16/04/2026

നിനക്കായി മാത്രം : ഭാഗം 14

രചന – റോസാ തോമസ്

അന്നയിൽ ഒരു വലിയ നടുക്കം ഉണ്ടായി… ഇങ്ങോട്ട് വന്നത് ഒരു വലിയ അബദ്ധം ആയിപ്പോയോ.. അവളുടെ തല താഴ്ന്നു പോയി.. കുറേ നിമിഷങ്ങൾ അങ്ങനെ കഴിഞ്ഞുപോയി.. അവൾ പതിയെ തല ചെരിച്ചു നോക്കി…അമ്മയെ.. അമ്മയുടെ നിൽപ്പ് കണ്ടിട്ട് അവൾക്ക് ഭയം തോന്നി.. ശില പോലെ നിൽക്കുകയാണ്..ഒന്നും സംസാരിക്കുന്നില്ല. ദദ്രന്റെ മുഖത്തേക്ക് നോക്കാൻ ഭയം കാരണം സാധിക്കുന്നില്ല. നല്ലൊരു ദിവസമായിട്ട്…താൻ കാരണമാണ് എല്ലാം.. വരേണ്ടിയിരുന്നില്ല എന്ന് അന്നയുടെ മനം വീണ്ടും വീണ്ടും അവളോടു ചൊല്ലികൊണ്ടിരുന്നു. ആനി പതിയെ മൗനമായി മുറിയിലേക്ക് കയറിപ്പോയി.

ഭദ്രന്റെ ആ ചോദ്യം, തലച്ചോറിനെ പിളർക്കുന്ന പോലെ ആനിക്ക് തോന്നി. അന്നയെ ഇവിടെ കൊണ്ടുവന്ന ദിവസം മുതൽ താൻ ഭയക്കുന്ന കാര്യം… ഭദ്രനും, ടോമിച്ചനും, ടോമിച്ചന്റെ ചുറ്റുമുള്ളവരും… അവരാണ് ഇരുപത്തിമൂന്നു വർഷങ്ങളായുള്ള തന്റെ ഭയം. അതിൽ.. ഭദ്രൻ വീണതിനാൽ ഭദ്രനെ ഇനി ഭയക്കേണ്ടതില്ല എന്ന് താൻ ഓർത്തു.. കഴുത്തിന്റെ താഴെ തളർന്നു സംസാരശേഷി നഷ്ടപ്പെട്ടു കിടന്ന ഭദ്രനെ വേണമെങ്കിൽ ചികിത്സിക്കാതെ ഇരിക്കാമായിരുന്നു.. മോളെ ഉപദ്രവിക്കുമോ എന്നുള്ള ഭയം മൂലമാണ് മകളെ മാറ്റി നിർത്തിയത് പോലും… പക്ഷേ നിയമപരമായി ഭദ്രൻ തന്റെ ഭർത്താവാണ്.. അതുകൊണ്ട് മനസ്സാക്ഷി കാണിക്കാതിരിക്കാൻ പറ്റിയില്ല.. പക്ഷേ ആശ്രമത്തിലെ ചികിത്സ വഴി വീൽ ചെയറിൽ ഇരിക്കാനും സംസാരിക്കാനും സാധിച്ചു…സംസാരശേഷി തിരിച്ചുകിട്ടി..

അരയ്ക്കു മാത്രമേ തളർച്ചയുള്ളൂ.. ഇനിയൊരിക്കലും ഭദ്രൻ വീൽചെയറിൽ നിന്ന് എഴുന്നേൽക്കാൻ പോകുന്നില്ല.. ഈ രീതിയിൽ മുന്നോട്ടു പോവുകയുള്ളൂ എന്ന് തനിക്കറിയാം..ആശ്രമത്തിൽ നിന്നതു പറഞ്ഞതുമാണ്…അതുകൊണ്ട് ആരെയും ഉപദ്രവിക്കാൻ ഒന്നും സാധിക്കില്ല… മാത്രമല്ല സ്വഭാവത്തിലും നല്ല മാറ്റം വന്നിരുന്നു.. കുറ്റബോധം കൊണ്ട് നീറുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്.. ഒരുപാട് തവണ മാപ്പുപറഞ്ഞു കഴിഞ്ഞു..എന്നാലും തന്റെ ഉള്ളിൽ ഭയം ഉണ്ട്… സ്വഭാവം ശരിക്കും മാറിയോ.. ആ മനസ്സിൽ ശരിക്കും എന്താണ്… പക്ഷേ അന്ന മോളെ തിരിച്ചറിയുമെന്ന് ഒരിക്കലും ചിന്തിച്ചില്ല… ഭദ്രൻ തന്നോട് ആ ചോദ്യം ചോദിച്ച നിമിഷം തന്റെ ശരീരത്തിലേക്ക് ഒരു കൂരമ്പ് തറയ്ക്കുന്നത് പോലെ തോന്നി..

താൻ പേടിച്ചത് സംഭവിച്ച നിമിഷം… പക്ഷേ എല്ലാത്തിനും ഉപരി ആ ചോദ്യം കേട്ട് കുറ്റവാളിയെ പോലെ തലതാഴ്ത്തുനിന്ന അന്ന… അതു തന്നെ ഉലച്ചുകളഞ്ഞു…. അവളുടെ ആ നിൽപ്പ്… എന്ത് തെറ്റ് ചെയ്തിട്ടാണ് ആ പാവം ഇങ്ങനെ…. ഇനി അല്ല എന്ന് എന്തായാലും പറയാൻ സാധിക്കില്ല.. തന്റെയും അന്നയുടെയും മുഖം അതിനുള്ള മറുപടി പറഞ്ഞു കഴിഞ്ഞു… അതോർത്തപ്പോൾ ആനി എഴുന്നേറ്റു..ഇനി പേടിച്ചിരുന്നിട്ട് കാര്യമില്ല.. എന്തായാലും മുന്നോട്ടുപോയ പറ്റൂ.. എന്തും നേരിടണം എന്ന ചിന്തയിൽ അവൾ എഴുന്നേറ്റ് നടന്നു.. ഉമ്മർത്തു ചെന്നു നോക്കിയപ്പോൾ ഭദ്രൻ അവിടെ ഇരിപ്പുണ്ട്… അല്ലെങ്കിലും ആരുടെയെങ്കിലും സഹായം ഇല്ലാതെ നീങ്ങാൻ പറ്റില്ല. കിച്ചണിൽ ജാനമ്മയോട് സംസാരിക്കുന്ന അന്നയുടെ സ്വരം കേട്ടു… എങ്ങനെയെങ്കിലും സദ്യ കഴിഞ്ഞ് അവളെ പറഞ്ഞു വിടണം..

എന്നോർത്തുകൊണ്ട് അവൾ വീൽചെയർ തിരിച്ചു.. ഭദ്രൻ മൗനമാണ്…ഒന്നും മിണ്ടുന്നില്ല. കുറച്ചുനേരത്തേക്ക് അവർ മൂന്നുപേരും ഒന്നും മിണ്ടിയില്ല… ഒന്നുമറിയാതെ ജാനമ്മയും മക്കളും പഴയതുപോലെ സംസാരിച്ച് ഇടപ്പെട്ടു… എല്ലാവരും കൂടി ഫുഡ് എല്ലാം കൊണ്ടുവന്നു വച്ചു..ഭദ്രനും കുട്ടികളും ഇരുന്നു.. ഓപ്പോസിറ്റ് ആയി അന്നയെയും നിർബന്ധിച്ച് ജനമ്മ ഇരുത്തി ….ആനി സദ്യ വിളമ്പുന്നതിൽ ശ്രദ്ധിച്ചു.. ഭദ്രന് വയ്യാത്തതുകൊണ്ട് മേശയിലിരുന്ന് എല്ലാവരും കഴിക്കാനാണ് തീരുമാനം..വിളമ്പി കഴിഞ്ഞ് ആനിയും ജനമ്മയും കൂടിയിരുന്നു.. ആനി ഭദ്രനെ പതിയെ ഒന്ന് നോക്കി.. ആ മുഖത്തെ ഭാവം എന്താണെന്ന് അറിയാൻ പറ്റുന്നില്ല. ഭദ്രൻ പതിയെ ചോറിലേക്ക് കറികൾ ചേർത്ത് കയ്യിൽ ഒരു ഉരുള എടുത്ത് അന്നയുടെ നേർക്ക് നീട്ടി.. ആനി അടക്കം എല്ലാവരും ഒരു നിമിഷം സ്തബ്ധരായി പോയി…

അന്നയ്ക്ക് വിറയൽ കാരണം എന്താ ചെയ്യേണ്ടത് എന്ന് അറിയാതെ അങ്ങനെ തന്നെ ഇരുന്നു.. അന്നയുടെ ഇരിപ്പു കണ്ടിട്ട് പേടിച്ചിട്ടാണെന്ന് മനസ്സിലാക്കി കിട്ടുവിന് കൊടുത്തു ആ ഉരുള.. വീണ്ടും ഒന്നുകൂടി കുഴച്ച് മിട്ടുവിനും കൊടുത്തു.. അടുത്ത ഉരുള വീണ്ടും പ്രതീക്ഷയോടെ അന്നയുടെ നേർക്ക് നീട്ടി.. അവൾ പതിയെ വാ തുറന്ന് അത് വാങ്ങിച്ചു കഴിച്ചു. സന്തോഷത്തോടെ, ആത്മനിർവൃതിയോടെ ഭദ്രൻ കഴിക്കുമ്പോൾ ആനിയിലും അന്നയിലും പഴയ അവസ്ഥ തന്നെയായിരുന്നു. സദ്യ കഴിഞ്ഞ് ജാനമ്മയും കുട്ടികളും മടങ്ങി പോയപ്പോൾ അവർ മൂവരും വീണ്ടും തനിച്ചായി.. ദുഖിച്ച മനസ്സുമായി ഇടറുന്ന പാദങ്ങളോടെ അന്നയും പോവാൻ ഇറങ്ങി..ആനി കൊണ്ടുവിടാൻ ഇറങ്ങിയപ്പോൾ അവരെ ഭദ്രൻ പുറകിൽ നിന്ന് വിളിച്ചു ” ഞാൻ അങ്ങനെ ചോദിച്ചത് നിങ്ങൾക്ക് വിഷമം ആയോ..” ഭദ്രൻ ചോദിച്ചു. അവർ രണ്ടുപേരും മറുപടി ഒന്നും പറഞ്ഞില്ല..

അതുകൊണ്ടു അയാൾ തന്നെ വീണ്ടും സംസാരിച്ചു തുടങ്ങി.. ” ഞാൻ ചോദിച്ചത് നിങ്ങൾക്ക് ഇത്ര വിഷമം ആവുമെന്ന് കരുതിയില്ല… എന്നോട് എന്തെങ്കിലും ഒരു ദയ തോന്നുന്നുണ്ടെങ്കിൽ എന്നെ ഭയക്കരുത്..വെറുക്കരുത്.. അപേക്ഷയാണ്.. ” നിങ്ങളുടെ ഈ ഭയം കാണുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുകയാണ്.. ചെയ്തുകൂട്ടിയത് അത്രത്തോളം ഉണ്ടല്ലോ.. മാപ്പ് ചോദിക്കാനുള്ള യോഗ്യത പോലും എനിക്കില്ലെന്ന് അറിയാം.. കൂടുതൽ ഒന്നും സംസാരിക്കാനുള്ള മാനസികാവസ്ഥ എനിക്കില്ല.. ഒന്നേ പറയാനുള്ളൂ… എന്നെ ഇങ്ങനെ ഭയക്കരുത്…ഉപദ്രവിക്കില്ല… ഒരു നോക്കു കൊണ്ട് പോലും.. അന്ന മോൾക്ക് എന്നെങ്കിലും എന്നോട് ക്ഷമിക്കാൻ സാധിച്ചെങ്കിൽ….. ഞാൻ മരിക്കുന്നതിനു മുമ്പ് എങ്കിലും.. ഒരു പ്രാവശ്യം.. ഒരൊറ്റ പ്രാവശ്യം.. എന്നെ അച്ഛൻ… എന്ന് ഒന്നു വിളിക്കണം..

ഈ വീട് മോളുടെ ആണെന്ന് തന്നെ വിചാരിച്ചു വേണം ഇനി ഇവിടെ വരാൻ..” “ആനിയ്ക്ക് പറ്റുമെങ്കിൽ പോകുന്നതിനു മുമ്പ് എന്നെ കട്ടിലിലേക്ക് ഒന്ന് കിടത്തിയിട്ട് പോകാമോ..” അത് ചോദിക്കുമ്പോൾ ആ മുഖത്ത് ഉണ്ടായ അയാളുടെ നിസ്സഹായാവസ്ഥ അവരെ തളർത്തി. ഓണമായിട്ട് ഇന്നുതന്നെ വേണ്ടായിരുന്നു… വേറൊരു ദിവസം നമുക്ക് ആഘോഷിക്കാമായിരുന്നു..ഇനിയിപ്പോ വീട്ടിലേക്ക് എങ്ങനെ കയറിപോകും..കയ്യിലിരുന്ന ബിയർ ബോട്ടിൽ ഗ്ലാസിലേക്ക് ഒഴിച്ചു കൊണ്ട് എബിൻ പറഞ്ഞു. കാലുകൊണ്ട്… ഒന്ന് പോ എബി…അന്ന് രാത്രി രണ്ടു പെഗ്ഗ് അടിക്കാമെന്ന് ഞാൻ പറഞ്ഞതാ…നീ കേട്ടില്ല.. അതിനുള്ള ശിക്ഷ ആയിട്ട് കരുതിയാ മതി ഇന്ന്..

എത്ര നാളായി ഒന്ന് ആഘോഷിച്ചിട്ട്.. സച്ചി ഗ്ലാസ്‌ ചുണ്ടോട് അടുപ്പിച്ചുകൊണ്ട് പറഞ്ഞു. ടാ.. മതിടാ… ഇത് എത്രാമത്തെയാ… എബിൻ ചോദിച്ചു. ഒന്ന് പോ എബി…. ഞാനേ മനുഷ്യനാ… അല്ലാതെ നിന്നെപ്പോലെ രണ്ടെണ്ണം അടിച്ചാൽ ഫിറ്റ്‌ ആവുന്ന വിദ്യ എനിക്കില്ല…എത്ര ദിവസമായി ഒന്ന് സന്തഷിചിട്ട്‌..ഓണഘോഷത്തിന്റ അന്ന് ആ നേഹ എന്നെ തിരിഞ്ഞു നോക്കിയില്ല… എത്ര മിൽകിബാർ ഞാൻ വാങ്ങി കൊടുത്തതാ… എന്താ മിൽകിബാറോ…എബിൻ ഒന്നൂടെ ഒഴിച്ചോണ്ടു ചോദിച്ചു. ആടാ..അതിന് അവളൊരു ഇളളാ കുട്ടിയാണെന്ന് നിനക്കറിയില്ലേ..ഒരു കുഞ്ഞാവ വന്നിരിക്കുന്നു… പോയെടാ പോയി അവൾ പോയി.. ആ മിഥുന്റെ കൂടെ അവള് പോയെടാ..ഞാൻ ഇനിയും കുടിക്കും.. എന്റെ ഓരോ മില്കിബാറിനും പകരം ഞാൻ കുടിച്ചു കൊണ്ടേയിരിക്കും..

എന്നാൽ ഞാനും കുടിക്കും.. എബിൻ.. യ്യ്യോ..നീയോ നീ കുടിക്കണ്ട… നീ കുടിച്ചാൽ ശരിയാവില്ല… എന്തൊക്കെയാ പറയുന്നതെന്ന് പറയാൻ പറ്റില്ല.. ഉള്ളതെല്ലാം പുറത്തുവരും…… കഴിഞ്ഞപ്രാവശ്യം ഞാൻ അനുഭവിച്ചത്.. ബാറിൽ ആയതുകൊണ്ട് പിന്നെ കുഴപ്പമില്ലായിരുന്നു… അതുകൊണ്ട് നീ കുടിക്കാൻ പാടില്ല..ഡാ ഡാ പിന്നേം കുടിക്കുവാണോ..യ്യോ..സച്ചിൻ. നീ കുടിച്ചാൽ ഞാനും കുടിക്കും.. ഓ അപ്പൊ എനിക്ക് കുറ്റം.. ഒന്ന് പോ.. എബി… പിന്നെ ഉണ്ടല്ലോ ആ രൂപ…. അവളിലാണ് എന്റെ പ്രതീക്ഷ…. സെറ്റ് സാരി ഉടുത്തുകൊണ്ടുള്ള ആ വരവ് ഉണ്ടല്ലോ.. ഞാനതിൽ മയങ്ങി നിൽക്കുകയായിരുന്നു.. അപ്പൊ ആ പന്ന നിഖിൽ ഉണ്ടല്ലോ… അവന്റെ ഒരു ശൃംഗാരം… അവനെ എന്റെ കയ്യിൽ എങ്ങാനും കിട്ടിയാലുണ്ടല്ലോ.. അവർ സംസാരിച്ചിരിക്കുമ്പോൾ തന്നെ ഹോസ്പിറ്റലിൽ നിന്ന് കോൾ വന്നു.. ഡാ ഹോസ്പിറ്റലിൽ നിന്ന് കോൾ ഉണ്ട്…ഒഴിവാക്കാൻ പറ്റില്ല.. അർജെന്റാണ്.. അത് കേട്ടതും സച്ചി തലയ്ക്കു കൈകൊടുത്തു ഇരുന്നു പോയി…

പെട്ടെന്ന് സമനില വീണ്ടെടുത്ത് അവൻ ചാടി എണീറ്റു. ടാ എബി നീ പോകാൻ പറ്റില്ല.. എന്ത് എമർജൻസി ആണെന്ന് പറഞ്ഞാലും നീ പോകാൻ സമ്മതിക്കില്ല.. വേണമെങ്കിൽ ഞാൻ പൊക്കോളാം എന്നാലും വേണ്ടില്ല.. അതെന്താ.. ഞാൻ പോയാൽ…കലിപ്പ്‌ മോഡ് ഓൺ ടാ… എന്നാലും അത്… അത് എന്തെന്നല്ലേ ചോദിച്ചേ… അത്… പിന്നെ…ടാ നീ ഒരല്പം ഓവറല്ലെ… അപ്പൊ നീയോ… ടാ അതുപോലാണോ.. നീ.. കഴിഞ്ഞ തവണ നീ എന്തൊക്കെയാ കാട്ടികുട്ടിയെ.. അതു ബാറിലല്ലേ… എന്നാ വാ.. നമുക്കു ബാറിൽ പോവാം.. എന്നാലും വേണ്ടില്ലാരുന്നു.. സച്ചി… പോടാ… പോ… പോയി നശിപ്പിക്ക്..ഏതു നേരത്താണോ അടിക്കാൻ തോന്നിയെ… എന്നാ വാ.. പോവാം.. കലിപ്പ് പെട്ടന്ന് അപ്രത്യക്ഷമായി.. അവർ ഹോസ്പിറ്റലിൽ എത്തിയപ്പോൾ കുറച്ച് വൈകിയിരുന്നു…

അവർ റിസപ്ഷനിൽ കയറി കാര്യം അന്വേഷിച്ചു. എനി എമർജൻസി..എബിൻ.. കള്ളുകുടിച്ചാലും ഇംഗ്ലീഷിനു ഒരു കുറവുമില്ല.. സച്ചിൻ ആത്മ.. അത് ഒരു ഗൈനക്ക് എമർജൻസി ആയിരുന്നു.. ഇപ്പോൾ കുഴപ്പമില്ല.. പേഷ്യന്റിനെ ലേബർ റൂമിലേക്ക് മാറ്റി.. ഓക്കേ എന്ന് പറഞ്ഞ് അവർ എമർജൻസിയിലേക്ക് നടന്നു… സച്ചിൻ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ എബിനെ കണ്ടില്ല.. അയ്യോ ഇവന് ഓവറാണെന്നുള്ള കാര്യം മറന്നു പോയല്ലോ.. സച്ചിൻ പുറകോട്ട് നടന്നു. അപ്പൊ പേഷ്യന്റ് ഒക്കെയാണ് അല്ലേ.. അതേ സാർ.. നിമിഷ പറഞ്ഞു… സച്ചിൻ വന്നു അവനെ വലിച്ചുകൊണ്ടുപോയി… അവർ കാഷ്വാലിറ്റിയിലും ലേബർ റൂമിലും പോയി അന്വേഷിച്ചിട്ട് ഡോക്ടേഴ്സ് സൈഡിലേക്ക് പോയി.. പേഷ്യന്റിനെ ലേബർ റൂമിൽ ഒബ്സർവേഷനിൽ കിടത്തിയിരിക്കുകയാണ് ഇപ്പോൾ കുഴപ്പമൊന്നുമില്ല.. ഡോക്ടർസ് സൈഡിൽ ഒരു വലിയ ഹാൾ ഉണ്ട്.. അവിടെ കുറെ മേശകളും കസേരകളും.. അതിന്റെ മുകളിലത്തെ നിലയിലാണ് ഡോക്ടേഴ്സ്ന്റെ താമസം..

അവർ ഹാളിലേക്ക് ചെന്നു.. ഓണം ആയതുകൊണ്ട് അധികം ആൾക്കാർ ഒന്നുമില്ല.. കുറച്ചുപേർ മാത്രം.. ആഹാ..നിന്റെ അനഘയും നേഹയും ഒക്കെ ഉണ്ടല്ലോ.. ഡാ ദേ നിന്റെ ശത്രു ഉണ്ടെടാ അവിടെ… ആ നിഖിൽ ….. പിന്നെ ആരാണ്….ഒരു….ഒരു… ഒരു… മിഥുനും..അവൻ ഇവിടെ ഇല്ലേ.. ലീവാണോ..എന്നു പറഞ്ഞ് എബിൻ അവരുടെ അടുത്തേക്ക് പോയി. അപകടം മണത്ത സച്ചിൻ, എബിനെ പുറകോട്ട് വലിച്ചു കൊണ്ട് മാറ്റിനിർത്തി. ഡാ ഡാ നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഇത്രയും കുടിക്കല്ലെന്ന്.. ഡാ നീ എന്തൊക്കെയാണ് ഈ പറയുന്ന… എങ്ങോട്ടാടാ നീ പോകുന്നത്….ഞാൻ വെറുതെ ഒരു തമാശയ്ക്ക് എന്തൊക്കെയോ പറഞ്ഞെന്ന് വച്ച് ചതിക്കല്ലെടാ.. മോനേ എബി… ചതിക്കാനോ. ഈ ഞാൻ..നീ എന്റെ ചങ്കല്ലേടാ.. ചങ്ക്.. നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യും…

മിൽക്കി ബാർ വാങ്ങിച്ച് നിന്നെ ചതിച്ച അവളോട് ഞാൻ ചോദിച്ചിട്ടേ ഉള്ളൂ.. ഞാൻ പ്രതികാരം ചെയ്യും ഡാ എന്റെ പൊന്നേബി.. മില്കിബാർ ഞാൻ കൊടുത്തിട്ടില്ല ഡാ കള്ളം പറഞ്ഞതാണ് ടാ.. ഇല്ലടാ…നീ കൊടുത്തത് എനിക്കറിയാടാ.. കാരണം…കാരണം.. ഇള്ള.. കുട്ടി..ന്നൊ…എന്താരുന്നു..🤔 തീർന്നു.. ഇന്ന് ഇവൻ എന്തെല്ലാം കാണിച്ചു കൂട്ടും എന്ന് ആർക്കറിയാം.. ടാ..നിന്റെ മലയാളി മങ്ക രൂപ എവിടെടാ.. അവൾ ഇന്ന് ലീവ് ആയിരുന്നത്…എന്റെ മുജ്ജന്മ സുകൃതം… എടാ കാഷ്വാലിറ്റിയിലും ലേബർ റൂമിലും നിനക്ക് നന്നായിട്ട് ബിഹേവ് ചെയ്യാൻ അറിയായിരുന്നല്ലോ..ഇപ്പോൾ എങ്ങനാടാ… മാറ്റം വന്നത്…സത്യം പറ.. ഇതൊക്കെ നിന്റെ അഭിനയമല്ലേ…സച്ചിൻ. അതിന് അവൻ ഒന്നും പറഞ്ഞില്ല.. സച്ചിന്റെ മുഖത്തേക്ക് നോക്കി..എബിൻ നിന്നു.

എന്താടാ കാലമാടാ…പിറു പിറുത്തു കൊണ്ട്.. സച്ചിൻ നോക്കിയതും ഒറ്റ നിമിഷം.. സച്ചിന്റെ കൈ വിടുവിച്ചുകൊണ്ട് എബിൻ ഓടി. ഹലോ നേഹ..അനഘ..ഹലോ നിഖിൽ….. എബിന്റെ സ്വരം കേട്ടതും അവർ ഞെട്ടി.. നിങ്ങൾ എന്താ ഇവിടെ… അത് സാർ.. ഞങ്ങൾ…ഒരു ഡൗട്ട് ചോദിക്കുകയായിരുന്നു.. എത്ര മിൽക്കി ബാർ തീർന്നു… എന്താ സാർ..അവർ ഞെട്ടി..😳 യ്യോ… ഒന്നും വിചാരിക്കല്ലേ .. ഇവൻ കുറച്ചു ഫിറ്റാണ് അതുകൊണ്ടാണ്.. സച്ചിൻ ഓടികിതച്ചു കൊണ്ട് വന്നു. ഓഹ്…അങ്ങനെ.. നിഖിൽ ഒന്ന് ആശ്വസിച്ചു.. ആ കേട്ടിട്ടുണ്ട്… എബിൻ സാർ ഫിറ്റ് ആയാൽ ഇങ്ങനെയാണെന്ന്.. ഇപ്പോഴാ മനസ്സിലായത്.. ആശ്വാസമായത്… നിഖിൽ നെടുവീർപ്പെട്ടു കൊണ്ട് പറഞ്ഞു.

എന്നാ പിന്നെ നിങ്ങൾ വിട്ടോ എന്നു പറഞ്ഞ് സച്ചിൻ അവരെ പെട്ടെന്ന് പറഞ്ഞുവിട്ടു.. അപ്പോഴാണ് മറിയാമ്മ സിസ്റ്റർ വന്നത്… ഹലോ മിസ്റ്റർ മറിയാമ്മ സിസ്റ്റർ.. മറിയാമ്മ സിസ്റ്റർ ഒന്ന് ഞെട്ടി…. പിന്നെ മനസ്സിലായി എബിൻ ഫിറ്റാണെന്ന്.. പഴയ അനുഭവങ്ങൾ ഓർത്തുകൊണ്ട് പെട്ടെന്ന് അവിടം വിടാൻ തുടങ്ങി.. രണ്ടുമൂന്നു പ്രാവശ്യം എബിന്റെ കയ്യിൽ നിന്ന് ഇങ്ങനെയുള്ള അവസരത്തിൽ കിട്ടിയിട്ടുണ്ട്.. ഡാ മിസ്റ്റർ അല്ലടാ മിസ്സിസ്.. സച്ചി തിരുത്തി. അതിനു ഇവർ സ്ത്രീയാണോ…സ്ത്രീകൾക്ക് ചേരുന്നത് അല്ലല്ലോ ഇവർ ചെയ്യുന്നത്.. മറിയാമ്മ സിസ്റ്റർ എന്താണ് ഇവിടെ..സച്ചിൻ വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു.. എന്റെ ഒരു റിലേറ്റീവ് ഇവിടെ അഡ്മിറ്റ് ആയിട്ടുണ്ട്.. കാണാൻ വന്നതാ. എന്നാ ശരി ഞാൻ പോട്ടെ എന്ന് പറഞ്ഞ് മറിയാമ്മ സിസ്റ്റർ ജീവനും കൊണ്ട് ഓടി..

ശ്ശോ..പോയല്ലോ..കുറേ കാര്യങ്ങൾ ഡിസ്കസ് ചെയ്യാൻ ഉണ്ടായിരുന്നു… ചെയ്യടാ ചെയ്യ്..ഡിസ്കസ് ചെയ്യാൻ… ഇവൻ എന്റെ പട്ടട കണ്ടിട്ട് അടങ്ങു.. അപ്പോഴാണ് ഗൈനക്ക് എമർജൻസി സെറ്റിൽ ചെയ്ത് കഴിഞ്ഞ് അന്ന അതിലൂടെ പോയത്. ഹായ് അന്ന..ഹൗ ആർ യു..എബിൻ സാർ തന്നോട് സംസാരിക്കുന്നത് കണ്ടു അന്ന ഒന്ന് ഞെട്ടി.. അന്നയെ കുറേ ദിവസം ഞാൻ വിഷമിപ്പിച്ചു അല്ലേ… ച് ച് ച്.. പല്ലി ശബ്ദിക്കുന്നതുപോലെ ഒരു സ്വരം കേട്ട് എബിൻ നോക്കി. അല്ല..വിഷമിപ്പിച്ചത് അശ്വസിപ്പിക്കുന്നത് ഒന്ന് സൗണ്ട് ഇട്ടതാ.. ഈ..സച്ചിൻ ഇളിച്ചു. അന്നയുടെ കയ്യിലിരിപ്പു കൊണ്ടല്ലേ ഞാൻ വഴക്ക് പറഞ്ഞത്.. പ്രതികരിക്കുമെന്ന് എത്ര ദിവസം നോക്കി…അതുകൊണ്ടല്ലേ.. അത് അന്ന….ഇവൻ കുറച്ചു ഫിറ്റാണ്.. അതുകൊണ്ട് ആണിങ്ങനെ…ഫിറ്റായി കഴിഞ്ഞാൽ സ്വഭാവം ഇങ്ങനെയാണ്…

ഒന്നും വിചാരിക്കല്ലേ.. ഉള്ളിലുള്ളതൊക്കെ പുറത്തുവരും… ഒന്നും വിചാരിക്കല്ലേ.. നാളെ ഇതൊന്നും ഓർമ്മയുണ്ടാവില്ല.. അന്തം വിട്ടുനിൽക്കുന്ന അന്നയോട് സച്ചിൻ പറഞ്ഞു. ഓക്കേ…എന്നാൽ ഞാൻ പൊക്കോട്ടെ എന്ന് പറഞ്ഞ് അന്ന പോകാൻ തുടങ്ങി. യ്യോ.. എന്റെ ഫോൺ കാഷ്വാലിറ്റിയിൽ വച്ച് മറന്നുപോയി ഒന്ന് എടുത്തോണ്ട് വരാമോടാ.. എടുത്തോണ്ട് വരാം..പക്ഷേ നല്ല കുട്ടിയായി ഇവിടെ നിന്നോണം..എന്നും പറഞ്ഞ് സച്ചിൻ പോയി. സച്ചിൻ പോയതും എബിൻ ഓടി അന്നയുടെ പുറകെ ചെന്നു. അന്നെ….. ഒന്നു നിന്നെ.. അന്ന് തനിക്ക് ഒരുപാട് വിഷമമായോ.. ഇല്ല സാർ.. ഉള്ളിലെ പരിഭവം മറച്ചു വച്ചുകൊണ്ട് അന്ന പറഞ്ഞു. താൻ പേടിക്കണ്ട ഞാൻ ഒന്നും ചെയ്യില്ല.. താൻ പാട്ടു പാടുമോ.. ഇല്ല സർ.. എന്നാ ഞാൻ പാടട്ടെ.. എന്നുപറഞ്ഞ് പാട്ട് തുടങ്ങി കഴിഞ്ഞു.

മുത്തുച്ചിപ്പിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം.. കിന്നരിച്ചു പാടുവാൻ ഉള്ളിന്നുള്ളിൽ നിന്നൊരു ശ്രീ രാഗം മൂടൽ മഞ്ഞിൻ കുളിരുള്ള പുലരിയിൽ പാറി പാറി എന്നും എന്റെ കനവുകളിൽ വരവായി നീ ആയിഷ……. വരവായി നീ ആയിഷ………(കടപ്പാട് ) ഒരു നിമിഷം അന്ന ആ പാട്ടിൽ ലയിച്ചു നിന്നു പോയി.. അത്രയ്ക്ക് സ്വരമധുരമായിരുന്നു.. കലോത്സവത്തിന് പാട്ടിന് ഫസ്റ്റ് കിട്ടിയത് സന്ധ്യ പറഞ്ഞത് അവൾ പെട്ടെന്ന് ഓർത്തു. നന്നായിരുന്നു സർ.. നല്ല പാട്ടായിരുന്നു എന്നാ ശരി ഞാൻ പൊയ്ക്കോട്ടെ..എന്നുപറഞ്ഞപ്പോൾ..അന്നേ ഒരു നിമിഷം എന്നു പറഞ്ഞ് എബിൻ പിടിച്ചു നിർത്തി.. എന്നിട്ട് ഒരു പേപ്പർ പോക്കറ്റിൽ നിന്ന് എടുത്ത് അതിൽ എന്തോ എഴുതിയിട്ട് അവളുടെ കയ്യിൽ കൊടുത്തു. എന്താ സാർ ഇത്.. അവൾ ചോദിച്ചു.. അതൊക്കെയുണ്ട്.. താൻ റൂമിൽ ചെന്ന് കതക് അടച്ചതിനു ശേഷം മാത്രമേ തുറന്നു നോക്കാവൂ..പ്രോമിസ്..? ഓക്കേ സർ…പ്രോമിസ് എന്ന് പറഞ്ഞ് അവൾ വേഗം കയറി കതകടച്ചു. പതിയെ അവളത് തുറന്ന് നോക്കി. യു ആർ മൈ ലവ്.. (നീയാണെന്റെ പ്രണയം ).. വെളുത്ത കടലാസിൽ നല്ല വടിവൊത്ത അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നു. തുടരും..