രചന – സുധീ മുട്ടം
പതിവില്ലാത്ത വിധം ഏറെ താമസിച്ചാണ് ഡെറിക്ക് എഴുന്നേറ്റത് .. ഉറക്കത്തിന്റെ ആലസ്യം അപ്പോഴും കണ്ണുകളിൽ നിന്നും മാഞ്ഞിരുന്നില്ല..മൊബൈൽ കയ്യിലെടുത്ത് സമയം നോക്കിയതും കണ്ണ് തള്ളിപ്പോയി..
സമയം രണ്ട് മണി കഴിഞ്ഞിരിക്കുന്നു….
കാർത്തികയുമായി സംസാരിച്ച ശേഷം വെറുതെ കണ്ണുകളടച്ചു കിടന്നതാണ് രാവിലെ ആയപ്പോഴേക്കും ഉറങ്ങിപ്പോയി…
പെട്ടെന്ന് തന്നെ ചാടി എഴുന്നേറ്റു ബാത്ത് റൂമിലേക്ക് കയറി കുളിയെല്ലാം കഴിഞ്ഞ് വേഷം മാറി താഴേക്ക് ഇറങ്ങി വന്നപ്പോൾ കണ്ടു പപ്പയും മമ്മിയും കൂടി ഡൈനിംഗ് ടേബിളിൽ സംസാരിച്ച് ഇരിക്കുന്നത്…
“എത്ര നേരം വിളിച്ചൂന്ന് അറിയോ.. കൂർക്കം വലിച്ച് ഉറക്കമായിരുന്നു…
ചുണ്ടിലൂറിയ പുഞ്ചിരിയോടെ റീത്താമ്മയത് പറയുമ്പോൾ അതേ മന്ദഹാസം പപ്പയുടെ ചുണ്ടിലും വിരിയുന്നത് ഡെറിക്ക് കണ്ടു…തെല്ലൊരു ചമ്മൽ അവനിലും നിറഞ്ഞു…
” അത് പിന്നെ മമ്മ.. ഞാൻ…
“നീ വെറുതെ ചമ്മണ്ടാ… ഊണ് കഴിക്ക്… രാവിലെ ഒന്നും കഴിച്ചില്ലല്ലോ?
തന്റെ ഇരിപ്പടത്തിൽ ഇരുന്നതും മുന്നിൽ ആവി പറക്കുന്ന ചോറും വെള്ളരിക്കയിട്ട പുളുശേരിയും ബീഫ് കൊത്തിയരിഞ്ഞ് തേങ്ങാപ്പീരയിട്ട ഫൈയും റീത്താമ്മ വിളമ്പി..ഒപ്പം അവരും ഇരുന്നു…
” മമ്മാ…രാവിലെ കാർത്തിക വിളിച്ചിരുന്നു… അങ്ങോട്ട് ചെല്ലാൻ മിന്നുകെട്ട് ഉറപ്പിക്കാൻ…
പാതി മമ്മയുടേയും അവസാനം പപ്പയുടേയും മുഖത്ത് അവൻ നോട്ടം ഉറപ്പിച്ചു… അവരുടെ മുഖത്ത് സന്തോഷം നിറഞ്ഞു….)
“ന്റെ ഈശോ മിശിഹായേ നിനക്ക് സ്തുതി…എത്ര നാളായി ഈ സന്തോഷ വാർത്ത കേൾക്കാനായി…
സന്തോഷത്താൽ മമ്മയുടെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ ഡെറിയുടെ കണ്ണുകളും നിറഞ്ഞിരുന്നു…
” ഇന്ന് തന്നെ ഇപ്പോൾ തന്നെ നമുക്ക് പോകാം….
കൂടുതൽ ആലോചിക്കാൻ ഒന്നും ഇല്ലായിരുന്നു അവർക്ക്…വളരെക്കാലമായി കാത്തിരിക്കുന്ന ആഗ്രഹമായിരുന്നു കാർത്തികമോൾ ഈ വീടിന്റെ മകളായി എത്തുന്നതും കാത്ത്…
ഊണ് കഴിഞ്ഞു മൂവരും കൂടി കാറിലേക്ക് കാർത്തികയുടെ വീട്ടിലേക്ക് യാത്രയായി…
ഊണ് കഴിഞ്ഞു കിടക്കുകയായിരുന്ന കാർത്തിക മൊബൈൽ എടുത്തു ഡെറിയെ വിളിച്ചു.. ഒരുപാട് സമയം ട്രൈ ചെയ്തെങ്കിലും ഡെറിക് ഫോൺ എടുക്കാതെ വന്നതോടെ അവളിൽ പരിഭ്രമമേറി…
“ഈശ്വരാ എന്ത് പറ്റി ഡെറിക്കിന്…
അവനെ കിട്ടാതെ വന്നപ്പോൾ റീത്താമ്മയുടെ മൊബൈലിലേക്ക് വിളിച്ചു.. നിരാശയായിരുന്നു ഫലം..
അതോടെ അവളിൽ പരിഭ്രമം വളർന്നു.. വേഗത്തിൽ ഒരുങ്ങി ഇറങ്ങി…അമ്മായിയോടെ വിവരം ധരിപ്പിച്ചു മുറ്റത്തേക്ക് ഇറങ്ങിയതും കണ്ടു ഡെറിയുടെ കാർ അകത്തേക്ക് കയറി വരുന്നത്…അന്ധാളിപ്പോടെ നിൽക്കുമ്പോൾ ഡെറിയും മമ്മയും പപ്പയും ചിരിയോടെ അവൾക്ക് അരികിലേക്ക് നടന്നെത്തി…
” എന്തുപറ്റി മോളേ…
റീത്താമ്മ കുലുക്കി വിളിച്ചതും സ്വപ്നത്തിലെന്ന പോലെ ഒന്ന് ഞെട്ടി കണ്ണുകൾ വലിച്ചു തുറന്നു…
“ഒന്നുമില്ല മമ്മ…
അതുവരെ ഇല്ലാതിരുന്ന നാണത്തോടും ചമ്മലോടെയും അകത്തേക്ക് ഓടി…അപ്പോഴേക്കും അമ്മായി ഇറങ്ങി വന്നു അവരെ സ്വീകരിച്ചു ഹാളിൽ ഇരുത്തി..അമ്മാവനും ഇറങ്ങി വന്നു അവരോട് സംസാരിച്ചിരുന്നു….
അവരുടെ വരവ് തീരെ പ്രതീക്ഷിക്കാതെ ആയതിനാൽ വല്ലാത്തൊരു അമ്പരപ്പിൽ ആയിരുന്നു കാർത്തിക…ഒപ്പം മനസ്സ് നിറയെ ആഹ്ലാദവും…
ഡെറിയോടെ വെറുതെയൊന്ന് പറഞ്ഞതാണ് മിന്നുകെട്ട് ഉറപ്പിക്കാൻ വരാൻ… കേൾക്കാൻ കാത്തിരുന്ന പോലെ ഓടിയെത്തി…
” ഞങ്ങൾ വന്നത് എന്തിനാണെന്ന് അറിയാല്ലോ…
ഡേവിഡ് തുടക്കമിട്ടതും ബാക്കി സംസാരിച്ചത് റീത്താമ്മയാണ്….
“കാർത്തിക മോളേ ഞങ്ങളുടെ മോളായി എത്രയും പെട്ടെന്ന് കൂട്ടിക്കൊണ്ട് പോകണം.,അതിനൊരു ദിവസം തീരുമാനിക്കാൻ ആണ്….
അകത്ത് മറഞ്ഞു നിന്നിരുന്ന കാർത്തികയുടെ ചെവിയിലേക്ക് തേന്മഴയായി ആ വാക്കുകൾ വീണിരുന്നു….
” ഞങ്ങൾക്ക് സന്തോഷമേയുള്ളൂ….
അമ്മാവനും അമ്മായിയും ഒരേ സ്വരത്തിൽ മറുപടി നൽകി…
“ഡെറിമോന്റെ കയ്യിൽ കാർത്തിക മോൾ സുരക്ഷിതയാണെന്ന് ഞങ്ങൾക്ക് ഉറപ്പാണ്…
അമ്മായി മിഴിനീരൊപ്പി….
എല്ലാവരും കൂടി ഡേറ്റ് ഫിക്സ് ചെയ്യുന്ന തിരക്കിനിടയിൽ കാർത്തിക ചായയുമായി എത്തി…ഡെറിക്കിന് ചായ കൊടുക്കുമ്പോൾ ഏറു കണ്ണിട്ടാ മുഖത്തേക്ക് നോക്കി വരുന്നതിനെ കുറിച്ച് ഒരു സൂചന പോലും തരാത്തതിന്റെ കെറുവ് കാണിച്ചു….
” കല്ല്യാണം എങ്ങനെ നടത്തണം എന്നുള്ളത് കാർത്തിക മോൾക്ക് തീരുമാനിക്കാം…പള്ളിയിൽ ആയാലും അമ്പലത്തിൽ വെച്ച് ആയാലും ഞങ്ങൾക്ക് സന്തോഷം മാത്രമേയുള്ളൂ….
“രജിസ്റ്റർ ആഫീസിൽ വെച്ചു മതി….
കാർത്തികക്ക് കൂടുതൽ ഒന്നും ആലോചിക്കാൻ ഒന്നും ഇല്ലായിരുന്നു… മതവും ജാതിയും ഇല്ലാതെ വേണം ഒന്നായി ജീവിക്കാൻ എന്നൊരു തീരുമാനം അവൾ എടുത്തിരുന്നു….
” എങ്കിൽ അങ്ങനെ ആകട്ടെ…ശേഷം വീട്ടിൽ വെച്ച് വൈകിട്ട് ഒരു പാർട്ടി….
ഡേവിഡിനോട് എല്ലാവരും യോജിച്ചു….
“അടുത്ത മാസം രണ്ടാമത്തെ തിങ്കളാഴ്ച രജിസ്റ്റർ ആഫീസിൽ വെച്ചു മിന്നുകെട്ട്…
അങ്ങനെ ഉറപ്പിച്ച ശേഷം അവർ മടങ്ങാൻ ഒരുങ്ങി… മിഴികളാൽ കാർത്തികയോട് യാത്ര ചോദിച്ച ശേഷം ഡെറിക് കാറിലേക്ക് കയറി…
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
രാത്രിയിൽ…..
” എന്നാലും ഒരു സൂചന എങ്കിലും തരാമായിരുന്നു….
ഡെറിക് പറയാതെ ഇരുന്നതിന്റെ പരിഭവം പറഞ്ഞു തുടങ്ങി….
“ഞാനെത്ര നാളായി കാത്തിരുന്നു… എന്നിട്ട് ഇപ്പോഴല്ലേ എനിക്ക് പെർമിഷൻ കിട്ടിയത്…അതിന്റെ ഒരു പരിഭവമായി കൂട്ടിയാൽ മതി ഈ സർപ്രൈസ്….
” ഓ… ആയിക്കോട്ടെ….ഇച്ചായനോട് ഞാനിനി മിണ്ടില്ല….
കെറുവിച്ച് അവൾ ഫോൺ കട്ട് ചെയ്തു… കുറച്ചു നേരം കാത്തിരുന്നിട്ടും വിളി വരാഞ്ഞതിനാൽ വീണ്ടും ഡെറിയെ വിളിച്ചു…
“അല്ല പിണങ്ങിയ ആളെന്താ പിന്നെ വിളിക്കുന്നത്..
ഒപ്പം അമർത്തിയ ഒരു ചിരിയും കേട്ടു….
” അത് പിള്ള ഇച്ചായ പിണങ്ങി മിണ്ടാതിരിക്കാൻ എനിക്ക് പറ്റുന്നില്ല..പ്രണയത്തിന് ഇത്രയേറെ വിരഹവും നോവും മധുരവും ഉണ്ടെന്ന് എനിക്ക് ഇപ്പോൾ ശരിക്കും മനസ്സിലാകുന്നു….
“അതേ യഥാർത്ഥ പ്രണയം അങ്ങനെ ആണ്…
പിന്നെയും രാവ് വെളുക്കുവോളം ഡെറിക് കാർത്തിക പ്രണയം അങ്ങനെ നീണ്ടു പോയി…
(അവസാനിച്ചു)
കഥ എഴുതി തുടങ്ങിയപ്പോൾ മുതൽ ഒരുപാട് തടസങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായി…ഇടക്ക് തുടങ്ങി വെച്ച ചില കഥകളും പാതിവഴിക്ക് ഉപേക്ഷിക്കേണ്ടി വന്നു…ഒന്നും മനപ്പൂർവം ആയിരുന്നില്ല.. ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനു ഇടയിൽ ഇടക്കിടെ വീണു പോയിരുന്നു…എല്ലാം അതിജീവിച്ചു വരുമ്പോൾ വീണ്ടും തടസ്സങ്ങൾ… ഇന്ന് ഇവിടെ കാർത്തിക ദീപത്തിന് മനസ്സ് നിറഞ്ഞൊരു എൻഡ് കൊടിക്കാൻ കഴിഞ്ഞു.. ഒപ്പം നിന്നവർക്ക് എല്ലാം ഒരു ബിഗ് താങ്ക്സ്…
പൂർത്തിയാക്കാൻ കഴിയുന്നൊരു തുടർക്കഥയുമായി ഉടനെ മടങ്ങി വരാമെന്ന പ്രതീക്ഷയോടെ ❣️❣️❣️❣️❣️❣️

by