20/04/2026

പെയ്തൊഴിയാതെ : ഭാഗം 17

രചന – മിയ അവ

ഉച്ചയ്ക്കുള്ള ഭക്ഷണം കഴിഞ്ഞ് ചെറിയൊരു തലവേദന പോലെ തോന്നിയപ്പോ അൽപ്പ നേരം കിടക്കാനായി റൂമിലേക്ക് പോയതാണ് പാറു. അപ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്തത്. ചെറുതായൊന്ന് മയങ്ങി പോയിരുന്നത് കൊണ്ട് തപ്പി പിടിച്ചാണ് അവൾ ഫോൺ എടുത്തത്. കണ്ണ് തിരുമ്മി നോക്കിയപ്പോൾ കണ്ടത് മുത്തശ്ശിയെ നോക്കുന്ന ഹോം നഴ്സിന്റെ നമ്പർ. നെഞ്ചോന്ന് ആളി അവളുടെ.

“ഈശ്വരാ മുത്തശ്ശിയ്ക്ക് വല്ലതും…”

ആന്തലോടെയാണ് ഫോൺ ചെവിയോട് ചേർത്തത്.

“ഹലോ.. ഹലോ ശ്രേയ.. എന്താടാ.. എന്ത് പറ്റി…”

ആ ഇടറിയ ശബ്ദത്തിൽ നിന്ന് തന്നെ പാറുവിന്റെ ടെൻഷൻ ശ്രേയയ്ക്ക് മനസ്സിലായിരുന്നു.

“ഹോ. എന്റെ ചേച്ചി.. ഇങ്ങനെ ടെൻഷൻ ആവാൻ ഒന്നും ഇല്ല… ഞാൻ ചുമ്മാ ഒരു കാര്യം അറിയിക്കാൻ വിളിച്ചെന്നെ ഉള്ളു…”

“എന്ത് കാര്യം.. എന്താ ഉണ്ടായേ…”

“മുത്തശ്ശിടെ മക്കൾ രണ്ടാളും ഇന്ന് കാലത്തു തന്നെ ഇവിടെ എത്തിയിട്ടുണ്ട്… അത് പറയാൻ വിളിച്ചതാ… മുത്തശ്ശിയോട് പറഞ്ഞൊന്നും ഇല്ല വരുന്ന വിവരം…സർപ്രൈസ് ആയിട്ടാ വന്നത്…”

“സർപ്രൈസോ.. അതെന്താ അങ്ങനെ… ഇങ്ങനെ ഒരു വരവ് ഉണ്ടാവാറില്ലല്ലോ.. മുത്തശ്ശി ഒന്നും ചോദിച്ചില്ലേ അവരോട്…”

“ചോദിച്ചു.. അപ്പോ പെട്ടെന്ന് വരേണ്ട ഒരു ആവിശ്യം ഉണ്ടായിരുന്നുന്ന് മാത്രം പറഞ്ഞു…വന്നപ്പോ തൊട്ട് റൂമിൽ കതകടച്ച് ഭയങ്കര ചർച്ചയായിരുന്നു രണ്ടാളും… ഇനി മുത്തശ്ശിയെ വല്ല വൃദ്ധസദനത്തിലും കൊണ്ട് തള്ളാനുള്ള

പ്ലാൻ ഒന്നും ആവില്ലായിരിക്കും…”

“നോ.. സമ്മതിക്കില്ല ഞാൻ…എനിക്ക്  ആറു മാസത്തെ സമയം കൂടി തന്നതാണല്ലോ അവർ.. എന്നിട്ട് അതിന് മുന്നെ അങ്ങനെ വല്ല ചതിയും അവർ എന്നോട് കാണിച്ചാൽ… ഈ പാർവതി ആരാണെന്ന് അവർ അറിയും….”

ഇത് വരെ കാണാത്തൊരു ഭാവമായിരുന്നു പാറുവിൽ അപ്പോൾ. ദേഷ്യം കൊണ്ട് അവൾ വിറയ്ക്കുകയായിരുന്നു.

“ഹേയ്.. ചേച്ചി.. കൂൾ..അങ്ങനെ ഒന്നും ആവില്ല…ഞാൻ ഒരു ഊഹം പറഞ്ഞതാ… ചേച്ചി ദേഷ്യപ്പെടാതെ…. ”

“ദേഷ്യം അല്ല ശ്രേയ… നിവൃത്തിക്കേട് കൊണ്ടാ… നിനക്കറിയാലോ എല്ലാം… എനിക്കീ ഭൂമിയിൽ ജീവിക്കാൻ ബാക്കിയുള്ളത് ആകെ ആ ഒരു പ്രതീക്ഷ മാത്രമാണ്…ന്റെ മുത്തശ്ശി…അതും കൂടി ഇല്ലാതായാൽ.. പിന്നെ ഞാൻ… ഞാൻ ഇല്ലടാ….”

കരച്ചിൽ ഒരു ഏങ്ങലടിയായി ഫോണിൽ കൂടെ ചെവിയിൽ തട്ടിയപ്പോൾ അവൾ കരയുകയാണെന്ന് ശ്രേയയ്ക്ക് മനസ്സിലായി.

“കരയാതെ ചേച്ചി… ഒന്നും ഉണ്ടാവില്ല.. മുത്തശ്ശിയെ ചേച്ചിയ്ക്ക് തന്നെ കിട്ടും… ഈശ്വരൻ ഉണ്ടാവും ചേച്ചിയുടെ കൂടെ .. സമാധാനായിട്ട് ഇരിക്ക്….”

“മ്മ്… ടാ.. നീയൊന്ന് അവരെ ശ്രദ്ധിച്ചേക്കണേ.. അങ്ങനെ വല്ല നീക്കവും അവരുടെ ഭാഗത്ത് നിന്നുണ്ടായാൽ അപ്പോ തന്നെ എന്നെ വിവരം അറിയിക്കണം….”

“ഉറപ്പായും അറിയിക്കും ചേച്ചി… പക്ഷെ അവരിപ്പോ ഇവിടെ ഇല്ല…”

“ഇല്ലേ… എവിടെ പോയി അവർ…”

“എവിടെക്കാണെന്ന് അറിയില്ല… ആരെയോ കാണാനുണ്ടെന്ന് മുത്തശ്ശിയോട് പറയുന്നത് കേട്ടു….ഉടനെ മടങ്ങി വരുമെന്നാ പറഞ്ഞത്… വന്നിട്ട് നോക്കാം….”

“മ്മ്…. അവർ എത്തിയിട്ട് നീയെന്നെയൊന്ന് വിളിക്കണേടാ…ഇല്ലെങ്കിൽ ഒരു സമാധാനം ഉണ്ടാവില്ല….”

“ഉവ്വ്.. വിളിക്കാം ചേച്ചി…എന്നാ ഞാൻ വെയ്ക്കട്ടെ ഇപ്പോ…മുത്തശ്ശിയ്ക്ക് കഞ്ഞി കൊടുക്കാനുള്ള ടൈം ആയി…”

“മ്മ് ഓക്കേ ടാ…”

ഫോൺ വെച്ചതും പാറുവിന്റെ മനസ്സ് അസ്വസ്ഥമാവാൻ തുടങ്ങി.

“എന്നാലും എന്തിനായിരിക്കും അവരിപ്പോ ഒരു മുന്നറിയിപ്പും ഇല്ലാതെ വന്നിട്ടുണ്ടാവുക…മുത്തശ്ശിയ്ക്ക് വല്ല അസുഖം ആയി വിളിച്ചാൽ പോലും വന്നൊന്ന് കാണാൻ നേരം ഇല്ലാത്തവരാ… ഒന്നും ഇല്ലാതെ വെറുതെ അങ്ങനെ അവർ വരില്ല…..”

പല സാധ്യതകൾ അവളുടെ മനസ്സിലൂടെ കടന്നു പോയെങ്കിലും അതിന് വ്യക്തമായൊരു ഉത്തരം കണ്ടെത്താൻ അവളുടെ മനസ്സിനായില്ല.

അപ്പുറം ഗൗതമിന്റെ കയ്യിൽ നിന്നും വാങ്ങിയ പണവുമായി ശിവ നേരെ പോയത് സിറ്റിയിലെ… അന്ന് അവൻ പാറുവിനെയും കൊണ്ട് പോയ ആ കോഫീ ഷോപ്പിലേക്കാണ്. പോവുന്ന വഴിയിൽ ആരെയോ ഫോണിൽ വിളിച്ച് അവൻ അവിടെ ഉണ്ടാവുമെന്നും അവിടെ വെച്ച് മീറ്റ് ചെയ്യാമെന്നൊക്കെ പറയുന്നുണ്ടായിരുന്നു.
കാറിൽ നിന്നിറങ്ങി ശിവ പണം നിറച്ച

ബാഗുമായി കോഫീ ഷോപ്പിലേക്ക് കയറിയിരുന്നു. വാട്ട്സ് ആപ്പിൽ തന്നെ കാണാൻ വരുന്നവർക്ക് കൃത്യമായ ലൊക്കേഷൻ അയച്ചു കൊടുത്ത് അവൻ അവർക്കായി വെയിറ്റ് ചെയ്തു. കുറച്ചു സമയങ്ങൾക്കുള്ളിൽ തന്നെ ഒരു ബ്ലാക്ക് കാർ ആ കോഫീ ഷോപ്പിന്റെ മുന്നിലായി കൊണ്ട് നിർത്തിയത് കണ്ട് ശിവയൊന്ന് പുറത്തേക്ക് എത്തി നോക്കി. ആരെയും കാണാൻ പറ്റിയില്ല. വന്നവർ കാർ ഒരു ഭാഗത്തേക്ക്‌ ഒതുക്കി പുറത്തേക്ക് ഇറങ്ങിയപ്പോൾ അവൻ പെട്ടെന്ന് തന്നെ ഫോണിൽ താൻ കാത്തിരിക്കുന്നവരുടെ വാട്സ് ആപ്പ് ഡിപി എടുത്തു നോക്കി.

“യെസ്.. അവര് തന്നെ…”

അവൻ സ്വയം പറഞ്ഞു.  ഗ്ലാസ്‌ ഡോർ തുറന്ന് ഉള്ളിലേക്ക് കയറിയ അവരെ ശിവ കൈ ഉയർത്തി കാണിച്ചു അടുത്തേക്ക് വിളിച്ചു. അടുത്തെത്തിയതും അവൻ അവർക്ക് ഷേക്ക്‌ ഹാൻഡ് നൽകി.

“ഹായ്.. യാം ശിവ ദേവ്….”

“ഓഹ്…ഹായ് ശിവദേവ്…ഞങ്ങളെ മനസ്സിലായി കാണുമല്ലോ അല്ലേ….”

“യാ.. ഷുവർ…. ഫോട്ടോ

അയച്ചിരുന്നല്ലോ…”

“യാ യാ… അപ്പോ എങ്ങനെയാ കാര്യങ്ങൾ…”

“കാര്യങ്ങൾ നമ്മൾ ഫോണിൽ സംസാരിച്ച പോലെ തന്നെ… പാർവതിയ്ക്ക് വേണ്ടി നിങ്ങളുടെ അച്ഛനും അമ്മയും ചിലവാക്കിയ മുഴുവൻ പണവും ഒരു പക്ഷെ അതിൽ കൂടുതൽ…. ദാ ഈ ബാഗിലുണ്ട്…നിങ്ങൾക്ക് അത് ചെക്ക് ചെയ്യാം….”

“യാ.. ഷുവർ… മുഴുവൻ പണവും തിരിച്ചു തരുമെന്ന് അവൾ വെല്ലുവിളിച്ചെങ്കിലും ആരോരും ഇല്ലാത്ത ആ പെണ്ണിന് ഇത്രയും പണം ഉണ്ടാക്കാൻ പറ്റുമെന്ന് ഞങ്ങൾ ഒരിക്കലും വിചാരിച്ചില്ല കേട്ടോ…ബൈ ദു ബൈ നിങ്ങളും പാർവതിയും തമ്മിലുള്ള റിലേഷൻ….?….”

“ഞങ്ങൾ തമ്മിലുള്ള റിലേഷൻ തത്കാലം നിങ്ങളെ ബാധിക്കുന്ന കാര്യമല്ല….നിങ്ങൾ പറഞ്ഞ തുക ഇതിൽ ഇല്ലേന്ന് നോക്കൂ… എനിക്ക് പോയിട്ട് അത്യാവശ്യം ഉണ്ട്….”

“ഓഹ്.. അപ്പോ ഞങ്ങൾ സംശയിച്ചത് പോലെ ഒരു സീക്രെട് റിലേഷൻഷിപ് തന്നെ ആണല്ലേ ….അല്ലാതെ ഒരു പെണ്ണിനും

ഇത്രയും പണം നൽകി സഹായിക്കാൻ ആരും തയ്യാറാവില്ലല്ലോ… കാണാൻ കൊള്ളാവുന്ന ഒരു കൊച്ച് കയ്യിലുണ്ടെങ്കിൽ ചിലവാക്കിയതിന്റെ നൂറിരട്ടി തിരിച്ചു പിടിക്കാലോ ല്ലേ… ഹ ഹ ഹ…”

ആ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും
മൂത്ത മകനാണ്.

“അത് പിന്നെ ചോദിക്കാനുണ്ടോ… അവളും ഒട്ടും മോശമല്ല… പുളികൊമ്പിൽ തന്നെയല്ലേ കേറി പിടിച്ചേക്കുന്നത്…. എന്നാലും ഇത്ര വിദ്യാഭ്യാസം ഒക്കെ ഉണ്ടായിട്ട് അവൾ ഈ പണിക്ക് നിക്കുമെന്ന് ഞാൻ കരുതിയില്ലായിരുന്നു… ശരിക്കും ഞെട്ടിച്ചു കളഞ്ഞു ആ പെണ്ണ്…..”

രണ്ടാമത്തെ മകന്റെ കമന്റ്‌ കൂടി വന്നപ്പോൾ മുന്നിലെ ടേബിളിൽ ആഞ്ഞടിച്ചു ശിവ.

“വായടക്കടാ പ###.##….. നിനക്കൊക്കെ വേണ്ടത് പണമല്ലേ… അതും വാങ്ങിച്ചോണ്ട് സ്ഥലം കാലിയാക്കിയേക്കണം… മേലാൽ അവളെയെന്നല്ല…ഒരു പെൺകുട്ടിയെ കുറിച്ചും മോശമായി ഒരു വാക്ക് പോലും സംസാരിച്ചു പോകരുത്…കേട്ടോടാ….”

“ഓഹ്… പിന്നേയ്… താൻ ഇത്ര ഒച്ച വെയ്ക്കാൻ മാത്രം അവൾ തന്റെ ഭാര്യയൊന്നും അല്ലല്ലോ… സീക്രെട് റിലേഷനല്ലേ….”

“ച്ചീ.. നിർത്തേടോ…. അവൾ എന്റെ ആരാണെന്ന് തന്നെ ബോധിപ്പിക്കേണ്ട ആവിശ്യം ഇല്ലെന്ന് ഞാൻ ആൾറെഡി പറഞ്ഞു കഴിഞ്ഞു… സ്വന്തം അമ്മയെ പോലും വിറ്റ് കാശാക്കാൻ നോക്കുന്ന പണക്കൊതിയന്മാരായ നിങ്ങൾക്കൊന്നും ഒരു പെണ്ണിന്റെ മാനത്തിന്റെയോ ബന്ധങ്ങളുടെയോ വില പറഞ്ഞാൽ മനസ്സിലാവില്ല…എന്നാൽ അത് നന്നായി അറിയുന്നവനാ ഈ ശിവദേവ്.. അതുകൊണ്ട്.. മേലിൽ… മേലിൽ ഒരു വാക്ക് പോലും അവളെ കുറിച്ച് മോശമായി നിങ്ങൾ പറഞ്ഞുവെന്ന് ഞാൻ അറിഞ്ഞാൽ… ഈ ശിവദേവിന്റെ മറ്റൊരു മുഖം നിങ്ങൾ കാണും….”

ഷർട്ടിന്റെ കൈ മുകളിലേക്ക് തിരുകി കയറ്റി അവന്മാരെ നോക്കി കൈവിരൽ ചൂണ്ടി അത്രയും പറയുമ്പോൾ സാക്ഷാൽ സംഹാര മൂർത്തിയുടെ ഭാവമായിരുന്നു ശിവയ്ക്ക്. അതു വരെ ചിരിച്ചോണ്ട് നിന്നവരുടെ മുഖം പോലും മാറിപ്പോയി. അവർ ഒരു ഞെട്ടലോടെ അവനെ നോക്കി.

“മര്യാദയ്ക്ക് പണം എണ്ണി നോക്കി അതും കൊണ്ട് പോവാൻ നോക്കെടോ… ബ്ലഡി..##…”

അവന്റെ വലിഞ്ഞു മുറുകിയ മുഖം കണ്ടപ്പോൾ അവർ വേഗം തന്നെ ബാഗിലുള്ള പണം എണ്ണി നോക്കി. പാറു പറഞ്ഞതിൽ കൂടുതൽ പണമുണ്ടെന്ന് എണ്ണി ഉറപ്പാക്കിയ ശേഷം അവർ രണ്ടും ബാഗും എടുത്തു പോവാനായി എഴുന്നേറ്റു.

“എമൗണ്ട് ഓക്കേ ആണ്… എന്നാ ഞങ്ങൾ അങ്ങോട്ട്‌…”

അവർ എഴുന്നേറ്റു ശിവയെ നോക്കി പറഞ്ഞതും ശിവ അവരെ ഒന്നിരുത്തി നോക്കി.

“അങ്ങനെ അങ്ങ് പോവാൻ വരട്ടെ…നമുക്ക് ഇനിയും ചില കലാപരിപാടികൾ കൂടി ബാക്കിയുണ്ടല്ലോ…”

“ഇനിയെന്താ….”

ആ ചോദ്യത്തിന് താൻ കൊണ്ട് വന്ന ഫയലിൽ നിന്നും ഒരു ഡോക്യുമെന്റ് എടുത്തു അവൻ അവരുടെ മുന്നിലേക്ക് വെച്ചു.

“രണ്ടാളും ഇതിലൊന്ന് സൈൻ ചെയ്താട്ടെ.. എന്നിട്ട് പോവാം…”

“എന്താ ഇത്….”

“പണം തിരികെ നൽകാമെന്ന് പറഞ്ഞ ദിവസം പാർവതി മറ്റൊന്ന് കൂടി നിങ്ങളോട് ആവിശ്യപ്പെട്ടിരുന്നു.. ഓർമ്മയില്ലേ… നിങ്ങളുടെ അച്ഛനെയും അമ്മയെയും ഒരു അവകാശ വാദവും പറയാതെ അവളെ ഏൽപ്പിക്കണമെന്ന്…..”

“ഓഹ്.. അതാണോ… അത് ഇപ്പോഴും അമ്മയെ കാണാനൊക്കെ അവൾ വരലും പോവലുമൊക്കെയുണ്ടെന്നാണല്ലോ ഞങ്ങൾ അറിഞ്ഞത്… ഇനിയും അത് തുടരാലോ.. പണം തന്ന സ്ഥിതിക്ക് ഞങ്ങൾക്കതിൽ എതിർപ്പൊന്നും ഇല്ല…..”

“ഹാ.. പക്ഷെ ഞങ്ങൾക്ക് അങ്ങനെ പോരല്ലോ ചേട്ടന്മാരെ… പണത്തിനു വേണ്ടി എന്ത് തരം താഴ്ന്ന വേലയും ചെയ്യാൻ മടിക്കാത്തവരാ നിങ്ങൾ…ചോദിക്കാനും പറയാനും ആരുമില്ലാത്തൊരു പെണ്ണിന് കൊടുത്ത വാക്കൊക്കെ മാറ്റി പറയാനും വളച്ചൊടിക്കാനുമൊക്കെ നിങ്ങൾക്ക് എളുപ്പം സാധിക്കും…സോ എല്ലാം അതിന്റെ മുറ പോലെ തന്നെ നടക്കട്ടെ…പണം കൈ

പറ്റി നിങ്ങളുടെ അമ്മയെ സംരക്ഷിക്കാനും സ്വന്തമായി കൂടെ കൂട്ടാനുമുള്ള അവകാശം നിയമപരമായി തന്നെ പാർവതിയ്ക്ക് വിട്ടു കൊടുക്കുന്നുവെന്ന് പറഞ്ഞുള്ള നിങ്ങളുടെ ലീഗൽ സമ്മതപത്രം…. രണ്ടാളും ഇതിലങ്ങ് ഒപ്പ് വെച്ചേക്ക്….”

“ഇതിന്റെയൊക്കെ ആവിശ്യം എന്താ.. പാർവതി ഞങ്ങളോട് ഇതൊന്നും ആവിശ്യപ്പെട്ടിട്ടില്ലല്ലോ….”

“പാർവതി ആവിശ്യപ്പെട്ടു കാണില്ല… കാരണം ചതിയും വഞ്ചനയുമൊന്നും അറിയാത്ത ഒരു പാവം പെണ്ണാണ് അത്… നിങ്ങളുടെ കഴുകൻ ബുദ്ധി മനസ്സിലാക്കാൻ അവൾക്ക് കഴിഞ്ഞെന്ന് വരില്ല….”

“ഹേയ് നോ…..വീ ആർ സോറി….ഞങ്ങൾക്ക് പാർവതിയുമായാണ് ഡീൽ… അവൾ ഇങ്ങനൊരു ലീഗൽ പേപ്പർ ആവിശ്യപ്പെടാത്ത സ്ഥിതിക്ക് നിങ്ങൾ പറയുന്നത് കേൾക്കേണ്ട ആവിശ്യം ഞങ്ങൾക്കില്ല….”

“ഇപ്പോ കയ്യിൽ കേറ്റി വെച്ചിരിക്കുന്ന പണം തന്നത് ഞാനാണെങ്കിൽ ഞാൻ പറയുന്നത് നിങ്ങൾ അനുസരിക്കും… ഇല്ലെങ്കിൽ ആ പണവും കൊണ്ട് ഒരടി മുന്നോട്ടു

വെയ്ക്കില്ല നിങ്ങൾ.. ശിവയാ പറയുന്നത്….”

“നോ..നോ…ലുക്ക് മിസ്റ്റർ ശിവ….”

“ച്ചീ.. ഒപ്പിടേടോ….”

അതൊരു അലർച്ചയായിരുന്നു. അവന്റെ ശബ്ദം പോലെ തന്നെ കണ്ണുകളിലും ദേഷ്യം ഇരമ്പിയപ്പോൾ അവർ രണ്ടും പെട്ടെന്ന് തന്നെ ശിവ നീട്ടിയ ഡോക്യുമെന്റിൽ ഒപ്പ് വെച്ചു. ആ ഡോക്യുമെന്റ് അവരിൽ നിന്ന് വാങ്ങിയ ശേഷം ശിവ അവരെ ഒന്ന് കൂടിയൊന്ന് ദഹിപ്പിച്ചു നോക്കി. ആ നോട്ടം കണ്ടതും പണവുമായി അവർ വേഗം തന്നെ അവിടെ നിന്നും പോവാനൊരുങ്ങി. തിരിഞ്ഞു നടന്ന അവരെ ശിവ ഒരിക്കൽ കൂടി കൈ ഞൊടിച്ചു വിളിച്ചു.

“പോവുന്നതൊക്കെ കൊള്ളാം… ഇനി മേലാൽ മുത്തശ്ശിയ്ക്ക് സ്വന്തം മക്കളെ കാണണമെന്നോ മിണ്ടണമെന്നോ മുത്തശ്ശി ആവിശ്യപ്പെടുമ്പോഴല്ലാതെ അമ്മയാണെന്ന അവകാശ വാദവും പറഞ്ഞ് നേരിട്ടോ ഫോണിലോ മുത്തശ്ശിയുടെ ഏഴയലത്ത് നിങ്ങൾ ഉണ്ടാവാൻ പാടില്ല…. അങ്ങനെ സംഭവിച്ചാൽ…..നിങ്ങളെ കാണാൻ ഞാനും

ഒരു വരവ് വരും…. കേട്ടൊടോ ഡാഷ് മക്കളെ….”

അവനെ വെറുപ്പോടെയൊന്ന് നോക്കി അവർ പിന്തിരിഞ്ഞതും…

“ആ.. പിന്നെയ്.. ഒരു കാര്യം കൂടി…”

വീണ്ടും പിന്നിൽ നിന്നുള്ള ശിവയുടെ വിളി കേട്ട് അവർ അവനെ നോക്കി.

“പണം നിങ്ങളുടെ കയ്യിൽ എത്തിയ വിവരം.. തത്കാലം പാർവതി അറിയണ്ട…. മുത്തശ്ശിയോട് യാത്ര പറഞ്ഞു ആരോടും ഒന്നും പറയാതെ എങ്ങോട്ടാന്ന് വെച്ചാൽ തിരിച്ചു പൊയ്ക്കോണം….നിങ്ങൾ തമ്മിലുള്ള ഡീൽ കഴിഞ്ഞ വിവരം സമയമാവുമ്പോൾ പാർവതിയെ ഞാൻ തന്നെ അറിയിച്ചോളാം…. ഓക്കേ…”

“മ്മ്….”

കനത്തിലൊന്ന് മൂളി അവർ അവിടെ നിന്നും പോയി. അവർ ഒപ്പിട്ട് കൊടുത്ത പേപ്പറിലേക്ക് നോക്കി ഒരു ഭാരം തീർത്ത ആശ്വാസത്തിൽ ദീർഘമായി ഒന്ന് നിശ്വസിച്ച് ശിവയും ആ കോഫീ ഷോപ്പിൽ നിന്നും പുറത്തേക്ക് ഇറങ്ങി.

തുടരും