The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – സുധീ മുട്ടം
അവളുടെ നോട്ടം ഉത്തരം കിട്ടാത്ത ചോദ്യം പോലെ റീത്താമ്മയുടെ മിഴികളിലുടക്കി നിന്നു.എന്ത് മറുപടി കൊടുക്കണമെന്ന് അറിയാതെ വിളർച്ചയോടെ നിൽക്കുമ്പോൾ ഡേവിഡ് ജോൺ അവിടേക്ക് കടന്നു വന്നു.കാർത്തികയുടെ കണ്ണുകളിൽ അയാളിലേക്കായി..
“ഡെറിയുടെ പപ്പ…
അവൾക്ക് പറയാതെ തന്നെ മനസ്സിലായി…
” ഇച്ഛായ ഇത്…..ഇത്….
“കാർത്തികമോൾ അല്ലേ…
ശാന്തസുന്ദരമായ മുഖത്തോടെയും അലിവാർന്ന സ്വരത്തിലുമുള്ള മറുപടി അത്ഭുതപ്പെടുത്തി…ഡെറിക്കിന്റെ സ്വഭാവത്തിന് നേരെ വിപരീതമെന്ന് ഓർത്തു…
കാർത്തികയിലായിരുന്നു ഡേവിഡിന്റെ ശ്രദ്ധ മുഴുവനും… ഇരുനിറമുള്ളതെങ്കിലും സുന്ദരിയായൊരു പെൺകുട്ടി… ശരീരത്തന് ആനുപാതികമായുള്ള വണ്ണം..ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടമാകുന്ന മുഖവും ചുണ്ടിലെ മന്ദസ്മിതവും….എവിടെയൊക്കയോ വേണിയെ ഓർമ്മിപ്പിക്കും പോലെ…
” റീത്താമ്മ എപ്പോഴും പറയും മോളെ കുറിച്ച്…
അത്ഭുതത്തോടെ അവരിലേക്ക് മിഴികൾ നാട്ടി…റീത്താമ്മയുടെ ചുണ്ടിലും പുഞ്ചിരി തെളിയുന്നത് കണ്ടു…
“മോളെന്താ സ്കൂളിലെ ജോലി വേണ്ടാന്ന് വെച്ചത്….
” അത്… പിന്നെ…
വാക്കുകൾ കിട്ടാതെ ഒരുനിമിഷം പതറി..എന്ത് പറയണമെന്ന് അറിയാതെ നിന്നു..സത്യം തുറന്നു പറഞ്ഞാലോന്ന് ചിന്തിച്ചു.. ഒരു കള്ളം പറഞ്ഞാൽ അതിനെ ന്യായീകരിക്കാനായി നൂറ് കള്ളങ്ങൾ പിന്നെയും ആവർത്തിക്കേണ്ടി വരും…
നടന്നത് മുഴുവനും വിവരിക്കുമ്പോൾ റീത്താമ്മയുടേയും ഡേവിഡിന്റേയും മിഴികൾ പരസ്പരമുടക്കി…
“മോളേ…അത് ഡേവിഡ് മനപ്പൂർവം താമസിച്ചു വന്നതല്ല..ഏതോ ഒരിടം വരെ പോയിട്ട് വരുമ്പോഴേക്കും ബുള്ളറ്റിന്റെ ടയർ പഞ്ചറായി..അതാണ് കാരണം.. പുറമേക്ക് പരുക്കനെങ്കിലും ദുഷ്ടനല്ല ഡെറിക്ക്…
റീത്താമ്മയിൽ നിന്നത് കേൾക്കുമ്പോൾ കാർത്തികയുടെ നെഞ്ചിൽ സങ്കടങ്ങൾ വന്നു കുമിഞ്ഞ് കൂടി.. വെറുതെ അയാളെ തെറ്റിദ്ധരിച്ചതോർത്ത് മനസ്സിലൊരു വിങ്ങലുണ്ടായി…
” എനിക്ക് ഡെറിക്ക് സാറിനെയൊന്ന് കാണണമായിരുന്നു….
വിങ്ങലോടെ പറയുമ്പോഴത് മുഖത്തും പ്രതിഫലിച്ചു…
“അവൻ മുകളിലെ റൂമിലുണ്ട്…പക്ഷേ ഇപ്പോൾ മോളവിടേക്ക് ചെല്ലുന്നത് വെറുതെയാകും….
കാരണം എന്താണെന്ന് ചോദിച്ചില്ല…ചോദിക്കാതെ തന്നെ ഉത്തരം മനസ്സിലായി കഴിഞ്ഞിരുന്നു…
” എങ്കിൽ ഞാൻ പിന്നീടൊരു ദിവസം വരാം…
യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങുമ്പോൾ റീത്താമ്മ വാത്സല്യത്തോടെ അവളുടെ കയ്യിൽ പിടിച്ചു.
“ഇവിടെ ആദ്യമായി വന്നിട്ട് ഒന്നും കഴിക്കാതെ പോയാൽ ഞങ്ങൾക്ക് സങ്കടമാകും..മോളിരിക്ക് ഊണ് കഴിഞ്ഞിട്ട് പോയാൽ മതി….
ഡേവിഡും കൂടി അനുകൂലിച്ചതോടെ സമ്മതിക്കാതിരിക്കാൻ കഴിഞ്ഞില്ല..റീത്താമ്മ കിച്ചണിലേക്കും ഡേവിഡ് റൂമിലേക്കും പോയതോടെ കാർത്തിക ടിവിക്ക് മുമ്പിൽ നിന്ന് എഴുന്നേറ്റു…വെറുതെ തോന്നിയാ നിമിഷത്തിന്റെ ആവേശത്തിൽ സ്റ്റെയർ കെയ്സ് കയറി മുകളിലെത്തി…തുറന്നു കിടന്നിരുന്ന മുറിയുടെ അകത്തേക്ക് നോക്കിയതും കണ്ടു ബെഡ്ഡിൽ വിശാലമായി മലർന്ന് കിടന്നുറങ്ങുന്ന ഡേവിഡിനെ…
മുറിയിലാകമാനം കണ്ണുകളോടി നടന്നു…ഷെല്പിൽ നിറയെ വില കൂടിയ മദ്യക്കുപ്പികൾ …പെട്ടെന്ന് തോന്നിയ കൗതുകത്തിന് മുറിയിലേക്ക് കാലെടുത്തുവെച്ചു….
“ഉറങ്ങുമ്പോൾ എത്ര ശാന്തനും സുന്ദരനുമാണ് ഇയാൾ…
ഉറങ്ങിക്കിടക്കുന്ന ഡേവിഡിന് അരികിൽ നിൽക്കുമ്പോൾ മനസ്സിൽ കരുതി…
അയാളുടെ നെഞ്ചിനു മേലെയായി ഫെയിം ചെയ്ത ഫോട്ടോ കൗതുകത്തിന് എടുത്തു നോക്കി…ഡെറിക്കും സുന്ദരിയായൊരു പെൺകുട്ടിയും പ്രണയാർദ്ദരായി നിൽക്കുന്നു.. ആ പെൺകുട്ടി വേണിയാണെന്ന് തിരിച്ചറിഞ്ഞവൾ….
” എന്ത് സുന്ദരിയാണവർ…
എത്ര സമയം അങ്ങനെ നോക്കി നിന്നെന്ന് അറിയില്ല…ഇടയിലെപ്പോഴാ കണ്ണുകളും നനഞ്ഞു…
“ഇത്ര പ്രണയാർദ്ദരായി നിൽക്കുന്ന പ്രണയജോടികളാണ് ഇവർ…അങ്ങനെയുള്ള വേണിയെ കൊല്ലാൻ ഡെറിക്കിന് കഴിയുമോ?….
ഇല്ലെന്ന് മനസ്സിലിരുന്നാരോ മന്ത്രിക്കും പോലെ…അത് താനല്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു…പിന്നെയാരാണ്? വേണി ആയിരിക്കുമോ?
ശരീരമൊന്ന് വിറച്ചു രോമകൂപങ്ങൾ എഴുന്നേറ്റതും തെല്ലൊരു ഭയത്തോടെ ഫോട്ടോ യഥാസ്ഥാനത്ത് വെച്ചിട്ട് മുറിവിട്ടിറങ്ങി താഴെ വന്നിരുന്നു.
പന്ത്രണ്ട് മണിയോടെ പോത്തിറച്ചി വരട്ടിയതും ചിക്കൻ തേങ്ങാപ്പാലൊഴിച്ച് കറിവെച്ചതും മത്തി ഫ്രൈ ചെയ്തതുമടക്കം വിഭവങ്ങൾ തീന്മേശയിൽ നിരന്നു…തെല്ലൊരു മടിയോടെയെങ്കിലും അവർക്കൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി…..
” അമ്മ മുഖവുരയൊന്നും ഇല്ലാതൊരു കാര്യം പറയട്ടെ….
എന്തെന്ന അർത്ഥത്തിൽ കാർത്തിക മുഖമുയർത്തി….
“മോൾക്ക് ഈ വീട്ടിലെ മകളായി കഴിയരുതോ…
പറഞ്ഞത് മനസ്സിലാകാത്ത പോലെ അവരെ പകച്ചു നോക്കി…
” ഞങ്ങൾക്കും ഡെറിക്കിനും ഇഷ്ടമാ മോൾ ഈ വീടിന്റെ മരുമകളായി വരുന്നത്….
ഒട്ടും പ്രതീക്ഷിക്കാത്തൊരു ഓഫർ…അവരെയാദ്യം കാണുന്നത് പോലെ തുറിച്ചു നോക്കിയ ശേഷം ഉറക്കെ പൊട്ടിച്ചിരിക്കാൻ തോന്നി.. പെട്ടെന്ന് നിറുകയിൽ എരിവ് കയറിയത് പോലെ ശക്തമായി അവൾ ചുമക്കാൻ തുടങ്ങി….
തുടരും….