20/04/2026

പെയ്തൊഴിയാതെ : ഭാഗം 08

രചന – മിയ അവ

രണ്ടു പേരുടെയും കടന്നൽ പോലുള്ള മുഖം നോക്കി മായ ഉള്ളിൽ ഊറി ചിരിച്ചു.

കാറിലെ എഫ്മ്മിൽ നിന്നും ഒഴുകി വരുന്ന പാട്ടിന്റെ വരികളിൽ ലയിച്ച് കണ്ണടച്ച് കിടക്കുന്ന പാറുവിനെ കണ്ടപ്പോൾ റേഡിയോ ഓഫ് ചെയ്യാൻ ഒരുങ്ങിയ ശിവയെ കൂർപ്പിച്ചൊരു നോട്ടം കൊണ്ട് മായ വിലക്കിട്ട് നിർത്തി. ആ പാട്ടിന്റെ ഓളത്തിൽ കാർ പതിയെ മുന്നോട്ടു നീങ്ങി…..

പുറത്തേക്ക് മിഴികൾ പായിച്ച് കാഴ്ചകളോരൊന്നും ഒപ്പിയെടുക്കുമ്പോഴായിരുന്നു പെട്ടന്ന് പാറു ബോധമണ്ഡലത്തിലേക്ക് വന്നത്.

“അയ്യോ… നിർത്ത് നിർത്ത്…..”

അവളുടെ കൂവി വിളിയിൽ ശിവ കാർ സണ്ടൺ ബ്രേക്കിട്ട് നിർത്തി.

“എന്താ.. എന്ത് പറ്റി പാറു….”

“ചേച്ചി.. ചേച്ചിയ്ക്കും ഒരു ബോധം ഇല്ലേ.. സ്ഥലം കഴിഞ്ഞു… നമ്മുടെ ഓഫീസ് ഒക്കെ പിന്നിട്ടിട്ട് അര മണിക്കൂർ ആയിക്കാണും… നിങ്ങളൊക്കെ ഇത് എന്തോ ഓർത്തിട്ടാ വണ്ടി ഓടിക്കുന്നെ…”

ശിവയുടെ മുഖം അങ്ങ് വലിഞ്ഞു മുറുകി. തിരിഞ്ഞു നിന്ന് നാല് ചീത്ത പറയാൻ തുടങ്ങുമ്പോഴാണ് ഇന്ന് അവളുടെ ബർത്ത് ഡേ ആയോണ്ട് അവളെ വഴക്ക് പറയരുതെന്ന് പറഞ്ഞു ഇന്നലെ രാത്രി മായ അവനെ കൊണ്ട് സത്യം ചെയ്യിപ്പിച്ചത് അവൻ ഓർത്തത്. വായിൽ വന്നത് വിഴുങ്ങി അവൻ കലിപ്പോടെ മായയെ നോക്കി.

“ഈ കുരിപ്പിനെ നീ ഇറക്കി വിടുന്നോ.. അല്ലെങ്കിൽ ഞാൻ വലിച്ചു പുറത്തേക്കിടണോ…നാശം…”

“ശിവ.. കൂൾ.. അവൾക്ക് അറിയില്ലല്ലോ അതിന്…”

“എന്ത്… എന്ത് എനിക്ക് അറിയില്ലന്നാ ചേച്ചി.. നമ്മുടെ ഓഫീസിന്റെ സ്ഥലം പിന്നെ എനിക്ക് അറിയാതിരിക്കോ….ഇയാൾ ബോധം ഇല്ലാതെ വണ്ടി മുന്നോട്ടു എടുത്തതല്ലേ…”

“ഇവളെ ഇന്ന് ഞാൻ….”

“ശിവ പ്ലീസ്…”

കാറിൽ നിന്ന് ഇറങ്ങി അവളെ പുറത്തിടാൻ പോയ ശിവയെ മായ പിടിച്ചു നിർത്തി. എന്നിട്ട് പാറുവിനെ ദയനീയമായി നോക്കി.

“എന്റെ പാറു… നമ്മൾ ഇപ്പൊ പോവുന്നത് ഓഫീസിലേക്ക് അല്ല…നമ്മുടെ ഓഫീസ് ഇവന് അറിയാതിരിക്കോ പാറു.. വേറെ സ്ഥലത്തേക്ക് ആയോണ്ടാല്ലേ അവൻ അവിടെ നിർത്താഞ്ഞത്…..”

“വേറെ സ്ഥലത്തേക്കോ… എവിടെ.. എവിടെക്കാ നമ്മൾ പോവുന്നെ… എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ… അയ്യോ അപ്പൊ എനിക്ക് ഓഫീസിൽ കയറേണ്ട….”

“ഹോ… നിന്റെയൊരു ഓഫീസ്.. നിന്റെ എം ഡി ഇവനാണെ… സോ ഇവന്റെ കൂടെയാ നീ പോവുന്നത്..അതോണ്ട് നിന്നെ ആരും ഓഫീസിന്ന് ഡിസ്മിസ് ചെയ്യാൻ പോവുന്നില്ല.. ഇനി പോരെ നിനക്ക്… മിണ്ടാതെ അവിടെ ഇരുന്നേ….”

“വോ.. പറയാൻ പറ്റില്ല.. ഈ കാലമാടൻ അല്ലെ മൊതല്.. അങ്ങേര് കൊണ്ട് പോയതാനൊന്നും അങ്ങേര് നോക്കില്ല.. ലീവ് ലെറ്റർ വെക്കാതെ ലീവ് എടുത്തെന്നു പറഞ്ഞു ഇങ്ങേർ തന്നെ നാളെ ഡിസ്മിസ് ലെറ്റർ എടുത്തു തരാനും മടിക്കില്ല കാലൻ….”

അവൾ പുറകിൽ നിന്ന് പിറു പിറുക്കുന്നത് മുന്നിലെ മിററിൽ കൂടി ശിവ വ്യക്തമായി കണ്ടു.

“ദേ.. കണ്ടില്ലേ കണ്ടില്ലേ.. അവൾ എന്തോ പിറു പിറുക്കുന്നുണ്ട്.. എന്നെ പറ്റിയാവും….”

മായയെ നോക്കി ശിവ പറഞ്ഞത് കേട്ട് മായ അവനെ നോക്കി കണ്ണുരുട്ടി.

“നീ കേട്ടോ അവൾ പിറു പിറുക്കുന്നത്…”

“കേൾക്കുന്നതെന്തിന്.. അവളുടെ ചുണ്ട് അനങ്ങുന്നത് കണ്ടാൽ അറിയില്ലേ അവൾ എനിക്കെതിരെ എന്തോ പിറു പിറുക്കുവാണെന്ന്… അഹങ്കാരി…”

“അഹങ്കാരി അവൾ അല്ല.. നീയാണ് ശിവ.. നീയെന്തിനാ അവളുടെ ചുണ്ട് അനങ്ങുന്നത് നോക്കി നിക്കുന്നെ.. നിനക്ക് നേരെ നോക്കി വണ്ടി ഓടിക്കാൻ ആവില്ലേ.. ഇല്ലെങ്കിൽ മാറി നിൽക്ക് ഞാൻ ഓടിക്കാം….”

“വോ.. വേണ്ട.. നീ അല്ലെങ്കിലും അവളുടെ സൈഡ് ആണല്ലോ… ഹോ ഏത് നേരത്താണാവോ ഇറങ്ങി തിരിക്കാൻ തോന്നിയത്….”

ശിവ ദേഷ്യത്തിൽ മുറു മുറുക്കുന്നത് കണ്ട് മായ തിരിഞ്ഞു നിന്ന് വാ പൊത്തി ചിരിച്ചു.

പിന്നെ അവരാരും ഒന്നും മിണ്ടിയില്ല.. കുറച്ചു നേരം കൂടി പിന്നീട്ടതും ഒരു വലിയ മാളിന്റെ മുന്നിലേക്ക് ശിവ കാർ ഒതുക്കി നിർത്തി. ഇതെന്തിനാപ്പോ ഇവിടെന്ന് ഓർത്ത് പുറത്തേക്ക് നോക്കി മിഴിച്ചു നിൽക്കുന്ന പാറുവിനെ നോക്കി ചിരിച്ചു കൊണ്ട് മായ അവളോട് ഇറങ്ങാൻ പറഞ്ഞു.

“ചേച്ചി.. നമ്മൾ എന്തിനാ ഇവിടേക്ക് വന്നത്.. ഇവിടെ വല്ല പ്രോഗ്രാമും ഉണ്ടോ…”

“ഹാ.. ഒരു പ്രോഗ്രാം ഉണ്ട്.. നീ വാ പറയാം.. ആ ശിവ. നീ കാർ പാർക്ക് ചെയ്തിട്ട് ഉള്ളിലേക്ക് വാ ട്ടോ….”

“ഏയ്‌.. മായ.. ഞാൻ വരണോ.. നിങ്ങൾ മാത്രം പോരെ…”

“പോരാ.. നീയും വരണം.. എനിക്ക് വാക്ക് തന്നതാണെ ശിവ…”

“വോ.. ശരി…വരാം…”

ഇഷ്ടമില്ലായ്മയോടെ മുഖം തിരിച്ച് ശിവ കാർ എടുത്തു പാർക്കിങ്ങിലേക്ക് പോയി.

സത്യത്തിൽ മാൾ ഒക്കെ പാറു പുറത്തു നിന്ന് മാത്രം നോക്കി കണ്ടിട്ടേ ഉണ്ടായിരുന്നുള്ളു… ഇന്നേ വരെ അതിന്റെ ഉള്ളിൽ കയറിയിട്ടില്ലായിരുന്നു. ഉള്ളിൽ കയറി മുകളിലേക്ക് നോക്കിയപ്പോൾ അവൾ അതിശയിച്ചു പോയി. ഓരോ നിലകളായി മുകളിലേക്ക് അവളുടെ കണ്ണുകൾ ഓടി നടന്നു.

“പാറു.. മേലേക്ക് ഇങ്ങനെ നോക്കി കഴുത്ത് ഉളുക്കേണ്ട.. നമ്മൾ മുകളിലേക്കാ പോകുന്നെ… ബാക്കി അവിടെ ചെന്നിട്ട് കാണാം….”

കളിയിൽ മായ പറഞ്ഞത് കേട്ട് പാറു ചുണ്ട് കോട്ടി.

“പോ ചേച്ചി.. ഞാൻ ഇവിടൊക്കെ ആദ്യം ആയിട്ട് വരുവാ.. അതാ ഇങ്ങനെ നോക്കി നിന്ന് പോയത്…”

“അറിയാടാ.. ഞാൻ കളിയാക്കിയതല്ല.. നമുക്ക് മുകളിലേക്ക് കയറാം.. അതാ വിളിച്ചേ…”

“മ്മ്.. കയറാം….. യ്യോ…..”

സ്റ്റെയർ ആണെന്ന് കരുതി കാല് വെയ്ക്കാൻ പോയപ്പോ അത് മുകളിലേക്ക് ഓടുന്നത് കണ്ടു പാറു ഞെട്ടി.

“യ്യോ.. ഇതെന്തുവാ ചേച്ചി ഒരിടത്ത് നിൽക്കില്ലേ…ഓഹ്.. ഇതാണോ മറ്റേ എസ്‌കേലേറ്റർ….”

“യായ.. അതാണ് ഇത്…”

“ആ.. ഞാൻ സംഭവം കേട്ടിട്ടുണ്ട്.. പക്ഷെ ഇത് വരെ ഇതിൽ കയറിയിട്ടില്ല.. ചേച്ചി ഒന്ന് എന്നെ പിടിച്ചോണെ.. വീഴുവാണേൽ…”

“വീഴുവൊന്നും ഇല്ല.. ദേ ഇവിടെ കൈ വെച്ച് പതിയെ കാല് രണ്ടും അങ്ങ് വെച്ചാൽ മതി അത് അങ്ങ് പൊക്കോളും…”

“ഓഹ്.. നോക്കട്ടെ.. യാ.. സെറ്റ്…”

എന്തോ വലിയ കാര്യം സാധിച്ച പോലുള്ള അവളുടെ എക്സ്പ്രഷനും സന്തോഷവും മായ പുഞ്ചിരിയോടെ നോക്കി കണ്ടു.

മുകളിൽ എത്തി അവളെയും കൊണ്ട് മായ നേരെ പോയത് ടെക്സ്റ്റ്‌യിൽ ഷോപ്പിലേക്ക് ആണ്. അവിടെ ഹാങ്ങ്‌ ചെയ്ത് വെച്ചിരിക്കുന്ന പല മോഡലിൽ ഉള്ള ഡ്രെസ്സുകൾ കണ്ട് പാറു അമ്പരന്നു നിന്ന് പോയി. അപ്പോഴാണ് മൂന്നാല് ജോഡി ചുരിദാർ ടോപ്പുകളുമായി മായ എത്തിയത്. അതിൽ ഒരെണ്ണം പാറുവിന്റെ ദേഹത്തേക്ക് വെച്ച് നോക്കി അവൾ തല കുലുക്കി.

“വൗ.. അടിപൊളി.. നിനക്ക് ഈ കളർ ഒക്കെ അസ്സലായിട്ട് ചേരും…ഐ തിങ്ക് സൈസും പാകം ആവുമെന്ന്… എന്നാലും നീയിതൊക്കെ ഒന്ന് ആ ട്രയൽ റൂമിൽ പോയി ഇട്ടു നോക്കിയേ… ഓക്കേ ആണോന്ന്…”

“യ്യോ.. ഇതെന്താ ചേച്ചി.. ഇതൊക്കെ എനിക്കാണോ…”

“അല്ലാതെ പിന്നെ.. നിന്നെ കൊണ്ട് ഇട്ടു നോക്കിപ്പിക്കുന്നത് എനിക്ക് വാങ്ങിക്കാനാവോ…”

“അയ്യോ ചേച്ചി… ഇവിടൊക്കെ നല്ല ക്യാഷ് ആവും ഡ്രെസ്സിന്.. എന്റെൽ അത്രക്കൊന്നും ഇല്ല… നമുക്ക് വല്ല ചെറിയ കടകളിലും പോയി എടുക്കാം ചേച്ചി… പ്ലീസ്….”

“എന്റെ പാറു.. ഒറ്റ വീക്ക് വെച്ച് തരും ഞാൻ… നിന്നോട് ഞാൻ പറഞ്ഞോ ഇതിന്റെയൊക്കെ ക്യാഷ് കൊടുക്കാൻ… ഇതൊക്കെ നിനക്ക് എന്റെ വക ബർത്ത് ഡേ ഗിഫ്റ്റ് ആണെന്ന് കൂട്ടിയാൽ മതി….”

“ഗിഫ്‌റ്റോ… എനിക്കോ…”

“എന്തേ.. നിനക്ക് എന്റെ ഗിഫ്റ്റ് ദേഹത്തിട്ടാൽ ചൊറിയോ…”

മായ അവളെ ചൊടി പിടിപ്പിക്കാൻ നോക്കിയപ്പോൾ പാറു മുഖം വീർപ്പിച്ചു വെച്ചു.

“അതല്ല ചേച്ചി… എന്നാലും… എനിക്ക് ഇതൊക്കെ….”

“ഒരു എന്നാലും ഇല്ല.. നീ പോയി ഇട്ടിട്ട് വായോ…”

മായ നോക്കിയപ്പോഴേക്കും പാറുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. അവൾ മായയെ ഇരു കൈകളാൽ മുറുകെ പുണർന്നു.
മായ തിരിച്ചും. പിന്നെ മെല്ലെ അവളെ അടർത്തി മാറ്റി രണ്ടു കൈകൾ കൊണ്ടും അവളുടെ കണ്ണുനീരോപ്പി മായ.

“ഒരു വിഷമവും വിചാരിക്കണ്ട… എനിക്ക് ഇതൊന്നും വാങ്ങി കൊടുക്കാനും ചെയ്യാനും ഒരു അനിയനോ അനിയത്തിയോ ഇല്ല… സോ ഇന്ന് എന്റെ ഹൃദയത്തിൽ നിനക്കൊരു അനിയത്തിയുടെ സ്ഥാനമാണ്… നിന്റെ സ്വന്തം ചേച്ചി വാങ്ങി തരുന്നത് പോലെ കണ്ടാൽ മതി… കേട്ടോ…”

“മ്മ്.. ചേച്ചി…”

“മ്മ്.. എന്നാ പോയി ഇട്ടിട്ട് വന്നേ.. സൈസ് ഓക്കേ ആണെങ്കിൽ നമുക്ക് ഒന്ന് രണ്ടെണ്ണം കൂടി എടുത്തിട്ട് ഇവിടുന്ന് എസ്‌കേപ്പ് അടിക്കാം…”

“ഹ ഹ.. ഓക്കേ ചേച്ചി…”

സന്തോഷത്തിൽ ട്രയൽ റൂമിലേക്ക് പോവുന്ന പാറുവിനെ മായയും വളരെ സന്തോഷത്തോടെ നോക്കി നിന്നു.
ഡ്രസ്സ്‌ ഒക്കെ സെലക്ട്‌ ചെയ്ത് ബില്ലും പേ ചെയ്ത് അവർ പുറത്തേക്കിറങ്ങിയപ്പോൾ പുറത്ത് ആ കമ്പിയിൽ ചാരി നിന്ന് ഫോണിൽ തോണ്ടി കൊണ്ട് ശിവ ഉണ്ടായിരുന്നു. പാറുവിന്റെ കയ്യും പിടിച്ച് മായ അവന്റെ അടുത്ത് എത്തിയപ്പോഴാണ് പെട്ടന്ന് ബാലൻസ് തിരിച്ചു വാങ്ങാത്തത് ഓർത്തത്.

“അയ്യോ.. ആ കടയിൽ നിന്ന് ബാലൻസ് വാങ്ങിയില്ല.. ശിവ ഒന്ന് നോക്കിക്കോണേ ഇവളെ.. ഞാനിതാ വരുന്നു…”

മായ തിരിച്ചു ഓടിയതും ഇവളെ കൊണ്ട് തോറ്റു എന്ന രീതിയിൽ ശിവ തലയ്ക്കു കൈ വെച്ചു.

പാറുവിനെ ഗൗനിക്കാതെ അവൻ ഫോണിൽ തന്നെ ശ്രദ്ധിച്ചെങ്കിലും തൊട്ടു അടുത്ത് നിന്ന് ശിവയെ നോക്കി കാണുകയായിരുന്നു പാറു.

“മ്മ്മ്… കാണാനൊക്കെ ഒരു അടിപൊളി ലുക്ക് ഒക്കെ ഉണ്ട്… മായ ചേച്ചിയ്ക്ക് ഒപ്പിക്കാനൊക്കെ പറ്റും… പക്ഷെ സ്വഭാവം ആണ്… കാണ്ടാ മൃഗത്തിന്റെ കൂട്ട്… മായ ചേച്ചിയും ആയിട്ട് തീരെ മാച്ചില്ല… പാവം ചേച്ചി എങ്ങനെ ഇതിനെ മെയ്ച്ചു കൊണ്ട് നടക്കുവോ എന്തോ ഭാവിയിൽ….”

ആത്മഗതം പോലെ പാറു മനസ്സിൽ പറഞ്ഞു.
പെട്ടെന്നാണ് അവരുടെ അടുത്ത് കൂടെ മൂന്നാല് പേര് ധൃതിയിൽ ഓടി പോയത്. ആരെയോ പേടിച്ചു ഓടുകയാണെന്ന് ആ ഓട്ടം കണ്ടാൽ അറിയാം. എന്താ സംഭവമെന്നറിയാതെ ശിവയും പാറുവും ചുറ്റിലും നോക്കി. അപ്പോൾ തൊട്ടു പുറകിൽ തന്നെ നല്ല തടിച്ച്..നീളമുള്ള..കള്ള് കുടിച്ച് ചുവന്ന കണ്ണുകളുമായി ഒരുത്തൻ അവരുടെ പിന്നാലെ ഓടി വരുന്നത് കണ്ടു. കാഴ്ചയിൽ തന്നെ പേടി തോന്നുന്ന രൂപമാണ് അയാൾക്ക് എങ്കിലും പ്രേത്യേകിച്ചു ഭാവ ഭേദമൊന്നുമില്ലാതെ ശിവ അയാളെ നോക്കി നിന്നു. എന്നാൽ പാറുവിന്റെ കണ്ണുകളിൽ അയാളെ കണ്ടതും ഭയം നിറഞ്ഞു. കൈകൾ രണ്ടും വിറയ്ക്കാൻ തുടങ്ങി… അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി. അയാൾ അവരുടെ തൊട്ട് അടുത്ത് എത്തിയതും ശിവ പുച്ഛത്തോടെ മുഖം എതിർ വശത്തേക്ക് തിരിച്ചു.

“ഹും.. കണ്ടാൽ തന്നെ അറിയാം ഏതോ വാടക ഗുണ്ടയാണെന്ന്… ഇവന്മാരൊക്കെ വന്നു വന്നു മാളിലും കേറി ഗുണ്ടായിസം കളിക്കാൻ തുടങ്ങിയോ… ഓരോ അവസ്ഥ…”

അവൻ നിന്ന് പിറു പിറുക്കുമ്പോഴും പാറുവിന്റെ കണ്ണുകൾ അയാളിൽ തന്നെയായിരുന്നു. അവരെ കടന്ന് പോയ അയാളും പരിചിതമായ എന്തോ കണ്ട പോലെ ഓടുന്നതിനിടയിൽ ഒന്ന് നിന്ന് തിരിഞ്ഞ് പാറുവിനെയും… ഒപ്പം അവളോട് ചേർന്ന് നിൽക്കുന്ന ശിവയെയും ഒരു നോക്ക് നോക്കി പെട്ടെന്ന് തന്നെ തിരിഞ്ഞ് അവന്മാർക്ക് പിന്നാലെ ഓടി. മറു വശത്തേക്ക് തിരിഞ്ഞു നിൽക്കുകയായിരുന്ന ശിവ ഇതൊന്നും അറിഞ്ഞതുമില്ല. അയാൾ അകന്ന് പോയതും പാറു ശ്വാസമൊന്ന് ആഞ്ഞു വലിച്ചു. ആശ്വാസത്തോടെ നോക്കിയപ്പോൾ മായ ബാലൻസും വാങ്ങി തിരിച്ച് വരുന്നുണ്ടായിരുന്നു. അവളെ കണ്ടതും കുറച്ചു കൂടി ആശ്വാസത്തിൽ പാറുവിന്റെ മുഖം തെളിഞ്ഞു.

“പോവാം..?..”

മായയുടെ ചോദ്യം കേട്ടപ്പോഴാണ് ശിവ തിരിഞ്ഞു നോക്കിയത്.

“വോ.. വന്നോ…മാഡം ഇനിയൊന്നും മറന്നു വെച്ചിട്ടില്ലല്ലോ അല്ലെ…”

അവളെ നോക്കി കലിപ്പിച്ച് ശിവ ചോദിച്ചതിന് ഒരു പുച്ഛം എറിഞ്ഞ് തന്നെ അവൾ മറുപടി കൊടുത്തു.

“വോ.. ഇല്ല സർ….”

“ഹും…”

കലിപ്പന്റെ മുഖത്ത് ഒരു കുത്ത് കൊടുത്ത് മായ പാറുവിനെയും കൊണ്ട് മുന്നിൽ നടന്നു. അവിടുന്ന് അവർ നേരെ പോയത് കോഫി ഷോപ്പിലേക്കാണ്. മൂന്നു കോഫിയും ബർഗറും ഓർഡർ ചെയ്ത് അവർ മൂന്നാളും ഒരു ടേബിളിന് ചുറ്റും ഇരുന്നു. ശിവ അടുത്തുള്ളത് നോക്കാതെ അന്ന് ആദ്യമായാണ് പാറു മായയോട് വാ തോരാതെ സംസാരിക്കുന്നത് ശിവ കാണുന്നത്. തന്റെ മുന്നിൽ പേടിച്ചു തല താഴ്ത്തി മാത്രം സംസാരിക്കുന്ന പാർവതി ഇത്രയും സന്തോഷത്തിൽ..കളിച്ച് ചിരിച്ച് സംസാരിക്കുന്നത് ശിവയ്ക്കും ഒരു പുതിയ കാഴ്ചയായിരുന്നു..എന്തോ അത് കണ്ടപ്പോൾ അവന്റെ ഉള്ളിലും ഒരു സന്തോഷം തോന്നി. പക്ഷെ അത് പുറത്ത് പ്രകടിപ്പിക്കാതെ ആ സന്തോഷം അവൻ ഉള്ളിൽ തന്നെ ഒതുക്കി. കോഫി കുടിച്ചു കഴിഞ്ഞതിനു ശേഷം ആ മാളിലെ തന്നെ തിയറ്ററിൽ കയറി ഒരു ഫിലിംമും കണ്ടു വൈകീട്ടോടെയാണ് അവർ മൂന്നും വീടുകളിലേക്ക് തിരിച്ചത്. പോകുന്ന വഴിയിൽ ഒരു ജംഗ്ഷനിൽ എത്തിയപ്പോൾ മായ ശിവയെ തട്ടി.

“ശിവ..എനിക്ക് ഇവിടെയൊന്ന് ഇറങ്ങണം… ആ കൊറിയർ സർവീസ് സെന്ററിൽ ഒന്ന് കയറേണ്ട ആവിശ്യം ഉണ്ട്…ചിലപ്പോൾ ഇത്തിരി ടൈം എടുക്കും അപ്പോഴേക്കും പാറുന് വൈകും.. നീ ഒരു കാര്യം ചെയ്യ് എന്നെ ഇവിടെ ഇറക്കി പാറുനെ അവളുടെ വീട്ടിൽ കൊണ്ട് വിട്ട് വാ… എന്നിട്ട് നമുക്ക് ഒരുമിച്ചു വീട്ടിലേക്ക് പോവാം…”

“മ്മ്… ഓക്കേ….”

അവൻ കാർ ഒരു സൈഡിലേക്കായി ഒതുക്കി. മായ കാറിൽ നിന്ന് ഇറങ്ങി പാറുവിനെ നോക്കി.

“പാറു.. നീയെന്താ എന്റെ ചെക്കനെ നിന്റെ ഡ്രൈവർ ആക്കാൻ നോക്കുവാണോ…”

പാറുവിന് ഒന്നും മനസ്സിലായില്ല.

“അതെന്താ ചേച്ചി.. ഞാൻ എന്താ ചെയ്തേ…”

“ഒന്നും ചെയ്തില്ല.. അതാ പ്രശ്നം.. ഇറങ്ങി വന്നു ഫ്രണ്ടിൽ കേറി ഇരിക്കെടി.. ഇല്ലെങ്കിൽ കാണുന്നവർ വിചാരിക്കും ഇവൻ നിന്റെ ഡ്രൈവർ ആണെന്ന്.. അത് എന്റെ ചെറുക്കനാ കുറച്ചിൽ… അല്ലേടാ….”

ഏറു കണ്ണിട്ട് ശിവയെ നോക്കി പറഞ്ഞപ്പോ ശിവ ഒരു പുച്ഛത്തോടെ അത് വരവ് വെച്ചു.

“വോ.. തന്നെ തന്നെ …”

“ഹ ഹ ഹ… ഇവന്റെയൊരു കാര്യം…നീ വാ പാറു.. ഇങ്ങോട്ട് കേറി ഇരിക്ക്….”

“അയ്യോ.. അത് വേണോ ചേച്ചി… ഞാൻ ഇവിടെ ഇരുന്നാൽ പോരെ….”

“പോരാ.. ഇവൻ നിന്നെ കടിച്ചു തിന്നതൊന്നും ഇല്ല…. വാ പെണ്ണെ..ഇങ്ങോട്ട്….”

അവൾ പാറുവിനെ പുറത്തേക്ക് ഇറക്കി ശിവയ്‌ക്കൊപ്പം മുൻ സീറ്റിലേക്ക് ഇരുത്തി എന്നിട്ട് രണ്ടു പേർക്കും റ്റാറ്റാ കൊടുത്തു. തിരിച്ചും അവളെയൊന്ന് നോക്കി ശിവ കാർ സ്റ്റാർട്ട്‌ ചെയ്തു.

പോകുന്ന വഴിയിൽ രണ്ടു പേരും പരസ്പരം ഒന്നും മിണ്ടിയില്ല. പക്ഷെ ഉള്ളിന്റെ ഉള്ളിൽ എവിടെയോ ശിവയോടുള്ള പാറുവിന്റെ ഭയവും പാറുവിനോടുള്ള ശിവയുടെ അകൽച്ചയും പതിയെ അലിഞ്ഞില്ലാതാവുന്നുണ്ടായിരുന്നു.

പാറുവിന്റെ വീടിന്റെ അടുത്തുള്ള ആ ഇടുങ്ങിയ വഴിയിൽ എത്തിയതും പാറു ശിവയെ നോക്കി. അത് മനസ്സിലായെന്ന പോലെ ശിവ കാർ ഒരരികിലേക്ക് നിർത്തി. നന്ദിയെന്ന പോൽ ഒന്ന് കൂടി ശിവയെ ഒന്ന് നോക്കി പാറു ഡോർ തുറന്ന് പുറത്തേക്കിറങ്ങി. തിരിഞ്ഞ് ഡോർ അടയ്ക്കാൻ നേരം താങ്ക്സ് പറയാനായി അവൾ വാ തുറന്നതും,

“ചെറുതായി ഇരുട് വീണു തുടങ്ങിയിട്ടുണ്ട്..തനിച്ച് പോവുവല്ലോ ല്ലേ ഞാൻ വരണോ…”

“ഏയ്‌.. നോ സർ… ഈ നേരത്തൊക്കെ തനിയെ പോയി ശീലം ആണ്… പിന്നെ….”

അവൾ എന്താ പറയാൻ പോവുന്നതെന്ന് അറിയാൻ സംശയത്തിൽ ശിവ പാറുവിനെ നോക്കി.

“അത്.. സർ.. താ.. താങ്ക്സ്…”

“വോ വരവ് വെച്ചു… നീ ചെല്ല് വൈകിക്കണ്ട…”

“മ്മ്.. ഓക്കേ സർ…”

“ഓക്കേ…”

അവളെ നോക്കി അത് പറയുമ്പോൾ ഒരു ചെറു ചിരി അവന്റെ ചുണ്ടിൽ സ്ഥാനം പിടിച്ചിരുന്നു.

അവൾ ആ ഇടുങ്ങിയ വഴിയിലൂടെ നടന്നു മുന്നോട്ടു നീങ്ങുന്നത് കുറച്ചു നേരം അവൻ നോക്കി നിന്നു. പിന്നെ പതിയെ കാർ സ്റ്റാർട്ട്‌ ആക്കി പിന്നിലേക്കെടുത്തു. അവന്റെ കാർ ദൂരേക്ക് അകന്ന് പോവുന്നത് നോക്കിക്കൊണ്ട് രണ്ടു ചുവന്ന കണ്ണുകൾ അവിടെ അടുത്തുള്ള മരത്തിന്റെ പുറകിൽ പതിയിരിക്കുന്നുണ്ടായിരുന്നു.

(തുടരും )

എല്ലാവരും വായിച്ചു അഭിപ്രായം പറയുവല്ലോ അല്ലെ… കൂടെ ഉണ്ടാവുമെന്ന പ്രതീക്ഷയിൽ തന്നെ തുടരുന്നു…