23/04/2026

പെയ്തൊഴിയാതെ : ഭാഗം 27

രചന – മിയ അവ

“പാറു ചേച്ചി.. ദേ.. ഈ  കതക് ഒന്ന് തുറന്നേ… പാറു ചേച്ചി….”

ഡോറിൽ മുട്ടിയുള്ള ശ്രേയയുടെ വിളി കേട്ടപ്പോഴാണ് രാവിലെ വന്നു കിടന്ന കിടപ്പിൽ മയങ്ങി പോയെന്ന് പാറു പോലും അറിഞ്ഞത്.

“യ്യോ…. ദേ  വരുന്നു ശ്രേയ……”

അവൾ പെട്ടെന്ന് തന്നെ എഴുന്നേറ്റു ശ്രേയയ്ക്ക് വേണ്ടി കതക് തുറന്നു കൊടുത്തു.

“ഇതെന്ത് ചെയ്‌യായിരുന്നു ചേച്ചി ഇതിനുള്ളിൽ….സമയം എത്ര ആയെന്ന് അറിയോ……”

അപ്പോഴാണ് പാറുവും ക്ലോക്കിലേക്ക് നോക്കിയത്. സമയം വൈകീട്ട് 3 ആവുന്നു.

“യ്യോ… ഇത്രയൊക്കെ ആയോ…നല്ല തലവേദന ഉണ്ടായിരുന്നു ശ്രേയ… കിടന്നപ്പോൾ മയങ്ങി പോയി……”

“ഹാ… അടിപൊളി വെറുതെ അല്ല ശ്രീദേവിയമ്മ ഉച്ചക്ക് ചോറ് കഴിക്കാൻ വിളിക്കാൻ വന്നു നോക്കിയപ്പോൾ ഡോർ തുറന്നില്ല പറഞ്ഞത്… ഉറക്കം ആയിരുന്നു ല്ലേ…”

“അയ്യോ അമ്മ ഇവിടെ വന്നിരുന്നോ.. ഞാൻ അറിഞ്ഞില്ല….”

“അല്ല ചേച്ചി എന്തിനാ ഡോർ ലോക്ക് ചെയ്തത്.. സാധാരണ അങ്ങനെ ചെയ്യാറില്ലല്ലോ…..”

“ആ… ഇല്ല… പക്ഷെ ഞാൻ അപ്പത്തെ മൂഡോഫിൽ വന്നപ്പോൾ….”

“അപ്പത്തെ മൂഡോഫോ… എന്തേ കാലത്ത് എന്തെങ്കിലും ഉണ്ടായോ…..”

“ഏഹ്… ഏയ്‌.. ഒന്നും ഇല്ലെടി… എനിക്കെന്തോ തല വേദനയും എല്ലാം കൂടെ ആയിട്ട് ഒരു മാതിരി അവസ്ഥ… അതാ ഉദ്ദേശിച്ചത്….ഞാൻ എന്നാ അമ്മയെ ഒന്ന് പോയി നോക്കട്ടെ… അമ്മ എന്ത് കരുതി കാണുമോ എന്തോ….”

“ഏയ്‌ ഏയ്‌.. പോവല്ലേ….”

താഴേക്ക് ഇറങ്ങാൻ പോയ പാറുവിനെ ശ്രേയ അവിടെ തന്നെ പിടിച്ചു നിർത്തി.

“എന്താടി… എന്ത് പറ്റി….”

“ചേച്ചി പോയി ദേ ഈ സാരി ഉടുത്തിട്ട് വാ.. അവിടെ കുറച്ചു ആളുകൾ ഒക്കെ വന്നിട്ടുണ്ട്….”

“ആളുകളോ… അതെന്തിന്… എന്തേ അമ്മയ്‌ക്കോ അച്ഛമ്മയ്ക്കോ എങ്ങാൻ വല്ലതും….”

അവളുടെ മുഖത്തേക്ക് പെട്ടെന്ന് ആധി പടർന്നു കയറി.

“ഹോ.. എന്റെ ചേച്ചി… എന്തിനാ എപ്പോഴും ഇങ്ങനെ നെഗറ്റീവ് ചിന്തിക്കുന്നേ….ഇത് അതൊന്നും അല്ല.. അവിടെ ശിവ സാറിന്റെ

കമ്പനിയിലെ കുറച്ചു ആളുകളൊക്കെ വന്നിട്ടുണ്ട്… അവരുടെ എന്തോ കമ്പനി ഫങ്ക്ഷൻ ഇവിടെ വെച്ച് ആക്കിയതാ… ദാ ശ്രീദേവിയമ്മയാ ചേച്ചിയ്ക്ക് തരാൻ ഈ സാരി തന്ന് വിട്ടത്… ഇത് ഉടുത്തിട്ട് താഴോട്ട് ഇറങ്ങി വരാൻ പറഞ്ഞു.. വന്നവരൊക്കെ ചേച്ചിയെ അന്വേഷിക്കുന്നുണ്ട്… നിങ്ങൾ കുറച്ചു കാലം ഒരുമിച്ചു വർക്ക്‌ ചെയ്തതല്ലേ.. പെട്ടെന്ന് റെഡിയായി വാ…..”

ശ്രേയ കൊടുത്ത സാരി കയ്യിൽ വാങ്ങി പാറു എന്തോ ഓർത്തു.

“അയ്യോ.. അപ്പോ അവർക്ക് വേണ്ട ഫുഡ് ഒക്കെ ഉണ്ടാക്കാൻ ഉണ്ടാവില്ലേ… അതിനാവോ ഇനി അമ്മ എന്നെ വന്നു നോക്കിയിട്ടുണ്ടാവുക.. മോശം ആയല്ലോ….”

“ഏയ്‌ ഫുഡ് ഒക്കെ അവർ പുറത്തു കാറ്ററിംഗുക്കാരെ ഏല്പിച്ചതാ… ചേച്ചി ഇപ്പോ അതൊന്നും നോക്കണ്ട… വേഗം റെഡിയായി താഴോട്ട് ഇറങ്ങിയ മതി…..”

“മ്മ്…എന്നാ നീ ചെല്ല്…ഞാൻ റെഡിയായിട്ടു വരാം…..”

റൂമിൽ കയറി സാരി പുറത്തെടുത്ത

പാറുവിനു അത്ഭുതം തോന്നി.

“ഐഷ്… എന്റെ ഫേവറൈറ്റ് കളർ… അതും പീച്ച് ആൻഡ് വൈറ്റ് ഷെയ്ഡ് അടിപൊളി ആയിട്ടുണ്ട്…. അമ്മയ്ക്ക് എങ്ങനെ ഇത്ര കറക്റ്റ് ആയി എന്റെ ഇഷ്ടം അനുസരിച്ചു എടുക്കാൻ കഴിഞ്ഞു….അല്ല ഇതിപ്പോ അമ്മ എപ്പോ പോയി വാങ്ങിച്ചോ എന്തോ…. ആ ഇനി മുൻപ് എപ്പോഴോ വാങ്ങിച്ചു വെച്ചതാവും….”

അവൾ അങ്ങനെ ഓരോന്നോർത്ത് മുഖമൊക്കെ കഴുകി ഉറക്കച്ചടവ് മാറ്റി ആ സാരി ഒരുപാട് ഇഷ്ടത്തോടെ ഞൊറിഞ്ഞുടുക്കാൻ തുടങ്ങി.

സാരി ഉടുത്ത് ചെറിയ തോതിൽ ഒന്ന് ഒരുങ്ങി അവൾ താഴോട്ടിറങ്ങി. സ്റ്റേയർ ഇറങ്ങാൻ നേരം അവളൊന്ന് അതിശയിച്ചു പോയി. മുകളിൽ തൊട്ട് താഴേക്ക് സ്റ്റേയർ മൊത്തം ബലൂൺ വെച്ച് ഡെക്കറേറ്റ് ചെയ്തിട്ടുണ്ട്… അതെല്ലാം നോക്കി ഓരോ പടികളായി താഴോട്ട് ഇറങ്ങിയപ്പോഴും അതിശയം തന്നെയായിരുന്നു കണ്ണിൽ… ഹാൾ മൊത്തം പല തരത്തിലുള്ള റിബൺസും ബലൂൺസും ഒക്കെ കൊണ്ട് നല്ല ഭംഗിയിൽ അലങ്കരിച്ചു വെച്ചിട്ടുണ്ട്.

“ആഹാ…ഗംഭീരം ആണല്ലോ കമ്പനി ഫങ്ക്ഷൻ…”

മനസ്സിലൊന്ന് ആത്മഗതിച്ച് താഴോട്ട് നോക്കിയപ്പോൾ മുന്നിൽ കമ്പനിയിലെ തനിക്ക് പരിചയമുള്ള മുഖങ്ങൾ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു. അവളെ കണ്ടതും അവരെല്ലാം അടുത്തേക്ക് വന്നു പൊതിഞ്ഞു.

“മെനി മെനി ഹാപ്പി റിട്ടർസ് ഓഫ് ദി ഡേ ഡിയർ പാറൂസ്….”

എല്ലാരുടെ വന്നു വിഷ് ചെയ്തപ്പോൾ അവൾ അന്തം വിട്ട പോലെയായി പോയി.

“ഏഹ്..എന്റെ ബർത്ത് ഡേ…ഒഹ് താങ്ക്സ്… പക്ഷെ നിങ്ങളൊക്കെ….”

“ആ അത് പിന്നെ ഞങ്ങൾ അറിയാതിരിക്കില്ലല്ലോ മായ മാഡത്തിന്റെ സ്റ്റാറ്റസ് ഞങ്ങളും കണ്ടിരുന്നു… പിന്നെ ഇവിടെ ഇങ്ങനെയൊരു ഗ്രാൻഡ് പാർട്ടി അറേഞ്ച് ചെയ്ത് സർ ഇൻവൈറ്റ് ചെയ്യുമ്പോൾ.. ഞങ്ങൾ പിന്നെ വരാതിരിക്കോടി…..”

“പാർട്ടിയോ… അത് നിങ്ങടെ വകയല്ലേ.. എന്തോ കമ്പനി ഫങ്ക്ഷൻ….”

“ഒരു കമ്പനിയും അല്ല… ദേണ്ടെ.. ആ ചുവരിൽ ചിരിച്ചോണ്ട് നിൽക്കുന്നത് പൊന്നു മോള് തന്നെ അല്ലേന്ന് നോക്കിയേ….”

മാധവ് ആയിരുന്നു അത്. അവനും പാറുവുമൊക്കെ ഓഫീസിൽ നല്ല കൂട്ട് ആയിരുന്നു. അവൻ വിരൽ ചൂണ്ടിയതിന് പിന്നാലെ മിഴിയോടിച്ചപ്പോൾ പാറുവിന് അവിടെ കാണുന്നത് സ്വപ്നം ആണോന്ന് തോന്നിപ്പോയി. അവളുടെ ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു ഫോട്ടോ പ്രിന്റ് ചെയ്ത് എടുത്ത് അതിനടിയിൽ “ഹാപ്പി ബർത്ത് ഡേ പാർവതിയെന്ന് ” എഴുതി… നല്ല ഭംഗിയിൽ ചുവരിൽ പിൻ ചെയ്തു വെച്ചിരിക്കുന്നു…

“എല്ലാം സാറിന്റെ സെറ്റ് അപ്പ് ആണ് എങ്ങനെ ഉണ്ട് ചേച്ചി….”

ശ്രേയയുടെ കമന്റ്‌ കേട്ടപ്പോൾ വിശ്വാസം ആവാത്ത പോലെ അവൾ ശ്രേയയെ നോക്കി.

“അതേന്ന്…. കുറച്ചു നേരത്തെ ഓഫീസിൽ നിന്ന് വന്നു എന്നെയും കൂട്ട് പിടിച്ചു ഇതൊക്കെ സെറ്റ് ആക്കുവായിരുന്നു സർ ഇത്രയും നേരം…..”

അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായ പോലെ ശ്രേയ പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് തിളങ്ങിയ തന്റെ കണ്ണുകളെ പിടിച്ചു നിർത്താൻ പാട് പെട്ടു പാറു. അപ്പോഴേക്കും എല്ലാവർക്കും ഉള്ള ജ്യൂസുമായി ശ്രീദേവി അവിടേക്ക് വന്നു.

“ശ്രേയ മോളെ.. നീ മറ്റേ ട്രേ കൂടി എടുത്തിട്ട് വന്നേ ജാനകി ചേച്ചി അവിടെ ഒഴിച്ച് വെച്ചിട്ടുണ്ട്….”

“ശരി ശ്രീദേവിയമ്മേ….”

ശ്രീദേവി അപ്പോഴാണ് പാറുവിനെ ശ്രദ്ധിച്ചത്.

“ആഹാ… കൊള്ളാലോ സാരി…എന്റെ മോള് സുന്ദരി കുട്ടിയായിട്ടുണ്ട് ഇതിൽ…..”

ട്രേ ഒരു കയ്യിലേക്ക് ആക്കി മറ്റേ കൈ കൊണ്ട് പാറുവിന്റെ കവിളിൽ നുള്ളി പിടിച്ച് ശ്രീദേവി പറഞ്ഞപ്പോൾ അവൾ അവരെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ വെച്ചു.

“അത് പിന്നെ എന്റെ ഈ അമ്മേടെ സെലെക്ഷനല്ലേ…അപ്പോ പിന്നെ കൊള്ളാതിരിക്കോ സാരി…”

“ഞാനോ… ആര് പറഞ്ഞു ഇത്….”

“.. അമ്മയല്ലേ ഈ സാരി ശ്രേയടെ കയ്യിൽ കൊടുത്തു വിട്ടത്….”

“സാരി കൊടുത്തു വിട്ടത് ഞാൻ തന്നെ.. പക്ഷെ സെലെക്ഷനും വാങ്ങിയതുമൊന്നും ഞാനല്ലേ….”

“ഏഹ്… പിന്നാരാ….”

“വേറെ ആര്.. നിന്റെ ഭർത്താവ് തന്നെ….”

അവിടെയും അവളുടെ കണ്ണ് തള്ളി പോയി. രാവിലെ തന്നെ കരയിപ്പിച്ചു പോയ ആള്.. വൈകുന്നേരം തനിക്ക് സാരി വാങ്ങി വരിക… സർപ്രൈസ് ആയി പാർട്ടി അറേഞ്ച് ചെയ്യുക… ഇതൊന്നും അവൾക്കങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു. അതിശയവും ആഹ്ലാദവും കണ്ണും മനസ്സും നിറച്ചപ്പോൾ ആ ഒരാൾക്ക് വേണ്ടി അവൾ ചുറ്റിലും പരതി. പക്ഷെ അവിടെയൊന്നും അവൻ ഉണ്ടായിരുന്നില്ല. ഉമ്മറത്തു ഉണ്ടാവുമെന്ന് കരുതി അവിടേക്ക് നടക്കാൻ ഒരുങ്ങിയപ്പോഴാണ്,

“ഒഹ്.. ഇന്ന് പിറന്നാൾ ആയതു കൊണ്ടാവും നമ്മളെയൊന്നും ചിലർക്ക്

കണ്ണിൽ പിടിക്കാത്തത്… ല്ലേ സരസ്വതി…”

തിരിഞ്ഞു നോക്കിയപ്പോൾ അച്ഛമ്മയുടെയും അച്ചാച്ചന്റെയും മുറിയ്ക്ക് മുന്നിൽ പുതിയ ഡ്രസ്സ്‌ ഒക്കെ ഉടുത്ത് ഒരുങ്ങി നിൽക്കുകയാണ് സരസ്വതിയമ്മയും കൃഷ്ണ മേനോനും.

“ആഹാ…നല്ല സുന്ദരനും സുന്ദരിയുമായി ഒരുങ്ങി നിൽക്കുവാ ല്ലേ എന്റെ യുവ മിഥുനങ്ങൾ ഇവിടെ….”

അൽപ്പം കളിയിൽ പറഞ്ഞ് പാറു അവർക്കരികിലേക്ക് ചെന്നു.

“വേണ്ട വേണ്ട.. അധികം കിന്നാരം ഒന്നും വേണ്ട… പിറന്നാൾ ആയിട്ട് ഒന്നും പറയ പോലും ചെയ്യാതെ മുറിയിൽ കയറി കതക് അടച്ചു ഇരിക്കുകയല്ലായിരുന്നോ നീ ഇത്രയും നേരം…. രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചില്ല… ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ശ്രീദേവി വന്നു വിളിച്ചപ്പോ പോലും ഇറങ്ങി വന്നില്ലല്ലോ നീ….”

സരസ്വതിയമ്മ പരിഭവക്കെട്ട് അഴിച്ചപ്പോൾ പാറു കൈ രണ്ടും ചെവിയിൽ പിടിച്ച് സരസ്വതിയമ്മയ്ക്ക് മുന്നിൽ തല താഴ്ത്തി.

“സോറി..സോറി. സോറി… ഒരു നൂറു

സോറി… ഒട്ടും വയ്യായിരുന്നു അച്ഛമ്മേ… അതാ താഴേക്ക് വരാഞ്ഞത്… പിന്നെ അമ്മ വന്നു വിളിച്ചത് ഞാൻ അറിഞ്ഞതും ഇല്ല… ഉറങ്ങി പോയിരുന്നു…..”

“മ്മ്.. വയ്യാത്തത് കൊണ്ട് തത്കാലം ഇവളോട് ക്ഷമിക്കാം അല്ലേ മാധവിയമ്മേ….”

സരസ്വതിയമ്മ മാധവിയമ്മയെ നോക്കി ചോദിച്ചു. ശ്രേയ മാധവിയമ്മയെ കുളിപ്പിച്ചു പുറപ്പെടുവിപ്പിച്ച് ഹാളിൽ കൊണ്ട് ഇരുത്തിയിരുന്നു. മാധവിയമ്മയെ അവിടെ കണ്ടപ്പോൾ പാറു ഓടിച്ചെന്ന് കെട്ടിപ്പിച്ച് ആ കവിളിൽ മുത്തം കൊടുത്തു. വിചാരിക്കാതെ ശിവയുടെ ഈ ഒരുക്കങ്ങളെല്ലാം കണ്ടുള്ള സന്തോഷമാണ് അതെന്ന് മാധവിയമ്മയ്ക്ക് വേഗം മനസ്സിലായി. പറയാൻ വാക്കുകൾ ഒന്നും അവളിൽ ഉണ്ടായിരുന്നില്ല. അതും മാധവിയമ്മയ്ക്ക് മാത്രം മനസ്സിലായി.അവർ അവളുടെ മുടിയിൽ സ്നേഹത്തോടെ തലോടി.

“കുറെ കാലമൊന്നും ഭഗവാൻ ആരെയും കരയിപ്പിക്കില്ല മോളെ… പരീക്ഷിക്കുമ്പോഴും സന്തോഷിക്കാൻ ഒത്തിരി കാത്ത് വെക്കും ഈശ്വരൻ… ന്റെ കുട്ടിടെ വിഷമം എല്ലാം മാറും….”

അവർ അവളുടെ തലയിലൊന്ന് മുത്തി.

“എന്നാപ്പിന്നെ കേക്ക് മുറിക്കാൻ തുടങ്ങിയാലോ മോളെ… അത് ഇല്ലേൽ അലിഞ്ഞു പോവും….പിന്നെ ഇവർക്ക് ഒക്കെ മടങ്ങും വേണ്ടേ….”

ശ്രീദേവിയാണ്.

“ശരിയാ.. ശ്രേയ….മോള് അതൊക്കെ എടുത്തു ഇങ്ങോട്ട് വെയ്ക്ക്… പെട്ടെന്ന് ആയിക്കോട്ടെ വന്നോർക്ക് ഒക്കെ ധൃതി ഉണ്ടാവും…ഇത് കഴിഞ്ഞിട്ട് വേണ്ടേ എന്തെങ്കിലും ഭക്ഷണം കഴിക്കാൻ അവർക്ക്…..”

സരസ്വതിയമ്മ കൂടി അങ്ങനെ പറഞ്ഞപ്പോൾ ശ്രേയ വേഗം കിച്ചണിൽ ചെന്നു ഫ്രിഡ്ജിൽ നിന്ന് കേക്ക് എടുത്തു കൊണ്ട് വന്ന് ടേബിളിൽ സെറ്റ് ചെയ്ത് വെച്ചു. ശിവയെ അവിടെ കാണാഞ്ഞ് ശ്രീദേവി ഫോണിൽ വിളിച്ചു നോക്കിയപ്പോൾ പുറത്ത് ഭക്ഷണത്തിന് വേണ്ട അറേഞ്ച്മെന്റ്സ് ചെയ്യുവാ നിങ്ങൾ കട്ട്‌ ചെയ്തു തുടങ്ങിക്കോ എത്തിക്കോളാമെന്ന് അവൻ മറുപടി പറഞ്ഞു. ആ മറുപടിയിൽ എന്തോ പാറുവിനൊരു  തൃപ്തി തോന്നിയില്ല.

ഇത്രയൊക്കെ അവൻ തനിക്ക് വേണ്ടി ഒരുക്കി വെച്ചിട്ട്….അവന്റെ കൂടെ നിന്ന് ആ കേക്ക് കട്ട്‌ ചെയ്യണമെന്ന് അവൾ ഒരുപാട് ആഗ്രഹിച്ചിരുന്നു. പിന്നെ ഓർത്തപ്പോൾ ഒരു പക്ഷെ ഇവരെയെല്ലാം സന്തോഷിപ്പിക്കാനും കമ്പനിയിലുള്ളവർക്ക് ഒരു സംശയം തോന്നാതിരിക്കാനുമാവും അവൻ ഇതെല്ലാം ചെയ്തിട്ടുണ്ടാവുകയെന്നും അതുകൊണ്ട് തന്റെ കൂടെ നിന്ന് കേക്ക് കട്ട്‌ ചെയ്യാൻ ഇഷ്ട്ടം ഇല്ലാഞ്ഞിട്ട് മനഃപൂർവം മാറി നിന്നതാവുമെന്നും അവൾ ഊഹിച്ചു. ഉള്ള് കീറി മുറിഞ്ഞ് വേദന തോന്നിയിട്ടും അവൾ അത് കടിച്ചു പിടിച്ച് എല്ലാവരുടെയും മുന്നിൽ സന്തോഷം അഭിനയിച്ചു.

സരസ്വതിയമ്മയെയും മാധവിയമ്മയെയും കൃഷ്ണ മേനോനെയും ശ്രീദേവിയെയും ശ്രേയയെയുമെല്ലാം അരികിൽ നിർത്തി എല്ലാവരുടെയും കയ്യടികളോടെയും ആശംസകളോടെയും പാറു അവളുടെ ബർത്ത് ഡേ കേക്ക് കട്ട്‌ ചെയ്തു. സരസ്വതിയമ്മയ്ക്കും മാധവിയമ്മയ്ക്കും കൃഷ്ണ മേനോനും ശ്രീദേവിയ്ക്കുമെല്ലാം വായിൽ അവൾ കേക്ക് വെച്ചു കൊടുത്തപ്പോൾ അവരും തിരിച്ച് അവളുടെ വായിലും കേക്ക് വെച്ച് കൊടുത്ത് കവിളിൽ അവരുടെ സ്നേഹ

ചൂടും പകർന്നു.

ശ്രേയയ്ക്കും ബാക്കി കമ്പനിയിലെ അവളുടെ സുഹൃത്തുകൾക്കുമെല്ലാം കേക്ക് കൊടുക്കുന്നതിനിടയിൽ കണ്ണൊന്നു പാളിയപ്പോൾ ഉമ്മറത്തേക്കുള്ള ഡോറിന്റെ അടുത്ത്… എല്ലാവരുടെയും കൂട്ടത്തിൽ…ഏറ്റവും പുറകിൽ.. മുഖത്തൊരു ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന ശിവയെ അവൾ കണ്ടു.  അവൻ കൊടുത്ത സാരിയിൽ കുറച്ചു ഒരുങ്ങുക കൂടി ചെയ്തപ്പോൾ ശിവയുടെ കണ്ണിൽ അവൾക്ക് കൂടുതൽ ഭംഗി തോന്നി. വെറുപ്പിൽ നിന്നും ദേഷ്യത്തിൽ നിന്നും മാറി താനിപ്പോൾ അവൾക്ക് മുന്നിൽ മറ്റേതോ വികാരത്തിന് അടിമപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്ന് കുറച്ചു നാളുകളായി അവൻ മനസ്സിലാക്കി തുടങ്ങിയിരുന്നു. അതിന്റെ ഭാവമേതാണെന്ന് സ്വയം തിരിച്ചറിഞ്ഞതും നാണത്തിൽ പൊതിഞ്ഞൊരു ചിരി അവന്റെ മുഖത്ത് കൂടുതൽ തെളിമയോടെ കാണപ്പെട്ടു. അതോടൊപ്പം അന്നത്തെ ദിവസം അവൾക്കായ് ചിലതൊക്കെ ഉള്ളിൽ കുറിച്ചിടുന്നുമുണ്ടായിരുന്നു അവന്റെ മനസ്സ്.

അവളെ തന്നെയങ്ങനെ നോക്കി നിൽക്കുമ്പോഴാണ് അവൾ തന്നെയും

നോക്കുന്നത് ശിവ ശ്രദ്ധിച്ചത്. എന്നാൽ അവൾ നോക്കുന്നത് കണ്ടപ്പോൾ അവൻ പെട്ടെന്ന് തന്നെ തന്റെ നോട്ടം മാറ്റി ഫോൺ എടുത്തു ചെവിയിലേക്ക് വെച്ച് പുറത്തേക്ക് തന്നെ പോയി. ഞൊടിയിട നേരത്തേക്ക് എവിടെ നിന്നോ ഇരച്ചു കയറി വന്ന സന്തോഷം ആ നിമിഷത്തിൽ തന്നെ അവളുടെ മനസ്സിന്റെ ഉള്ളറകളിൽ തന്നെ പിടഞ്ഞു വീണു മരിച്ചു.

കേക്ക് മുറിയും ഗിഫ്റ്റ് കൊടുക്കലും ഫോട്ടോ എടുക്കലുകളുമെല്ലാം കഴിഞ്ഞ് വന്നവരെല്ലാം ഭക്ഷണം കഴിക്കാനായി തിരിഞ്ഞു. അപ്പോഴേക്കും ഇരുട് വീണിരുന്നു പുറത്തെല്ലാം. തറവാട്ട് കുളത്തിന് അടുത്തായുള്ള ഒരു ഒഴിഞ്ഞ പറമ്പിലാണ് എല്ലാവർക്കും കഴിക്കാനുള്ള ഭക്ഷണം ശിവ അറേഞ്ച് ചെയ്തത്. കാറ്ററിംഗുക്കാർ ഒക്കെ കറക്റ്റ് ടൈമിൽ തന്നെ എത്തിയിരുന്നു. ബിരിയാണി, നെയ്‌ച്ചോർ, പൊറോട്ട, ചപ്പാത്തി തുടങ്ങി പല വിധം ഭക്ഷണങ്ങൾ ഗസ്റ്റുകൾക്ക് വേണ്ടി അവിടെ റെഡിയായിരുന്നു. വന്നവർ ഓരോരുത്തരായി ഭക്ഷണം കഴിച്ച് യാത്ര പറഞ്ഞ് പിരിഞ്ഞു പോവാൻ തുടങ്ങി. ഏറ്റവുമൊടുവിൽ പാറുവും ശ്രീദേവിവും സരസ്വതിയമ്മയും കൃഷ്ണ മേനോനും ജാനകിയും ഭക്ഷണം കഴിക്കാനായി ഇരുന്നു. മാധവിയമ്മയ്ക്ക്

നടക്കാനും കയറാനുമൊന്നും വയ്യാത്തത് കൊണ്ട് ശ്രേയ അവർക്ക് രണ്ടു പേർക്കുമുള്ള ഭക്ഷണവും കൊണ്ട് വീടിനുള്ളിൽ പോയി കഴിച്ചു. ഭക്ഷണം കഴിച്ചു പോകുന്നവരെ യാത്ര അയക്കുന്ന തിരക്കിലായിരുന്നു ശിവ. അതുകൊണ്ട് അവൻ മാത്രം അപ്പോഴും അവരുടെയൊപ്പം കൂടിയില്ല.

എല്ലാവരും പോയി ആളും തിരക്കും ഒഴിഞ്ഞപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. അതുകൊണ്ട് ജാനകിയെ ഒറ്റയ്ക്ക് പോവാൻ വിടാതെ വീട്ടിൽ കൊണ്ട് വിടാൻ വേണ്ടി ശിവ കാർ എടുത്തു പുറത്തേക്കിറങ്ങി. അവനെ കാത്ത് നിൽക്കണ്ടയെന്ന് പറഞ്ഞത് കൊണ്ട് ബാക്കി എല്ലാവരും ഭക്ഷണം ഒക്കെ കഴിഞ്ഞ് ക്ഷീണം കൊണ്ട് ഉറങ്ങാനായി അവരവരുടെ മുറികളിലേക്ക് പോയി. കുറച്ചു നേരം മുകളിലെ ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നോക്കി ഇരുന്നിട്ടും ശിവയെ കാണാഞ്ഞപ്പോ പാറുവും മൂടി കെട്ടിയ മനസ്സോടെ കിടക്കാനായി അവരുടെ മുറിയിലേക്ക് പോയി. ആ സാരി അപ്പോഴും അവൾ മാറി ഇട്ടിട്ടില്ലായിരുന്നു. കണ്ണാടിയിൽ കുറച്ചു നേരം അവൾ തന്നെ തന്നെ നോക്കി നിന്നു. തനിക്ക് ഇഷ്ട്ടപ്പെട്ട കളറിൽ…. തന്റെ മനസ്സറിഞ്ഞ പോൽ

അവൻ വാങ്ങി തന്ന സാരി….. ഒരുപാട് സന്തോഷം തോന്നിയിരുന്നു അവൾക്ക്.  എന്നാൽ പിന്നെയങ്ങോട്ട്  ഒരു തരത്തിലും അവളെ പരിഗണിക്കാതെ അവൻ ഒഴിഞ്ഞു മാറിയത് ഓർത്തപ്പോൾ കണ്ണുകൾ പിടഞ്ഞു…മൂക്കിൻ തുമ്പിൽ വിറയൽ പൊതിഞ്ഞു…..കണ്ണീർ ചീളുകൾ ഇപ്പോ പൊട്ടി വീഴുമെന്ന് തോന്നിയ നിമിഷം…പെട്ടെന്ന് അവളുടെ ഫോൺ റിങ് ചെയ്തു.

“…ശിവ ദേവ് സർ കോളിങ്… ”

ഫോണിൽ തെളിഞ്ഞ അക്ഷരങ്ങൾ കണ്ട് അവൾ പിടപ്പോടെ അതിലേക്ക് നോക്കി. അന്ന്……മായയ്ക്ക് അപകടം പറ്റിയ ദിവസം പകൽ സമയത്ത് എങ്ങാൻ അവളുടെ ഫോണിലേക്ക് അവന്റെ കോൾ വന്നതിന് ശേഷം..പിന്നെ ഇന്നാണ് അവൾക്ക് അവനിൽ നിന്നൊരു ഫോൺ കോൾ വരുന്നത്. വിറയലോടെ അവളുടെ വിരലുകൾ കോൾ ബട്ടണിൽ അമർന്നു.

“ഹ.. ഹലോ…”

“ആ…നീയൊന്ന് നമ്മുടെ തറവാട്ട് കുളത്തിന്റെ അടുത്തേക്ക് വരുമോ…”

“ഏഹ്.. എ.. എന്താ…”

“തറവാട്ട് കുളത്തിന്റെ അടുത്തേക്ക് വായെന്ന്… ഞാൻ ഇവിടെയുണ്ട്….”

“ഓ… ഹാ.. വരാം…”

വല്ലാത്തൊരു ഉൾക്കിടിലം ആയിരുന്നു അവൾക്ക് അവന്റെ ശബ്ദം കാതിൽ പതിഞ്ഞപ്പോൾ.  എന്തിനാണ് വിളിക്കുന്നതെന്ന് അറിയില്ലെങ്കിലും അവന്റെ അനുനയത്തോടെയുള്ള സംസാരം ഒരുപാട് സന്തോഷം നല്കുന്നുണ്ടായിരുന്നു അവൾക്ക്. അതു കൊണ്ട് തന്നെ പുറത്ത് മൂടി കിടക്കുന്ന ഇരുട്ടിനെ പോലും വിലയ്ക്കെടുക്കാതെ അവൾ  ഉമ്മറത്തെ ഡോർ തുറന്ന്  കുളത്തിനടുത്തേക്ക് ഓടി.
കുളത്തിന്റെ   പടിക്കെട്ടുകൾക്കടുത്തെത്തിയപ്പോൾ മാത്രം മുന്നിലെ ഇരുട്ട് കണ്ട് അവൾക്ക് ചെറിയൊരു ഭയം തോന്നി. ആവേശത്തിൽ ഇറങ്ങി ഓടിയപ്പോൾ ഒരു വെളിച്ചത്തിന് വേണ്ടി തന്റെ ഫോൺ പോലും കയ്യിലെടുക്കാൻ അവൾ മറന്നു പോയിരുന്നു. എന്ത് ചെയ്യുമെന്നോർത്ത് സംശയിച്ചു നിന്നപ്പോൾ പെട്ടെന്നൊരു മിന്നാ മിനുങ്ങ് വെട്ടം അവിടെ തെളിഞ്ഞു.

“പേടിക്കണ്ട… ഞാൻ ഇവിടെ

തന്നെയുണ്ട്… ഇങ്ങ് പോര്…”

തന്റെ ഫോണിലെ ഫ്ലാഷ് ലൈറ്റ് കത്തിച്ച് ശിവ അവൾക്ക് നടന്നു വരാൻ വെളിച്ചം കാണിച്ചു കൊടുത്തു.ആ വെട്ടത്തിൽ അവനരികിലേക്ക് നടന്നെത്തിയ അവളുടെ മുഖത്തെ ഭാവം വേർതിരിച്ചെടുക്കാൻ അവന് പറ്റിയില്ല. അത്ഭുതം…ഭയം.. സന്തോഷം.. സങ്കടം…. അങ്ങനെ എല്ലാം കൂടെ കൂടി കലർന്ന് വിവർണ്ണമായ മുഖത്തോടെ  തന്നെ നോക്കുന്നവൾക്ക് മനോഹരമായൊരു പുഞ്ചിരി പകരം നൽകി അവൻ.

“വാ.. അവിടേക്ക് ഇരിക്കാം…”

രണ്ടു പേരും അവൻ ചൂണ്ടി കാണിച്ച ആ പടവിലേക്കിരുന്നു. എന്ത് പറയണമെന്ന് രണ്ടു പേർക്കും നിശ്ചയമില്ലായിരുന്നു. എങ്കിലും രാത്രിയുടെ നിശബ്ദതയിലും കുളപ്പടവിലൂടെ തലോടി പോവുന്ന ഇളം കാറ്റിന്റെ ലാളനയിലും ലയിച്ച്…..ചെറുതായി പൊടിഞ്ഞു വീഴുന്ന മഴത്തുള്ളികളുടെ സ്പർശനത്തിൽ..ഓളം തള്ളുന്ന ആ കുളത്തിലേക്കും നോക്കി രണ്ടു പേരും പരസ്പരം നോക്കാതെ….മിണ്ടാതെ ഇരുന്നു. തന്നോട് ഒന്നും തന്നെ മിണ്ടുന്നില്ലെങ്കിലും തൊട്ടടുത്ത് അവന്റെ സാനിധ്യം പാറുവിന്

വല്ലാത്തൊരു ആനന്ദം നല്കുന്നുണ്ടായിരുന്നു. ആ ആനന്ദത്തിൽ മുങ്ങി കുറച്ചു നേരം കണ്ണുകൾ അടച്ച് നിന്ന ശേഷം അവൾ മെല്ലെ കണ്ണ് തുറന്ന് അവനെയൊന്ന് നോക്കി.

“എന്താ… ഇവിടേക്ക് വരാൻ പറഞ്ഞത്…”

അവളുടെ ചോദ്യത്തിന് അവൻ മറുപടിയൊന്നും പറഞ്ഞില്ല. പകരം അവിടുന്ന് എഴുന്നേറ്റ് ഒരു പടവ് കൂടി താഴോട്ടിറങ്ങി…. പിന്നെ കുളത്തിലേക്ക് കാലിറക്കി.. മുന്നോട്ട് ആഞ്ഞ്.. അവിടെ…ആ ഓളപ്പടർപ്പിൽ… നല്ല… തൂവെള്ള നിറത്തിൽ…വിടർന്ന്… വിരിഞ്ഞു നിൽക്കുന്ന..ഒരു കൂട്ടം ആമ്പൽ പൂക്കളിൽ നിന്ന് തന്റെ കയ്യിലൊതുങ്ങുന്ന ഒരു പിടി പൂക്കൾ അവൻ പറിച്ചെടുത്തു. ആ ഒരു നിമിഷം അവയിലേക്ക് നോക്കി നിന്നപ്പോൾ അവന്റെ ചൊടിയിടങ്ങളിലും പറഞ്ഞറിയിക്കാൻ കഴിയാത്തൊരു സന്തോഷത്തിന്റെ……. പ്രണയത്തിന്റെ തുടിപ്പുണർന്നു.

അതേ പ്രണയത്തോടെ തന്നെ തിരിഞ്ഞു നിന്ന് അവളെ നോക്കി മന്ദസ്മിതം പൊഴിച്ചു അവന്റെ അധരങ്ങൾ. മുന്നോട്ടേക്ക് നീളുന്ന അവന്റെ കാലുകൾക്കൊപ്പം ആ മുഖത്തെ… താൻ

ഇതുവരെ കാണാത്ത… ആ ഒരു പ്രണയത്തുടിപ്പു കൂടി കണ്ട് അവളുടെ ഹൃദയവും വിറച്ചു. അരികിൽ…. തന്നോട് ചേർന്നവനിരുന്നപ്പോൾ…ഹൃദയ താളം മുറുകുന്ന പോലെ…. അവളിലൊരു…നനുത്ത….സുഖം പകരുന്നൊരു അസ്വസ്ഥത പൊതിഞ്ഞു… ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തോന്നി അവൾക്ക്… തന്നിലേക്ക് ആഴ്ന്നിറങ്ങിയിരിക്കുന്ന അവന്റെ മിഴിയിണകൾക്കൊപ്പം കോർത്തിടാൻ ശക്തിയില്ലാത്ത പോലെ അവളുടെ കൺ‌പീലികൾ വിയർത്തു…

“…പാറു….”

നേർത്തതായിരുന്നു അവന്റെ സ്വരം. അവളുടെ കാതുകളിൽ തട്ടി അതൊന്ന് കുറുകി.

“………..നീയെൻ നെഞ്ചിനാഴമേ… നീയെൻ പാട്ടിനീണമേ………”

ഇരുവരുടെയും നിശ്വാസത്തെ പോലും മുറിച്ച് അവിടെ….ശിവയുടെ ഫോൺ റിങ് ചെയ്തപ്പോൾ… അൽപ്പം മുഷിപ്പോടെ തന്നെ അവൻ ഫോണിലേക്ക് നോക്കി.

“…..ഗൗതം കോളിങ്ങ്…….”

ഏതൊരു വലിയ ബിസിനെസ്സ് ഡീലിന്റെ കാര്യം മായയുടെ പപ്പ ഗോവിന്ദനുമായി സംസാരിക്കാൻ വേണ്ടി കഴിഞ്ഞ ഒരു ദിവസം  മുൻപ് സിംഗപ്പൂരിലേക്ക് പോയതായിരുന്നു ഗൗതം. അവിടെ നിന്നുമുള്ള അവന്റെ കോൾ കണ്ടപ്പോൾ എന്തെങ്കിലും അത്യാവശ്യമാവുമെന്ന് അറിയാവുന്നത് കൊണ്ട് ശിവ വേഗം തന്നെ ഫോൺ ചെവിയിലേക്ക് വെച്ചു.

“ഹേയ് ശിവ.. ഒരു ന്യൂസ്‌ ഉണ്ട്…”

“ന്യൂസോ… എന്താടാ…”

“അത്.. ഞാനിപ്പോ സിംഗപ്പൂരിൽ നിന്ന് മടങ്ങാൻ വേണ്ടി ഇവിടെ..എയർപോർട്ടിലാണുള്ളത്… ഇവിടുത്തെ എയർപോർട്ടിൽ എന്റെ ഒരു ക്ലോസ് ഫ്രണ്ട് വർക്ക്‌ ചെയ്യുന്നത്  നിനക്കറിയാലോ….”

“യെസ്.. അതിന്….”

“ആ.. അവൻ പറഞ്ഞറിഞ്ഞതാണ്… അത്…..ഇന്ന് ഇവിടുന്ന് നാട്ടിലേക്ക് തിരിക്കുന്ന ഫ്ലൈറ്റിന്റെ പാസ്സഞ്ചർസ് ലിസ്റ്റ് അവൻ ചെക്ക് ചെയ്തിരുന്നു….. അതിൽ… അതിൽ നമ്മുടെ മായയുടെ പേരുണ്ട്…..”

“വാട്ട്….”

“യെസ്  ടാ.. മായ…. അവൾ…. അവൾ നാട്ടിലേക്ക്  വരുന്നു…..”

 

(തുടരും )