16/04/2026

അവകാശി : ഭാഗം 24&25&26

രചന – ആയിഷ അക്ബർ

അമ്പലത്തിൽ നിന്ന് പാർത്ഥൻ തൊഴുതിറങ്ങുമ്പോൾ കൈ വിരലിൽ മുറുകെ പിടിച് ആരുവുമുണ്ടായിരുന്നു….

അല്പം ദൂരെ നിൽക്കുന്ന സ്ത്രീ രൂപത്തിലേക്ക് പെട്ടെന്നവന്റെ മിഴികൾ പതിഞ്ഞു….

മുഖം വ്യക്തമല്ലാത്തത് കൊണ്ട് തന്നെ പല വിധ സംശയങ്ങൾ അവനിൽ നുരഞ്ഞു പൊങ്ങി….

ഹൃദയമിടിപ്പ് കൂടുന്നത് അവനറിഞ്ഞിരുന്നു……

ചെരിഞ്ഞു നിന്നിരുന്ന അവർ തിരിഞ്ഞപ്പോഴാണ് അവനാ മുഖം വ്യക്തമായി കാണുന്നത്…..

അവന്റെ ശ്വാസം ഒരു നിമിഷത്തേക് നിലച്ചു പോയിരുന്നു….

പാർവതി…..
ചുണ്ടുകൾ മൊഴിയുമ്പോൾ നോട്ടം അവളിൽ തന്നെ പതിഞ്ഞു നിന്നു…..

മനസ്സിനെ വല്ലാത്തൊരു സന്തോഷം കീഴ്പ്പെടുത്തുന്നത് അവനറിഞ്ഞിരുന്നു….

കാത്തിരുന്നതെന്തോ കൈകളിൽ എത്തി ചേർന്നതിന്റെ സന്തോഷം അവനിൽ കത്തി നിന്നു….

ദൂരെയായത് കൊണ്ട് അവൾ തന്നെ കണ്ടിട്ടില്ല….

അവൻ പതിയേ അവളിലേക്ക് നടന്നു തുടങ്ങി……

അച്ഛാ…. അതാണ്‌ ഞാൻ പറഞ്ഞ ആന്റിയും അങ്കിളും….

ആരു അതും പറഞ് അവളിലേക്ക് വിരൽ ചൂണ്ടിയപ്പോഴാണ് അവളുടേ അരികിലായി നിൽക്കുന്ന ആ പുരുഷനിൽ അവന്റെ കണ്ണുകൾ പതിയുന്നത്…..

അവളിലേക്ക് നടന്നു തുടങ്ങിയ അവന്റെ കാലുകൾ പതിയേ നിശ്ചലമായി…..

അവളുടേ കൂടെയുള്ളതാകുമോ എന്റെ ആരുവിന്റെ…..

ഓർത്ത് മുഴുവനാക്കാൻ അവന് കഴിഞ്ഞില്ല….

അതിലും ഭേദം തന്റെ ശ്വാസം നിലച്ചു പോകുന്നതാണെന്ന് അവന് തോന്നി…..

അവൻ ആരുവിന്റെ കയ്യിൽ പിടിച്ചിരുന്ന പിടുത്തം മുറുക്കി…..

ആർക്കും വിട്ട് കൊടുക്കില്ലെന്ന പോൽ….

വാ…. പോവാം…..

അവൻ അവളെയും കൊണ്ട് തിരിഞ്ഞു നടന്നു…

അച്ഛാ…. ഞാൻ അവരെ അടുത്ത് പോയി പെട്ടെന്ന് വരാം…..

വേണ്ടാ…. സമയം ഒത്തിരിയായി…. കടയിൽ പോണം….

അവനതും പറഞ്ഞു വേഗം നടന്നു തുടങ്ങിയിരുന്നു….

പ്ലീസ് അച്ഛാ…. വേഗം വരാം…

വേണ്ടെന്നല്ലേ പറഞ്ഞത്….

ആരു അത് പറഞ്ഞതും പാർഥനിൽ നിന്നും ഉയർന്ന ശബ്ദം ആരുവിന്റെ കണ്ണുകളിൽ നനവ് പടർത്തി..

ആദ്യമായാണ് അവനെ ഇങ്ങനൊരു ദേഷ്യത്തിൽ അവൾ കാണുന്നത്…..

അവളൊന്നും മിണ്ടാതേ തല താഴ്ത്തി അവനോടൊപ്പം നടക്കുമ്പോഴും കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങിയിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
വീട്ടിലെത്തിയിട്ടും പാർത്ഥന്റെ മനസ്സ് അസ്വസ്ഥമായിരുന്നു…..

അവൾ തനിക്ക് നഷ്ടപ്പെടുമെന്ന ചിന്ത അവനെ വരിഞ്ഞു മുറുക്കിയിരുന്നു…..

അവന് സ്വയം സമനില തെറ്റുന്നത് പോലെ തോന്നി….

അവൻ ഉമ്മറത്തേക്ക് ചെല്ലുമ്പോൾ ദൂരേക്ക് കണ്ണും നട്ടിരിക്കുന്ന ആരു എന്തൊക്കെയോ ചിന്തകളിലാണെന്ന് പാർത്തന് തോന്നി…..

അമ്പലത്തിൽ നിന്ന് വന്നത് മുതൽ മനസ്സ് അസ്വസ്ഥമായത് കൊണ്ട് തന്നെ ആരുവിനെ ശ്രദ്ധിച്ചിട്ടില്ല…..

അവൻ അവളിരിക്കുന്ന കസേരക്ക് താഴെ അവളുടേ കാലിനരികിലായിരുന്നു അവന്റെ കയ്യിലുള്ള ഷൂ കാലിലിട്ട് കൊടുക്കുമ്പോൾ അവളൊന്ന് അവനെ നോക്കിയെങ്കിലും അവനെ ശ്രദ്ധിക്കുന്നില്ലെന്ന മട്ടിൽ അവൾ മിഴികൾ പുറത്തേക്ക് തന്നെ നട്ടു……

പൂവീ….. അച്ഛനോട് പിണക്കമാണോ…..

ആർദ്രമായി അവൻ ചോദിക്കുമ്പോൾ അവളൊന്നും മിണ്ടുന്നില്ലായിരുന്നു…..

എന്നോടാരും മിണ്ടണ്ട….

അവളതും പറഞ് മുഖം കനപ്പിച്ചിരുന്നു…..

അച്ഛന് മിണ്ടാൻ വേറെ ആരാ ഉള്ളത്….
നീയും അച്ഛനെ വിട്ട് പോകുമോ…..

അവനത് ചോദിച്ചതും അവൾ ഇടം കയ്യാലേ അവന്റെ വാ പൊത്തി….

ഉള്ളിലെ ചിന്തകളാൽ അവന്റെ കണ്ണുകൾ തിളങ്ങുന്നത് അവൾ കണ്ടിരുന്നു….

അച്ഛനെന്താ പറയുന്നത്….
ഞാൻ അച്ഛനെ വിട്ട് എങ്ങോട്ട് പോവാനാ….
അച്ഛൻ എന്നോട് ദേഷ്യപ്പെട്ടപ്പോൾ എനിക്ക് സങ്കടം വന്നത് കൊണ്ടല്ലേ ഞാൻ പിണങ്ങിയത്….

അച്ഛനെ വിട്ട് ഞാനെങ്ങും പോകില്ല….
അച്ഛന് ആരുവും ആരുവിനു അച്ഛനും മതി….

അവളതും പറഞ് നെറ്റി അവന്റെ നെറ്റിയിൽ മുട്ടിച്ചു……

ബാഗുമിട്ട് അവൾ നടന്ന് പോകുന്നത് നോക്കി പാർത്ഥൻ നിൽക്കുമ്പോൾ അവന്റെ മനസ്സിനെ ഭയം കീഴ്പ്പെടുത്തിയിരുന്നു….

അത്രയേറെ സ്നേഹത്തോടെ ജീവിതത്തോട് ചേർത്ത് വെച്ചവരെയൊക്കെ വിധി മനോഹരമായി തന്നിൽ നിന്നകറ്റിയിട്ടേ യുള്ളൂ….

ഇനി ആരുവിനെയും….

ഇല്ലാ…. അവളെ തന്നിൽ നിന്ന് പറിച്ചെടുക്കുക എന്നത് തന്റെ ജീവൻ പറിച്ചെടുക്കുന്നത് പോലെയല്ലെ…..

ഉള്ളിൽ നിറഞ്ഞു നിന്ന ആശങ്ക അവനെ ചുട്ടു പൊള്ളിക്കുന്നുണ്ടായിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹നിനക്കെന്താ പറ്റിയത്… ഒരുശാറില്ലാത്ത പോലെ…

അജിയത് ചോദിക്കുമ്പോഴാണ് പാർത്ഥൻ ചിന്തയിൽ നിന്നുണരുന്നത്…..

ഏയ്….ഒന്നുമില്ല….

ഞാൻ കുറെ നേരമായി ശ്രദ്ധിക്കുന്നു ഇത് വരെ കാണാത്ത നിന്റെ മുഖത്തെ ഈ ഭാവം….

അജിയത് പറയുമ്പോൾ വാക്കുകളിൽ ഗൗരവമുണ്ടായിരുന്നു….

പാർത്തനൊന്നും മിണ്ടിയില്ല…..

പാർതാ…. നിനക്ക് ഓർക്കാൻ ഇഷ്ടമില്ലെന്ന് തോന്നിയത് കൊണ്ട് ഞാൻ നിന്നെ കുറിച്ചൊന്നും ഇത് വരെ ചോദിച്ചിട്ടില്ല…..
ഇന്നും ഞാൻ നിർബന്ധിക്കുന്നില്ല….

എങ്കിലും നിന്റെയുള്ളിൽ ഉരുകുന്ന തെന്തായാലും അത് പരിഹരിക്കാൻ എന്നേ കൊണ്ടൊരു പക്ഷെ ആവുമായിരിക്കില്ല എങ്കിലും പങ്കു വെക്കുമ്പോൾ നിനക്ക് നൽകാൻ കഴിയുന്ന ആശ്വാസം നൽകാനെനിക് കഴിയും…..

അജിയത് പറഞ് പാർത്ഥന്റെ തോളിൽ കൈ വെച്ചപ്പോഴേക്കും പാർത്ഥൻ അജിയെ കെട്ടിപ്പിടിച്ചു…..

ഉള്ളിലുള്ള നോവ് അങ്ങനെയെങ്കിലും അല്പം ശമിച്ചിരുന്നെങ്കിൽ എന്നവനൊരു പക്ഷെ ആഗ്രഹിച്ചിട്ടുണ്ടാവാം….

ആരു…. അവളാണെനിക്കെല്ലാം…. ഞാൻ ജീവിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി തുടങ്ങിയത് അവള് ജനിച്ചതിൽ പിന്നെയാണ്….

ഇനി മുമ്പോട്ടുള്ള ജീവിതം എന്തിന് വേണ്ടിയെന്ന ചിന്ത വന്നു തുടങ്ങിയപ്പോഴാണ് അവളെ ഞാൻ കണ്ടു മുട്ടുന്നത്…..

പാർവതി….. ആരുവിന്റെ അമ്മ…..

പാർത്ഥന്റെ കഥക്ക് അജി നല്ലൊരു കേൾവിക്കാരനായി മിണ്ടാതിരുന്നു……

അച്ഛനില്ലാത്ത കുഞ്ഞിനെയും വയറ്റിൽ ചുമന്നു മരിക്കാനൊരുങ്ങിയ അവളെ സംരക്ഷിക്കാൻ എന്നെ തോന്നിച്ചത് ദൈവത്തിന്റെ ഒരു കളിയായിരിക്കാം……

അവളുടെയുള്ളിൽ വളരുന്ന കുഞ്ഞിനോടൊപ്പം എന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും വളർന്നു…..

ജനിക്കുന്നതിനു മുന്പേ അവളെ ഞാൻ ഹൃദയത്തിൽ ചുമന്നു…

ജനിച്ചതോടെ അവളെന്റെ ജീവനായി മാറി….

ആരു ജനിച്ചതിനു ശേഷവും അവളുടേ അവകാശങ്ങളെല്ലാം എനിക്ക് തന്ന് പാർവതി എന്നെ വിജയിപ്പിച്ചു….

എന്നാൽ ആരുവിനോടുള്ള ഇഷ്ടത്തോടോപ്പം അവളുടേ അമ്മയോടും തോന്നിയ ഇഷ്ടം തുറന്ന് പറഞ്ഞതും അവൾക്ക് ചെയ്ത് തീർക്കാനുള്ള കാര്യങ്ങൾ പറഞ്ഞു അതിനെ അവൾ നിരസിച്ചു….

എന്നാൽ അവൾ പോകുമ്പോൾ നൊന്ത് പെറ്റ കുഞ്ഞിനെ എന്നെ ഏൽപ്പിച്ചാണ് പോയത്….തിരിച്ചു വരുമെന്നൊരു വാക്കിനു മേൽ…..

അതും എന്നെയോർതാണെന്നാണ് ഞാൻ ഇത് വരെയും വിശ്വസിച്ചിരുന്നത്…..

മനസ്സ് ഒരുതരം കാത്തിരിപ്പിലായിരുന്നുത് വരെ…..

എന്നാൽ…..

പാർത്ഥന്റെ കഥ കെട്ടിരുന്ന അജി ബാക്കി കേൾക്കാൻ കാതോർത്തു….

ആരു പാർത്ഥന്റെ മോളല്ലെന്നത് വിശ്വസിക്കാൻ അവന്റെ മനസ്സ് പോലും തയ്യാറല്ലായിരുന്നു…..
രക്ത ബന്ധത്തിനപ്പുറം ആത്മ ബന്ധങ്ങൾക്ക് ഇത്രയേറെ ശക്തമാവാൻ കഴിയുമോ….
അവനത്ഭുതം തോന്നി….

എന്നാൽ…..?

അവൻ തിരിച്ചു ചോദിച്ചു….

ഇന്ന്….. ഇന്ന് ഞാൻ അവളെ കണ്ടു അജി… ഇവിടെ വെച്ച്…..

ഏഹ്……?ഇവിടെ വെച്ചോ…

പാർത്ഥനത് പറയുമ്പോൾ അജി ശെരിക്കും ഞെട്ടി….

മ്മ്….. അവൾ ഞങ്ങളെ അന്ന്വേഷിച്ചു വന്നതാവും…
മോളേ തിരികെ വാങ്ങാൻ…

പാർത്ഥനത് പറയുമ്പോൾ വാക്കുകളിൽ വിങ്ങൽ പ്രകടമായിരുന്നു…..

എന്തിനാ നീ അങ്ങനെ ചിന്തിക്കുന്നത്….
ഇത്രയും ദൂരം അവൾ വന്നത് നിന്നെയും കൂടി തേടിയാണെങ്കിലോ…..

അജി പ്രതീക്ഷയോടെ അത് ചോദിക്കുമ്പോൾ പാർത്തനൊന്നു പുച്ഛത്തോടെ ചിരിച്ചു….

അങ്ങനെ അവൾ എന്നെ തേടി വന്നതാണെങ്കിൽ എന്നിലേക്ക് വരാതെ അവളെന്തിനു മാറി നിൽക്കണം…..

പാർത്ഥനത് പറഞ്ഞു ദൂരേക്ക് മിഴികൾ പായിച്ചു…

അതിനു മറ്റെന്തെങ്കിലും കാരണം കാണും പാർതാ….
അജി അത് പറഞ്ഞപ്പോൾ പാർത്ഥന്റെ മിഴികൾ അജിയിലേക്ക് നീങ്ങി….

കാരണം…. കാരണം ഉണ്ട്….
അവളുടേ കൂടെ ഒരാണുമുണ്ട്….

അത് ഒരുപക്ഷെ എന്റെ ആരുവിന്റെ അച്ഛനാകുമോ അജി….

പാർത്ഥനത് ചോദിച്ച് പൊട്ടി കരയുമ്പോൾ അജിക്ക് വല്ലാത്ത ദുഃഖം തോന്നി……

കൊച്ച് കുഞ്ഞുങ്ങളെ പോലെ വിതുമ്പുന്ന അവനെ ആശ്വസിപ്പിക്കാൻ അജിക്ക് വാക്കുകളുണ്ടായിരുന്നില്ല…

നീ ഇങ്ങനെ വിഷമിക്കാതെ…..

ആരൊക്കെ വന്നാലും ആരുവിനെ നമ്മൾ കൊടുക്കില്ല….

വരാമെന്ന് പറഞ് ഇത്രയും വർഷം അവളെവിടെയായിരുന്നു….

അല്ലെങ്കിലും നിന്നോളം ആരുവിനെ സ്നേഹിക്കാൻ മറ്റൊരാൾക്കും കഴിയില്ല പാർതാ…..

അവർക്ക് ആരുവിന്റെ മേലിലുള്ളത് രക്ത ബന്ധം എന്ന ഒന്ന് മാത്രമാണ്….

എന്നാൽ ആ രക്ത ബന്ധം പോലും നിസ്സാരമായി പോകുന്ന ചില ആത്മ ബന്ധങ്ങളുണ്ടെന്ന് എനിക്ക് മനസിലായത് നിന്നിലൂടെയാണ്…..

ആരുവിനെ ആർക്കും കൊടുക്കില്ല…..

അവള് നിന്റെയാ……
അവൾ അകന്ന് നിൽക്കുന്നതിന്റെ കാരണം അറിയണമല്ലോ….. ഞാനൊന്ന് പോയി സംസാരിച്ചു നോക്കിയാലോ…….

അജിയത് പറയുമ്പോൾ പാർത്തനേന്ത് പറയണമെന്നറിയില്ലായിരുന്നു…..

അവനൊന്നും മിണ്ടിയില്ല….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അജിയുടെ ബൈക്ക് ആ വീടിന്റെ ഗേറ്റിനു മുമ്പിൽ നിന്നത് പാർത്തന് വേണ്ടിയായിരുന്നു….

അവൻ ഗേറ്റ് പതിയെ തുറന്ന് അകത്തേക്ക് കയറി……

(തുടരും )

അവകാശി…. ഇരുപത്തി അഞ്ചാം ഭാഗം

കാളിംഗ് ബെല്ലടിച്ചപ്പോൾ വാതിൽ അജിക്ക് മുമ്പിൽ തുറന്നു…..

അവനെ കണ്ടതും വാതിൽ തുറന്ന ആളൊന്നു പുഞ്ചിരിച്ചു……

എവിടെയോ കണ്ട് പരിചയിച്ചൊരു മുഖമായി അവനെ അജിക്ക് തോന്നി….

അവനും ചെറുതായൊന്നു ചിരിച്ചു….

പാർവതി….?

വരൂ….
അകത്തേക്കിരിക്കാം…..

അജിയത് ചോദിച്ചതും അയാൾ അകത്തേക്ക് ക്ഷണിക്കുകയാണ് ചെയ്തത്…..

അവൻ പതിയേ അകത്തേക്ക് കയറി….

പാർത്തനു വേണ്ടി വന്നതാവും
അല്ലേ…

അയാളത് ചോദിക്കുമ്പോൾ അജി തലയാട്ടി….

നിങ്ങൾ പാർവതിയുടെ….
അജി അവന്റെ സംശയം പ്രകടിപ്പിച്ചു…..

ഏട്ടനാണ്…. ജയ ശങ്കർ….

അയാൾ പുഞ്ചിരിച്ചു…..

അജിക്ക് ആശ്വാസം തോന്നി….. അവളുടേ ഭർത്താവല്ലല്ലോ…..

ഞാൻ പറയാൻ വന്നത് ആരു മോളേ….

അജിയത് പറഞ്ഞു തുടങ്ങിയപ്പോഴേക്കും ജയൻ തടഞ്ഞു….

ഞാൻ പാർവതിയെ വിളിക്കാം…. നേരിട്ട് സംസാരിച്ചോളൂ…

മോളേ…..

അതും പറഞ്ഞു കൊണ്ടയാൾ അകത്തേക്ക് നോക്കി വിളിച്ചു…..

അവൻ അവളുടേ വരവിനായി കാത്തു നിന്നു…

അകത്തു നിന്നു വരുന്നവളുടെ കാലിലേക്കായിരുന്നു ആദ്യം തന്നെ അവന്റെ കണ്ണുകൾ നീണ്ടു പോയത്…

നടക്കാൻ പ്രയാസമുള്ള കാല് കൊണ്ട് ഏന്തി വലിഞ്ഞു അവൾ വരുമ്പോഴാണ് അവളുടേ മുഖത്തേക്ക് അവൻ നോക്കിയത്….

ഒരു നിമിഷം അവൻ കണ്ണുകളെ പോലും വിശ്വസിക്കാനാവാതെ നിന്നു…..

ശരീരം ഒന്നാകേ മരവിച്ച പോലെ…..

നോവിന്റെ പടു കുഴിയിലേക്ക് ആണ്ടു പോയപ്പോഴും മറവിക്ക് വിട്ട് കൊടുക്കാതെ മുറുകെ പിടിച്ച മുഖമായത് കൊണ്ട് തന്നെ തെറ്റാനൊരു സാധ്യത യുമില്ലെന്ന് അവനുറപ്പായിരുന്നു…..

അച്ചു…..
ഉള്ളിലെ വിങ്ങൽ ആ ഒരൊറ്റ വാക്കിലൊതുക്കി അവൻ വിളിക്കുമ്പോഴേക്കും കണ്ണുകൾ നിറഞ്ഞിരുന്നു…

അപ്പോഴും അവളുടേ മുഖം ശാന്തമായത് അവനെ അത്ഭുതപ്പെടുത്തി…..

വർഷങ്ങൾക്ക് ശേഷം കാണുമ്പോഴുള്ള ഞെട്ടലോ അത്ഭുതമോ എന്ന് വേണ്ട കണ്ണുകൾക്ക് പ്രത്യേകിച്ചൊരു ചലനം പോലും അവൾക്കുണ്ടായിരുന്നില്ല….

അതിനർത്ഥം…..
അവൾ തന്നെ പ്രതീക്ഷിക്കുന്നുണ്ടെന്നല്ലേ..
അവൾ വന്നത് തന്നെ തേടിയാവുമോ…..

അശ്വതി…..
എവിടെയായിരുന്നു നീ….

നിറഞ്ഞ മിഴികളാൽ അവനത് ചോദിക്കുമ്പോൾ അവളൊന്നു ചിരിച്ചു….

ഇത് ഞാൻ അങ്ങോട്ടല്ലേ ചോദിക്കേണ്ടത്…..
ഇപ്പൊ വരാമെന്നു പറഞ്ഞു പോയ ആളെ കാണാൻ വർഷങ്ങൾ ഇത്രയും വേണ്ടി വന്നു…..

അവളത് പറയുമ്പോൾ അജിയുടെ ഉള്ളു പിടക്കുന്നുണ്ടായിരുന്നു….

അച്ചു…. ഞാൻ…. അന്ന്…

അവൻ പറഞ്ഞപ്പോഴേക്കും അവൾ കയ്യുയർത്തി….

അറിഞ്ഞു…. ഞാൻ നാട്ടിൽ പോയിരുന്നു നിന്നെ അന്ന്വേഷിച്…..
അവിടെ നിന്ന് എല്ലാം അറിഞ്ഞു….
മകൻ സ്നേഹിച്ച പെണ്ണിനുള്ള നിന്റെ അച്ഛന്റെ സമ്മാനമാണിത്….

അതും പറഞ്ഞവൾ കാലവനു നേരെ നീട്ടുമ്പോൾ അവൻ ഞെട്ടലോടെ അവളെ നോക്കി….

ഒരു ചെറിയ ആക്‌സിഡന്റ്… എഴുന്നേൽക്കാൻ വർഷങ്ങളെടുത്തു വെന്ന് മാത്രം…..

അന്നും എനിക്ക് താങ്ങായത് നിനക്ക് വേണ്ടി ഞാൻ ഉപേക്ഷിച്ച എന്റെ കുടുംബമായിരുന്നു…

ഇന്നും ഒരാളുടെ സഹായമില്ലാതെ ഒറ്റക്ക് പോകുക പ്രയാസമാണ്…

അന്നെന്റെ കുഞ്ഞിനെ അയാളുടെ കയ്യിലേൽപ്പിച്ചു പോരാൻ എന്നെ കൊണ്ട് തോന്നിച്ചത് ദൈവമാണ്….

അല്ലെങ്കിൽ ഇന്നെന്റെ മോള്……

അവൾ വിങ്ങി കൊണ്ടത് പറയുമ്പോൾ അജി ദയനീയമായി അവളെ നോക്കി…..

അപ്പോഴാണ് അവന്റെ ചിന്തകൾ ആരുവിലേക് നീങ്ങുന്നത്……

അപ്പൊ ആരു…. ആരു നമ്മുടെ മോളാണോ….

ചോദിക്കുമ്പോൾ അവന്റെ വാക്കുകൾ വികാരാദീതമായിരുന്നു….

അവളൊന്നും മിണ്ടിയില്ല…..

അവൻ കസേരയിലെക്കൂർന്നിരുന്നു….

അരികിലായുള്ള കുഞ്ഞ് മേശയിൽ വെച്ച ജഗ്ഗിൽ നിന്നും അല്പം വെള്ളമെടുത് അവൻ വായിലേക്കൊഴിച്ചു…..

അറിഞ് കൊണ്ടല്ലെങ്കിലും എന്നെ സ്നേഹിച്ചതിന്റെ പേരിൽ നിന്നെ ഒത്തിരി വേദനിപ്പിച്ചവനാണ് ഞാൻ….
എങ്കിലും എന്റെ കുഞ്ഞിനെ നീ ഇല്ലാതാക്കിയില്ലല്ലോ….
നന്ദിയുണ്ട്…….
ഇത്ര കാലം നിങ്ങളെയോർത് ജീവിച്ചതിനു അർത്ഥമില്ലാതാക്കിയില്ലല്ലോ നീ…..

അവനതും പറഞ് അവൾക്ക് നേരെ കൈ കൂപ്പി…..

പ്രസവിച്ചത് അവളാണെങ്കിലും വളർത്തിയത് നിന്റെ കൂട്ടുകാരനാണ്….
മോളേ പാർത്ഥൻ നിനക്ക് തരുമെന്ന് തോന്നുന്നുണ്ടോ…..

ജയന്നത് ചോദിക്കുമ്പോൾ അജിയുടെ ചിന്തകൾ പാർത്തനിലേക്ക് നീങ്ങി….

പാർത്തനും ആരുവും തമ്മിലുള്ള സ്നേഹ വും അവന്റെ മനസ്സിലേക്കൊഴുകിയെത്തി…..

അവൻ തരാതെ യിരിക്കാൻ അവന്റെ കുഞ്ഞോന്നുമല്ലല്ലോ…

മാത്രമല്ല…..മോളേ ഇവൾ താൽക്കാലികമായി അവനെ ഏൽപ്പിച്ചത് മാത്രമാണ്….

പറയുമ്പോഴേക്കും അവന്റെ ശബ്ദം ഉയർന്നിരുന്നു…..

മോളേ തിരിച്ചു വേണമെന്ന വാശി അവനിൽ നിറഞ്ഞു നിന്നിരുന്നു…..

പാർവതിയുടെ മുഖം ശാന്തമായിരുന്നു….

എനിക്ക്…. പാർത്തനെ കണ്ടോന്നു സംസാരിക്കണം അജി….

ജയനായിരുന്നത് പറഞ്ഞത്…..

മ്മ്…. സംസാരിക്കാം…. പക്ഷേ തൽക്കാലം ആരു മോൾടെ അച്ഛൻ ഞാനാണെന്ന് അവനറിയരുത്…..

അതും പറഞ്ഞ് അജി അവിടെ നിന്നിറങ്ങുമ്പോഴും അവന്റെ കണ്ണുകൾ ആശ്വതിയെ തഴുകി…..

അവളുടേ മുഖത്ത് പ്രത്യേകിച്ച് ഭാവ മാറ്റങ്ങളൊന്നുമുണ്ടായിരുന്നില്ല….

ഒരു പക്ഷെ അവളുടേ അവസ്ഥകൾ അവളെ അങ്ങനെ ആക്കിയെടുത്തതാകാമെന്ന് അവനൂഹിച്ചു…..

അവിടെ നിന്നിറങ്ങുമ്പോൾ അജിയുടെ മനസ്സ് വല്ലാത്തൊരു സന്തോഷത്തെ പേറിയിരുന്നു….

നഷ്ടപ്പെട്ടെന്ന് കരുതിയതെല്ലാം തിരിച്ചു കിട്ടിയ മനസ്സ് അനുവാദമില്ലാതെ ആനന്ദിക്കുകയാണ്….

ആരുവിനെ പാർഥനിൽ നിന്നും വേർപ്പെടുത്തിയാൽ അവനൊരു പക്ഷെ നാട്ടിലേക്ക് തിരിച്ചു പോകുമായിരിക്കും….

പിന്നേ ഇത്ര വർഷങ്ങളായി മനസ്സിൽ കരുതി വെച്ചിരുന്ന സ്നേഹം മുഴുവൻ അവൾക്കും മോൾക്കും പകുത്ത് നൽകണം…..

അച്ചുവിന്റെ കണ്ണിലെ നിർവികാരത നീക്കി പ്രണയത്താലവളെ മൂടണം……
ഇപ്പോൾ അവൾക്ക് തന്നോടുള്ള അകലം ഒരു പക്ഷെ അവൾ അനുഭവിച്ച ദുഖങ്ങളിൽ നിന്നാകാം…

എങ്കിലും അവൾക്കത്രയേറെ തന്നിൽ നിന്ന് അകന്ന് നിൽക്കാൻ കഴിയില്ല….

അവളുടേ കുഞ്ഞിന്റെ അച്ഛനാണ് താൻ….
അവളുടേ ആദ്യ പ്രണയവും……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അവൻ നേരെ പോയത് പാർത്ഥന്റെ അടുത്തേക്കായിരുന്നു….

അവന്റെ ബൈക്കിന്റെ ശബ്ദം കേട്ടതും പാർത്ഥൻ പുറത്തേക്ക് വന്നു…..

എന്തായി…. അവളെന്താ പറഞ്ഞത്…

അവന്റെ വാക്കുകളിൽ അറിയാനുള്ള ആകാംക്ഷ നിറഞ്ഞിരുന്നു…..

അന്നാദ്യമായി അജിക്ക് പാർത്ഥനോടൊരു ദേഷ്യം തോന്നിയിരുന്നു……

അത് പാർതാ….. അവള് വന്നിരിക്കുന്നത് ആരുവിനു വേണ്ടി തന്നെയാണ്…..
അവൾ കുഞ്ഞിനെ കൊണ്ട് പോകുകയാണെന്നാ പറയുന്നത്…..

അജിയത് പറഞ്ഞതും പാർത്ഥന്റെ മുഖത്ത് കാർ മേഘങ്ങൾ ഉരുണ്ട് കൂടി…

എന്തോ ഒരു വിങ്ങൽ തൊണ്ട കുഴിയിൽ തടഞ്ഞു നിന്നു…..

അജി…. എന്റെ മോള്…..

പാർത്ഥൻ അത്രയേറെ സങ്കടത്തോടെ അത് പറയുമ്പോഴും അജിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു…

അവൾ… തന്റെ മോളല്ലേ…
അവന്റെ ഹൃദയം ചോദിച്ചു കൊണ്ടിരുന്നു…..

പാർതാ…. അവൾ നിന്റെ മോളല്ല….

എത്ര വലിയ ആത്മ ബന്ധമെന്ന് പറഞ്ഞാലും രക്ത ബന്ധങ്ങളെക്കാൾ മുകളിൽ ആവില്ല പാർതാ….

അവനത് പറയുമ്പോൾ പാർത്ഥൻ അത്ഭുതത്തോടെ അവനെ നോക്കി…..

രക്ത ബന്ധങ്ങളെക്കാൾ ഒത്തിരി മുകളിലാണ് എനിക്കും ആരുവിനും ഇടയിലുള്ള ആത്മ ബന്ധമെന്ന് പറഞ്ഞിരുന്നവൻ പോലും തിരുത്തി പറഞ്ഞിരിക്കുന്നു…..

പാർത്തന് ദുഃഖം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല….

എങ്കിലും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവള് തന്റെ മോള് തന്നെയാണ്….
അവന്റെ ഹൃദയം വിതുമ്പി….

അവൾ തന്നെ തൊട്ട് പോകുന്നു വെന്നോർക്കും തോറും അവന് ശ്വാസം നിലക്കുന്നത് പോലെ തോന്നി….

ഈ ജന്മം തന്റെ വിധി ഇതായിരിക്കാം….
സ്നേഹത്തോടെ ചേർത്ത് പിടിക്കുന്നവരെ മനോഹരമായി തട്ടി മാറ്റുന്ന വിധി……

അവൻ ദുഃഖം കലർന്നൊരു പുഞ്ചിരിയെ കൂട്ട് പിടിച്ചു….

ആരു എത്തിയില്ലേ പാർതാ ….
അജിയത് ചോദിക്കുമ്പോൾ അവന്റെ കണ്ണുകൾ തിളങ്ങിയിരുന്നു….

അവളെത്തിയിട്ടില്ല….
സ്കൂൾ വിടാനാവുന്നതല്ലേ യുള്ളൂ..

പാർത്ഥനത് പറഞ്ഞതും അജി അവിടെ നിന്നിറങ്ങാൻ തുടങ്ങി….

എങ്കി ശെരി….ഞാനിറങ്ങാ പാർതാ….
അവർ നിന്നോട് സംസാരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്….. അവർ വരും…..

അജിയത് പറഞ്ഞതും പാർത്ഥന്റെ യുള്ളിൽ ഒരു കനൽ വീണു കിടന്നിരുന്നു…

ആരുവിനെയും പാർത്തനെയും തമ്മിൽ അകറ്റാൻ വേണ്ടി തന്നെയായിരുന്നു താനവളുടെ അച്ഛനാണെന്ന കാര്യം അവൻ മറച്ചു വെച്ചത്…

അവന്റെ മനസ്സിൽ ആരുവിന്റെ ചിരി നിറഞ്ഞു നിന്നിരുന്നു….

(തുടരും)

അവകാശി….. ഇരുപത്തിയാറാം ഭാഗം

അജിയുടെ ബൈക്ക് നേരെ ചെന്ന് നിന്നത് ആരുവിന്റെ സ്കൂൾ ഗേറ്റിനു മുമ്പിലായിരുന്നു….

അവൻ വാചിലേക്ക് നോക്കി…..

സമയമായിട്ടില്ലെങ്കിൽ കൂടി അവൻ അവിടെ തന്നെ നിന്നു…..

അവൻ അക്ഷമനായിരുന്നു.

അവളെ കാണാൻ കണ്ണുകൾ തിരക്ക് കൂട്ടുന്നു…..

അൽപ സമയത്തിന് ശേഷം ബെൽ നീട്ടിയടിച്ചു….

അവന്റെ ഹൃദയം ശക്തമായി മിടിച്ചു തുടങ്ങി….

ദൂരെ നിന്ന് ഒത്തിരി കുട്ടികൾക്കിടയിൽ നിന്നും താനവളെ തിരിച്ചറിഞ്ഞിരുന്നു….

കാരണം അവൾ തന്റെ മോളല്ലേ…..

അവന്റെ ഹൃദയത്തിൽ പേരറിയാത്തൊരു ആനന്ദം കടന്ന് പിടിച്ചു…..

അവൻ നടന്ന് വരുന്ന അവളെ തന്നെ നോക്കി നിൽക്കുക യായിരുന്നു….

അങ്കിൾ എന്താ ഇവിടെ…..

അവൾ അരികിലേക്ക് വന്നത് ചോദിക്കുമ്പോഴും അവന്റെ കണ്ണുകൾ അവളിൽ കുരുങ്ങി നിന്നു….

ആദ്യമായി അവളെ കാണുന്നത് പോലെ അവന് തോന്നി….

ചിരിയിലെവിടെയോ അവൾക്ക് താനുമായി സാമ്യമില്ലേ….

ഇല്ലാതിരിക്കില്ലല്ലോ…. അവളെന്റെ മോളല്ലേ….

അവളെയോർത് മനസ്സ് അഹങ്കരിച്ചു തുടങ്ങിയിരുന്നു……

ഞാൻ വെറുതെ ഈ വഴി പോയപ്പോൾ ആരുവിനെ കാണാൻ വേണ്ടി നിന്നതാ….

അജിയവളുടെ താടിയിൽ പിടിച്ചത് പറഞ്ഞതും അവളൊന്ന് ചിരിച്ചു….

അജി അവൾക്ക് മുമ്പിൽ മുട്ട് കുത്തിയിരുന്നു….
അവൾ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു….

പോക്കറ്റിൽ നിന്നും അവൾക്കിഷ്ടമുള്ള ചോക്ലേറ്റ് എടുത്ത് കൊടുക്കുമ്പോൾ അവൾ സംശയത്തോടെ അവനെ നോക്കി…..

പരിചിതമല്ലാത്തൊരു ഭാവം അവന്റെ കണ്ണുകളിൽ തോന്നിയത് കൊണ്ടാവാം ഒരു പക്ഷെ….

മ്മ്…. എടുത്തോ….

അവനത് പറഞ്ഞതും അവന്റെ കയ്യിലെ മിട്ടായി അവളെടുത്തു……

അജി അവളെ ചേർത്ത് പിടിച്ചു കവിളിലൊരുമ്മ കൊടുത്തു……

അവളൊന്ന് ചിരിച്ചു….

മിട്ടായി കഴിച്ചോ….

അവൾ മിട്ടായിയിലേക്ക് നോക്കുന്നത് കണ്ടാണ് അജി യത് പറഞ്ഞത്….

വേണ്ട അങ്കിൾ… ഞാൻ വീട്ടിൽ പോയി എന്റെ അച്ഛന്റെ കൂടി കഴിച്ചോളാം….

അച്ചനെന്നു പറയുമ്പോൾ അവളുടേ കണ്ണുകളിൽ തെളിഞ്ഞു നിന്നിരുന്നൊരു പ്രകാശമുണ്ട്…..

അത് കണ്ടപ്പോഴേക്കും അജിയുടെ മുഖമാകെ മങ്ങിയിരുന്നു….

അവളുടേ അച്ഛൻ ഞാനല്ലേ…. എന്നാണ് അവളുടെ നാവിൽ നിന്ന് അച്ഛാ യെന്ന് വിളിച്ചു കേൾക്കുന്നത്…..

ഞാനാണ് നിന്റെയച്ഛനെന്ന് അവളോടവന് വിളിച്ചു പറയണമെന്നുണ്ടായിരുന്നു…

വാ…. ഞാൻ വീട്ടിൽ കൊണ്ടാക്കി തരാം …..

അജിയത് പറഞ്ഞവളെ വിളിച്ചതും അവളില്ലന്ന് തലയാട്ടി….

ബാലവാടിയുടെ അവിടെ നിന്ന് ലക്ഷ്മി ടീച്ചറുടെ കൂടെയാണ് ഞാൻ പോകാറുള്ളത്….

ലക്ഷ്മി ടീച്ചറുടെ കൂടെ എന്നെ കണ്ടില്ലെങ്കിൽ അച്ഛൻ പേടിക്കും ..

അവളത് പറഞ്ഞതും അജിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു….

എന്ത് പറഞ്ഞാലും അച്ഛൻ അച്ഛൻ….

പാർത്ഥനോട് ഞാൻ വിളിച്ചു പറഞ്ഞാൽ പോരെ….

അവനത് ചോദിച് കൊണ്ട് ഫോൺ ചെവിയിൽ വെച്ചു…

പാർതാ…. ഞാൻ ആരുവിനെ കൂടെ കൂട്ടുന്നുണ്ട്….
രണ്ട് ദിവസമായി അമ്മ പറയുന്നു അവളെ കാണണമെന്ന്…..

അജി പാർത്ഥനോടത് പറയുമ്പോഴും അവന് വല്യ താല്പര്യമില്ലാത്ത മട്ടിലായിരുന്നു…..

മാത്രവുമല്ല….. എന്റെ മോളേ കൊണ്ട് പോകാൻ അവന്റെ അനുവാദം ചോദിക്കേണ്ടി വരുന്നതിലുള്ള അമർഷവും അവനിൽ നിറഞ്ഞിരുന്നു…..

അജി… അവളെ പെട്ടെന്ന് കൊണ്ട് വരണെ….

അവളെ കാണാതിരിക്കുന്നതിലുള്ള അവന്റെ പ്രയാസമാണ് പാർഥനിൽ നിന്നങ്ങനൊരു വാക്ക് വന്നതെന്നറിയാമായിരുന്നെങ്കിലും കേട്ടില്ലെന്ന മട്ടിൽ അജി ഫോൺ വെച്ചു….

ആരുവിന്റെ മുഖത്തേക്ക് നോക്കിയതും പാർത്തനെ മനപ്പൂർവം മറന്ന് പുഞ്ചിരിയോടെ അവളെ എടുത്ത് ബൈക്കിൽ കയറ്റി……

അവൻ നേരെ പോയത് വീട്ടിലേക്കായിരുന്നു….

ആരുവിനെ കണ്ടതും ശാരദാമ്മ അവളെ വാരിപ്പുണർന്നു….

എത്ര ദിവസമായി ഈ വഴി വന്നിട്ട്……

ശാരതാമ്മ അത് ചോദിക്കുമ്പോൾ നുണക്കുഴി കാട്ടി അവളൊന്ന് പുഞ്ചിരിച്ചു….

കഴിക്കാനുള്ളതെല്ലാം എടുത്ത് കൊടുത്ത് അവളുടേ അരികത്തായി അവരും ഇരുന്നു….

മുഖം കഴുകി വന്ന അജിയും അവരിരിക്കുന്ന ബെഞ്ചിന്റെ താഴെ നിലത്തായിരുന്നു…..

അവൻ കണ്ണിമ വെട്ടാതെ അവളെ തന്നെ നോക്കിയിരുന്നു…..

ശാരത്താമ്മയും അവളുടെ വരവിൽ സന്തോഷത്തിൽ തന്നെയായിരുന്നു…..

അവൾ ആ വീട്ടിൽ പാറി പറക്കുന്ന ശലഭമായി അജിക്ക് തോന്നി…..

എവിടെയും കയറാനുള്ള സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് തന്നെ അവൾ അവിടമാകെ ഓടി കളിച്ചു…

എനിക്ക് അച്ഛനെ കാണണം….

കുറച്ച് സമയം കഴിഞ്ഞതും മുഖം വാടി അവളതും പറഞ്ഞ് അജിയുടെ അടുത്ത് വന്നപ്പോൾ അവനു വല്ലാത്ത അരിശം തോന്നി….

വന്നിട്ട് കുറച്ച് നേരമല്ലേ ആയുള്ളൂ…. കുറച്ച് കഴിഞ്ഞ് ഞാൻ കൊണ്ടാക്കി തരാം…..

അജിയതും പറഞ്ഞവളെ ആശ്വസിപ്പിച്ചു വിടുമ്പോഴും ഇനിയൊരിക്കലും അവളെ തിരിച്ചു കൊടുക്കാതിരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നായിരുന്നു അവന്റെ ചിന്ത മുഴുവൻ…

പാർത്ഥന്റെ കാൾ ഫോണിലേക്ക് വന്നെങ്കിലും മനപ്പൂർവം എടുത്തില്ല….

ഒരുതരം അമർഷം തോന്നുന്നു അവനോട്….

എന്റെ മോളുടെ മേലിൽ അവൻ എന്നോട് അധികാരം കാണിക്കുമ്പോൾ എനിക്കതെങ്ങനെ സഹിക്കും…..

എന്തായാലും കുറച് കഴിഞ്ഞേ അവളെ കൊണ്ടാക്കുകയുള്ളു എന്ന് അവനുറപ്പിച്ചിരുന്നു….

ആരു ഇതിനിടക്ക് രണ്ട് മൂന്ന് തവണ വീണ്ടും വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞ് വന്നിരുന്നു…..

അവളെ വീണ്ടും സമാധാനിപ്പിക്കുമ്പോൾ ആ കണ്ണുകളിൽ നിറയുന്ന പ്രയാസം അവനെ വേദനിപ്പിക്കുന്നുണ്ടായിരുന്നു…….

നേരം ഇരുട്ടി തുടങ്ങും തോറും ആരുവിനു സങ്കടം വന്നു തുടങ്ങിയിരുന്നു…..

അവളുടേ മിണ്ടാട്ടം കുറഞ്ഞു…

അവളുടേ മുഖത്തെ വാട്ടം കാണുന്നുണ്ടെങ്കിലും അജിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല….

ഇനി അവർ തമ്മിൽ പിരിയാൻ ദിവസങ്ങൾ മാത്രമേ ഉള്ളൂ..
അതിനിടക്ക് ആരുവിന്നത് ശീലമാവണം അതായിരുന്നു അവന്റെ മനസ്സിൽ…..

എന്നാൽ ഇരുട്ടിൽ നിന്നൊരു വെളിച്ചം പതിയേ ആ വീടിനെ ലക്ഷ്യമാക്കി വരുന്നത് അജി കണ്ടിരുന്നു….

പൂമുഖത്തെ കസേരയിൽ ദൂരേക്ക് നോക്കിയിരുന്ന ആരുവിന്റെ കണ്ണുകൾ വിടർന്നു…..

അച്ഛാ….

അവളോടി ചെന്നവന്റെ കാലിൽ കൂട്ടി പിടിച്ചു….

അവനവളെ കോരിയെടുത്തു….

അത്ര ചുരുങ്ങിയ സമയം കൊണ്ട് തന്നെ കാത്തിരിപ്പ് യുഗം പോലെ പാർത്തന് തോന്നിയിരുന്നു….

അവളും അവന്റെ മുഖം ചേർത്ത് പിടിച് കവിളിൽ ഉമ്മ വെച്ചു….
അവളുടേ മുഖത്തെ കാർമേഘം പാടേ നീങ്ങിയിരുന്നു….

അവരുടെ സ്നേഹ പ്രകടന്നങ്ങൾ ഒരു ചെറു ചിരിയോടെ ശാരതാമ്മ നോക്കി കാണുകയായിരുന്നു….

എന്നാൽ അതേ രംഗം അജിയുടെ മനസ്സിൽ തിരയിളക്കം സൃഷ്ടിച്ചു കൊണ്ടിരുന്നു…..

അവൻ ദേഷ്യത്താൽ പല്ല് ഞെരിച്ചു…..

എങ്കി നമുക്ക് പോകാം…
പാർത്ഥൻ ചിരിച്ചു കൊണ്ടത് പറയുമ്പോൾ ആരുവും ചിരിച്ചു കൊണ്ട് തലയാട്ടി…..

നിൽക്ക് പാർതാ…. ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കട്ടെ…..

ശാരത അതും പറഞ്ഞേഴുന്നേറ്റു…..

വേണ്ട അമ്മേ…. ഞങ്ങളിറങ്ങട്ടെ നേരം ഒരുപാടായില്ലേ…..

നീ ഇരിക്കെടാ…. ഞാൻ ദേ വരുന്നു…..

അതും പറഞ് ശാരതാമ്മ അടുക്കളയിലേക്ക് നടന്നു….

പാർതൻ അജിയെ നോക്കി…

അജിക്ക് പാർത്ഥനോട് സംസാരിക്കാൻ തന്നെ തോന്നുന്നുണ്ടായിരുന്നില്ല …

ഞാൻ അവളെ കൊണ്ട് ഇറങ്ങാൻ നിൽക്കുവായിരുന്നു…

അജി പാർത്ഥനോടത് പറയുമ്പോഴും വലിയൊരു സന്തോഷമൊന്നും മുഖത്തുണ്ടായിരുന്നില്ലെന്നത് പാർത്ഥൻ ശ്രദ്ധിച്ചിരുന്നു…

എനിക്കിവളെ കാണാനിട്ട് ഇരിപ്പുറക്കുന്നില്ലായിരുന്നു അജി… അതാ ഞാനിങ് പോന്നത്….. ഞാൻ ഒത്തിരി തവണ വിളിച്ചിരുന്നു… നീ ഫോൺ എടുക്കകയും ചെയ്തില്ല…

പാർത്ഥനത് പറയുമ്പോൾ അജി മുഖമുയർത്തി…

അപ്പൊ ഇനി അവള് കൊണ്ട് പോകുമ്പോഴോ….

അജിയത് ചോദിച്ചതും പാർത്ഥന്റെ ഉള്ളൊന്ന് പിടച്ചു…

ആരു അവരെ രണ്ട് പേരെയും നോക്കി….

പിന്നീട് രണ്ട് പേരും ഒന്നും മിണ്ടിയില്ല…..

ശാരതാമ്മ ചായയുമായി വന്നപ്പോഴും പാർത്ഥന്റെ ഉള്ളിൽ അജി ചോദിച്ച അതേ ചോദ്യം വിങ്ങുകയായിരുന്നു….

കയ്യിലുള്ള ചായ കുടിച്ചെന്ന് വരുത്തി അവൻ നടന്നു….

കൂടെ ആരുവും….

എന്ത് നല്ല അച്ഛനും മോളും…
ആ അച്ഛന്റെ എല്ലാ നല്ല ഗുണങ്ങളും ആ കുഞ്ഞിനും കിട്ടിയിട്ടുണ്ട്….

ഏയ്…..
അജി അലറി…..

ശാരത എന്തെന്നറിയാതെ അവനെ നോക്കി…..

അവന്റെ മോളോ…

അവൾ അവന്റെയല്ല…
അമ്മ കൂടി അങ്ങനെ പറയരുത്….

അവന്റെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു….

ശാരത എന്തെന്നറിയാതെ അവനെ നോക്കി അതേ നിൽപ്പായിരുന്നു…..

എന്താ അജി…. എന്തൊക്കെയാ നീയീ പറയുന്നത്…..

അവരവന്റെ തോളിൽ കൈ വെച്ചത് ചോദിക്കുമ്പോഴേക്കും അവൻ കരഞ്ഞിരുന്നു….

അവൾ…. അവൾ നമ്മുടെ കുഞ്ഞാണമ്മേ…..

നിലത്തിരിക്കുകയായിരുന്ന അവൻ അതും പറഞ്ഞ് കൊണ്ട് ശാരതയുടെ മടിയിലേക്ക് ചാഞ്ഞിരുന്നു…

ഒന്നും മനസ്സിലാവാതെ അവന്റെ മുടിയിഴകളിൽ തഴുകി അവരും……

(തുടരും )