22/04/2026

അഗ്നിമിത്ര : ഭാഗം 35

രചന – കൽക്കി

“നിത്യയ്ക്ക് മനസിലായി കാണും എന്ന് വിചാരിക്കുന്നു. ഒരു ഫ്രണ്ട് എന്ന നിലയിൽ അല്ലാതെ തന്റെ മനസ്സിൽ മറ്റൊരു ആഗ്രഹം ഉണ്ടെന്ന് ഒരു സൂചനപോലും കിട്ടിയില്ല എനിക്ക്, മനസിലായിരുന്നെങ്കിൽ ഇന്നലെ വീട്ടിൽ വെച് നടന്നത് ഒഴിവാക്കാമായിരുന്നു.

ഈ ജന്മത്തിലും വരും ജന്മത്തിലും എനിക്കു ഒരു പാതി മാത്രേ ഉണ്ടാകൂ….”

ഇടംകൈയിൽ അഗ്നിയുടെ വലംകൈ മുറുക്കി അവൻ പറഞ്ഞു നിർത്തി.

“ഡോക്ടർ ഞാൻ….” അഗ്നി അവളെ നോക്കി പറയാൻ ശ്രമിച്ചു.

“വേണ്ടെടോ…. കൂടുതൽ ഒന്നും പറയണ്ട…. എനിക്കു തോന്നിത് ഞാൻ പറഞ്ഞു…. ഗൗതമന്റെ മനസ്സിൽ താൻ മാത്രമാണെന്ന് എനിക്കു മനസിലായി….”

ഞാൻ പോട്ടെ എന്നാ…. ഹോസ്പിറ്റലിൽ ലേറ്റ് ആയി…”

ഗൗതമൻ ഒന്ന് തലയാട്ടി കാണിച്ചതും നിത്യ തിരിഞ്ഞ് നടക്കാൻ തുടങ്ങി. അഗ്നി ഒന്ന് മുന്നേട്ടേക്കാഞ്ഞു അവളെ വിളിക്കാൻ തുടങ്ങിയതും ഗൗതമൻ അവളെ തടഞ്ഞു.

“ഇതിൽ കൂടുതൽ ഒന്നും സംസാരിക്കണ്ട മണിക്കുട്ടി….നിത്യയ്ക് മനസിലായിട്ടുണ്ട്.”

“എന്നാലും…
ഡോക്ടർക്ക് വിഷമായി കാണും….”

ഗൗതമൻ ഒരു നിമിഷം അവളെ ഒന്ന് സൂക്ഷിച്ചു നോക്കി, മുഖത്ത് സങ്കടമാണ്.

“എന്നാ നമുക്കൊരു കാര്യം ചെയ്യാം അവളെ തിരിച് വിളിച്ചിട്ട് കല്യാണത്തിന് സമ്മതാണെന്ന് പറഞ്ഞാലോ….”

“ആഹ് വിളിക്ക് എന്നിട്ട് പറയാ….
ഏഹ്ഹ്…..”

പറഞ്ഞു വന്നത് നിർത്തി അവളൊന്നും കണ്ണ് മിഴിച്ചു.

അവനെ നോക്കിയതും ചിരി കടിച്ചു പിടിച്ചു നിൽക്കുവാണ്.

“പോ അവിടുന്ന്….” അവന്റെ കൈതണ്ടയിൽ അടിച് അവൾ പിണങ്ങി തിരിഞ്ഞു.

🍁🍁🍁🍁🍁🍁

വണ്ടിയിൽ കയറി ഇരുന്ന് നിത്യ ശ്വാസം ഒന്ന് വലിച്ചു വിട്ട് കണ്ണുകൾ ഇറുക്കെ പൂട്ടി. സ്റ്റിയറിങ്ങിൽ അമർത്തി പിടിച് കണ്ണുകൾ വലിച്ചു തുറന്നു.

മിററിലൂടെ പുറകിൽ നിൽക്കുന്ന ഗൗതമന്റെയും അഗ്നിയുടെയും നേർക്ക് കണ്ണുകൾ നീങ്ങി. ഒന്ന് നോക്കിയിരുന്ന ശേഷം കാർ പയ്യെ സ്റ്റാർട്ട്‌ ചെയ്തു.

🍁🍁🍁🍁🍁🍁

“ഇതെന്താ അമ്മേ അങ്കിൾ വന്നിട്ടുണ്ടോ…..”

പോർച്ചിലെക് കാർ കയറ്റി ഇട്ട ശേഷം വെളിയിലിറങ്ങി
പുറത്തു കിടന്ന കാർ നോക്കികൊണ്ട് ഗൗതമൻ ഗൗരിയോട് ചോദിച്ചു.

“ദേ…വാ…… “ഗൗരിയുടെ കൈയിൽ ഇരുന്ന വാവച്ചി അവനെ കണ്ടതും കൊഞ്ചി ചിരിച് അവന്റെ നേർക്ക് ചാടി.

“ദേവേടെ ദേവൂട്ടൻ ഇങ്ങു വന്നെടാ…..ഈ പീക്കിരി വരെ വിളിച്ചു തുടങ്ങി…. ഇനി എന്നാടാ നിന്റെ അമ്മ ഒന്ന് വിളിക്കാൻ തുടങ്ങുക….”

പയ്യെ അവന്റെ മൂക്കിൽ കടിച് പിന്മാറിയതും കുഞ്ഞി കൈകൾ ഗൗതമന്റെ മീശമേൽ പൊതിഞ്ഞിരുന്നു.

“എന്താണ് എന്റെ മോനിന്ന് വല്യ സന്തോഷത്തിൽ ആണല്ലോ…. അങ്ങ് പോയപ്പോ കൂടെ ഒരുത്തി ഉണ്ടായിരുന്നല്ലോ…. ആളെന്ത്യേ….

ഇ പ്പോഴെങ്ങാനും കരയ്ക്കടുക്കുവോ മോനെ നിന്റെ വള്ളം…..””

ഗൗരി ചിരിയോടെ ചോദിച്ചതും അവന്റെ ചുണ്ടിൽ ഒരു ചിരി മിന്നി.

“അമ്മേടെ മോളെ…. ഓഹ് സോറി അമ്മേടെ മരുമോളെ ഞാൻ സ്കൂളിൽ ആക്കിയിട്ടുണ്ട്…”

കുസൃതിയോടെ പറഞ്‌ അവൻ ഗൗരിയുടെ കവിളിലായി ഒന്ന് മുത്തി.

“ശരിക്കും…..മരുമോളാക്കാറായോ കണ്ണാ….”

അമ്പരപ്പോടെ അവൾ ചോദിച്ചു.

ഗൗതമൻ ചിരിയോടെ തലയാട്ടി.

“സന്തോഷായി അമ്മയ്ക്ക്…..

അല്ല അപ്പൊ നിത്യ…. അത്‌ സോൾവ് ആക്കിയോ….

അതൊക്കെ പറയാം….ഇപ്പോഴല്ല പിന്നെ….”

ഗൗതമൻ പറഞ്ഞുകൊണ്ട് വാവച്ചിയെ ചുറ്റി പിടിച്ചു അകത്തേക്ക് കയറി..

“അല്ല അമ്മേ കാർ…..” ഒരു സംശയത്തിൽ ഒന്ന് തിരിഞ്ഞു അവൾ…

ആഹ്, മുകുന്ദൻ വന്നതാ…. ഓഫീസ് റൂമിൽ ഉണ്ട് .”

“ഹ്മ്മ് അങ്കിളിനെ ഒന്ന് കാണണമെന്ന് വിചാരിച്ചിരുന്നതാ, നന്നായി…”

ഗൗതമൻ പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി.

“ദേവൂട്ടോ…… “കുഞ്ഞിനെ കൊഞ്ചിച്ചു ചിരിപ്പിച്ചു കൊണ്ട് ഓഫീസ് റൂമിലേക്ക് നടന്നതും അവന്റെ കാലുകൾ പൊടുന്നനെ കാതിലേക്ക് പതിച്ച വാക്കുകളിൽ നിച്ഛലമായി.

ഒരു നിമിഷം ഉയർന്നു പൊങ്ങിയ ശ്വാസം….. നെഞ്ചിലേക്ക് ശ്കതമായി പ്രഹരം ഏറ്റപോലെ അത്‌ ചോര കിനിച് നീറ്റി.

മുഖത്ത് തട്ടിയ ദേവൂട്ടന്റെ കൈകളാണ് അവനെ തിരിച് സ്വബോധത്തിലേക്ക് കൊണ്ട് വന്നത്.

പിന്നിലേക്ക് രണ്ട് ചുവട് വെച് ഭിത്തിയിലേക്ക് അമർന്നു അവൻ. അകത്തു നിന്ന് കേൾക്കുന്ന വാക്കുകൾ അവനെ ഉമീതീയിലെന്ന പോലെ ചുട്ടുനീറ്റി.

ദുർബലമായ കാലുകൾ നീട്ടി വലിച്ചു വെച് അവൻ റൂമിലേക്ക് നടന്നു.

തറയിൽ കുഞ്ഞിനെ ഇരുത്തി അവിടെ തന്നെ അവൻ തളർന്നിരുന്നു.

തലയ്ക്കു ചുറ്റും ഓരോന്നും കറങ്ങുന്ന പോലെ, അത്രമേൽ അശ്കതനായി മാറിയപോലെ…

“നീ എന്താ അവന്റൊപ്പം അവിടെ കൂടിയോ…”

പെട്ടെന്നു ഉയർന്ന കേട്ട സ്വരം. തല ചെരിച്ചു നോക്കിയപ്പോൾ കണ്ടു പുറം തിരിഞ്ഞു നിന്ന് കൈയിൽ വാച്ച് ഊരി മേശപ്പുറത്തു വെക്കുന്ന ആര്യനെ.

ഒന്നും പറയാതെ അവൻ അവിടെ നിന്നും എഴുനേറ്റു.

“നീ ഇവനെ ഒന്ന് നോക്കിക്കേ എനിക്കു ഒന്ന് ഫ്രഷ് ആകണം ഒരു തലവേദനപോലെ….”

പുറകിൽ നിന്നുള്ള അവന്റെ മറുപടി കേട്ടിട്ടും അറിയാത്ത ഭാവത്തിൽ ഗൗതമൻ ബാത്‌റൂമിനുള്ളിലേക്ക് കടന്നു.

🍁🍁🍁🍁🍁🍁

“എന്ത് പറ്റി തലവേദന കുറവായില്ലേ…”

ചാരുപടിയിൽ കണ്ണടച്ചു കിടക്കുന്ന ഗൗതമന്റെ നെറ്റിയിൽ വിരലോടിച് അഗ്നി ചോദിച്ചു.

കണ്ണുകൾ തുറന്ന അവൻ മുന്നിൽ അഗ്നിയെ കണ്ട് കൈകുത്തി എഴുനേറ്റ് ചാരി ഇരുന്നു.

“എന്ത് പറ്റി…….” അവന്റെ അടുക്കലായി ഇരുന്ന് അവന്റെ കൈയ്യിലേക്ക് കൈച്ചേർത്തു ചോദിച്ചു.

മറുപടിയൊന്നും പറയാതെ അവളുടെ വിരലുകളിൽ അവൻ വിരൽ കൊരുത്തു പിടിച്ചു.

എന്തോ ഒന്ന് അവനെ അസ്വസ്ഥതമാക്കുന്നത് അവൾക് മനസിലാവുന്നുണ്ടായിരുന്നു.

ഒരാശ്വാസം പകരാൻ എന്നപോലെ പയ്യെ അവന്റെ കൈകളെ മറുകൈ ചേർത്ത് തഴുകിയിരുന്നു.

“എനിക്കു ഒന്ന് കിടക്കണം മണിക്കുട്ടി…..”

അവിടെ നിന്ന് എഴുന്നേറ്റത്തും ആഹ് കൈയിൽ പിടിച്ചു അഗ്നി അവനെ നിർത്തി. ചോദ്യഭാവത്തിൽ തിരിഞ്ഞു നോക്കിയതും അവൾ ചാരുപടിയുടെ അറ്റത്തേക്ക് നീങ്ങിയിരുന്നു. ശേഷം അവനെ നോക്കി തന്റെ മടിയിലേക്ക് കണ്ണ് കാണിച്ചു.

“മണിക്കുട്ടി… അത്‌….”

“വേണ്ട ഒന്നും പറയണ്ട….. ഞാൻ ഉണ്ട് കൂടെ എന്താണേലും….”

കേട്ടതും മറ്റൊന്നും പറയാതെ അടുത്തിരുന്ന് അവളുടെ മടിയിലേക്ക് തല ചായിച്ചു.

അവളുടെ നീണ്ട വിരലുകൾ അവന്റെ മുടിയിഴകളിലൂടെ തെന്നി നീങ്ങി.

കുറച്ച് നിമിഷങ്ങൾക്ക് ശേഷം അവന്റെ ശ്വാസവേഗം ഒന്ന് ക്രമത്തിലായതും അഗ്നി കണ്ണുകൾ അടച്ചു അവന്റെ തോളിലേക്ക് തല താഴ്ത്തി വെച്ചു.

( തുടരും )