Karimizhi

The World of Malayalam Stories

തുടർക്കഥകൾ

പെയ്തൊഴിയാതെ : ഭാഗം 14

രചന – മിയ അവ

“അതിന് …..”

“അത് തന്നെ മായയുടെ കൊക്കിനു ജീവനുണ്ടെങ്കിൽ എന്റെ പാറുവിനെ അവൻ തൊടില്ല.. തൊടാൻ ഞാൻ സമ്മതിക്കില്ല…….”

പറയുമ്പോൾ കൂടുതൽ ഊർജ്ജസ്വലമായ അവളുടെ മുഖം ശിവ അത്ഭുതത്തിൽ നോക്കി നിന്ന് പോയി. അവളുടെ ഉള്ളിൽ അയാൾക്കെതിരെ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടെന്ന് തോന്നിയപ്പോൾ അവൻ മെല്ലെ അവൾക്കരികിൽ വന്നിരുന്നു.

“മായ… അത് അവരുടെ ലൈഫ് അല്ലേടാ..

നമുക്ക് അതിൽ എന്ത് ചെയ്യാൻ പറ്റും…താൻ അത് വിട്ടേക്ക് അവളുടെ വിധി പോലെ നടക്കട്ടെ….”

“നോ ശിവ..അത് അങ്ങനെ വിധിയ്ക്ക് വിടാൻ മായ ഒരുക്കമല്ല… എന്നെ ഇങ്ങനെ ആക്കിയപ്പോൾ വിജയിച്ചുവെന്ന് അവൻ കരുതുന്നുണ്ടാവും… പക്ഷെ അവന്റെ മുന്നിൽ തോൽക്കാൻ മായയ്ക്ക് മനസ്സില്ല..”

“എടാ.. പക്ഷെ നമുക്ക് എന്ത് ചെയ്യാൻ പറ്റുമെന്നാ നീ പറയുന്നേ.. അവളുടെ അച്ഛന്റെ സമ്മതം ഇല്ലാതെ അവൾക്ക് മറ്റൊരു കല്യാണം നോക്കാൻ നമുക്ക് കഴിയോ… ഇനി നോക്കിയാൽ തന്നെ അവളുടെ അച്ഛനും ഷാജിയും വന്നു പ്രശ്നമാക്കുമ്പോൾ ആ ചെറുക്കനും കൂട്ടരും കയ്യൊഴിയില്ലെന്ന് എന്താ ഉറപ്പ്.. ഇതിന് മുന്നെ ആ മുത്തശ്ശനും മുത്തശ്ശിയും അവളുടെ കല്യാണം നടത്താൻ നോക്കിയിട്ട് എന്താ സംഭവിച്ചത്..ഇവർ പ്രശ്നം ആക്കിയപ്പോൾ ഷാജിയെ പേടിച്ച് അവർ ആ കല്യാണം വേണ്ട വെച്ച് പോയില്ലേ… അതുപോലെ…”

“അതുപോലെ ഇട്ടെറിഞ്ഞു പോവാത്ത ഒരാളാണ് അവളെ കെട്ടുന്നതെങ്കിലോ…”

“ഓഹ് എന്റെ മായ അങ്ങനെ ധൈര്യത്തോടെ ആരെങ്കിലും ഇതിന് തയ്യാറാവോ..”

“തയ്യാറാവും… ആവണം…”

“പക്ഷെ ആര് മായ….”

“നീ… നീ അതിന് തയ്യാറാവണം….”

“വാട്ട്…….ഞാനോ….”

തെല്ലും കൂസലില്ലാതെ തന്നെ നോക്കി അങ്ങനെ പറഞ്ഞ മായയെ ഞെട്ടലോടെ ശിവ നോക്കി.

“യെസ്…. നീ… നീയെന്റെ പാറുന്റെ കഴുത്തിൽ താലി കെട്ടണം…”

“ആർ യു മാഡ്… താൻ എന്തൊക്കെ ഭ്രാന്താ ഈ വിളിച്ചു പറയുന്നത്…”

“ഭ്രാന്ത് അല്ല ശിവ.. അത് നടക്കണം… അതെന്റെ വാശിയാണ്.. എന്നെ ഇങ്ങനെ ആക്കിയവനോടുള്ള എന്റെ പ്രതികാരം ആയിട്ട് തന്നെ കണ്ടാൽ മതി…അവളെ അവന് കിട്ടരുത്….”

“അതിന്.. അതിന് ഞാൻ അവളെ

കെട്ടണമെന്നുണ്ടോ….”

“വേണം ശിവ.. നീ പറഞ്ഞ പോലെ ഷാജിയെ പേടിച്ച് മറ്റാരും ഇതിന്  തയ്യാറായെന്ന് വരില്ല… പിന്നെ ഈ കിടപ്പിൽ നിന്ന് എനിക്ക് ചെയ്യാൻ കഴിയുന്ന കാര്യത്തിൽ പരിമിതികൾ ഉണ്ടല്ലോ ശിവ….”

അത് പറയുമ്പോൾ അവളുടെ തൊണ്ടയിടറിയത് അവൻ ശ്രദ്ധിച്ചു. എന്തോ അവന്റെ കണ്ണുകളും നിറഞ്ഞു പോയി അപ്പോൾ.

“എനിക്ക്… എനിക്കിനി ഒരിക്കലും നീ ആഗ്രഹിക്കുന്ന പോലൊരു ലൈഫ്….”

“മായ പ്ലീസ്…..”

അവളെ മുഴുവനാക്കാൻ അനുവദിക്കാതെ അവളുടെ കയ്യെടുത്ത് തന്റെ കൈപ്പിടിയിലേക്ക് ഒതുക്കി അവൻ.

“എനിക്ക് നീയാണ്… നീ എങ്ങനെയാണേലും…നീ മാത്രമാണ് എന്റെ ലൈഫ്…ആ സ്ഥാനത്ത് മറ്റൊരാൾ… നെവർ.. ഒരിക്കലും സാധിക്കില്ല….”

അവൻ കരഞ്ഞു കൊണ്ട് അവളുടെ

ദേഹത്തേക്ക് തല ചായ്ച്ചു. അവളുടെ കണ്ണുകളും നിറഞ്ഞൊഴുക്കുന്നുണ്ടായിരുന്നു. എങ്കിലും സങ്കടം പല്ലിനിടയിൽ കടിച്ചമർത്തി അവൾ മുഖം തിരിച്ചു.

“സാധിക്കണം ശിവ… എനിക്ക് വേണ്ടി നീയത് ചെയ്യണം…നിവർന്നു നിൽക്കാൻ കൂടി ആവാത്ത എനിക്ക് വേണ്ടി നശിപ്പിച്ചു കളയാനുള്ളതല്ല നിന്റെ ജീവിതം… എനിക്കതിനോട് ഒട്ടും യോജിപ്പില്ല… പിന്നെ ഇതെന്റെ വാശി മാത്രമല്ല.. അവൾ.. ആ പാവത്തിനൊരു തുണയില്ലാത്തതാണ്..ഞാനും കൂടി ഇങ്ങനെ ആയ സ്ഥിതിക്ക്.. അവൾക്കൊരു കൂട്ട് വേണം…. ഞാൻ നോക്കിയിട്ട്  നിന്റെ കയ്യിൽ മാത്രമേ അവൾ സേഫ് ആയിട്ടിരിക്കൂള്ളൂ…. അവൾ എന്റെ അനിയത്തിയാ ശിവ… എനിക്ക് അവളെ വിശ്വസിച്ച് ഏല്പിക്കാൻ നീ മാത്രേ ഉള്ളു…. പ്ലീസ്.. പറ്റില്ലെന്ന് പറയരുത്… ഇട്സ് മൈ റിക്വസ്റ്റ്….”

“നോ…..ഇട്സ് ഇമ്പോസിബിൾ… നീ എന്തൊക്കെ പറഞ്ഞാലും ഇത് നടക്കാൻ പോവുന്നില്ല മായ…. ഞാൻ അത് ചെയ്യില്ല….ഡോണ്ട് ടെൽ മി ലൈക്ക് ദിസ്‌….ഐ വിൽ നെവർ ടു ഇറ്റ്….”

അവളുടെ അടുത്ത് നിന്നെഴുന്നേറ്റ് ശിവ പരിസരം പോലും മറന്ന് ഒച്ചയിട്ടു. അവിടെ കണ്ട ഫ്ലവർവേസ് പോലും കൈ കൊണ്ട് തട്ടി തെറിപ്പിച്ചു മുടിയിൽ തെരു പിടിച്ച് ഭ്രാന്തനെ പോലെ ഒച്ചയിടുന്ന ശിവയെ ഹൃദയം പൊടിയുന്ന വേദനയോടെ  മായനോക്കി കണ്ടു. ആ കാഴ്ചയിലും…ഒഴുകിയിറങ്ങുന്ന കണ്ണുനീരിനെ ദയയില്ലാതെ അവഗണിച്ചും അവളും അവിടെ തന്റെ സ്വരമുയർത്തി.

“ദെൻ.. ലീവ് ഫ്രം ഹിയർ….”

“വാട്ട്…..”

ആഞ്ഞു വീശിയ തന്റെ ക്രോധത്തെ ഒറ്റ വാക്കിൽ തളച്ചിട്ട പോലെ അവളുടെ ആ വാക്കിൽ തറഞ്ഞു നിന്ന് പോയി അവൻ.

“യെസ്… ഇതാണ് നിന്റെ തീരുമാനമെങ്കിൽ യു ക്യാൻ ലീവ് ഫ്രം ഹിയർ…. എനിക്ക് ഇനി നിന്നെ കാണണ്ട….”

“മായ… താൻ….”

ഗദ്ഗദം കൊണ്ട് വാക്കുകൾ തൊണ്ടകുഴിയിൽ വെച്ചു തന്നെ മുറിഞ്ഞു പോയി.

“അതെ.. മായ തന്നെയാണ് പറയുന്നത്…എന്റെ പാറുവിനെ വിവാഹം ചെയ്തിട്ടല്ലാതെ… അവളുടെ കൈ പിടിച്ചല്ലാതെ.. ഇനി ശിവ മായയ്ക്ക് മുന്നിൽ വരരുത്….ഗെറ്റ് ഔട്ട്‌ ഫ്രം ഹിയർ….”

“ടാ  …..”

അവന്റെ ഇടറിയ ശബ്ദത്തിന് മുന്നിൽ പോലും കല്ലായി നിന്നു മായ.

“ഐ സെ യു ഗെറ്റ് ഔട്ട്‌….”

ഉറച്ചതായിരുന്നു അവളുടെ ശബ്ദം… നോട്ടം.. അതിന് മുന്നിൽ ശിവയുടെ നാവ് പോലും ചലനമറ്റു പോയി. വെറും നിലത്തേക്ക് തല വെച്ചവൻ ഉറക്കെ… വാവിട്ട് കരഞ്ഞു…..

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

അടഞ്ഞു കിടന്ന മിഴിയിണകളെ പോലും ഭേദിച്ച് കവിളിന്റെ ചൂടിലേക്ക് ഊർന്നിറങ്ങുന്ന കണ്ണുനീരിനെ കണ്ടപ്പോൾ ഗൗതം ശിവയുടെ തോളിലേക്ക് കയ്യമർത്തി.

“ഹേയ്.. ശിവ… ആർ യു ഓക്കേ…”

മനസ്സിനെ ഞെരിപ്പോട് പോലെ ചുട്ടു പൊള്ളിച്ച ആ ഓർമ്മകളിൽ നിന്നും ശിവ മിഴി തുറന്നത് കുഞ്ഞു നാൾ തൊട്ടേ താൻ കളിച്ചു നടന്ന.. തന്നെ ഒരുപാട് സന്തോഷിപ്പിച്ച… തന്നിലെ സൗഹൃദത്തിന്റെ… പ്രണയത്തിന്റെ ഈറ്റില്ലത്തിലേക്കായിരുന്നു..അവന്റെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞൊഴുകി.

“ഹേയ്.. കൂൾ മാൻ….”

ഗൗതമിന് വിളറിയൊരു ചിരി നൽകി ശിവ കണ്ണും മുഖവുമെല്ലാം കർച്ചീഫ് വെച്ച് തുടച്ചു. ദീർഘമായി ഒന്ന് നിശ്വസിച്ച്.. നാളുകൾക്ക് ശേഷം വീണ്ടും അവൻ ആ പടി ചവിട്ടി അകത്തേക്ക് കടന്നു.  പാറുവിന്റെ കഴുത്തിൽ താലി കെട്ടിയ അന്ന് അവളെയും കൊണ്ട് മായയെ കാണിക്കാൻ വന്നപ്പോൾ ഹൃദയം തകർന്ന് ഇറങ്ങി പോയതാണ് ശിവ . പിന്നെ വീണ്ടും വരുന്നത് ഇന്നാണ്. ഹാളിൽ വെച്ച് ശിവയെ കണ്ട് മായയുടെ മമ്മി നടുങ്ങി പോയി. പഴയ കുറുമ്പും കുസൃതിയുമായി തന്റെ മകൾക്കൊപ്പം എപ്പോഴും സന്തോഷിച്ച് കണ്ടിരുന്ന ശിവയിൽ നിന്നും മെലിഞ്ഞ്…കവിളൊട്ടി..വാടിയ

മുഖത്തോടെ നിൽക്കുന്ന ശിവ ഒത്തിരി അപരിചിതമായി തോന്നിയവർക്ക്. അവന്റെ ആ മാറ്റത്തെ അധിക നേരം നോക്കി നിൽക്കാൻ അവർക്കായില്ല.. സാരിത്തുമ്പ് കൊണ്ട് വാ പൊത്തി വിതുമ്പി കൊണ്ട് അവർ ഉള്ളിലേക്ക് വലിഞ്ഞു. പുച്ഛത്തിന്റെയാണോ സങ്കടത്തിന്റെയാണോന്നറിയില്ല ഒരു വരണ്ട ചിരി ശിവയുടെ ചുണ്ടിന്റെ കോണിൽ തട്ടിയൊന്ന് വിറങ്ങലിച്ചു.  പിന്നെ അവനും മായയുടെ മുറി ലക്ഷ്യം വെച്ച് മുകളിലേക്ക് കയറി. അവരുടെ സ്വകാര്യതയിലേക്ക് ഒരു തടസ്സമാവാതെ ഗൗതം പുറത്തു ബാൽക്കണിയിൽ തന്നെ ഇരുന്നു.

ഡോറിന്റെ അടുത്ത് നിന്ന് ഒന്നേ നോക്കിയുള്ളു അവൻ. ചേതനയറ്റ പോലുള്ള ആ കിടപ്പ് മുൻപത്തെ പോലെ തന്നെ അന്നും അവന്റെ നെഞ്ചിൻ കൂടിനെ പിളർത്തി മുറിവേൽപ്പിച്ചു. ചലിക്കാൻ മടിച്ചു നിൽക്കുന്ന കാലുകളെ നിർബന്ധ ബുദ്ധിയോടെ അനുനയിപ്പിച്ച് ഓരോ ചുവടുകളായി ചേർത്ത് വെയ്ക്കുമ്പോൾ ഉള്ളിൽ നിന്ന് എണ്ണമറ്റ നൊമ്പരങ്ങൾ പുറത്തു ചാടാൻ തന്നോട് കലഹിക്കുന്നതായി അവന് തോന്നി. മുട്ടു മടക്കി ആ ബെഡിനോട് ഓരം ചേർന്നിരുന്നപ്പോൾ അവന്റെ മേനിയാകെ വിറച്ചു പോയി. കാഴ്ചയ്ക്ക് മൂടുപടലം

തീർത്ത കണ്ണുനീരിനെ കൈകളാൽ ഒപ്പി അവൻ അവളുടെ മുഖത്തേക്ക് നോക്കി.
മയക്കത്തിലും ശാന്തമാണ് ആ മുഖം. അന്നിറങ്ങി പോവുമ്പോൾ കണ്ട വിജയഭാവം ഇന്നാ മുഖത്തില്ല. കൺപീലികളൊക്കെയും ചുടു നീരിന്റെ തലോടലേറ്റ പോലെ വാടി കൂമ്പിയിരിക്കുന്നു. എങ്കിലും പ്രസന്നമായ മുഖത്തേക്ക് വാത്സല്യത്തോടെ നോക്കിയവൻ. എപ്പോഴത്തേയും പോലെ ഇന്നും നെറ്റിയിൽ കറുത്ത കുഞ്ഞു പൊട്ട് സ്ഥാനം പിടിച്ചിട്ടുണ്ട്. അതിന് മുകളിൽ പതിവില്ലാതെ ഒരു കളഭക്കുറി നീട്ടി വരച്ചിട്ടുണ്ട്. എന്തോ അത് കണ്ടപ്പോൾ അവന് ദേഷ്യം വന്നു. അവളുടെ മനസ്സിന്റെ നന്മ കാണാതെ അവളെ ഈ അവസ്ഥയിലാക്കിയ ദൈവങ്ങളെ അവൾക്കും വേണ്ടെന്ന് ഓർത്ത്‌ ആ കുറി മായ്ച്ചു കളയാനായി നെറ്റിയിലേക്ക് അവൻ കൈ നീട്ടി.

“അത് അവിടെ കിടന്നോട്ടെ ശിവ…മനുഷ്യർ ചെയ്ത ദുഷ്ടതയ്ക്ക് ദൈവങ്ങളോട് എന്തിനാ ദേഷ്യം….”

കണ്ണ് തുറക്കാതെ തന്നെ അവൾ പറയുന്നത് കേട്ടപ്പോൾ സംശയത്തോടെ ശിവ അവളെ നോക്കി. അവന്റെ നോട്ടം അറിഞ്ഞിട്ടോ എന്തോ അവൾ കണ്ണുകൾ

തുറന്ന് അവനെ നോക്കി സൗമ്യമായൊന്ന് ചിരിച്ചു. ആ ചിരിയെ നേരിടാൻ പോലും തനിക്ക് ശക്തിയില്ലാതായി പോവുന്നുവെന്ന് തോന്നിയവന്.

“ഉറങ്ങുവല്ലായിരുന്നോ….”

“ഉറങ്ങിയില്ല കണ്ണടച്ചു കിടന്നു… പിന്നെ നിന്റെ പ്രെസെൻസ് അറിയാൻ എനിക്ക് കണ്ണ് തുറന്നു നോക്കേണ്ട ആവിശ്യമില്ലല്ലോ…..”

“മ്മ്….”

അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുമ്പോൾ വാക്കുകൾ അന്യമാവുന്നതു പോലെ തോന്നി അവൻ ആ ബെഡിലേക്ക് മുഖമമർത്തി.

“ഓക്കേ അല്ലേ ശിവ നീ…”

പതിഞ്ഞ സ്വരത്തിലുള്ള അവളുടെ ചോദ്യത്തിന് എങ്ങലടിച്ചുള്ള കരച്ചിലായിരുന്നു അവന്റെ മറുപടി.

“ഞാൻ… എനിക്ക്.. അറിയില്ലടാ.. ഞാൻ.. ഞാനിന്നലെ അവളെ തല്ലിപ്പോയി മായ… എനിക്ക് എന്നെ കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല ഇന്നലെ… വല്ലാത്തൊരു

അവസ്ഥയിൽ… പറ്റിപ്പോയി…”

“മ്മ്….”

ഒരു മൂളലിലൂടെ അവന്റെ ബാക്കി ഏറ്റു പറച്ചിലുകൾക്ക് കാതോർക്കുകയായിരുന്നു അവൾ.

“എനിക്ക് എന്താ സംഭവിക്കുന്നതെന്ന് അറിയുന്നില്ല… എന്റെ ദേഷ്യം പഴയതിലും പതിന്മടങ്ങാവുകയാണിപ്പോ… ഞാൻ ദിവസങ്ങൾ കഴിയും തോറും… ഭയങ്കരായിട്ട് മൃഗീയമാവുന്നത് പോലെ… എനിക്ക് എന്നെ തന്നെ നഷ്ടമാവുന്നു മായ….”

കണ്ണിമ പോലുമിളക്കാതെ അവന്റെ ഓരോ വാക്കുകളെയും അവൾ തന്നിലേക്ക് ആവാഹിച്ചു.

“എന്ത് ചെയ്യും മായ ഞാൻ… എനിക്ക് അറിയുന്നില്ലടാ… പറഞ്ഞു താ.. നീ തന്നെ പറഞ്ഞു താ എനിക്ക്…..”

“സാരോല്ല ശിവ… നിന്റെ ദേഷ്യത്തിന്റെ തീവ്രത ഇന്നലെ ആദ്യമായിട്ടൊന്നും അല്ലല്ലോ അവൾ കാണുന്നത്… അവൾക്ക് മനസ്സിലാക്കാൻ പറ്റും നിന്നെ….”

ഭാവഭേദമൊന്നുമില്ലാതെയുള്ള അവളുടെ

പറച്ചിലിൽ തലയുയർത്തിയൊന്ന് അവൻ അവളെ നോക്കി.  ചെറുതായൊരു നിശ്വാസമുതിർത്ത് അവൻ വീണ്ടും അവളിലേക്ക് തിരിഞ്ഞു.

“എനിക്ക്…നിന്നോട് മറ്റൊരു കാര്യം കൂടി പറയാനുണ്ട് മായ….”

“ആറു മാസത്തെയാ കരാറിനെ കുറിച്ചാണോടാ…”

ഷോക്കേറ്റ പോലെയായിപ്പോയി ശിവ അത് കേട്ടപ്പോൾ. തനിക്കും പാറുവിനും മാത്രം അറിയുന്ന ആ കാര്യം ഇവൾ എങ്ങനെ അറിഞ്ഞുവെന്ന് അവനൊരു പിടിയും കിട്ടിയില്ല. അവന്റെ മുഖത്തേക്ക് നോക്കാതെ തന്നെ അവന്റെയാ സംശയത്തിന്റെ ഉത്തരവും അവൾ തന്നെ പറഞ്ഞു.

“അവൾ വന്നിരുന്നു കാലത്ത് ഇവിടെ.. പാറു…പറഞ്ഞു എല്ലാം… പറയുകയല്ല.. കെഞ്ചുകയായിരുന്നു പാവം…ഞാനായിട്ട് ചാർത്തി കൊടുത്ത ആ ഭാരം താഴെയിറക്കാൻ അവളെ അനുവദിക്കണമെന്ന്… ആറു മാസത്തെ കാലാവധി കഴിഞ്ഞാൽ നീ കൊടുക്കുന്ന കൂലിയും വാങ്ങി അവിടുന്നിറങ്ങുമ്പോൾ തടസ്സമായി ഞാൻ നിൽക്കരുതെന്ന്….

മ്മ്ഹ്.. അവൾക്ക് അത്രയ്ക്കും മടുത്തിട്ടുണ്ട് ശിവ… നരക തുല്യമാണ് ആ പാവത്തിന് നിന്റെയൊപ്പമുള്ള ജീവിതം….”

ഒരു പുച്ഛത്തോടെ മായ അവനെ നോക്കിയപ്പോൾ മറു വാക്കില്ലാതെ താണു പോയി അവന്റെ തല.

“നീ വിഷമിക്കണ്ട.. അവൾ നമ്മുടെ കമ്പനിയിൽ വന്നത് പോലും ആ പണത്തിനു വേണ്ടിയാണ്… അവളുടെ മുത്തശ്ശനെയും മുത്തശ്ശിയെയും തിരിച്ചു പിടിക്കാൻ അവരുടെ മക്കളുടെ മുന്നിലേക്ക് എറിഞ്ഞു കൊടുക്കാനുള്ള പണത്തിനു വേണ്ടി… അത് നീ കൊടുത്തു കഴിഞ്ഞാൽ..ആ നിമിഷം അവൾ ഇറങ്ങിക്കോളും അവിടുന്ന്… അതിന് മൂന്നു മാസം കൂടി കഴിയാനൊന്നും നീ കാത്തു നിൽക്കണ്ട… അതങ്ങ്  കൊടുത്തേക്ക്… ആ മുത്തശ്ശൻ ഇപ്പോ ഇല്ലാന്ന് തോന്നുന്നു.. മുത്തശ്ശിയെയെങ്കിലും അവൾ സ്വന്തമാക്കിക്കോട്ടേ… മുന്നോട്ടു ജീവിക്കാൻ ആ പാവത്തിനും വേണ്ടേ… എന്തെങ്കിലും ഒരു കാരണം…”

മനസ്സ് പൊള്ളിപ്പോയി ശിവയ്ക്ക് ആ വാക്കുകളുടെ ചൂടേറ്റപ്പോൾ.

“തെറ്റ് എന്റേതാണ്… കൂടപ്പിറപ്പുകൾ

ഇല്ലാത്ത എനിക്ക് സ്നേഹിക്കാൻ ഒരു അനിയത്തിയെ കിട്ടിയപ്പോൾ മറ്റാരെയും പോലെ അവളുടെ സുരക്ഷിതത്വം എന്റെയും ഉത്തരവാദിത്തമായി പോയി….. പിന്നെ.. പിന്നെ.. ഈ ചലനമറ്റവളെ പരിചരിച്ച് ജീവിതം നശിപ്പിക്കുന്ന നിന്നെയും….കാണേണ്ടി വരരുതെന്ന് ഞാൻ… ഞാൻ വെറുതെ ആശിച്ചു പോയി…. എന്റെ തെറ്റാണ്… അതിന് ബലിയാടാവുന്നത് അവളുടെ സന്തോഷം ആണ്.. സമാധാനമാണെന്ന്..ഞാൻ…ചിന്തിക്കാതെ പോയി…. സോ.. സോറി….”

ശാസിച്ചു നിർത്തിയ കണ്ണുനീർ തുള്ളികൾ പോലും അവന്റെ കവിളിൽ വീണു പിടഞ്ഞു.

“വീണു പോയവളുടെ അതി മോഹമായി കണ്ടാൽ മതി ശിവ….ഒഴിവാക്കിയേക്ക്…ആ കാശ് കൊടുത്ത് ഒഴിവാക്കിയേക്ക് അവളെ… അവൾക്കും അത് തന്നെയാണ് സന്തോഷം… നീയും…നീയും ഹാപ്പിയായിട്ടിരിക്ക്…..”

കുറച്ചു സമയം കൂടി അവിടെയിരിക്കാൻ ത്രാണിയില്ലാത്തത് കൊണ്ട് മറുത്തൊന്നും പറയാൻ നിൽക്കാതെ ശിവ

അവിടുന്നെഴുന്നേറ്റ് മുറി വിട്ടു പുറത്തേക്ക് പോയി. നുറുങ്ങിയ മനസ്സോടെ അവനിറങ്ങി പോവുമ്പോൾ അതുവരെ
ഇറുക്കി പിടിച്ച കണ്ണുനീരിനെയൊക്കെയും സ്വാതന്ത്രമാക്കി വിടുകയായിരുന്നു മായയപ്പോൾ. തന്റെ വാക്കുകളുടെ മൂർച്ചയിൽ അവന് മുറിഞ്ഞതിന്റെ പത്തിരട്ടി ആഴത്തിൽ  മുറിവേറ്റിരുന്നു അവളുടെ മനസ്സിനും.

ഉള്ളിൽ എന്താ നടന്നതെന്ന് അറിയില്ലെങ്കിലും പുറത്തേക്കിറങ്ങി ഒന്നും മിണ്ടാതെ..തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ കാറിൽ കയറി ഇരിക്കുന്നവനെ കണ്ടപ്പോൾ അകത്തേക്കൊന്ന് വെറുതെ എത്തി നോക്കി ഗൗതമും അവിടുന്നിറങ്ങി വണ്ടിയിൽ കയറി. അവരുടെ കാർ അകന്ന് പോവുന്നത് മിഴി നീരോടെ മായയുടെ മമ്മിയും നോക്കി നിന്നു. കാലത്തു അമ്പലത്തിലെ പ്രസാദവുമായി കയറി വന്ന പാർവതിയിൽ നിന്നും കിട്ടിയ ഞെരിപ്പോടിന്റെ ചൂട് മായ അവനിലേക്കും പകർന്നു കാണുമെന്ന് ആ അമ്മയ്ക്കും ഊഹിക്കാമായിരുന്നു.

(തുടരും )

LEAVE A RESPONSE