രചന – കാന്താരി
“എല്ലാം റെഡിയായോ… അവരിപ്പോ എത്തും ”
“നിങ്ങളിങ്ങനെ കിടന്നു ചാടാതെ ഇന്ന് പെണ്ണുകാണാലല്ലേ അല്ലാതെ കല്യാണമൊന്നും അല്ലല്ലോ ”
“അല്ല. എന്നാലും എന്റെ ടെൻഷൻ നിനക്ക് പറഞ്ഞാൽ മനസിലാവില്ല.
പോയി അവള് റെഡി ആയോന്ന് നോക്ക് ”
ടെൻഷനോടെ മോഹൻ പറയുന്നത് കേട്ടു യശോദ പറഞ്ഞതും അതിന് മറുപടി പറഞ്ഞു കൊണ്ട് മോഹൻ ടെൻഷനോടെ നടക്കുന്നത് കണ്ടു ഒന്ന് ചിരിച്ചു കൊണ്ട് യശോദ അകത്തേക്ക് പോയി.
“ആഹാ… നീ ഇപ്പോഴാണോ വരുന്നത് നേരത്തെ വരണ്ടേ. ചെല്ല് ദേവു അകത്തുണ്ട് പോയി അവളെ റെഡിയാക്കിക്കെ ”
“എന്റെച്ഛാ എന്തിനാ ഈ തിരക്ക് ഒന്ന് ശ്വാസം വിട്ട് അവിടെ പോയി ഒന്നിരിക്ക്.
കൂൾ ബേബി കൂൾ ”
ഐശു കയറി വരുന്നത് കണ്ടു മോഹൻ പറഞ്ഞതും മോഹനെ പിടിച്ചു ഇരുത്തി പറഞ്ഞു കൊണ്ട് ഐശു അകത്തേക്ക് കേറി.
“ഹല്ലാ… നീ ജീവനോടെ ഉണ്ടായിരുന്നോ. കാണാതെ ആയപ്പോൾ ഞാൻ കരുതി അങ്ങ് പോയെന്ന് ”
ഐശു ദേവുവിന്റെ മുറിയിലെക്ക് കേറാൻ നിന്നതും പിന്നിൽ നിന്നുമുള്ള ഡയലോഗ് കേട്ടു ഐശു ഒന്ന് തിരിഞ്ഞു നോക്കി. അവിടെ പുച്ഛം നിറച്ചു കൊണ്ട് കാവ്യ നിൽക്കുന്നത് കണ്ടതും ഐശു കൈ കെട്ടി അവളുടെ അടുത്തേക്ക് ചെന്നു.
“അങ്ങനെ അങ്ങ് ചാവാൻ പറ്റുമോ… കിട്ടിയതോക്കെ തിരിച്ചു കൊടുക്കാതെ എങ്ങനാ… അങ്ങോട്ട് പോകുന്നത്. ഹ്മ്മ്… ”
“ഓഹോ… അപ്പൊ പ്രതികാരം ചെയ്യാനാണോ മോളിങ്ങോട്ട് വന്നത്. എന്നാൽ നിനക്ക് ആള് തെറ്റി മോളെ… ഈ കാവ്യയോട് കളിക്കുമ്പോൾ സൂക്ഷിച്ചു കളിക്കണം അന്നറിയാതേ പറ്റിയത് അടുത്ത പ്രാവശ്യം അറിഞ്ഞു കൊണ്ട് ചെയ്യാൻ എനിക്കൊരു മടിയുമില്ല തീർത്തു കളയും നിന്നെ ഞാൻ ”
“നിനക്കെന്നെ ഒന്നും ചെയ്യാൻ കഴിയില്ല.
എല്ലാം ഞാൻ എല്ലാവരോടും പറഞ്ഞാൽ അന്ന് തീരും നിന്റെ എല്ലാം കളിയും… അപ്പൊ പിന്നെ സിദ്ധുവേട്ടനെ പോയിട്ട് ഈ വീട്ടിൽ നിന്ന് ഒരു കടുക് മണി പോലും നിനക്ക് കിട്ടില്ല ”
“എല്ലാം പറയാൻ ആദ്യം നീ ജീവനോടെ ഉണ്ടായിട്ട് വേണ്ടേ… ഇതൊക്കെ എല്ലാവരും അറിയാൻ. സിദ്ധുവേട്ടനെ കിട്ടാൻ നിന്റെ മരണമാണ് ആവശ്യമെങ്കിൽ അത് എന്റെ കൈ കൊണ്ട് ചെയ്യാൻ പോലും ഞാൻ റെഡിയാ… അത് കൊണ്ട് ഒരുങ്ങി ഇരുന്നോ നീ പുറകെ ഒരു നിഴലായി എപ്പോഴും ഞാനുണ്ടാകും ”
ഐശുവിന്റെ നേരെ മുഖം അടുപ്പിച്ചു കൊണ്ട് കാവ്യ അത് പറയുമ്പോൾ അവളുടെ കണ്ണിലെ തീ ഐശു കാണുന്നുണ്ടായിരുന്നു അതിൽ താൻ ഇല്ലാതെ ആവുമൊന്നുള്ള ഭയം മനസ്സിൽ വന്നതും അവൾ പോയി കഴിഞ്ഞു ഒരു താങ്ങിനായി ഐശു ചുമരിൽ ചാരി നിന്നു .
“മോളെന്താ ഇവിടെ തന്നെ നിൽക്കുന്നത് അകത്തേക്ക് ചെല്ല് ദേവു അവിടെയല്ലേ ”
ഐശുവിന്റെ നിൽപ് കണ്ടു അതിലെ വന്ന യശോദ അവളുടെ അടുത്തേക്ക് ചെന്നു തട്ടി വിളിച്ചപ്പോഴാണ് ഐശു ആ നിൽപ്പിൽ നിന്നും ഒന്നനങ്ങിയത്. ശേഷം യശോദയെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ഐശു അകത്തേക്ക് ചെന്നു.
“ആഹാ നല്ല ആളാ നേരത്തെ വരാമെന്നു പറഞ്ഞിട്ട് ഇപ്പോഴാണോ വരുന്നത്.
നിന്നെ കാണാതെ ആയപ്പോൾ ഞാൻ തന്നെ ഒരുങ്ങാൻ തുടങ്ങി ”
“ഹ്മ്മ്… ”
ഐശുനെ കണ്ടു ദേവു പറഞ്ഞതും ഒന്ന് മൂളി കൊണ്ട് ഐശു ദേവുവിനെ ഒരുക്കാൻ തുടങ്ങി.
“അയ്യോ… ഐശു ഒരു ഹെല്പ് ടാ… എന്റെ ഐലെനോർ ഏട്ടൻ മുറിയിൽ ആയി പോയി അതൊന്നു എടുത്തു കൊണ്ട് വരുമോ പ്ലീസ്… ”
“ഇതൊക്കെ എന്തിനാ അവിടെ കൊണ്ട് വെക്കുന്നെ ”
“അതിന്നലെ ഏട്ടൻ വിളിച്ചപ്പോൾ അറിയാതെ അതും കൊണ്ട് കേറി ചെന്നതാ… പിന്നെ അതെടുക്കാൻ മറന്നുപോയി. ഒന്ന് എടുത്തു കൊണ്ട് വാടാ… പ്ലീസ് ”
ദേവു ഇരുന്നു കെഞ്ചിയതും മനസിലാ മനസോടെ ഐശു സിദ്ധുവിന്റെ മുറിയിലെക്ക് പോയി.
മുറിയിൽ കേറാൻ നിൽക്കവേ ഇന്നലത്തെ കാര്യം ഓർത്തപ്പോൾ ഐശുവിനു അവനെ ഫേസ് ചെയ്യാൻ മടി തോന്നിയതും വാതിൽക്കൽ നിന്ന് ഐശു അകത്തേക്ക് തലയിട്ട് നോക്കി. അവിടെ എങ്ങും സിദ്ധുവിനെ കാണാതെ വന്നപ്പോൾ ധൈര്യത്തോടെ ഐശു അകത്തേക്ക് കേറിയതും ബാത്‌റൂമിൽ നിന്ന് തലയും തുടച്ചു ഒരു ടവൽ മാത്രം ഉടുത്തു കൊണ്ട് സിദ്ധു ഇറങ്ങി വന്നതും ഒരുമിച്ചു.
“അയ്യേ… ”
“അയ്യോ… ”
സിദ്ധു വരുന്നത് കണ്ടപ്പോൾ മുഖം പൊത്തി കൊണ്ട് ഐശു തിരിഞ്ഞു നിന്നതും പ്രതീക്ഷിക്കാതെ അവളെ മുറിയിൽ കണ്ട ഞെട്ടലിൽ ടവലിൽ മുറുകി പിടിച്ചു കൊണ്ട് സിദ്ധു അലറി.
“നീയെന്താടി ഇവിടെ ”
“അത് പിന്നെ ഞാൻ ദേവുന്റെ ഐലെനോർ ഇവിടെ ഉണ്ടെന്നു പറഞ്ഞപ്പോൾ എടുക്കാൻ വേണ്ടി വന്നതാ… ”
“അതവിടെ എങ്ങാനും കാണും വേഗം എടുത്തിട്ട് പോ…”
ദേഷ്യത്തിൽ സിദ്ധു പറഞ്ഞതും വേഗം അതെടുത്തു കൊണ്ട് പോകാനായി ഐശു തിരിഞ്ഞതും തൊട്ടടുത്തു നിൽക്കുന്ന സിദ്ധുവിനെ കണ്ടു അവൾ സ്തംഭിച്ചു നിന്ന് കൊണ്ട് സിദ്ധുവിന്റെ കണ്ണിൽ നോക്കി നിന്നു.
“കിട്ടിയോ … ”
സിദ്ധു ചോദിച്ചതും വിറച്ചു കൊണ്ട് ഐശു ഐലെനോർ സിദ്ധുവിന്റെ കണ്ണിന് നേരെ ഉയർത്തി കാണിച്ചതും സിദ്ധു ഐശുവിന്റെ കയ്യിൽ ഇരിക്കുന്ന ഐലെനോറും അവളുടെ കയ്യും കൂടി കൂട്ടി പിടിച്ചു.
അത് കണ്ടു ഐശു സിദ്ധുവിന്റെ മുഖത്തെക്ക് ഉറ്റു നോക്കിയതും .
ആ നിമിഷം സിദ്ധുവിന്റെ കൈ ഐശുവിന്റെ ഇടുപ്പിൽ അമർന്നു. അതിൽ ശരീരത്തിലൂടെ ഒരു തരിപ്പ് കടന്നു പോയതും ഐശു കണ്ണുകൾ ഇറുക്കി അടച്ചു നിന്നു.
അത് കണ്ടതും കൈ പിൻവലിച്ചു കൊണ്ട് സിദ്ധു അവളുടെ മുഖം രണ്ടു കൈകളിലായി കോരി എടുത്തു കൊണ്ട് അവളുടെ മുഖം അവന്റെ മുഖത്തോട് ഉയർത്തി പിടിച്ചു കൊണ്ട് നെറ്റിയിൽ ഒന്ന് ചുംബിച്ചു.
“I LOVE U ഐശു…. ”
ചുംബന ശേഷം സിദ്ധു പറഞ്ഞതും അത് കേട്ടു ഞെട്ടി കൊണ്ട് ഐശു കണ്ണുകൾ തുറന്നു. കേട്ടത് വിശ്വസിക്കാൻ കഴിയാതെ അവൾ അവനെ തന്നെ തുറിച്ചു നോക്കി നിന്നതു കണ്ടു സിദ്ധു ഒന്ന് ചിരിച്ചു.
“തുറിച്ചു നോക്കണ്ട. നീ കേട്ടത് തന്നെയാ ഞാൻ പറഞ്ഞത്. വേണമെങ്കിൽ ഒന്നും കൂടി പറയാം
I love u madly and deeply ”
സിദ്ധു പറഞ്ഞു തീരവേ പൊട്ടി കരഞ്ഞു കൊണ്ട് ഐശു സിദ്ധുവിന്റെ നെഞ്ചിലേക്ക് വീണതും അവൻ അവളെ ചേർത്ത് പിടിച്ചു ഒരിക്കലും വിട്ടു പിരിയില്ലന്നുള്ള രീതിയിൽ അത്രയും ഇറുകെ.
“എന്താ പെണ്ണെ… ഒന്നും മിണ്ടാത്തത്.
ഒന്നും പറയാനില്ലേ നിനക്ക്, ഇത്രയും നാൾ നിന്നെ നടത്തിച്ചതിന് രണ്ടു ചീത്തയെങ്കിലും പറ”
ഐശുവിനെ അടർത്തി മാറ്റി കൊണ്ട് സിദ്ധു പറഞ്ഞതും അത് കേട്ടു കണ്ണുനീർ തുടച്ചു കൊണ്ട് ഐശു ഒന്ന് ചിരിച്ചു.
“പറ… ഒന്നും പറയന്നിലെ നിനക്ക് ”
“ഇല്ല. ഒന്നും പറയാനില്ല പകരം ഒരു കാര്യം ചെയ്യാനാ ഉള്ളത് ”
എന്ന് പറഞ്ഞു കൊണ്ട് ഐശു ഒരടി നീങ്ങി നിന്നു അത് കണ്ടു ഒരടി പ്രധീക്ഷിച്ചു കൊണ്ട് സിദ്ധു കണ്ണടച്ചു നിന്നതും അവനെ ഞെട്ടിച്ചു കൊണ്ട് ഐശു അവളുടെ ചുണ്ട് സിദ്ധുവിന്റെ ചുണ്ടോട് അടുപ്പിച്ചു.
ആദ്യമൊന്നു സിദ്ധു ഞെട്ടി പോയെങ്കിലും പിന്നെ അവളെ ചേർത്ത് പിടിച്ചു കൊണ്ട് സിദ്ധു അവളുമായുള്ള ചുംബന ലഹരിയിൽ നിന്ന് പോയി.
അല്പ നേരത്തെ ചുംബനത്തിന് ശേഷം രണ്ടുപേരും അകന്ന് നിൽക്കവേ വാതിൽക്കൽ കലി തുള്ളി നിൽക്കുന്ന കാവ്യയെ കണ്ടു രണ്ടുപേരും ഞെട്ടി വിട്ടുമാറി കൊണ്ട് പരസ്പരം ഒന്ന് നോക്കി.
കാവ്യയുടെ ഭാവം കണ്ടപ്പോൾ തന്നെ അവളെല്ലാം കണ്ടു വെന്ന് ബോധ്യമായതും അവളെ കൂടുതൽ ദേഷ്യം പിടിപ്പിക്കാനായി ഐശു ഒന്നും കൂടി സിദ്ധുവിനെ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ചു കൊണ്ട് മുറിവിട്ടിറിങ്ങി.
ഐശു പോകുന്നത് കാവ്യ നോക്കി നില്കുന്നത് കണ്ടു സിദ്ധു അവളുടെ അടുത്തേക്ക് ചെന്നു.
“കാവ്യാ… അത് പിന്നെ ഞങ്ങൾ ”
“പറഞ്ഞു കഷ്ടപ്പെടെണ്ട എനിക്കെല്ലാം മനസിലായി.ഇത് ഞാനായിട്ട് ആരോടും പറയുന്നില്ല അതോർത്തു സിദ്ധുവെട്ടൻ പേടിക്കണ്ട ”
പറഞ്ഞു വന്ന സിദ്ധുവിനെ തടഞ്ഞു അത്ര മാത്രം പറഞ്ഞു കൊണ്ട് കാവ്യ സിദ്ധുവിനെ നോക്കിയതും അവൻ ഒരു വിളറിയ ചിരി ചിരിച്ചത് കണ്ടു കാവ്യ അവിടുന്ന് പോയി.
“ആാ മോളെ ദെയ് അവരെത്തി മോള് ചെന്നു ദേവുനെ വിളിക്ക് ”
ചെക്കൻ കൂട്ടർ വന്നതും അവരെ സ്വീകരിച്ചു കൊണ്ട് അകത്തേക്ക് കേറി വന്ന മോഹൻ ഐശു നെ കണ്ടു പറഞ്ഞതും ഐശു വേഗം ദേവുന്റെ അടുത്തേക്ക് ചെന്നു.
“ഡി… നിന്റെ ചെക്കൻ വന്നിട്ടുണ്ട് ”
“ഹേ… നീ കണ്ടോ ആളെ ”
“ഇല്ല അച്ഛൻ പറഞ്ഞു വന്നെന്ന് ”
ഐശു പറഞ്ഞു നിൽക്കവേ യശോദ അവരുടെ അടുത്തേക്ക് ചെന്നു.
“അവരെത്തി. വാ…വന്നു അവർക്ക് ചായ കൊടുക്ക് ”
എന്ന് യശോദ പറഞ്ഞതും ഉത്സാഹത്തോടെ ദേവു അമ്മയുടെ കൂടെ ചെന്നു പുറകെ ഐശുവും.
അടുക്കളയിൽ ചെന്ന് അമ്മ കൊടുത്ത ചായയുമായി ദേവു മുന്നിൽ നടന്നപ്പോൾ അവൾക്കു പുറകിലായി പലഹാരവുമായി ഐശു ഹാളിലേക്ക് ചെന്നു.
“ഇതാണ് ചെക്കൻ ആദ്യം അവനു ചായ കൊടുക്ക് മോളെ ”
അത് വരെ ഉണ്ടായിരുന്ന സംസാരം നിർത്തി ദേവു ചെന്നത് കണ്ടു മോഹൻ പറഞ്ഞതും ചെക്കന് നേരെ ചായ നീട്ടി ആളെ മുഖം ഉയർത്തി ദേവു നോക്കിയതും മുന്നിൽ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന ആളെ കണ്ടു അവൾ അന്തം വിട്ട് നിന്നു.
(തുടരും )

by