രചന – മിയ അവ
ഉറക്കം വിട്ട് ശിവ എഴുന്നേറ്റപ്പോഴേക്കും പാറു മുറി വിട്ട് പുറത്തു പോയിരുന്നു. കണ്ണൊക്കെ തിരുമ്മി മൂരി നിവർന്ന ശിവയ്ക്ക് പെട്ടെന്നാണ് പാറുവിന്റെ ഓർമ്മയുണ്ടായത്. അവൻ തിടുക്കത്തിൽ ചാടിയെഴുന്നേറ്റ് സോഫയിലേക്ക് നോക്കിയെങ്കിലും അവിടം കാലിയായിരുന്നു. ഫോണെടുത്ത് ടൈം നോക്കിയപ്പോൾ മണി ആറു ആയതേ ഉള്ളു.
“ഒഹ്.. ഇവൾ ഇത്ര നേരത്തെയൊക്കെ എഴുന്നേൽക്കോ….ഇവിടുള്ളോരെ വലയിൽ വീഴ്ത്താനുള്ള അടവ് ആവും ഇതൊക്കെ… കള്ളി….”
അവൻ സ്വയം പറഞ്ഞു കൊണ്ട് പുതപ്പൊക്കെ മാറ്റി എഴുന്നേറ്റു. മുന്നിലേക്ക് നടക്കാൻ പോയപ്പോഴാണ് സോഫയുടെ സൈഡിലായി നല്ല വൃത്തിയിൽ മടക്കി വെച്ച പാറുവിന്റെ പുതപ്പ് അവൻ കാണുന്നത്. വെറുതെയൊന്ന് തിരിഞ്ഞ് ബെഡിലേക്ക് നോക്കി.
“ആഹാ..നല്ല ഭൂപടം പോലെ പരന്നു കിടക്കുന്നു..”
അവന് സ്വയം ഒരു അപകർഷതാ ബോധം തോന്നിയത് കൊണ്ടാണോ അതോ അവളുടെ മുന്നിൽ ചെറുതായി പോവരുത് ഉള്ളത് കൊണ്ടാണോ അറിയില്ല നേരെ പോയി വാരി വലിച്ചിട്ടിരിക്കുന്ന തന്റെ പുതപ്പും അവൻ വൃത്തിയിൽ മടക്കി ബെഡിന്റെ ഓരത്തേക്ക് എടുത്തു വെച്ചു. ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ വണ്ട് മൂളുന്ന പോലെ എന്തോ ഒന്ന് ചെവിയിൽ വന്നലച്ചപ്പോൾ അവൻ ചുറ്റിലും നോക്കി.
“ഇതെവിടുന്നാ ഈ സൗണ്ട്… വല്ല കടന്നലും കയറിയോ ഇതിനുള്ളിൽ….”
അവൻ ആ സൗണ്ടിന്റെ പിന്നാലെ ചുവട് വെച്ചപ്പോൾ തൊട്ട് അടുത്ത റൂമിൽ തന്നെ
കുളിച്ച് തലയിലൊരു കെട്ടും കെട്ടി കണ്ണടച്ച് കൈ കൂപ്പി ആ അലമാരയുടെ മുന്നിൽ നിന്ന് എന്തൊക്കെയോ പിറു പിറുക്കുന്ന പാറുവിനെയാണ് അവൻ കണ്ടത്. കുറച്ചു നേരം അവൻ അവളെ തന്നെ ശ്രദ്ധിച്ചപ്പോൾ ആ മൂളൽ അവൾ എന്തോ നാമം ജപിക്കുകയാണെന്ന് അവന് മനസ്സിലായി.
“ഇവിടെ ഇങ്ങനെയൊക്കെയുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നോ….”
ആ റൂം പാറുവിന് കൊടുത്തേരെ അവളെ വഴക്ക് പറയാനൊക്കെയല്ലാതെ അവൻ ആ മുറിയിലേക്ക് കടന്നിട്ടില്ല. അതു കൊണ്ട് അവിടെ അവൾ വെച്ച് പൂജിക്കുന്ന കൃഷ്ണ ഭഗവാനെയൊന്നും അവൻ കണ്ടിട്ടോ ശ്രദ്ധിച്ചിട്ടോ ഇല്ലായിരുന്നു ഇതുവരെ. നെറ്റിയിൽ തൊട്ട് തൊഴുത് അവൾ കണ്ണ് തുറക്കാൻ ഒരുങ്ങുന്നത് കണ്ടപ്പോൾ അവൻ വേഗം അവിടെ നിന്നും മാറി നിന്ന് അവൾ തന്നെ കാണാതിരിക്കാനായി ബാൽക്കണിയിലേക്ക് നടന്നു. തൊഴുത് കഴിഞ്ഞ് തലയിലെ കെട്ട് ഊരി തല നന്നായി ഒന്നുടെ തുവർത്തി മുടി കുളി പിന്നലിട്ട് കെട്ടി നെറുകയിൽ ഒരു നുള്ള് കുങ്കുമം തൊട്ട് അവൾ താഴേക്ക് പോയി.
പാറു സ്റ്റെയർ ഇറങ്ങി പോവുന്നത് കണ്ടപ്പോൾ ശിവ മെല്ലെ ആ റൂമിലേക്ക് കടന്നു നോക്കി. അവിടെ ചില്ലരമാലയിൽ കുറിയൊക്കെ ചാർത്തി ചിരി തൂകി നിൽക്കുന്ന കൃഷ്ണ ഭഗവാൻ…..ആ വിഗ്രഹത്തിന് മുന്നിലായി ഒരു പലകയിൽ അവൾ വിളക്കും ചന്ദനതിരിയും കത്തിച്ചു വെച്ചിട്ടുണ്ട്. അതിന്റെ സുഗന്ധം നാസികത്തുമ്പിൽ തൊട്ടതും എന്തോ ഒരു പ്രവണതയിൽ അവനും ചിരി തൂകി നിൽക്കുന്ന ആ ഭഗവാന് മുന്നിൽ കൈ കൂപ്പി നിന്ന് പോയി. കുറച്ചു നേരം അങ്ങനെ നിന്ന് അവൻ മൊത്തത്തിൽ ഒന്ന് നോക്കി. ഭഗവാന്റെ ചുറ്റിലും കുഞ്ഞു കുഞ്ഞു എൽ ഇ ഡി ബൾബുകൾ ഒക്കെ വെച്ച് അലങ്കരിച്ചിട്ടുണ്ട് അവൾ. അടുത്തായി ഒരു കുഞ്ഞു കിലുക്കി മണിയും ഉണ്ട്.
“ഇവൾ ഇവിടെയൊരു മിനി അമ്പലം തന്നെ ആക്കിയിട്ടുണ്ടല്ലോ……”
അവൻ മനസ്സിലോർത്തു. പിന്നെ ഭഗവാന് നേരെ തിരിഞ്ഞ് കൈ കൂപ്പി തന്നെ പറഞ്ഞു.
“അതേയ് ഭഗവാനെ.. അവൾ എന്നെ കുറിച്ച് എന്തൊക്കെയാ വന്നു പറഞ്ഞതെന്നൊന്നും എനിക്കറിയില്ല..
അത് നിങ്ങൾ തമ്മിലുള്ള രഹസ്യം… പക്ഷെ അവൾ പറഞ്ഞത്ര ക്രൂരനൊന്നും അല്ല ട്ടോ ഞാൻ… കുറച്ചു ഒക്കെ നന്മ എന്നിലും ഉണ്ട്…..”
തൊഴു കയ്യോടെ അത്രയും പറഞ്ഞ് അവൻ കള്ള കൃഷ്ണനെ ഒന്ന് കൂടി നോക്കി ആ മുറി വിട്ട് പുറത്തേക്ക് പോയി. അവൻ ഇറങ്ങിയതും ഭഗവാന് ചുറ്റിലും വെച്ച എൽ ഇ ഡി ബൾബുകളൊന്ന് വെറുതെ കണ്ണ് ചിമ്മി.
എഴുന്നേറ്റത് കുറച്ച് നേരത്തെ ആയെങ്കിലും വീണ്ടും കിടന്നു ഉറങ്ങാൻ അവന് തോന്നിയില്ല. അപ്പോപ്പിന്നെ ബാത്‌റൂമിൽ കയറി പല്ലും തേപ്പും കുളിയും കഴിഞ്ഞ് അവൻ താഴേക്ക് ഇറങ്ങി. ഹാളിൽ ഒന്നും ആരെയും കണ്ടില്ല. വെറുതെയൊന്ന് അടുക്കളയിലേക്ക് പാളി നോക്കിയപ്പോൾ ജാനകി എന്തൊക്കെയോ പണികളിൽ ആണവിടെ. അവൻ മുന്നോട്ട് നിന്ന് ജാനകിയെ വിളിച്ചു.
“ജാനകിയമ്മേ.. എനിക്കൊരു കോഫി കിട്ടോ…”
കല്യാണം കഴിഞ്ഞതിൽ പിന്നെ അവൻ അവരെ ദേഷ്യത്തിൽ പേരെടുത്തല്ലാതെ വിളിക്കാറില്ലായിരുന്നു. നാളുകൾക്ക് ശേഷം
അവനിൽ നിന്നും അമ്മേയെന്ന വിളി കേട്ടപ്പോൾ ജാനകിയുടെ കണ്ണുകളിലുണ്ടായ നീർതിളക്കം അവനും ശ്രദ്ധിച്ചു.
“ദാ.. ഇപ്പോ എടുക്കാം സർ….”
“മ്മ്….”
മൂളലോടെ തിരിഞ്ഞു നടക്കാൻ പോയ അവൻ ഒന്നുകൂടി ജാനകിയെ നോക്കി.
“പിന്നേയ്… എന്നെ പഴയ പോലന്നെ കുഞ്ഞേന്ന് വിളിച്ചാൽ മതി… അത് കേൾക്കുന്നതാ സുഖം….”
ജാനകിയുടെ ചുണ്ട് വിറച്ച് ആ വിറയലിൽ താളം ചവിട്ടി കണ്ണുനീർ താഴേക്ക് പതിക്കുന്നത് നോക്കി ഒരു ചിരിയോടെ ശിവ തിരിഞ്ഞ് ഉമ്മറത്തേക്ക് പോയി. അവിടെ അവന്റെ അച്ചാച്ചൻ പതിവ് പോലെ പത്രവായനയിൽ മുഴുകി ഇരിക്കുന്നുണ്ടായിരുന്നു. അരികിലായ് ചൂട് പാറുന്ന കാപ്പി കണ്ട് ശിവ അച്ചാച്ചനെ നോക്കി ഒന്ന് ആക്കുന്ന മട്ടിൽ പറഞ്ഞു.
“ഓഹ്.. ഇവിടെ മൂത്ത് നരച്ച് വടിയും കുത്തി നടക്കുന്നോർക്ക് വരെ വൻ ഡിമാൻഡാണ്.. സമയത്തിന് കോഫി..
ചായ…. ഞങ്ങൾ ചെറുപ്പക്കാരെയാണ് അപ്പോ ഇവിടെ ആർക്കും വേണ്ടാത്തത്…..”
അത് കേട്ട് പത്രത്തിൽ നിന്നൊന്ന് കണ്ണെടുത്ത് കൃഷ്ണ മേനോൻ അവനെയൊന്ന് ചൂഴ്ന്ന് നോക്കി. പിന്നെ പത്രത്തിലേക്ക് തന്നെ കണ്ണ് തട്ട് തിരിച്ചും ഒരു ഊക്ക് കൊടുത്തു.
“ആ എന്തേയ്യാനാ.. ഈ മുടിയും താടിയും നരച്ച് വടിയും പിടിച്ചു നടക്കുന്നോർക്ക് തന്നെയെ
സൂര്യനുദിക്കുമ്പോ എഴുന്നേറ്റ് മുറ്റത്തിറങ്ങി രണ്ടു പുല്ല് പറിക്കാനെങ്കിലും ഇപ്പോഴും ആരോഗ്യം ഉള്ളു… പ്രായം കൊണ്ട് മൂപ്പില്ലാത്തോരൊക്കെ ഉച്ച വരെ പുതപ്പിനുള്ളിന്ന് നിവരാൻ പോലും കെൽപ്പില്ലാതെ കിടപ്പിലാവുമ്പോ വീടിന് എന്തേലും ഉപകാരം ഉള്ളോർക്കേ സ്നേഹം ഉള്ളോർ ചായയും വെള്ളോം ഒക്കെ തരുള്ളൂ.. അതിൽ അസൂയപ്പെട്ടിട്ട് കാര്യല്ലേയ്….”
കൃഷ്ണ മേനോന്റെ കളിയാക്കി പറച്ചിൽ കേട്ടപ്പോൾ ശിവയുടെ മുഖം കടന്നൽ കുത്തിയ പോലെ വീർപ്പിച്ചു വെച്ചു അവൻ.
“വോ… ഒരു ആരോഗ്യം ഉള്ള ആള്
വന്നിരിക്കുന്നു… കുറെ നേരായല്ലോ അതിനുള്ളിൽ വീണു കിടക്കുന്നു…മതി വായിച്ചത്….എനിക്ക് താ ഞാനും വായിക്കട്ടെ ഇനി….”
“നടക്കൂല… ഇതെന്റെ പതിവ് ശീലാ.. ഇന്നൊരുസം നേരത്തെ എഴുന്നേറ്റ് വന്നു കരുതി ഞാൻ വായിച്ചു തീരാതെ ഇത് ഞാൻ ആർക്കും തരില്ല….”
രണ്ടു പേരും ഉമ്മറ കോലായിലിരുന്ന് കുട്ടികളെ പോലെ പേപ്പറിന് അടിപിടി കൂടുന്നത് കേട്ടിട്ടാണ് സരസ്വതിയമ്മ അങ്ങോട്ട് കയറി വന്നത്.
“ഹൈ… എന്താ ഇവിടെ… അച്ചാച്ചനും കൊച്ചു മോനും കൂടി രാവിലെ തന്നെ തുടങ്ങിയോ അങ്കം… കുഞ്ഞാ നീയെന്തിനാ ഇപ്പോ എഴുന്നേറ്റു വന്നത്… ഇല്ലെങ്കിൽ വൈകീട്ട് മാത്രം ഈ ബഹളം കേട്ടാൽ മതിയാരുന്നല്ലോ…”
സാധാരണ താനും അച്ചാച്ചനും അടിപിടി കൂടുമ്പോൾ തന്നെ സപ്പോർട്ട് ചെയ്യാറുള്ള അച്ഛമ്മ ഇന്ന് അച്ചാച്ചനെ സപ്പോർട്ട് ചെയ്യുന്നത് കണ്ടു ശിവ പത്രത്തിലെ പിടി വിട്ട് കള്ള പരിഭവത്തിൽ സരസ്വതിയമ്മയെ നോക്കി.
“അയ്ശേരി… അച്ഛമ്മ ഇപ്പോ അച്ചാച്ചന്റെ സൈഡ് ആയോ… ഇത് വരെ എന്നെയാണല്ലോ സപ്പോർട്ട് ചെയ്യാറുണ്ടായിരുന്നത്….”
അത് കേട്ടതും സരസ്വതിയമ്മ ഉറക്കെ ചിരിച്ചു.
“ഹ ഹ ഹ… അതിന് അന്നൊന്നും നിന്നെ സപ്പോർട്ട് ചെയ്യാൻ വേറാരും ഇല്ലായിരുന്നല്ലോ ഇവിടെ… അപ്പോ എന്റെ കൊച്ചു മോനെ ഞാൻ തന്നെ സപ്പോർട്ട് ചെയ്യണമായിരുന്നു… ഇന്നിപ്പോ അതല്ലല്ലോ അവസ്ഥ… നിന്നെ സപ്പോർട്ട് ചെയ്യാൻ ഇവിടെ നീ കെട്ടി കൊണ്ട് വന്ന ഭാര്യയില്ലേ നിനക്ക്… അതോണ്ട് ഇനി മുതൽ ഞാൻ എന്റെ കെട്ടിയോന്റെ കൂടെ മാത്രേ നിൽക്കൂ… നിനക്ക് ഒരു സപ്പോർട്ട് വേണെങ്കിൽ നീ നിന്റെ ഭാര്യയെ വിളിക്ക്…. ഹ ഹ….”
അതോടെ ശിവയുടെ മുഖം ഒന്നൂടെ വീർത്തു.
“ഓഹോ അങ്ങനെയൊക്കെ ആയല്ലേ ഇപ്പോ….”
“ആ.. ഞങ്ങളിപ്പോ ഇങ്ങനെ ഒക്കെ തന്നാ. ഇനി നിനക്ക് സപ്പോർട്ട് തരാൻ വേണ്ടി
ഞാൻ എന്റെ ഭാര്യയെ വിട്ട് തരുവോന്നും ഇല്ല… വേണെങ്കിൽ സ്വന്തം ഭാര്യയെ പോയി വിളിക്കെടാ…”
കൃഷ്ണ മേനോനും കൂടി അങ്ങനെ പറഞ്ഞപ്പോ തമാശയിൽ ആയിരുന്ന ശിവയുടെ മുഖം പെട്ടെന്ന് മാറി. ആ പഴയ ദേഷ്യം അവന്റെ മുഖത്തെ ചുമപ്പിക്കുന്നുവെന്ന് തോന്നിയതും പേടിയോടെ… അതിലേറെ വാത്സല്യത്തോടെ സരസ്വതിയമ്മ അവനെയൊന്ന് വിളിച്ചു.
“കുഞ്ഞാ… അച്ഛമ്മേടെ മോന് വിഷമം ആയോ…”
അവൻ ഒന്നും മിണ്ടിയില്ല. അത് കണ്ടു സരസ്വതിയമ്മ അച്ചാച്ചന്റെ അടുത്ത് നിന്നും എഴുന്നേറ്റ് അവന്റെ അടുത്ത് പോയി അവനെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു.
“അച്ഛമ്മേടെ കുഞ്ഞനെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതല്ല… അച്ഛമ്മയ്ക്കറിയാം നിനക്ക് അവളെ ഇഷ്ട്ടമല്ലെന്ന്…. ഇപ്പോഴും ഒരു ഭാര്യയായി കാണാൻ നിനക്ക് പറ്റിയിട്ടില്ലെന്ന്…. പിന്നെ അച്ഛമ്മയോട് വിരോധം തോന്നരുത് കുഞ്ഞാ….നമ്മളൊക്കെ മനുഷ്യരാണ്…
നമുക്ക് ഇന്നത് വേണമെന്ന് ആഗ്രഹിക്കാനേ പറ്റൂ… അത് നമുക്ക് തരണോ വേണ്ടയോന്ന് തീരുമാനിക്കുന്നത് ദൈവങ്ങളാ… ആ വിധി നമുക്ക് മാറ്റാൻ പറ്റില്ല…. നമ്മളെയൊക്കെ സൃഷ്ടിച്ച ഒരു ശക്തി മുകളിൽ ഉണ്ടെങ്കിൽ… ആ ശക്തി മുന്നെ തീരുമാനിച്ചു വെച്ചിട്ടുണ്ടാവും നമ്മുടെയൊക്കെ ജീവിതം എങ്ങനെയാവണമെന്ന്… നഷ്ടപ്പെടാനുള്ളതാണെങ്കിൽ അത് നഷ്ടപ്പെടുക തന്നെ ചെയ്യും…. പക്ഷെ കുഞ്ഞൻ ഒന്നോർക്കണം…ഈശ്വരൻ നമുക്ക് ഒന്ന് നഷ്ടപ്പെടുത്തുമ്പോൾ അതിനേക്കാൾ മികച്ചതൊന്ന് മാറ്റി വെച്ചിട്ടുണ്ടാവും… അത് നമ്മളായിട്ട് കണ്ടില്ലെന്ന് നടിക്കുമ്പോൾ കൂടുതൽ സന്തോഷത്തോടെ ജീവിക്കാൻ ദൈവം നമുക്ക് വെച്ചു നീട്ടുന്ന അവസരം നമ്മൾ തന്നെ തട്ടി തെറിപ്പിക്കുന്ന പോലാവും……”
അൽപ്പ നേരം നിർത്തി അവന്റെ അധികം തെളിമയില്ലാത്ത മുഖം നോക്കി സരസ്വതിയമ്മ വീണ്ടും പറഞ്ഞു.
“…പാറു… അവൾ നല്ല കുട്ടിയാ കുഞ്ഞാ… ഉള്ള് നിറയെ സ്നേഹം ഉള്ള കുട്ടി… ന്റെ കുഞ്ഞ് ആ സ്നേഹം കാണാതെ പോവരുത്… ചേർത്ത് നിർത്താൻ അച്ഛമ്മേടേം അച്ചാച്ചന്റേം അമ്മയുടേം
ഒക്കെ തണൽ ഇല്ലാതാവുമ്പോൾ… നിനക്ക് അവളെ കാണൂ… മറക്കണ്ട അത്……”
മറുതൊന്നും മിണ്ടാതെ സരസ്വതിയമ്മയുടെ വാക്കുകൾക്ക് കാതോർക്കുമ്പോൾ അവനിലേക്ക് ഇരച്ചു കയറിയ ദേഷ്യം മറ്റെന്തിനോ വഴി മാറി കൊടുക്കുന്നുണ്ടായിരുന്നു.
“അച്ഛമ്മേ… ഇതാ കാപ്പി ….”
നിശബ്ദത കൊണ്ട് മൂടിയിരുന്ന ഉമ്മറകോലായിലേക്ക് പാറുവിന്റെ ശബ്ദം ഓളം തള്ളി നിന്നു. ശിവയെ വാരി പുണർന്നു നിന്നിരുന്ന സരസ്വതിയമ്മ അത് കേട്ട് പിന്തിരിഞ്ഞു നോക്കി.
“ഏഹ്… എനിക്ക് നീ തന്നെയല്ലേ പാറുസേ.. നേരത്തെ കാപ്പി കൊണ്ട് തന്നത്….”
“അയിന്.. ഇത് അച്ഛമ്മയ്ക്ക് ആണെന്ന് ആര് പറഞ്ഞു….”
“പിന്നെ പ്പോ ആർക്കാ… അച്ചാച്ചന്റെ കയ്യിൽ കാപ്പി ഉണ്ടല്ലോ….”
“വോ.. അച്ചാച്ചനും അല്ല… അടുക്കളയിൽ വന്നാരോ ജാനകിയമ്മയോട് കാപ്പിയ്ക്ക് ഓർഡറിട്ട് പോയെന്ന് പറഞ്ഞു…
ജാനകിയമ്മ തന്ന് വിട്ടതാ ഇത്…. ന്നാ ആർക്കാച്ചാ അച്ഛമ്മ കൊടുത്തേക്ക്…..”
നീട്ടി പിടിച്ചിരിക്കുന്ന അവളുടെ കയ്യിൽ നിന്നും ഉറക്കെയൊന്ന് ചിരിച്ചു കൊണ്ട് സരസ്വതിയമ്മ ആ കാപ്പി വാങ്ങി ശിവയുടെ നേരെ തിരിഞ്ഞു.
“ഇവിടെ ഓർഡർ ഇടാൻ ന്റെ കുഞ്ഞൻ മാത്രല്ലേ ഉള്ളു…. അപ്പോ ഇത് നിനക്കുള്ളതാ കുഞ്ഞാ… ന്നാ കുടിച്ചോടാ…ഒന്നുല്ലേലും നിന്റെ ഭാര്യ ഭർത്താവിന് വേണ്ടി കാലത്ത് തന്നെ കാപ്പിയിട്ട് കൊണ്ട് വന്നതല്ലേ…..”
അത് കേട്ടതും പാറു ഒരു തടസ്സം പോലെ ഇടയിൽ കയറി പറഞ്ഞു.
“അതേയ് മാഡം… കൂടുതൽ അങ്ങോട്ട് പൊലിപ്പിക്കണ്ട.. ഇത് ഞാൻ ഇട്ടതൊന്നും അല്ല.. ജാനകിയമ്മ ഇട്ടത് എന്റെ കയ്യിൽ തന്നു വിട്ടു… അത്രയേ ഉള്ളു….”
അപ്പോഴേക്കും സരസ്വതിയമ്മ വീണ്ടും ഉറക്കെ ചിരിച്ചു.
“ഉവ്വുവ്വേ… അത് ഈ കാപ്പിയിലെ ഏലക്ക മണം കിട്ടിയപ്പോഴേ മനസ്സിലായി…ജാനകിയുടെ ഏലക്ക
ചേർക്കാത്ത കാപ്പി വർഷങ്ങളായി കുടിക്കുന്ന ഞങ്ങൾക്ക് അറിയാൻ പറ്റുമല്ലോ നീ ഇതിൽ കൈ വെച്ചിട്ടേ ഇല്ലാന്ന്….”
എന്തോ കള്ളം കണ്ടു പിടിച്ച പോലുള്ള സരസ്വതിയമ്മയുടെ പറച്ചിൽ കേട്ട് പാറുവൊന്ന് അവരെ നോക്കി ചുണ്ട് കോട്ടി.
“ഓ.. അയിനെന്ത്… ഇവിടെ ഉമ്മറത്ത് കയറി വരുന്ന ഏതെങ്കിലും അപരിചിതർക്ക് പോലും ഒരു കപ്പ് കാപ്പി ഇട്ടു കൊടുക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നുണ്ട്… എന്നിട്ടാണോ….. വേണെങ്കിൽ കൊച്ചു മോന് അത് കൊടുത്തു കുടിക്കാൻ പറയ്യ്… ഇല്ലെങ്കിൽ അത് അങ്ങ് പുറത്തേക്ക് തൂവി കപ്പ് അടുക്കളയിൽ കൊണ്ട് വെച്ചേക്ക്…ഹും…”
അത്രയും പറഞ്ഞ് ശിവയെ നോക്കി കുറച്ചു പുച്ഛം വാരിയെറിഞ്ഞ് അവൾ ഉള്ളിലേക്ക് കയറിപ്പോയി. അവളുടെ പോക്ക് നോക്കി കൃഷ്ണ മേനോനും സരസ്വതിയമ്മയും ഉച്ചത്തിൽ ചിരിച്ചു. അവരുടെ ചിരിയോടൊപ്പം സരസ്വതിയമ്മയിൽ നിന്നും ആ കാപ്പി വാങ്ങി ചുണ്ടോട് അടുപ്പിച്ചു കൊണ്ട് ശിവ
അച്ഛമ്മയെ നോക്കി അൽപ്പം കളിയായി ചോദിച്ചു.
“അച്ഛമ്മ കുറച്ചു നേരത്തെ പറഞ്ഞ ആ സ്നേഹം ഇതായിരിക്കും അല്ലേ….”
“ഹ ഹ ഹ… എന്റെ കുഞ്ഞാ അത് അവൾ കളിയായി പറഞ്ഞതല്ലേ… ഇച്ചിരി കുറുമ്പിയാ അവൾ…. പക്ഷെ കുറുമ്പ് കാണിച്ചാലും.. പ്രാണൻ പറിച്ചു തരും നിനക്ക് വേണ്ടി അവൾ… ഇല്ലെങ്കിൽ നോക്കിക്കോ നീ…..”
“വോ വോ… നടക്കട്ടെ നടക്കട്ടെ…ഇപ്പോ തത്കാലം ഞാൻ പോയി റെഡി ആവട്ടെ… ഓഫീസിൽ ഇന്ന് കുറച്ചു നേരത്തെ എത്തണം….”
“ഹാ… നേരത്തെ പോവുന്നതൊക്കെ കൊള്ളാം… ഒന്നും കഴിക്കാതെ ഇവിടുന്ന് നീ ഇറങ്ങിയാൽ ഇനി നല്ല പെട കിട്ടും ട്ടോ കുഞ്ഞാ നിനക്ക്…..”
കുടിച്ചു തീർത്ത കാപ്പിയുടെ കപ്പ് സരസ്വതിയമ്മയുടെ കയ്യിൽ കൊടുത്ത് അവൻ ഉള്ളിലേക്ക് കയറുമ്പോൾ പുറകിൽ നിന്നും സരസ്വതിയമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു.
ശിവ ഓഫീസിൽ പോവാൻ റെഡിയായി താഴോട്ട് ഇറങ്ങിയപ്പോൾ അവിടെ ഹാളിൽ മാധവിയമ്മയും മാധവിയമ്മയ്ക്ക് കഞ്ഞി എടുത്തു കൊടുത്തു കൊണ്ട് ശ്രേയയും ഉണ്ടായിരുന്നു. അവൻ അവരെ നോക്കിയൊന്ന് ചിരിച്ചു കൊണ്ട് ചെയർ വലിച്ചിട്ടു അവർക്കൊപ്പം അവനും കഴിക്കാനായി ഇരുന്നു.
“ഇതെന്താ മുത്തശ്ശി… മുത്തശ്ശി എന്നും കഞ്ഞിയാണോ രാവിലെ കുടിക്കുക….പത്തിരി ചപ്പാത്തിയൊന്നും കഴിക്കില്ലേ…..”
“ഹാ.. കഴിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല മോനെ… മുത്തശ്ശിയ്ക്ക് പഴയ പോലെ പല്ലില്ലല്ലോ ഇപ്പോ…വായിലിട്ട് ചവയ്ക്കാനൊക്കെ ബുദ്ധിമുട്ടാ… അതോണ്ട് കഞ്ഞി ഇങ്ങനെ കുടിക്കും….”
“ഓ.. പക്ഷെ എപ്പോഴും കഞ്ഞി കുടിച്ചാലും ബുദ്ധിമുട്ട് അല്ലേ ശ്രേയ… ബിപി കൂടില്ലേ മുത്തശ്ശിയ്ക്ക്….”
ശ്രേയയെ നോക്കി ചോദിച്ചപ്പോൾ അവളും മറുപടി കൊടുത്തു.
“അതിന് ഉപ്പ് ചേർത്ത് ഒരു നേരം മാത്രമേ കൊടുക്കുള്ളു സർ… പിന്നെ എന്നും
കഞ്ഞിയല്ല… ഇന്നിപ്പോ കഞ്ഞിയാണെങ്കിൽ നാളെ റവ കാച്ചും.. പിന്നെ ഓട്സ്.. അങ്ങനെ അങ്ങനെ മാറ്റി മാറ്റി കൊടുക്കും… അപ്പോ കുഴപ്പമില്ലല്ലോ….”
“ഓഹ്…”
അവരുടെ ഈ സംസാരത്തിനിടയിലേക്കാണ് പാറു വന്നത്. ഒരു നിമിഷം അവൾ അത്ഭുതത്തിൽ കണ്ണ് മിഴിച്ച് ശിവയെ നോക്കി.
“ഇയാൾക്ക് ഇങ്ങനെ മാന്യമായൊക്കെ സംസാരിക്കാൻ അറിയോ…..”
പാറുവിന്റെ ആത്മഗതം ആണ്. അവളുടെ മിഴിച്ചുള്ള നോട്ടത്തിൽ നിന്നും അവൾ ഉള്ളിൽ പറഞ്ഞത് മനസ്സിലായത് പോലെ അവളെ നോക്കിയൊന്ന് പുച്ഛിച്ച് ശിവ തന്റെ പ്ലേറ്റിലേക്ക് മിഴി മാറ്റി കഴിക്കാൻ തുടങ്ങി. തൊട്ട് അടുത്ത് കഴിക്കാനായി ഇരുന്ന പാറുവിനെയോ സരസ്വതിയമ്മയെയോ കൃഷ്ണ മേനോനെയോ ശ്രീദേവിയെയോ ആരെയും നോക്കാതെ പെട്ടെന്ന് തന്നെ കഴിച്ച് എഴുന്നേറ്റ് കയ്യും കഴുകി എല്ലാവരോടും യാത്ര പറഞ്ഞ് അവൻ ഓഫീസിലേക്ക് ഇറങ്ങി. താൻ ഒഴിച്ച് ബാക്കി എല്ലാവരോടും
ചിരിച്ചു കൊണ്ട് അവൻ യാത്ര പറയുന്നത് കണ്ടപ്പോൾ ഉള്ളിലെവിടെയോ ഒരു നോവെരിഞ്ഞെങ്കിലും അതിനെ കൂടുതൽ ഗൗനിക്കാതെ പാറു താൻ കഴിക്കുന്നതിലേക്ക് ശ്രദ്ധിച്ചു.
(തുടരും )

by