18/04/2026

അത്രമേൽ : ഭാഗം 02

രചന – കൃഷ്ണപ്രിയ

ആഹ് കുട്ടി ആരാ ?

അത് സുജാതേടെ അകന്ന ബന്ധത്തിൽ പെട്ട കുട്ടിയാ… ശ്രീദുർഗ്ഗ . അച്ഛനും അമ്മയും കടക്കെണി മൂലം ആത്മഹത്യ ചെയ്തു. ഉണ്ടായിരുന്ന വീട് ബാങ്കുകാർ ജപ്തി ചെയ്തു. ബന്ധുക്കളെല്ലാം കൈ ഒഴിഞ്ഞപ്പോൾ ഇവിടെ ഒരു സഹായത്തിനായി കൊണ്ട് നിർത്തിയതാ.
ശ്രീധരൻ പറഞ്ഞു.

ഇന്നത്തെ കാലത്ത് ഒരു വീട്ടുജോലിക്കാരിക്കൊക്കെ എന്തോരം പണം കൊടുക്കണം. ഇതാവുമ്പോ ഉണ്ണാനും ഉടുക്കാനും മാത്രം കൊടുത്താ മതിലോ ….
സുജാതയും ഏറ്റുപിടിച്ചു.

അപ്പോഴേക്കും ശ്രീധരന്റെ മകൻ ശ്രീറാമും ഭാര്യ രേവതിയും അവരുടെ കുഞ്ഞുമോൻ ആര്യനെയും കൂട്ടി താഴേക്ക് വന്നത്.

രാജീവിനെ കണ്ടതും കുഞ്ഞുമോണ കാട്ടി അവൻ ചിരിച്ചു.
അവൻ കൈ നീട്ടിയതും ആര്യൻ അവന്റെ കൈയ്യിലേക്ക് ചാടി.
പിരിച്ചു വച്ചിരുന്ന രാജീവിന്റെ മീശയിൽ ആയിരുന്നു അവന്റെ ശ്രദ്ധ മുഴുവനും.
അതിൽ പിടിച്ച് വലിക്കുമ്പോൾ രാജീവ് വേദനിക്കുന്ന പോലെ അഭിനയിക്കും … അത് കണ്ട് കുഞ്ഞാര്യൻ കൈകൊട്ടി ചിരിക്കും.

ഇതെല്ലാം ശ്രദ്ധിച്ച് കൊണ്ടിരുന്ന വേണുവിന്റെ മനസ്സൊന്നു നീറി. സ്വന്തം കുഞ്ഞിനെ ഒന്നു തലോടുക പോലും ചെയ്യാത്ത ഒരച്ഛൻ, മറ്റൊരാളുടെ കുഞ്ഞിനെ കൊഞ്ചിക്കുകയും ലാളിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ ആഹ് വയസ്സന്റെ ഉള്ളം നീറി.

അല്ല രാജീവേ കല്ലുമോളെന്തേ?
രേവതിയുടെ ചോദ്യമായിരുന്നു കുഞ്ഞുമൊത്തുള്ള കളിയിൽ നിന്നും അവനെ ഉണർത്തിയത്.
പക്ഷെ അവൻ ആഹ് ചോദ്യം കേട്ടതായി ഭാവിച്ചില്ല.

അത്…. കല്ലുമോൾക്ക് ചെറിയൊരു പനി. അടുത്ത വീട്ടിലാക്കിയിരിക്കാ. അതാ കൊണ്ടുവരാഞ്ഞത്.
വേണു മറുപടി നൽകി.

അയ്യോ മോൾക്കിപ്പോ എങ്ങനെയുണ്ട് ?

കുഴപ്പോന്നൂല്യ… മരുന്നൊക്കെ ഡോക്ടർ തന്നിട്ടുണ്ട്.
വേണു അതിനും മറുപടി പറഞ്ഞു.

അല്ല വേണുവേട്ടാ ഏതെങ്കിലും ജോത്സ്യനെ കണ്ട് കല്യാണീടെ നാളൊക്കെ ഒന്ന് നോക്കിക്കായിരുന്നില്ലേ? അടുത്തത് ആരുടെ ജീവനാണാവോ പോവുന്നത്?
സുജാത പറഞ്ഞത് കേട്ടതും രാജീവിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി..
അവൻ കുഞ്ഞിനെ രേവതിയുടെ കൈയ്യിൽ കൊടുത്തിട്ട് പുറത്തേക്ക് പോയി.

രാജീവ് പോവുന്നത് കണ്ട് ശ്രീധരൻ സുജാതയെ കണ്ണുരുട്ടി നോക്കി.
അവരാണെങ്കിൽ താനിതൊന്നും അറിഞ്ഞിട്ടില്ല എന്ന മട്ടിൽ ഇരിപ്പായിരുന്നു.

കുറച്ച് കഴിഞ്ഞതും കേക്ക് മുറിക്കാനായി എല്ലാവരും ഒത്തുചേർന്നു. ശ്രീറാമിന്റെയും രേവതിയുടെയും നടുക്കായി ഇരുന്ന് മൂവരും ചേർന്ന് കേക്ക് മുറിച്ചു.
കുഞ്ഞിനെ പിറന്നാൾആശംസകൾ നേർന്ന് കൊണ്ട് കരഘോഷം ഉയർന്നു.ജോലിത്തിരക്കുകളിൽ നിന്നും ആഹ് പെൺകുട്ടി ജനലോരത്തായി വന്നു നിന്ന് ആഹ് കാഴ്ചകൾ വീക്ഷിക്കുകയായിരുന്നു.

കേക്ക് കുറെ പീസുകളാക്കി ശ്രീറാം എല്ലാവർക്കും കൊടുത്തു.

ഇതെല്ലാം കണ്ടു നിന്ന അവൾ വേഗം അടുക്കളയിലേക്ക് വലിഞ്ഞു.

അവളും മറ്റൊരു സ്ത്രീയും ചേർന്നാണ് ഉച്ച ഭഷണം തയ്യാറാക്കിയത്. ചെറിയൊരു സദ്യ .
എല്ലാവരും സദ്യ കഴിക്കാൻ ഇരുന്നു. വിളമ്പാനും മറ്റും അവൾ ഓടി നടക്കുകയായിരുന്നു.
വേണു അതെല്ലാം നോക്കി കണ്ടു.

പോവാനായി ഇറങ്ങാൻ തുടങ്ങിയതും ശ്രീറാം ഓടി വന്ന് ഒരു പൊതി വേണുവിനെ ഏൽപ്പിച്ചു.

ഇതെന്താ ശ്രീ മോനേ?

അത് അമ്മാവാ… ഇതൊരു കഷ്ണം കേക്കാ…. കല്ലുമോൾക്ക് കൊടുക്കണം. ചെറിയച്ഛൻ അന്വേഷിച്ചു എന്നും പറയണം.
ശ്രീ പറഞ്ഞത് കേട്ട് വേണു ഒന്ന് പുഞ്ചിരിച്ചു.

ഞാൻ പറയാം മോനേ ….
ഇപ്പോ ഞങ്ങൾ ഇറങ്ങട്ടെ.
വേണുവും രാജീവും അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി.

⚫⚫⚫

വീട്ടിലെത്തിയതും വേണു കല്ലുമോളെ കൂട്ടികൊണ്ടുവരാനായി പോയി …

അച്ഛിച്ചാ …..
വേണുവിനെ കണ്ടതും കല്ലുമോള് ഓടി വന്നു.

അച്ഛിച്ചന്റെ കല്ലുമോള് കുറുമ്പൊന്നും കാട്ടീലാലോ ?
കുഞ്ഞിനെ എടുത്തുയർത്തി കൊണ്ട് അയാൾ ചോദിച്ചു.

മ്മഹ്…ഹ്…. മമ്ഹ് അവൾ കണ്ണിറുക്കി കൊണ്ട് പറഞ്ഞു.

അപ്പോഴേക്കും അംബികയും ഉമ്മറത്തേക്ക് വന്നു.
ഇവള് വികൃതി വല്ലതും കാട്ടിയോ അംബികേ ?

ഏയ് ഇല്ല വേണുവേട്ടാ …. മോള് മിടുക്കി കുട്ടിയായിട്ട് ഇരുന്ന് കാർട്ടൂൺ കാണുകയായിരുന്നു.

അച്ഛിച്ചാ …. ഞാൻ തോമിനെയും ചെരിയെയും കന്തല്ലോ …
പിന്നിന്നല്ലോ അച്ഛിച്ചാ അതിലൊരു പത്തി ഇന്ത്…. വല്യ പത്തി. അത് ബൂ … ബൂന്ന് കരയൂലോ ….

പട്ടി കരഞ്ഞതല്ല കുറുമ്പിപെണ്ണേ … അത് കുരച്ചതാ ….
അംബിക അവളുടെ കവിളിൽ തട്ടികൊണ്ട് പറഞ്ഞു.

അപ്പോഴേക്കും അംബികയുടെ വീട്ടിലെ ജാക്കി പട്ടി ഉറക്കെ കുരച്ചു.

അത് കേട്ടതും കല്ലുമോള് വലിയ വായിൽ കരയാൻ തുടങ്ങി.
വേണു കരച്ചിൽ മാറ്റാൻ നോക്കിട്ടും ഒരു രക്ഷയുമില്ല.

എന്നാ ഞാൻ പോട്ടെ അംബികേ…
ഇവിടെ നിന്നാ ഈ പെണ്ണ് കരഞ്ഞ് ഇവിടം കീഴ്മേൽ മറിക്കും.

ആഹ് ആയിക്കോട്ടെ വേണുവേട്ടാ …

കല്ലുമോളേ ആന്റിക്ക് റ്റാറ്റാ കൊടുക്ക്.
വേണു പറഞ്ഞതും പെണ്ണ് കരച്ചിലിന്റെ വോളിയം കൂട്ടി.

വേണു വേഗം മോളെയും കൂട്ടി വീട്ടിലേക്ക് പോയി.
അപ്പോഴും കരച്ചിലിന് ശമനം ഉണ്ടായില്ല.

കല്ലുമോൾക്ക് അച്ഛിച്ചൻ എന്താ കൊണ്ടു വന്നേക്കണേന്ന് നോക്കിയേ …
വേണു ഒരു പൊതി തുറന്നു കാട്ടികൊണ്ട് കല്ലുമോളോട് പറഞ്ഞു.

മോള് കരച്ചില് ചെറുതായൊന്നു കുറച്ചു കൊണ്ട് അതിലേക്ക് നോക്കി.

ഇത് കല്ലുമോൾക്ക് ചെറിയച്ഛൻ തന്നു വിട്ടതാ.
നല്ല മധുരൊള്ള കേക്ക്.

ക്രീം ഒരു നുള്ളെടുത്ത് മോളുടെ നാക്കിൽ വച്ചു കൊടുത്തു.
അവളത് വേഗം നൊട്ടി നുണഞ്ഞു.

ആഹ് പൊതി മോൾടെ കൈയ്യിൽ കൊടുത്തു.
അവളത് ആസ്വാദിച്ചു കഴിക്കുന്നത് വേണു നോക്കി നിന്നു.

അര്യൻ മോന്റെ പോലെ ഭാഗ്യം എന്റെ കല്ലുമോൾക്ക് ഇല്ലാതായി പോയല്ലോ ….
പാവം കുട്ടി. എന്റെ കുഞ്ഞിനും വേണം എല്ലാ സൗഭാഗ്യങ്ങളോടും കൂടിയ ഒരു ജീവിതം.
വേണു മനസ്സിലോർത്തു.

(തുടരും )❤️❤️❤️