രചന – മിയ അവ
ഊതി വീർപ്പിച്ചു വെച്ച ബലൂണിന്റെ കാറ്റ് ഒഴിഞ്ഞു പോയ പോലെ തളർന്നു പോയി ശിവ. ഫോൺ വെച്ചതും വാടി കൊഴിഞ്ഞു പോയ പോലെ അവന്റെ തല താണത് കണ്ട് പാറുവിന് എന്തോ പന്തികേട് തോന്നി. ഒരു അപായ സൂചന അവൾക്ക് മണത്തെങ്കിലും എന്തെന്നറിയാൻ അത് അവനോട് തന്നെ അവൾ ചോദിച്ചു.
“എന്താ… എന്ത് പറ്റി.. ആരാ വിളിച്ചത്….”
അൽപ്പ നേരത്തേക്ക് മറുപടിയൊന്നും അവനിൽ നിന്നുമുണ്ടായില്ല. പിന്നെ മെല്ലെ തലയുയർത്തി കുളത്തിലേക്ക് കണ്ണ് നട്ടു.
“ഗൗതം… അവൻ സിംഗപ്പൂരിൽ നിന്നും
മടങ്ങാൻ നിക്കുന്നു….”
“ഒഹ്…..”
“മ്മ്… തനിച്ചല്ല… അവൻ വരുന്ന ഫ്ലൈറ്റിൽ…..”
ഒരു നിമിഷം അവനൊന്നു നിർത്തി. പിന്നെ സംശയത്തോടെ തന്നെ നോക്കുന്ന പാറുവിന് മറു നോട്ടം നൽകാതെ തന്നെ അവൻ ബാക്കിയും പറഞ്ഞു.
“മായ… അവളും ആ ഫ്ലൈറ്റിൽ നാട്ടിലേക്ക് വരുന്നു….”
നീളത്തിലൊരു ഈർച്ച വാളിനാൽ പ്രഹരമേറ്റ പോലെ അവളുടെ നെഞ്ചോന്ന് പുളഞ്ഞു. ശ്വാസഗതി വേഗത്തിലായി. ഒരു നിമിഷം….ഒരു നിമിഷത്തേക്ക് എങ്കിലും ഒരു കുന്ന് വ്യാമോഹങ്ങളെ അവളുടെ ഹൃദയത്തിൽ കെട്ടിപ്പൊക്കിയിരുന്നു അവൾ. ഉച്ചി തൊട്ട് കാലിന്റെ ഉപ്പുറ്റി വരെ വിറച്ചു പോയി അവൾക്ക്. അർഹതയില്ലാത്തവളുടെ പാഴ് സ്വപ്നങ്ങളോട് അവൾക്ക് ആ നിമിഷം അവജ്ഞ തോന്നിപ്പോയി. ഒരു ഗതിയും പരഗതിയുമില്ലാത്തവൾക്ക് ആഗ്രഹങ്ങൾ പാടില്ലായെന്ന് വിധി അവളെ വീണ്ടും പഠിപ്പിക്കുന്ന പോലെ തോന്നിയവൾക്ക്.
തലയിലൂടെ മിന്നി മറയുന്ന ചിന്തകളുടെ കൊടുമുടിയിൽ….കുളത്തിലേക്ക് ഉറ്റു നോക്കി നിന്ന ആ കണ്ണുകൾ അടയുമ്പോൾ അറിയാതെ…എന്നോ എപ്പോഴോക്കെയോ തന്നിൽ ഉയർന്നു പൊങ്ങിയ സ്വപ്നങ്ങളുടെയെല്ലാം അടിത്തറ ഒന്നൊന്നായി ഇളക്കിയെടുക്കുന്നുണ്ടായിരുന്നു അവളുടെ മനസ്സപ്പോൾ.
ശിവയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു. എല്ലാം മറന്നു പുതിയൊരു ജീവിതം സ്വപ്നം കണ്ടു തുടങ്ങിയിരുന്നു അവനും… എന്നാൽ വീണ്ടും പഴയ ഓർമകളിലേക്ക് വിധി തന്നെ ചേർത്തടുപ്പിക്കുന്നു. വാക്കുകൾ വരണ്ടു പോയ ആ നിശബ്ദതയിൽ അവനൊന്നു ദീർഘമായി നിശ്വസിച്ചു. പിന്നെ അവിടുന്ന് എഴുന്നേറ്റ് ഒന്നും മിണ്ടാതെ പടവുകൾ കയറാൻ തുടങ്ങിയ അവൻ പെട്ടെന്ന് ഒന്ന് സ്റ്റക് ആയി. കയ്യിൽ മുറുക്കെ പിടിച്ചിരിക്കുന്ന ആമ്പൽ പൂക്കളിലേക്ക് ഒരു വേള കണ്ണിടഞ്ഞപ്പോൾ ഈ നിമിഷം വരെയും തന്നോട് ചേർന്നിരുന്നവളുടെ മുഖം അവനിൽ ഒരു നോവുണർത്തി. പിന്നെ കണ്ണുകളെ കൂട്ടിയടച്ച് അവൻ അവൾക്ക് നേരെ തിരിഞ്ഞു. അപ്പോഴും മുകളിലേക്ക് തലയുയർത്തി കണ്ണുകളടച്ചിരിക്കുകയായിരുന്നു പാറു.
അവളുടെ ഉള്ളം പിടയുന്നത് ഇന്നവന് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു. നോവിൽ കലർന്നൊരു ചിരി ചുണ്ടിൽ വരവറിയിച്ചു. ആശ്വാസമാവില്ലെന്നറിഞ്ഞിട്ടും മൃദുവായി അവളെയൊന്നു വിളിച്ചു അവൻ.
“പാറു….”
ഏതോ ദു:സ്വപ്നത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റ പോലെ ആ വിളിയിൽ അവളൊന്നു ഞെട്ടി.
“ഹ്.. ഹാ….”
മൃദുവായി ഒരു പുഞ്ചിരി അവൾക്ക് നൽകി കൊണ്ട് കയ്യിലെ ആമ്പൽ പൂക്കളെ അവൾക്ക് നേരെ നീട്ടി അവൻ.
“ഹാപ്പി ബർത്ത് ഡേ….”
ഈയൊരു വിഷസ് കിട്ടാൻ കുറച്ചു മുന്നെ വരെ അവളുടെ ഉള്ളം തുടിച്ചിരുന്നു. ഇപ്പോഴത് കേൾക്കുമ്പോൾ മരുഭൂമിയിലേക്കൊരു പാഴ് തുള്ളി അടർന്നു വീണ പോലെയാണവൾക്ക് തോന്നിയത്. എങ്കിലും വരണ്ടൊരു ചിരി അവളുടെ ചുണ്ടുകൾക്കിടയിലും തെളിഞ്ഞു.
കൈ നീട്ടി ആ പൂക്കളെ വാങ്ങി അവനെ
നോക്കിയൊന്ന് പതിഞ്ഞു ചിരിച്ചു അവൾ. ഒരുപക്ഷെ തന്നെ പോലെ തന്നെ അവന്റെ നെഞ്ച് എരിയുന്നത് അവളും അറിയുന്നുണ്ടാവണം.
“താങ്ക്സ്….”
അവളുടെ വാടിയ കണ്ണുകളിലേക്ക് കൂടുതൽ നേരം നോക്കി നിൽക്കാൻ ശക്തിയില്ലായിരുന്നു അവനും. അതുകൊണ്ട് പെട്ടെന്ന് മുഖം മാറ്റി ആരോടെന്നില്ലാതെ പറഞ്ഞു.
“പോവാം….”
“മ്മ്….”
ശിവ മുന്നിലും പാറു പിന്നിലുമായി അവർ വീടിനുള്ളിലേക്ക് നടന്നു. പോകുന്ന വഴിയിൽ മണ്ണിൽ പതിയുന്ന കാലടികൾ പോലും അവർക്കിടയിലെ നിശബ്ദതയ്ക്ക് ഭംഗം വരുത്തിയില്ല.
മുറിയിലെത്തിയതും പാറു അതേ സാരിയോടെ തന്നെ സോഫയിലേക്ക് ചാഞ്ഞു. ശിവയും ഉറങ്ങാൻ കിടന്നെങ്കിലും അവന്റെ മനസ്സ് അശാന്തമായി ഒഴുകുകയായിരുന്നു അപ്പോൾ. ഇരു കൈ വഴികളായി അതങ്ങനെ പിരിഞ്ഞു
നോക്കിയൊന്ന് പതിഞ്ഞു ചിരിച്ചു അവൾ. ഒരുപക്ഷെ തന്നെ പോലെ തന്നെ അവന്റെ നെഞ്ച് എരിയുന്നത് അവളും അറിയുന്നുണ്ടാവണം.
“താങ്ക്സ്….”
അവളുടെ വാടിയ കണ്ണുകളിലേക്ക് കൂടുതൽ നേരം നോക്കി നിൽക്കാൻ ശക്തിയില്ലായിരുന്നു അവനും. അതുകൊണ്ട് പെട്ടെന്ന് മുഖം മാറ്റി ആരോടെന്നില്ലാതെ പറഞ്ഞു.
“പോവാം….”
“മ്മ്….”
ശിവ മുന്നിലും പാറു പിന്നിലുമായി അവർ വീടിനുള്ളിലേക്ക് നടന്നു. പോകുന്ന വഴിയിൽ മണ്ണിൽ പതിയുന്ന കാലടികൾ പോലും അവർക്കിടയിലെ നിശബ്ദതയ്ക്ക് ഭംഗം വരുത്തിയില്ല.
മുറിയിലെത്തിയതും പാറു അതേ സാരിയോടെ തന്നെ സോഫയിലേക്ക് ചാഞ്ഞു. ശിവയും ഉറങ്ങാൻ കിടന്നെങ്കിലും അവന്റെ മനസ്സ് അശാന്തമായി ഒഴുകുകയായിരുന്നു അപ്പോൾ. ഇരു കൈ വഴികളായി അതങ്ങനെ പിരിഞ്ഞു
കിടക്കുമ്പോൾ ഏത് ദിശയിൽ ഒഴുകണമെന്നറിയാതെ ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അവന്റെ ഹൃദയം തേങ്ങി. രാത്രിയിലെപ്പോഴോ ദാഹം പോലെ തോന്നിയപ്പോൾ വെള്ളം കുടിക്കാനായി അവൻ ജഗ് പരതിയെങ്കിലും ഫങ്ക്ഷന്റെ തിരക്കിൽ വെള്ളം കൊണ്ട് വെയ്ക്കാൻ എല്ലാവരും മറന്നിരുന്നു. പിന്നെ അവൻ തന്നെ എഴുന്നേറ്റ് താഴെ പോയി ജഗിൽ വെള്ളമെടുത്ത് അതിൽ നിന്നൊരിറക്ക് വെള്ളം കുടിച്ച് ടേബിളിൽ കൊണ്ട് വെച്ചു. വീണ്ടും ലൈറ്റ് അണച്ച് കിടക്കാൻ തുനിഞ്ഞപ്പോൾ റൂമിലെ സീറോ ബൾബിന്റെ നേരിയ വെട്ടത്തിൽ… ഉറങ്ങി കിടക്കുന്ന പാറുവിന്റെ കഴുത്തിൽ ചുറ്റി താഴേക്കൂർന്ന് സോഫയുടെ പുറത്തേക്ക് തൂങ്ങി നിൽക്കുന്ന ആ ആലില താലിയിൽ കണ്ണുകളുടക്കിയതും അവന്റെ ചുണ്ടുകളിൽ എവിടെ നിന്നോ ഒരു നനുത്ത..കുളിരുള്ള പുഞ്ചിരി വന്നെത്തി നോക്കി.
രാവിലെ ശിവ ഉണർന്ന് താഴേക്ക് ഇറങ്ങിയപ്പോൾ പാറുവിനെ എങ്ങും കണ്ടില്ല. ശ്രേയയോട് അന്വേഷിച്ചപ്പോൾ അവളും ശ്രീദേവിയമ്മയും രാഘവേട്ടന്റെ കൂടെ അവരുടെ തന്നെ കുറച്ചു മാറിയുള്ള എസ്റ്റേറ്റിൽ പച്ചക്കറി വിളഞ്ഞതൊക്കെ
പറിച്ചെടുക്കാൻ പോയതാണെന്ന് പറഞ്ഞു. അവിടുന്നും കുറച്ചു വൈകിയാണ് പാറു എസ്റ്റേറ്റിൽ നിന്ന് മടങ്ങിയെത്തിയത്. അപ്പോഴേക്കും ശിവ ഓഫീസിൽ പോയി കാണുമെന്നാണ് അവൾ കരുതിയിരുന്നത്. എന്നാൽ അവൻ അന്ന് ലീവാണെന്ന് അവൾ അറിഞ്ഞിരുന്നില്ല. ഉച്ച തിരിഞ്ഞ് എന്തോ ആവിശ്യത്തിന് വേണ്ടി മുറിയിലേക്ക് പോയ പാറു കാണുന്നത് എവിടേക്കോ പോവാൻ വേണ്ടി ധൃതി പിടിച്ച് ഒരുങ്ങുന്ന ശിവയെയാണ്. ഇന്ന് പോയില്ലേയെന്നോരു സംശയം ഉള്ളിൽ തോന്നിയെങ്കിലും അത് അവനോട് ചോദിക്കാനോ പറയാനോ ഒന്നും അവൾക്കെന്തോ തോന്നിയില്ല. ഒരു നോട്ടം അവനെ നോക്കി ഒന്നും മിണ്ടാതെ അവൾ മുറിയിൽ കയറി എന്തോ എടുത്ത് അതേ വേഗത്തിൽ തന്നെ തിരിച്ച് പോവാൻ നിക്കുമ്പോഴാണ് ശിവ അവളെ കാണുന്നത്. തന്നെ തിരിഞ്ഞോന്ന് നോക്കുക പോലും ചെയ്യാതെ പോവാൻ നിക്കുന്നവളെ അവൻ പുറകിൽ നിന്നൊന്ന് വിളിച്ചു.
“പാറു….”
ആ വിളിയിൽ അവളുടെ കാലുകൾ അവിടെ ഉറച്ചു. വാക്കുകളൊന്നുമില്ലാതെ വെറുതെ അവനെയൊന്ന് തിരിഞ്ഞു
നോക്കി അവൾ.
“അത്… ഞാനൊന്ന് എയർപോർട്ടിൽ പോകുവാ… ഗൗതമിനെ പിക്ക് ചെയ്യാൻ….”
അലസമായി തലയൊന്നിളക്കിയതേ ഉള്ളു അവൾ.
“ഗൗതം മാത്രമല്ല…. ഗോവിന്ദങ്കിൾ… ഗോവിന്ദങ്കിളും വിളിച്ചിരുന്നു രാവിലെ…മായേടെ കൂടെ…സുനിതാന്റി മാത്രമേ ഉള്ളുവെന്ന്….. അങ്കിളിന് എന്തോ അത്യാവശ്യം കാരണം ഇവരുടെ കൂടെ തിരിക്കാൻ പറ്റിയില്ല… സോ അവരെ കൂടി പിക്ക് ചെയ്ത് വീട്ടിൽ വിടണം…..”
“മ്മ്….”
ഇതൊക്കെ തന്നോട് എന്തിന് പറയുന്നു എന്നൊരു ഭാവമായിരുന്നു അവളുടെയാ മൂളലിന്. ഒന്ന് മൂളി അവിടെ നിന്നും പോവാൻ നിന്ന പാറുവിനെ വീണ്ടും അവൻ വിളിച്ചു.
“നിന്നേ…”
എന്തെന്നർത്ഥത്തിൽ പാറു നോക്കിയപ്പോൾ ശിവ അവൾക്ക് മുന്നിലൊന്ന് പരുങ്ങി.
“നീ… നീ വരുന്നോ എനിക്കൊപ്പം….”
“ഇല്ല….”
പൊടുന്നനെ ആയിരുന്നു ആ മറുപടി. എന്തൊക്കെയോ ഉറച്ച തീരുമാനമെടുത്ത മനസ്സിന്റെ മൂർച്ചയുണ്ടായിരുന്നു ആ മറുപടിയ്ക്ക്….ഒരിട പോലും ചിന്തിക്കേണ്ടി വന്നില്ല അവൾക്ക് അങ്ങനൊരു മറുപടി നൽകാൻ. പറയലും കാറ്റു പോലെ അവൾ അവിടുന്നും ഇറങ്ങി പോയി. ഒന്നും മനസിലാവാതെ ശിവ അവൾ പോയ വഴിയെ നോക്കി നിന്നു.
ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്ന സമയം എയർപോർട്ടിന് പുറത്ത് അവർക്കായി കാത്തു നിൽക്കുകയായിരുന്നു ശിവ.
“ഡേയ് ശിവ… ഇവിടെ…ഇവിടെ…..”
കാറിന്റെ ബോണറ്റിൽ ചാരി എവിടേക്കോ മിഴിയൂന്നി നിൽക്കുന്ന ശിവയുടെ നോട്ടത്തെ ഗൗതമിന്റെ ശബ്ദമാണ് പിന്നിലേക്ക് തിരിച്ചത്. ഗൗതമിനെ നോക്കി പുഞ്ചിരിക്കുമ്പോൾ പോലും കണ്ണുകൾ അതിവേഗം പതിഞ്ഞത് അവന് പുറകിൽ സുനിത ഉരുട്ടി കൊണ്ട് വരുന്ന വീൽ ചെയറിൽ ചലനമറ്റിരിക്കുന്ന മായയിലാണ്.
ശിവയൊന്നവളെ ഇരുത്തി നോക്കി. പോവുമ്പോൾ ഉണ്ടായിരുന്ന അതേ ഭാവം…. കണ്ണുകളിലും മുഖത്തും അതേ തീക്ഷണത. എന്തോ അത് നോക്കി നിന്നപ്പോൾ അവന്റെ ചൊടികളിൽ പതിവില്ലാതെ ചിരിയാണ് വിടർന്നത്. അവർ അടുത്തെത്തിയപ്പോൾ ഗൗതം പെട്ടെന്ന് വന്നു ശിവയെ ഹഗ് ചെയ്തു.
“ടാ ശിവ… ആ ബിസ്സിനെസ്സ് ഡീൽ എഗ്രി ചെയ്തോളാന്നാടാ ഗോവിന്ദ് സാറും പറഞ്ഞത്… നമ്മുടെ കമ്പനിയ്ക്ക് ഇത് വലിയൊരു ബെനഫിറ്റ് തന്നെയാവും ശിവ..പുതിയ റിക്രൂട്ട്മെന്റ് കൂടി വരുന്നുണ്ടല്ലോ… നല്ല എഫിഷിയന്റായ ഒരാളും കൂടി വന്നാൽ ഈ വർഷം നമ്മൾ തകർക്കും ടാ……”
“മ്മ്.. അതൊക്കെ നമുക്ക് വിശദമായി സംസാരിക്കാം ടാ.. നീയിപ്പോ ചെന്ന് കാറിൽ കയറ്….”
“ഓക്കേ ടാ….”
ഗൗതം ചിരിച്ചു കൊണ്ട് കാറിൽ ഫ്രണ്ട് സീറ്റിലേക്ക് കയറി. ശിവയൊന്നു തിരിഞ്ഞ് സുനിതയെ നോക്കി.
“സുഖം ആയിട്ടിരിക്കുന്നോ ആന്റി…”
ഒരു നേർത്ത ചിരി അവരിൽ തെളിഞ്ഞു.
“സുഖം ശിവ… നിനക്കോ….”
“മ്മ്.. സുഖം…”
വെറുതെ പോലും മായയുടെ മിഴിയിണകൾ ശിവയ്ക്ക് നേരെ തിരിഞ്ഞില്ല. വീൽ ചെയറിൽ നിന്ന് അവളെ കാറിലേക്ക് ഇരുത്താൻ വേണ്ടി സുനിത ഗൗതമിനെ ഒന്ന് നോക്കി.
“ഗൗതം… മോനൊന്ന്….”
“ഞാൻ എടുക്കാം ആന്റി….”
അവരു പറയും മുന്നെ ശിവ അവരെ നോക്കി പറഞ്ഞു. സുനിതയുടെ മുഖം അത് കേട്ടപ്പോൾ തെളിഞ്ഞെങ്കിലും മായയുടെ മുഖത്ത് കുറച്ചു കൂടി രോഷം ഇരുണ്ടു കയറി.
“നോ… അത് വേണ്ട….”
കടുത്ത ഭാഷയിൽ തന്നെ അവൾ പറയുമ്പോഴും ശിവയുടെ മുഖത്ത് പുഞ്ചിരി തന്നെയായിരുന്നു. അവളുടെ വാക്കിനെ കേൾക്കാതെ അവൻ കുനിഞ്ഞു നിന്ന്
അവളെ എടുക്കാനായി ആഞ്ഞതും മായ തന്നാൽ കഴിയും വിധം ഒച്ചയുയർത്തി അതിനെ എതിർക്കാൻ നോക്കി.
“നോ… ശിവ നിന്നോടാ ഞാൻ പറഞ്ഞത് നീയെന്നെ തൊട്ട് പോവരുതെന്ന്….അനുവാദം ഇല്ലാതെ എന്നെ തൊടാൻ നിനക്ക് ആര് അധികാരം തന്നു….ഡോണ്ട് യു ഹാവ് മാന്നേഴ്സ്…?…”
അവളുടെ ദേഷ്യമെരിയുന്ന കണ്ണുകളിലേക്ക് തന്നെ നോക്കി ഊറി ചിരിച്ചു അവൻ.
“അപ്പോ നീ എന്റെ പേരൊന്നും മറന്നിട്ടില്ല അല്ലേടി…. സന്തോഷം അതറിഞ്ഞതിൽ….”
വിഷാദ ചുവയുള്ള അവന്റെയാ വാക്കുകളൾ കാലങ്ങൾക്ക് ശേഷം അവളിലൊരു പതർച്ചയുണ്ടാക്കി. നെഞ്ചോന്ന് നീറി പോയി അവൾക്ക്. മൂടി വെയ്ക്കപ്പെട്ട എന്തൊക്കെയോ ഓർമ്മകൾ ഒരു വേള മനസ്സിൽ മറ നീക്കി ഓളം തള്ളി വന്നു നിന്നപ്പോൾ….അവളിലെ എതിർപ്പ് പതിയെ അയഞ്ഞു. അത് നോക്കി ചുണ്ടിലൂറിയ ചിരിയോടെ ശിവ പയ്യെ അവളെ ഇരു കൈകളിലും കോരിയെടുത്തു. അപ്പോഴേക്കും സുനിത കാറിന്റെ ബാക്ക് ഡോർ തുറന്നു
വെച്ചിരുന്നു. ശ്രദ്ധയോടെ അവൻ അവളെ അവിടെക്കിരുത്തി. അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി അവൻ തലയെടുക്കാൻ ഒരുങ്ങിയതും…
“സോ.. സോറി…”
കാതിൽ തട്ടിയ ആ നേർത്ത……വളരെ നേർത്ത ആ ശബ്ദത്തിലേക്ക് ഒന്ന് കൂടി മുഖം തിരിച്ചു അവൻ.
“അയാം സോറി ടാ… ഒത്തിരി.. ഒത്തിരി വേദനിപ്പിച്ചിട്ടുണ്ടല്ലേ ഞാൻ….”
എന്തിനോ വേണ്ടി രണ്ടു പേരുടെയും ശ്വാസങ്ങൾ തമ്മിലിടഞ്ഞു. മായയുടെ കണ്ണുകളിലെ കോപത്തിന്റെ കനൽ നിസ്സഹായതയുടെ ആഴിയ്ക്ക് വഴി മാറി കൊടുക്കുന്നത് അവൻ കണ്ടു. ഏറെ സ്നേഹത്തോടെ… വാത്സല്യത്തോടെ ആ കണ്ണുനീരിനെ തന്റെ കൈകൾ കൊണ്ട് അവനിങ്ങു ഒപ്പിയെടുത്തു.
“സാരോല്ല ടാ… എനിക്കറിയാലോ നിന്നെ….”
തുളുമ്പി വീഴുന്ന കണ്ണുനീരിലും അവനെ നോക്കിയൊന്ന് മനോഹരമായി പുഞ്ചിരിച്ചു അവൾ.
എയർപോർട്ടിൽ നിന്നും വരുന്ന വഴി ഗൗതമിനെ അവന്റെ വീട്ടിലേക്കുള്ള ബസ് കിട്ടുന്നിടത്ത് ഇറക്കി ശിവ മായയെയും സുനിതയെയും കൊണ്ട് അവരുടെ വീട്ടിലേക്ക് പോയി. ഒന്നര വർഷത്തിലേറെയായിരുന്നു മായയും കുടുംബവും അവിടെ നിന്നും പോയിട്ട്. പെട്ടെന്ന് തീരുമാനിച്ച മടക്കം ആയതിനാൽ വീടൊന്ന് വൃത്തിയാക്കി ഇട്ടിട്ട് കൂടി ഇല്ലായിരുന്നു. ശിവ പറഞ്ഞേൽപ്പിച്ചത് അനുസരിച്ച് അവന്റെ വീട്ടിൽ തൂത്ത് തുടക്കാൻ വരുന്ന രാധ അവർ എയർപോർട്ടിൽ നിന്ന് എത്തുമ്പോഴേക്കും വീട് തുറന്ന് അവിടെ മൊത്തം വൃത്തിയാക്കി ഇട്ടിരുന്നു. വീട്ടിലേക്ക് കാർ കയറ്റിയിട്ട് ശിവ കാറിൽ നിന്നിറങ്ങി മായയെ തന്റെ കൈകളിൽ കോരിയെടുത്ത് വീട്ടിലേക്ക് കയറി. അവൻ തന്നെയാണ് അവളെ മുകളിലെ അവളുടെ മുറിയിലേക്ക് കൊണ്ട് കിടത്തിയതും. ഒത്തിരി നാളുകൾക്കു ശേഷം തന്റെ പഴയ ഓർമ്മകൾ ഉറങ്ങുന്ന ആ മുറിയിലേക്ക് എത്തിയപ്പോൾ മായയ്ക്ക് അതിരു കവിഞ്ഞ സങ്കടമോ സന്തോഷമോ എന്തൊക്കെയോ തോന്നി. കണ്ണുകളിൽ അതിന്റെ ഫലമായി നീർ തിളക്കവും കനത്തു.
ഫ്ലൈറ്റ് അൽപ്പം ഡിലേ ആയിരുന്നത് കൊണ്ട് അവർ എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് എത്തിയപ്പോഴേക്കും തന്നെ സന്ധ്യ ആയിരുന്നു. അവളെ അവിടെ കിടത്തി എല്ലാം സേഫ് ആണെന്ന് ഉറപ്പ് വരുത്തിയ ശേഷം അവരോട് യാത്ര പറഞ്ഞ് തിരിച്ചു വരാൻ ഒരുങ്ങുകയായിരുന്നു ശിവ. പോവുകയാണെന്ന് പറയാൻ അവൻ ഒരിക്കൽ കൂടി മായയുടെ മുറിയിലേക്ക് കയറി. അവിടെ തുറന്നിട്ട ജനാലയിലൂടെ പുറത്തേക്ക് നോക്കി കിടക്കുകയായിരുന്നു മായ. മൃദുവയൊന്ന് ചിരിച്ചു കൊണ്ട് ശിവ അവളുടെ അടുത്തേക്ക് ഇരുന്നു.
“മായ..”
“മ്മ്…”
“എന്തോർക്കുവാ നീ….”
“ഏയ്.. ഒന്നും ഇല്ല ശിവ… കുറെ കാലത്തിന് ശേഷം ഇവിടെ എത്തിയപ്പോൾ….എന്തോ പഴയ ഓർമ്മകളൊക്കെ ഇങ്ങനെ മനസ്സിലേക്ക് എത്തിയപ്പോൾ… ചുമ്മാ ഇങ്ങനെ അതോർത്ത് കിടക്കുവായിരുന്നു….”
“ആഹാ…. ഒരുപാട് ഓർത്ത് മനസ്സിന് ഒരു
ഭാരം ആക്കി വെയ്ക്കണ്ട കേട്ടല്ലോ…….ഓർക്കാൻ സുഖമുള്ള ഓർമ്മകൾ മാത്രം മതി ഈ മനസ്സിൽ…..”
അവൻ അവളുടെ കവിളിലൊന്ന് തട്ടി കൊണ്ട് പറഞ്ഞപ്പോൾ സന്തോഷത്തിൽ കുതിർന്നൊരു പുഞ്ചിരി അവളുടെ മുഖത്തും നിറഞ്ഞു.
“എന്നാ ഞാൻ ഇറങ്ങട്ടെ ടാ…..”
എന്തോ അത് കേട്ടപ്പോൾ നന്നായി വിടർന്നു നിന്നിരുന്ന മായയുടെ മുഖം പെട്ടെന്ന് കൂമ്പി പോയി. അവൾ മിഴികൾ വീണ്ടും പുറത്തേക്ക് തന്നെ പായിച്ചു. ശിവ അത് ശ്രദ്ധിക്കുകയും ചെയ്തു.
“മായ…”
അവൻ വീണ്ടും അവളെ വിളിച്ചു.
“പോയിട്ട് തിരക്കുണ്ടോ ശിവ….”
കണ്ണുകൾ പുറത്ത് നിന്നും എടുക്കാതെ തന്നെ അവൾ അവനോട് ചോദിച്ചു.
“ഏയ്… എന്ത് തിരക്ക്…പ്രേത്യേകിച്ചു ഒന്നും ഇല്ലടാ…. എന്തേ….”
“എന്നാ കുറച്ചു നേരം കൂടി എന്റെ അടുത്ത് ഇരിക്കുവോടാ നീ… എന്തോ ഒരു ആശ്വാസം കിട്ടുന്നുണ്ട്… നിന്റെയൊപ്പം ഇങ്ങനെ ഇരിക്കുമ്പോൾ…..”
അവളുടെ ഉള്ളിൽ എന്തോ വിഷമം തങ്ങി നിൽക്കുന്നുണ്ടെന്ന് അവന് മനസ്സിലായി. ഇപ്പോ തന്റെ സാനിധ്യം അവൾക്ക് ആവിശ്യമാണെന്ന് മനസ്സിലായപ്പോൾ കൂടെ തന്നെയുണ്ടാവുമെന്ന് അവൻ അവൾക്ക് മറുപടി നൽകി.
ഇരുൾ മൂടി മാനം കറുക്കാൻ തുടങ്ങി. പകൽ നേരം വാനോളം പാറി പറന്നിരുന്ന പക്ഷികളെല്ലാം രാത്രിയിൽ ഒരു അഭയത്തിനായി തങ്ങളുടെ കൂടുകളിലേക്ക് ചേക്കേറി. നിശാ ശലഭങ്ങൾ കറുത്ത മാനത്തിൽ പൊട്ടുകളായി ചിറക്കിട്ടടിച്ചു. സമയം എട്ട് കഴിഞ്ഞ് ഒൻപത്തും പിന്നിട്ട് പത്തിലേക്ക് എത്തിയപ്പോൾ കണിയോത്ത് വീട്ടിലുള്ളവരും ഭക്ഷണമൊക്കെ കഴിഞ്ഞ് ഉറക്കത്തിലേക്ക് പോയി. നീളുന്ന സമയത്തെ ഭീതിയോടെ നോക്കി മുകളിലെ….. ബാൽക്കണിയിൽ പുറത്തെ കോരി ചൊരിയുന്ന മഴയിലേക്കും ആഞ്ഞു വീശുന്ന കാറ്റിനെയും നോക്കി ഒരു പാവം പെണ്ണ്…..എവിടെയും മനസ്സുറപ്പിക്കാനാവാതെ അവിടെയാ സിറൗട്ടിലേക്ക് കയറി ആരെയോ
കാത്തെന്ന പോലെ ചുവരിലേക്ക് ചാരിയിരുന്നു. സമയം അതിക്രമിക്കുന്നതിനനുസരിച്ച് മുറുകി വരുന്ന ഹൃദയതാളവും കൂടിയായപ്പോൾ അവളുടെ കൈകൾ കഴുത്തിൽ കിടക്കുന്ന ആ ആലില താലിയെ മുറുക്കെ പിടിക്കുന്നുണ്ടായിരുന്നു…. അറ്റു വീഴാതെ ആ കൈകൾക്കുള്ളിൽ അത് ഭദ്രമാവണേയെന്ന്
അവൾ പോലുമറിയാതെ അവളുടെ ഉപബോധ മനസ്സ് പ്രാർത്ഥിക്കുന്ന പോലെ ആ കണ്ണുകൾ പയ്യെ കൂമ്പിയടഞ്ഞു.
(തുടരും )
കുറെയേറെ സംശയങ്ങളും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഈ കഥയിലുണ്ടാവാം..എന്ത് തന്നെയായാലും വായിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ ല്ലേ…ഓരോ വരവുകൾക്കും പോക്കുകൾക്കും പിന്നിൽ എന്തെങ്കിലും ഒരു നിയോഗം ഉണ്ടാവാതിരിക്കില്ലല്ലോ… എല്ലാം ഉടനെ തന്നെ കലങ്ങി തെളിയട്ടെ….

by