഓഫീസിലേക്ക് ഇറങ്ങുന്നതിനു മുൻപ് ഹാളിൽ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ ഇരിക്കുകയാണ് ശിവ. കഴിക്കാനുള്ള ഭക്ഷണം അടുക്കളയിൽ നിന്ന് ഹാളിലേക്ക് എടുത്തു കൊണ്ട് വരുന്ന ശ്രേയയെ കണ്ട് അവനൊന്നു പുഞ്ചിരിച്ചു. അപ്പോഴാണ് തൊട്ട് പുറകിലായി പാറുവും കയ്യിൽ എന്തോ കറിയോ മറ്റുമായി നടന്നു.

വരുന്നത് ശിവ കണ്ടത്. പതിവിൽ നിന്നും വിപരീതമായി അവളുടെ മുഖത്തൊരു തെളിച്ചമുണ്ടായിരുന്നു അന്ന്…..നെറ്റിയിൽ സാധാരണ തൊടുന്നത് അല്ലാതെ അമ്പലത്തിൽ നിന്നുള്ള കളഭ കുറിയും സ്ഥാനം പിടിച്ചിട്ടുണ്ട്. അവൾ കാലത്ത് തന്നെ അമ്പലത്തിൽ പോയിട്ടുണ്ടെന്ന് അവന് മനസ്സിലായി. സാധാരണ എന്തെങ്കിലും പ്രത്യകതയൊക്കെ ഉള്ളപ്പോഴാണ് അവൾ അമ്പലത്തിൽ പോവറുള്ളത്.. അല്ലെങ്കിൽ ഇവിടെ റൂമിൽ വെച്ച ഭഗവാന്റെ ഫോട്ടോയ്ക്ക് മുന്നിൽ വിളക്ക് വെച്ച് തൊഴുകയാണ് അവളുടെ പതിവ്. ഈ മഴയത്തും കാലത്ത് എഴുന്നേറ്റ് അമ്പലത്തിൽ പോയെങ്കിൽ അന്നെന്തോ പ്രേത്യേകത ഉണ്ടെന്ന് അവന് മനസ്സിലായെങ്കിലും എന്താണെന്ന് ഒരു പിടിയും കിട്ടിയില്ല. തന്റെ അഭിമാനം പോവുമെന്ന് തോന്നിയത് കൊണ്ട് എന്താണെന്ന് അവളോട് ചോദിക്കാനും അവന് കുറച്ചിൽ തോന്നി.

അവളെ തന്നെയങ്ങനെ നീരീക്ഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് വെറുതെ അവളെ ദേഷ്യം പിടിപ്പിക്കാൻ ഒരു കുസൃതി അവന് തോന്നിയത്. അടുത്ത് നിന്ന് കൊണ്ട് തന്റെ പ്ലേറ്റിലേക്ക് ഭക്ഷണം എടുത്തു വെയ്ക്കുന്ന ശ്രേയയെ അവൻ പെട്ടെന്ന് തന്നെ കയ്യിൽ പിടിച്ച് അടുത്തേക്കിരുത്തി.

“നീ എന്തിനാ ഇതൊക്കെ വിളമ്പാൻ നിക്കുന്നെ… അതിനൊക്കെ ഇവിടെ വേറെ ആൾക്കാർ ഇല്ലേ… നീ ഇവിടെയിരുന്നു കഴിക്ക്….”

“അല്ല.. അത്.. ഞാൻ മുത്തശ്ശിയ്ക്ക് കൊടുത്തില്ല സർ….”

“മുത്തശ്ശിയ്ക്ക് ഒക്കെ എന്നിട്ടും കൊടുക്കലോ… ഞാൻ പോയാലും നിനക്ക് ഇഷ്ട്ടം പോലെ സമയം ഇല്ലേ മുത്തശ്ശിയ്ക്ക് കൊടുക്കാൻ… ഇപ്പോ തത്കാലം എനിക്ക് കമ്പനി താ…..”

അവൻ ഒരു പ്ലേറ്റ് അവൾക്ക് മുന്നിലേക്ക് നീക്കി വെച്ച് അതിലേക്ക് ചപ്പാത്തി രണ്ടെണ്ണം എടുത്തു വെച്ചു. അവനെയൊന്ന് നോക്കി ചിരിച്ചു കൊണ്ട് ചപ്പാത്തിയിലേക്ക് കറിയൊഴിച്ച് കഴിക്കാനിരുന്ന ശ്രേയയെ കൂടി കണ്ടപ്പോൾ അതുവരെ തെളിഞ്ഞു നിന്നിരുന്ന പാറുവിന്റെ മുഖം പെട്ടെന്ന് വാടി… താലി കെട്ടി കൊണ്ട് വന്ന തന്നെക്കാൾ പ്രാധാന്യം അവൻ മറ്റൊരു പെണ്ണിന് കൊടുക്കുമ്പോൾ….മനസ്സു കൊണ്ട് അവൻ ഒരിക്കലും തന്റേത് ആയിട്ടില്ലെന്ന പൂർണ ബോധ്യം ഉണ്ടായിട്ട് കൂടി എന്തിനോ… എന്തിനോ വേണ്ടി

അവളുടെ ഹൃദയം ഉരുകി… തനിക്ക് അർഹതപ്പെട്ടതല്ലെന്ന സത്യം ഒത്തിരി തവണ പറഞ്ഞു പഠിപ്പിച്ചിട്ടും മനസ്സ് അനുസരണക്കേട് കാണിക്കുമ്പോൾ പഴി ചാരാനോ അടക്കി പിടിച്ചു വെച്ചതിനെയെല്ലാം ആരിലേക്കെങ്കിലും തുറന്നു വിടാനോ പോലും ഒരു അത്താണിയില്ലാതെ അവളുടെ നെഞ്ച് പിടയുമ്പോൾ… ആ പിടച്ചിലിൽ കണ്ണുകൾക്ക് പോലും ശക്തി നഷ്ട്ടപ്പെട്ടു പോയി…എന്നും കുശുമ്പോടെയും കുറുമ്പോടെയും മാത്രമേ അതിനെ അവൾ നേരിട്ടിരുന്നുള്ളു… ഇന്നെന്തോ അത് കണ്ടു നിൽക്കാൻ അവൾക്ക് ത്രാണിയില്ലാത്ത പോലെ തോന്നി. മിഴിയിണകൾക്ക് തടഞ്ഞു നിർത്താൻ കഴിയാതെ വന്നപ്പോൾ താഴോട്ടൂർന്നിറങ്ങിയ കണ്ണുനീരിനു അവളുടെ നെഞ്ചിലെരിയുന്ന കനലിന്റെ ചൂടായിരുന്നു.

അവളിലെ കുശുമ്പ് കാണാനാണ് അവൻ അങ്ങനെ ചെയ്തതെങ്കിലും നിറഞ്ഞു തുളുമ്പിയ ആ കണ്ണുകളെ കണ്ടപ്പോൾ അവന്റെ ഉള്ളൊന്നുലഞ്ഞു. മുൻപും താൻ ഇങ്ങനെ ചെയ്യുമ്പോൾ വീർപ്പിച്ചു കെട്ടിയ മുഖത്തോടെ തന്നെ നോക്കി കലിപ്പിക്കുന്ന അവളിൽ നിന്നും ഇങ്ങനൊരു ഭാവം അവന് അപരിചിതമായി തോന്നി. ഒന്നും മിണ്ടാതെ കയ്യിലുള്ള കറിയുടെ ബൗൾ

ടേബിളിൽ വെച്ച് അവൾ മുകളിലേക്ക് കയറി പോയി. പ്ലേറ്റിലേക്ക് തന്നെ നോക്കി കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന ശ്രേയ ഇതൊന്നും അറിഞ്ഞത് പോലുമില്ല. കണ്ണ് നിറച്ചു കൊണ്ടുള്ള അവളുടെ പോക്ക് നോക്കി നിന്ന ശിവയ്ക്ക് പിന്നെ ഭക്ഷണം തൊണ്ട കുഴിയിൽ നിന്നും ഇറങ്ങാത്ത പോലെ തോന്നി. വെറുതെ വിരലിട്ട് ഇളക്കി അവൻ ഫുഡ് അതുപോലെ തന്നെ അവിടെ വെച്ച് എഴുന്നേറ്റു.

“ഏഹ്… സർ കഴിച്ചില്ലേ…”

കമ്പനി താ എന്ന് പറഞ്ഞ് തന്നെ പിടിച്ചു ഇരുത്തി കഴിപ്പിച്ചിട്ട് എടുത്ത ചപ്പാത്തി ഒന്ന് പോലും കഴിക്കാതെ അടുത്ത് നിന്നും എഴുന്നേറ്റു പോവുന്ന ശിവയെ കണ്ടു ശ്രേയ ചോദിച്ചു.

“ആ.. അത് ഇപ്പഴാ ഓർത്തത്.. എനിക്ക് ഒരു എമർജൻസി ഉണ്ട് ഓഫീസിൽ എത്തീട്ട്… ഇപ്പോ തന്നെ ഇറങ്ങിയില്ലേൽ ശരിയാവില്ല…”

“ഒഹ്….”

അവളോട് അങ്ങനെ പറഞ്ഞ് അവൻ വേഗം കൈ കഴുകി മാറ്റാരുടെയും ചോദ്യങ്ങൾക്ക് മുഖം കൊടുക്കാൻ

നിൽക്കാതെ ബാഗും എടുത്ത് ഇറങ്ങി.

ഓഫീസിൽ ഇരിക്കുമ്പോഴും അവന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. ഇന്ന് കാണിച്ചത് കുറച്ചു കൂടി പോയോന്നൊരു ചിന്ത അവനെ ഭ്രാന്ത് പിടിപ്പിച്ചു. ഗൗതം കൂടി ഇന്ന് ലീവായത് കൊണ്ട് ആരും ഒരാൾ തനിക്കരികിൽ സംസാരിക്കാൻ കൂടി ഇല്ലാതെ നെറ്റിയിൽ കൈ വെച്ച് തല താഴ്ത്തി വിഷമിച്ച് ഇരിക്കുമ്പോഴാണ് ഏതോ ഒരു സ്റ്റാഫ് ഒരു ഫയലുമായി അവന്റെ ക്യാമ്പിനിലേക്ക് വന്നത്.

“യെസ് കം  ഇൻ….”

“സർ ഈ ഫയലിൽ ഒന്ന് സൈൻ വേണമായിരുന്നു…നമ്മുടെ കമ്പനിയിലേക്ക് ഉള്ള പുതിയ റിക്രൂട്ട്മെന്റിന്റെ ഡീറ്റെയിൽസ് ആണ് ….”

“ഒഹ്.. ഓക്കേ തരൂ മാധവ്….”

മാധവ് ഫയൽ ശിവയെ ഏല്പിച്ചു.

“സർ ഇന്ന് ലീവ് ആവോന്ന് കരുതി പേടിച്ചു ഇരിക്കുവായിരുന്നു ഞങ്ങൾ.. ഇന്ന് ഇതു സൈൻ ചെയ്തു കിട്ടിയില്ലെങ്കിൽ നമ്മുടെ റിക്രൂട്ട്മെന്റ് കറക്റ്റ് ടൈമിൽ നടത്താൻ പറ്റാതെ വന്നേനെ….”

“ഏയ്‌… ഞാൻ എന്തിന് ലീവ് ആവാനാടോ ഇന്ന്.. പോരാത്തതിന് ഗൗതം കൂടി ഇല്ലാത്ത ദിവസം…..”

“ആ അതായിരുന്നു ഒരു പ്രതീക്ഷ.. ഗൗതം സർ ഇല്ലാത്തത് കൊണ്ട് സർ എന്തായാലും വരാതിരിക്കില്ലന്ന്… പിന്നെ ഇന്ന് പാർവതി മാഡത്തിന്റെ ബർത്ത് ഡേ ആയതു കൊണ്ടായിരുന്നു ഒരു പേടി ഉണ്ടായിരുന്നത്… വീട്ടിൽ വല്ല പാർട്ടിയും അറേഞ്ച് ചെയ്തിട്ട് ഉണ്ടെങ്കിൽ സാറിന് വരാൻ പറ്റില്ലല്ലോ…..”

“വാട്ട്… എന്താ പറഞ്ഞെ… പാർവതിടെ… ബർത്ത് ഡേ… ഇന്ന്…അത്… അത് നിങ്ങൾ എങ്ങനെ അറിഞ്ഞു….”

“അത്..മായ മാഡത്തിന്റെ സ്റ്റാറ്റസ് കണ്ടിരുന്നു സർ.. ബർത്ത് ഡേ വിഷ് ചെയ്തു കൊണ്ടുള്ള…”

അപ്പോഴാണ് ഇന്ന് അവൾ മഴയായിട്ടു കൂടി കാലത്ത് തന്നെ അമ്പലത്തിൽ പോയതിന്റെ കാരണം അവന് പിടി കിട്ടിയത്. കഴിഞ്ഞ വർഷത്തെ അവളുടെ ബർത്ത് ഡേ അവനും മായയും ചേർന്ന് ആഘോഷിച്ചിരുന്നെങ്കിലും ഡേറ്റ് ഒന്നും അവൻ ഓർത്തു വെച്ചിരുന്നില്ല.

“ഓഹ്… ദെൻ..ഓക്കേ… മാധവ് ടേക് ഇറ്റ്….”

“ഓക്കേ സർ….”

ശിവയുടെ കയ്യിൽ നിന്ന് ഫയൽ വാങ്ങി മാധവ് പോയപ്പോൾ ശിവ വേഗം തന്റെ ഫോൺ എടുത്തു നോക്കി. പക്ഷെ അന്ന് അവസാനമായി മായയുടെ വീട്ടിൽ നിന്ന് ഇറങ്ങിയ ദിവസം അവൾ തന്റെ നമ്പർ ബ്ലോക്ക്‌ ചെയ്തിട്ട കാര്യം ഓർമ്മ വന്നപ്പോൾ അവൻ ഫോൺ ടേബിളിലേക്ക് തന്നെ വെച്ചു കണ്ണടച്ച് ചെയറിലേക്ക് ചാരി. കുറച്ചു നിമിഷങ്ങൾ എന്തൊക്കെയോ ആലോചിച്ചു കിടന്ന അവൻ പെട്ടെന്ന് ചാടി എഴുന്നേറ്റ് ഫോണെടുത്ത് ടൈം നോക്കി. പിന്നെ ഒട്ടും വൈകാതെ തന്നെ ബാഗും ഫോണുമായി ഗൗതം കഴിഞ്ഞ പിന്നെ അവിടെ സെക്രട്ടറി ഇൻ ചാർജ് മാധവിന് ആയതു കൊണ്ട് അവനോട് മാത്രം വീട്ടിലേക്ക് പോവാണെന്നു പറഞ്ഞ് ഓഫീസിൽ നിന്നുമിറങ്ങി. പോവുന്ന വഴിയിൽ ഒരു ടെക്സ്റ്റയിൽ ഷോപ്പ് കണ്ടപ്പോ കുറച്ചു നേരം ശിവയൊന്ന് ആലോചിച്ചു നിന്നു പിന്നെ എന്തോ തീരുമാനിച്ചു ഉറപ്പിച്ച പോലെ ആ ടെക്സ്റ്റയൽ ഷോപ്പിന് മുന്നിൽ വണ്ടി നിർത്തി.

“സർ… എന്താ നോക്കേണ്ടത് ഷർട്ട്‌ ഓർ പാന്റ്സ്…”

അവിടുത്തെ സെയിൽസ് ഗേൾ അടുത്ത് വന്നു ചോദിച്ചപ്പോൾ ശിവയൊന്നു തിരിഞ്ഞു നോക്കി.

“.. ഏയ്‌… നോ.. സാരി… ഈ സാരികൾ ഒക്കെ ഏത് ഭാഗത്ത ഉണ്ടാവുക….”

“ഓഹ്… വൈഫിനുള്ള സാരിയാണോ സർ വേണ്ടത്….”

“.. ആ… യെസ്….”

“ഓക്കേ സർ.. സാരി സെക്ഷൻ ഫസ്റ്റ് ഫ്ലോറിലാണ്… അവിടെ ചെന്നാൽ ആളുണ്ടാവും….”

“ഓക്കേ താങ്ക്സ്….”

ആ കുട്ടി പറഞ്ഞതനുസരിച്ച് ശിവ സാരി സെക്ഷനിലേക്ക് ചെന്നു. അവിടെ ഉണ്ടായിരുന്ന സെയിൽസ് ഗേൾ മുന്നിലേക്ക് ഇട്ടു കൊടുക്കുന്ന സാരികളെല്ലാം പൊട്ടൻ ആട്ടം കാണുന്ന പോലെ അവൻ നോക്കി നിന്നു. അവന് ഈ സാരിയൊന്നും എടുത്തു ഒരു പരിചയവും

ഇല്ലായിരുന്നു.

“ഇതിലൊന്നും ഇഷ്ടം ആയില്ലേ സർ….”

ആ കുട്ടി ചോദിച്ചപ്പോൾ എന്ത് പറയുമെന്നോർത്ത് അവനൊന്നു പരുങ്ങി…
പിന്നെ..

“അത്.. വെയിറ്റ്.. ഒരു മിനിറ്റ്….”

അതും പറഞ്ഞു അവിടെ നിന്നും കുറച്ചു മാറി ആളൊഴിഞ്ഞ ഒരു കോണിൽ പോയി അവനൊന്നു നിശ്വാസിച്ചു. പിന്നെ കണ്ണുകൾ രണ്ടും കൂട്ടിയടച്ച് മനസ്സിൽ പാറുവിന്റെ മുഖം ഓർത്തു. ഒന്ന് രണ്ടു നിമിഷങ്ങൾ അവളുടെ മുഖം ഹൃദയത്തിൽ നിറഞ്ഞു നിന്നപ്പോൾ അവൻ പോലും അറിയാതെ ആ ചൊടികളും വിടർന്നു. അതേ പുഞ്ചിരിയോടെ തന്നെ അവൻ വീണ്ടും അവിടേക്ക് ചെന്ന് ആ സാരികളിലേക്ക് നോക്കി. അവളുടെ മുഖം അപ്പോഴും തെളിമ വറ്റാതെ തന്നെ അവന്റെ മനസ്സിൽ പതിച്ചു വെച്ചിരുന്നു. കുറച്ചു ഒക്കെ തിരഞ്ഞപ്പോൾ കൂട്ടത്തിൽ ഒരു പീച്ച് കളറിന്റെയും വൈറ്റിന്റെയും കോമ്പിനേഷനിൽ…വെളുത്ത കുഞ്ഞു സ്റ്റോൺസ് പിടിപ്പിച്ച ഒരു സാരി അവന്റെ കണ്ണിൽ തടഞ്ഞു. വെറുതെ ആ

സാരിയിൽ പാറുവിനെ അവനൊന്നു മനസ്സിൽ സങ്കല്പിച്ചു. പിന്നെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയെ മറച്ചു വെക്കാതെ തന്നെ ആ സാരി പായ്ക്ക് ചെയ്യാൻ അവൻ അവരോട് ആവിശ്യപ്പെട്ടു.

കൗണ്ടറിൽ ബില്ലടച്ച് അവൻ നേരെ പോയത് അടുത്തുള്ള ഗ്രോസറി ഷോപ്പിലേക്കാണ്. അവിടെ നിന്നും ബർത്ത് ഡേ പാർട്ടിയ്ക്ക് ഡെക്കറേഷൻ ചെയ്യാൻ വേണ്ട എല്ലാം സാധനങ്ങളും വാങ്ങി ഇറങ്ങുമ്പോൾ സിറ്റിയിലെ തന്നെ ഏറ്റവും ബെസ്റ്റ് ഷോപ്പിൽ നിന്ന് നല്ലൊരു കേക്ക് കൂടി വാങ്ങിച്ചിട്ടാണ് അവൻ വീട്ടിലേക്ക് തിരിച്ചത്. കാറിൽ പോയി കൊണ്ടിരിക്കുമ്പോൾ ശ്രേയയെ വിളിച്ച് പാറു താഴെ ഇല്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു അവൻ. ഒരുപാട് മനസ്സ് വേദനിച്ചു കയറി പോയത് കൊണ്ട് ശ്രീദേവിയും മറ്റും വിളിച്ചിട്ടും വയ്യ… തലവേദനയാണെന്ന് പറഞ്ഞ് മുറിയിൽ തന്നെ കിടക്കുകയായിരുന്നു അവൾ.

അധികം വൈകാതെ തന്നെ ശിവ അവിടെ എത്തിയിരുന്നു. അവൾ രാവിലത്തെ സങ്കടത്തിൽ ആവും റൂമിൽ തന്നെ ഇരിക്കുന്നതെന്ന് അവന് മനസ്സിലായി. അത് ഏതായാലും നന്നായെന്ന് അവൻ അപ്പോൾ ഓർത്തു. അവളൊരിക്കലും

പ്രതീക്ഷിക്കാത്തൊരു സർപ്രൈസ് ആവണം ഇത്തവണ അവൾക്ക് കൊടുക്കേണ്ടതെന്ന് അവനുണ്ടായിരുന്നു. ഒപ്പം എന്തൊക്കെയോ പദ്ധതികൾ അവന്റെ മനസ്സിൽ അവൻ സ്വരു കൂട്ടി വെയ്ക്കുന്നുണ്ടായിരുന്നു. അതെല്ലാം ഓർക്കുമ്പോൾ എന്തിനോ വേണ്ടി അവന്റെ ഉള്ളം തുടിച്ചു. അതിന്റെ പ്രതിഫലനം ആ ചൊടികളിലും നിറഞ്ഞു നിന്നു…

പാറു മുകളിൽ ആയ സമയം ശ്രേയയെയും മറ്റുള്ളവരെയും കൂട്ട് പിടിച്ച് അവൻ അവിടെ താഴെ ഹാളിൽ പാർട്ടിയ്ക്ക് വേണ്ട ഡെക്കറേഷനും മറ്റു സജീകരണങ്ങളും ഒരുക്കി കൊണ്ടിരുന്നു. അവനിലെ ആ മാറ്റത്തെ അവിശ്വസനീയതോടെ നോക്കി കണ്ട്… മുഖത്ത് നിറഞ്ഞ പുഞ്ചിരിയോടെ ബാക്കി നാല് ഹൃദയങ്ങൾ അവിടെ നിന്ന് തുളുമ്പി വന്ന കണ്ണ് നീരിനെ സന്തോഷത്തോടെ തുടച്ചു നീക്കി…കാർമേഘം മൂടി കിടന്നിരുന്ന മാനത്ത് നിന്നും എന്തൊക്കെയോ ചിലത് അവിടെ പെയ്തു തീരുന്നത് പോലെ…….

 

(തുടരും )