22/04/2026

കാർത്തിക ദീപം : ഭാഗം 22

രചന  – സുധീ മുട്ടം

തളർന്ന് കിടക്കുന്ന അമ്മാവനേ കണ്ടു കാർത്തികയുടെ നെഞ്ചൊന്ന് പിടച്ചു…ഓർമ്മകൾ ഒരായിരം നോവുകളുണർത്തി..എന്നും ചേർത്തു പിടിച്ചിട്ടേയുള്ളൂ ആകുന്നത്രയും..ആരോഗ്യം ക്ഷയിച്ചു തുടങ്ങിയപ്പോഴും കാർത്തിയുടെ മർദ്ദനങ്ങളിൽ നിന്നും രക്ഷപെടുത്താനേ ശ്രമിച്ചിട്ടുള്ളൂ….

അമ്മാവനു സമീപം ഇരിക്കുന്ന അമ്മായിയിലേക്കും കണ്ണുകളെത്തി..ശോഷിച്ചു തുടങ്ങിയ ആരോഗ്യവും കറുപ്പ് തീർത്ത കൺതടങ്ങളും പ്രായം ഏറിയത് പോലെ തോന്നിപ്പിച്ചു….

“സുഖാണോടീ കാർത്തികക്കൊച്ചേ….

അടരാൻ പ്രയസപ്പെട്ടത് പോലെ വാക്കുകൾ ചിതറി വീണു….

” കുഴപ്പമില്ല അമ്മായി…

ചേർത്തു പിടിച്ചു അവരെ പുണരുമ്പോൾ അവരിൽ നിന്നും വമിച്ചിരുന്ന വിയർപ്പിന്റെ മടുപ്പിക്കുന്ന ഗന്ധം അരോചകമായി തോന്നിയിരുന്നില്ല..കാർത്തിയേക്കാൾ കൂടുതൽ സ്നേഹിച്ചിട്ടേയുള്ളൂ എപ്പോഴും…

“ഇവർ മാത്രമേയുള്ളൂ എനിക്കിനി സ്വന്തക്കാരായി….

ഡെറിലേക്ക് തിരിഞ്ഞ് നോവോടെ പറയുന്നവളെ അനുകമ്പയോടെ നോക്കി നിന്നു… അവനറിയുകയായിരുന്നു അവനറിയാത്ത കാർത്തികയെന്ന് കുഗ്രാമത്തിലെ പെൺകുട്ടിയെ കുറിച്ചു….

” പാവമാട്ടാ മോനേ എന്റെ മോള്… സ്നേഹിക്കാൻ മാത്രം അറിയാവുന്നൊരുത്തി…..

തനിക്ക് നേരെ നോക്കി പറയുന്നവർക്കൊരു പുഞ്ചിരി മാത്രം മറുപടിയായി മടക്കി നൽകി….

“മക്കളിരിക്ക് … കട്ടനെടുക്കാം…

പ്രാഞ്ചി പ്രാഞ്ചി നടക്കുന്നതിനിടയിൽ പറഞ്ഞു കൊണ്ട് അകത്തേക്ക് മറഞ്ഞു…

” വാ… പുറത്തേക്ക് ഇറങ്ങാം…

മനം മടുപ്പിക്കുന്ന ഗന്ധങ്ങൾ ഡെറിക്കിന് പരിചിതമല്ലെന്ന് അറിയാം…അതാണ് പുറത്തേക്ക് ക്ഷണിച്ചതും….

“ഡെറി ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ?”

നടക്കുന്നതിന് ഇടയിൽ വെറുതെ ചോദിച്ചു…ഒന്ന് പാളി നോക്കിയപ്പോൾ ആൾ ഞെട്ടുന്നത് കണ്ടു….

“എന്തേ ഇപ്പോൾ ഇങ്ങനെയൊരു ചോദ്യം….

” വെറുതെ…..

ഇടവഴിയിൽ ഒരു വശത്ത് നിരപ്പായ തിട്ട കണ്ടു..വലിയൊരു ആൽമരം നിൽക്കുന്നു.. അതിന്റെ ചുവട്ടിലവർ ഇരുന്നു….

“കാർത്തിക സ്നേഹിച്ചിട്ടുണ്ടോ?'”

പ്രതീക്ഷിച്ചിരുന്ന ചോദ്യമായതിനാൽ ഞെട്ടിയില്ല….

“സ്നേഹിച്ചിട്ടുണ്ടോന്ന് ചോദിച്ചാൽ ഉണ്ടെന്നും ഇല്ലെന്നും പറയാം.. ഡെറിക്ക്… പകരം ഞാനൊരു കഥ പറയാം….

അകലേക്ക് മിഴികൾ നാട്ടി കാർത്തിക…മനസ്സിലുള്ളത് അവൾ പുറത്തേക്ക് എടുക്കുകയാണെന്ന് അവനും മനസ്സിലായതിനാൽ ആ മുഖത്ത് നോട്ടം ഉറപ്പിച്ചു…

” കുഞ്ഞിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട ഒരു പെൺകുട്ടിയെ അവളുടെ അമ്മാവിയും അമ്മാവനും കൂട്ടിക്കൊണ്ടു പോയി സ്നേഹവും ഭക്ഷണവും നൽകി സ്വന്തം മകളെ പോലെ വളർത്തി പഠിപ്പിച്ചു…അവർക്കൊരു മകൻ ഉണ്ടായിരുന്നു. തല തിരിഞ്ഞൊരു താന്തോന്നി പയ്യൻ…ഇങ്ങോട്ട് വിളിച്ഛാൽ അങ്ങോട്ട് പോകുന്ന പ്രകൃതം…ആ പെൺകുട്ടി ആ വീട്ടിലേക്ക് വന്നത് അവനൊരിക്കലും അംഗീകരിക്കാൻ കഴിഞ്ഞില്ല.അവസരം കിട്ടുമ്പോഴൊക്കെ ഉപദ്രവിക്കും….അങ്ങനെ വർഷങ്ങൾ കടന്നു പോയി..ഒരിക്കൽ അവൾ ഋതുമതിയായി..അന്ന് പതിമൂന്ന് വയസ്സ് പ്രായം..പതിവില്ലാതെ ആ താന്തോന്നി പയ്യന് വല്ലാതങ്ങ് സ്നേഹം കയറി.. കെട്ടിപ്പിടിക്കുക,കവിളിൽ ചുംബിക്കുക.മേനിയിലും തുടയിലും കരവിരുത് കാണിക്കുക അങ്ങനെ ഓരോ സ്നേഹ പ്രകടനങ്ങൾ.. എതിർത്താൽ മർദ്ദനങ്ങളും തെറിവിളികളും….പേടിച്ച് അമ്മാവനോടും അമ്മാവിയോടും ഒന്നും പറയാറില്ല..ഇവിടെ നിന്നു കൂടി ഇറക്കി വിട്ടാൽ പോകാനൊരിടമില്ല.ഭക്ഷണം തരാനും ആളുമില്ല….പിന്നെയും എല്ലാം സഹിച്ചു തുടർന്നു..ഒരിക്കൽ അമ്മാവനും അമ്മാവിയും ഒരു ബന്ധുവീട്ടിൽ പോയിട്ട് വരാൻ വൈകി..അന്ന് ആ തെമ്മാടി ചെറുക്കൻ അവളെ ലൈംഗികമായി ദുരുപയോഗം ചെയ്തു… അതൊരു തുടക്കം മാത്രമായിരുന്നു.. എല്ലാവരും ഉറങ്ങുന്ന സമയം നോക്കി അവനെത്തും..ഓരോന്നും പറഞ്ഞും കാണിച്ചും പ്രലോത്ഭനം നടത്തിയും അവളെ കീഴ്പ്പെടുത്തും…പതിയെ അവൾ അവനെ സ്നേഹിച്ചു തുടങ്ങി… വിവാഹ വാഗ്ദാനം നൽകിയതോടെ…തനിക്ക് ഇനിയൊരു ജീവിതമില്ലെന്നോ അല്ലെങ്കിൽ താൻ നശിച്ചവളായതിനാലോ ഒന്നും അറിയില്ല..പക്ഷേ അവൻ കടിച്ചു തുപ്പിയ ചണ്ടിയാണെന്ന് അവനു തന്നെ മനസിലായതോടെ എന്നും വെച്ചു കൊണ്ടിരിക്കാൻ ശ്രമിച്ചു… അമ്മാവനും അമ്മാവിയും എതിർത്തതോടെ അവൻ അവർക്ക് നേരെ തിരിഞ്ഞു..ഒടുവിൽ മകനെ ഭയന്നവർ ഒന്നും മിണ്ടാതായി..അവർക്ക് മുന്നിലായി അഴിഞ്ഞാട്ടം..അവളെ ഉപ്രവിക്കുന്നത് കാണാൻ ശേഷിയില്ലാത്തതിനാൽ ഒരുദിവസം കുറച്ചു പണവും നൽകി ബസ് സ്റ്റാൻഡിൽ അമ്മാവൻ അവളെ കൊണ്ടു ചെന്നാക്ക്..മകന്റെ കണ്ണെത്താത്ത എങ്ങോട്ടെങ്കിലും പോയി രക്ഷപ്പെട്ടു കൊള്ളാൻ പറഞ്ഞു… അങ്ങനെ രക്ഷപ്പെട്ടു പോയ ആ പെൺകുട്ടിയാണ് കാർത്തിക…..

കാർത്തിക പറയുന്ന ഓരോ വാക്കുകൾ കേട്ടും തറഞ്ഞിരുന്നു പോയി ഡെറിക് ഡേവിഡ്… ആദ്യമായി കാണുന്നത് പോലെ അവളെ തുറിച്ചു നോക്കി…

അവളിൽ നിന്ന് ഒരു മിഴിനീർതുള്ളിയും ഇറ്റു വീഴാത്തതിൽ അത്ഭുതം തോന്നിയില്ല…അത്രയേറെ അനുഭവച്ച കാലയളവിൽ അത്രയേറെ കണ്ണീർ പൊഴിച്ചിട്ടുണ്ട് അവന് ഉറപ്പായിരുന്നു….

“ഡെറിക്ക് സങ്കടമായോ?….

എന്തു പറയണമെന്ന് അറിയാത്തതിനാൽ മറുപടി കൊടുക്കാൻ കഴിഞ്ഞില്ല….

” എനിക്കിപ്പോൾ സങ്കടമൊന്നുമില്ല…അത്രയേറെ അനുഭവിച്ചു കഴിഞ്ഞു…അയാളോട് പ്രതികാരം ചെയ്യണമെന്നൊരു ആഗ്രഹം ബാക്കിയുണ്ടായിരുന്നു..ഇന്നത് നിറവേറ്റി…

പറയുമ്പോൾ അവൾ അനുഭവിക്കുന്ന സന്തോഷത്തിന്റെ ആഴം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു…

“പോകാം ഡെറിക്.. അമ്മായി കാത്തിരിക്കുന്നുണ്ടാകും….

സമ്മത ഭാവത്തിൽ തലയാട്ടി എഴുന്നേറ്റു… കാർത്തിക മുമ്പിലായും ഡെറിക് പിന്നിലായും നടന്നു…

അമ്മായി നൽകിയ കട്ടൻ ചായ കുടിച്ച ശേഷം ഇരുവരും പുറത്തിരുന്നു…കാർത്തിയെ അവിടെയെങ്ങും കാണാനില്ലായിരുന്നു…

” ഇനിയെന്താ തന്റെ പ്ലാൻ….

“അമ്മായിയേയും അമ്മാവനേയും കൂട്ടിക്കൊണ്ട് പോകണം..നല്ല ട്രീറ്റ്മെന്റ് കൊടുക്കണം….

” നന്നായി നല്ല തീരുമാനമാണ്….വന്ന വഴി മറക്കുന്നവരാണ് കൂടുതൽ… താൻ അതിൽ നിന്ന് വ്യത്യസ്ഥമാണ്…..

അവൻ പുകഴ്ത്തിയതിന് മറുപടിയായി മനോഹരമായി പുഞ്ചിരിച്ചു…

“ഡെറിക് മടങ്ങിക്കോളൂ…ഞാൻ നാളേയുള്ളൂ…

” വന്നത് ഒരുമിച്ചല്ലേ… മടക്കവും അങ്ങനെയാകട്ടെ….

അങ്ങനെയൊരു മറുപടി തീരെ പ്രതീക്ഷിച്ചിരുന്നില്ല…അവനിവിടം ഒട്ടും ഇഷ്ടമാകില്ലെന്ന് കരുതി……

“താങ്ക്യൂ സോ മച്ച് ഡെറിക്ക്…..

രണ്ടു പേരും ഇന്ന് മടങ്ങുന്നില്ലെന്ന് അറിഞ്ഞതും അമ്മായിക്ക് സന്തോഷമായി…അവർ വൈകുന്നേരത്തെ ഭക്ഷണം ശരിയാക്കാനായി അടുക്കളയിൽ കയറി…

ഡെറിക്കും കാർത്തികയും കൂടി മാറിയുടക്കാനായി ഒന്നും കൊണ്ടു വന്നില്ലായിരുന്നു…അവർ ഇരുവരും കൂടി പുറത്തേക്ക് കറങ്ങി ടെക്സ്റ്റൈൽ ഷോറൂമിൽ നിന്ന് തുണികളും എടുത്തു തിരിച്ചു വന്നു..അമ്മായിക്കും അമ്മാവനുമുള്ളത് അവരെ ഏൽപ്പിച്ചു….

രാത്രി ആയതോടെ കിണറ്റിൻ കരയിൽ നിന്നും ഒന്ന് ഫ്രഷായി അവൻ…കാർത്തിക കുളി കഴിഞ്ഞു തന്റെ റൂം ഡെറിക്കിനായി ഒരുക്കി..ഭക്ഷണം കഴിഞ്ഞു ഉറങ്ങാനുള്ള തിരക്കിലായി എല്ലാവരും…

” കാർത്തിക റൂമിൽ കിടന്നോളൂ…ഞാൻ പുറത്ത് എവിടെയെങ്കിലും…

“അത് വേണ്ടാ… ഡെറിക്ക്…എല്ലാവർക്കും മുമ്പിൽ നമ്മൾ ഭാര്യാഭർത്താക്കന്മാരല്ലേ… തന്നെയുമല്ല ഒരു റൂമിൽ ഒരുമിച്ച് കിടന്നെന്നു കരുതി ആകാശം ഇടിഞ്ഞൊന്നും വീഴുകയുമില്ലല്ലോ…..അല്ലെങ്കിൽ തന്നെ ഞാൻ പരിശുദ്ധയുമല്ലാ…

അവസാന വാചകങ്ങളിൽ നോവുണർന്നിരുന്നു…അതവന് മനസ്സിലാവുകയും ചെയ്തു… ..

സമയം പതിനൊന്ന് മണി കഴിഞ്ഞു… ആ സമയത്താണ് കാർത്തിയുടെ വരവ്….

” എവിടെ ആ നാ.യി.ന്റെ. മോൾ….

പുറത്തെ അട്ടഹാസം മുറിയിലും പ്രതിഫലിച്ചു… ഇരുവരും ഉറങ്ങിയട്ടില്ലാത്തതിനാൽ മെല്ലെ എഴുന്നേറ്റു…കാർത്തി തുറന്നു കിടന്നിരുന്ന വാതിലിൽ കൂടി അകത്തേക്ക് തലയിട്ടു….അതേ നിമിഷം അവൻ കാണാനായി കാർത്തികയെ നെഞ്ചോട് വരിഞ്ഞു മുറുക്കി കഴിഞ്ഞിരുന്നു ഡെറിക് ഡേവിഡ്…അവളും അവനെ ചുറ്റിപ്പിടിച്ചു കണ്ണിലേക്ക് പ്രണയത്തോടെ നോക്കി..

ഡെറിക്കിൽ എന്തെക്കയോ മാറ്റങ്ങൾ നടന്നു…അവന്റെ ചുണ്ടുകൾ താഴ്ന്നു വരുന്നത് കണ്ട് അവൾ മുഖം വെട്ടിക്കാൻ ശ്രമിച്ചെങ്കിലും ഇരു കരങ്ങളുമെടുത്ത് അഭിമുഖമായി തിരിച്ചു പിടിച്ചു… ഒരു മൃദു ചുംബനം അധരങ്ങളിൽ അമരുന്നതും പതിയെയത് പൂർണ്ണമായും സ്വന്തമാക്കുന്നതും ഞെട്ടലോടെ അറിഞ്ഞു….

“നാണമില്ലേടാ നാറീ നിനക്ക്, ഭാര്യയുടേയും ഭർത്താവിന്റേയും കിടപ്പുമുറിയിൽ കയറി സീൻ പിടിക്കാൻ….

അവളിൽ നിന്ന് ചുണ്ടുകൾ മോചിപ്പിച്ചു ഡെറിക്ക് അലറിയതോടെ കുടിച്ചിരുന്ന മദ്യം ആവിയായി പോകുന്നത് കാർത്തിയറിഞ്ഞു… ഞെട്ടലോടെ അവൻ മുറിക്ക് പുറത്തേക്ക് ചാടി…

തളർച്ചയോടെ അവനെ നോക്കി….അവന്റെ മനസ്സിൽ എന്താണെന്ന് അറിയാതെ അവൾ ദുർബലയായതും വീണ്ടും അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിൽ അമർന്നു നീണ്ട ചുംബനമായി മാറി…..

തുടരും….