രചന – സുധീ മുട്ടം
പുലരി ഇമകൾ ചിമ്മി തുറന്നതോടെ റീത്ത ഡേവിഡ് ജോൺ പുലർച്ചേ എഴുന്നേറ്റു. കിടന്നിട്ട് ഉറക്കം വന്നിരുന്നില്ല..
എത്രയൊക്കെ ആയാലും മകനാണ്.. കുടുബത്തിന്റെ അന്തസ്സും ആഭിജാത്യത്തിനും കളങ്കം വരുത്തി അന്യമതസ്ഥത്തിൽ പെട്ടൊരു പെൺകുട്ടിയെ ഒരു സുപ്രഭാതത്തിൽ മകൻ കൂട്ടിക്കൊണ്ടു വന്നു കണ്മുന്നിൽ നിർത്തിയപ്പോൾ അവളോട് തോന്നിയത് വെറുപ്പും പകയുമായിരുന്നു..
തൊലിവെളുപ്പും സൗന്ദരവും കാട്ടി മകനെ വശീകരിച്ചവളെ അത്രയേറെ വെറുപ്പോടും അതിനിരട്ടി പകയോടുമാണ് നോക്കിയത്..
“മമ്മാ… ഇത് വേണി… പാവപ്പെട്ട വീട്ടിലെയാണ്.അച്ഛനും അമ്മയും ഇല്ല..ഞങ്ങൾ തമ്മിൽ സ്നേഹത്തിലാണ്.ഇന്നലെ രാത്രിയിൽ ഇവളുടെ വീട്ടിൽ സംസാരിച്ചു ഇരിക്കുമ്പോൾ നാട്ടുകാർ പ്രശ്നമുണ്ടാക്കി ഞങ്ങളെ തമ്മിൽ വിവാഹം കഴിപ്പിച്ചു…
ഡെറിക് ഡേവിഡ് ജോൺ അങ്ങനെ പറയുമ്പോൾ പാലക്കുന്നേൽ ബംഗ്ലാവ് വിറകൊണ്ടു..ഞെട്ടലോടെയാണ് റീത്തയുമത് കേട്ടത്..
” ഇതാണെന്റെ മമ്മ റീത്ത ഡേവിഡ് ജോൺ.. അത്ര പാവമൊന്നുമല്ല…
പുഞ്ചിരിയോടെ പറഞ്ഞിട്ട് ഡെറിക് വേണിയുമായി അകത്തേക്ക് കയറുമ്പോൾ പിന്നിൽ നിന്നും അവർ പല്ല് ഞെരിച്ചു..
“നീ അധികകാലം ഇവിടെ വാഴില്ലെടീ…
പറഞ്ഞത് പോലെ ചെയ്തു.. തരം കിട്ടിയപ്പോഴൊക്കെ ഓരോ കുത്തുവാക്കുകളാലും പരിഹസിക്കുകയൂം വേദനിപ്പിക്കുകയും ചെയ്തു. അടിമയെ പോലെ പണികൾ ചെയ്യിച്ചു… എല്ലാം പുഞ്ചിരിയോടെ നേരിടാൻ ശ്രമിച്ചവളെ പിന്നെയും മാനസികമായും പീഡിപ്പിച്ചതോടെ വീട്ടിലെ ഫാനിന്റെ ഹുക്കിൽ സാരിത്തുമ്പിൽ കഴുത്ത് മുറുക്കി അവൾ ജീവനൊടുക്കി…
” സഹിക്കാൻ കഴിയാവുന്നതിനപ്പുറവും അവൾ സഹിച്ചു….
ആദ്യമായി റീത്തയുടെ കണ്ണിൽ നിന്ന് കുറ്റബോധത്താൽ മിഴികൾ നനഞ്ഞു..പശ്ചാത്താപം വന്നു മൂടിയതും കണ്ണുകൾ നീറി തുടങ്ങി….
വേണിയുടെ മരണശേഷമാണ് ഡെറിക് ആകെ മാറിയത്..ചെയ്യാത്ത കുറ്റത്തിന് കുറച്ചു നാൾ ജയിലിൽ കിടന്നു…അതിനുശേഷം പിന്നീടങ്ങോട്ട് വീട്ടുകാരെ തോൽപ്പിക്കും പോലെ സ്വയം കുടിച്ചു നശിക്കാൻ തുടങ്ങി…
“കർത്താവേ ഈ പാപിയോട് പൊറുക്കേണമേ…
ക്രൂശിത രൂപത്തിനു മുമ്പിൽ മെഴുകുതിരി കത്തിച്ചു വെച്ച ശേഷം നിലത്തേക്ക് മുട്ടു കുത്തിയിരുന്നു പ്രാർത്ഥിച്ചു.. മിഴിനീര് ധാരയായി ഒഴുകി കൊണ്ടിരുന്നു…
കുറച്ചു സമയം അങ്ങനെ ഇരുന്നു പ്രാർത്ഥിച്ച ശേഷം മെല്ലെ എഴുന്നേറ്റു ഡെറിക്കിന്റെ റൂമിന്റെ വാതിക്കലെത്തി.. തുറന്നു കിടക്കുന്ന വാതിലൂടെ അകത്തേക്ക് നോക്കിയതും ഞെട്ടിപ്പോയി . തറയിലൂടെ ചോര പടർന്നൊഴുകി താഴെ നിറഞ്ഞു നിൽക്കുന്നു…
പാരവശ്യത്തോടെ അകത്തേക്ക് കയറി മകനെ തിരഞ്ഞു കാണാതെ തിരിഞ്ഞോടി ഭർത്താവിനു മുമ്പിലെത്തി നിലവിളിച്ചു…
” നമ്മുടെ മോനേ കാണുന്നില്ല…
“നീയെന്താ പറഞ്ഞത്…
കിടക്കുകയായിരുന്ന ഡേവിഡ് ജോൺ ഞെട്ടിപ്പകച്ചു ചാടി എഴുന്നേറ്റു..
” തറയിലാകെ രക്തം ചവിട്ടിയ കാൽപ്പാടുകളാ…
ഉള്ളിലൂറിയ പരവേശം പുറത്ത് കാണിക്കാതെ അയാൾ മുറിവിട്ടിറങ്ങി.. നേരെ ബംഗ്ലാവിന്റെ തെക്ക് ഭാഗത്തേക്ക് ചെന്നു..ഊഹം തെറ്റിയില്ല ഡെറിക് മണ്ണിൽ കിടക്കുന്നത് കണ്ടതും കാര്യം മനസ്സിലായി…
സങ്കടം വിങ്ങുമ്പോൾ വേണിക്ക് മുമ്പിൽ ചെന്നു നിന്നു കരയുന്ന മകനെ ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട്…
ആധിയോടെ ഓടി അടുത്ത് എത്തുമ്പോൾ കണ്ടു രക്തവും മണ്ണും മിശ്രിതമായി കിടക്കുന്നത്..
“മോനേ…..
ബോധം മറഞ്ഞ് രക്തം പാതിയിലേറെ നഷ്ടപ്പെട്ടവൻ മരണത്തിന്റെ ആദ്യ ചവുട്ടു പടിയിലെത്തിയെന്ന് മനസ്സിലായതും കണ്ണുനീരോടെ മകനെ താങ്ങിപ്പിടിച്ചു അവർ കാറിൽ കയറ്റി…
സിറ്റിയിലെ ഏറ്റവും അത്യാധുനികമായ ഹോസ്പിറ്റലിൽ ആണ് കാറ് നിന്നത്…ഉടനെ ഡെറിക്കിനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റപ്പെട്ടപ്പോൾ പെയ്ത് തോരാത്ത മിഴികളുമായി അവരങ്ങനെ നിന്നു…
ഡെറിയുടെ മാതാപിതാക്കൾ…
💜💜💜💜💜💜💜💜💜💜💜💜💜💜💜
എന്നത്തേയും പോലെ ജോലികൾ ഒതുക്കിയ ശേഷം രാമേട്ടനും കാർത്തികയും വീട്ടിൽ നിന്നുമിറങ്ങി..
” വേഗം നടക്ക് കുഞ്ഞ്യേ..ഇന്നിത്തിരി താമസിച്ചു…
“അതിനെന്താ അച്ഛാ…സാരമില്ല പതിയെ നടന്നാൽ മതി..സമയം ആകുമ്പോൾ അങ്ങെത്തും…
പുഞ്ചിരിയോടെ പറഞ്ഞിട്ട് ഇലത്തുമ്പിൽ നിന്നും ഇറ്റിറ്റു വീഴുന്ന ഹിമകൺങ്ങളെ നോക്കി നടന്നു…
ക്ലാസ് കഴിഞ്ഞയുടനെ ഹോട്ടലിൽ കയറി വിശപ്പ് അകറ്റിയ ശേഷം ജോലികൾ ആരംഭിച്ചു.. ഇപ്പോൾ പഴയത് പോലെയല്ല ആൾക്കാരുടെ എണ്ണം കൂടിയതിനാൽ തിരക്ക് കൂടുതലാണ്…
” രാമാ അറിഞ്ഞോ…ആ ഡെറിക് ഹോസ്പിറ്റലിൽ ആണത്രേ…
ചായ കുടിക്കുന്നവരിലാരോ ഉറക്കെ സംസാരിക്കുന്നത് കേട്ടു കാർത്തിക ഞെട്ടലോടെ തലയുയർത്തി…
“എന്തു പറ്റിയതാ…
” ആത്മഹത്യക്ക് ശ്രമിച്ചൂന്നാ കേട്ടത്…
“അവനങ്ങനെ തന്നെ വേണം.പാവപ്പെട്ടൊരു പെൺകുട്ടിയെ കണ്ണുനീരു കുടിപ്പിച്ചിട്ട് തല്ലിക്കൊന്ന് കെട്ടി തൂക്കിയില്ലേ..അനുഭവിക്കട്ടെ…
രാമേട്ടൻ പ്രാകും പോലെ പറയുന്നത് കേട്ടു നെഞ്ചിലൊരു വിങ്ങൽ ഉയർന്നത് അവളറിഞ്ഞു…
തന്റെ ആരുമല്ല അയാൾ… എന്നാലും ഒരു മനുഷ്യനല്ലേ….
തന്നെ കാണാൻ അയാൾ വീട്ടിൽ വന്നതോർത്തു..
ആരെയും കൂസാത്ത മുഖം നിറയെ ഗൗരവത്തിന്റെ ആവരണം അണിഞ്ഞൊരു ചെറുപ്പക്കാരൻ….
അവൾ തന്റെ ജോലി തുടർന്നു കൊണ്ടിരുന്നു. അപ്പോഴും ഉള്ളിലൊരു അലട്ടൽ ഉണ്ടായിരുന്നു അയാൾ രക്ഷപ്പെട്ടോന്ന്….
വൈകുന്നേരം കടയും പൂട്ടി വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ക്ഷേത്രത്തിനു അടുത്തെത്തിയതും കാർത്തിക നിന്നു…
” അച്ഛാ ഒരു നിമിഷം….
രാമേട്ടൻ നോക്കി നിൽക്കേ അടഞ്ഞു കിടക്കുന്ന ശ്രീകോവിലേക്ക് നോക്കി കണ്ണും പൂട്ടി പ്രാർത്ഥിച്ചു…
“അമ്മേ അയാൾ ദുഷ്ടനോ തെമ്മാടിയോ കൊലപാതകിയോ ആരുമാകട്ടെ…ജീവനൊരു ആപത്തും ഉണ്ടാകാതെ കാത്തോളണേ…
മനമുരുകി പ്രാർത്ഥിച്ച ശേഷം അച്ഛന്റെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു…
” എന്താ കുഞ്ഞ്യേ പതിവില്ലാത്തൊരു മൗനം…
എപ്പോഴും എന്തെങ്കിലും സംസാരിക്കുന്നവളാണ് നടക്കുമ്പോൾ.. ഇന്നിപ്പോൾ ആകെയൊരു മൗനമാണ്….
“ഞാൻ ഡെറിയെ ഓർത്തതാ അച്ഛാ…
” അവൻ ചാകേണ്ടവനാ മോളേ…
“അച്ഛാ അയാൾ ആരുമായിക്കൊള്ളട്ടേ…മരിക്കണമെന്നൊന്നും പറയല്ലേ….
രാമേട്ടൻ ശ്വാസം കഴിക്കാൻ പോലും മറന്നു പോയി… തന്റെ മൂത്ത മകളും ഇതുപോലെ ആണ് മറ്റൊരാൾക്ക് ആപത്ത് വരുന്നത് സഹിക്കില്ല….
” നിന്റെ നല്ല മനസ്സാ കുഞ്ഞ്യേ നിനക്ക് നന്മയെ വരൂ….
മനസ്സിൽ സന്തോഷം വന്നു നിറഞ്ഞത് അറിഞ്ഞു….
വീട്ടിലെത്തി തണുത്ത വെള്ളത്തിൽ കുളിച്ച ശേഷം ആഹാരം കഴിച്ചു നേരത്തെ കിടന്നു…മുറ്റത്ത് നിലാവൊളിയും താരക കുഞ്ഞുങ്ങളും ഇല്ലായിരുന്നു.. ആകാശം മൂടപ്പെട്ടു കിടന്നു…
അങ്ങനെ കിടക്കുമ്പോൾ മനസ്സിലേക്ക് അമ്മാവന്റേയും അമ്മാവിയുടേയും മുഖം കടന്നു വന്നു…
തന്നോട് ഇത്രനാളും സ്നേഹത്തോടും കാരുണ്യത്തോടും മാത്രമേ പെരുമാറിയട്ടുള്ളൂ…അവരുടെ സ്വരമൊന്ന് കേൾക്കണമെന്ന് തോന്നിയതോടെ ഡയറിൽ താളിൽ എഴുതി വെച്ചിരുന്ന നമ്പർ നോക്കി വിളിച്ചു…
ബെൽ മുഴങ്ങിയോടെ കാതിനരുകിലേക്ക് മൊബൈൽ ചേർത്തു….
“ഹലോ…
മറുവശത്ത് നിന്നും കേട്ട ശബ്ദം അവളെ വല്ലാതെ ഞെട്ടിച്ചു..
” കാർത്തിയേട്ടൻ…..
വിറങ്ങലിച്ചു ഫോണിലേക്ക് നോക്കിയതും അമ്മാവന്റെ നമ്പർ മൊബൈൽ ഡിസ്പ്ലേയിൽ തെളിഞ്ഞു….ഞെട്ടലോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു തലയണയുടെ അടിയിൽ ഒളിപ്പിച്ചു…
തുടരും

by