18/04/2026

പെയ്തൊഴിയാതെ : ഭാഗം 02

രചന – മിയ അവ

അടുക്കളയിൽ കുഴച്ചു വെച്ച ചപ്പാത്തി മാവ് ഉരുളകളാക്കി പരത്തി തുടങ്ങിയപ്പോഴാണ് ജാനുവമ്മ കയറി വന്നത്.

“അയ്യോ.. കുഞ്ഞിത് എന്താ ചെയ്യുന്നെ… ഇതൊക്കെ എന്റെ ജോലികൾ അല്ലേ കുഞ്ഞേ… ഇന്ന് അങ്ങേര് ജോലിക്ക് ഇറങ്ങാൻ കുറച്ചു വൈകി അതാ ഞാനും ഇത്തിരി വൈകി പോയത്…”

“അതിനെന്താ ജാനുവമ്മേ… ജാനുവമ്മയും ഒരു കുടുംബത്ത് നിന്ന് വരുന്ന ആളല്ലേ… അവിടെയും കാണില്ലേ നൂറു കൂട്ടം ജോലികൾ…അതും അമ്മ തന്നെ നോക്കണ്ടേ… ഇത്തിരി വൈകിയെന്ന് കരുതി ഇവിടെ കുഴപ്പൊന്നും ഇല്ല.. ഞാൻ ഉണ്ടല്ലോ അത്യാവശ്യം വേണ്ടതൊക്കെ ചെയ്യാൻ…”

“എന്നാലും സർ അറിഞ്ഞാൽ വഴക്ക് കിട്ടും കുഞ്ഞേ… മാസാ മാസം നിക്ക് ശബളം എണ്ണി തരുന്നത് സാറിന്റെ സുന്ദരി പെണ്ണിനെ കൊണ്ട് പണി എടുപ്പിക്കാനാണോന്ന് ചോദിക്കില്ലേ എന്നോട്…”

അവളെയൊന്ന് ചെറുതായി കളിയാക്കി കൊണ്ട് ജാനുവമ്മ പറഞ്ഞതും അവളുടെ മുഖത്ത് ഉണ്ടായിരുന്ന പ്രസന്നത പെട്ടെന്ന് മാഞ്ഞു. അത് മനസ്സിലാക്കിയ പോലെ ജാനുവമ്മ അവളുടെ അടുത്ത് വന്നു തോളിൽ കൈ വെച്ചു.

“എന്താ കുഞ്ഞേ… ഇപ്പോഴും സാറിന്റെ പെരുമാറ്റത്തിൽ ഒരു മാറ്റവും ഇല്ലേ…”

“ഏയ്‌… അങ്ങനെ ഒന്നും ഇല്ല ജാനുവമ്മേ.. ഞാൻ വേറെന്തോ ഓർത്ത് പോയതാ…”

“മ്മ്.. കുഞ്ഞു ഇങ്ങ് മാറി നിക്ക്.. ഇനി ജാനുവമ്മ ചെയ്യാം…”

“മ്മ്…”

അവൾ പോയി കൈ കഴുകി തട്ടിൽ നിന്നും കുറച്ചു പച്ചക്കറികളെടുത്ത് കഴുകി കട്ടിങ് ബോർഡിൽ വെച്ച് അരിയാൻ തുടങ്ങി. ജോലി ചെയ്യുന്നതിനിടയിൽ രണ്ടു പേരും പരസ്പരം ഓരോ വിശേഷങ്ങൾ പറഞ്ഞു ചിരിക്കുന്നുണ്ട്. ഇതിനിടയിൽ സാവിത്രിയമ്മയും അവരുടെ സംസാരത്തിൽ പങ്ക് ചേർന്നിരുന്നു.

“ജാനു…ചായ എടുക്കാറായില്ലേ…”

ഹാളിൽ നിന്ന് അൽപ്പം ഗൗരവത്തിലുള്ള ആ പുരുഷ ശബ്ദം കേട്ടതും പേടിച്ചു പോയ ജാനുവിന്റെ കയ്യിൽ നിന്നും തവി പോലും താഴെ വീണു പോയി.

“അയ്യോ സർ താഴേക്ക് എത്തിയല്ലോ… സംസാരത്തിൽ സമയം പോയത് ഓർത്തില്ല… ഒന്നും മേശമേൽ എടുത്തു വെച്ചില്ലല്ലോ കുഞ്ഞേ…”

“ഏയ്‌.. ജാനുവമ്മ ഇങ്ങനെ ടെൻഷൻ ആവണ്ട… എല്ലാം ആയതല്ലേ.. എടുത്തു വെയ്ക്കാനല്ലേ ഉള്ളു…ഇങ്ങ് തന്നെ … ഞാനും കൂടി സഹായിക്കാം…”

ജാനുവമ്മയുടെ കൂടെ അവളും ഓരോന്നായി എടുത്തു ഹാളിലേക്ക് നടന്നു.

തല കുനിച്ച് മൊബൈലിൽ കാര്യമായി എന്തോ നോക്കി കൊണ്ടിരിക്കുകയായിരുന്ന ശിവ ടേബിളിൽ ഫുഡ് കൊണ്ട് വെച്ച ശബ്ദം കേട്ടാണ് തല പൊക്കിയത്. അടുക്കളയിൽ നിന്ന് ഓരോന്നും എടുത്തു ടേബിളിൽ നിരത്തി വെയ്ക്കാൻ ജാനുവമ്മയെ സഹായിക്കുന്ന പാറുവിലാണ് അവന്റെ കണ്ണുകൾ വന്നു വീണത്. മുഖത്തു പെട്ടെന്ന് തന്നെ രോഷം ഇരച്ചെത്തി. കൈ മുഷ്ടി ചുരുട്ടി അവൻ അവളെ നോക്കി.

“ഇതെന്താ ജാനു നിങ്ങൾക്ക് ഇവിടുത്തെ ജോലികൾ ഒറ്റയ്ക്ക് എടുക്കാൻ വയ്യാതായോ… ആയെങ്കിൽ പറഞ്ഞോ ഞാൻ ഇവിടേക്ക് വേറെ ആളെ നോക്കിക്കോളാം…”

ദേഷ്യത്തിലുള്ള അവന്റെ ശബ്ദം കേട്ട് അവന്റെ മുഖത്തേക്ക് നോക്കിയ പാറു കണ്ടു തന്നെ തന്നെ നോക്കി നിൽക്കുന്ന പകയെരിയുന്ന ആ രണ്ടു കണ്ണുകളെ.

“അയ്യോ എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല സാറെ.. പാറു കൊച്ച് വെറുതെ കൂടെ വന്നെന്നെ ഉള്ളു… ഇങ്ങു താ മോളെ.. ജാനുവമ്മ ചെയ്യാം…”

പേടിച്ചു കൊണ്ട് തന്റെ കയ്യിൽ നിന്നും കറി പാത്രം വാങ്ങിയ ജാനുവമ്മയെ അവൾ ഒരു വരണ്ട ചിരിയോടെ നോക്കി. പിന്നെ ഒന്നും മിണ്ടാതെ മുകളിലെ അവളുടെ റൂമിലേക്ക് കയറി പോയി. വാടിയ മുഖത്തോടെ മുകളിലേക്ക് കയറി പോവുന്നവളെ നിസ്സഹായതയോടെ നോക്കി നിൽക്കാനേ ആ വൃദ്ധ ദമ്പതികൾക്കും കഴിഞ്ഞുള്ളു.

തന്റെ കൃഷ്ണന്റെ മുന്നിൽ ഒന്നും മിണ്ടാതെ വെറുതെ കണ്ണുകളടച്ച് കൈ കൂപ്പി നിന്നു അവൾ. വാക്കുകൾ ഒന്നും തന്നെ പുറത്തേക്ക് വരാൻ ഇല്ലാത്തത് പോലെ. അൽപ്പ നേരം അങ്ങനെ നിന്നതിനു ശേഷം തുളുമ്പി പോയ കണ്ണുകൾ മെല്ലെ തുടച്ച് റൂമിന് പുറത്തുള്ള കോമൺ ആയിട്ടുള്ള ബാൽക്കണിയിലേക്ക് നടന്നു അവൾ. താഴെ വിശാലമായി കിടക്കുന്ന ഗാർഡനിലേക്ക് വെറുതെ മിഴി നട്ടു നിന്ന അവളുടെ മനസ്സ് ചിന്തകളുടെ ലോകത്തേക്ക് പടർന്നു കയറാൻ തുടങ്ങി.

🍁🍁🍁🍁

“മായ ചേച്ചി.. ഈ ഫയൽ എനിക്ക് എത്ര നോക്കിയിട്ടും മനസ്സിലാവുന്നില്ല.. ചേച്ചി എന്നെ ഒന്ന് ഹെല്പ് ചെയ്യോ… ഇന്ന് വൈകുന്നേരത്തിനുള്ളിൽ ഇത് റിപ്പോർട്ട്‌ എഴുതി ക്യാമ്പിനിൽ എത്തിച്ചില്ലെങ്കിൽ സാർ എന്നെ കൊല്ലും…”

അവളുടെ സംസാരം കേട്ട് ചെയർ തിരിച്ച് തിരിഞ്ഞു നിന്ന് അവളെ നോക്കി പൊട്ടി ചിരിച്ചു കൊണ്ട് നിൽക്കുന്ന മായയെ നോക്കി പാറു ചുണ്ട് കോട്ടി.

“ചേച്ചിയും എന്നെ കളിയാക്കി ചിരിക്കുവാണോ…എനിക്കറിയാം ഞാൻ ഇവിടെ എല്ലാർക്കും ഇട്ടു കളിയാക്കി ചിരിക്കാനുള്ള ഒരു കോമാളിയാണെന്ന്… പക്ഷെ ചേച്ചി കൂടി അതിനൊപ്പം കൂടിയാൽ എനിക്ക് സങ്കടം ആവും ട്ടോ….”

“അച്ചോടാ.. എന്റെ പാറുക്കുട്ടിയെ ഞാൻ കളിയാക്കി ചിരിക്കോ…ദേ ഇങ്ങോട്ട് നോക്കിയേ….”

മായയെ നോക്കി പിണക്കം നടിച്ച് കണ്ണിൽ വെള്ളം നിറച്ചു നിന്ന പാറുവിന്റെ അടുത്തേക്ക് ചെയറിൽ നിന്ന് എഴുന്നേറ്റു വന്നു അവളുടെ താടിത്തുമ്പിൽ പിടിച്ചു മായ പറഞ്ഞപ്പോഴേക്കും നിറഞ്ഞു തൂവിയിരുന്നു ആ കണ്ണുകൾ. അത് തുടച്ചു നീക്കാതെ തന്നെ പാറു മായയുടെ മുഖത്തേക്ക് നോക്കി.

“എന്റെ തൊട്ടാവാടി.. ഞാൻ നിന്നെ കളിയാക്കി ചിരിച്ചതൊന്നും അല്ല.. നീ ആ പൊട്ടനെ ഇങ്ങനെ പേടിക്കുന്നത് കണ്ടതോണ്ട് ചിരിച്ചതാ…വൈകുന്നേരത്തിനുള്ളിൽ ഈ ഫയൽ എത്തിച്ചില്ലെങ്കിൽ അവനെന്താ മൂക്കിൽ കേറ്റുവോ…പോവാൻ പറയണം അവനോട്… നീയിങ്ങ് വന്നേ.. നമ്മുക്കൊരു ചായ കുടിച്ചിട്ട് വരാം.. ബാ…”

“അയ്യോ.. ചായ കുടിക്കാനോ… അതും ഓഫീസ് ടൈമിൽ… ഞാനെങ്ങും ഇല്ല… എന്നാ ഇന്ന് എന്നെ കീഴ്മേൽ മറിക്കും… ചേച്ചി പോയി കുടിച്ചേച്ചും വാ.. ഞാൻ ഇവിടിരിക്കാം…”

“ഒന്നും ഉണ്ടാവില്ല… നീ എന്റെ കൂടെയാ വരുന്നത്… അതിന് നിന്നെ അവൻ വഴക്ക് പറയുകയാണെങ്കിൽ അവനോട് പറയാനുള്ളത് ഞാൻ പറഞ്ഞോളും… നീയിങ്ങ് വന്നേ പെണ്ണെ….”

മടിച്ചു മടിച്ചു നിന്ന പാറുവിന്റെ കയ്യും പിടിച്ച് മായ പുറത്തേക്കിറങ്ങി. കമ്പനിയുടെ തന്നെ കാന്റീനിൽ ഇരുന്നു മായയ്ക്കൊപ്പം ചായ കുടിക്കുമ്പോഴും പാറുവിന്റെ നെഞ്ച് പട പട മിടിക്കുന്നുണ്ടായിരുന്നു. എന്നാലും മുന്നിൽ ഇരുന്നു ഓരോ തമാശകൾ പറഞ്ഞു തന്നെ സന്തോഷിപ്പിക്കാൻ നോക്കുന്ന മായയെ കണ്ടപ്പോൾ അവളും എല്ലാം മറന്ന് മായയ്ക്കൊപ്പം സംസാരത്തിൽ കൂടി.

🍁🍁🍁🍁

“ഡീ…”

കാതിൽ വന്നടിച്ച ശബ്ദം ഓർമ്മകളിലേതു അല്ല തൊട്ട് അടുത്ത് നിന്നാണെന്ന് മനസ്സിലാക്കുമ്പോഴേക്കും തന്നെ കൊല്ലാനുള്ള ദേഷ്യത്തോടെ ശിവ അവളുടെ അടുത്ത് എത്തിയിരുന്നു. കനലെരിയുന്ന നോട്ടത്തോടെ മുന്നിൽ നിൽക്കുന്നവനെ അവൾ അത്ഭുതമൊന്നും കൂടാതെ നോക്കി. ഇത് പ്രതീക്ഷിച്ചതാണെന്ന പോലെ.

“നിനക്ക് ആവിശ്യം ഉള്ള ജോലികൾ മാത്രം ചെയ്താൽ മതി ഇവിടെ… ഓടി നടന്നു പണിയെടുത്ത് ഇവിടുള്ളവരുടെ മനസ്സിൽ കേറി പറ്റാൻ ശ്രമിക്കുവാണോ നീ.. ആണോടി…”

“എന്തിന്…എനിക്കതിന്റെ ആവിശ്യം ഇല്ല…”

“ആവിശ്യം ഇല്ലെങ്കിൽ പറഞ്ഞ പണി മാത്രം ചെയ്താൽ മതി നീ… കൂടുതൽ കേറി ആളാവാൻ നിക്കണ്ട… എക്സ്ട്രാ ജോലി എടുത്തെന്നു വെച്ച് നിന്റെ ശബളം
കൂട്ടി തരാനൊന്നും പോവുന്നില്ല…”

അവന്റെ അവസാന വാക്കുകൾ കേട്ടതും അറപ്പോടെ അവൾ മുഖം തിരിച്ചു. വീണ്ടും വീണ്ടും അപമാനിക്കപ്പെടുന്നതിന്റെ നീറ്റൽ ഉള്ളിൽ കിടന്നു പൊള്ളിച്ചു കൊണ്ടിരുന്നു. അത്രയും പറഞ്ഞു കാറ്റ് പോലെ അവളുടെ അടുത്ത് നിന്ന് പോയവനെ വേദനയോടെയാണോ വെറുപ്പോടെയാണോ നോക്കിയതെന്ന് അറിയില്ല… ഉള്ളിലെ സമ്മിശ്ര വികാരം നെഞ്ച് പിളർത്തിയപ്പോൾ ചാരി നിന്ന ചുവരിലിലൂടെ താഴേക്ക് ഊർന്നിരുന്നു പോയി അവൾ. കവിളിലൂടെ അരിച്ചിറങ്ങിയ കണ്ണുനീരിന് കുറ്റബോധത്തിന്റെ.. നിരാശയുടെ… ഗതിക്കേടിന്റെ… വെറുപ്പിന്റെ ചൂട് ഉണ്ടായിരുന്നു.

(തുടരും )

ആദ്യത്തെ പാർട്ടിന് തന്ന സപ്പോർട്ടിന് എല്ലാവരോടും ഒത്തിരി നന്ദി ഉണ്ട് ട്ടോ 🥰🥰🥰