രചന – മിയ അവ
അരക്കല്ലിലിട്ട് കത്തി മൂർച്ചപ്പെടുത്തുന്ന പോലെ തന്റെ മനസ്സിനെ കൂടുതൽ കൂടുതൽ മൂർച്ചപ്പെടുത്തി എടുക്കുകയായിരുന്നു പാറു പിന്നീടുള്ള നാളുകളിൽ. മുൻപ് ദേഷ്യം കൂടുമ്പോൾ വാക്കുകൾ കൊണ്ട് കുത്തി മുറിവേൽപ്പിക്കാനെങ്കിലും ശിവ അവൾക്ക് മുന്നിൽ വരാറുണ്ടായിരുന്നു. ഇപ്പോൾ അങ്ങനെ പോലും ശിവ അവളിലേക്ക് കടന്നു ചെല്ലാതെയായി. ഓഫീസും ഓഫീസിൽ നിന്നിറങ്ങിയാൽ വീട്ടിലെ തന്റെ മുറിയിലുമായി ഒതുങ്ങി കൂടുകയായിരുന്നു ശിവയും. അച്ഛമ്മയും അച്ചാച്ചനുമൊക്കെ നിർബന്ധിച്ച് പിടിച്ചിരുത്തുമ്പോൾ മാത്രം അവരുടെ കൂടെയിരുന്ന് വല്ലപ്പോഴും കളിചിരികൾ പറയും അവൻ. സ്വയം
ശിക്ഷിക്കുന്ന പോലെ അവനും മുന്നിലേക്ക് നീളുന്ന ദിനങ്ങളെ കൊന്നു കൊണ്ടിരുന്നു. ശിവയിൽ നിന്ന് തനിക്ക് പഴയ പോലെ ബുദ്ധിമുട്ടുകൾ ഒന്നുമില്ലെങ്കിലും ഏതോ സിനിമയിൽ ആരോ പറഞ്ഞത് പോലെ പുലി പതുങ്ങുന്നത് കൂടുതൽ ശക്തിയിൽ കുതിക്കാനാവുമെന്ന സംശയത്തിലാണ് ശിവയുടെ മാറ്റത്തെ പാറു നോക്കി കണ്ടത്. അതുകൊണ്ട് തന്നെ തനിക്ക് മുന്നിൽ ഇനി വെറും എണ്ണപ്പെട്ട ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ പര സഹായമില്ലാതെ മുത്തശ്ശിയെ നോക്കാനും അവർക്ക് രണ്ടു പേർക്കും ജീവിക്കാനും ഒരു അത്താണി കണ്ടെത്തണമെന്ന ചിന്ത പാറുവിൽ കനപ്പെട്ടു തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. അതിനായി തന്റെ ആ പഴയ വീട് പൂട്ടിയിറങ്ങുമ്പോൾ കയ്യിൽ കരുതിയിരുന്ന അവളുടെ സർട്ടിഫിക്കറ്റ്സുകളെല്ലാം അലമാരയിൽ നിന്നും പൊടി തട്ടിയെടുത്ത് അവൾ ഒരു ഫയലിൽ ആക്കി വെച്ചിരുന്നു. മുന്നിൽ നടക്കുന്നതും ഇനി വരാൻ പോവുന്നതുമായ സംഭവ വികാസങ്ങളെ കുറിച്ചും ഒന്നും അറിയാതെ പാവം മൂന്നു ജന്മങ്ങൾ വേറെയും ആ വീട്ടിൽ എന്തെങ്കിലും ഒരു പച്ചപ്പുണ്ടാവുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്നു.
ന്യൂസ് പേപ്പറിലും തന്റെ ഫോണിൽ ഓരോ ജോബ് സൈറ്റുകളിൽ സെർച്ച് ചെയ്തും പാറു നല്ലൊരു ജോലിക്ക് വേണ്ടിയുള്ള കടുത്ത അന്വേഷണത്തിലാണ്. പോകെ പോകെ ഒരു മാസം കൂടി പിന്നിട്ടപ്പോൾ ഒരു ജോലിയെന്നത് പാറുവിനെ സംബന്ധിച്ചിടത്തോളം വലിയൊരു കടമ്പയായി മാറി കഴിഞ്ഞിരുന്നു. അവൾ കാണുന്ന എല്ലാം ജോബ് വാക്കൻസികളിലേക്കും അപ്ലൈ ചെയ്യാൻ തുടങ്ങി. പലയിടത്തും ഇന്റർവ്യൂകൾ അറ്റൻഡ് ചെയ്തു. ക്വാളിഫിക്കേഷൻ കൊണ്ട് പലയിടത്തും അവൾ ഫിറ്റ് ആയിരുന്നെങ്കിലും എക്സ്പീരിയൻസ് കുറവ് അവളെ പലപ്പോഴും അയോഗ്യയാക്കി. ആകെ അവൾക്കുണ്ടായിരുന്നത് ശിവയുടെയും മായയുടെയും കമ്പനിയിൽ വർക്ക് ചെയ്ത ഒന്നര വർഷത്തെ എക്സ്പീരിയൻസ് മാത്രമായിരുന്നു. മറ്റൊരു നിവൃത്തിയും ഇല്ലാതെ വന്നപ്പോൾ ആ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വെച്ച് അവരുടെ കമ്പനി പോലുള്ള മറ്റു ചില ചെറിയ ചെറിയ കമ്പനികളെയും പാറു സമീപിച്ചു നോക്കി. അങ്ങനെ ഒരു കമ്പനിയിൽ നിന്നും ഇന്റർവ്യൂ കോൾ വന്നു അത് അറ്റൻഡ് ചെയ്യാനായി അന്ന് കാലത്തു തന്നെ പാറു കുളിച്ചു റെഡിയായി താഴേക്കു ഇറങ്ങിയത് കണ്ടു ശ്രീദേവി അവളെ കൂർപ്പിച്ചൊന്ന് നോക്കി.
“എന്താ ഇന്നും മുത്തശ്ശിയെ കാണാൻ ഇറങ്ങുവാണോ….”
വീട്ടിൽ ആരും അറിയാതെ പല ഇന്റർവ്യൂകൾക്കും അവൾ പോയിരുന്നത് മുത്തശ്ശിയുടെ അടുത്ത് പോവാണെന്നു കള്ളം പറഞ്ഞായിരുന്നു. ഇന്റർവ്യൂ കഴിയാൻ വൈകുന്ന ദിവസങ്ങളിൽ മുത്തശ്ശിയുടെ കൂടെ തങ്ങുവാണെന്ന് വിളിച്ചു പറഞ്ഞ് അവൾ അവിടേക്ക് പോവുമായിരുന്നു. മുത്തശ്ശിയോട് പിന്നെ അവൾ എല്ലാ സത്യങ്ങളും പറഞ്ഞിരുന്നു. അതാണ് ഇന്നും അവൾ ബാഗും എടുത്തു ഇറങ്ങിയത് കണ്ടപ്പോൾ ശ്രീദേവിയുടെ മുഖം വാടിയത്.
ശ്രീദേവിയുടെ ചോദ്യം കേട്ടാണ് ഹാളിലിരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന ശിവയും തല തിരിച്ച് അവളെ നോക്കിയത് . അവളെയൊന്ന് നേരിൽ കണ്ടിട്ട് പോലും കുറെ ദിവസമായെന്ന് തോന്നി അവന്. എങ്കിലും പ്രേത്യേകിച്ചു പ്രതികരണങ്ങളൊന്നും അവന്റെ ഭാഗത്ത് നിന്നുമുണ്ടായില്ല. അവൻ അപ്പോൾ തന്നെ തിരിഞ്ഞ് കഴിപ്പ് തുടർന്നു.
“അത്. അത് പിന്നെ അമ്മേ… ശ്രേയ വിളിച്ചിരുന്നു കാലത്ത്… മുത്തശ്ശിയ്ക്ക്
ശ്വാസം മുട്ടൽ പോലെ…ഞാൻ… ഞാനൊന്ന് പോയി നോക്കിയിട്ട് ഉടനെ വരാം അമ്മേ….”
അവൾ നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ ശ്രീദേവി വീണ്ടും അവളെയൊന്ന് ഇരുത്തി നോക്കി.
“അപ്പോ രണ്ടു ദിവസം മുന്നെ മുത്തശ്ശിയ്ക്ക് എന്തായിരുന്നു വയ്യായ്ക…”
“അത്.. അതോ.. അത് നെഞ്ച് വേദനയല്ലായിരുന്നോ അമ്മേ….”
ഇഞ്ചി കടിച്ച പോലുള്ള എക്സ്പ്രഷനും പറച്ചിലും കണ്ട് ശ്രീദേവി പാറുവിന്റെ ചെവിയ്ക്ക് പിടിച്ച് തിരുമ്മി.
“എടി കുറുമ്പി.. സത്യം പറയെടി… നീ ശരിക്കും എന്തിനാ ഇപ്പോ മുത്തശ്ശിയെ കാണാൻ പോവുന്നത്…”
“അയ്യോ.. എന്റെ പൊന്നമ്മേ ഒന്ന് വിട്… എനിക്ക് വേദനിക്കുന്നു….”
“വേദനിക്കട്ടെ… കള്ളം പറഞ്ഞാൽ ചെവിയ്ക്ക് തിരുമ്മിയാൽ പോരാ നിന്നെ..വടിയെടുത്ത് നല്ല പെട തന്നെ തരണം….”
അത് കേട്ട് പാറുവൊന്ന് ചിണുങ്ങി.
“എന്നാപ്പിന്നെ ഞാൻ സത്യം പറയാം.. പക്ഷെ അമ്മ ചെവിയിലെ ഈ പിടിയൊന്ന് വിട്….”
“ആ.. എന്നാ പറയ്യ്….”
ശ്രീദേവി അവളുടെ ചെവിയിലുള്ള പിടി വിട്ട് അവൾക്ക് പറയാനുള്ളത് കേൾക്കാൻ തയ്യാറായി നിന്നു.
“അതില്ലേ അമ്മേ… ഞാനേ.. ഇന്നലെ രാത്രിയിൽ എന്റെ മുത്തശ്ശിയെ സ്വപ്നം കണ്ടു… എന്തോ അപ്പോ തൊട്ട് മുത്തശ്ശിയെ കാണാൻ തോന്നുവാ… പ്ലീസ് നല്ല അമ്മയല്ലേ.. ഞാനൊന്ന് പോയി കണ്ടോട്ടെ… കണ്ടിട്ട് ഓടി വരാന്നെ…. പ്ലീസ്… പ്ലീസ്…”
“ഓ.. ഇനി കിടന്നു കാറണ്ടാ… അല്ലെങ്കിലും നിനക്ക് നിന്റെ മുത്തശ്ശിയെ കാണാൻ ഇപ്പോ ഓരോ കാരണങ്ങൾ ആണല്ലോ…. ഇവിടെയുള്ള ഞങ്ങളെയല്ലേ നിനക്കിപ്പോ പറ്റാത്തത്… പോയിട്ട് പോരെ…”
“അച്ചോടാ…അതാരാ അങ്ങനൊരു അപവാദം പറഞ്ഞത്… എന്റെയീ പൊന്ന്
അമ്മയെയും അച്ഛമ്മയെയും അച്ചാച്ചനെയുമൊന്നും കണ്ടില്ലെങ്കിൽ എനിക്ക് സമാധാനം കിട്ടോ…”
താടി തുമ്പിൽ പിടിച്ച് കൊഞ്ചി പറയുന്നവളുടെ ആ കൈ തട്ടി മാറ്റി ശ്രീദേവി മുഖത്ത് കപട ദേഷ്യം വരുത്തിച്ചു.
“എന്നിട്ട് നീ മുത്തശ്ശിയെ കാണാനാണെന്നും പറഞ്ഞ് പോയിട്ട് രണ്ടു മൂന്നും ദിവസമൊക്കെ അവിടെ നിന്ന് കളയുന്നതോ നീ…..”
“ആ.. അത്.. അത് പിന്നെ… മുത്തശ്ശിയുടെ വയ്യായ്ക… ഓരോ സാഹചര്യം…”
“ഓ.. മതി മതി കൂടുതൽ ഉരുളണ്ട… ഇപ്പോ നിനക്ക് മുത്തശ്ശിയെ കാണണം അത്രല്ലേ വേണ്ടൂ.. മ്മ്… പോയിട്ട് പെട്ടെന്ന് ഇങ്ങ് വന്നേക്കണം…. കേട്ടല്ലോ….”
“ഈൗ.. അതാണ് എന്റെ ചുന്ദരി അമ്മ….”
പറഞ്ഞു കൊണ്ട് അവൾ ശ്രീദേവിയെ ഞെക്കി പിടിച്ച് കവിളിൽ ചുണ്ട് ചേർത്തു.
“പോടീ കാന്താരി സോപ്പിടാതെ…കുറുമ്പി….”
ചിരിച്ചു കൊണ്ട് ശ്രീദേവിയും അവൾക്ക് തിരിച്ചും മുത്തം നൽകി.
ഇത്രയും അവിടെ നടന്നിട്ടും ശിവ ഒരു നോട്ടം കൊണ്ട് പോലും അവരുടെ സാനിധ്യത്തെ വിലയ്ക്കെടുക്കാതെ കഴിക്കുന്നതിൽ തന്നെ ശ്രദ്ധിച്ചു. തിരിച്ച് അവനെയും ഒന്ന് നോക്കുക പോലും ചെയ്യാതെ അച്ഛമ്മയോടും അച്ചാച്ചനോടും പറഞ്ഞേക്കെന്ന് പറഞ്ഞ് പാറു ഫുഡ് പോലും കഴിക്കാൻ നിൽക്കാതെ ഇറങ്ങി ഓടി.
കൃത്യം പത്തു മണിക്ക് ആയിരുന്നു ഇന്റർവ്യൂ പറഞ്ഞിരുന്നത്. ഓടിപ്പിടിച്ച് ബസ്സിൽ കയറി ഒരു ഒൻപതര ആയപ്പോൾ തന്നെ പാറു ആ കമ്പനിയിൽ എത്തി പേര് രജിസ്റ്റർ ചെയ്തു. രെജിസ്ട്രേഷൻ കഴിഞ്ഞപ്പോൾ അവര് വെയിറ്റ് ചെയ്യാൻ പറഞ്ഞതനുസരിച്ച് അവൾ അവിടുത്തെ വിസിറ്റിംഗ് ഹാളിൽ പോയിരുന്നു. ആരൊക്കെയോ ഓരോ ഫയലും കയ്യിൽ പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതൊക്കെ അവൾ കണ്ടു.
“ഈശ്വരാ ഇവിടുത്തെ എം ഡിയും സാക്ഷാൽ ശിവ ദേവ് കാലനെ പോലെ മുരടനാവരുതേ….”
അവൾ വെറുതെയൊന്ന് ശിവയെ
മനസ്സിൽ സ്തുതിച്ചു. അപ്പോഴാണ് അവിടുത്തെ എക്സിക്യൂട്ടീവ് ഹാളിൽ നിന്നും ഒരാൾ പുറത്തേക്ക് ഇറങ്ങിയത്. പാറു അയാളെ കണ്ടില്ലെങ്കിലും വിസിറ്റിംഗ് ഹാളിന്റെ അടുത്ത് കൂടെ എം ഡിയുടെ ക്യാമ്പിനിലേക്ക് പോവുന്ന അയാൾ വ്യക്തമായി തന്നെ പാറുവിനെ കണ്ടു. സംശയത്തോടെ കുറച്ചു നേരം അവളെയൊന്ന് നോക്കി ഒന്നും മിണ്ടാതെ അയാൾ എം ഡിയുടെ ക്യാമ്പിനിലേക്ക് പോയി.
പത്തു മണിയോടെ തന്നെ ഇന്റർവ്യൂ തുടങ്ങി. ഇരുപതോളം ആളുകൾ പങ്കെടുത്ത ആ ഇന്റർവ്യൂയിൽ പാറുവിന് വലിയ പ്രതീക്ഷയൊന്നും തോന്നിയില്ല. എങ്കിലും തന്നാൽ കഴിയും വിധം ഭംഗിയായി തന്നെ അവൾ ഓരോ ചോദ്യങ്ങൾക്കും ഉത്തരം നൽകി.
“ഓക്കേ പാർവതി… വീ വിൽ ഇൻഫോം യു ലേറ്റർ….”
“ഓക്കേ സർ.. താങ്ക് യു….”
ഇന്റർവ്യൂവർസിനെ നോക്കിയൊന്ന് കൈ കൂപ്പി അവൾ അവിടെ നിന്നുമിറങ്ങി. ഏതാണ്ട് വൈകീട്ട് നാല് മണിയോട് അടുത്തിരുന്നു ഇന്റർവ്യൂ കഴിയാൻ തന്നെ.
വീട്ടിലേക്കുള്ള ബസ്സ് കാത്ത് ബസ് സ്റ്റോപ്പിൽ നിൽക്കാൻ തുടങ്ങിയിട്ട് ഒരു മണിക്കൂറും
ആവാറായി.
“നാശം.. ഇന്നെന്ത് ബസ്സും ഇല്ലേ… എത്ര വൈകിയാലും ഇന്ന് വീട്ടിലേക്ക് തന്നെ മടങ്ങി വരുമെന്ന് അമ്മയ്ക്ക് ഉറപ്പും കൊടുത്തു പോയി….ഇല്ലെങ്കിൽ മുത്തശ്ശിയുടെ അടുത്തേക്ക് പോവായിരുന്നു… ഹാ… എന്തായാലും കുറച്ചു നേരം കൂടി വെയിറ്റ് ചെയ്യാം…..”
മനസ്സിൽ പറഞ്ഞു കൊണ്ട് അവൾ കയ്യിൽ കെട്ടിയ വാച്ചിലേക്കും ബസ് വരുന്ന വഴിയിലേക്കും മാറി മാറി നോക്കി നിന്നു.
എന്തോ ചെറിയ തലവേദന പോലെ തോന്നി ശിവ ഇന്ന് പതിവിലും നേരത്തെ അവന്റെ കമ്പനിയിൽ നിന്നും ഇറങ്ങിയിരുന്നു. കാറിൽ വീട്ടിലേക്ക് തിരിയുന്ന റോഡിൽ എത്തിയതും ചെറിയൊരു ബ്ലോക്ക് കുടുങ്ങി ശിവ വഴിയിൽ സ്റ്റക് ആയി.
“ഷേയ്.. നാശം… അല്ലെങ്കിലേ വയ്യ.. അതിനുള്ളിൽ ഒരു ബ്ലോക്കും കൂടി….”
അവൻ ദേഷ്യത്തിൽ സ്റ്റിയറിങ്ങിൽ ഒരു കുത്ത് കൊടുത്തു. ബ്ലോക്ക് ഒഴിയുന്നത്
നോക്കി നിൽക്കെ വെറുതെയൊന്ന് കണ്ണ് അവന്റെ ഇടതു വശത്തേക്ക് പാളിയതും അവിടെ ബസ് സ്റ്റോപ്പിൽ പാറു ബസ് കാത്ത് നിൽക്കുന്നത് അവൻ കണ്ടു. അവൾ വീട്ടിലേക്കുള്ള ബസ് കാത്ത് നിൽക്കുവാണെന്ന് അവന് മനസ്സിലായി. അവളെ തന്നെ നോക്കി നിൽക്കുമ്പോഴാണ് പാറുവും നോട്ടം അങ്ങോട്ട് മാറ്റിയത്. ഒരു നിമിഷം രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി. എന്നാൽ അപ്പോൾ തന്നെ ശിവ തന്റെ നോട്ടം പിൻവലിച്ച് മറ്റെങ്ങോ നോക്കി ഇരുന്നു. തന്നെ കണ്ടിട്ടും ഒരു പരിചയ ഭാവവും കാണിക്കാതെ മുഖം തിരിച്ചവനെ നോക്കി ചുണ്ട് ഒരു ഭാഗത്തേക്ക് കോട്ടി പാറുവും തല തിരിച്ചു.
“ഹും.. ആ കാലനും വീട്ടിലേക്ക് തന്നെയാവും.. എന്നാൽ ഞാൻ ഇവിടെ കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നത് കണ്ടാലെങ്കിലും ഒന്ന് വിളിക്ക… അറ്റ്ലീസ്റ്റ് വീട്ടിലെ ഒരു സെർവന്റിനോട് ഉള്ള ദയ പോലും കാണിക്കാത്ത മുരടൻ….. ഹും.. ഹാ ഇനി ഒരു മാസം കൂടി ഇയാളുടെ അടിമയായി കഴിഞ്ഞാൽ മതിയല്ലോ അവിടെ.. അതോർക്കുമ്പോഴാ ഒരു ആശ്വാസം…..”
ബ്ലോക്ക് മാറി അവൻ കാറും എടുത്തു പോവുന്നത് നോക്കി പാറു പിറു പിറുത്തു.
വീട്ടിലെത്തി ശിവ കാർ പോർച്ചിലേക്ക് കയറ്റിയിട്ട് കോലായിലേക്ക് എത്തിയപ്പോൾ ശ്രീദേവിയുണ്ട് വല്ലാത്ത ആധിയോടെ അവിടെ നിൽക്കുന്നു. ശിവ വേഗം തന്നെ അവിടേക്ക് കയറി ശ്രീദേവിയോട് കാര്യം തിരക്കി. അച്ചാച്ചനോ അച്ഛമ്മയ്ക്കോ എന്തെങ്കിലും വയ്യാതെ വന്നോന്നാണ് അവൻ പെട്ടെന്ന് സംശയിച്ചത്.
“എന്താ അമ്മേ മുഖം വല്ലാതെയിരിക്കുന്നത്… എന്തെങ്കിലും പ്രശ്നം ഉണ്ടോ….”
“അത് മോനെ… നമ്മുടെ പാറു മോളിപ്പോ വിളിച്ചിരുന്നു…ഇവിടേക്കുള്ള ബസ് ഒന്നും ഓടുന്നില്ലന്ന് ആരോ പറഞ്ഞുന്ന്… കുഞ്ഞ് ആണേൽ മണിക്കൂർ ഒന്നായി ആ ബസ് സ്റ്റോപ്പിൽ നിൽക്കുന്നു….”
അവളുടെ പേര് കേട്ടതും ശിവയുടെ മുഖഭാവം മാറി. താല്പര്യമില്ലാത്ത മട്ടിൽ അവൻ ശ്രീദേവിയെ നോക്കി.
“ഓ… അയിന്….”
“അല്ല… ഇപ്പോ മോൻ വന്നല്ലോ… മോനൊന്ന് അവിടെ വരെ പോയി.. മോളെ….”
“അതിന് ശിവ വേറെ ജനിക്കണം അമ്മേ….”
പറഞ്ഞു തീരും മുന്നെ തന്നെ ദേഷ്യത്തിൽ…എടുത്തടിച്ചത് പോലുള്ള മറുപടി കേട്ട് ശ്രീദേവിയുടെ മുഖം വാടി. അവർ ദയനീയമായി അവനെ നോക്കി.
“മോനെ… ഇരുടായി തുടങ്ങിയില്ലേ… ബസ് ഇല്ലാതെ.. കുഞ്ഞ് എങ്ങനെ….”
“അവൾ വല്ല ഓട്ടോയും പിടിച്ചു വന്നോളും.. കൊച്ചു കുട്ടിയൊന്നും അല്ലല്ലോ….അമ്മ പോയി എനിക്ക് കടുപ്പത്തിൽ ഒരു കട്ടൻ ഉണ്ടാക്ക്… നല്ല തലവേദന….”
അതും പറഞ്ഞു ഉള്ളിലേക്ക് കയറിയപ്പോൾ അവിടെ ഉണ്ടായിരുന്നു പാറുവിനെ കാണാത്ത ദുഃഖത്തിൽ വിഷമിച്ചിരിക്കുന്ന രണ്ടാളുകൾ. താൻ പറഞ്ഞത് അവരും കേട്ടു കാണുമെന്ന് അറിയുന്നത് കൊണ്ട് കൂടുതൽ ചോദ്യത്തിനോ പറച്ചിലിനോ നിൽക്കാതെ ശിവ വേഗം അവന്റെ മുറിയിലേക്ക് പോയി.
റൂമിലെത്തി വേഗം തന്നെ ഫ്രഷായി തൂവർത്തിയിരുന്ന ടവൽ റൂമിന് പുറത്തുള്ള ഓപ്പൺ ടെറസിലെ അയയിൽ വിരിയിക്കാൻ പോയപ്പോഴാണ് ഫോൺ കിടന്നു ബെല്ലടിക്കുന്നത് കേട്ടത്. റൂമിൽ
പോയി ഫോൺ എടുത്തു നോക്കിയപ്പോൾ പരിചിതമായ നമ്പർ കണ്ട് അവൻ വേഗം തന്നെ ഫോൺ ചെവിയിലേക്ക് വെച്ചു.
(തുടരും )

by