19/04/2026

സ്നേഹാംബരം : ഭാഗം 20

രചന – ശ്രീതു ശ്രീ

ലിന്റയുടെ കാറ് ജോണി കണ്ടില്ലായിരുന്നു…. അവൻ റോഹന്റെ കൈയും പിടിച്ച് കടയ്ക്കുള്ളിലേക്ക് കയറി… . ഒഴിഞ്ഞുകിടന്ന ഒരു ടേബിളിന് അടുത്ത് ചെന്ന് അവൻ നിന്നു….. നേഹ ജനിയെയും എടുത്തുകൊണ്ട് അവിടെ തന്നെ എത്തി.. അവൻ ചൂണ്ടിയെ കസേരയിൽ റോഹന് സമീപത്തായി ജനിയെയും ഇരുത്തി….. ജോണിയും നേഹയും മക്കൾ ഇരുന്നതിനു എതിർ വശത്തായി ഇരുന്നു. ആദ്യമായിട്ടായിരുന്നു എല്ലാവരും ഒന്നിച്ച് പുറത്തുകൊണ്ടുപോകുന്നത്…. അതിന്റെ സന്തോഷത്തിൽ ആയിരുന്നു എല്ലാവരും.. കുട്ടികളെക്കാൾ ഉപരി കൂടുതൽ സന്തോഷിച്ചത് ഒരുപക്ഷേ നേഹ തന്നെയായിരിക്കണം…. ജോണിയുടെ അടുത്തുതന്നെയാണ് നേഹ ഇരുന്നത്….. ലിന്റയും ജോണിയെ കണ്ടില്ലായിരുന്നു…. ഒന്നുമറിയാതെ അവൾ വന്നിരുന്നത് ജോണിയും കുടുംബവും ഇരുന്ന ടേബിളിന്റെ നേരെ പുറകിലുള്ള ടേബിളിൽ ആണ്. ലിന്റ ഇരുന്ന് ശേഷം നേരെ നോക്കിയത് ജോണിയുടെ മുഖത്തേക്കാണ്…. അവനെ കണ്ടതും അവൾ ആകെ പരിഭ്രമിച്ചു പോയി….

ജോണിയാകട്ടെ അപ്പോഴും അവളെ കണ്ടതുമില്ല… അവൻ റോഹനോടും ജനിയോടും കൊച്ചു വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു…. ലിന്റ പിന്നെ നോക്കിയത് നേഹയെ ആണ്.. അവളാകട്ടെ ലിന്റ നോക്കുന്നത് കണ്ടെങ്കിലും അതാരെന്ന് മനസ്സിലാകാത്തതിനാൽ അധികം ശ്രദ്ധിക്കാനും പോയില്ല…. ഷാർജ കുടിച്ചു കൊണ്ടിരിക്കുന്നത് ഇടയിലാണ് ജോണി തന്നെ മുന്നിലുള്ള ടേബിളിൽ ലിന്റ ഇരിക്കുന്നതും അവൾ നോക്കുന്നതും കണ്ടത് .. അവളുടെ മുഖം കണ്ടപ്പോൾ അവന് ദേഷ്യം തോന്നി… എങ്കിലും സാഹചര്യം മനസ്സിലാക്കി അനങ്ങാതെ ഇരുന്നു… ലിന്റ മുന്നിൽ ഇരിക്കുന്നത് കൊണ്ട് തന്നെ അവൻ നേഹയോട് കൂടുതൽ ചേർന്നിരുന്നു… തന്റെ ഇടത് കൈയെടുത്ത് നേഹയുടെ തോളിൽ വച്ചു…. പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് നാലുപേരെയും കൂട്ടി സെൽഫി എടുത്തു….. സെൽഫി എടുത്തു കഴിഞ്ഞിട്ടും അവൻ നേഹയുടെ തോളിൽ നിന്ന് കൈ എടുത്തില്ല…. ലിന്റയ്ക്ക് അതൊന്നും ഇഷ്ടമാകുന്നുണ്ടായിരുന്നില്ല….

അവളുടനെ തന്നെ അവിടുന്ന് എഴുന്നേറ്റ് പോയി…. പോകുന്നതിനിടയിൽ ജനിയെ ഒന്നു നോക്കാനും മറന്നില്ല… അധികം വയ്കാതെ ജോണിയും കുടുംബവും അവിടെ നിന്നും ഇറങ്ങി… പിന്നവർ പോയത് ഒരു വസ്ത്രശാലയിലേക്കാണ്… റോഹനും ജനിക്കും ഡ്രസ്സുകൾ എടുക്കാൻ വലിയ ഉത്സാഹം ആയിരുന്നു…. പക്ഷേ നേഹയ്ക്ക് മാത്രം ഒരു മടി തോന്നി….. അത് ജോണിക്കു മനസ്സിലാവുകയും ചെയ്തു…. “നേഹേ… എന്തായിത്…? നിന്നെ ഇവിടെ കൊണ്ടുവന്നത് ഇവിടുത്തെ കാഴ്ചകൾ കാണാനാണോ…? ഇഷ്ടമുള്ളത് സെലക്ട് ചെയ്തോ….. ഞാൻ സെലക്ട് ചെയ്താൽ പരമ ബോറായിരിക്കും അല്ലെങ്കിൽ എപ്പഴേ സെലക്ട് ചെയ്തേനേ…” ” എനിക്ക് അതൊന്നും കുഴപ്പമില്ല….ഇച്ചായൻ എന്ത് സെലക്ട് ചെയ്താലും എനിക്കിഷ്ടമാകും…. ഒരു സാരിയോ ചുരിദാറോ വല്ലൊം എടുക്കാം അല്ലാതെ വേറെ ഒന്നും വേണ്ട…” ” എങ്കിൽ പിന്നെ അതിന്റെ സെക്ഷനിലോട്ട് ചെല്ല്…. ” ” അപ്പോൾ ഇച്ചായൻ വരുന്നില്ലേ…?? ” ഞാൻ വരണോ..? ” അവന് സംശയമായി….. “വാന്നെ….” അവൾ അവന്റെ കയ്യിൽ ചുറ്റിപ്പിടിച്ചുകൊണ്ട് സാരികൾ ഇരിക്കുന്നിടത്തേക്ക് നടന്നു…..

കുട്ടികളും കൈകോർത്തുകൊണ്ട് അവർക്കു മുന്നിൽ ഉണ്ടായിരുന്നു… സെയിൽസ് ഗേൾസ് കുറെ സാരികൾ അവർക്ക് മുന്നിലേക്ക് വാരിയിട്ടു…. അതിൽ ഏതെടുക്കണമെന്ന് ജോണിക്ക് കൺഫ്യൂഷനായി…. അവളുടെ കണ്ണ് ഏതിലെങ്കിലും ഉടക്കുന്നുണ്ടോന്ന് അവൻ നോക്കുന്നുണ്ടായിരുന്നു…താൻ സെലക്ട്‌ ചെയ്യുന്നത് ചിലപ്പോൾ ഇഷ്ടമായില്ലെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞാലോ…?..നേഹയുടെ ഇത് വരെയുള്ള പെരുമാറ്റത്തിൽ നിന്ന് അവനാ സ്വഭാവം ബോധ്യമായതാണ്….. ഇടയ്ക്കൊന്നിന്റെ വില നോക്കുന്നത് കണ്ടപ്പോൾ ജോണി കാലുകൊണ്ട് അവളെയൊന്നു തട്ടി…കാര്യം മനസ്സിലായത് പോലെ അവൾ അവനെ ഒന്ന് നോക്കി..അവന്റെ മുഖത്തെ ഗൗരവം കണ്ടപ്പോൾ അവൾക്ക് ആകെ പരിഭ്രമം ആയി… “എന്താടോ ഒന്നും ഇഷ്ടമായില്ലേ…? എല്ലാം എനിക്കിഷ്ടമായി…. അതിൽ ഏത് ഇപ്പോ തിരഞ്ഞെടുക്കും എന്നതാണ് പ്രശ്നം… “എങ്കിൽ ഞാനൊരെണ്ണം എടുക്കട്ടെ…? അവൾ സമ്മതമെന്നോണം തലയാട്ടി…

അവൻ അതിൽ നിന്ന് ഒരു പർപ്പിൾ കളർ സാരിയെടുത്തു….. ഈ നീലകൂടി എടുക്കട്ടെ… വേറൊരു സാരി ചൂണ്ടി കാണിച്ചുകൊണ്ട് ചോദിച്ചു… “ഏയ്‌..വേണ്ട… ഇപ്പൊ ഇതു മതി.. ഇച്ചായൻ എന്നതാ എടുക്കുന്നത്..?” “ഞാൻ പിന്നെ എടുത്തോളാം….” “അതെന്താ ഇപ്പോൾ എടുത്താൽ…? ഇവിടുത്തെ സെലക്ഷൻ ഒന്നും പറ്റില്ലേ..? നമുക്ക് ഒരു ഷർട്ട് നോക്കിയാലോ…? “ഒള്ളത് തന്നെ ഞാൻ ഇടുന്നില്ല… പിന്നാ… “എങ്കിൽ പിന്നെ എന്തിനാ നിർബന്ധിച്ചു എന്നെക്കൊണ്ട് സാരിയെടുപ്പിച്ചത്..? ഞാനും എപ്പോഴുംസാരി ഉടുത്തല്ലല്ലോ നടക്കുന്നത്…. “നീ ചുമ്മാ വഴക്ക് കൂടാൻ നിൽക്കാതെ… ഞാൻ പറയുന്നത് കേട്ടാൽ മതി… “”വല്ലപ്പോഴും ഒക്കെ ഞാൻ പറയുന്നതും തിരിച്ചു കേൾക്കാം… അതിനു മറുപടിയായി അവനൊന്നും മിണ്ടിയില്ല… “പിന്നെ….നമുക്കു മാത്രം എടുത്താൽ മതിയോ….? അമ്മച്ചിക്കും ജിനുവിനും ഒന്നും എടുത്തില്ലല്ലോ…. “”ഞാനും ഇപ്പോൾ അത് പറയാൻ വരുവായിരുന്നു…. എന്താണ് അവർക്കൊക്കെ എടുക്കുക…? എനിക്കങ്ങനെ ഡ്രസ്സ് എടുത്തൊന്നും പരിചയമില്ല…. എന്തായാലും നീ തന്നെ എടുത്തോ…. അവൻ പറഞ്ഞത് അനുസരിച്ച് അവൾ ജിനുവിന് ഒരു ചുരിദാറും അന്നമ്മയ്ക്ക് ഒരു സാരിയും മോനച്ചന് ഒരു മുണ്ടും എടുത്തു… ബില്ലടിച്ചപ്പോൾ അവൻ പ്രതീക്ഷിച്ചതിലും തുക ആയിരുന്നു…അവൻ പറഞ്ഞില്ലെങ്കിലും നേഹയ്ക്കും അത്‌ മനസ്സിലായി…..

തുണി കടയിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും ഉച്ച ആകാറായിരുന്നു….. ഉച്ചയ്ക്ക് കഴിക്കുന്നതും ഏതെങ്കിലും ഒരു ഹോട്ടലിൽ നിന്ന് ആകാമെന്ന് ജോണി നേരത്തെ തീരുമാനിച്ചിരുന്നു… കയ്യിൽ പൈസ കുറവാണെങ്കിലും മുൻ തീരുമാനത്തിന് മാറ്റമൊന്നും വരുത്താൻ അവൻ തയ്യാറായില്ല…. തിരികെ വീട്ടിലെത്തിയപ്പോൾ എല്ലാവർക്കും സന്തോഷം ആയിരുന്നു….. തന്നെ കൂടി കൊണ്ടുപോകാത്തതിൽ ജിനു മാത്രം അല്പം പരിഭവം കാണിച്ചു…. എങ്കിലും നേഹ സെലക്ട് ചെയ്ത് ചുരിദാർ അവൾക്ക് ഒത്തിരി ഇഷ്ടമായി… അങ്ങനെ സന്തോഷങ്ങളും സങ്കടങ്ങളും പിണക്കവും ഇണക്കവും നിറഞ്ഞ ആ പകൽ യാത്രയായി….ഇരവിന്റെ നിഴലുകൾ ഭൂമിയെ പരിണയിച്ചു തുടങ്ങി…. ആകാശത്ത് നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി…. ബൈബിൾ വായനയും കഴിഞ്ഞ് അന്നമ്മയും പിള്ളേരും ടിവിക്കു മുന്നിൽ സ്ഥാനം പിടിച്ചു….

വൈകുന്നേരം ജംഗ്ഷനിൽ പോയ മോനച്ചൻ ഇതുവരെയും മടങ്ങിവന്നിട്ടില്ല…. ജോണി എവിടെ എന്നറിയാൻ നേഹ മുറിയിലേക്ക് ചെന്നു. പക്ഷേ അവൻ അവിടെ ഉണ്ടായിരുന്നില്ല… ഇതെവിടെപ്പോയെന്ന ചിന്തയിൽ അവൾ തിരികെ ഹാളിൽ എത്തി റോഹനോട് ” പപ്പ എന്തിയേ” എന്ന് ചോദിച്ചു….അവൻ അറിയത്തില്ലെന്ന് കൈമലർത്തി കാണിച്ചപ്പോൾ അന്നമ്മ പറഞ്ഞു…..” അടുക്കളയിൽ നോക്ക് കൊച്ചെ.. അവൻ അങ്ങോട്ട് പോകുന്നത് കണ്ടല്ലൊ…. ” അത് കേട്ടു നേഹ അടുക്കളയിലേക്ക് ചുവടുകൾ വച്ചു…. അടുക്കളയിൽ ആകെ ഒന്ന് കണ്ണോടിച്ചെങ്കിലും അവനെ മാത്രം കണ്ടില്ല… അപ്പോഴാണ് തുറന്ന് കിടക്കുന്ന വാതിൽ അവളുടെ ശ്രദ്ധയിൽ പെട്ടത്…. അതുവഴി നോക്കിയപ്പോൾ ജോണി ഭിത്തിയിൽ ചാരി മുറ്റത്തേക്കിറങ്ങുന്ന പടിയിൽ നിൽപ്പുണ്ടായിരുന്നു….. ആരുടെയും കണ്ണിൽപ്പെടാതെ ഒരു സിഗരറ്റ് വലിക്കുന്നതിനുള്ള ഒരുക്കത്തിൽ ആയിരുന്നു അവൻ… നേഹയ്ക്ക് അതൊന്നും മനസ്സിലായില്ലെങ്കിലും അവൾ അവന്റെ അടുത്തേക്ക് ചെന്നു…

” ഇച്ചായാ…. എന്നാ എടുക്കുവാ ഇവിടെ..? അവളുടെ ശബ്ദം കേട്ടതും അവനൊന്നു പതറി… കയ്യിലിരുന്ന കത്തിച്ച സിഗരറ്റും ലാമ്പും അവളുടെ കണ്ണിൽ പെടാതെ പിറകുവശത്തേക്ക് മാറ്റി…. ” ഒന്നുമില്ല….. ഞാൻ വെറുതെ ഇങ്ങോട്ട് ഒന്നിറങ്ങി എന്നേയുള്ളൂ…. നീ ടിവി കാണുന്നില്ലായിരുന്നൊ…? ” ഓ ഞാനങ്ങനെ സ്ഥിരമായിട്ടൊന്നും കാണാറില്ല…. ” അവൾക്ക് അപ്പോഴേക്കും സിഗരറ്റിന്റെ മണം കിട്ടിയിരുന്നു. ” എന്താ ഇച്ചായാ സിഗരറ്റിന്റെ മണം നല്ലോണം വരുന്നല്ലോ….? ” “” റോഡിൽ കൂടെ ആരെങ്കിലും വലിച്ചു കൊണ്ടുപോകുന്നതായിരിക്കും…. കാറ്റടിച്ചു ഇങ്ങോട്ട് വരുന്നതാ…. നേഹ മറ്റൊന്നും ചിന്തിക്കാതെ അത് വിശ്വസിച്ചു… ഇതിനിടയിൽ അവൻ ഭിത്തിയിൽ കുത്തി സിഗരറ്റ് കെടുത്തിയിരുന്നു….എന്നിട്ട് നിലത്തിട്ട് കാലുകൊണ്ട് ചവിട്ടുകയും ചെയ്തു…..

ലാമ്പ് പതുക്കെ സമീപത്തെ ജനൽ പടിമേൽ വച്ചു…. പക്ഷേ അത് മാത്രം നേഹയുടെ കണ്ണിൽ പതിഞ്ഞു….. അവൾ സംശയത്തോടെ ആ സിഗരറ്റ് ലാംപെടുത്തു…. എന്നിട്ട് അവനെ ഒന്ന് നോക്കി….. കള്ളം പിടിക്കപ്പെട്ടവനെ പോലെ അവളിൽ നിന്നും അവൻ ദൃഷ്ടി മാറ്റി…… “ഒന്നിങ്ങോട്ടൊന്നു മാറിക്കെ…”എന്നു പറഞ്ഞവൾ ജോണിയെ മുറ്റത്തേക്ക് ഇറക്കി… അവൻ നിന്നിടത്ത് സിഗരറ്റ് കിടക്കുന്നത് കണ്ടതും നേഹയുടെ മുഖം ചുളിഞ്ഞു… ” ഇച്ചായോ എന്നതാ ഇത്…? ” അവളുടെ ചോദ്യം കേട്ടപ്പോൾ ചെയ്ത പ്രവർത്തിയെക്കാൾ ഉപരിയായി അവൻ ഓർത്തത് താൻ പറഞ്ഞുപോയ കള്ളത്തെക്കുറിച്ച് ആയിരുന്നു….. ( തുടരും)