രചന – അയിഷ അക്ബർ
അച്ഛനോടെന്തോ ജോലി ശെരിയായ കാര്യം പറയുന്നുണ്ടായിരുന്നല്ലോ…എന്താ ജോലി….
ശിവയത് ചോദിക്കുമ്പോൾ ആദി പുഞ്ചിരിച്ചു…..
തരക്കേടില്ലാത്ത നല്ലൊരു ജോലി തന്നെയാണ്…..
പുഞ്ചിരിയോടെ തന്നെ അവനത് പറഞ്ഞെങ്കിലും അതിലൊളിപ്പിക്കാൻ പ്രയാസപ്പെടുന്നൊരു നോവവൾക്ക് കാണാൻ കഴിഞ്ഞു…
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പിറ്റേന്ന് രാവിലെ ജോലിക്ക് പോവാൻ ആദി തയ്യാറായി…..
കാറിന്റെ താക്കോലുമായി ശിവ ഉമ്മറത്തേക്ക് വന്നു….
കാറ് നന്നായി കഴുകി മൂടി വെക്ക്….. ഇനി മുതൽ ബസ്സിന് പോയി ശീലിച്ചു തുടങ്ങുകയാ ഞാൻ….
കുസൃതി യോടെ അവനത് പറയുമ്പോൾ അവളുടെ മുഖം മങ്ങി….
ഇങ്ങനെ മുഖം കൂർപ്പിച്ചു കൊണ്ടാണോ യാത്രയാക്കുന്നത്…..
ഒന്ന് ചിരിക്കെടോ….
ആദി അത് പറഞ്ഞതും അവളൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു…
ആദി കണ്ണിൽ നിന്നു മറയുന്നത് വരെ അവൾ നോക്കി നിന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ജോലി കഴിഞ്ഞു വൈകുന്നേരം അവൻ തിരിചെത്തുന്നതും കാത്ത് ആ ഉമ്മറപ്പടിയിൽ അവളിരുന്നിരുന്നു…..
അവൻ വന്നതും കയ്യിൽ കരുതിയ പലഹാരങ്ങൾ അവൾക്ക് നേരെ നീട്ടി…..
അവനിഷ്ടപ്പെട്ട കറികളുമായി അവളൊരുക്കി വെച്ച ഭക്ഷണം രണ്ട് പേരും ഒരുമിച്ചിരുന്നു കഴിക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്തൊരു സന്തോഷം നിറഞ്ഞിരുന്നു….
ജോലി എങ്ങനെയുണ്ട്…..
അവന് നേരെ ചെരിഞ്ഞു കിടന്നാണ് അവളത് ചോദിച്ചത്……
നല്ല രസമുണ്ട്….. നിന്നെ പ്പോലെ….
അവൻ ചിരിച്ചു കൊണ്ട് തമാശ രൂപേണ അത് പറഞ്ഞപ്പോൾ അവൾ മുഖം കൂർപ്പിച്ചു….. എങ്കിലും വ്യക്തതയില്ലാത്ത ആ ഉത്തരത്തിൽ അവളോട്ടും തൃപ്തയായിരുന്നില്ല…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ദിവസങ്ങൾ നീങ്ങി തുടങ്ങുമ്പോൾ ഉള്ളത് കൊണ്ട് സുന്ദരമായി ജീവിക്കാൻ അവർ പഠിച്ചു കൊണ്ടിരുന്നു……
നിങ്ങൾക്ക് ജോലിയെന്താണെന്നാ പറഞ്ഞത്…..
മുമ്പിൽ നിന്ന് കൊണ്ടത് ചോദിക്കുമ്പോഴെല്ലാം താൻ പലതും പറഞ്ഞു ഒഴിഞ്ഞു മാറിയിരുന്നെങ്കിലും ഇന്നാ മുഖത്തെ ഗൗരവം കാണുമ്പോൾ സത്യം പറയാതിരിക്കാൻ കഴിയില്ല എന്ന് ആദിക്ക് തോന്നിയിരുന്നു…..
ഒരു കമ്പനിയാണ് ശിവാ…. തുണികളുടെ…..
എനിക്ക് പരിചയമുള്ള ഫീൽഡ് ആണല്ലോ….
അവൻ അതും പറഞ്ഞു അവളിൽ നിന്നും മുഖം തിരിഞ്ഞു….
ആയിക്കോട്ടെ…. അവിടെ നിങ്ങളുടെ ജോലിയെന്താണെന്നാ ചോദിച്ചത്……
അവനു മുമ്പിലേക്ക് കയറി നിന്നവളത് ചോദിക്കുമ്പോൾ ആദി അവളിൽ നിന്നും മിഴികൾ താഴ്ത്തി…..
അത് ഞാൻ എംബിഎ കാരനല്ലേ…. അവിടുത്തെ അക്കൗണ്ട് സെക്ഷനിലാണ്…..
പറയുമ്പോൾ മുഖത്തെ കള്ളത്തരം അവൾ പിടിക്കപ്പെടുമോയെന്ന ഭയം അവനുണ്ടായിരുന്നു….
അക്കൗണ്ട് സെക്ഷനിലുള്ളവരാണോ അവിടെ ബാഗൊക്കെ തയ്ക്കാറുള്ളത്…..
ചോദിക്കുമ്പോൾ മിഴികൾ നിറഞ്ഞിരുന്നു…..
അവളെങ്ങനെ ഇതെല്ലാം അറിഞ്ഞുവെന്ന ചിന്തയിൽ അവനും വല്ലാതായി…..
അവന്റെ ഫോൺ അവൾ അവന് നേരെ നീട്ടി…..
ആരോ ഫോണിൽ വിളിച്ചിരുന്നു….
ഇന്ന് തയ്ച്ച ബാഗുകളുടെ കണക്കുകൾ അയച്ചു കൊടുക്കാൻ പറഞ്ഞു….
അവനു ഫോൺ കൊടുത്ത് കൊണ്ട് അവളത് പറയുമ്പോൾ ആ കണ്ണുകളിലെ ദുഃഖത്തിന്റെ ആഴി അവനെ
വേദനിപ്പിച്ചു……
ഫോൺ വിളിച്ചു കണക്കെല്ലാം പറഞ്ഞു കൊടുത്ത ശേഷം അവൻ പതിയേ അവളെ തിരഞ്ഞു…
എങ്ങും വെട്ടം കണ്ടിരുന്നില്ല….
അടുക്കളയുടെ വാതിൽ തുറന്നിട്ടിരുന്നു…..
നിലാവെളിച്ചത്തിൽ അടുക്കളയുടെ തിണ്ണയിലിരിക്കുന്ന അവളുടെ രൂപത്തെ അവന് കാണാൻ കഴിഞ്ഞു….
അവൻ അവൾക്കരികിലായിരുന്നു…
ബാഗ് തുന്നുന്നതൊരു മോശം ജോലിയാണോ…..
എല്ലാ ജോലിക്കും അതിന്റേതായ അന്തസ്സില്ലെ….
പഠിച്ചവർക്കൊക്കെ അതിനനുസരിച്ചുള്ള ജോലി കിട്ടണമെന്നില്ലല്ലോ…
അവൻ ഇരുട്ടിലേക്ക് നോക്കിയാണത്രയും പറഞ്ഞത്..
ജോലി മോശമാണെന്ന് ഞാൻ പറഞ്ഞില്ല….
അത് പോലൊരു കമ്പനി സ്വന്തമായുണ്ടായിരുന്ന ആൾ ഇന്നൊരു തൊഴിലാളിയായി മാറിയതിനു കാരണം…….
അവൾക്ക് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല…..
ആ ശബ്ദത്തിലെ നനവ് അവനു തിരിച്ചറിയുന്നുണ്ടായിരുന്നു…
കണ്ടോ ഇത് കാരണം തന്നെയാണ് ഞാൻ പറയാതിരുന്നതും…..
നിന്നെ ഞാൻ അവിടെ നിന്നും കൂട്ടിക്കൊണ്ട് വന്നത് തന്നെ നിന്റെ ഭാഗ്യ ദോഷത്തെ നീ തന്നെ മറക്കാൻ വേണ്ടിയാണ്….
പണ്ട് മുതലേ ചുറ്റുമുള്ളവർ പറഞ്ഞു കേട്ട് കേട്ട് നിനക്ക് തന്നെ തോന്നി തുടങ്ങി നീയൊരു ഭാഗ്യ ദോഷിയാണെന്ന്….
ജീവിതമെന്നത് സുഖ ദുഃഖ സമ്മിശ്രമാണ്…. ദുഃഖം വരുമ്പോളെന്ത് കൊണ്ടാണ് ഭാഗ്യ ദോഷവുമായി അതിനെ കോർത്തിണക്കുന്നത്……
അവനവളുടെ കൈകളിൽ പിടിച്ചു….
അവളവന്റെ മുഖത്തേക്ക് നോക്കി….
നിലാവെളിച്ചതിൽ ആ കണ്ണുകളിലെ നീർമുത്തുകൾ അവന് കാണാൻ കഴിയുന്നുണ്ടായിരുന്നു….
ഇത്ര മാത്രം ചേർത്ത് പിടിക്കാൻ ഞാനെന്താ നിങ്ങൾക്ക് വേണ്ടി ചെയ്തു തന്നത്….
ഞാനാരാ നിങ്ങൾക്ക്…
ആരുടെയൊക്കെയോ നിർബന്ധത്താൽ കല്യാണ പന്തലിൽ വെച്ചൊരു താലി കെട്ടിയത് കൊണ്ടാണോ….
ഉള്ളിലെ നോവിനോടൊപ്പം അവളുടെ മനസ്സിൽ അവനായുള്ള സ്ഥാനം കൂടി അവൾ പങ്കു വെക്കുന്നത് പോലെ അവന് തോന്നി….
അത്രത്തോളം ഹൃദയത്തോട് അവളടുത്ത പോലെ…….
അവൻ പതിയേ ഒന്ന് പുഞ്ചിരിച്ചു കൊണ്ട എഴുന്നേറ്റു…..
വാ… എഴുന്നേൽക്…
കൈ അവൾക്ക് നേരെ നീട്ടി….
അത്രത്തോളം ആത്മാർത്ഥമായ ചോദ്യത്തിനുള്ള ഉത്തരത്തിനു പകരം അവനെഴുന്നേൽക്കാൻ പറഞ്ഞത് കൊണ്ട് തന്നെ അവളവനെ നോക്കി നിന്നു….
അവൻ അവളുടെ കൈകളിൽ പിടിച്ചു എഴുന്നേൽപ്പിച്ചു മുറിയിലേക്ക് നടന്നു….
അവളിൽ നിന്നു മറച്ചു സൂക്ഷിച്ചു വെച്ച ആ കടലാസ് കഷ്ണങ്ങൾ അവൻ കൈകളിലെടുത്തു….
അപ്പോഴും ഇതെന്തെന്ന ചോദ്യം അവളുടെ മുഖത്ത് നിറഞ്ഞു നിന്നു…..
അവനതവൾക്ക് നേരെ നീട്ടി……
അവൾ ആകാംക്ഷയോടെ അത് തുറന്നു നോക്കി…..
അതെന്തെന്ന് മനസ്സിലാക്കാൻ ഒറ്റ നോട്ടം മാത്രമേ അവൾക്കാവശ്യമായിരുന്നുള്ളു….
അവളുടെ കണ്ണുകൾ തിളങ്ങി…….
അത്ര മേൽ പ്രണയത്തോടെ താൻ സൂക്ഷിച്ചു വെച്ച അവന്റെ എഴുത്തുകൾ…. ഇതെങ്ങനെ അവന്റെ കയ്യിലെത്തിയെന്നത് ഒരു ചോദ്യമായി അവളിൽ ബാക്കി നിന്നു…….
ഇങ്ങനെയൊരു ഇഷ്ടം ഞാനറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും നീയീ താലിയാണിയാൻ ഇത്രയും വൈകില്ലായിരുന്നു…..
അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഇറ്റിവീണു….
ഞാനറിയുന്നതിനു മുന്നേ എന്നെ സ്നേഹിച്ചു തുടങ്ങിയവൾക്ക്…..
മുടങ്ങിപ്പോയ പന്തലിലേക്ക് വിധി നിന്നെ വെച്ചു നീട്ടിയപ്പോഴും വെറുപ്പ് നിറച്ചേ സംസാരിചിട്ടുള്ളു…..
ഒന്നും പിടിച്ചു വാങ്ങാതെ എന്റെ ജീവിതത്തിലൊതുങ്ങി കൂടുമ്പോൾ….. അല്ലെങ്കിൽ നിങ്ങളുടെ സന്തോഷത്തിനായി ഞാൻ ഒഴിഞ്ഞു തരാമെന്ന് പറയുമ്പോൾ ഉള്ളിൽ നിറഞ്ഞ വെറുപ്പിൽ നിന്നും നിന്നെ അറിയാനൊരു ശ്രമം തുടങ്ങി…..
അറിയും തോറും ഹൃദയം നിന്നോടടുത്തു തുടങ്ങി….
തിരിച്ചു കിട്ടുമോയെന്നുറപ്പില്ലാത്തിരുന്നിട്ടും നിന്റെ സ്നേഹം എ പ്പോഴൊക്കെയോ എന്റെ മനസ്സാഗ്രഹിച്ചു പോയിരുന്നു…..
എന്നാൽ ഈ കത്തുകൾ നിന്റെ മുറിയിൽ നിന്ന് കണ്ടതിനു ശേഷമാണ് എന്നിലുള്ള നിന്റെ പ്രണയത്തെ ഞാൻ തിരിച്ചറിഞ്ഞതും……..
അത്ര മേൽ വികാരഭരിതമായി അവനത് പറഞ്ഞു നിർത്തുമ്പോൾ അവന്റെ മുഖത്ത് പോലും നോക്കാതെ അവളാ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു…..
ഹൃദയം മുഴുവൻ അവനോടുള്ള പ്രണയമായിരുന്നെങ്കിലും തുറന്ന് പറയാൻ കഴിഞ്ഞിട്ടില്ല….. അന്നും… ഇന്നും…..
അന്ന് അറിയാൻ കഴിയാത്ത പ്രണയത്തെ ഇന്നവൻ പറയാതെ അറിയുമ്പോൾ എല്ലാ സ്നേഹവും കൂടി ഒരുമിച്ചു തിരിച്ചു നൽകാൻ ശ്രമിക്കുകയായിരിക്കും….
അവളുടെ കണ്ണുകളിൽ നിന്നും തിളക്കമുള്ള കണ്ണുനീർ ഇറ്റി വീണു…..
എങ്കിലും ചൊടികളിലൊരു പുഞ്ചിരി തെളിഞ്ഞിരുന്നു….
ചേർന്ന് നിൽക്കുന്ന അവരെ പിരിക്കാനാവാം വീശിയോഴുകിയൊരു മന്ദ മാരുതൻ അവിടേക്കെതിയത്….. എന്നാൽ പരസ്പരം പങ്കു വെച്ച പ്രണയത്തിന്റെ ലഹരിയിൽ അവർ പരസ്പരം മതി മറന്നിരുന്നു…..
കുറച്ചു നേരം കഴിഞ്ഞവളവനിൽ നിന്നും അടർന്നു മാറുമ്പോൾ അവന്റെ മുഖത്ത് നോക്കാനവൾക്കൊരു പ്രയാസം തോന്നി….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ശിവാ…എന്റെ വാച്ചേവിടെ….
ആദിയത് ചോദിച്ചതും വാച്ചുമായി ശിവ എത്തിയിരുന്നു….
ആധിക്കരികിലായി അവൾ നിന്നതും അവൻ ഒരു കൈ കൊണ്ട് മുടി ചീകുകയായിരുന്നു…..
അവളവന്റെ കയ്യിൽ പിടിച്ചു….
അവൻ ചീകുന്നത് നിർത്തി അതിശയത്തോടെ അവളെ നോക്കി….
അവളാ വാച്ചവന്റെ കയ്യിൽ കെട്ടി കൊടുക്കുമ്പോഴും അവനവളെ തന്നെ നോക്കി നിന്നു…..
എന്നാൽ അവളവന്റെ മുഖത്ത് നോക്കിയിരുന്നില്ല…
വാച്ച് കെട്ടി കഴിഞ്ഞതിനു ശേഷമാണ് അവൾ കണ്ണുകൾ അവനിലേക്കുയർത്തിയത്…..
അവളെ നോക്കി യിരിക്കുന്ന ആ മിഴികളുമായി അവളുടെ നീളൻ മിഴികളുടക്കിയപ്പോൾ അവിടമാകെ പരന്നത് അവരുടെ പ്രണയത്തിന്റെ ഗന്ധമായിരുന്നു…..
ഞാൻ…. ഞാൻ ചായയെടുക്കാം
പറഞ്ഞു കൊണ്ടവളവിടെ നിന്നു നടക്കുമ്പോൾ അവന്റെ ചുണ്ടിലെ ചിരി മാഞ്ഞിരുന്നില്ല….
അവളുടെ മുഖത്ത് കണ്ട തന്റെ സ്വന്തമെന്ന ഭാവം അവന്റെ ഹൃദയം നിറച്ചിരുന്നു…..
പറയാത്ത പ്രണയത്തിന്റെ ആനന്ദത്തിൽ നിന്നും നടന്നവർ പങ്കു വെച്ച പ്രണയത്തിന്റെ ലഹരിയിലെത്തിയിരുന്നു…
(തുടരും )

by