19/04/2026

സ്മൃതിപഥം : ഭാഗം 04

രചന – ഇഷ ജാൻവി

ഒരു കാക്കി ഷർട്ടും വെള്ള മുണ്ടും ഉടുത്തു നെറ്റിയിൽ കറുത്ത കുറിയും വരച്ചു ഓട്ടോയിൽ ചാരി നിൽക്കുന്ന കാർത്തിയെ കണ്ട് ഐഷുവിന് ഒരുപാട് സന്തോഷമായി പ്രതീക്ഷിക്കാതെ കണ്ടതിന്റെ ഒരു ആഹ്ലാദവും അവളിലുണ്ടായിരുന്നു. അവനിലേക്ക് അടുക്കാൻ മനസ്സ് പറയുന്നുണ്ടെങ്കിലും അവള് അവിടെ തന്നെ നിന്നു. അവനും അവളെ കണ്ടു പിന്നെ മീശ പിരിച്ചു ഒറ്റ പുരികം പൊക്കി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവള് അവിടെ തന്നെ നിൽക്കുന്നത് കണ്ട് അവൻ കൈ കൊണ്ട് മാടി വിളിച്ചു. ആ ഒരു നിമിഷം മതിയായിരുന്നു അവനിലേക്ക് ഓടിയെത്താൻ, ഐഷുവിന്റെ ഓട്ടം കണ്ടു അഞ്ചു പോലും അമ്പരന്നു പോയി. സിദ്ധാർഥും നോക്കി കാണുകയായിരുന്നു അവളിലെ മാറ്റം തന്നോട് അന്ന് സംസാരിക്കുമ്പോൾ പേടിയും പരിഭവവും മാത്രം നിറഞ്ഞു നിന്നിരുന്ന അവളുടെ മുഖം ഇന്ന് പൂനിലാവ് ഉദിച്ചത് പോലെ തിളങ്ങുന്നുണ്ട്.

മറ്റൊരാളിലേക്ക് ചിരിയോടെ ഓടി അടുക്കുന്ന അവളെ കാണുമ്പോൾ വേദനയും ദേഷ്യവും സങ്കടവും എല്ലാം തോന്നുന്നുണ്ട്. കുറച്ചു സമയം അവരെ നോക്കി നിന്ന് അവൻ കാറും എടുത്ത് പോയി. എന്തിനാ പെണ്ണെ ഇങ്ങനെ ഓടി വന്നേ നിനക്ക് നടന്നു വന്നാൽ പോരെ….. തന്റെ മുന്നി ഓടി തളർന്നു ബാഗും നെഞ്ചോട് ചേര്ത്ത കിതച്ചു കൊണ്ട് നിൽക്കുന്ന ഐഷുവിനോട് കാർത്തി ചോദിച്ചു….. ഒന്നുമില്ല എന്നവൾ തലയാട്ടി….. അവനും കുറച്ചു സമയം അവളെ നോക്കി നിന്നു. രാവിലെ തന്റെ അമ്മ വിളിച്ചിരുന്നു സമ്മതമാണെന്ന് പറഞ്ഞു….. ഒരു കള്ള ചിരിയോടെ കാർത്തി പറഞ്ഞു. അത് കേട്ട് അവളിൽ ചെറുതായി നാണം മൊട്ടിട്ടു. അവനെ നോക്കാതെ തല കുനിച്ചു നിന്നു….. ഇന്നലെ ഞാൻ പറഞ്ഞില്ലേ ഇങ്ങനെ തല കുമ്പിട്ടു നിൽക്കുരതെന്ന്….. അവളുടെ താടി തുമ്പ് ഉയർത്തി കൊണ്ട് അവൻ പതിയെ പറഞ്ഞു. ഹ്മ്മ്….. അവന്റെ കണ്ണിൽ നോക്കി അവള് പറഞ്ഞു.

ഞാൻ ഒരു ട്രിപ്പും കൊണ്ട് വന്നതാ കോളജിലേക്ക് അവരെ കാത്തു നിൽക്കുകയാ….. അവളുടെ കണ്ണിലേക്കു നോക്കി പറഞ്ഞു. തന്റെ മനസ്സ് വായിച്ചത് പോലെ അവൻ പറഞ്ഞത് കേട്ട് അവളുടെ കണ്ണ് ഒന്ന് കൂടെ വിടർന്നു…… കോളേജ് വിട്ട കുട്ടികൾ പോകുന്നുണ്ടായിരുന്നു ചിലരൊക്കെ അവരെ നോക്കി കടന്നു പോയി……. അപ്പോഴാണ് ഇപ്പോഴും അവന്റെ ചൂണ്ട് വിരൽ തന്റെ താടി തുമ്പിലാണ് ഉള്ളതെന്ന് അവള്……. അറിഞ്ഞത്. ഐഷു ഒന്ന് പതറി കൊണ്ട് കുറച്ചു പിന്നലിലേക്ക് മാറി, ഒന്ന് ചിരിച്ചു അവനും കൈ മാറ്റി. ഐഷു അഞ്ജുവിനെ നോക്കി അവള് അരുണിനോട് സംസാരിക്കുന്ന തിരക്കിലാണ് എങ്കിലും രണ്ട് പേരുടെയും നോട്ടം ഇങ്ങോട്ടേക്കാണെന്ന് ഐഷുവിന് മനസിലായിരുന്നു. ഐഷു എന്തോ ഓർത്തത് പോലെ പെട്ടെന്ന് കാർത്തിയെ നോക്കി അവൻ ഇപ്പോഴും അവളെ നോക്കി കൊണ്ട് നിൽക്കുന്ന തിരക്കിലാണ് അത് കണ്ടപ്പോൾ എന്തോ പോലെയായി അവളുടെ പരുങ്ങൽ കണ്ടപ്പോൾ അവനും ചിരി വന്നു.

അല്ല പോകുന്നില്ലേ……. ഹാ അവര് ഇനി കുറച്ചു സമയം കഴിഞ്ഞാലേ വരു എന്ന ഞാൻ പോട്ടെ….. അഞ്ജുവിനെയും അരുണിനെയും ചൂണ്ടി പറഞ്ഞു. അപ്പൊ ഒറ്റക്കാണോ പോകുന്നെ…… അല്ല ഞാൻ ബസ് സ്റ്റോപ്പിൽ പോയി നിൽക്കും ഒന്നിചെ പോകു…….. എന്നാ പിന്നെ പോകേണ്ട ഇവിടെ നിന്ന മതി……. അത്…… എന്തെ പോണോ…….. വേണ്ട……… ബാഗ് നെഞ്ചോട് ചേര്ത്ത വെച്ചു തലയാട്ടി. കൈലാസ് എവിടെയാ പഠിക്കുന്നെ………. കുറച്ചു സമയത്തിന് ശേഷം ഐഷു ചോദിച്ചു. ഈ കോളേജിൽ തന്നെയാ……. ഇവിടെയോ……. ആ ഡോ…… എന്നിട്ട് എന്താ എന്നെ പരിചയപ്പെടുത്തി താരത്തെ….. ചെറിയൊരു കുറുമ്പൊടെ ചോദിച്ചു. ഞാനും അവനെയാ നോക്കുന്നെ……. ചുറ്റും നോക്കി കൊണ്ട് കാർത്തി പറഞ്ഞു. ഏതാ കോഴ്സ്….. തന്റെ ജൂനിയർ തന്നെയാ…. ബികോമോ……. ആ……….. മീശ കടിച്ചു പിടിച്ചു അവൻ തലയാട്ടി കൂടെ അവന്റെ സ്വതസിദ്ധമായ ചിരിയും.

കാർത്തി ഒരു വശത്തേക്ക് നോക്കുന്നത് കണ്ട് ഐഷുവും നോക്കി, അവരുടെ അടുത്തേക്ക വരുന്ന ഒരു ആൺകുട്ടിയെ കണ്ടു, ഒറ്റ നോട്ടത്തിൽ കാർത്തിയുടെ അനിയനാണെന്ന് പറയില്ലെങ്കിലും അവള് ഊഹിച്ചു. കാർത്തിയുടെ അത്ര നീളമുണ്ടെങ്കിലും ആള് മെലിഞ്ഞിട്ടാണ് നല്ല വിടർന്ന കണ്ണുകളും ചെറുതായി വന്നു തുടങ്ങിയ മീശയും താടിയും പിന്നെ ഒരു കണ്ണടയും, കണ്ടിട്ട് ഒരു പഠിപ്പി ലുക്കുണ്ട്, ആ വഴിയേ അറിയാം. ഏട്ടാ ഏട്ടനെന്താ ഇവിടെ……. അവൻ കാർത്തിയുടെ അടുത്ത് വന്നു ചോദിച്ചു. ഞാൻ ഒരു ട്രിപ്പും കൊണ്ട് വന്നതാ…… അവനെ ഒന്ന് നോക്കി പിന്നെ ഐഷുവിനെയും നോക്കി പറഞ്ഞു. അപ്പോഴാണ് കൈലാസും ഐഷുവിനെ ശ്രദ്ധിക്കുന്നത് മുഖത്തു യാതൊരു അലങ്കാരങ്ങളും ഇല്ല ആകെയുള്ളത് ഒരു കുഞ്ഞു കറുത്ത പൊട്ടും നെറ്റിയിൽ ഒരു ചന്ദനവും ഒരു കുഞ്ഞു പൊട്ടും തൊട്ട് നിൽക്കുന്ന പെൺകുട്ടി. ഇതാരാ ഏട്ടാ…… കൈലാസ് അത്ഭുതത്തോടെ ഐഷുവിനെ നോക്കി ചോദിച്ചു കാരണം കാർത്തി അങ്ങനെ പെണ്കുട്ടികളോടൊന്നും അധികം സംസാരിക്കാറില്ല അപ്പൊ പിന്നെ കാർത്തിയുടെ അടുത്ത് നിൽക്കുന്ന പെൺകുട്ടിയെ കണ്ടു കൈലാസ് എങ്ങനെ അത്ഭുതപെടാതിരിക്കും.

ആരായിരിക്കും……… ഒരു കള്ള ചിരിയോടെ ഐഷുവിനെ നോക്കി കാർത്തിയോട് ചോദിച്ചു. ഏട്ടത്തിയമ്മേ…….. കൈലാസ് വേഗം പോയി ഐഷുവിന്റെ കൈ പിടിച്ചു കൊണ്ട് വിളിച്ചു. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ഒരു കൈ കൊണ്ട് ഐഷു അവന്റെ കവിളിൽ ഒന്ന് തട്ടി അവനെ നോക്കി പുഞ്ചിരിച്ചു. ഞാൻ കൈലാസ് ഏട്ടത്തിയമ്മ എന്നെ കിച്ചുന്ന് വിളിച്ച മതിയെട്ടോ പിന്നെ ഇന്നലെ ഞാനും വരാനിരുന്നതാ പക്ഷെ അത്യാവശ്യ കാര്യമുണ്ടായിരുന്നു അതാ വരാഞ്ഞേ വന്നിട്ട് ഏട്ടൻ പറഞ്ഞായിരുന്നു ഏട്ടത്തിയമ്മയെ പറ്റി…….. ഐഷുവിന്റെ കൈ പിടിച്ചു കൊണ്ട് തന്നെ പറഞ്ഞു അവള് മറുപടിയായി ഒരു പുഞ്ചിരി കൊടുത്തു. എന്നാലും ഞാൻ ആദ്യമായിട്ടാ ഏടത്തിയമ്മയെ കാണുന്നെ ഈ കോളേജിലായിട്ടും ഞാൻ ഇതുവരെ കണ്ടില്ലല്ലോ അല്ല ഏതാ കോഴ്സ് ഏത് ഇയറാ…… കിച്ചു ഓരോന്നും ചോദിച്ചു കൊണ്ടേയിരുന്നു. എന്റെ കിച്ചൂട്ടാ നീ ഓരോന്നായി ചോദിക്ക്…… കാർത്തി അവന്റെ തോളിലൂടെ കൈയിട്ടു കൊണ്ട് പറഞ്ഞു.

അത് പിന്നെ ഏട്ടത്തിയമ്മേ കണ്ട എക്സൈറ്റ്മെന്റിൽ കിച്ചു ഒരു ചമ്മിയ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ബികോം 3rd ഇയറാ……. എന്റെ സൂപ്പർ സീനിയറാണോ…… ഹ്മ്മ്…… അവള് അതെ എന്ന തലയാട്ടി. എന്നിട്ട് ഫ്രഷേഴ്‌സ് ഡേക്ക് പോലും കണ്ടില്ലല്ലോ…….. ആ എങ്ങനെ കാണാനാ ക്ലാസ്സ്‌ വിട്ടാൽ ലൈബ്രറി അല്ലാതെ വേറെ എവിടെയും പോകില്ല പിന്നെ എങ്ങനെ കാണാനാ….. അഞ്ചു അവരുടെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു. ഇത്‌ അഞ്ജന എന്റെ ഫ്രണ്ടാ…… അഞ്ജുവിനെ കാർത്തിക്കും കിച്ചുവിനും പരിചയപ്പെടുത്തി കൊടുത്തു. അഞ്ചു ഇത്‌ കാർത്തി ഏട്ടൻ പിന്നെ ഇത്‌ കിച്ചു സോറി കൈലാസ് എന്റെ അനിയൻ………. അവരെ അഞ്ജുവിനും പരിചയപ്പെടുത്തി കൊടുത്തു. ഐഷു എന്റെ അനിയനാണെന്ന് പറഞ്ഞു പരിചയപെടുത്തിയത് കാർത്തിക്കും കിച്ചുവിനും ഒരുപാട് സന്തോഷമായി.

ഇത്‌ അനിയൻ അപ്പൊ ഇത്‌ ആരാ…….. അഞ്ചു ഒരു കുസൃതിചിരിയോടെ പറഞ്ഞു. അത് കേട്ട് ഐഷു അവളെ ഒന്ന് നോക്കി കാർത്തിയും കിച്ചുവും ഐഷുവിനെ നോക്കി നിൽക്കുകയാ എന്താ പറയുന്നത് എന്ന കേൾക്കാൻ. ഇത്‌ നിന്നോട് ഞാൻ പറഞ്ഞതല്ലേ…….. ഒരു പരിഭവത്തോടെ ഐഷു അഞ്ജുവിനോട് ചോദിച്ചു. ഞാൻ മറന്നു പോയി….. അഞ്ചു പിന്നെയും കള്ള ചിരിചിരിച്ചു പറഞ്ഞു. ഏട്ടനാ…… ഓ ബ്രദർ ആണോ……. അഞ്ചു വീണ്ടും. മതി എന്റെ ഏടത്തിയമ്മയെ ഇനി കളിയാക്കേണ്ട ഇത്‌ എന്റെ ഏട്ടനാ ഇപ്പൊ മനസിലായില്ലേ ആരാ എന്ന്…… ഐഷുവിനെ കാർത്തിയുടെ അടുത്ത് കൊണ്ട് പോയി നിർതിയിട്ട് കിച്ചു പറഞ്ഞു. അയ്യോ ഞാൻ ഒന്നും പറയുന്നില്ലേ അല്ല വരുന്നില്ലേ ബസിന്റെ ടൈമ് ആകാനായി അഞ്ചു വാച്ച് നോക്കി പറഞ്ഞു.

ഐഷു അനുവാദത്തിനായി കാർത്തിയെ നോക്കി അവൻ കണ്ണ് കൊണ്ട് പോയിക്കോ എന്ന് പറഞ്ഞു കിച്ചൂസ് ഞാൻ പോട്ടെ……. അയ്യോ ഏട്ടത്തി പോകല്ലേ നമുക്ക് ഒരു ഫോട്ടോ എടുത്തിട്ട് പോകാം……. കിച്ചു വീണ്ടും കാർത്തിയെയും ഐഷുവിനെയും ചേര്ത്ത നിർത്തി കിച്ചു ഫോട്ടോ എടുക്കാൻ പോകുമ്പോഴേക്കും ഐഷു ഫോൺ വാങ്ങി അഞ്ജുവിന്റെ കയ്യിൽ കൊടുത്ത് കിച്ചുവിനെ അവളുടെയും കാർത്തിയുടെയും നടുക്ക് നിർത്തിച്ചു എന്നിട്ട് അഞ്ജുവിനോട് ഫോട്ടോ എടുക്കാൻ പറഞ്ഞു കിച്ചു ഐഷുവിനെ നോക്കി. എന്നെ നോക്കാതെ ഫോണിലേക്ക് നോക്ക് കിച്ചു……… ഐഷു അവനോട് പറഞ്ഞു കിച്ചു വേഗം രണ്ട് കൈ കൊണ്ടും അവരെ രണ്ട് പേരെയും ചേര്ത്ത പിടിച്ചു. എന്നാ ശെരി പോട്ടെ……. അയ്യോ ഏട്ടത്തി ഇനി ഏട്ടനും ഏടത്തിയും മാത്രമായി ഒരു പിക് എടുക്കാം…….. അത് പിന്നെ എടുക്കാം കിച്ചു……… കിച്ചുവിനോടാണ് പറഞ്ഞതെങ്കിലും കണ്ണുകൾ കാർത്തിയിലായിരുന്നു.

അഞ്ജുവിന് അടുത്ത് നിൽക്കുന്ന ഐഷുവിനെ കാർത്തി ഒരു കയ്യിൽ പിടിച്ചു വലിച്ചു അവന്റെ അരികെ നിർത്തി അവന്റെ ഫോണിൽ രണ്ട് മൂന്നു സെൽഫി എടുത്തു അരികിൽ നിന്നു എന്നല്ലാതെ അവളെ ചേര്ത്ത പിടിച്ചിട്ടൊന്നുമില്ല അവന്റെ മുഖത്തു നോക്കിയാണ് രണ്ട് മൂന്നു ഫോട്ടോസ് എടുത്തത് അത് കണ്ടു അവൻ അവളുടെ മുഖം ഫോണിലേക്ക് തിരിച്ചു വച്ചു. കിച്ചുവിന്റെയും അഞ്ചുവിന്റെയും ചിരി കണ്ടപ്പോഴാണ് പറ്റിയ അബദ്ധം മനസിലായത്……. ഏട്ടത്തി ഫോൺ നമ്പർ താ ഞാൻ വാട്സാപ്പിൽ ഫോട്ടോസ് അയച്ചു തരാം….. ആ ബെസ്റ്റ് ഫോൺ ഇല്ലാത്ത ആളെങ്ങനെയാ നമ്പർ തരുക….. അഞ്ചു ഐഷുവിനെ കളിയാക്കി ചോദിച്ചു. ഫോൺ ഇല്ലേ….. കിച്ചു ഞെട്ടി ചോദിച്ചു. അവള് ഇല്ലാ എന്ന് തലയാട്ടി…… ഇപ്പോഴത്തെ കാലത്തും ഫോൺ ഇല്ലാത്ത ആളോ… കിച്ചു അമ്പരപ്പോടെ ചോദിച്ചു.

എനിക്ക് ഫോൺ കൊണ്ട് ആവശ്യമൊന്നുമില്ലല്ലോ അതോണ്ടാ…… ഐഷു മെല്ലെ പറഞ്ഞു. ഇതൊക്കെ കേട്ടിട്ടും കാർത്തിക്ക് ഒരു ഞെട്ടലും ഉണ്ടായില്ല കാരണം അവൻ ഇത്‌ പ്രതീക്ഷിച്ചതാണ് ഇന്നലെ അവളെ കണ്ടപ്പോഴും സംസാരിച്ചപ്പോഴും ഏകദേശം അവളെ കുറിച്ച് അവൻ മനസിലാക്കിയിരുന്നു. ടാ പോകാം ബസ് ഇപ്പൊ വരും……. ഹ്മ്മ്…. ഐഷു കാർത്തിയോടും കിച്ചുവിനോടും യാത്ര പറഞ്ഞു പോയി. ഒന്ന് കൂടെ ഐഷു തിരിഞ്ഞു നോക്കിയപ്പോൾ അവളെ നോക്കി മീശ പിരിച്ചു അവൻ കണ്ണിറുക്കി കാണിച്ചു.

സന്ധ്യക്ക്‌ വിളക്ക് വെച്ചു പഠിക്കാൻ ഇരുന്നതാണ് ഐഷു അപ്പോഴാണ് അനു റൂമിലേക്ക് വന്നത്. കുഞ്ഞേച്ചി…….. അവന്റെ വിളിയിൽ സങ്കടം നിറഞ്ഞിരുന്നു. എന്താ മോനെ എന്ത് പറ്റി………. അവനെ ബെഡിലേക്ക് ഇരുത്തി അവള് ചോദിച്ചു. കുഞ്ഞേച്ചി ഞാൻ കാർത്തിയേട്ടനെ പറ്റി അന്വേഷിച്ചു……. എന്നിട്ട്……. ആള് ഗുണ്ടയോന്നുമല്ല അമ്മ പറഞ്ഞത് പോലെ അനാവശ്യം ചെയ്താലോ കണ്ടാലോ ആളും തരവും നോക്കാതെ പെരുമാറും പക്ഷെ….. പക്ഷെ….. അവന്റെ മുഖം കണ്ടു ഐഷുവിനും എന്തോ പോലെയായി……. കള്ളും കുടിക്കും പുക വലിക്കുകയും ചെയ്യും കുഞ്ഞേച്ചിക്ക് അങ്ങനെയുള്ളവരെ ഇഷ്ടമല്ലലോ…… ഹ്മ്മ് എനിക്ക് അറിയാം…… കുഞ്ഞേച്ചിയോട് ഇത്‌ ആരാ പറഞ്ഞെ….. ഏട്ടൻ തന്നെ…. ആര് കാർത്തിക് ഏട്ടനോ….. ഹ്മ്മ് എന്നോട് ഇന്നലെ തന്നെ പറഞ്ഞിരുന്നു ഈ രണ്ട് ശീലങ്ങളുമുണ്ടെന്ന്…….. എന്നിട്ടും ചേച്ചി എന്തിനാ സമ്മതിച്ചേ……. മാറ്റാൻ കഴിയുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ…….. അവള് ഒരു കള്ളചിരിയോടെ അനുവിനോട് പറഞ്ഞു.

അത്രക്കും ഇഷ്ടായോ……. ഹ്മ്മ്…… അവളുടെ സന്തോഷം തന്നെയായിരുന്നു അണുവിനും വലുത്. ഹ്മ്മ് അളിയനെ ഞാൻ ഒന്ന് കാണട്ടെ എന്റെ കുഞ്ഞേച്ചിയെ വിഷമിപ്പിച്ചാൽ ഞാൻ വെറുതെ ഇരിക്കില്ല എന്ന് പറയും…….. അനു പറയുന്നത കേട്ട് അവൾക്ക് ഒരേ സമയം ചിരിയും അവനോട് അതിയായ വാത്സല്യവും തോന്നി അവന്റെ കവിളിൽ ഒന്ന് തലോടി നെറ്റിയിൽ ചുംബിച്ചു. അടുത്താഴ്ച ഡ്രെസ്സ് എടുക്കാൻ പോകാമെന്നു സന്ദീപ് പറഞ്ഞു. എല്ലാരും ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ അച്ചു പറഞ്ഞു…. ഇപ്പോഴേ എന്തിനാ….. പിന്നെ രണ്ട് മാസം എന്ന് പറയുമ്പോൾ എത്ര പെട്ടെന്ന് ആകും അധിക ദിവസമൊന്നുമില്ല പിന്നെ സ്റ്റിച് ചെയ്യാനും ഉണ്ടാവില്ലേ…… പിന്നെ കല്യാൺ സിൽക്സിലാണ് ഞങ്ങള് പോകുന്നത്……. ഐഷുവിനെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് അച്ചു പറഞ്ഞു. ഐഷുവാണെങ്കിൽ അതൊന്നും കാണുന്നത് പോലുമില്ല ഫുഡിൽ കോൺസെൻട്രേറ്റ് ചെയ്തിട്ടാണുള്ളത്.

അയിന്…….. അനുവാണ് മറുപടി പറഞ്ഞത്. അല്ല അതിനും വേണമൊരു യോഗം ചിലർക്കൊക്കെ സാധാ ടെക്സ്റ്റൈൽ ഷോപ്പിൽ നിന്ന് എടുക്കാനാണ് വിധി അതും താണ തുണിതരങ്ങൾ ഒന്നോ രണ്ടോ ഡ്രെസ്സ് എടുത്താലായി വീണ്ടും പുച്ഛിച്ചു കൊണ്ട് അച്ചു പറഞ്ഞു. തന്നെ കരയിക്കാനാണ് അച്ചു ഇതൊക്കെ പറയുന്നതെന്ന് ഐഷുവിന് മനസിലായി പക്ഷെ ഇതൊന്നും കേട്ടിട്ട് ഐഷുവിന് ഒന്നും തോന്നിയില്ല അനുവിനെ ഒന്നും പറയാനും അനുവദിച്ചില്ല. അച്ചു വീണ്ടും ഓരോന്നും പറഞ്ഞു കുത്തി കൊണ്ടിരുന്നു ഐഷു കരയുന്നത് കാണാൻ ആഗ്രഹിച്ച അച്ചു അവള് ഒന്നും മിണ്ടാതെ കഴിക്കുന്നത് കണ്ടു അവിടുന്ന് എഴുന്നേറ്റു. തനിക്ക് ആരൊക്കെയോ ഉണ്ടെന്ന തോന്നലിൽ ഐഷുവിന് ഇപ്പൊ കുറച്ചു ധൈര്യം വന്നിട്ടുണ്ട്. കാർത്തിയുടെ അടുത്ത് നിൽക്കുമ്പോൾ ഒരു സുരക്ഷിതത്വവും സ്വന്തമാണെന്ന് തോന്നലും അവൾക്ക് ഒരുപാട് ധൈര്യം തോന്നുന്നുണ്ട്. ഒന്ന് ചേർത്ത പിടിച്ചില്ലെങ്കിലും അവനിലേ കരുതൽ അവൾക്ക് മനസ്സിലായിരുന്നു. അത് പോലെ കിച്ചുവിനെയും അവൾക്ക് ഒരുപാട് ഇഷ്ടമായി തന്നെ കണ്ടപ്പോൾ ഉണ്ടായ അവന്റെ കണ്ണിലെ തിളക്കവും ഏട്ടത്തിയമ്മേ എന്ന് വിളിച്ചപ്പോൾ ഒരു അമ്മയുടെ വാത്സല്യം തന്നെയാണ് അവൾക്ക് അവനോട് തോന്നിയത്.

രാവിലെ പതിവ് പോലെ കോളേജിലേക്ക് നടന്നു വരുമ്പോഴാണ് കോളജിലെ ഒരു സൈഡിൽ നിൽക്കുന്ന സിധുവിനെ അഞ്ജുവും ഐഷുവും കണ്ടത്. അവരെ കണ്ടപ്പോൾ അവൻ വേഗം അവരുടെ അടുത്തേക്ക് വന്നു. ഐഷു എനിക്ക് തന്നോടൊന്ന് സംസാരിക്കണം…….. എന്താ സിദ്ധാർഥ് ഏട്ടാ………. ഐഷു യാതൊരു മുഖവരയുമില്ലാതെ ചോദിച്ചു………. സിദ്ധു അഞ്ജുവിനെ ഒന്ന് നോക്കി അത് മനസിലായത് പോലെ അഞ്ചു ഞാൻ ക്ലാസ്സിലേക്ക് പോകാമെന്നു പറഞ്ഞു പോയി. ഐഷു എനിക്ക് നിന്നെ ഇഷ്ടമാണ് അത് അഞ്ചു പറഞ്ഞു നീ അറിഞ്ഞിട്ടുണ്ടാവുമെന്നും എനിക്ക് അറിയാം പക്ഷെ എനിക്ക് നിന്നോട് നേരിട്ട് വന്നു പറയണമെന്ന് തോന്നി. സിദ്ധാർഥ് ഏട്ടന് എന്നോട് തോന്നിയത് വെറും അട്ട്രാക്ഷനാണ്…….. ഐഷു പ്ലീസ് എന്റെ പ്രണയത്തെ നീ വെറുമൊരു അട്ട്രാക്ഷനാക്കി മാറ്റരുത് നിന്നോട് എനിക്ക് ഇഷ്ടം തോന്നിയത് നിന്റെ നിഷ്കളങ്കമായ സംസാരവും ആ ചിരിയും കണ്ടിട്ടാണ് അല്ലാതെ……. ഐഷുവിന് പിന്നെ എന്താണെന്ന് പറയേണ്ടതെന്ന് പിടികിട്ടിയില്ല അവന്റെ സംസാരത്തിൽ നിന്ന് തന്നെ അവളെ അവന് ഒരുപാട് ഇഷ്ടമാണെന്ന് ഐഷുവിന് മനസിലായി.

പക്ഷെ. എന്റെ കല്യാണം ഉറപ്പിച്ചു…….. ഹ്മ്മ് ഏട്ടത്തി ഏട്ടനോട് പറഞ്ഞിരുന്നു……. എന്നാ ഞാൻ പോട്ടെ…. ഐഷു സത്യത്തിൽ നിനക്ക് ആ കല്യാണത്തിന് സമ്മതമാണോ വീട്ടുകാർ നിർബന്ധിച്ചത് കൊണ്ടാണോ സമ്മതിച്ചത്….. ഒരിക്കലുമല്ല എനിക്ക് ഇഷ്ടമായത് കൊണ്ട് തന്നെയാണ് ഞാൻ സമ്മതം അറിയിച്ചത്…… അതിന് മുന്നേ ഞാൻ നിന്നെ സ്നേഹിക്കുന്നത് നീ അറിഞ്ഞില്ലേ……. ഹ്മ്മ്……. പിന്നെ എന്ത് കൊണ്ടാ നിനക്ക് എന്നെ ഇഷ്ടമാവാത്തത് അവനെക്കാൾ എന്ത് കൊണ്ടും യോഗ്യൻ ഞാൻ അല്ലെ, നീ തന്നെ ഒന്ന് ആലോചിച്ചു നോക്ക് അവന്റെ കൂടെ നിനക്ക് ഹാപ്പിയായി നിൽക്കാൻ കഴിയുമോ ഓട്ടോ ഓടിച്ചു കിട്ടുന്ന നക്കാപിച്ച കാശ് കൊണ്ട് എങ്ങനെ ജീവിക്കാനാ താൻ ഒന്ന് പ്രാക്റ്റിക്കലായി ചിന്തിച്ചു നോക്ക് ഐഷു അവന്റെ കൂടെ ജീവിക്കുന്നതിനേക്കാൾ നല്ലത് എന്റെ കൂടെ ജീവിക്കുന്നത് അല്ലെ ഞാൻ നിന്നെ പൊന്ന് പോലെ നോക്കിക്കോളാം. തുടരും