The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അനാമിക
യാത്രാമൊഴി- ചെറുകഥ
സന്ധ്യ ടീച്ചറുടെ മരണം കേട്ടപ്പോൾ പ്രതീക്ഷിച്ചതായിരുന്നുവെങ്കിലും ഇത്ര പെട്ടെന്ന് അവൾ ഇവിടം വിട്ടുപോകുമെന്ന് കരുതിയില്ല. കാൻസർ അവളുടെ ചെറുകുടലിനെ കാർന്നു തിന്നുമ്പോൾ അതൊന്നും അവളെ ബാധിച്ചതായി തോന്നിയതേയില്ല..അവൾ കൂടുതൽ കൂടുതൽ കരുത്തുള്ളവൾ ആയി മാറി. കൂടെ അവൾ ഞങ്ങളെയും കരുത്തുറ്റവരാക്കി.
ഒന്നര പതിറ്റാണ്ട് ഒരേ സ്കൂളിൽ ജോലി ചെയ്ത് ഒപ്പം നടന്നവളുടെ ചേതനയറ്റ ശരീരത്തിന് മുന്നിൽ മൗനിയായി നിൽക്കുമ്പോൾ കരയില്ലെന്ന് ഉറപ്പിച്ചാണ് പോയത്. പക്ഷേ അനാഥരായ രണ്ടു പൊടി മക്കളെ കണ്ടപ്പോൾ നിയന്ത്രണം വിട്ടുപോയി. ആ മക്കളെ കുറിച്ച് അവൾ നെയ്തുവെച്ച സ്വപ്‌നങ്ങൾ.. അവളുടെ ആഗ്രഹങ്ങൾ… എത്ര പറഞ്ഞാലും തീരാത്ത മോഹങ്ങൾ…. എല്ലാം മനസ്സിലേക്ക് തികട്ടി വന്നപ്പോൾ വേഗം മുറ്റത്തേക്കിറങ്ങി.
നാളെ രാവിലേ എടുക്കുകയുള്ളൂ.. ഇന്ന് രാത്രി അവൾക്കായി കൂട്ടിരിക്കണം. എന്റെ മക്കൾ എന്നെ കാണാതെ കരയുമായിരിക്കും. അത് സാരമില്ല..ഇന്ന് മാത്രം കൂടിയല്ലേ ഞാൻ അവൾക്ക് വേണ്ടി എന്റെ തിരക്കുകൾ മാറ്റിവെയ്ക്കേണ്ടതുള്ളൂ.അവളും ഒരുപക്ഷേ എന്റെ സാമിപ്യം ആഗ്രഹിക്കുന്നുണ്ടാവും .
ചെറുപ്രായത്തിൽ വിധവ വേഷം കെട്ടിച്ചു കൊണ്ടാണ് വിധി അവളെ ആദ്യം കോമാളിയാക്കിയത് .പറക്കമറ്റാത്ത രണ്ട് പിഞ്ചോമനകളെയും നെഞ്ചോട് ചേർത്തവൾ ആദ്യം പകച്ചു പോയെങ്കിലും പിന്നീടവൾ യാഥാർഥ്യത്തെ ഉൾക്കൊണ്ട് ജീവിതത്തോട് പൊരുതാൻ തീരുമാനിച്ചു. എല്ലാം മറന്ന് ജീവിതത്തെ വീണ്ടും കെട്ടിപടുക്കുമ്പോളായിരുന്നു താങ്ങും തണലും ആയ അവളുടെ അച്ഛനെ ദൈവം പെട്ടെന്നൊരു ദിവസം വിളിച്ചു കൊണ്ടുപോയത്. അവിടെയും അവൾ തളർന്നില്ല.. തകർന്നു പോയ അമ്മയെയും നെഞ്ചോട് ചേർത്ത് പിടിച്ചു
അവൾ പൊരുതി കൊണ്ടേയിരുന്നു. എന്നോട് എപ്പോഴും പറയുമായിരുന്നു.. ഈ ജോലി ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ
ഞാൻ ആകെ തകർന്നു പോയേനെ മീനാ .. എന്റെ ജീവിതത്തിലേക്കുള്ള
പിടിവള്ളിയാണ് ഈ ജോലി.. ആരുടേയും സഹായത്തിനു കൈനീട്ടാതെ മക്കളെയും അമ്മയെയും നോക്കാൻ പറ്റുന്നുണ്ടല്ലോ എന്നവൾ അഭിമാനത്തോടെ പറഞ്ഞു .
അവളുടെ ആത്മധൈര്യത്തിന് മുന്നിൽ വിധിയും ഒന്ന് പകച്ചു പോയിട്ടുണ്ടാകാം. അതാവാം അടുത്തത് നേരിട്ട് അവളിലേക്ക് തന്നെ ഇറങ്ങി തിരിച്ചത്. കാൻസർന്റെ രൂപത്തിൽ അവളെ വേട്ടയാടിയപ്പോഴും അവൾ ഒരിക്കലും തകർന്നില്ല. അവസാന നിമിഷം വരെ പ്രതീക്ഷയോടെ തന്നെ അവൾ ജീവിച്ചു. 2 ദിവസം മുന്നേ
അവളെ കാണാൻ വന്നപ്പോൾ അവളുടെ അമ്മ അവൾ കാണാതെ എന്നെ കെട്ടിപിടിച്ചു കരഞ്ഞു പറഞ്ഞു ഏറിയാൽ 6 മാസം കൂടി എന്നാ ഡോക്ടർ പറഞ്ഞേയെന്ന്. ആ അമ്മയെ ആശ്വസിപ്പിക്കാൻ വാക്കുകൾക്കായി ഞാൻ പരതി കൊണ്ടേയിരുന്നു.
ശരീരം ക്ഷീണം വിളിച്ചോതുന്നുണ്ടെങ്കിലും അവളുടെ കണ്ണുകളിൽ അപ്പോഴും പ്രത്യാശയുടെ തിളക്കം തുളുമ്പി നിന്നിരുന്നു.തിരിച്ചു പോരാൻ നേരം അവൾ എന്നോട് പറഞ്ഞു ;അടുത്ത മാസം ഞാൻ ജോയിൻ ചെയ്യാൻ വരുന്നുണ്ട്. സ്കൂളിനടുത്ത് നീ എനിക്കൊരു വീട് റെഡിയാക്ക് ട്ടോ.അവിടെ സ്റ്റാഫ് റൂമിൽ നിങ്ങൾക്കിടയിൽ ഇരുന്നാൽ തന്നെ ഞാൻ ഓക്കേയാവും ഡോ.
അവളുടെ അമ്മ അന്നേരം എന്നെ സങ്കടത്തോട്ടെ ഒന്ന് നോക്കി.
അമ്മ കേൾക്കാതെ അവൾക്കെന്നോട് എന്തോ പറയാൻ ഉണ്ടെന്ന് അവളുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ എനിക്ക് തോന്നി.
നീ വന്നേ നമുക്ക് കുറച്ചു നേരം മുറ്റത്തിലൂടെ നടക്കാം എന്നും പറഞ്ഞു കയ്യിൽ എടുത്ത എന്റെ ബാഗ്
ഞാൻ തിണ്ണയിൽ തന്നെ വെച്ചു.. അവൾ എന്റെ കയ്യും പിടിച്ചു കൂടെ നടന്നു.
എന്താടി പെണ്ണേ നിനക്ക് എന്നോട് പറയാൻ ഉള്ളത്. പറ വേഗം..
ഞാൻ ആശങ്കയോടെ ആരാഞ്ഞു
എടോ.. ചിലരെ മനസ്സിലാക്കുന്നതിൽ നമുക്ക് തെറ്റ് പറ്റിയെന്നു തോന്നുന്നു.
അതെന്താടാ ഇങ്ങനെയിപ്പോ തോന്നാൻ?
രാജീവ് മാഷ് 2 ദിവസം മുന്നേ വിളിച്ചിരുന്നു എന്നെ.
ആഹാ എന്നിട്ട് എന്ത് പറഞ്ഞു
കുറേ നേരം സംസാരിച്ചു. വീട്ടിലേക്ക് വന്നു അമ്മയോട് സംസാരിക്കട്ടെ എന്ന് ചോദിച്ചു.
ആഹാ.. എന്നിട്ട് നീ എന്തു പറഞ്ഞു?
ഞാൻ എന്ത് പറയാൻ.. എന്നത്തേയും പോലെ നോ എന്ന് പറഞ്ഞു. പക്ഷേ എനിക്കിപ്പോൾ തോന്നുവാ നമ്മൾ വിചാരിച്ച പോലെ ഒന്നും അല്ല മാഷ്.. അന്ന് നമുക്ക് ഒരു വായ്നോക്കി ആണെന്ന് തോന്നിയെങ്കിലും ഇന്നിപ്പോ എന്റെ ഈ അവസ്ഥയിലും എന്നെ സ്വീകരിക്കാൻ റെഡിയാണെന്ന് പറഞ്ഞപ്പോൾ ശരിക്കും ഞാൻ ഞെട്ടിപ്പോയി.
മൊട്ടയടിച്ച അവളുടെ തലയിൽ കൈകൾ തടവി കൊണ്ട് അവൾ
പറഞ്ഞു..
പണ്ടത്തെ അവളുടെ സുന്ദര രൂപം ഒരു നിമിഷം എന്റെ കണ്ണിൽ തെളിഞ്ഞു വന്നു.ദൈവത്തിന്റെ സകല കലാവിരുതും അവളെ സൃഷ്ടിച്ചപ്പോൾ ദൈവം പ്രയോഗിച്ചിരിക്കണം..ആരും നോക്കിപോകുന്ന സൗന്ദര്യം..ഇന്നിപ്പോൾ ജീവനുള്ള ഒരു എല്ലും തോലും ആയി എന്റെ മുന്നിൽ നിൽക്കുന്നു!!!.
എന്റെ മറുപടി ഒന്നും കിട്ടാതായപ്പോൾ ആയിരിക്കും അവളെന്റെ കയ്യിൽ നന്നായൊന്ന് അമർത്തിയത്.
ഞാൻ എന്തെന്ന ഭാവത്തിൽ നോക്കി.
ഒരാഴ്ച കഴിഞ്ഞ് വീണ്ടും വിളിക്കാം എന്ന് പറഞ്ഞിട്ടാ മാഷ് ഫോൺ വെച്ചത്. നന്നായി ഒന്നൂടെ ആലോചിച്ചു അന്നത്തേക്ക് ഒരു പോസിറ്റീവ് റിപ്ലൈ കൊടുക്കണം എന്ന് പറഞ്ഞിരിയ്ക്കാ.. എന്റെ അപ്പുനെയും വസുവിനെയും സ്വന്തം മക്കളെ പോലെ നോക്കാം എന്നൊക്കെയാണ് പറഞ്ഞിരിക്കുന്നത്.. ഒന്ന് നിർത്തിയതിനു ശേഷം അവൾ എന്നോട് ചോദിച്ചു
ഞാൻ എന്താ മറുപടി പറയേണ്ടേ?
ഞാൻ അവളെ അലിവോടെ നോക്കി.
വേറൊരു ജീവിതത്തെ കുറിച്ച് ഒരിക്കൽ പോലും ചിന്തിക്കാത്തവൾ!!!അവളുടെ അമ്മയുടെ നിർബന്ധപ്രകാരം എത്രയോ തവണ പുനർവിവാഹം കഴിക്കുന്നതിനെ കുറിച്ച് ഞാൻ അവളോട് സംസാരിച്ചിട്ടുണ്ട്.. അന്നൊന്നും പിടി തരാതെ നടന്നവൾ… ഇപ്പോൾ… ഈ അവസാന നിമിഷത്തിൽ… ഒരുപക്ഷേ ഒറ്റയ്ക്ക് പട പൊരുതി മടുത്തിരിയ്ക്കാം.. മക്കളുടെയും അമ്മയുടെയും മുന്നിൽ ഒന്നും പുറമെ കാണിക്കാതെ സന്തോഷിച്ചു നടക്കുമ്പോൾ.. തനിക്ക് താങ്ങായി നിൽക്കുന്ന ആരുടെയെങ്കിലും ഇട നെഞ്ചിൽ കിടന്ന് തന്റെ സങ്കടങ്ങൾ ഒഴുകി കളയാൻ അവളും കൊതിച്ചു പോയിട്ടുണ്ടാകാം…
നിനക്ക് ഇഷ്ടമാണെങ്കിൽ യെസ് എന്ന് പറഞ്ഞോളൂ .. അതിലെന്താ ഇത്ര ചിന്തിക്കാൻ. ഞാൻ അമ്മയോട് ഇപ്പോഴേ പറയാം. ഇനി വൈകിപ്പിക്കേണ്ട..
തിരിഞ്ഞു നടക്കാൻ തുടങ്ങിയ എന്റെ കൈകളിൽ അവൾ വേഗം പിടുത്തമിട്ടു.
ധൃതിവെയ്ക്കാതെ മീനാ… അടുത്ത ആഴ്ച ചെക്ക് അപ് ഉണ്ട്.. അന്ന് ഡോക്ടറോട് വിശദമായി ഞാൻ സംസാരിക്കട്ടെ… ഒരു പോസിറ്റീവ് റിപ്ലൈ ആണ് കിട്ടുന്നതെങ്കിൽ ഞാൻ ഇത് പ്രോസീഡ് ചെയ്തോട്ടെ ഡാ..
വീണ്ടും അവൾ ആശങ്കയോടെ എന്നോട് ചോദിച്ചു..
അവളുടെ അപ്പോഴത്തെ ആ നോട്ടം ഇപ്പോഴും മനസ്സിൽ മായാതെ കിടപ്പുണ്ട്.. എന്തായാലും ഡോക്ടറോട് ചോദിക്കുന്നതിനു മുന്നേ തന്നെ അവൾ പോയി …. ഇനിയും ബാക്കി വെച്ച ഒരുപാട് മോഹങ്ങളും,സ്വപ്നങ്ങളും ഉപേക്ഷിച്ചു അവളതാ തണുത്തു വിറങ്ങലിച്ചു കിടക്കുന്നു .
മുറ്റത്തിട്ടിരിക്കുന്ന ഒരു കസേരയിൽ ഞാൻ പോയിരുന്നു. എന്നും സമയത്തിനൊപ്പം എത്താൻ പാടുപെട്ടിരുന്ന എനിക്കിന്ന് സമയം ഒച്ചിനെക്കാൾ മെല്ലെ ഇഴയുന്നത് പോലെ തോന്നി. ഒരുപക്ഷേ അകത്തു കിടക്കുന്നവളുടെ ആഗ്രഹം പോലെ സമയം ഇന്ന് മെല്ലെ സഞ്ചരിക്കുന്നതാവാം.. നേരം പുലർന്നാൽ ഈ വീടിനോടും വീട്ടുകാരോടും എന്നെന്നേക്കുമായി യാത്ര പറഞ്ഞു ഇറങ്ങേണ്ടതല്ലേ അവൾക്ക്..
തൊട്ടപ്പുറത്തായി കസേരയിൽ ഇരിക്കുന്ന ആളിലേക്ക് അപ്പോഴാണ് നോട്ടം എത്തിയത്. മങ്ങിയ വെളിച്ചത്തിൽ ആളെ ആദ്യം മനസ്സിലായീല.. വീണ്ടും നോക്കിയപ്പോൾ മനസ്സിലായി രാജീവ് മാഷ്.. അവസാനമായി അവളുടെ മനസ്സിലേക്ക് പ്രതീക്ഷയുടെ കിരണങ്ങൾ നൽകിയവൻ.. അതുവരെ ഒരു വായിനോക്കി എന്ന് മുദ്ര കുത്തി കണ്ടില്ലെന്നു നടിച്ചു മുന്നിലൂടെ എത്രയോ തവണ ഞങ്ങൾ നടന്നു നീങ്ങിയിട്ടുണ്ട്.. ഇന്ന് ആ മനുഷ്യനോട് വല്ലാത്തൊരു സ്നേഹവും ബഹുമാനവും തോന്നുന്നു.. സ്വന്തം രൂപവും ശരീരവും നഷ്ട്ടപെട്ടവൾക്ക് നീ ഇന്നും സുന്ദരി ആണെന്ന തോന്നൽ ഒരു നിമിഷമെങ്കിലും അവളിൽ തിരികെ എത്തിപ്പിക്കാൻ അയാളുടെ ജീവിതത്തിലേക്കുള്ള ആ ക്ഷണത്തിന് കഴിഞ്ഞിരിക്കാം …അവൾ പറഞ്ഞത് പോലെ ആളെ മനസ്സിലാക്കുന്നതിൽ ഞങ്ങൾക്ക് തെറ്റുപറ്റിയിരിക്കുന്നു…
വാച്ചിലേക്ക് നോക്കിയപ്പോൾ സമയം 10 കഴിഞ്ഞിരിക്കുന്നു.. എന്റെ കുഞ്ഞൻ എന്നെ കാണാഞ്ഞു ഇപ്പോൾ കരഞ്ഞു പൊളിക്കുന്നുണ്ടാകും. എന്നാലും നാളെ അവനെ എനിക്ക് കാണാലോ.. അവന് എന്നേയും.. പക്ഷേ അമ്മയുടെ അരികിലായ് കരഞ്ഞു തളർന്നിരിക്കുന്ന വസുവിനെയും അപ്പുവിനെയും കുറിച്ചോർക്കുമ്പോൾ… ഈശ്വരാ.. താങ്ങാൻ കഴിയുന്നില്ലല്ലോ… മരണം രംഗബോധം ഇല്ലാത്ത കോമാളിയാണെന്ന് പറയുന്നത് എത്ര പരമാർത്ഥമായ സത്യമാണ്..
ഓരോ മരണവും ഇങ്ങനെയൊക്കെ തന്നെയാണ്… കുറച്ചു ദിവസം അല്ലെങ്കിൽ കുറച്ചു മാസങ്ങൾ നമ്മുടെ മനസ്സിൽ മുറിവുണ്ടാക്കി പിന്നീട് ആ മുറിവിന്റെ നീറ്റലിൽ ജീവിതം മുന്നോട്ട് കൊണ്ടുപോവാൻ ദൈവം നമ്മെ പ്രാപ്തയാക്കും .. പ്രിയപ്പെട്ട കൂട്ടുകാരി..നിനക്കെന്റെ യാത്രാമൊഴി!!!!നിന്റെ മരണം ഉണ്ടാക്കിയ മുറിവിൽ ഞാൻ എന്ന് കരകയറും എന്നറിയില്ല..എങ്കിലും നിന്റെ ഓർമ്മകളിൽ ഞാൻ എന്നും ജീവിച്ചു കൊണ്ടേയിരിക്കും…..