രചന – സുധീ മുട്ടം
ഞായറാഴ്ച അടുക്കുന്തോറും ഉള്ളിൽ സന്തോഷം പതഞ്ഞുയർന്നു…ഇടവേളകൾക്ക് ശേഷം നാട്ടിലേക്ക്..ഇനിയൊരിക്കലും അവിടേക്കില്ലെന്ന് തീരുമാനിച്ചതാണ്..പക്ഷേ അപ്രതീക്ഷിതമായി ഡെറിക്കുമായി സൗഹൃദം സ്ഥാപിച്ചതോടെ മനസ്സിനെ നോവിച്ചവന്റെ മുന്നിലേക്ക് തലയെടുപ്പോടെ ചെന്ന് നിൽക്കണമെന്ന മോഹമുദിച്ചത്….
ഇതുവരെ കണ്ടത് പോലെയല്ല നേരിട്ടറിഞ്ഞതിന്ന് ഡെറിക്ക് ഒരു സാധുവാണെന്ന് മനസ്സിലായി….ചിലപ്പോഴത് അങ്ങനെയാണല്ലോ ക്രൂരന്മാരാണെന്ന് കരുതുന്നവർ സാധുക്കളും ,സാധുക്കളെന്ന് കരുതുന്നവർ ക്രൂരന്മാരും ആയിരിക്കും…
ഞായറാഴ്ച ദിവസം…
വെളുപ്പിനെ പതിവുപോലെ ഉണർന്നു തണുപ്പിനെ പ്രണയിച്ച് വെള്ളം മേനിയെ പുണർന്നപ്പോൾ ശരീരമൊന്ന് വിറച്ചു പോയി..ഡിസംബർ മാസത്തിലെ തണുപ്പിനൊരു സുഖമുണ്ടെങ്കിലും ഇന്നത്തെ മഞ്ഞിനു കുറച്ചു കാഠിന്യമേറിയിരുന്നു…
ഈറൻ മാറിയ ശേഷം ക്രീം കളറിലെ സാരിയെടുത്തു ധരിച്ചു കണ്ണാടിയിലേക്ക് നോക്കി തൃപ്തിപ്പെട്ടു…ഇന്നലെ വൈകിട്ടു വാങ്ങിയ മുല്ലമൊട്ടുകൾ എടുത്തു നോക്കിയപ്പോൾ വിടർന്നിരുന്നു..നേരിയ വാഴ നൂലിൽ മുല്ലപ്പൂ കോർത്തിണക്കി തലമുടിയിൽ ചൂടി..മുഖത്തേക്ക് യാർഡ്ലി ഗോൾഡിന്റെ പൗഡർ നേരിയ രീതിയിൽ പൂശി.കണ്മഷിയിൽ കണ്ണും പുരികവുമെഴുതി നെറ്റിയിൽ കണ്മഷിയാൽ തന്നെ പൊട്ടും കുത്തി ഒരിക്കൽ കൂടി കണ്ണാടിയിലേക്ക് നോക്കി…
“സുന്ദരിയായിരിക്കുന്നു….
മനസ്സിലത് പറഞ്ഞിട്ടവൾ ഡെറിക്കിന്റെ വരവിനായി കാത്തിരുന്നു…അവനെത്തുമ്പോൾ ആറ് മണി കഴിഞ്ഞു നേരം പുലർന്നിരുന്നു…
” ഡെറി…. കാപ്പി…
ആവി പറക്കുന്ന കാപ്പി എടുത്തു കപ്പ് മുന്നിലേക്ക് നീട്ടിയത് മടി കൂടാതെ വാങ്ങി ചുണ്ടോട് ചേർത്തു….
“കൊള്ളാം കേട്ടോ…
നേർത്ത പുഞ്ചിരിയോടെ കാപ്പിക്കപ്പ് നീട്ടി…
” താങ്ക്യൂ… താങ്ക്യൂ…
അതേ പുഞ്ചിരി മടക്കി നൽകി അവൾ അകത്തേക്ക് പോയി… പിന്നാലെ ഡെറിയും…കണ്ണുകൾ മുറിയാകെ വീക്ഷിച്ചു…
“വീടൊക്കെ ഒന്നുകൂടി മിനുക്കി എടുക്കണം…
“ഒരുപാട് ആഗ്രഹിച്ചിരുന്നു ഞാനും… വീടൊക്കെ നന്നാക്കി അച്ഛനുമായി ജീവിക്കാൻ.. ആ സ്നേഹ വാത്സല്യങ്ങൾ നുകർന്നു…..അപ്പോഴേക്കും അച്ഛനെ….
അപ്പോഴേക്കും പൂർത്തീകരിക്കാൻ കഴിയാതെ ഇടറിപ്പോയിരുന്നു…കണ്ണുകളിലും നനവുണ്ടായി….അച്ഛന്റെ വേർപാട് കാർത്തികയെ അത്രത്തോളം നോവിച്ചിരുന്നു…
” താൻ കരയാതെ വിധിയാണെന്ന് കരുതുക…എല്ലാവരും ഒരിക്കൽ മരിക്കും..ചിലർ നേരത്തേയും ചിലർ താമസിച്ചു….
വേണിയുടെ ഓർമ്മയിൽ അവനുമൊന്ന് പിടഞ്ഞു…
“ഇച്ചായോ..ഇച്ചായോ”…
എന്നുള്ള സ്നേഹ കലർന്ന വിളി ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്…
” പോകാമെടോ… തന്റെ നാട്ടിലേക്ക്… ഓർമ്മകൾ ശ്വാസം മുട്ടിക്കുന്ന നാട്ടിൽ നിന്ന് എനിക്കുമൊരു റീ ഫ്രഷ് വേണം…കുറച്ചു സമയമെങ്കിലും സ്വസ്ഥമായി ചിലവഴിക്കണം..മദ്യത്തിന്റെ ലഹരിയില്ലാതെ ഒരു പച്ചയായ മനുഷ്യനായി….
അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു അവനെ…അവനെ മനസ്സിലാക്കാൻ അവൾക്കേ കഴിയുമായിരുന്നുള്ളൂ….
“എനിക്ക് മനസ്സിലാകും ഡെറി…
സന്ത്വനിപ്പിക്കും പോലെ തോളിൽ മെല്ലെ തട്ടി…
” നമുക്ക് ഇറങ്ങാം കാർത്തി…
“കാർത്തി എന്നുള്ള വിളി വേണ്ട ഡെറിക്..ഓർക്കാൻ കൂടി ഇഷ്ടപ്പെടാത്തൊരു പേരാണത്…
” പിന്നെന്താ വിളിക്കേണ്ടത്…
“ഡെറിക്ക് ഇഷ്ടമുള്ളത്…
” കാർത്തുമ്പി എന്നായാലൊ…
“അത് കൊള്ളാം….
” എങ്കിൽ പിന്നെ അങ്ങനെ വിളിക്കാം ല്ലെ കാർത്തുമ്പി…
“ഓ.. യെസ്… ഡെറിയുടെ ഇഷ്ടം എന്റേയും…
പുഞ്ചിരിയോടെ മൊഴിയുമ്പോൾ അവന്റെ ഉള്ളിലെവിടെയോ ചെന്നത് കൊണ്ടു…വേണിയുടെ ഓർമ്മകൾ വീണ്ടും നിറയാൻ തുടങ്ങി…
” നമുക്ക് പോയേക്കാം…
നിറയുന്ന മിഴികളവൾ കാണാതിരിക്കാനായി പെട്ടന്നവൻ പുറത്തേക്കിറങ്ങി…ബുള്ളറ്റിൽ കയറി സ്റ്റാർട്ട് ചെയ്യുമ്പോഴേക്കും വീടുപൂട്ടി കാർത്തികയുമെത്തി…ബുള്ളറ്റ് പതിയെ മുന്നോട്ട് നീങ്ങി വേഗം കൂടി….
ഡെറിക്കിൽ നിന്നും കുറച്ചു അകലമിട്ടായിരുന്നു കാർത്തിക പിന്നിലിരുന്നത്…കാറ്റിന്റെ താളത്തിൽ മുന്നിലേക്ക് വീഴുന്ന മുടിയിഴകളെ ഇടക്കിടെ മാടിയൊതുക്കി…തണുപ്ല് നല്ലതുപോലെ അനുഭവപ്പെട്ടതോടെ കുറച്ചു കൂടി അവനിലേക്ക് ചേർന്നിരുന്നു പതിയെ അവനിലേക്ക് ചാരി കൈകൾ ഡെറിയുടെ വയറിലൂടെ ചുറ്റി കിടന്നു…എല്ലാം അറിയുന്നുണ്ടെങ്കിലും സുഖമുള്ളൊരു അനുഭൂതി ഡെറിയിലും നിറഞ്ഞു….
രണ്ടു മണിക്കൂറോളം നിർത്താതെ ബുള്ളറ്റോടി….ഇടക്കൊരു ഹോട്ടലിനു മുമ്പിലായി മാത്രം നിർത്തി….
“ഒരു ചായ കുടിച്ചിട്ട് പോകാം…
സമ്മതമെന്നോണം തലയാട്ടി…ചായക്കൊപ്പം മൊരിഞ്ഞ രണ്ടു വടകൾ കൂടി അകത്താക്കി ഇരുവരും ഇറങ്ങി…
ജുബ്ബയും മുണ്ടുമായിരുന്നു ഡെറിക്കിന്റെ വേഷം..അതിലവൻ സുന്ദര നായിരുന്നു..കട്ടത്താടിയും കട്ടി മീശയും ഒരു ലുക്ക് തന്നെ ആയിരുന്നു… കാർത്തിക അപ്പോഴാണ് ശരിക്കും അവനെ ശ്രദ്ധിച്ചത്….
കീശയിൽ നിന്ന് വിൽസിന്റെ പാക്കറ്റ് എടുത്തു അതിൽ നിന്നൊരെണ്ണം ചുണ്ടിൽ തിരുകി…
” പുറത്തെ തണുപ്പിന് ഇവൻ ബെസ്റ്റാണ്…
ചിരിയോടെ സിഗരറ്റിലേക്ക് തീ കൊളുത്തി ലൈറ്റർ യഥാസ്ഥാനത്ത് വെച്ചു…
“വേണോ ഒരെണ്ണം…
” വേണം… രണ്ടു പഫ്…
വെറുതെ ചോദിച്ചതാണെങ്കിലും മറുപടി ഞെട്ടിച്ചു കളഞ്ഞു….ആശ്ചര്യത്തോടെ അവളെ നോക്കി….സിഗരറ്റ് വാങ്ങി ആഞ്ഞ് വലിക്കുമ്പോൾ ശക്തിയായി ചുമച്ചു…വലിച്ചു പരിചയമില്ലെന്ന് മനസ്സിലായതോടെ സിഗരിറ്റിനു കൈകൾ നീട്ടി…
“എന്തിനാണ് ആവശ്യമില്ലാത്തത് ശീലങ്ങളാക്കുന്നത്…
” അത് തന്നെ എനിക്കും ചോദിക്കാനുള്ളത്…ആവശ്യമില്ലാത്ത ശീലങ്ങളൊക്കെ എന്തിനാണെന്ന്….
പറച്ചിലിനു ഒപ്പം സിഗരറ്റ് അവൾ ദൂരേക്കെറിഞ്ഞു….അവൻ മിഴിച്ചവളെ നോക്കി…
“സിഗരറ്റ് വലിയും മദ്യപാനവും നിർത്തണമെന്ന് ഞാൻ പറയില്ല.. പക്ഷേ ആവശ്യത്തിന് മതി എന്റെ ബെസ്റ്റ് ഫ്രണ്ടിന്.. മനസ്സിലായല്ലോ…
നേർത്തൊരു ഗൗരവത്തിന്റെ ആവരണമണിഞ്ഞെങ്കിലും പതിയെയത് പൊട്ടിച്ചിരിയായി മാറി… ഒപ്പം അവനും ചിരിച്ചു….
” പിന്നെ ഡെറി.. വീട്ടിൽ ചെല്ലുമ്പോൾ കുറച്ചു സമയത്തേക്ക് എന്നോടൊപ്പം ഒന്ന് അഭിനയിക്കേണ്ടി വരും..അറിയാലോ കാര്യങ്ങളൊക്കെ….
തന്റെ ജീവിതത്തെ കുറിച്ച് ചെറിയൊരു വിവരണം നൽകിയിരുന്നു… അതുകൊണ്ട് സമ്മതപൂർവ്വം തലയാട്ടി…
വീണ്ടും അവർ യാത്ര തുടർന്നു…ഇടക്ക് റെസ്റ്റ് എടുത്തും ഭക്ഷണം കഴിച്ചും റെസ്റ്റ് എടുത്തും മൂന്നു മണിയോടെ അമ്മാവന്റെ വീട്ടിലെത്തി…അവരെത്തുമ്പോൾ കാർത്തിയും വീട്ടിൽ ഉണ്ടായിരുന്നു.. മദ്യപിച്ചു ആടിയാടി നിൽക്കുന്ന അവസ്ഥയിൽ ആയിരുന്നെങ്കിലും കാർത്തികയെ കണ്ടതോടെ ഒരു തരം ഞെട്ടലായിരുന്നു…ഞെട്ടൽ പതിയെ സന്തോഷത്തിനു വഴിമാറി….
“എവിടെ ആയിരുന്നെടീ ഇത്രയും നാൾ…
” എനിക്ക് ഇഷ്ടമുള്ളിടത്ത്…അത് ചോദിക്കാൻ താനാരാ…
കാർത്തികയിലെ മാറ്റം അവനെ അത്ഭുതപ്പെടുത്തി..ആദ്യം കാണുന്നവളെ പോലെ മിഴിച്ചു നോക്കി…
“പ് ഫാ… കഴുവേറി മോളേ…നിന്നെ ഞാൻ….
” തൊട്ട് പോകരുതവളെ….
അകലെ നിന്നു കേട്ട അലർച്ച കാർത്തിയെ ഞെട്ടിച്ചു കളഞ്ഞു….വഴിയരുകിൽ ബുള്ളറ്റ് സ്റ്റാൻഡിൽ വെച്ചിട്ട് അതിൽ കയറി ഇരിക്കുകയായിരുന്നു ഡെറിക്ക്…അതിനാൽ അയാളെ അവൻ കണ്ടിരുന്നില്ല.,
“നീയാരാടാ അത് പറയാൻ….
നഷ്ടപ്പെട്ട ധൈര്യം വീണ്ടെടുത്തു തനിക്ക് നേരെ നടന്നു വരുന്നവനെ നോക്കിയലറി….ജുബ്ബയുടെ കൈകൾ കൈമുട്ട് വരെ മടക്കി തിരുകി മുണ്ട് അൽപ്പം മടക്കി കുത്തി മീശ ഇരുവശത്തേക്കും പിരിച്ചു വെച്ചു കാർത്തികക്ക് അരികിലേക്ക് ചെന്നു ഇടുപ്പിലൂടെ കയ്യിട്ടവളെ ചേർത്തു പിടിച്ചു….
” എന്റെ പെണ്ണ്…..
കാർത്തികയുടെ കാതിലേക്ക് ആ വാക്കുകൾ വീണുടഞ്ഞു…
“എന്റെ പെണ്ണ്….
അവളിലൊരു കോരിത്തരിപ്പുണ്ടായി..അവൾ ഡെറിയെ കെട്ടിപ്പിടിച്ചു കവിളിൽ മുത്തിയതും അവനവളെ വാരിപ്പുണർന്നു..
” തനിക്ക് ഇനിയും മനസ്സിലായില്ലേ…ഇതെന്റെ ഭർത്താവ് ഡെറിക് ഡേവിഡ് ജോൺ…എനിക്കിപ്പോൾ ചോദിക്കാനും പറയാനും ആളുണ്ട് മനസ്സിലായോടോ…..
“ഇച്ഛായൻ വാ…ആ അലവലാതിയെ മൈൻഡ് ചെയ്യണ്ടാ….
അവനെ ചേർത്തു പിടിച്ചു അകത്തേക്ക് നടക്കുമ്പോൾ പരിഹാസത്തോടെ കാർത്തിയെ നോക്കാനും മറന്നില്ല….
” പക വീട്ടാനുള്ളതാടോ… തന്റെ മുന്നിലൂടെ ഇങ്ങനെ മറ്റൊരാളെ കെട്ടിപ്പിടിച്ചു പോകുമ്പോൾ ഞാൻ അനുഭവിക്കുന്നൊരു മനസുഖമുണ്ടല്ലോ… അത് തന്നെയാ തന്നോടുള്ള എന്റെ പ്രതികാരവും…..
തുടരും…

by