23/04/2026

കാർത്തിക ദീപം : ഭാഗം 09

രചന – സുധീ മുട്ടം

അടുത്ത ദിവസം രാവിലെ എഴുന്നേറ്റത് പതിവിലധികം താമസിച്ചാണ്.രാമേട്ടന്റെ വിളി കേട്ടാണ് കാർത്തിക ഉണർന്നത്.തലേന്ന് രാത്രിയിലെ ഞെട്ടൽ അപ്പോഴും ഒഴിഞ്ഞു പോയിരുന്നില്ല.

കാർത്തിയേട്ടൻ തിരിച്ചു വിളിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല..തുടരെ തുടരെയുള്ള വിളി കേട്ടു പേടിച്ചു ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്തു വെച്ചു.

ഉറങ്ങാൻ കഴിഞ്ഞില്ല..പുലരിയിൽ എപ്പോഴോ ഒന്നു മയങ്ങി..ഉറങ്ങി മതിയാകും മുമ്പേ രാമേട്ടന്റെ വിളിയെത്തി..

“കുഞ്ഞ്യേ..കുഞ്ഞ്യേ നേരം ഒരുപാടായി…

തുടരെ തുടരെയുള്ള കതകിൽ തട്ടുന്ന ശബ്ദം കേട്ടു മിഴികളിൽ ഉറക്കച്ചുവടിന്റെ ആലസ്യവുമായി എഴുന്നേറ്റു ചെന്ന് വാതിൽ തുറന്നു..

” എന്തുപറ്റി കുഞ്ഞ്യേ…അസുഖം വല്ലതും ഉണ്ടോ?…

സ്നേഹം വാത്സല്യം നിറഞ്ഞ പിതാവിന്റെ കരുതലുകൾ വാക്കിലും നോട്ടത്തിലും നിറഞ്ഞത് അറിഞ്ഞു കണ്ണുകൾ നനഞ്ഞു..

“ആരുമായിരുന്നില്ലാത്തൊരു മനുഷ്യൻ ഇന്ന് ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു.. ഇന്ന് അദ്ദേഹത്തിന് താനും…

” ഒന്നൂല്ലാ അച്ഛാ…

മുഖത്ത് പുഞ്ചിരി വരുത്തി പുറത്തേക്കിറങ്ങി കിണറ്റിൻ കരയിലേക്ക് നടന്നു..തണുത്ത വെള്ളത്തിൽ മുഖം കഴുകിയതോടെ ഒരുണർവ് ലഭിച്ചു…

“ദാ അച്ഛാ ഞാൻ പെട്ടെന്ന് ഒരുങ്ങി വരാം…

അകത്ത് കയറി തുണികളുമെടുത്ത് കുളിമുറിയിലേക്ക് പാഞ്ഞു..വേഗം കുളി കഴിഞ്ഞു ഇറങ്ങി വന്നു…

” അച്ഛാ ഞാൻ ചായ…

വാക്കുകൾ പൂർത്തിയാക്കും മുമ്പേ രാമേട്ടൻ പുഞ്ചിരിയോടെ കാപ്പി ഗ്ലാസ് അവൾക്ക് നേരെ നീട്ടി..

“എന്നും കുഞ്ഞല്ലേ എനിക്ക് തരണത്..ഇന്ന് അച്ഛനായിക്കോട്ടെ…

” ശരി അച്ഛേ…

മന്ദഹാസത്തോടെ ഗ്ലാസ് വാങ്ങി കാപ്പി കുടിച്ച ശേഷം ഗ്ലാസുമായി അകത്തേക്ക് പോയി…എന്നിട്ട് വേഗം ഒരുങ്ങി വന്നു..

“വാ പോയേക്കാം…

വീടു പൂട്ടി ഇരുവരും ഇറങ്ങി നടന്നു….

” അച്ഛാ ഞാനൊന്ന് തൊഴുതിട്ട് വരാം…

എന്നത്തേയും പോലെ ക്ഷേത്രത്തിനു അകത്തേക്ക് ഓടി.. അമ്മക്കു മുമ്പിൽ മിഴിനീരോടെ തന്റെ സങ്കടങ്ങൾ അർപ്പിക്കുമ്പോൾ അച്ഛനു വേണ്ടിയും ഡെറിക്കിനു വേണ്ടിയും പ്രാർത്ഥിക്കാൻ മറന്നില്ല…

“ഇന്ന് മൊത്തത്തിൽ താമസിച്ചു ല്ലേ അച്ഛാ…

ക്ഷേത്രത്തിൽ നിന്നും ഇറങ്ങി വന്നു അച്ഛന്റെ നെറ്റിയിൽ ചന്ദനക്കുറി തൊട്ടു കൊടുത്തിട്ട് നടക്കുന്നതിനിടയിൽ പറഞ്ഞു…

” അത് സാരമില്ല….

എന്നും ഏഴുമണി കഴിയുമ്പോൾ എത്തിയിരുന്നവർ ഏഴരയോടെയാണ് എത്തിയത്..ക്ലാസിൽ നിന്ന് കുട്ടികളുടെ കലപില ശബ്ദങ്ങൾ കേൾക്കാമായിരുന്നു..

“എങ്കിൽ ഞാൻ ക്ലാസിലേക്ക് ചെല്ലട്ടെ അച്ഛാ…

ഓടി അണച്ചു ക്ലാസിലേക്ക് കയറി എന്നത്തേയും പോലെ അവരുടെ താളത്തിൽ പഠിപ്പിച്ചു…

ക്ലാസ് കഴിഞ്ഞു ഹോട്ടലിന്റെ ചാർജ് ഏറ്റെടുത്തു… ജോലി ചെയ്യുന്നതിന് ഇടയിലും ആരെങ്കിലും ഡെറിക്കിന്റെ വിവരം പറയുന്നുണ്ടോന്ന് ശ്രദ്ധിച്ചു..പക്ഷേ അങ്ങനെയൊന്ന് ഉണ്ടായില്ല.നിരാശയോടെ ജോലികൾ തുടർന്നു….

ഒരാഴ്ച പെട്ടന്നാണ് കടന്നു പോയത്…കാർത്തിയേട്ടനെ അവൾ മനപ്പൂർവ്വം മറന്നു..ഓർത്തിരുന്നാൽ അതിനെ സമയം കാണുകയുള്ളൂന്ന് നന്നായിട്ട് അറിയാം….

കാർത്തികക്ക് രാമേട്ടൻ പുതിയൊരു ഫോൺ വാങ്ങി കൊടുത്തു…

” എന്തിനാ അച്ഛാ എനിക്ക് ഇത്രയും വില കൂടിയ ഫോൺ… ഒരെണ്ണം ഉണ്ടല്ലോ….

“അതിനെന്താ കുഞ്ഞ്യേ ഇരിക്കട്ടെ…കയ്യിൽ ഇരിക്കുന്ന ഫോൺ പഴകി പൊളിഞ്ഞതല്ലേ…ആ ഫോൺ നിന്നെ പ്രാകി തുടങ്ങിയട്ടുണ്ടാകും….

ശരിയാണ് കാർത്തിയേട്ടൻ ആദ്യമായി വാങ്ങിയ ഫോണാണ്..തന്റെ കയ്യിൽ കിട്ടുമ്പോഴേക്കും അതിന്റെ ആയുസ്സ് ഏറെക്കുറെ കഴിഞ്ഞിരുന്നു..

കുറച്ചു സമയത്തെ ശ്രമഫലമായി കാർത്തിക പുതിയ മൊബൈൽ നോക്കാൻ പഠിച്ചു..ഇൻസ്റ്റയിലും എഫ്ബിയിലും അക്കൗണ്ട് എടുത്തു..

ഫോൺ കിട്ടിയതോടെ വേറൊരു സിം കണക്ഷൻ കൂടി എടുത്തു. മുമ്പ് എടുത്ത നമ്പർ ഓഫ് ചെയ്തു വെച്ചു…

” അച്ഛാ ആ ഡെറിക്കിനെ കുറിച്ച് കൂടുതൽ എന്തെങ്കിലും അറിഞ്ഞോ?

ഒരു ഞായറാഴ്ച ഉച്ചക്കുള്ള തിരക്കൊഴിഞ്ഞ് കടയിൽ രാമേട്ടനും കാർത്തികയും മാത്രമേ ഉണ്ടായിരുന്നുള്ളൂ..രമേശ് പുറത്തേക്കൊന്ന് ഇറങ്ങി…ആ സമയത്താണ് ചോദിച്ചത്…

“ചത്തിട്ടൊന്നും ഇല്ല കുഞ്ഞ്യേ ആ ദുഷ്ടൻ….കാലിൽ കുപ്പിച്ചില്ല് തറഞ്ഞു കയറിയതാ..കുറെയേറെ രക്തം നഷ്ടപ്പെട്ടു.. മരിക്കുമെന്ന് കരുതിയതാണ്.പക്ഷേ ആയുസ്സിന്റെ ബലം കൊണ്ട് അവൻ രക്ഷപ്പെട്ടു…

” അമ്മേ…നീ കാത്തു…

ഡെറിക് രക്ഷപ്പെട്ടു എന്ന് അറിഞ്ഞതും മനസ്സിൽ ആശ്വാസം തെളിഞ്ഞു…

💜💜💜💜💜💜💜💜💜💜💜💜💜💜💜

ഒരാഴ്ചയോളം ഡെറിക് ഹോസ്പിറ്റലിൽ കിടന്നു..ശേഷം വീട്ടിലേക്ക് തന്നെ ഡിസ് ചാർജ് ആയി മടങ്ങിയെത്തി.. പഴയതിൽ നിന്ന് ആൾക്ക് ദേഷ്യം നന്നേ കൂടിയിരുന്നു..

ബെഡ് റെസ്റ്റ് ഡോക്ടർ കുറച്ചു ദിവസത്തേക്ക് പറഞ്ഞിരുന്നു.. എന്നാൽ ഒട്ടും അടങ്ങിയിരിക്കാൻ അയാൾക്ക് കഴിയുമായിരുന്നില്ല…

തന്റെ ക്ഷണം സ്വീകരിക്കാതിരുന്ന കാർത്തികയോട് അടങ്ങാത്ത ദേഷ്യം ഉള്ളിലുണ്ട്..ഓർക്കുമ്പോൾ അതങ്ങനെ ഇടക്കിടെ  വെറി പിടിപ്പിക്കുന്നു…

“മമ്മാ…..

മുറിയിലിരുന്ന് ഓരോന്നും ആലോചിച്ചപ്പോൾ ഭ്രാന്ത് പിടിക്കുന്നത് പോലെ ആയതോടെ വയ്യാത്ത കാലും വലിച്ചു റീത്ത ഡേവിഡിന്റെ മുറിയിലെത്തി….

” മമ്മാ…..

ക്രൂശിത രൂപത്തിനു മുമ്പിൽ കണ്ണുകളടച്ചു പ്രാർത്ഥനയിൽ ആയിരുന്നവരുടെ കാതിലേക്കാ വിളി ഒഴുകിയെത്തി…

“ന്റെ മിശിഹാ തമ്പുരാനേ എത്ര നാളായി മോന്റെ നാവിൽ നിന്ന് സ്നേഹത്തോടെ മമ്മാ എന്നുള്ള വിളി കേട്ടിട്ട്…

പെട്ടെന്ന് കുരിശ് വരച്ചു നിലവിളിയോടെ ചാടി എഴുന്നേറ്റു ഓടി വന്നു…

” മോനേ…

റീത്തയിൽ മകനോടുള്ള സ്നേഹം ഇരമ്പിയെങ്കിലും അവനിൽ വെറുപ്പ് നുരഞ്ഞു പൊന്തിയത് മറച്ചു പിടിച്ചു….

“കവലയിൽ ഒരു ട്യൂഷൻ സെന്റർ നടത്തുന്ന കാർത്തിക എന്നൊരു പെൺകുട്ടിയുണ്ട്…രാമേട്ടന്റെ ബന്ധത്തിലുള്ള കുട്ടിയാണ്..മിടുക്കി..അവളെ സ്കൂളിൽ ടീച്ചറായി കിട്ടണം…മമ്മ വിചാരിച്ചാലേ നടക്കൂ അത്….

” ഞാൻ… ഞാൻ വിചാരിച്ചാൽ എങ്ങനെ നടക്കും…

സ്വരത്തിൽ വിറയൽ പടർന്നു….

“മമ്മ പോയി സംസാരിക്കണം….ടീച്ചറായി വരാൻ ഏതു വിധേയനേയും സമ്മതിപ്പിക്കണം..ഇല്ലെങ്കിൽ ഡെറിയെ നിങ്ങൾ ജീവനോടെ കാണില്ല…

റീത്ത നടുങ്ങി തരിച്ചു നിൽക്കുമ്പോൾ ചുണ്ടിലൊരു പുഞ്ചിരിയുമായി അവൻ പിന്തിരിഞ്ഞു…. അപ്പോഴവന്റെ മിഴികളിൽ പക രൗദ്ര ഭാവത്തോടെ എരിഞ്ഞു കൊണ്ടിരുന്നു…

” ഡെറിക്കിനെ തോൽപ്പിച്ചു കൊണ്ട് ഒരുത്തിയും ഈ നാട്ടിലങ്ങനെ ഞെളിയേണ്ടാ….

തുടരും