The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – മിയ അവ
“പോവുമ്പോൾ ഒന്ന് മാത്രം മനസ്സിൽ വെച്ചോളൂ….. ശിവന് പാതി പാർവതി തന്നെയാണ്… അത് മനുഷ്യർ വിചാരിച്ചാൽ തകർക്കാൻ പറ്റില്ല… മുറിച്ചിട്ടാലും മുറി കൂടുക തന്നെ ചെയ്യും….”
തൂക്കിയിട്ടിരിക്കുന്ന അമ്പല മണികൾ കാറ്റിലിളകി ഒച്ച വെച്ചപ്പോൾ…അതിന്റെ പ്രതിധ്വനിയിൽ അയാളുടെ ആ വാക്കുകൾ എന്തിനോ വേണ്ടി ശിവയുടെ മനസ്സിന്റെ ഏതോ ഒരു കോണിൽ തട്ടി ഓളമുണ്ടാക്കി.
ഇരുട്ട് വീണിരുന്നു ശിവ വീട്ടിൽ തിരിച്ചെത്തുമ്പോൾ. കാറിൽ നിന്നിറങ്ങിയ അവൻ ഉമ്മറത്തെ കാഴ്ചയിലേക്ക് അൽപ്പ നേരം നോക്കി നിന്നുപോയി. വാ തോരാതെ
അച്ഛമ്മയോടും അച്ചാച്ചനോടും കഥ പറഞ്ഞിരിക്കുന്ന പാർവതി. അവളുടെ സംസാരത്തിൽ മതി മറന്നു കൈയടിക്കുകയും ചിരിക്കുകയും ചെയ്യുന്ന അച്ഛമ്മയും അച്ചാച്ചനും. അൽപ്പസമയം അത് നോക്കി നിന്ന ശേഷം ഒന്നും മിണ്ടാതെ ഉമ്മറത്തേക്ക് കയറി. അവർ അവിടെ ഉണ്ടെന്ന് പോലും ഗൗനിക്കാതെ ഉള്ളിലേക്ക് പോകുന്നവനെ പോയിട്ട് എന്തായിയെന്നറിയാനുള്ള ആകാംഷയോടെ നോക്കുന്ന അച്ഛമ്മയെ കൺകോണിലൂടെ ഒന്ന് കണ്ടു അവൻ. അച്ചാച്ചൻ വഴക്ക് പറയുമെന്ന് പേടിച്ചാവും പാവം കണ്ണ് കൊണ്ട് തന്നെ പിന്തുടരുന്നതെന്ന് ഓർത്തപ്പോൾ അവനൊന്ന് ഉള്ളിൽ ചിരിച്ചു. പിന്നെ മുകളിലേക്ക് തന്നെ കയറിപ്പോയി.
റൂമിൽ പോയി കിടന്നിട്ടും മനസ്സ് എവിടെയും അടങ്ങി നിൽക്കുന്നില്ലായിരുന്നു. വെറുതെ കിടന്നു ഓരോരോ ചിന്തകളെ ഇക്കിളിയിട്ട് ഉണർത്തി കുറുമ്പ് കാട്ടി കൊണ്ടിരുന്നു അത്. എങ്ങനെയൊക്കെയോ തിരിഞ്ഞും മറിഞ്ഞും കിടന്ന് ശിവ സമയത്തെ കൊന്നു.
………നീയെൻ നെഞ്ചിനാഴമേ…. നീയെൻ പാട്ടിനീണമേ….
നീ നിറഞ്ഞു എൻ… കനവാകേ….
ഉയിരേ…. എൻ ജീവനേ…. എൻ സർവ്വമേ……
ശിവയുടെ ഫോണിന്റെ റിങ് ടോൺ ആണ്.
തല പൊക്കി ടേബിളിന് മുകളിലുള്ള ഫോൺ എടുത്തു അവൻ ചെവിയിൽ വെച്ചു.
“ആ.. ശിവ നീ പറഞ്ഞ ക്യാഷ് ക്രെഡിറ്റ് ആയിട്ടുണ്ട്… എന്താ ചെയ്യേണ്ടത്.. പിൻവലിക്കണോ അത്….”
ഗൗതമാണ്. ആ ചോദ്യത്തിൽ ഒരു നിമിഷം പാറുവിനെ കുറിച്ചൊന്ന് ചിന്തിച്ചു അവൻ. പിന്നെ ഉടനെ തന്നെ മറുപടി കൊടുത്തു.
“യെസ്.. ഗൗതം.. പിൻവലിച്ചേക്ക്…”
ഫോൺ കട്ട് ചെയ്ത് ടേബിളിലേക്ക് വെച്ച് ഇരു കൈകളും മുഖത്തേക്ക് പിണച്ച് കണ്ണടച്ച് കിടന്നു. മായയുടെ വാക്കുകളും ഒടുവിൽ ആ സിദ്ധ മുനിയുടെ വാക്കുകളും അവന്റെ മനസ്സിലേക്ക് ഇടകലർന്നു വന്നു നിന്നു.
“ശിവനും പാർവതിയോ… അയാൾ എന്താവും അങ്ങനെ പറഞ്ഞത്….എന്നോടിപ്പോ ശിവന്റെയും
പാർവതിയുടെയും കഥ പറയേണ്ട കാര്യം എന്താ….ഇനി എന്റെ പേര് ശിവയാണെന്ന് എങ്ങാനും അയാൾ മുന്നെ അറിഞ്ഞു കാണുമോ….എന്നെ ഉദ്ദേശിച്ചാവോ അയാൾ ശിവനെന്ന് പറഞ്ഞത്… അങ്ങനെയാണെങ്കിൽ…..അപ്പൊ… അപ്പോ പാർവതി……”
ആ ചോദ്യത്തിൽ വെറുതെ…..എന്തിനോ…അവന്റെ മനസ്സ് കുരുങ്ങി കിടന്നു.
മായയുടെ അപകടത്തിന്റെ ഓർമ്മയിൽ രണ്ടു ദിവസമായി കമ്പനിയിലേക്ക് തന്നെ ശിവ പോവാറില്ല. മായയുടെ ഡാഡി വിളിച്ചു ഒന്ന് ഉപദേശിച്ചപ്പോൾ അന്ന് രാവിലെ തന്നെ കുളിച്ചൊരുങ്ങി ഓഫീസിലേക്ക് പോവാൻ റെഡിയായി താഴെക്കിറങ്ങി. ശ്രീദേവി അവിടെ ബ്രേക്ക് ഫാസ്റ്റ് എടുത്തു വെയ്ക്കുന്നുണ്ടായിരുന്നു. ഓഫീസിൽ പോവാൻ റെഡിയായി ഇറങ്ങിയ ശിവയെ കണ്ട് അവർ സംശയത്തിൽ ചോദിച്ചു.
“കഴിക്കുന്നില്ലേ മോനെ…”
“എനിക്ക് ഇപ്പോ വിശപ്പില്ലമ്മേ…ഞാൻ ഓഫീസിൽ നിന്ന് കഴിച്ചോളാം…”
ശ്രീദേവിയുടെ മുഖമൊന്ന് വാടിയെങ്കിലും
അവർ അവന് നേരെ പുഞ്ചിരിച്ചു മൗന സമ്മതം നൽകി.
“ആ മോനെ..അച്ഛമ്മ രാത്രി നിന്നെ കാണണം പറഞ്ഞിരുന്നു ഞാൻ വന്നു നോക്കിയപ്പോഴേക്കും നീ ഉറങ്ങി പോയിരുന്നു… ഒന്ന് അച്ഛമ്മയെ കണ്ടിട്ട്….”
കോലായിലേക്ക് ഇറങ്ങിയ അവൻ പിന്നിൽ നിന്ന് ശ്രീദേവി വിളിച്ചു പറയുന്നത് കേട്ട് വാച്ചിലേക്ക് ഒന്ന് നോക്കി.
“അച്ഛമ്മ കുളിക്കാൻ കയറിയതല്ലേ അമ്മേ.. ഇറങ്ങുന്ന വരെ നിന്നാൽ എനിക്ക് വൈകും.. ഇന്നൊരു അർജന്റ് മീറ്റിംഗ് ഉണ്ട്… അച്ഛമ്മയെ ഞാൻ വൈകീട്ട് കണ്ടോളാം….”
“മ്മ് എന്നാ ശരി മോനെ…അച്ഛമ്മയോട് ഞാൻ പറയാം….”
“മ്മ്…”
ശിവയെ യാത്രയാക്കി ശ്രീദേവി തിരിച്ച് അടുക്കളയിൽ എത്തിയപ്പോൾ അവിടെ പാറു ജാനകിയോടൊപ്പം കൂടി എന്തൊക്കെയോ പാചക പരീക്ഷണത്തിലാണ്.
“എന്താ അറിയില്ല.. ആകെ ഒരു മാറ്റം അവനിൽ… ഇന്നലെ ഒക്കെ എന്നോടും അച്ഛമ്മയുടെ അടുത്തും ഒക്കെ ഞങ്ങടെ ആ പഴയ ശിവ തന്നെ ആയിരുന്നു…ഇച്ചിരി മുൻകോപം അവന് പണ്ടേ ഉള്ളതാ.. എന്നാലും അല്ലാത്ത സമയങ്ങളിൽ കുറുമ്പും കുസൃതിയൊക്കെ ആയിട്ട് കേമം ആയിരുന്നു അച്ചാച്ചനും അച്ഛമ്മയുമൊക്കെ ആയിട്ട് അവൻ…”
“അത് പറയാൻ ഉണ്ടോ. എനിക്കറിയില്ലേ.. കല്യാണം കഴിയുന്ന വരെ ഞാൻ വരുമ്പോഴേക്കും ജോഗിങ്ങിന് ഇറങ്ങുന്നുണ്ടാവും കുഞ്ഞ്… എന്നെ കണ്ടാൽ ജാനകിയമ്മേ വരുമ്പോഴേക്കും ചൂട് കോഫി എടുത്തു വെക്കണേന്ന് പറഞ്ഞാ പോവാർ.. പക്ഷെ ദേഷ്യം വന്നാൽ തനി അസുരനാ അവൻ… കല്യാണം കഴിഞ്ഞതിൽ പിന്നെ ആ ഭാവം മാത്രേ കുഞ്ഞിൽ കണ്ടിട്ടുള്ളു… എന്നെ ജാനകിയമ്മ മാറ്റി ജനകീന്ന് ആദ്യം വിളിച്ചപ്പോൾ ചങ്ക് പിടച്ചു പോയിരുന്നു എനിക്ക്…”
ജാനകി വിതുമ്പുന്നത് കണ്ട് ശ്രീദേവി അവരെ ചേർത്ത് പിടിച്ചു.
“വിഷമിക്കാതിരിക്ക് ജാനു… അവന് നമ്മളോടൊക്കെ ആ പഴയ സ്നേഹവും
കാര്യങ്ങളും ഒക്കെ ഇപ്പോഴും ഉണ്ട്… ഇന്നലെ എനിക്ക് അത് ബോധ്യം ആയി…ഒട്ടും പ്രതീക്ഷിക്കാതെയല്ലേ ഓരോന്നും… അതിന്റെ പിടച്ചിൽ ന്റെ കുട്ടി കാണിക്കുന്നത് ഇങ്ങനെ ആവും… അതൊന്ന് മാറുമ്പോൾ പഴയ പോലെ തന്നെ… ന്റെ കുട്ടി മാറി വരുമെന്ന് തന്നെയാണ് വിശ്വാസം….”
“മ്മ്.. അങ്ങനെ തന്നെ നടക്കട്ടെ ചേച്ചി.. പ്രാർത്ഥിക്കുന്നുണ്ട് ഞാനും…”
പാറുവിന് എന്തോ അവരുടെയാ സംസാരം അരോചകമായി തോന്നി. അവൾ മെല്ലെ അവിടുന്ന് ഉൾവലിയാൻ നോക്കിയതും ശ്രീദേവി അവളെ തടഞ്ഞു.
“മോൾക്ക് വിഷമം ആയോ ഞങ്ങൾ പറഞ്ഞത് കേട്ട്…”
“ഏയ്.. എനിക്കെന്തിനാ വിഷമം…”
“മോളുടെ കുഴപ്പം ആയിട്ട് പറഞ്ഞതല്ല ട്ടോ.. കല്യാണം… അവൻ ആഗ്രഹിച്ചത് പോലെ അല്ലായിരുന്നല്ലോ.. അതിന്റെയാ…അല്ലെങ്കിൽ എന്റെ കുട്ടി ഒരു പാവം തന്നാ.. സ്നേഹിക്കാൻ അറിയുന്നവൻ തന്നെയാ…മോളെ അവൻ മനസ്സിലാക്കുന്ന ഒരു സമയം വരും… അന്ന്
മോൾക്കും അത് ബോധ്യം ആവും…”
“അതെ പാറു കുഞ്ഞേ… എല്ലാം ശരിയാവും കുഞ്ഞിന്റെ നന്മ സർ ഒരിക്കൽ മനസ്സിലാക്കും…”
എന്തോ പാറുവിന് ആ വാക്കുകളിൽ പ്രേത്യേകിച്ചു ഒന്നും തോന്നിയില്ല. കേട്ട് കേട്ട് തഴമ്പിച്ചത് കൊണ്ടാവും. അവരെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി അവൾ തൊടിയിലേക്ക് ഇറങ്ങി. ഒന്നിലും ഒരു ആശ്വാസം തോന്നിയില്ല അവൾക്ക്. നേരെ വെച്ചു പിടിച്ചത് കുളപ്പടവിലേക്കാണ്. ആമ്പൽ പൂക്കൾ ഒന്നും തന്നെ വിരിഞ്ഞിട്ടില്ലായിരുന്നു. എങ്കിലും ആ പടവിൽ വെറുതെ അങ്ങനെ ഇരുന്നു അവൾ.
മനസ്സ് കലങ്ങി മറയുമ്പോൾ എപ്പോഴും പോയിരിക്കാറുള്ള തറവാട്ടു കുളത്തിന്റെ ആ പടവിൽ ഇരിക്കുമ്പോൾ തനിക്ക് അവിടം വിട്ട് ഇറങ്ങാനുള്ള ദിനങ്ങളുടെ കണക്കെടുക്കുകയായിരുന്നു അവളുടെ മനസ്സ്. എന്നോ മടുത്തു പോയ ജീവിതത്തിൽ നിന്നും പടിയിറങ്ങാൻ തന്നെ തയ്യാറെടുക്കുകയായിരുന്നു അവളും.
കമ്പനിയുടെ വിവിധ ബ്രാഞ്ചുകളിലെ മാനേജർമാരും എം ഡികളുമായി
ആയിരുന്നു മീറ്റിംഗ്. പുതിയ എന്തോ സംരംഭം തുടങ്ങുന്നതിനെ കുറിച്ച് ആയിരുന്നു ചർച്ച. ഏതാണ്ട് ഒന്നര രണ്ടു മണിക്കൂറിനു ശേഷം മീറ്റിംഗ് കഴിഞ്ഞ് ശിവ ഇറങ്ങിയപ്പോൾ മായയുടെ ഡാഡി അവനെ അദ്ദേഹത്തിന്റെ ക്യാമ്പിനിലേക്ക് വിളിപ്പിച്ചു. അവിടെയെത്തി ശിവ മുന്നിലുള്ള ചെയറിലേക്ക് ഇരുന്നപ്പോൾ മായയുടെ ഡാഡിയൊന്ന് അവനെ ശരിക്കും നോക്കി.
“എന്താടോ ഇത്.. താൻ ഭക്ഷണം ഒന്നും കഴിക്കുന്നില്ലേ ഇപ്പോ…. ആകെ ക്ഷീണിച്ചിട്ടുണ്ടല്ലോ…”
അതിന് മറുപടിയൊന്നും പറയാതെ അവൻ എവിടേക്കോ മിഴി മാറ്റി. അത് നോക്കി കൊണ്ട് തന്നെ മായയുടെ ഡാഡി പറഞ്ഞു തുടങ്ങി.
“ശിവ…മനുഷ്യരുടെയൊക്കെ ജീവിതം ഇങ്ങനെയൊക്കെ ആവണമെന്ന് നമ്മൾ എത്ര തന്നെ പ്ലാൻ ചെയ്തിട്ടും കാര്യം ഇല്ലെടോ.. മുകളിലൊരു ശക്തിയുണ്ടല്ലോ.. അദ്ദേഹം വിധിക്കും പോലെയേ എല്ലാം നടക്കൂ.. തന്റെ അച്ഛന്റെ വേർപാട് നമ്മളൊക്കെ സഹിച്ചില്ലേ.. അതുപോലെ മറക്കാൻ ശ്രമിക്കണം നീ എല്ലാം…”
തെളിമയില്ലാത്ത ഒരു ചിരി മാത്രമേ അതിന് മറുപടിയായി അവനിൽ ഉണ്ടായിരുന്നുള്ളു.
“അങ്കിൾ എന്നെ വിളിപ്പിച്ചത് എന്തിനാന്ന് പറഞ്ഞില്ല….”
വിഷയം മാറ്റാനെന്നവണ്ണം അവൻ ചോദിച്ചപ്പോൾ എങ്ങനെ തുടങ്ങുമെന്ന് അറിയാതെ മായയുടെ ഡാഡി വിയർക്കുന്നത് ശിവ ശ്രദ്ധിച്ചു. പറയാൻ പോവുന്നത് അപ്രിയമായതെന്തോ ആണെന്ന് അവന് അതിൽ നിന്നും മനസ്സിലായി.
“ശിവ… അത്.. അത് പിന്നെ..അവളുടെ വാശി നിനക്കറിയാലോ… തോറ്റു കൊടുക്കാതെ ഞങ്ങൾക്ക് വേറെ നിവൃത്തിയില്ലല്ലോ….”
“അങ്കിൾ പറഞ്ഞു വരുന്നത്….”
“അതെ .. മായമോളുടെ കാര്യം തന്നെ…. മായ പറയുന്നു.. അവൾക്ക് ഇവിടുന്ന് കുറച്ചു കാലം മാറി നിക്കണമെന്ന്…ഒരു ചേഞ്ച്… കുറെ കാലമായി ഒരേ കിടത്തം അല്ലേ…മടുപ്പ് തോന്നുന്നുണ്ടാവും…. ഞാൻ കരുതുന്നത് അവളെയും മമ്മിയെയും സിംഗപ്പൂരുള്ള അവളുടെ അങ്കിളിന്റെ വീട്ടിലേക്ക് പറഞ്ഞയച്ചാലോന്നാ…അവിടെ
ആവുമ്പോൾ അവളുടെ പ്രായത്തിലുള്ള കുറച്ചു കസിൻസ് ഒക്കെ ഉണ്ടല്ലോ അവൾക്ക്… സമപ്രായക്കാർ കൂടെ ഉണ്ടാവുമ്പോൾ അവൾക്കും അതൊരു റീലാക്സേഷൻ ആവും….. സോ…”
ശിവയിൽ നിന്നൊരു നിശ്വാസം പോലും പുറത്തേക്ക് വന്നില്ല. കുറച്ചു നേരം അയാൾ അവനിലെ ഭാവ മാറ്റങ്ങളെ കണ്ണുകളാൽ ഒപ്പിയെടുത്തു.
“ശിവ… മോൻ ഒന്നും പറഞ്ഞില്ല… നിന്റെ അഭിപ്രായം ചോദിക്കാതെ എങ്ങനെയാ ഞാൻ….”
“എനിക്കിപ്പോ അഭിപ്രായം ഒക്കെ ഉണ്ടോ അങ്കിളെ….”
മുഖത്തേക്ക് നോക്കാതെ എടുത്തടിച്ചത് പോലെയുള്ള അവന്റെ മറു ചോദ്യത്തിന് മായയുടെ ഡാഡിയ്ക്കും മറുപടി ഇല്ലായിരുന്നു.
“എല്ലാ തീരുമാനവും ഇപ്പോ അവളുടേത് അല്ലേ…. എന്റെയീ വിവാഹം പോലും….”
എല്ലാം നഷ്ട്ടപ്പെട്ടവന്റെ ഒരു ഭാവം അവനിൽ നിറഞ്ഞപ്പോൾ അവളുടെ ഡാഡിയ്ക്കും എന്തോ വല്ലായ്മ തോന്നി.
“ശിവ… മോനെ….”
“കൊണ്ട് പൊയ്ക്കോളൂ അങ്കിൾ…എന്റെ അടുത്ത് നിന്നും ദൂരേക്ക് തന്നെ അവൾ പോവട്ടെ…അവളുടെ തീരുമാനം തിരുത്താൻ ശിവയ്ക്കിപ്പോ അധികാരം ഇല്ലല്ലോ… പിന്നെ…..മാറ്റം എപ്പോഴും നല്ലതാണല്ലോ…സോ നല്ലത് വരട്ടെ അവൾക്കും…..”
ഡാഡിയുടെ ഒരു മറു വാക്കിനു പോലും കാതോർക്കാതെ അവൻ എഴുന്നേറ്റു തന്റെ ക്യാമ്പിനിലേക്ക് നടന്നു.
മനസ്സിനെ സ്വാതന്ത്രമായി അലയാൻ വിട്ട് അവനാ കറങ്ങുന്ന ചെയറിൽ ചാരി കണ്ണുകളടച്ചു. എത്ര സമയം അങ്ങനെ കിടന്നുവെന്ന് അറിയില്ല.. ഗൗതം വന്നു വിളിച്ചപ്പോഴാണ് ശിവ പിന്നെ കണ്ണ് തുറക്കുന്നത്.
“ശിവ.. ഇതാ നീ പറഞ്ഞ ക്യാഷ്….”
“മ്മ്… താങ്ക്സ് ഗൗതം….”
“മ്മ്.. പക്ഷെ ഇത്രയും ക്യാഷ് അത്യാവശ്യമായിട്ട് വിഡ്രോ ചെയ്തത് എന്തിനാന്നു മാത്രം നീ
പറഞ്ഞില്ലല്ലോ….എനി പ്രോബ്ലം….”
“ഏയ്.. നതിങ് ടാ… പണം കൊടുത്താൽ ചില പ്രശ്നങ്ങളൊക്കെ ലൈഫിൽ അവസാനിക്കുമെങ്കിൽ അത് അങ്ങ് അവസാനിപ്പിക്കുന്നതല്ലേ നല്ലതെന്ന് തോന്നി….പിന്നെ ഞാൻ ഇറങ്ങുവാടാ.. അങ്കിളിനോട് നീ പറഞ്ഞേക്ക്…..”
“മ്മ്….”
അവൻ പറഞ്ഞതിന്റെ പൊരുൾ ഒന്നും തന്നെ മനസ്സിലായില്ലെങ്കിലും ഗൗതം താൻ ഏല്പിച്ച പണവുമായി നടന്നകലുന്ന ശിവയെ മനസ്സിൽ ഒരായിരം സംശയ കുരുക്കുകളോടെ നോക്കി നിന്നു.
(തുടരും )