രചന – സിന്ധു അപ്പുക്കുട്ടൻ
“നീയെന്താ ഇന്ന് ഓഫീസിൽ പോകുന്നില്ലേ. ഇങ്ങനെ ചടഞ്ഞു കൂടിയിരിക്കുന്നെ.?
രാവിലെ ബ്രേക്ക്‌ഫാസ്റ്റും, ആതിരക്കുള്ള ടിഫിനും ഒരുക്കുകയായിരുന്നു രണ്ടുപേരും.
ആതിര സ്ലാബിൽ കയറിയിരുന്ന് തോരനുള്ള ബീറ്റ്റൂട്ട് അരിയാൻ തുടങ്ങിയിട്ട് നേരമേറെയായി.. യാതൊരു തിടുക്കവുമില്ലാതെ അലസതയോടെ.
“ഇന്നലെ രാത്രി മുഴുവൻ അട്ടഹാസമല്ലാരുന്നോ. പിന്നെയുള്ളവരുടെ ഉറക്കവും പോയി.
“ഓ.. പിന്നെ.. ഈ നേരം വരെ കൂർക്കംവലിച്ചുറങ്ങിയവളാ എന്നിട്ടും ഉറങ്ങിയില്ലത്രേ.”
ദേ.. ചുമ്മാ ചൊറിയാൻ വരല്ലേ.
ആതിര അച്ഛനെ നോക്കി മുഖം വീർപ്പിച്ചു.
രാവിലെ പലവട്ടം അവൾ അച്ഛനോട് ചോദിച്ചു ഇന്നലത്തെ ചിരിയുടെ കാരണം. അവളെ മനപ്പൂർവം ദേഷ്യം പിടിപ്പിക്കാൻവേണ്ടി കൃഷ്ണനുണ്ണി ഒന്നുമില്ലയെന്ന് പറഞ്ഞൊഴിഞ്ഞു. അവളുടെയിരുപ്പ് കണ്ടപ്പോൾ അതാണ് കാര്യമെന്ന് അയാൾക്ക് മനസ്സിലായി. അടക്കി വെച്ച ചിരി അറിയാതെ പുറത്തേക്ക് ചാടി.
ഹഹഹ…
“പിന്നേം തുടങ്ങിയല്ലോ കിണിക്കല്. ചെറിയച്ചനെ വിളിച്ച് ഉടനെ വരാൻ പറയണം. ഇതങ്ങനെ വിട്ടാൽ പറ്റില്ല. ഒരു കാരണവുമില്ലാതെ ചിരിക്കുന്നതിന്റെ മീനിങ് വേറെയാ. ഇപ്പോ കൊണ്ട്പോയാൽ മരുന്നിൽ നിൽക്കും. ഇല്ലെങ്കിൽ ഷോക്ക് തന്നെ വേണ്ടി വരും.
ആതിര ഫോണെടുത്തു നമ്പർ ഡയൽ ചെയ്യാൻ തുടങ്ങിയതും കൃഷ്ണനുണ്ണി അടക്കാനാകാത്ത ചിരിയോടെ ഫോണിൽ പിടുത്തമിട്ടു.
“ഹഹഹ… എന്റെ പൊന്നോ.. ഞാൻ പറയാം.. ഈ ചിരിയൊന്നു ചിരിച്ചു തീർത്തോട്ടെ.നീ പോയി ബ്രഷ് ചെയ്ത് കുളിയൊക്കെ കഴിച്ചു വാ. നിന്റെയീ കിറുങ്ങിയ മോന്ത കണ്ടാൽ എനിക്ക് പിന്നേം ചിരി വന്നു പോകും. ഹഹഹ.. ഒന്ന് ചെല്ല് പ്ലീസ്… ഹഹഹ
“എന്റെ മോന്ത കണ്ടാൽ ഇത്ര ചിരിക്കാൻ മാത്രം എന്തോന്നിരിക്കുന്നു.
“ഒന്നുമില്ല.. അച്ഛനെ നിനക്കറിഞ്ഞൂടെ. സന്തോഷം വന്നാൽ ഇങ്ങനെ ചിരിക്കുമെന്ന്. ചെല്ല് പോയി കുളിക്ക്.
അയാൾ അവളെ ഉന്തിത്തള്ളി അടുക്കളയിൽ നിന്നിറക്കി വിട്ടു.
അച്ഛൻ ചിരി തുടങ്ങിയാൽ നിർത്തില്ല എന്ന് ആതിരക്കറിയാം. നിസാര കാര്യങ്ങൾക്ക് പോലും കൊച്ചുകുട്ടികളെപ്പോലെ പൊട്ടിച്ചിരിക്കുന്ന അച്ഛനെ കാണുന്നത് ആതിരക്ക് സന്തോഷമുള്ള കാര്യമാണ്. അങ്ങനെയെങ്കിലും അച്ഛൻ ഹാപ്പിയാകുന്നല്ലോ എന്ന സമാധാനം.പക്ഷേ അവളത് പുറത്ത് കാട്ടാതെ അയാളെ ദേഷ്യം പിടിപ്പിച്ചുകൊണ്ടിരിക്കും.
“ഞാൻ പറയാറില്ലേ ഞങ്ങളുടെ ക്ലാസ്സിലുണ്ടായിരുന്ന ടോമിയെക്കുറിച്ച് ഞങ്ങളുടെ ചെറിയമനുഷ്യൻ..നീയിന്നലെ കവിതയെക്കുറിച്ച് പറഞ്ഞപ്പോൾ ഞാനാ പഴയ ക്ലാസ്സ്‌മുറിയിൽ ചെന്നിരുന്നു ഇത്തിരി നേരം.
അവന്റെ ഓരോ മണ്ടത്തരങ്ങൾ പിന്നെയും പിന്നെയും കണ്മുന്നിൽ.പിടിച്ചിട്ട് കിട്ടിയില്ല. ചിരിച്ചു പോയി. അത്രേയുള്ളൂ.
ചായ കുടിച്ചുകൊണ്ടിരിക്കേ കൃഷ്ണനുണ്ണി ആതിരയോട് പറഞ്ഞു.
“ഇതൊന്ന് മൊഴിയാനാണോഇന്നലെ മുതൽ ഇത്രയും ജാഡ കാണിച്ചേ??
ആതിര ചുണ്ട് കോട്ടി.
അന്നേരം ചിരി വന്നിട്ട് പറയാൻ പറ്റണ്ടേ.
ഉം… ഇവിടെയായത് ഭാഗ്യം. വേറെ എവിടേലും ആയിരുന്നെങ്കിൽ അച്ഛനെ എല്ലാരും കൂടി തല്ലിക്കൊന്നേനെ. അമ്മാതിരി ചിരിയല്ലാരുന്നോ.
“ആ അതൊക്കെ പോട്ടെ അരുണിനോട് എന്ത് മറുപടി പറയണം.. എന്താ നിന്റെ ഡിസിഷൻ വൈകിട്ട് പ്രഭ ഇങ്ങോട്ടിറങ്ങാമെന്നു പറഞ്ഞിട്ടുണ്ട്. എന്നായാലും ഇതിനൊരു തീരുമാനം എടുത്തല്ലേ പറ്റൂ.
“അച്ഛനും, ചെറിയച്ഛനും കൂടി എല്ലാം തീരുമാനിച്ചോളൂ.എനിക്കെന്തും സമ്മതമാണ്.
“അങ്ങനെയല്ല ആതു.. നിന്റെ ഫ്യൂച്ചർ, നിന്റെ ലൈഫ്. അതിൽ തീരുമാനമെടുക്കുന്നത് നിന്റെ മാത്രം സ്വാതന്ത്ര്യമാണ്. മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അവിടെ പ്രസക്തിയില്ല.നഷ്ടപ്പെട്ടുപോയ ഒരാളെയോർത്തു ജീവിതം നശിപ്പിക്കരുത് എന്നേ ഞങ്ങൾക്ക് നിന്നോട് പറയാൻ കഴിയു. ബാക്കിയെല്ലാം നിന്റെ ഇഷ്ടം.
“ഞാൻ പൂർണ്ണമനസ്സോടെ സമ്മതിച്ചിരിക്കുന്നു. പോരേ.
അയാൾ കേട്ടത് വിശ്വസിക്കാനാകാത്തത് പോലെ അല്പനേരം കൂടി അവളെ നോക്കിയിരുന്നു.
ശരിയെന്നാൽ നീ റെഡിയാകാൻ നോക്ക്. സമയം വൈകുന്നല്ലോ.
ആ.. പിന്നെയുണ്ടല്ലോ എനിക്ക് അരുണിനോട് പേർസണലായി കുറച്ചു സംസാരിക്കണം.
അതിനെന്താ. എപ്പോ വേണേലും അതാവാം.
മനസ്സിലുണർന്നു വരുന്ന ആഹ്ലാദത്തോടെ അയാൾ സമ്മതം മൂളി.
ഉം…
ഒന്ന് മൂളിക്കൊണ്ട് ആതിര പ്ലേറ്റുമെടുത്തു അടുക്കളയിലേക്ക് നടന്നു.
അവളുടെ പോക്ക് നോക്കിയിരിക്കെ കൃഷ്ണനുണ്ണിക്ക് നെഞ്ചിൽ വല്ലാത്തൊരു വിങ്ങൽ മുളപൊട്ടി.
പാവം… എത്ര മാത്രം സങ്കടങ്ങൾ ഉള്ളിലൊതുക്കിയാണ് എന്റെ കുട്ടിയിങ്ങനെ പുറമെ ചിരിച്ചു നടക്കുന്നെ.
******************************
“മുത്തശ്ശിക്ക് നിന്നെയൊന്നു കാണണം ന്ന് പറയുന്നുണ്ടായിരുന്നു.നീ പിന്നെ അങ്ങോട്ടൊന്നു വന്നതേയില്ലല്ലോ ആതൂട്ടി…
അമ്മ ഇടയ്ക്കിടെ പരാതി പറയുന്ന കേൾക്കാം.അവള് വല്യ ജോലിക്കാരിയായതിന്റെ ഗമയാണെന്ന്.
പ്രഭാകരൻ ആതിരയെ നോക്കി ചിരിച്ചു.
“മുത്തശ്ശിയോട് കുറച്ചു ദിവസം ഇവിടെ വന്നു താമസിക്കാൻ പറഞ്ഞാൽ അതിലും വലിയ ഗമയാണല്ലോ . അപ്പൊ ഇച്ചിരിയൊക്കെ ആതുവിനും ആകാം.
“ഹഹഹ.. അത് ശരിയാ. അമ്മയെ അങ്ങനെ വിട്ടാൽ പറ്റില്ല അല്ലെ ഏട്ടാ.
ഉം… കൃഷ്ണനുണ്ണി ആ തമാശ ഉൾക്കൊള്ളാനാകാതെ വെറുതെ മൂളി.
ആതിരക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് മാലിനിയുടെ മരണം. ചടങ്ങുകൾ കഴിഞ്ഞ് എല്ലാരും പോകാനിറങ്ങുന്ന കൂട്ടത്തിൽ അമ്മയുമുണ്ടെന്നു കണ്ടപ്പോൾ കൃഷ്ണനുണ്ണിക്ക് നെഞ്ച് പിടഞ്ഞു.
താനും മോളും ഇനിയങ്ങോട്ട് തനിച്ചാണല്ലോ എന്ന സങ്കടമോ ഈ പൊടിക്കുഞ്ഞിനേയും കൊണ്ട് എന്റെ മോനിനി എന്തു ചെയ്യും എന്ന വേവലാതിയോ ആ മുഖത്തു കണ്ടില്ല.
അച്ഛനുമമ്മയുമില്ലാത്തതിനാൽ മാളുവിന്റെ ഭാഗത്തു നിന്നും ആരുമുണ്ടായില്ല അവർക്ക് കൂട്ടിന്.
കൃഷ്ണനുണ്ണിയാകട്ടെ ആരെയും നിർബന്ധിച്ചുമില്ല.
പിന്നെയങ്ങോട്ട് ആതുവിന് അച്ഛനും അച്ഛന് ആതുവും മാത്രമായിരുന്നു ലോകം.
ഓഫീസിൽ പോകുമ്പോൾ മോളെ നോക്കാൻ അടുത്തുള്ള കമലമ്മയെ ഏർപ്പാടാക്കി.
മുത്തശിയേക്കാളും ആതിരക്കിഷ്ടം കമലമ്മയെയാണ്.
ഇപ്പോഴും അവർ ഇടക്കൊക്കെ വന്ന് വീട്ടു ജോലികളിൽ സഹായിക്കും.
അമ്മയും, പ്രഭാകരനും, അവന്റെ ഭാര്യയും മക്കളും വല്ലപ്പോഴും വന്നു പോകുന്ന അതിഥികളാണ്.
“ഏട്ടനെന്താ ആലോചിക്കുന്നേ. ഇവൾക്ക് സമ്മതമാണെങ്കിൽ അരുണിനോട് അവന്റെ അച്ഛനേം അമ്മയേം കൂട്ടി ഒരു ദിവസം ഇങ്ങോട്ട് വരാൻ പറയാം.ബാക്കിയെല്ലാം പിന്നീട് തീരുമാനിക്കാലോ.
ആ മതി. പക്ഷേ അതിനു മുൻപ് ഇവൾക്ക് അവനോടു എന്തോ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞിരുന്നു. കുട്ടികൾ രണ്ടുപേരും തുറന്നു സംസാരിക്കട്ടെ ആദ്യം. എന്നിട്ടുമതി ബാക്കിയെന്തും.
“അതിനിപ്പോ ഇവളുടെ എല്ലാ കാര്യങ്ങളും അറിഞ്ഞോണ്ടല്ലേ അവനിങ്ങനെയൊരു ആലോചനയുംകൊണ്ട് വന്നത്. പിന്നെന്താ.
ആ.. അതൊന്നും എനിക്കറിയില്ല. അവൾ ആവശ്യപ്പെട്ടു. ഞാൻ സമ്മതിച്ചു. എന്തായാലും അവർ സംസാരിക്കട്ടെ. പണ്ടത്തെ കാലമൊന്നുമല്ലല്ലോ. അവരുടെ ജീവിതം അവരാണ് തീരുമാനിക്കേണ്ടത്.
ഉം.. എന്നാപ്പിന്നെ ഞാനിറങ്ങട്ടെ. വീട്ടിലെത്തിയിട്ട് അരുണിനെ വിളിച്ചു പറയാം.
ആതു മോളെ, നീ സമയം പോലെ തറവാട്ടിലേക്കൊന്നിറങ്ങിക്കോളുട്ടോ. മുത്തശ്ശിയോട് ഇനിയും പരാതിയും പരിഭവവുമൊന്നും വെച്ചോണ്ടിരിക്കല്ലേ.
ഞാൻ വരാം ചെറിയച്ചാ. മുത്തശ്ശിയോട് പറഞ്ഞോളൂ.
അയാൾ കയറിയ കാർ ഗേറ്റ് കടന്നു റോഡിലേക്കിറങ്ങിയതും ആതിരയുടെ കണ്ണിൽ രണ്ടു തുള്ളികൾ ഉരുണ്ടു കൂടി. കൃഷ്ണനുണ്ണി അത് കാണാതിരിക്കാൻ അവൾ വെറുതെ മുകളിലേക്കു നോക്കി
പക്ഷേ,മുകളിൽ തെളിഞ്ഞ ആകാശമുറ്റത്തു കൂനക്കൂട്ടിയിട്ടിരിക്കുന്ന മേഘത്തുണ്ടുകൾക്കിടയിൽ വിഷ്ണുവിന്റെ മുഖം ഒന്ന് മിന്നി മറഞ്ഞതും നിയന്ത്രണം വിട്ട ആതിര മുഖം പൊത്തി ഒരേങ്ങലോടെ അകത്തേക്ക് ഓടിക്കയറി.
വേദനയോടെ അത് നോക്കി നിൽക്കെ കൃഷ്ണനുണ്ണിയുടെ മിഴികളും പെയ്യാനൊരുങ്ങി നിന്നു. ഓർമ്മകളെത്തലോടിക്കൊണ്ട്.
തുടരും

by