19/04/2026

പെയ്തൊഴിയാതെ : ഭാഗം 24

രചന – മിയ അവ

വേനൽ ചൂടിന്റെ അസഹനീയതയും പൊടി കാറ്റിന്റെ ഉയർച്ച താഴ്ച്ചകളും താണ്ഡവമാടുന്ന സീസണായിരുന്നു അത്. പുറത്തെ  ചൂട് എന്തിനൊക്കെയോ വേണ്ടി പാറുവിന്റെയും ശിവയുടെയും ഉള്ളറകളെയും ചുട്ടു പൊള്ളിക്കുന്നുണ്ടായിരുന്നു. അന്നത്തെ ദിവസം ശിവ ഓഫീസിൽ നിന്നും മടങ്ങിയെത്തിയത് പൊടിയും ചൂടും കൊണ്ടുള്ള അസ്വസ്ഥതകളുമായാണ്. കാറിൽ നിന്നിറങ്ങി കോലായിലേക്ക് കയറിയതും ശിവ നീട്ടിയൊന്ന് തുമ്മി. പൊടി തട്ടിയ അലർജിയും വെയിൽ കൊണ്ടതിന്റെ നല്ല തലവേദനയും ഉണ്ടായിരുന്നു അവന്. അവനെ കാത്തെന്ന പോലെ അവിടെ സരസ്വതിയമ്മയും

കൃഷ്ണ മേനോനും ഇരിക്കുന്നുണ്ടായിരുന്നു.

“ഹാ…ഇതാപ്പോ നന്നായെ.. നിനക്കും തുടങ്ങിയോ തുമ്മലും ചീറ്റലും…. അപ്പോ കാരണവന്മാർ പറയുന്നതൊന്നും വെറുതെയല്ല….”

തുമ്മി ചീറ്റി ചുവന്ന് തുടുത്ത മൂക്കുമായി ശിവ സംശയത്തോടെ അച്ഛമ്മയെ നോക്കി.

“ഏഹ്.. എന്റെ തുമ്മലിനെ പറ്റിയും കാരണവന്മാർ പറഞ്ഞിട്ടുണ്ടോ…..”

“ഹ ഹ ഹ……”

കൃഷ്ണ മേനോൻ ആണ്. അയാളുടെ ചിരി കേട്ടതും സരസ്വതിയമ്മ കുറുമ്പോടെ മുഖം കോട്ടി.

“ചിരിക്കേണ്ട…. കണ്ടില്ലേ ഒരുത്തി അവിടെ തുമ്മിയും ചീറ്റിയും കിടക്കുന്നു… ഒരാൾ ഇതാ ഇവിടെയും….പഴമക്കാർ പറയുന്നതിലും ചില കാര്യൊക്കെ ഉണ്ടെന്ന് ഇപ്പോ ബോധ്യം ആയില്ലേ……”

അവർ രണ്ടു പേരും പറയുന്നതൊന്നും മനസിലാവാതെ കണ്ണ് മിഴിച്ച് നിൽക്കുകയാണ് ശിവ.

“ഏത് പഴമക്കാർ… എന്ത് പറഞ്ഞു….. നിങ്ങളിതെന്തോന്നാ പറയുന്നേ ….പിരി പോയോ രണ്ടാളുടേം…..”

ശിവ കുസൃതിയിൽ ചോദിച്ചത് കേട്ട് കൃഷ്ണ മേനോൻ വീണ്ടും ചിരിച്ചു.

“എന്റെ കുഞ്ഞാ നിന്റെ അച്ഛമ്മയ്ക്ക് വട്ട്…”

“വട്ടൊന്നും അല്ല ചിലതൊക്കെ സത്യാ കുഞ്ഞാ….”

“എനിക്കൊന്നും മനസ്സിലായില്ല… രണ്ടാളും ഒന്ന് തെളിച്ച് പറയാവോ….”

“അതായത് കുഞ്ഞാ… പണ്ടുള്ളോർ പറയാറുണ്ട്…..ഈ.. തമ്മിൽ ശരിക്കും ആത്മബന്ധം ഉള്ളോരാണേൽ…ശരീരം കൊണ്ട് അവർ എത്ര അകലത്തിൽ ആണേലും അതിലൊരാൾ തുമ്മിയാൽ അങ്ങ് ദൂരെ ആണേൽ പോലും മറ്റേ ആൾക്കും തുമ്മും… ഒരാൾക്ക് പനി പിടിച്ചാൽ ആ ചൂട് മറ്റേ ആളിലേക്കും പടരും എന്നൊക്കെ….. അതാപ്പോ നിന്റെ അച്ഛമ്മ കൊണ്ടു പിടിക്കുന്നത്…..”

“അതോണ്ട് എന്താ… സത്യം ആയില്ലേ..

അവൾ അവിടെ വയ്യാതെ കിടന്നപ്പോ.. ഇവനും തുമ്മി കൊണ്ട് വന്നത് കണ്ടില്ലേ….”

“ആര് വയ്യാതെ കിടന്നുന്നാ അച്ഛമ്മേ…”

“വേറാര്.. നിന്റെ ഭാര്യ തന്നെ… അവൾക്കും തുമ്മലും പനിയുമൊക്കെയായി ഇന്ന് നേരത്തെ തന്നെ ആവി പിടിച്ചു കിടന്നു….”

“അടിപൊളി… അതിനാണോ ഇത്രയും വളച്ചു കെട്ടിയത്… എന്റെ അച്ഛമ്മ കുറെ കഷ്ടപ്പെടുന്നുണ്ട് ല്ലേ അവളെ ഞാനുമായി കൂട്ടി കെട്ടാൻ… അതിന് എവിടെയോ കിടക്കുന്ന കാരണവന്മാരെയൊക്കെ വലിച്ചോണ്ട് വന്നിരിക്കുവാ….”

“അതല്ല കുഞ്ഞാ.. അച്ഛമ്മ പറയുന്നത്….”

“മതി.. എനിക്കിതിലൊന്നും ഒരു വിശ്വാസവും ഇല്ല അച്ഛമ്മേ…. പിന്നെ അച്ഛമ്മ ഇനി എന്ത് പറഞ്ഞാലും അവളെ ഒരു ഭാര്യയായി കാണാനൊന്നും എനിക്ക് സാധിക്കില്ല….ഏച്ചു കെട്ടിയത് മുഴച്ചു നിൽക്കുമെന്ന് കേട്ടിട്ടില്ലേ… ഇതും പഴമക്കാർ പറഞ്ഞത് തന്നാ അച്ഛമ്മേ…..”

അതിന് മറുപടിയൊന്നും പറയാതെ സരസ്വതിയമ്മ സങ്കടത്തോടെ മുഖം താഴ്ത്തി. അത് നോക്കി തന്നെ അവൻ

കൃഷ്ണ മേനോനോടായി ചോദിച്ചു.

“അമ്മ എവിടെ അച്ചാച്ചാ…..”

“ആ അവൾ കിടന്നു… നാളെ നിന്റെ അച്ഛന്റെ ഓർമ്മ ദിവസല്ലേ… അതിന്റെ നീറ്റലുണ്ടാവും ഉള്ളിൽ… പിന്നെ രാവിലെ അമ്പലത്തിലും പോണമെന്നു പറയുന്നത് കേട്ടു… അതാവും വേഗം കിടന്നത്….”

“മ്മ്….”

വെറുതെയൊന്നു മൂളി അച്ചാച്ചനെയും അച്ഛമ്മയെയും ഒന്ന് നോക്കി തിരിഞ്ഞ് മുകളിലേക്കുള്ള പടികൾ കയറുമ്പോൾ അവൻ മനസ്സിൽ സ്വയം ഒരു ആത്മ പരിശോധന നടത്തുന്നുണ്ടായിരുന്നു. ആ കീറി മുറിച്ചുള്ള അവലോകനത്തിൽ…മുൻപ്  ഇങ്ങനെ അവളെ സംബന്ധിച്ച് എന്ത് കേൾക്കുമ്പോഴും തനിക്ക് അടക്കാൻ പറ്റാത്ത ദേഷ്യം തോന്നാറുണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോ തനിക്കവളോട് ആ പഴയ ദേഷ്യം ഇല്ല എന്നതും അവൻ തന്നെ സ്വയം മനസ്സിലാക്കി തുടങ്ങുന്നുണ്ടായിരുന്നു.. ഒപ്പം എന്തൊക്കെ ആണേലും അവളെ ഒരിക്കലും തന്റെ ഭാര്യയായി ഉൾകൊള്ളാൻ കഴിയില്ലയെന്നതും അവൻ തന്നെ അവന്റെ

മനസ്സിനെ പറഞ്ഞു പഠിപ്പിക്കുന്നുമുണ്ടായിരുന്നു.

ഓരോരോ ചിന്തകളെ ചാടി കടന്ന് റൂമിലെത്തിയ ശിവ ലൈറ്റ് ഇട്ടു നോക്കിയപ്പോൾ കാണുന്നത് സോഫയിൽ പനിച്ചു തുള്ളി കിടക്കുന്ന പാറുവിനെയാണ്. അവൻ വേഗം തന്നെ മുകളിലേക്ക് നോക്കി. അവിടെ ഫുൾ സ്പീഡിൽ കറങ്ങുന്ന ഫാൻ കണ്ടതും അവന് നല്ല ദേഷ്യം തോന്നി.

“ഇങ്ങനേം പനിച്ച് വിറയ്ക്കുമ്പോഴാണോ ഇവളീ ഫാനും ഇട്ടു കിടക്കുന്നത്….കഴുത….”

അവളെ നോക്കി പല്ലിറുമ്മി പറഞ്ഞ് ആ ഫാനും ഓഫ് ചെയ്തു അവൻ ഫ്രഷ് ആവാൻ ബാത്‌റൂമിലേക്ക് കയറി. തുമ്മൽ ഉള്ളത് കൊണ്ട് തല നനയ്ക്കാതെയാണ് അവൻ ഫ്രഷ് ആയി പുറത്തേക്കിറങ്ങിയത്. തിരിച്ചു വന്നു നോക്കിയപ്പോഴും ശരീരത്തിൽ പുതച്ചിരിക്കുന്ന പുതപ്പിനുള്ളിൽ കൂടിയും അവളുടെ ഉള്ളിലെ പനി ചൂട് പുറത്തേക്ക് തണുത്ത വിറയലായി തുള്ളുന്നുണ്ടായിരുന്നു. കുറച്ചു സമയം അത് നോക്കി നിന്നപ്പോൾ അവൾക്ക് നന്നായി തണുക്കുന്നുണ്ടെന്ന് ശിവയ്ക്ക്

മനസ്സിലായി. പിന്നെ നേരെ ചെന്ന് അലമാര തുറന്ന് അതിൽ നിന്നും കുറച്ചു കട്ടിയുള്ള ബ്ലാങ്കറ്റ് എടുത്തു കൊണ്ട് വന്ന് അവൻ അത് അവളുടെ പുതപ്പിന് മുകളിലായി നന്നായി പുതപ്പിച്ച് കൊടുത്തു. കുറച്ചു നേരം അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്ന് പിന്നെ ഒന്നും മിണ്ടാതെ അവൻ ബെഡിൽ വന്നു കിടന്നു. തുമ്മലും ജലദോഷവും അവനെയും നന്നായി അലട്ടുന്നുണ്ടായിരുന്നു. അതിനുള്ള ടാബ്ലറ്റ് കഴിച്ചു കിടന്നത് കൊണ്ട് മരുന്നിന്റെ ക്ഷീണത്തിൽ പെട്ടെന്ന് തന്നെ അവനും ഉറക്കത്തിലേക്ക് വീണു.

കാലത്ത് ഉറക്കം വിട്ട് പാറു അന്ന് കണ്ണ് തുറന്നപ്പോൾ പതിവിലും ഒരു ഭാരം പോലെ തോന്നിയവൾക്ക്. പതിയെ തല പൊക്കി നോക്കിയപ്പോൾ തന്നെക്കാൾ ഭാരമുള്ള ഒരു ബ്ലാങ്കറ്റ് പാറക്കല്ല് കയറ്റി വെച്ച പോലെ അവളുടെ മേല് കിടക്കുന്നു.

“ഏഹ്… ഇതിപ്പോ ആരാ എന്നെ പുതപ്പിച്ചേ… ഓ ഇന്നലെ പനി ആയതു കൊണ്ട് അമ്മയെങ്ങാനും കിടക്കാൻ പോവുന്ന വഴി ഇവിടെ വന്നു പുതപ്പിച്ച് പോയതാവും….”

മനസ്സിൽ തോന്നിയ ചോദ്യത്തിന് അവൾ തന്നെ ഉത്തരവും കണ്ടെത്തി മെല്ലെ ആ

ബ്ലാങ്കറ്റ് എടുത്തു മാറ്റി എഴുന്നേറ്റു. പല്ലും തേക്കാനും മറ്റുമായി ബാത്‌റൂമിൽ കയറാൻ നിൽക്കുമ്പോഴാണ് ബെഡിൽ കിടക്കുന്ന ശിവയെ അവൾ ശ്രദ്ധിച്ചത്. അവന് നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു.

“ഇതിപ്പോ എന്ത് പറ്റി… ഈ ചൂടത്തും ഇങ്ങേർ കിടന്നു വിറയ്ക്കുന്നു…..”

പിന്നെ എന്തോ ഉൾപ്രേരണയിൽ മടിച്ചു മടിച്ചാണെങ്കിലും അവൾ അവന്റെ നെറ്റിയിൽ കൈ വെച്ചു നോക്കി. ചൂട് കയ്യിൽ തട്ടിയതും അവൾ വേഗം തന്നെ കൈ പിൻവലിച്ചു.

“ഈശ്വരാ.. നല്ല ചൂട് ഉണ്ടല്ലോ… ഒട്ടും വയ്യെന്ന് തോന്നുന്നു…..”

നോക്കിയപ്പോൾ ഉറക്കത്തിൽ ശരീരത്തിൽ നിന്നും മാറി കിടന്നിരുന്ന പുതപ്പെടുത്ത് അവൾ ഒന്ന് കൂടി നന്നായി അവനെ പുതപ്പിച്ചു കൊടുത്തു. എന്നിട്ട് ബാത്‌റൂമിൽ കയറി പെട്ടെന്ന് തന്നെ ഫ്രഷായി പുറത്തേക്ക് ഇറങ്ങി ഭഗവാന്റെ അടുത്ത് വിളക് പോലും കത്തിക്കാൻ നിൽക്കാതെ താഴെക്കിറങ്ങി അടുക്കളയിലേക്ക് ചെന്നു.

“ഹാ.. പാറു കുഞ്ഞ് എഴുന്നേറ്റോ… ഇന്നലെ വൈകീട്ട് പനിച്ചതൊക്കെയല്ലേ എന്തിനാ

മോളെ പിന്നെ ഇത്ര നേരത്തെ എഴുന്നേറ്റത്… കുറച്ചു കൂടി കിടക്കായിരുന്നില്ലേ അവിടെ…..”

“ഏയ്‌.. എനിക്ക് കുറവുണ്ട് ജാനകിയമ്മേ… അമ്മ… അമ്മയെവിടെ പോയി….”

“ഹാ ശ്രീദേവി ചേച്ചി ദേ ഇപ്പോ അങ്ങോട്ട്‌ അമ്പലത്തിലേക്ക് ഇറങ്ങിയതേ ഉള്ളു… ഇന്നെന്തോ ദേവൻ സാറിന്റെ ഓർമ്മ ദിവസം ആണെന്ന് തോന്നുന്നു… അതിന്റെ ആവണം ചേച്ചി എന്തോ സങ്കടത്തിലാണ്… ഒന്ന് അമ്പലത്തിൽ പോയി തൊഴുതിട്ട് വരാന്ന് പറഞ്ഞു…..”

“ഓ…..”

“മ്മ്… എന്തെ കുഞ്ഞിന് എന്തെങ്കിലും ആവിശ്യം ഉണ്ടോ….”

“ഏയ്‌…. ആ.. അല്ലെങ്കിൽ ഇന്നലെ എനിക്ക് ഇട്ടു തന്ന ചുക്ക് കാപ്പിയില്ലേ ജാനകിയമ്മേ.. അതിന്റെ കൂട്ട് എവിടെയാ വെച്ചിരിക്കുന്നെന്ന് പറയോ ജാനകിയമ്മേ….”

“ആ അത് ദേ ആ ഷെൽഫിൽ ഉണ്ട്… എന്ത് പറ്റി കുഞ്ഞിന് കുറവില്ലേ.. എങ്കിൽ പോയി കിടന്നോ… ജാനകിയമ്മ ഉണ്ടാക്കി

കൊണ്ട് തരാം….”

“ഏയ്‌.. അത് വേണ്ട.. ഇത് ഞാൻ തന്നെ ഉണ്ടാക്കിക്കോളാം ജാനകിയമ്മേ… എനിക്ക് കുഴപ്പമില്ല എന്നാലും ഉള്ളിൽ ഇനി വല്ല പനിയും ഉണ്ടേൽ മാറിക്കോട്ടെ കരുതിയിട്ടാ…..”

“ഓ… എന്നാ മോളിട്ടോ.. ജാനകിയമ്മ പോയി അപ്പോഴേക്കും മുറ്റമൊക്കെയൊന്നു തൂത്തിട്ട് വരാം….”

“മ്മ് ശരി ജാനകിയമ്മേ….”

ഷെൽഫിൽ നിന്നും ചുക്കും കുരുമുളക് ഒക്കെ എടുത്തു ചതച്ച് അവൾ തന്നെ ചുക്ക് കാപ്പിയിട്ട് അത് രണ്ടു ഗ്ലാസിലേക്ക് പകർത്തി. അത് കണ്ട് കൊണ്ടാണ് ജാനകി മുറ്റം തൂത്ത് കഴിഞ്ഞ് അടുക്കളയിലേക്ക് വന്നത്.

“ഇതെന്തിനാ മോളെ രണ്ടു ഗ്ലാസ്‌…..”

“ആ.. അത്.. അത് പിന്നെ മോളിൽ കൊണ്ട് വെയ്ക്കാൻ… ഒരു ഗ്ലാസ്‌ കുടിച്ചു കഴിഞ്ഞ് മാറിയില്ലെങ്കിൽ അടുത്തത് കുടിക്കലോ….”

എന്തുകൊണ്ടോ ശിവയ്ക്കാണ് താൻ ആ

കാപ്പിയിട്ടതെന്ന് പറയാൻ അവൾക്കൊരു മടി തോന്നി. അവളുടെ പെരുമാറ്റത്തിൽ എന്തോ പന്തികേട് ഉണ്ടല്ലോന്ന മട്ടിൽ അവളെ നോക്കി നിൽക്കുന്ന ജാനകിയെ നോക്കി ഒന്ന് ഇളിച്ചു കാണിച്ച് അവൾ ആ രണ്ടു ഗ്ലാസ്‌ കാപ്പിയുമായി മുകളിലേക്ക് പോയി. ശിവ അപ്പോഴും നല്ല മയക്കത്തിലായിരുന്നു. നെറ്റിയിലെ ചൂട് കുറഞ്ഞിട്ടില്ലെന്ന് കണ്ട് അവൾ വേഗം അവനെ തട്ടി വിളിക്കാൻ നോക്കി. പിന്നെ പെട്ടെന്ന് എന്തോ ചിന്തയിൽ അവൾ കൈ പിന്നോട്ട് തന്നെ വലിച്ചു.  എന്നിട്ട് രണ്ടു ഗ്ലാസ്‌ കാപ്പിയും എടുത്ത്  പുറത്തേക്ക് ഇറങ്ങി അവൾ മുകളിൽ നിന്നും താഴേക്ക് നോക്കി ശ്രേയയെ വിളിച്ചു.

“ശ്രേയ…. ഏയ്‌.. ശ്രേയ….”

“ഹാ.. എന്താ ചേച്ചി….”

“നീയൊന്ന് ഇങ്ങ് കയറി വന്നേ….”

പടികൾ കയറി വന്ന ശ്രേയയെ നോക്കി മുഖത്ത് അൽപ്പം ഗൗരവം വരുത്തി പാറു.

“നീയൊരു നഴ്സ് അല്ലേടി… എന്നിട്ട് ഒരാൾ വയ്യാതെ കിടക്കുമ്പോൾ ശ്രദ്ധിക്കാൻ പറ്റില്ലേ നിനക്ക്….”

“ഏഹ്.. അതിന് ചേച്ചി ഇന്നലെ വയ്യാതെ കിടന്നപ്പോൾ ഞാൻ തന്നെ അല്ലേ ടാബ്ലറ്റ് എടുത്തു തന്നത്… എന്തേ പനി കുറഞ്ഞില്ലേ… വേണെങ്കിൽ ഭക്ഷണം കഴിഞ്ഞ് ഒരു ടാബ്ലറ്റ് കൂടി…..”

“ഓ.. അതിന് എനിക്കല്ല പനി… നിന്റെ സാറിനാ…”

“ഏഹ് സാറിനോ….”

“മ്മ്… ന്നാ ഇത് ചുക്ക് കാപ്പിയാ… നിന്റെ സാറിനെ വിളിച്ചു എഴുന്നേൽപ്പിച്ച് ഇത് കുടിക്കാൻ പറ….”

കയ്യിലുള്ള ഒരു ഗ്ലാസ്‌ ശ്രേയയുടെ കയ്യിലേക്ക് വെച്ച് കൊടുത്ത് പാറു പറഞ്ഞു.

“ഓഹോ…അപ്പോ ഈ ചുക്ക് കാപ്പി ആരാ ഇട്ടത്….”

“അത് ഞാൻ… ന്ത്‌.. ഇടാൻ പാടില്ലേ…”

“എന്നാപ്പിന്നെ ചേച്ചിയ്ക്ക് തന്നെ സാറിനെ വിളിച്ചു എഴുന്നേൽപ്പിച്ച് കൊടുത്തൂടെ ഇത്….”

“അയ്യടാ.. അങ്ങനിപ്പോ നിന്റെ സാറിന്

അസുഖം മാറേണ്ട… അതേ കൂടുതൽ ചോദ്യം ചോദിക്കാതെ മോള് ചെന്ന് ഒരു ഹോം നഴ്സിന്റെ ഡ്യൂട്ടി നിർവഹിക്ക്… അല്ലെങ്കിലും നീ ഉള്ളപ്പോൾ ഞാൻ എന്തിനാ ഇതൊക്കെ ചെയ്യുന്നേ….”

“ഓ ഓ.. ഉവ്വുവ്വേ… സാറിന്റെ മുന്നിൽ സ്നേഹം ഉണ്ടെന്ന് കാണിക്കാനുള്ള മടി… അതങ്ങ് പറഞ്ഞാൽ പോരെ എന്റെ കള്ളി ചേച്ചി…”

“ദേ പെണ്ണെ ചൂടുള്ളതൊന്നും നോക്കില്ല മുഖത്തു കൂടി ഒഴിക്കും ഇത് ഞാൻ… ഓ.. പിന്നെയ്.. നിന്റെ സാറിനോട് എനിക്ക് സ്നേഹം അല്ല കോപ്പ് ആണ്…. മര്യാദക്ക് പോയി വിളിച്ചുണർത്തി കാപ്പി കൊടുക്കെടി….”

“ഓ… ആയിക്കോളാമേ…”

പാറുവിനെ നോക്കി കൈ കൂപ്പി കളിയാക്കി കൊണ്ട് ശ്രേയ പറഞ്ഞപ്പോൾ തിരിച്ച് ചുണ്ട് കോട്ടി കോക്രി കാണിച്ച് പാറു തന്റെ ഗ്ലാസ്‌ ചുക്ക് കാപ്പിയുമായി പുറത്തു ബാൽക്കണിയിലേക്ക് പോയി.

ഉള്ളിൽ എത്തിയ ശ്രേയ ശിവയുടെ നെറ്റിയിൽ ഒന്ന് കൈ വെച്ചു നോക്കി. നല്ല ചൂടുണ്ട്. അവൾ വേഗം തന്നെ അവനെ

ഷോൾഡറിൽ തട്ടി വിളിച്ച് എഴുന്നേൽപ്പിച്ചു. കണ്ണ് തുറന്നപ്പോൾ മുന്നിൽ ശ്രേയ നിൽക്കുന്നത് കണ്ട് ശിവയൊന്നു കണ്ണ് മിഴിച്ച് നോക്കി.

“എന്ത് പറ്റി ശ്രേയ… നീയെന്താ ഇവിടെ….”

നല്ല തളർച്ചയുണ്ടായിരുന്നു അവന്റെ ശബ്ദത്തിന്.

“ഹാ.. പറ്റിയത് എനിക്കല്ല… സാറിനാ….”

അവളൊന്നു ചിരിച്ചു കൊണ്ട് അവനെ നോക്കി പറഞ്ഞു.

“എനിക്കോ… എന്ത്….”

“മ്മ്.. സാറിന് ഒന്നും തോന്നുന്നില്ലേ… നല്ല പനിയുണ്ട്… തൊട്ട് നോക്കിയേ….”

ശിവ തന്റെ നെറ്റിയിൽ കൈ വെച്ചു നോക്കി.

“മ്മ് പനിക്കുന്നുണ്ട്… നല്ല ബോഡി പെയിനും തോന്നുന്നുണ്ട്… നിന്റെ അടുത്ത് വല്ല ടാബ്ലറ്റ് ഉണ്ടോ… ഞാൻ കൊണ്ട് വെച്ചതിൽ ബാക്കി ഉണ്ടായിരുന്നത് ഇന്നലെ കഴിച്ചു…..”

“ഹാ.. ടാബ്ലറ്റ് ഒക്കെ ഭക്ഷണം കഴിഞ്ഞിട്ട്… ഇപ്പോ എഴുന്നേറ്റ് വന്നു ദേ ഈ ചുക്ക് കാപ്പി ചൂട് പോവുന്നതിനു മുന്നെ കുടിച്ചേ… ഇതിൽ തന്നെ പകുതി പനി വിട്ടു പൊയ്ക്കോളും….”

“ആഹാ നീ അപ്പോഴേക്കും കാപ്പിയൊക്കെ ഇട്ടോ… അല്ല നീയെങ്ങനെ അറിഞ്ഞു എനിക്ക് പണിക്കുന്നുണ്ടെന്ന്…അമ്മ വന്നിരുന്നോ ഇവിടെ.. അമ്മ പറഞ്ഞതാണോ….”

“ഏയ്‌… ശ്രീദേവിയമ്മ കാലത്തു തന്നെ അമ്പലത്തിലേക്ക് പോയതാ ഇത് വരെ എത്തിയില്ല….പിന്നെ ഈ കാപ്പി ഇട്ടതൊന്നും ഞാൻ അല്ല….”

“പിന്നെ… പിന്നെ ആരാ….”

“ആ.. അത് പാറു ചേച്ചി… സാറിന് തീരെ വയ്യെന്നും എഴുന്നേൽപ്പിച്ച് ഈ കാപ്പി കുടിപ്പിക്കെന്നും പറഞ്ഞ് എന്നെ ഇത് ഏല്പിച്ചു ചേച്ചി ദേ ആ ബാൽക്കണിയിൽ പോയി ഇരിക്കുന്നുണ്ട്…..”

“ഓ…..”

“മ്മ്.. സർ എന്നാൽ അതെടുത്തു കുടിക്ക് ട്ടോ.. ഞാൻ താഴേക്ക് ചെല്ലട്ടെ…

എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിച്ചോളൂ… പിന്നെ ഇത് കുടിച്ച് ഒന്ന് മയങ്ങി നോക്കൂ… പനി കുറവില്ലെങ്കിൽ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചിട്ട് ടാബ്ലറ്റ് ഞാൻ എടുത്തു തരാം….”

“മ്മ് ശരി ടാ…”

പുറത്തേക്ക് ഇറങ്ങി പോവുന്ന ശ്രേയയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ശിവ എങ്ങനെയൊക്കെയോ തപ്പി പിടിച്ച് ബെഡിൽ നിന്നെഴുന്നേറ്റ് ബാത്‌റൂമിൽ പോയി ബ്രഷ് ചെയ്ത് മുഖവും കഴുകി വന്നു. ടേബിളിൽ വെച്ച ചൂട് ചുക്ക് കാപ്പിയെടുത്ത് അവനൊന്നു ചുണ്ടോട് ചേർത്തു. ഒരു മൊത്തി കുടിച്ചപ്പോൾ അതിന്റെ എരിവ് അവൻ ഉള്ളിലേക്ക് വലിച്ചു. എരുവും ശർക്കരയുമൊക്കെ പാകമായിരുന്നു അതിൽ. ഒരിറക്ക് കുടിച്ചു കൊണ്ട് അവൻ അതുമായി മുറിയ്ക്ക് പുറത്തേക്കിറങ്ങി. എന്തു കൊണ്ടോ അവന്റെ കാലുകൾ ചലിച്ചത് ബാൽക്കണിയിലേക്കാണ്. അവിടെ സിറൗട്ടിൽ ഇരുന്നു ചുക്ക് കാപ്പി ഊതി കുടിക്കുകയായിരുന്നു പാറു. ശിവ വന്നപ്പോൾ ഏതോ ലോകത്തെന്ന പോലെ താഴേക്ക് മിഴി പതിപ്പിച്ച് ഇരിക്കുകയാണ് അവൾ. ഒരു കയ്യിൽ ചുക്ക് കാപ്പിയുമുണ്ട്. അവൻ അവളുടെ കണ്ണുകളുടെ

ദിശയിലേക്ക് മിഴിയെറിഞ്ഞപ്പോൾ മറു കയ്യിൽ മുറുക്കെ പിടിച്ച താലി ലോക്കറ്റിലേക്ക് കണ്ണിമ വെട്ടാതെ നോക്കി നിൽക്കുകയായിരുന്നു പാറുവിന്റെ കണ്ണുകൾ. മൗനമായി അതിനോടെന്തോ പറയുന്ന പോലെ. എന്തോ  ആ കാഴ്ച അവനിലൊരു ചലനമുണ്ടാക്കി. ഒരു വേള ഗൗതമിന്റെ വാക്കുകൾ അവന്റെ മനസ്സിലേക്ക് ഓടിയെത്തി.

“പാവങ്ങൾ… ആ താലിയോടുള്ള ബഹുമാനം കൊണ്ടാവും അവരെല്ലാം സഹിക്കുന്നത്…..”

അവിടെ നിന്നും തിരിഞ്ഞു നടക്കുമ്പോൾ ആ വാക്കുകൾ തന്നെ മനസ്സിൽ അലയടിച്ചു നിന്നു.

“താൻ ഇത്രയൊക്കെ ഉപദ്രവിച്ചിട്ടും ആ താലിയെ അവൾ സ്നേഹിക്കുന്നുണ്ടാവോ…ബഹുമാനിക്കുന്നുണ്ടോ….”

ചിന്തകളുടെ ഞെരി പിരിയലിൽ മുറുകി ശിവ കണ്ണുകളച്ചു.

ചുക്ക് കാപ്പി കുടിച്ചു തീർത്ത് ഒഴിഞ്ഞ ഗ്ലാസുമായി പാറു റൂമിലെത്തിയപ്പോഴേക്കും ശിവ മയക്കത്തിലേക്ക് വീണിരുന്നു.

ഉറങ്ങികിടക്കുന്ന അവന്റെ മുഖത്തേക്ക് നോക്കി നിന്നപ്പോൾ എന്തൊരു വാത്സല്യം തോന്നിപ്പോയി അവൾക്ക്. ചൊടിയിൽ അറിയാതെ വിരിഞ്ഞ പുഞ്ചിരിയോടെ അവൻ കുടിച്ചു വെച്ച ഗ്ലാസും എടുത്ത് അവൾ അടുക്കളയിലേക്ക് പോയി.

മണിക്കൂർ രണ്ടായിട്ടും ശിവയുടെ ഒരു അനക്കവും ഉണ്ടായില്ല. ഇതിനിടയിൽ ശ്രീദേവി അമ്പലത്തിൽ നിന്ന് വന്നപ്പോൾ അവനുള്ള ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ മുകളിൽ കൊണ്ട് കൊടുത്തിരുന്നു അവർ. ഇന്ന് അവൻ ഓഫീസിൽ പോവുന്നില്ലെന്ന് ശ്രീദേവി പറഞ്ഞ് പാറു അറിഞ്ഞിരുന്നുവെങ്കിലും സമയം ഇത്രയായിട്ടും അവനെ പുറത്തേക്ക് പോലും കാണാഞ്ഞ് അവൾക്ക് എന്തോ അസ്വസ്ഥത പോലെ തോന്നി. ഇനി പനി എങ്ങാൻ അധികം ആക്കി കാണുമോന്നുള്ള ആധി ഉള്ളിൽ കുടുങ്ങിയപ്പോൾ അവൾ ശ്രീദേവിയെ തപ്പി നടന്നു. നോക്കിയപ്പോൾ ശ്രീദേവിയും സരസ്വതിയമ്മയും ജാനകിയമ്മയും  കൂടി പറമ്പിൽ എന്തോ നടാൻ രാഘവനെ സഹായിക്കുകയായിരുന്നു. അത് നോക്കി ഓരോ നിർദേശം കൊടുത്തു കൊണ്ട് കൃഷ്ണ മേനോനും കൂടെ തന്നെയുണ്ട്. ശ്രേയ ആണേൽ അകത്തു മുത്തശ്ശിയ്ക്ക് കാലിൽ തൈലം ഇട്ടു കൊടുക്കുന്ന

തിരക്കിലുമാണ്.

“ഓഹ്.. ഈ അമ്മയ്ക്ക് പറമ്പിൽ അത് നടാഞ്ഞിട്ടാണോ ഇപ്പോ തിടുക്കം… സ്വന്തം മോനല്ലേ വയ്യാതെ മുകളിൽ കിടക്കുന്നെ… ഒന്ന് പോയി നോക്കിക്കൂടെ എങ്ങനെ ഉണ്ടെന്ന്….”

അവൾ ആരോടെന്നില്ലാതെ അവിടെ നിന്ന് പിറു പിറുത്തു. ശ്രീദേവി അവിടുന്ന് ഇപ്പോഴൊന്നും വരില്ലെന്ന് കണ്ടപ്പോൾ രണ്ടും കല്പിച്ചു അവൾ തന്നെ അവന് എങ്ങനെയുണ്ടെന്ന് നോക്കാൻ മുകളിലേക്ക് കയറി. അടച്ചിട്ട ഡോർ തുറന്ന് ഉള്ളിലേക്ക് നോക്കിയ പാറു അവിടുത്തെ കാഴ്ച കണ്ട് കണ്ണ് തള്ളി പോയി.

(തുടരും )