22/04/2026

പെയ്തൊഴിയാതെ : ഭാഗം 05

രചന – മിയ അവ

പാറു വിരസമായൊന്ന് ചിരിച്ചു കൊണ്ട് മായയെ നോക്കി. തിരിച്ച് എന്ത് പറയണമെന്നറിയാതെ മായയും വേദനയോടെ പാറുവിന്റെ ബാക്കി കഥകൾക്കായി കാതോർത്തു.

“പഠിത്തം കഴിഞ്ഞപ്പോൾ ട്യൂഷനും മറ്റും ആയി അവിടെ നിന്ന് കൊണ്ട് തന്നെ ഞാൻ സ്വന്തമായി ഒരു വരുമാനം ഉണ്ടാക്കി തുടങ്ങി. പക്ഷെ അതൊക്കെ അണ്ണാറക്കണ്ണൻ തന്നാലായതെന്നൊക്കെ പറയുന്ന പോലെയേ ഉണ്ടായിരുന്നുള്ളു. അമ്മയും ഇല്ല ജനിപ്പിച്ച അച്ഛനോ വേണ്ട.. ഏതോ തെരുവിൽ ആരും ഇല്ലാതെ വളർന്ന എന്നെ സ്വന്തമായി കരുതുന്നതിലും പഠിപ്പിക്കുന്നതിലും എനിക്ക് വേണ്ടി പൈസ ചിലവാക്കുന്നതിലുമൊക്കെ മക്കളിൽ നിന്ന് ഒരുപാട് എതിർപ്പുകളും വഴക്കുകളും ആ പാവം മുത്തശ്ശനും മുത്തശ്ശിയും ഏറ്റു വാങ്ങുന്നുണ്ടായിരുന്നു. എന്നെ ഒന്നും അറിയിക്കാതിരിക്കാൻ ആ പാവങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു . പക്ഷെ വളർന്നു വരുമ്പോൾ സ്വാഭാവികമായും അതൊക്കെ പറയാതെ തന്നെ മനസ്സിലാക്കാൻ എനിക്ക് പറ്റുമല്ലോ.

ട്യൂഷൻ ഒക്കെ എടുത്തു അങ്ങനെ മുന്നോട്ടു പോവുമ്പോഴാണ് ഒരിക്കൽ എനിക്കൊരു വിവാഹ ആലോചന വന്നത്. എന്റെ അവസ്ഥ എനിക്ക് തന്നെ നന്നായി അറിയുന്നത് കൊണ്ട് ഒരു വിവാഹമൊന്നും ഞാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ മുത്തശ്ശനും മുത്തശ്ശിയ്ക്കും അത് നടത്തിയ കൊള്ളാമെന്നുണ്ടായിരുന്നു. എന്നോട് ചോദിച്ചപ്പോൾ എതിർപ്പൊന്നും പറയാൻ എനിക്കും തോന്നിയില്ല. അവർ ആ ആലോചന മുന്നോട്ടു കൊണ്ട് പോവാൻ തീരുമാനിച്ചു എന്നറിഞ്ഞതും അമ്മയേം അച്ഛനേം ഒരിക്കലെങ്കിലും ഒന്ന് വന്നു കണ്ടിട്ട് പോവാൻ സമയമുണ്ടാവാത്ത മക്കൾക്ക് തൊട്ട് അടുത്ത ദിവസം തന്നെ ഇവിടെ പറന്നെത്താൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.

ആരും അല്ലാത്ത എന്നെ പഠിപ്പിച്ച് ഇത്ര ആക്കിയതും പോരാഞ്ഞിട്ട് വിവാഹം കൂടി നടത്തി കൊടുക്കാൻ പോവുന്നതിനെ ചൊല്ലി അന്ന് അവിടെ വലിയ വഴക്ക് തന്നെ ഉണ്ടായി. പിറ്റേന്ന് നേരം പുലർന്നപ്പോൾ കണ്ടത് ജനിച്ചത് തൊട്ട് എനിക്ക് ഇരുപത്തിനാല് വയസ്സ് ആകുന്ന വരെ എന്നെ അംഗീകരിക്കാത്ത എന്റെ അച്ഛൻ അവകാശ വാദവുമായി ഉമ്മറത്തു വന്നു നിൽക്കുന്നതാണ്. താൻ ജീവിച്ചിരിക്കുമ്പോൾ ആരോട് ചോദിച്ചിട്ടാ തന്റെ മകളുടെ വിവാഹം ആലോചിച്ചതെന്നും പറഞ്ഞു അച്ഛന്റെ വകയും ഒരുപാട് കുത്ത് വാക്കുകൾ കേൾക്കേണ്ടി വന്നു ആ പാവങ്ങൾക്ക്. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മക്കൾ പണം കൊടുത്തു അച്ഛനെ ഇളക്കി വിട്ടതാണെന്ന് മനസ്സിലാക്കാൻ എനിക്ക് അധികം ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. പ

ക്ഷെ അച്ഛൻ അവസാനം പറഞ്ഞ കാര്യം എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. കൂടെ വന്ന ഏതോ ഒരുത്തനെ മുന്നിലേക്ക് പിടിച്ചിട്ടിട്ടു പറഞ്ഞു കുഞ്ഞിലേ തന്നെ എന്റെ വിവാഹം അയാളുമായി പറഞ്ഞു ഉറപ്പിച്ചതാണെന്ന്. എന്റെ അറിവിൽ ഞാൻ അയാളെ കാണുന്നത് പോലും ആദ്യമായിട്ടായിരുന്നു. എന്തായാലും വഴക്ക് മൂത്തപ്പോൾ എനിക്ക് മുത്തശ്ശനോടും മുത്തശ്ശിയോടും യാത്ര ചോദിച്ച് അവിടുന്ന് ഇറങ്ങേണ്ടി വന്നു. ഇറങ്ങുമ്പോൾ അവരുടെ മക്കളെ നോക്കി ഒന്നെനിക്ക് പറയേണ്ടി വന്നു എന്ത് ജോലി ചെയ്തായാലും എനിക്ക് വേണ്ടി അവരുടെ അച്ഛനും അമ്മയും മുടക്കിയ പണം ഞാൻ തിരിച്ച് തന്നിരിക്കുമെന്ന്..

അതിന്റെ പേരിൽ ഇനി ആ പാവങ്ങളെ വേദനിപ്പിക്കരുതെന്ന്. എന്ത് ധൈര്യത്തിലാ ഞാൻ അന്ന് അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല. പക്ഷെ മക്കളുടെ കൂർത്ത വാക്കുകൾ കേട്ട് നെഞ്ച് തകർന്ന് നിൽക്കുന്ന ആ മുത്തശ്ശനെയും മുത്തശ്ശിയെയും കണ്ടപ്പോൾ അങ്ങനെ പറയാനാ എനിക്ക് തോന്നിയത്. അങ്ങനെ വീണ്ടും ഞാൻ ആ തെരുവിലെത്തി. അവിടുന്ന് ആരൊക്കെയോ പറഞ്ഞറിഞ്ഞു അച്ഛന്റെ കൂടെ വന്നയാൾ അച്ഛന്റെ ഏതോ ബന്ധുവാണെന്നും അടിയും ഗുണ്ടായിസവുമൊക്കെയായി നടക്കുന്ന തനി ക്രിമിനലാണ് ആളെന്നും.

അവിടുന്ന് അയാൾക്കൊപ്പം പോവാൻ എന്നെ അച്ഛൻ ഒരുപാട് നിർബന്ധിച്ചു. തല്ലി. എന്നാൽ അന്ന് ആദ്യമായി ഞാൻ അച്ഛനോട് പൊട്ടി തെറിച്ചു. എനിക്ക് ഇഷ്ട്ടമില്ലാത്തൊരാളുടെ കൂടെ ഞാൻ ജീവിക്കില്ലെന്ന് ഞാൻ കനപ്പിച്ചു പറഞ്ഞു. അവസാനം അടിയും പിടിവലിയുമൊക്കെ ആയപ്പോൾ ആരോ പോലീസിനെ വിളിച്ചു. എന്റെ അനുവാദമില്ലാതെ എന്നെ കൊണ്ട് പോവാൻ പറ്റില്ലെന്ന് പോലീസ് അച്ഛനെയും അയാളെയും വിലക്കി. അതോടെ അവരൊന്ന് ഒതുങ്ങി. അപ്പോഴേക്കും പെരിയപ്പ ഒക്കെ മരിച്ചു പോയിരുന്നു. തെരുവിൽ പുതിയ ആളുകളെല്ലാം എത്തിയത് കൊണ്ട് മുൻപ് താമസിച്ചിടാത്തൊക്കെ എനിക്ക് കൂടി ഒരിടം കണ്ടെത്താൻ പ്രയാസം ആയിരുന്നു.

അങ്ങനെയാ ട്യൂഷൻ എടുത്തു ഉണ്ടാക്കിയ കുറച്ചു സമ്പാദ്യം കൊണ്ട് ഞാനീ കൂര കെട്ടിയത്. ഇത് ഉണ്ടാക്കിയപ്പോ എന്റെ അച്ഛനും ആ തെരുവിന്ന് പോന്ന് ഇവിടെ താമസിക്കാൻ തുടങ്ങി. . എന്നോടുള്ള സ്നേഹം കൊണ്ടോ എന്റെ സുരക്ഷ ഓർത്തോ ഒന്നും അല്ല.കുടിച്ച് ബോധം മറയുമ്പോൾ വല്ല റോഡിലും കിടക്കുന്നതിലും നല്ലതല്ലേ ഇവിടെന്ന് തോന്നി കാണും.. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മക്കളോട് പണം തിരിച്ചു കൊടുക്കാമെന്നൊരു വാക്ക് പറഞ്ഞത് കൊണ്ട് നല്ലൊരു ജോലി എനിക്ക് അത്യാവശ്യം ആയിരുന്നു. അങ്ങനെ ആണ് പലയിടത്തും കറങ്ങി തിരിഞ്ഞ് ഞാൻ നിങ്ങളുടെ കമ്പനിയിലും എത്തിയത്. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ആ ജോലി എനിക്ക് കിട്ടുമെന്ന്. പക്ഷെ ദൈവാനുഗ്രഹം ആയിരുന്നു ആ ജോലി എനിക്ക്. ഇപ്പോ ഒന്നര വർഷം കൊണ്ട് അവിടുന്ന് കിട്ടുന്ന സാലറി ഒക്കെ ഉറുമ്പ് ഭക്ഷണം സ്വരു കൂട്ടി വെക്കുന്നത് പോലെ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്..

സമ്പത്തിനെ മാത്രം സ്നേഹിക്കുന്ന ആ മക്കളുടെ മുന്നിലേക്ക് ഇട്ടു കൊടുക്കാൻ..എന്നിട്ട് എന്റെ മുത്തശ്ശിയെയും മുത്തശ്ശനെയും മാത്രം എനിക്ക് തിരിച്ചു തരുവോന്ന് അപേക്ഷിക്കണം എനിക്ക്… അത്രയും.. അത്രയും എന്റെ പ്രാണനാണ് ആ പാവങ്ങൾ എനിക്കിപ്പോ….. ”

അതു വരെ പിടിച്ചു നിർത്തിയെങ്കിലും അവസാനം നിയന്ത്രണം വിട്ട് വിതുമ്പി പോയി പാറു. നില തെറ്റി ഒഴുക്കുന്ന പോലെ കണ്ണുനീർ അവളുടെ കവിളിൽ ചാല് തീർക്കുന്നത് കണ്ടിട്ടും ഒന്ന് ചേർത്ത് നിർത്താൻ പോലുമാവാതെ മരവിച്ചു പോയിരുന്നു മായയുടെ കൈകൾ. പാറുവിനെ കുറിച്ചുള്ള ഈ അറിവുകൾ അവൾക്ക് തീർത്തുമൊരു ഷോക്ക് തന്നെ ആയിരുന്നു.

ഒന്നും മിണ്ടാനാവാതെ കലങ്ങിയ കണ്ണുകളോടെ തന്റെ വിശേഷങ്ങൾ കേട്ടു നിൽക്കുന്ന മായയെ കണ്ടപ്പോൾ മുഖം അമർത്തി തുടച്ച് പാറു ഉറക്കെ ചിരിച്ചു.

“അയ്യേ.. ഈ പൊട്ടി പെണ്ണിന്റെ കഥ കേട്ട് കണ്ണ് നിറയ്ക്കാനാണോ ചേച്ചി ഇങ്ങോട്ട് വന്നത്… ദേ.. വല്ലാതെ ഇരുട് ആവുന്നു ചേച്ചിയ്ക്ക് ഇറങ്ങണ്ടേ…”

“മ്മ്.. വേണം…”

ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു കൈകൾ കൊണ്ട് മായയും തന്റെ കണ്ണുനീരിനെ തുടച്ചു മാറ്റി.

“മ്മ് എന്നാ വിട്ടോ.. ആ.. പിന്നേയ്..ആദ്യം ആയിട്ട് വന്നിട്ട് ഒരു ചായ പോലും തരാത്തത് വേറൊന്നും കൊണ്ടല്ല ട്ടോ.. ഇവിടുത്തെ അടുപ്പിൽ ഊതി പിടിപ്പിച്ചു ചായ ഇട്ടു വരുമ്പോഴേക്കും ചേച്ചിയ്ക്ക് വീട് എത്താൻ ഒത്തിരി വൈകും അതാ..”

“ഏയ്‌.. എനിക്ക് ചായ ഒന്നും വേണ്ടടാ.. ഞാൻ ഇറങ്ങുവാ.. നമുക്ക് നാളെ കാണാം…”

“നാളെ കാണാൻ എനിക്ക് ഇനി അവിടെ ജോലി കാണുമോ ചേച്ചി…”

മായയെ നോക്കാതെ എങ്ങോട്ടോ മിഴി നട്ട് പാറു ചോദിച്ചപ്പോൾ സംശയത്തോടെ മായ അവൾക്ക് നേരെ തിരിഞ്ഞു.

“അതെന്താ അങ്ങനെ ചോദിച്ചേ.. നിന്റെ ജോലിയ്ക്ക് എന്ത് പറ്റാനാ…”

“അല്ല.. എന്റെ ഈ അവസ്ഥ ശിവ സാറും ചേച്ചിയുടെ പപ്പയുമൊക്കെ അറിഞ്ഞാൽ.. പിന്നെ എന്നെ ആ കമ്പനിയിൽ തുടരാൻ സമ്മതിക്കില്ലല്ലോ….”

പോവാനിറുങ്ങിയ മായ അത് കേട്ടതും തിരിഞ്ഞു നടന്നു പാറുവിന്റെ കൈയിൽ പിടിച്ചു. നേർത്ത പുഞ്ചിരിയോടെ ആ കവിളിൽ ചുണ്ട് ചേർത്തു.

“അതിന് നിന്റെ ഈ അവസ്ഥ തത്കാലം അവിടെ ആരും അറിയാൻ പോവുന്നില്ല.. ഞാൻ എന്തായാലും ആരോടും പറയില്ല.. നീയും പറയരുത്… ഇത് നമ്മൾ രണ്ടു പേരും മാത്രം അറിഞ്ഞാൽ മതി.. നീ ഇനിയും അവിടെ ഉണ്ടാകും…ഇനി മുതൽ എന്റെ വെറും സഹ പ്രവർത്തകയായി മാത്രമല്ല.. എന്റെ അനിയത്തിയായി കൂടി നിന്നെ എനിക്ക് വേണം.. എന്നും…”

പാറുവിന് ആ വാക്കുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞെട്ടലോടെ അവൾ മായയെ നോക്കിയപ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ അവളെ തന്റെ നെഞ്ചോട് അടുപ്പിച്ചു മായ.

🍁🍁🍁🍁

“മോളെ…മതി ഇങ്ങനെ ഇരുന്നത്.. വാ നീ ഒന്നും കഴിച്ചില്ലെന്ന് ജാനു പറഞ്ഞു.. അവൻ ഓഫീസിലേക്ക് ഉറങ്ങിയല്ലോ.. ഇനി ഈ ഇരുപ്പ് ഇരിക്കാതെ വന്നു ബ്രേക്ക് ഫാസ്റ്റ് കഴിക്ക്.. അമ്മയും കൂടാം.. വാ…”

കണ്ണുകളടച്ച് തന്റെ തോളിലേക്ക് തല ചായ്ച്ചിരിക്കുന്ന പാറുവിനെ ശ്രീദേവി കവിളിൽ തട്ടി വിളിച്ചപ്പോൾ ഓർമ്മകളിൽ നിന്നും ഞെട്ടി പാറു ചുറ്റും നോക്കി. മായയുടെ ഓർമ്മയിൽ കണ്ണുനീർ മണി മുത്തുകളായി താഴോട്ട് പതിച്ചു. നനവ് പടർന്ന അവളുടെ കവിൾതടം കണ്ടതും ശ്രീദേവി അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്തടുപ്പിച്ചു.

“എന്ത് പറ്റി മോളെ…”

തോളിൽ കൈ വെച്ച് ശ്രീദേവി ചോദിച്ചത് കേട്ടപ്പോൾ മാത്രമാണ് പാറു ശ്രീദേവിയെ ശ്രദ്ധിച്ചത്.

“അത്.. ഞാൻ.. ഞാൻ മായ ചേച്ചിയെ കുറിച്ച് ഓർത്തു പോയി അമ്മേ…”

“മ്മ്…സാരല്ലെടാ.. അവളിപ്പോ ഹാപ്പിയാണ്.. വരട്ടെ.. അവനറിയാതെ നമുക്കൊരൂസം പോവാം അവളെ കാണാൻ… അപ്പോ മോൾക്ക് കുറച്ചു സമാധാനം ആവും… ഇപ്പോ മോള് വാ..എന്തെങ്കിലും കഴിക്കാം….”

“മ്മ്.. ശരി അമ്മേ…”

എഴുന്നേറ്റു ചെന്ന് റൂമിലെ ബാത്‌റൂമിൽ കയറി മുഖം നന്നായി കഴുകി ശ്രീദേവിയുടെ കൂടെ അവളും താഴോട്ടിറങ്ങി.

(തുടരും )