The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ഗായത്രി സുരേന്ദ്രൻ
ഒരാഴ്ചയ്ക്കകം പരീക്ഷ കഴിഞ്ഞു അന്നു വൈകീട്ടു തന്നെ നാട്ടിലേയ്ക്കു വണ്ടി കയറി. താമസിച്ചു കൂടാ പാറു ഒറ്റയ്ക്കാണ്..ഇനി പരീക്ഷാ ഫലം കിട്ടിക്കഴിഞ്ഞാൽ കുന്നത്തെ സ്കൂളിൽ പോയി അവിടെ ചേരാനുള്ള കാര്യങ്ങൾ ഒക്കെ ചെയ്യണം. അച്ഛൻ പറഞ്ഞു ഏൽപ്പിച്ചതാണത്.പോകെപ്പോകെ ഒരു ആത്മധൈര്യം വന്നു തുടങ്ങി.അടുത്തില്ലെങ്കിൽ പോലും ദൂരയെങ്ങോ നിന്നു കൊണ്ട് അച്ഛൻ എല്ലാം കാണുന്നുണ്ടെന്ന് തോന്നി. ആ അനുഗ്രഹം അനുനിമിഷം ചൊരിയും പോലെ….അവിടെ ആ കുഞ്ഞു കൂട്ടിൽ തള്ളപ്പക്ഷിയുടെ ചൂടിൽ നിന്നും വേർപെട്ടു പോയ രണ്ടു പക്ഷിക്കുഞ്ഞുങ്ങൾ ചിറകടിച്ചു പറക്കുവാൻ ശ്രമിക്കയാണ്…
ഉയരെയുള്ള നീലാകാശത്തിന്റെ അനന്തതയിലേക്കു സ്വച്ഛന്ദം വിഹരിക്കുവാനായി……
*
അച്ഛന്റെ സാമീപ്യം അകന്നിട്ടു മാസം കടന്നു. രണ്ടു പെൺകുട്ടികൾ തനിച്ചു താമസിക്കുന്ന വീടെന്നാലും അവിടെ സുരക്ഷിതത്വത്തിനു അൽപം പോലും കുറവ് ഉണ്ടായിരുന്നില്ല.എങ്ങുനിന്നോ വന്നു ചേർന്ന മനോബലത്തിന്റെ കൂട്ടായ് അവർ കഴിഞ്ഞു.
കുന്നത്തെ സ്കൂളിൽ താൽക്കാലികമായിട്ടുള്ള ഒഴിവിലേയ്ക്കാണ് പോയ് വരാൻ കഴിയുന്നത്. എങ്കിലും കുഴപ്പമില്ല അന്നന്നത്തേയ്ക്കുള്ളതിനു പ്രയാസം ഇല്ലാതെ കഴിയുമല്ലോ….കൃഷിയൊക്കെ നോക്കാൻ ഏർപ്പാടുകൾ ചെയ്തു.
വിഷമിച്ചാണെങ്കിലും നന്ദയെയും നന്ദിനിയേയും വളർത്താൻ അച്ഛന്റെ കൂടെ കൃഷി നടത്തിയിരുന്ന ആളുടെ വീട്ടിലേയ്ക്കു കൊടുത്തു.അവരുടെ കാര്യങ്ങൾ മുഴുവൻ അച്ഛനായിരുന്നു നോക്കിയിരുന്നത്. അച്ഛൻ നോക്കും പോലെ ഇനി തങ്ങളെക്കൊണ്ട് കഴിയില്ല താനും…..
സ്കൂളിൽ നിന്നു ജോലി കഴിഞ്ഞു വീട്ടിലെത്താൻ താമസിക്കും. അതു കഴിഞ്ഞു വേണം വീട്ടുജോലികൾ രണ്ടു പേർക്കും ഒതുക്കാൻ. തിരക്കിൽ ആ മിണ്ടാപ്രാണികളുടെ അടുത്തേയ്ക്ക് നോട്ടം ചെല്ലാതെ പോയാലോ എന്ന് ആധിയുണ്ട്.അതിലും നല്ലത് എവിടെ ആയിരുന്നാലും നല്ലതു പോലെ കഴിയുന്നതാണ്….ഓരോ ദിനങ്ങളും യാതൊരു വ്യത്യാസവും കൂടാതെ കഴിഞ്ഞു പോന്നു. ജീവിതത്തിൽ ഇനിയെന്തെന്ന് ചിന്തിക്കാൻ വയ്യ. ലക്ഷ്യബോധമില്ലാതെ ഇങ്ങനെ എത്രനാൾ???പാറുവിന്റെ വിവാഹം അച്ഛന്റെ വലിയ സ്വപ്നമായിരുന്നു. അതു നടത്തണം ഇപ്പോഴല്ല. പതിയേ…..
പിന്നെ താൻ…..ജീവിതം ഇങ്ങനെയൊക്കെ അങ്ങു തീരുമായിരിക്കും….വലിയ പ്രതീക്ഷകളൊന്നുമില്ലാതെ വീണ്ടും ദിനങ്ങൾ ഓടിമറഞ്ഞു.അന്നു ഓർമ്മ ദിനം ആണ്. കടലിൽ മുങ്ങിക്കുളിച്ചു കർമ്മം ചെയ്യേണ്ടതു കൊണ്ട് പാറുവും താനും നേരത്തെ ഇറങ്ങി.
കർമ്മത്തിനുള്ള ഏർപ്പാടുകൾ മുൻപേ ചെയ്തു വച്ചിരുന്നു.ഉപ്പുതിരയിൽ മുങ്ങി നിവരുമ്പോൾ ഓർമ്മയുടെ വേലിയേറ്റങ്ങളാൽ തീർത്ത നീർമണികൾ കണ്ണുകളിൽ നിന്നും കടലിലേയ്ക്കു ലയിച്ചു.
ഈറനണിഞ്ഞു വിങ്ങുന്ന നെഞ്ചകത്തോടെ ഓരോന്നും പൂർത്തിയാക്കി മടങ്ങുകയായിരുന്നൂ.
പാറു പിന്നാലെ വരുന്നുണ്ട്
എന്തോ ഒരു ഒരു ചിന്തയിൽ ധൃതിയിൽ മുന്നോട്ടു നടന്നതാണ്….നനഞ്ഞ സാരിയിൽ മുന്നോട്ടു നടക്കാൻ നന്നേ ബുദ്ധിമുട്ടി….പ്രത്യേകിച്ചും മണൽതരികളിൽ ഇവിടെ കാലുകൾ കുഴഞ്ഞു പോകുന്നു…..സാരിത്തലപ്പ് മാറോടു ചേർത്തിട്ടു റോഡരികിലെ തങ്ങളെ കാത്തു നിൽക്കുന്ന ഓട്ടോറിക്ഷയ്ക്കരികിലേയ്ക്കെത്തി.കാലടി ശബ്ദം കേൾക്കാഞ്ഞാണു പുറകിലേയ്ക്കു നോക്കിയത്….
പിറകിൽ പാറുവില്ല…!!!ഒരു നിമിഷം കണ്ണുകൾ കൊണ്ടുപരിഭ്രാന്തിയോടെചുറ്റുംതിരഞ്ഞു.പൂഴിമണലിൽ വീണു കിടന്ന അവളുടെ ചന്ദനക്കളർ സാരിയിൽ പൊതിഞ്ഞ ശരീരം കാൺകേ ഉടൽ വിറച്ചു…..അവൾക്കരികിലേയ്ക്ക് പൂഴിമണലിലൂടെ ഒരു വിധം ഓടിയെത്തി….
ബോധമറ്റു മണലിൽ തളർന്നു കിടന്ന അവളുടെ ശിരസ്സെടുത്തു മടിയിൽ വച്ചു കണ്ണീരോടെ കവിളിൽ തട്ടി കുലുക്കി വിളിച്ചൂ… പ്രതികരണം നേടും ലഭിക്കാത്തതിനാൽ അവൾ ആകെ വിയർത്തു…
കണ്ണീരിനിടയിലൂടെ അവളുടെ മുഖത്തേയ്ക്കുറ്റു നോക്കി പതർച്ചയോടെ അവളെ പേരെടുത്തു വിളിച്ചു കൊണ്ടിരുന്നു…ആ പെണ്ണ് ഇനിയൊരു ദുഃഖം കൂടി താങ്ങാൻ അശക്തയായിരുന്നൂ…..അവളിൽ ഭയം ഉടലെടുത്തു ഉടൽ വിറച്ചു….ബോധമറ്റു കിടന്ന പാർവ്വതിയേയും കൊണ്ട് വല്ല വിധേനയും ആശുപത്രിയിലേയ്ക്ക് പോകവേ അവൾക്ക് പ്രാർത്ഥിയ്ക്കുവാൻ പോലും ത്രാണിയില്ലാതെ പോയി…….ഏതു വിധേനയോ ആശുപത്രിയിൽ എത്തിച്ചു. ആരൊക്കെയോ ചേർന്ന് പാറുവിനെ സ്ട്രക്ചറിൽ കിടത്തി ഒപിയിലേക്ക് കൊണ്ടു പോയി….അതിനു പിന്നാലെ ജീവച്ഛവം പോലെ നടന്നു.
പിന്നീട് എല്ലാം പെട്ടന്നായിരുന്നു എന്തെല്ലാമോ സ്കാനിങ്ങുകൾ നടത്തണം എന്നു പറഞ്ഞു. എവിടെയൊക്കെയോ കൊണ്ടുപോയി…..അവസാനം എല്ലാം കഴിയുമ്പോഴേക്കും ഉച്ച തിരിഞ്ഞിരുന്നു.
അതിനുശേഷമാണ് ഡോക്ടർ റൂമിലേക്ക് വിളിപ്പിച്ചത്….ഗൗരവ ഭാവം പൂണ്ട മുഖത്തേക്ക് നോക്കുമ്പോൾ തന്നെ ആധി പതിന്മടങ്ങ് വർധിച്ചിരുന്നു….”പേഷ്യന്റിന്റെ ആരാണ്??”
“അനുജത്തിയാണ് സർ…””അധികം വളച്ചു കെട്ടാതെ നേരിട്ട് പറയേണ്ട കാര്യം ആണ് കാരണം സമയം അതിക്രമിച്ചിരിക്കുന്നു…..
പാർവതിയുടെ ഇപ്പോഴത്തെ കണ്ടീഷൻ അല്പം വഷളാണ്…തുറന്നു പറയാമല്ലോ ഹലോ ആ കുട്ടിക്ക് ബ്രെയിൻ ട്യൂമർ ലാസ്റ്റ് സ്റ്റേജിൽ ആണ്. നേരത്തെ കണ്ടുപിടിക്കാൻ തക്കവണ്ണം യാതൊരു ലക്ഷണങ്ങളും ഇല്ലായിരുന്നുവോ???
ഇത്രയും വൈകി എത്തിയതിൽ സംശയം ഉള്ളതു കൊണ്ടാണ് ചോദിക്കുന്നത്……”നെഞ്ചിൽ നിന്നും ഒരു തേങ്ങൽ പുറത്തേക്ക് ചിതറി വീണു. ഇരുന്ന കസേര പിടിയെ കൈകൾ ഒരാശ്രയത്തിനെന്നോണം മുറുകെ പിടിച്ചു……ഒരുതവണ അനാഥത്വത്തിലേക്ക് ആഴ്ന്നു പോയതാണ്…പതിയെ പതിയെ താരം അവൾ അതിൽ നിന്ന് മുക്തരാവാൻ തുടങ്ങിയിട്ടില്ല. അതിനുമുന്നേ വിധി മറ്റൊരു ചതുപ്പുനിലം അതിലേക്ക് തള്ളിയിട്ടു രസിക്കുന്നു…..
പരീക്ഷണങ്ങൾ എന്താണ് ഒന്നിനു പിറകേ ഒന്നായി ജീവിതത്തിലേക്ക് കടന്നു വരുന്നത്????അത്രമാത്രം ശാപം പേറിയ ജന്മം ആണോ ഇത്??!!!!!!!
സ്പന്ദന മാനസികമായി തളർന്നു പോയിരുന്നു..
ഡോക്ടറുടെ രണ്ടാമതൊരു വിലയിലാണ് അവൾ ചിന്തകളിൽ നിന്ന് വിമുക്തി നേടിയത്….”ഇല്ല…. അവൾക്ക്…..
ഇതുവരെ ഇങ്ങനെയൊന്നും…..എനിക്കറിയില്ല ഡോക്ടർ ഒന്നും അറിയില്ല…..ഇനിയെന്തു ചെയ്യണം എന്നുപോലും എനിക്കറിയില്ല….”ദയനീയമായ ഒരു നിസ്സഹായതയോടെ അവൾ കൈക്കുമ്പിളിൽ മുഖമൊളിപ്പിച്ചു പൊട്ടിക്കരഞ്ഞു…….കണ്ണീർ മുത്തുകൾ അവളുടെ വിരലുകൾക്കിടയിലൂടെ വഴുതി രക്ഷപ്പെട്ട് മടിത്തട്ടിൽ വീണുചിതറി…..താൻ ഇങ്ങനെ ഡൗൺ ആയാൽ എന്തു ചെയ്യും???
എന്തായാലും പേഷ്യന്റിനെ ഇന്നിവിടെ അഡ്മിറ്റ് ആക്കുകയാണ്. എത്രയും പെട്ടെന്ന് ഒരു സർജറി എങ്കിലും ചെയ്യണം.അല്ലെങ്കിൽ പ്രതീക്ഷിക്കാത്ത ഏതുനിമിഷവും ബ്രെയിൻ ഡെത്ത് വരെ സംഭവിച്ചേക്കാം….ഞാൻ തന്നെ പരിഭ്രാന്തിയിൽ ആക്കുകയല്ല ഉള്ളത് തുറന്നു പറഞ്ഞില്ലെങ്കിൽ പിന്നീട് ഒരു പ്രശ്നമായി മാറും….”അവൾ മൗനമായിരുന്നു തലകുലുക്കി. അവളുടെ ശിരസ്സ് പാടെ കുനിഞ്ഞു പോയിരുന്നു…..”ഇനി ഒന്നുകൂടി…..ഇത് പാരമ്പര്യമായി സംഭവിക്കാവുന്നതാണ്. നിങ്ങളുടെ ബ്ലഡ് റിലേഷനിൽ പെട്ട ആർക്കെങ്കിലും ഇതുപോലെ എന്തെങ്കിലും ഉണ്ടായിട്ടുള്ളതായി അറിവുണ്ടോ ????”
അവളുടെ ചിന്തകൾ പരക്കംപാഞ്ഞു തുടങ്ങി ഒരു നിമിഷം തറഞ്ഞു നിന്നു…. ചിന്തകൾ ശരിയായ ദിശയിൽ നീങ്ങിത്തുടങ്ങിയപ്പോൾ അവൾക്ക് കാര്യങ്ങൾ കൂട്ടിയോജിപ്പിക്കാൻ കഴിഞ്ഞു……
സർ, ഞങ്ങളുടെ അമ്മ……കുറച്ചു വർഷങ്ങൾക്ക് മുമ്പായിരുന്നു…..കാരണം എന്തെന്നു അച്ഛൻ പറഞ്ഞിരുന്നില്ല. ആകെ അറിയാവുന്നത് ബ്രെയിൻ ഡെത്ത് ആയിരുന്നു എന്നു മാത്രമാണ്……”
“ചിലപ്പോൾ അങ്ങനെയും ആയിരിക്കാം….
വ്യക്തമായി പറയാൻ കഴിയില്ല….വീട്ടിൽ നിന്നു ഉത്തരവാദിത്തപ്പെട്ടവർ എത്തിയാലുടൻ പാർവ്വതിയുടെ ഓപ്പറേഷന്റെ കാര്യങ്ങൾ സംസാരിക്കണം…എന്നെ വന്നു കാണുവാനും പറയണം. എങ്കിൽ കുട്ടി പോയ്ക്കോളൂ….”
ഒന്നു സംശയിച്ചു നിന്നുവെങ്കിലും വീണ്ടും കണ്ണീരടക്കിക്കൊണ്ട് അവൾ ഡോക്ടർക്ക് അഭിമുഖമായി നിന്നു….ഞങ്ങൾക്ക് ഉത്തരവാദിത്വപ്പെട്ടവർ എന്നു പറയാൻ ഞങ്ങൾ മാത്രമേയുള്ളൂ സർ….എനിക്കു അവളും അവൾക്കു ഞാനും….അവളുടെ ഓപ്പറേഷൻ കാര്യങ്ങളൊക്കെ എന്നോട് തന്നെയാണ് പറയേണ്ടത്….
അന്വേഷിച്ചു വരാൻ പോലും ആരുമില്ല….”അവളുടെ ആ ശബ്ദത്തിന് ഒത്തിരി കരഞ്ഞതിന്റെ ഇടർച്ച ഉണ്ടെങ്കിലും ഉറച്ചതായിരുന്നു…..പാർവ്വതിയെ അവിടെ അഡ്മിറ്റാക്കി ബാക്കിയുള്ള ഫോമുകൾ എല്ലാം പൂരിപ്പിച്ചു കൊടുത്തു.ഓപ്പറേഷൻ കാര്യങ്ങളെല്ലാം ഡോക്ടർ വിശദീകരിച്ചു തന്നു….മൂന്നു ഘട്ടങ്ങളിലായാണ് ഓപ്പറേഷൻ നടത്തുന്നത്….ഏകദേശം ഏഴു ലക്ഷം രൂപയോളം ഓപ്പറേഷൻ ഫീസും ആശുപത്രി ചെലവും മരുന്നിനും കൂടെ ആകുമെന്നു പറഞ്ഞു…..
ഓപ്പറേഷൻ ഫീസ് ആദ്യഗഡുവായ നാലു ലക്ഷം രൂപ അടച്ചാൽ ആദ്യ ഓപ്പറേഷൻ മുതൽ തുടങ്ങും എന്നും….അവൾ കഴുത്തിലെ മാലയിലേക്ക് നോക്കി നോക്കി നൂലു പോലുള്ള നനുത്ത കുഞ്ഞു സ്വർണ്ണമാല അതല്ലാതെ അതിൽ പരം ഒരു സമ്പാദ്യം അവർക്ക് ബാക്കിയില്ല……അമ്മയുടെ ചികിത്സാ ചെലവുകൾക്കായി പണ്ടേക്കുപണ്ടേ പണയം വച്ചതാണ് വീടും പറമ്പും….അതു പാറുവുംതാനും കൂടി പതിയെ പതിയെ തിരിച്ചടച്ചു കൊണ്ടിരിക്കുകയാണ്…..പണയം വയ്ക്കാമോ വിൽക്കാനോ ബാക്കിയുള്ളത് സമ്പാദ്യമായ ഈ സ്വർണ്ണമാലയാണ്….. എട്ടിൽ പഠിക്കുന്ന കാലത്തു ഒരു ഓണക്കാലത്തു സമ്മാനിച്ചത്….എത്രയെത്ര പഞ്ഞവും പരാധീനതകളും വന്നിട്ടും അതുമാത്രം കൈമറിഞ്ഞു പോയില്ല….ഇനിയിപ്പോൾ അതു കൂടി…..പോട്ടെ…. അമ്മയുടെ ഓർമ്മകൾ ഈ മഞ്ഞ ലോഹത്തിലല്ലല്ലോ ചോരയും നീരുമുള്ള ഈ ഹൃദയത്തിലല്ലേ…..
തൽക്കാലത്തേക്ക് അതു പണയം വച്ചു. വിൽക്കാൻ മനസ്സു കേട്ടില്ല.അഡ്മിറ്റ് ചെയ്യാനും മറ്റും അത്യാവശ്യം പണം കാണാനായി…..പക്ഷേ അപ്പോഴും എടുത്താൽ പൊങ്ങാത്ത ഭാരം ആയി നിൽക്കുന്നു ഭീമമായ ഓപ്പറേഷൻ ചെലവുകൾ…..പാറുവിന് ബോധം തെളിഞ്ഞപ്പോൾ അവളെ പോയി കണ്ടു. സത്യങ്ങൾ ഒന്നും അവളോട് പറഞ്ഞില്ല. എന്തിനാണ് അതിനെ കൂടി പരിഭ്രാന്തിയിൽ താഴ്ത്തുന്നത്….ചില ചെറിയ ആരോഗ്യപ്രശ്നങ്ങൾ എന്നേ പറഞ്ഞുള്ളൂ….എന്നിട്ടു കൂടി അവൾ തന്റെ കൈത്തലത്തിൽ മുഖമമർത്തി വിങ്ങികരഞ്ഞു……
അവൾ ഒരു ഭാരമായി മാറുന്നു എന്നു പതം പറഞ്ഞു….അവളെ വല്ലവിധേനയും ആശ്വസിപ്പിച്ചു. അവളെ താങ്ങി നിർത്തുമ്പോഴും സ്പന്ദ ഒരു നിമിഷം തനിക്കു ചായാൻ ഒരു തണൽമരം എവിടെയെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ എന്നു വൃഥാ ആശിച്ചു…..
ഒരു തലോടലോ ഒരു പുഞ്ചിരിയോ മതിയാകും…. പക്ഷേ അതു പോലും…..
ഏകാന്തതയുടെ ഏറ്റവും ഭീകരമായ ഭാവമാണ് ഇത് എന്ന് തോന്നി……ഇനിയെന്ത് എന്ന ചോദ്യം വീണ്ടും ഉയരുമ്പോൾ ഇന്ന് ആരും തന്നെ കൂടെയില്ല….
എനിക്കീ ഭൂമിയിൽ സ്വന്തം എന്നു പറയാൻ കഴിയുന്ന ഒരേയൊരു അവളാണ് മരണത്തോട് മല്ലടിച്ചു പച്ചകർട്ടനുകൾ തീർത്ത മതിൽക്കെട്ടിനുള്ളിൽ മടുപ്പിക്കുന്ന അന്തരീക്ഷത്തിൽ തളർന്നു കിടക്കുന്നത്…അവളെ കൂടി നഷ്ടപ്പെട്ടാൽ പിന്നെ എന്തിനാണ് ഈ ജന്മം???!!!!സ്വന്തം ജീവൻ പണയം വച്ചായാലും ഈ സപ്ന്ദന പാർവ്വതിയെ പഴയപടി മടക്കിക്കൊണ്ടു വരും….അല്ലെങ്കിൽ പാർവ്വതിക്കൊപ്പം സ്പന്ദനയും…..തിരിച്ചെടുക്കട്ടെ ദൈവം….അവളെ ഒറ്റയ്ക്കു വിടില്ലാ…..തന്നെക്കൂടി…….ആരും തുണയില്ലാത്തവർക്കു ദൈവം തുണയാകുമല്ലോ….
ആ വാക്കുകളും ഉരുവിട്ടു അവൾ വീണ്ടും ഡോക്ടറുടെ മുറിയ്ക്കടുത്തേയ്ക്ക് നടന്നു. ഓപ്പറേഷന്റെ കാര്യങ്ങളിൽ തീരുമാനം എടുക്കുവാൻ എത്തണം എന്നു പറഞ്ഞിരുന്നതാണ്…….
ഡോക്ടർ വ്യക്തമായും കൃത്യമായും കാര്യങ്ങൾ അവതരിപ്പിച്ചു. എത്രയും പെട്ടെന്ന് നടന്നാൽ അത്രയും നല്ലത്. വൈകുന്തോറും ഓപ്പറേഷന്റെ വിജയ സാധ്യത കുറഞ്ഞുവരും….പണം അടച്ചു കഴിഞ്ഞു പേപ്പറുകൾ ശരിയാക്കിയാൽ അടുത്ത നിമിഷം ഓപ്പറേഷനു ഡേറ്റ് കുറിയ്ക്കാനാകും….
എല്ലാം അവൾ മൂകമായി കേട്ടു നിന്നു. കണ്ണുകളിൽ ഒരു പ്രളയം തന്നെ കാത്തുനിൽക്കുന്നു….
ഒന്നു പുറകിൽ നിന്നും തള്ളിയിട്ടാൽ നിലം പതിച്ചു പോകും എന്ന് അവസ്ഥ….നിസ്സഹായതയുടെ അവസാനത്തെ കോണിൽ ആണെന്നു തോന്നി…..
ഹൃദയം നോവു താങ്ങാതെ നിലയ്ക്കുമോയെന്നു തോന്നിച്ചു…..പാർവ്വതിയുടെ ഓർമ്മകൾ തലച്ചോറിൽ നിറഞ്ഞതോടെ അവൾ വിറച്ചു കൊണ്ടു ഡോക്ടറുടെ കാൽക്കലേയ്ക്കു വീണു…..
കരച്ചിലിന്റെ ചീളുകൾ അവളിൽ നിന്നും അത്യധികം ശക്തിയിൽ പ്രവഹിച്ചു…..സാർ, കണ്ണോ കരളോ ഹൃദയമോ വൃക്കയോ മജ്ജയോ മാംസമോ ചോരയോ എന്തും ഈ ശരീരത്തിൽ നിന്നും എടുത്തു വിൽക്കാം….എനിക്ക്ആകെപ്പാടെയുള്ളവയാണിത്…എന്റെ ജീവൻ അവളുടെ ഓപ്പറേഷന്റെ വിലയായി നൽകാം….ഇനി ഉള്ളതെന്നു പറയാൻ ഈ ശരീരവും ആത്മാഭിമാനവും മാത്രമാണ്…..പെൺകുട്ടിയാണ് പണമുണ്ടാക്കാമായിരിക്കാം…. പക്ഷേ….
ആത്മാഭിമാനം പണയം വയ്ക്കാൻ വയ്യാ….
അതിലും എത്രയോ മടങ്ങ് അന്തസ്സുണ്ട് ജീവൻ കളയുന്നതിൽ….റെയർ ബ്ലഡ് ഗ്രൂപ്പ് ആണ്….
ഏത് അവയവവും എടുക്കാം….
എനിക്ക് ന്റെ പാറു….അവളു ജീവനോടെ ണ്ടായാൽ മതി….അല്ലെങ്കിൽ ഞാൻ ആരോരും ഇല്ലാതായിപ്പോകും സർ…..ഇനിയൊരു മരണം താങ്ങാൻ നിക്കു വയ്യാ………”ആ പെൺകുട്ടിയുടെ നെഞ്ചു നീറിയുലഞ്ഞ കരച്ചിൽ ആശുപത്രി ചുവരുകളിൽ അലയടിച്ചു……..ആ സ്വരം അത്രമേൽ വേദനാജനകമായിരുന്നു…..
ശിലപോലും അലിയിക്കും വിധം…….
………… തുടരും……………
(അടുത്ത ഭാഗം ശനിയാഴ്ച ആണേ…
പഠനം കഴിഞ്ഞുള്ള ഇടവേളകളിലേ ഇനിയങ്ങോട്ട് എഴുതാൻ കഴിയൂ…കഥയും തീരാറായീട്ടോ….
എന്റെ അവസ്ഥ ഒന്നു മനസിലാക്കണേ…
ദേഷ്യം തോന്നരുതേ….❤️)
(NB: ജീവിച്ചിരിക്കുന്നവരായോ മരിച്ചവരുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്.)