അഗ്നിമിത്ര : 12

ഒരിക്കൽ മോഹനപ്രതാപ വർമയുടെ ചികിത്സാവിശ്യാർത്ഥം അയൽ ദേശത്ത് പോയി രാത്രിയോടടുത്ത് തിരിച്ച് വരുന്ന ശബരീഷിനെ മിത്ര പിന്തുടർന്ന് ആക്രമിച്ചു.. ശ്രീപുരത്ത് എത്തിയത് മുതൽ അവന് എന്തോ സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നലുണ്ടായി.. കൂടെയുണ്ടായിരുന്നവരെ മദ്യത്തിന്റെ ലഹരിയുടെ ധൈര്യത്തിൽ പറഞ്ഞ് വിട്ടു..

കോവിലകത്തേക്കുള്ള വഴിയിൽ മാടൻ തറയിലെത്തിപ്പോൾ പെട്ടന്നൊരു വെളിച്ചം മുഖത്തോട്ട് പതിച്ചു, ആ വെളിച്ചത്തിൽ ഒരു പെൺ രൂപം തനിക്ക് നേരെ അടുക്കുന്ന പോലെ തോന്നി.. ഉള്ളിൽ ഭയം മുളപൊട്ടി തുടങ്ങി..മദ്യ ലഹരിയിലായിരുന്നിട്ടും തന്നെ ആരോ പിന്തുടരുന്നു എന്ന ഭയം ശബരീഷിനെ കീഴ്പെടുത്തി കൊണ്ടിരുന്നു.. ചൂട്ട് തെളിച്ച് കൊണ്ടുള്ള പെട്ടന്നുള്ള നടത്തത്തിൽ തച്ചൻ തൊടിയുടെ നടുവിലൂടെ വറ്റാത്ത നീരുറവയായി ഒഴുകുന്ന തോട്ടിലേക്ക് കാൽ വഴുതി വീണു, പെട്ടന്നുള്ള വീഴ്ചയിൽ ചൂട്ട് കെട്ടു പോയി.. വീഴ്ചയുടെ ആഘാതത്തിൽ വെള്ളം മൂക്കിലും വായിലും കയറി മദ്യത്തിന്റെ ലഹരി വിട്ടിറങ്ങി..

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു.. മേട മാസത്തിലെ നിലാവുള്ള രാത്രിയായിരുന്നിട്ട് കൂടി ഇരുൾ നിറഞ്ഞ കാർമേഘങ്ങൾ വന്ന് പൂർണ ചന്ദ്രനെ മൂടി, പൊടുന്നനെ ചുറ്റും ഇരുട്ട് പരന്നു.. എവിടന്നോ ശക്തി സംഭരിച്ച്, എരിഞ്ഞമർന്ന ചൂട്ടും പിടിച്ച് അവൻ എഴുന്നേറ്റ് വേഗത്തിൽ, തിരിഞ്ഞ് നോക്കാതെ നടക്കാൻ തുടങ്ങി..കുറച്ച് ദൂരം നടന്നതും ശ്മശാനത്തിന്നടുത്തെത്തി.. കത്തിയെരിഞ്ഞ് തുടങ്ങിയ ചിതയിൽ നിന്നും, ധൈര്യം സംഭരിച്ച് ചൂട്ട് നീട്ടി പിടിച്ച് തീ കത്തിച്ചു.. പെട്ടന്ന് ചിതയിൽ നിന്നും ഒരു കൈ ഉയർന്ന് വന്ന് അവനെ പിടിച്ച പോലെ തോന്നി.. ഞെട്ടി തെരിച്ച് കൈ വലിച്ചപ്പോൾ ചൂട്ട് നിലത്ത് വീണു..

ഭീതിയോടെ ചുറ്റും നോക്കി, ഭയപ്പെടാൻ ഒന്നുമില്ലെന്ന് ഉറപ്പിച്ച്, ചൂട്ടെടുത്ത് നടക്കാൻ തുടങ്ങി.. തളർച്ച കാരണം, ശ്മശാനം കഴിഞ്ഞുള്ള ചാത്തൻ പറമ്പിന്റെ അങ്ങേ തലയിലുള്ള യക്ഷി കാവിന്റെ ആൽതറയിൽ കുറച്ച് നേരം വിശ്രമിക്കാൻ തീരുമാനിച്ച് അവിടെ ഇരുന്നു..അറിയാതെ കണ്ണുകൾ അടഞ്ഞ് പോയ നിമിഷം, കഴുത്തിൽ ആരോ കടന്ന് പിടിച് മേലേക്ക് ഉയർത്തി, കണ്ണുകളും നാവും പുറത്തേക്ക് തള്ളിവന്നു, ശ്വാസം കിട്ടാതെ ആ കൈകളെ പിടിച്ച് മാറ്റാൻ നോക്കി, ആ ശ്രമം വിഫലമായി, ആലിന്റെ ഇല പടർപ്പിലേക്ക് കൊണ്ടുപോയി താഴേക്കെറിഞ്ഞു..

വീഴ്ചയുടെ ശക്തിയിൽ കൈകാലുകൾ മുറിഞ്ഞ് പോയി, അവിടെ കിടന്ന് കൊണ്ട് അലറി വിളിച്ചു, ആരും കേൾക്കാനില്ലായിരുന്നു.. സംഭവം എന്തെന്നറിയാതെ ഒരു വിധത്തിൽ എഴുന്നേറ്റ് ആലിൽ ചാരിയിരുന്നപ്പോൾ ഒരു രൂപം അവന്റെ നേരെ അടുത്ത് വന്നു..ചൂട്ടിന്റെ വെളിച്ചത്തിൽ ആ രൂപം അവൻ വ്യക്തമായി കണ്ടു.. മിത്ര.. അഗ്നിമിത്ര.. അവൾ പ്രതികാര ദാഹിയായി തന്റെ നേർക്കടുത്ത് വരുന്നു.. അവൾ അവനെ തീക്ഷണമായി നോക്കിയപ്പോൾ ആ കണ്ണുകളിൽ നിന്നും തീ വന്നു.. പെട്ടന്ന് അവളെ കാണാതായി..ചൂട്ടെടുക്കാൻ നോക്കിയപ്പോൾ ചൂട്ട് പെട്ടന്ന് കത്തിജ്വലിച്ച് കൊണ്ടിരിക്കുന്ന ഒരു നിലവിളക്കായി.. തന്റെ നേർക്ക് ആ വിളക്ക് വരുന്നത് കണ്ട് ഭയത്തോടെ ‘അർജുനൻ ഫൽഗുണൻ’ എന്നിങ്ങനെ ഉച്ചത്തിൽ ഉരുവിട്ട് തിരിഞ്ഞ് നോക്കാതെ ഓടി..

ഒരു വിധം പേടിച്ചരണ്ട് ഓടി കോവിലകത്തിനടുത്ത് എത്തി.. പടിപ്പുര കയറാൻ നിന്നതും, പടിപ്പുര വാതിൽ കൊട്ടിയടഞ്ഞു.. അവൻ ഓടി സർപ്പക്കാവിനടുത്തുള്ള ഇടവഴിയിലൂടെ കോവിലകത്തേക്ക് പ്രവേശിക്കാൻ തുനിഞ്ഞപ്പോൾ മുന്നിൽ, നെഞ്ചിൽ തറച്ച് നിൽക്കുന്ന നിലവിളക്കുമായി മിത്ര നിൽക്കുന്നു.. തിരിച്ച് പോവാൻ തിരിഞ്ഞപ്പോൾ സർപ്പക്കാവിൽ നിന്നിറങ്ങിയ നാഗങ്ങൾ..ഒന്നും ചെയ്യാനില്ലാതെ നിൽക്കുമ്പോൾ നാഗങ്ങൾ ഇഴഞ്ഞ് വന്ന് അവനെ കൊത്തി.. കുഴഞ്ഞ് വീണ അവന്റെ നേർക്ക്, മിത്രയുടെ നെഞ്ചിൽ തറച്ച വിളക്ക് ഉതിർന്ന് വന്നു.. അവന്റെ നെഞ്ചിൻ കൂട് പൊളിച്ച് ചുടുചോര വിതറി നാഗങ്ങൾക്കും മിത്രക്കും പ്രീതി ലഭിച്ച പോലെ പെട്ടന്ന് അപ്രത്യക്ഷമായി..പിറ്റേന്ന് മുറ്റം വൃത്തിയാക്കാൻ ചെന്ന ദാസിമാരാണ് ശബരീഷിനെ തുളസി തറയുടെ അടുത്ത് കണ്ടത്, അവർ വേഗം പോയി കോവിലകത്തുള്ളവരെ വിവരമറിയിച്ചു..

അവർ വന്ന് മുഖത്ത് വെള്ളം കുടഞ്ഞപ്പോൾ അവൻ ഉറക്കത്തിൽ നിന്നെണീറ്റു.. അവൻ നെഞ്ചിൽ കൈവെച്ചു, തനിക്ക് ഒന്നും സംഭവിച്ചില്ലാ എന്നത് അവനെ അൽഭുതപ്പെടുത്തി.. ഇന്നലെ നടന്നതൊക്കെ ഒരു സ്വപ്നമായിരുന്നു എന്ന് അവൻ വിശ്വസിക്കാൻ കഴിഞ്ഞില്ല, കാരണം അത്രക്കും ഭയാനകമായിരുന്നു..എല്ലാവരും ചേർന്ന് അവനെ കോവിലകത്തിനകത്തേക്ക് കൊണ്ട് പോയി.. ഈ സമയം കരിംപൂച്ചകൾ കരഞ്ഞു, ആവലുകൾ കൂട്ടമായി പറന്നു, ഇണചേർന്ന് കൊണ്ടിരുന്ന നാഗങ്ങൾ പെട്ടന്ന് പുറ്റിനുള്ളിലേക്ക് ഉൾവലിഞ്ഞു, നായകൾ നിർത്താതെ ഓരിയിട്ടു, ശബരീഷ് തിരിഞ്ഞ് നോക്കിയപ്പോൾ ആ കണ്ണുകൾക്ക് ചോര നിറമായിരുന്നു, പെട്ടന്ന് തന്നെ എല്ലാ ദുഃശഖുനങ്ങളും നിന്നു,

തുടർന്നുള്ള ദിവസങ്ങളിൽ ശബരീഷിന്റെ പ്രവർത്തിക്കളിൽ മാറ്റമുണ്ടായിരുന്നു, പെട്ടന്ന് അവന്റെ സ്വഭാവം മാറികൊണ്ടിരുന്നു. ശബരീഷിന്റെ മാറ്റങ്ങളിൽ സംശയം തോന്നിയവർക്ക് മിത്രയുടെ സാമീപ്യം അറിഞ്ഞു, അവൾ അടങ്ങിയിരുന്നില്ല, കോവിലകത്ത് മിത്രയുടെ അക്രമണങ്ങൾ തുടങ്ങി കഴിഞ്ഞിരുന്നു..ഒരോ ദിവസം ചെല്ലും തോറും അക്രമണങ്ങൾ കൂടി വന്നു.. തൽക്കാലത്തെ രക്ഷക്ക് അവർ ചരടുകൾ ജപിച്ച് കെട്ടി, അതിൽ ശബരീഷിന്റെ ശരീരം മിത്രയുടെ ആത്മാവിൽ നിന്നും മുക്തമായി.. എങ്കിലും അവൾ അടങ്ങിയില്ല.. ചരടിന്റെ ശക്തി കുറയുമ്പോൾ അവളുടെ പരാക്രമണം ഇരട്ടിച്ച് കൊണ്ടിരുന്നു..അങ്ങനെ എല്ലാവരും കൂടിയിരുന്ന് ആലോചിച്ച് മിത്രയുടെ ആത്മാവിനെ തളക്കാൻ വിഷ്ണു ദത്തൻ നമ്പൂതിരിയെ വിളിക്കാൻ തീരുമാനിച്ചു..

മന്ത്ര തന്ത്രങ്ങൾ കൊണ്ട് ഏത് കൊടുക്രൂരൻ ആത്മാവിനെയും ബന്ധിപ്പിച്ച ചരിത്രമുള്ള വിഷ്ണുദത്തൻ നമ്പൂതിരിയുടെ ആകമനത്തിന്റെ അതൃപ്തിയെന്നോണം, നമ്പൂതിരിയുടെ കോവിലകത്തേക്കുള്ള യാത്രയിൽ കാറ്റായും മഴയായും തീയായുംഅവൾ പല ഭംഗങ്ങളും സൃഷ്ടിച്ചു.. എന്നാൽ അതിനെയെല്ലാം വകഞ്ഞ് മാറ്റി കൊണ്ട് അദ്ദേഹം കോവിലകത്ത് എത്തി ചേർന്നു..
കണക്ക് കൂട്ടലുകളുടെയും നക്ഷത്ര ഘണങ്ങളുടെ നിലകളും വിലയിരുത്തി, ഇന്നേക്ക് ഒൻപതാം നാൾ അമാവാസി നാളിൽ, അഗ്നിമിത്രയെന്ന ആത്മാവിന്റെ ബന്ധനം കുറിക്കപ്പെട്ടു..അന്ന് കോവിലകത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള അറകളിൽ തീപിടിച്ചു.. എല്ലാവരും പരിഭ്രാന്തരായി ഓടിയെങ്കിലും, മനോധൈര്യം കൈവിടാതെയുള്ള വിഷ്ണുദത്തൻ നമ്പൂതിരിയുടെ മന്ത്രജപത്താൽ മിത്രയെ ഒതുക്കി നിർത്തി..

പിറ്റേന്ന് പുലർച്ചെ മുതൽ ആവാഹന പൂജക്കായുള്ള സാധനങ്ങൾ ഒരുക്കാൻ വേണ്ടി എല്ലാവരും ഓടി നടന്നു.. മിത്ര തോൽവി സമ്മതിക്കാതെ പൂജ ഭംഗം വരുത്താനുള്ള കാര്യങ്ങളും ചെയ്ത് കൊണ്ടിരുന്നു.. എന്നാൽ ഇതൊന്നും വിഷ്ണു ദത്തനിൽ ഒരു പ്രകമ്പനവും സൃഷ്ടിച്ചില്ല..അങ്ങനെ എല്ലാവരും കാത്തിരുന്ന ആ ദിവസം വന്നെത്തി.. അന്ന് മത്സരത്തിന് വേദി ഒരുക്കിയ അതേ സ്ഥലത്ത് ആവാഹന കർമത്തിന്റെ പൂജക്കുള്ള കളം ഒരുക്കി, വിഷ്ണു ദത്തന്റെ നിർദേശപ്രകാരമായിരുന്നു ഇങ്ങനൊരു തീരുമാനം..മാവിലയും കുരുത്തോലയും കൊണ്ട് അലങ്കരിച്ച പന്തലും, അഗ്നിമിത്രയെ ആവാഹിക്കാനുള്ള ഹോമകുണ്ഡവും എല്ലാം തയ്യാറായി.. എല്ലാവരുടെയും കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ട് വിഷ്ണു ദത്തൻ നമ്പൂതിരിയും സഹായികളും എത്തി..

ഇനി എന്ത് വന്നാലും തങ്ങളുടെ മന്ത്രോച്ചാരണങ്ങളിൽ നിന്നും മനസ്സ് മാറരുതെന്ന് നിർദേശം നൽകിക്കൊണ്ട്, നാഗദേവതമാരെ പ്രീതിപ്പെടുത്തി വിശേഷ പൂജ ചെയ്ത് കൊണ്ട് ആവാഹന കർമത്തിന് അദ്ദേഹം തുടക്കം കുറിച്ചു.. ശേഷം ഗണപതി ഹോമവും, പരദേവതമാർക്ക് പൂജയും ദുർഗാദേവിക്ക് കുരുതിയും അർപ്പിച്ച് കൊണ്ട്, ഹോമ കുണ്ഡത്തിലേക്ക് നെയ്യൊഴിച്ച് അഗ്നിമിത്രയെ ആവാഹിച്ച് കൊണ്ടിരുന്നു..ചുറ്റും കൂടിയവരെല്ലാം കണ്ണുകളടച്ച് ജപമന്ത്രങ്ങൾ ഉരുവിട്ട് കൊണ്ട് കൈകൾ കൂപ്പി പ്രാർത്ഥിച്ച് കൊണ്ടിരുന്നു..

തുടരും

Leave a Reply