18/04/2026

സ്മൃതിപഥം : ഭാഗം 02

രചന – ഇഷ ജാൻവി

പതിവ് പോലെ രാവിലെയുള്ള ജോലിയൊക്കെ കഴിഞ്ഞ് എല്ലാവരും കഴിക്കാനായി ഇരുന്നു. പണ്ടേ മാധവന്റെ നിർബന്ധമായിരുന്നു വീട്ടിൽ എല്ലാവരും ഉണ്ടെങ്കിൽ ഒരുമിച്ചു തന്നെ ഇരുന്ന് കഴിക്കണമെന്ന്. ആ സമയങ്ങളിൽ അവർക്ക് പറയാനുള്ളതെല്ലാം പറയാം എല്ലാരും ഒരുമിച്ച് ഉണ്ടാവുമല്ലോ. ഒരു 10മണി ആകുമ്പോഴേക്കും അവര് എത്തും കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അച്ചു പറഞ്ഞു… കുറെ ആൾക്കാർ വരുമോ സുമ ചോദിച്ചു…. സന്ദീപ് ഏട്ടന്റെ അച്ഛൻ നേരത്തെ മരിച്ചു പോയതാണ് അമ്മയും അനിയനും മാത്രമേയുള്ളൂ. ഏട്ടനും അനിയനും കൂടെ അവരുടെ ബിസിനസ്‌ നോക്കി നടത്തുകയാണെ…. എന്ത് ബിസിനസ്‌….. അനു ഒരു ഏട്ടന്റെ അധികാരത്തോടെ ചോദിച്ചു. ദേവ് അസ്സോസിയേറ്റ്സ് എന്ന് കേട്ടിട്ടുണ്ടോ ഒരു പുച്ഛത്തോടെ അച്ചു ചോദിച്ചു.

പിന്നെ കേൾക്കാതെ അവർക്ക് ഇല്ലാത്ത ബിസിനസുണ്ടോ ഹോസ്പിറ്റൽസ് ടെക്സ്റ്റൈൽസ് കൺസ്ട്രക്ഷൻസ് കോളേജസ് അങ്ങനെ നീണ്ടുനിവർന്ന് കിടക്കുകയല്ലേ….. ആവേശത്തോടെ അനു പറഞ്ഞു. സന്ദീപ് ഏട്ടന്റെ അച്ഛനാണ് ദേവൻ അവരുടെതാണ് ദേവ് അസോസിയേറ്റ്സ് കുറച്ച് അഹങ്കാരത്തോടെ അവള് പറഞ്ഞു…. അവള് അത് പറഞ്ഞതും ബാക്കിയുള്ളവർ ഞെട്ടി അവളെ നോക്കി. നീ എന്തൊക്കെയാ ഡീ വല്യേച്ചി പറയുന്നേ അവരെ പോലുള്ളവർ നമ്മളെ പോലത്തെ സാധാരണക്കാരുമായി വിവാഹം നോക്കുമോ അനു അവന്റെ സംശയം ചോദിച്ചു… ഞങ്ങള് ഇഷ്ടപ്പെട്ടു പോയി ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ സന്ദീപിന് ഇതൊന്നും പ്രശ്നമല്ല ഞാൻ നമ്മുടെ അവസ്ഥയൊക്കെ പറഞ്ഞതാ പിന്നെ എനിക്കെന്താ നല്ലൊരു ജോലി ഇല്ലേ പിന്ന കാണാനും സ്റ്റൈൽ അല്ലെ നല്ല വെണ്ണയുടെ നിറമുള്ള എന്നെ ആർക്കാ ഇഷ്ടമാവാതെ…. വെണ്ണയുടെ നിറമുണ്ടെന്ന് പറഞ്ഞിട്ടെന്ത് കാര്യം നാക്ക് തൈര് പോലെ പുളിച്ചത് അല്ലെ അനു അവളെ ആക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…

അനു മതി നീ വേഗം ബേക്കറിയിൽ പോയി ലഡുവും ജിലേബിയും കേക്കും കുറച്ചു മുറുക്കും വാങ്ങി വാ ആ പിന്നെ പഴവും വാങ്ങിക്കോ അര കിലോ മതി… ആ പൈസ താ… ഐഷു നിന്റെ കയ്യിലുള്ള പൈസ കൊടുക്ക് എന്റെ കയ്യിൽ ഇപ്പൊ ഇല്ലാ സുമ ഐഷുവിനെ നോക്കി പറഞ്ഞു… കുഞ്ഞേച്ചി എന്തിനാ പൈസ തരുന്നേ വല്യേച്ചി തരട്ടെ അവളെ കാണാൻ അല്ലെ ആള് വരുന്നത് പിന്നെന്താ… എനിക്ക് ഡ്രെസ്സും വേറെ കുറച്ചു സാധങ്ങളൊക്കെ വാങ്ങിക്കാനുള്ളതാ അതോണ്ട് ഐഷുന്റെ കയ്യിൽ നിന്ന് വാങ്ങിക്കോ… കുഞ്ഞേച്ചി ട്യൂഷൻ എടുത്ത് അവൾക്ക് വേണ്ടി കൂട്ടിവെക്കുന്നത് ചേച്ചിക്കും ഡ്രെസ്സ് ഒക്കെ വാങ്ങണ്ടേ… അനു ദേഷ്യത്തോടെ പറയാൻ തുടങ്ങി. അനു വെറുതെ ഓരോന്ന് പറഞ്ഞ് പ്രശ്നം വലുതാക്കേണ്ട ഇപ്പോ നീ പോയി സാധനമൊക്കെ വാങ്ങി വാ അവര് വരാൻ സമയമായി… ഐഷു അപ്പോഴേക്കും പൈസ അവന്റെ കയ്യിൽ വച്ചുകൊടുത്തിരുന്നു. അച്ചുവിനെ ഒന്ന് രൂക്ഷമായി നോക്കി അവന്റെ സൈക്കിളും എടുത്ത് പോയി.

അനു കൊണ്ടുവന്ന സാധനങ്ങളൊക്കെ പ്ലേറ്റിൽ വെക്കുന്ന തിരക്കിലാണ് ഐഷു അനുവാണെങ്കിൽ അതില് നിന്ന് ഓരോന്നും കൈയിട്ടു വാരുന്നുമുണ്ട് അവന്റെ കൈക്ക് ഒരു തട്ട് കൊടുത്ത് അവള് വീണ്ടും എടുത്ത് വെക്കാൻ തുടങ്ങി ശേഷം ചായക്ക് വെള്ളവും എടുത്ത് വച്ചു. ആ വെള്ള പിശാച് എവിടെ…….. ഒരു മുറുക്ക എടുത്ത് കടിച്ചു കൊണ്ട് അവൻ ചോദിച്ചു. ടാ നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ചേച്ചിയെ അങ്ങനെ വിളിക്കരുതെന്ന് നമ്മളെക്കാൾ എത്ര വയസ്സിനു മൂത്തതാണ് ചേച്ചി ആ ഒരു ബഹുമാനം നമ്മള് കൊടുക്കണം. ഓ പിന്നെ എത്ര വയസ്സുണ്ടെന്ന് പറഞ്ഞിട്ട് എന്താ കാര്യം അതിന് അനുസരിച്ചുള്ള ബുദ്ധി ഇല്ലല്ലോ. ടാ. അവന് നേരെ കൈ പൊക്കിയപ്പോഴേക്കും അവൻ ഓടിയിരുന്നു… അവൻ പോയ വഴിയേ ഒന്ന് നോക്കി ചിരിച്ചു പിന്നെ തിളച്ച വെള്ളത്തിൽ ചായപൊടിയും പഞ്ചസാരയും ഇട്ടു, അതിന് ശേഷം അതിലേക്ക് തിളച്ച പാല് ഒഴിക്കുമ്പോഴാണ് അനു അവര് വന്നു എന്ന് പറയുന്നത്. അതുകൊണ്ട് വേഗം അവള് ചായ ഓരോ ഗ്ലാസ്സിലേക്കും പകർന്നു ഒരു വലിയ പ്ലേറ്റിൽ (ട്രേ ഇല്ലാ )എടുത്ത് വച്ചു.

അനു നേരത്തെ പറഞ്ഞിരുന്നു 4 ആളെ ഉള്ളു എന്ന് അതോണ്ട് നാൾ ഗ്ലാസ്‌ മാത്രമേ ആക്കി വച്ചുള്ളു. കുറച്ചു കഴിഞ്ഞപ്പോഴേക്കും അച്ചു അടുക്കളയിലേക്ക് വന്നു. ഒരു ടെൻഷനും മുഖത്തില്ല. ആകെ മൊത്തം മേക്കപ്പിൽ കുളിച്ചിട്ടാണുള്ളത് എന്നാലും ആള് ഗ്ലാമർട്ടോ ഒരു സിംപിൾ സാരീയാണ് ഉടുത്തിട്ടുള്ളത് അവൾക്ക് അത് നന്നായി ചേര്ന്നുമുണ്ട്. ഡീ എല്ലാം റെഡിയായോ…….. ഒരു ആഗ്നസ്വരത്തോടെ അച്ചു ചോദിച്ചു. “ഹ്മ്മ്” “നിനക്ക് നല്ലൊരു ചുരിദാർ എടുത്ത് ഇട്ടൂടെ ഇത്‌ ഇപ്പൊ ദാവണി ഒക്കെ ചുറ്റിയിട്ട് ഞാൻ പറഞ്ഞത് അല്ലെ വരുന്നത് ഹൈ ക്ലാസ്സ്‌ ആൾക്കാരാണെന്ന് അവര് മുന്നിൽ എന്നെ നാണം കെടുത്താനാണോ ഓരോ പട്ടിക്കാട്ടു വേഷവുമായി ഇറങ്ങിക്കോളും” “അത് ചേച്ചി ഞാൻ” “എന്ത് പറഞ്ഞാലും കണ്ണിൽ വെള്ളം നിറച്ചു നിന്നോണം അന്നേരം ആരും ഒന്നും പറയില്ലല്ലോ” ശബ്ദം താഴ്ത്തി ദേഷ്യത്തോടെ അച്ചു പറഞ്ഞ്… അപ്പോഴും നമ്മുടെ ഐഷു വിതുമ്പി കൊണ്ട് നിൽക്കുകയാണ്.. “മതി ആ കണ്ണ് തുടക്ക വെറുതെ ആൾക്കാരെ കൊണ്ട് പറയിപ്പിക്കാൻ ആ അനു എങ്ങാനും കണ്ടാൽ ഞാൻ എന്തേലും പറഞ്ഞെന്ന് പറയും നല്ല ദിവസമായിട്ട് വെറുതെ എന്റെ മൂഡ് കളയല്ലേ” ഐഷു അത് കേട്ട് ദാവണി തുമ്പ് കൊണ്ട് വേഗം മുഖം തുടച്ചു എന്നാലും അവളുടെ കണ്ണുകൾ നിറഞ്ഞു കൊണ്ടേയിരുന്നു.

“മോളെ അച്ചു ആ ചായയും എടുത്ത് വാ” അപ്പോഴേക്കും സുമ വന്നു പറഞ്ഞു…. അവിടെയുള്ള രണ്ട് പ്ലേറ്റ് സുമയും എടുത്തു അതിന് ശേഷം ഐഷുവിനെ ഒന്ന് നോക്കി അർത്ഥം മനസിലായത് പോലെ ഐഷു ബാക്കിയുള്ള രണ്ട് പ്ലേറ്റും എടുത്ത് അവരുടെ പിന്നാലെ പോയി…….. ഒരു കുഞ്ഞു സോഫയുണ്ട് പിന്നെ മൂന്നു കസേരകളും അതിലാണ് വന്നവരൊക്കെ ഇരിക്കുന്നത് അതിന് മുന്നിലായി ചെറിയൊരു മേശയുണ്ട് അച്ചു ഓരോ ആൾക്കും ചായ കൊടുക്കുമ്പോഴേക്കും സുമയും ഐഷുവും പലഹാരങ്ങൾ മേശയിൽ വച്ചു ഒരു നിമിഷം അവള് വന്നവരെയൊക്കെ കണ്ണോടിച്ചു..

ഒരു ആഢ്യത്തമുള്ള സ്ത്രീയെയാണ് ആദ്യം കണ്ടത് അതാണ് അമ്മ അവരെ കണ്ടാൽ തന്നെ അറിയാം അഹങ്കാരത്തിനു കൈയും കാലും വച്ച സ്ത്രീയാണെന്ന് പിന്നെയുള്ളത് സന്ദീപ് ഏട്ടൻ ഒരു പാവമാണെന്നു ഒറ്റ നോട്ടത്തിൽ അവൾക്ക് തോന്നി പിന്നെയുള്ളത് കുറച്ചു വയസ്സായ ആളാണ് അത് ആരാണെന്ന് മനസിലായില്ല പിന്നെയുള്ള ആളെ കണ്ട് ഐഷു ഒന്ന് ഞെട്ടി ഇന്നലെ കോഫി ഷോപ്പിൽ വച്ചു കണ്ട സിദ്ധാർഥ് അവള് അവനെ നോക്കിയപ്പോൾ തന്നെ അവനും അവളിലേക്ക് ഒരു നോട്ടം എറിഞ്ഞു. ഒരു കുസൃതി ചിരിയോടെ അവൻ നോക്കിയതും ഐഷു വേഗം അടുക്കളയിലേക്ക് പിൻവലിഞ്ഞു. അടുക്കളയിലേക്ക് വന്നിട്ടും ഐഷുവിന് പേടി മാറിയില്ല ഇന്നലെ കണ്ട കാര്യം സിദ്ധാർഥ് എല്ലാവരോടും പറയുമോ എന്ന ഭയം അവളെ വേട്ടയാടി കൊണ്ടേയിരുന്നു. ഹാളിൽ നിന്ന് അവരുടെ സംസാരമൊക്കെ കേൾക്കുന്നുണ്ട് രണ്ടാമത്തെ മകളാണെന്ന് പറഞ്ഞു ഐഷുവിനെ പരിചയപ്പെടുത്തി കൊടുക്കുന്നതും അവള് കേട്ടു.

പിന്നെയും അവിടുത്തെ സംസാരങ്ങൾ നീണ്ടു പോയി പക്ഷെ അതൊന്നും ശ്രദ്ധിക്കാവുന്ന മാനസികാവസ്ഥയിൽ ആയിരുന്നില്ല ഐഷു. ഡീ കുഞ്ഞേച്ചി നീ ഇത്‌ എന്ത് സ്വപ്നം കണ്ടു ഇരിക്കുകയാ അടുക്കളപുറത്തെ സ്റ്റെപ്പിൽ താടി കൈ കുത്തി ഇരിക്കുന്ന ഐഷുവിനെ അനു പോയിട്ട് ഒന്ന് തട്ടിയിട്ട ചോദിച്ചു ഒന്നുമില്ല ഡാ അല്ല അവരൊക്കെ പോയോ…. പിന്നെ ഇല്ലാതെ അവരൊക്കെ നേരത്തെ പോയി…. എല്ലാം ഉറപ്പിച്ചോ….. ഹ്മ്മ് ഏകദേശം എന്നാലും വല്യേച്ചി അവൾക്കുള്ള പണി ചോദിച്ചു വാങ്ങിയില്ലേ……. നീ എന്തൊക്കെയാ ചെക്കാ ഈ പറയുന്നേ…. പിന്നെ അല്ലാതെ ആ സന്ദീപ് ഏട്ടന്റെ അമ്മയെ കണ്ടില്ലേ അവര് എന്തായാലും ചേച്ചിക്ക് സ്വസ്ഥത കൊടുക്കില്ല, ഇവിടെ വന്നതേ അവർക്ക് പിടിച്ചില്ല എല്ലാം ഒരു പുച്ഛ ഭാവത്തോടെയാണ് നോക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്തത്.

പിന്നെ ആ ഏട്ടന്മാർ രണ്ടാളും പാവങ്ങളാണെന്ന് തോനുന്നു എനിക്ക് സിദ്ധു ഏട്ടനെയാട്ടോ ഇഷ്ടപ്പെട്ടത്…. സിദ്ധു ഏട്ടനോ…. ഒരു ഞെട്ടലോടെ ഐഷു ചോദിച്ചു. ആ സന്ദീപ് ഏട്ടന്റെ അനിയനാണ് എന്നോട് കുറെ നേരം സംസാരിച്ചു…. എന്താ ഇത്രക്ക് സംസാരിക്കാൻ ഒരു പേടിയോടെ ഐഷു ചോദിച്ചു. എല്ലാരെ പറ്റിയും പറ്റിയും ചോദിച്ചു പിന്നെ എന്റെ സ്കൂളും ചേച്ചി ഏത് കോളേജിലാ പഠിക്കുന്നെ എന്നൊക്കെ ചോദിച്ചു…. ഹ്മ്മ്…. നീ എന്തൊക്കെയാ ഈ പറയുന്നേ ആ മുഴുവൻ തുകയും നിന്റെ കല്യാണത്തിന് എടുക്കാൻ കഴിയില്ലാ അത് ഐഷുവിന് കൂടെ അവകാശപ്പെട്ടതാ ഹാളിൽ നിന്നുള്ള സൗണ്ട് കേട്ട് അനുവും ഐഷുവും വേഗം അവിടേക്ക് പോയി. അപ്പൊ എന്റെ കല്യാണത്തിന് സ്വർണവും ഡ്രെസ്സുമൊക്കെ വാങ്ങണ്ടേ അവരുടെ ഒപ്പം എത്തില്ലെങ്കിലും എന്റെ കയ്യിൽ കുറച്ചു അധികം പൊന്ന് വേണം അതോണ്ട് ആ ബാങ്കിലുള്ള മുഴുവൻ തുകയും എടുക്കണം ഇല്ലെങ്കിൽ കടം വാങ്ങിക്കോ. കടം വാങ്ങാനോ നീ എന്ത് എളുപ്പത്തിലാണ് പറയുന്നത് ആര് അത് തിരിച്ചടക്കും….

അതൊന്നും എനിക്ക് അറിയേണ്ട എനിക്ക് നല്ല ആർഭാടത്തോടെ തന്നെ നടത്തണം പിന്നെ നിങ്ങള് പേടിക്കേണ്ട അവരുടെ അടുത്ത് നിന്ന് കുറച്ചു ആൾക്കാരെ ഉണ്ടാകു എല്ലാരേയും കൊണ്ട് വന്നു അവര് അവരുടെ സ്റ്റാറ്റസ് കളയില്ല എങ്കിലും വൈകുന്നേരം അവിടെ റിസപ്ഷൻ ഒക്കെ ഉണ്ടാവില്ലേ അതോണ്ട് കുറച്ചു അധികം ആഭരണങ്ങൾ ഒക്കെ വാങ്ങണം…. അപ്പൊ ഐഷുവിന്റെ കല്യാണത്തിന് എന്ത് എടുക്കും…. അതൊന്നും എനിക്ക് അറിയേണ്ട പിന്നെ അവള് ഇപ്പോഴേ കല്യാണം കഴിക്കാൻ ഒന്നും പോകുന്നില്ലല്ലോ…. ഈ വര്ഷം തന്നെ അവളുടെ കല്യാണം നടത്തണം സുമ തറപ്പിച്ചു പറഞ്ഞു. അനു പറഞ്ഞെ അറിഞ്ഞെങ്കിലും ഒരു ഞെട്ടലോടെ അവള് സുമയെ നോക്കി…. അതൊക്കെ നിങ്ങള് എന്താണെന്ന് വച്ചാൽ തീരുമാനിച്ചോ ഞാൻ എന്റെ കാര്യം പറഞ്ഞു അത്ര തന്നെ….

അതെങ്ങനെ ശെരിയാവും വല്യേച്ചിനെ പോലെ തന്നെയല്ലേ കുഞ്ഞേച്ചിയും അനു ദേഷ്യത്തോടെ ചോദിച്ചു. വലിയവർ സംസാരിക്കുമ്പോ നീ അതില് ഇടപെടേണ്ട. അതും പറഞ്ഞു അച്ചു ദേഷ്യത്തോടെ അവളുടെ റൂമിലേക്ക് പോയി ശക്തിയിൽ വാതിൽ അടച്ചു…. എന്നിട്ട് അമ്മ എന്ത് തീരുമാനിച്ചു…. സോഫയിൽ ചെന്ന് ഇരുന്ന സുമയോട് അനു ചോദിച്ചു….. അനു മതി നീ ഇപ്പൊ പോയി പഠിക്ക…. അല്ല കുഞ്ഞേച്ചി…. അനു നിന്നോട് പറഞ്ഞു ഇപ്പൊ ഒരു സംസാരം വേണ്ട…. ഐഷു കുറച്ചു ഗൗരവത്തോടെ അവനോട് പറഞ്ഞതും അവൻ റൂമിൽ പോയി. ഒരു നിമിഷം അവള് അവിടെ നിന്ന് സുമയെ നോക്കി പിന്നെ അടുക്കളയിലേക്ക് പോയി ഉച്ചക്കുള്ള ഫുഡ് ആക്കാൻ തുടങ്ങി. ഞായറാഴ്ചകളിൽ ഐഷുവാണ് എല്ലാം തയ്യാറാക്കുന്നത്. തിന്നാൻ അറിയാം എന്നല്ലാതെ അച്ചുവിന ഫുഡ് വെക്കാൻ ഒന്നും അറിയത്തില്ല. രാവിലെ വാങ്ങി മീൻ മുറിക്കുമ്പോഴും ഐഷു ഓരോ ചിന്തയിലായിരുന്നു, എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്ന് മനസ്സ് പറയുന്നത് പോലെ.

മീൻ കറിയും പരിപ്പ് കറിയും പിന്നെ പയർ വറവും ആക്കി കഴിയുമ്പോഴേക്കും സമയം ഉച്ചയായി. പിന്നെ അവള് വേഗം പോയി കുളിച് എല്ലാരേയും ഫുഡ് കഴിക്കാൻ വിളിച്ചു. സുമക്ക് ഏതോ ഡ്രെസ്സ് അത്യാവിശ്യമായി തയ്ച്ചു കൊടുക്കാനുള്ളത് കൊണ്ട് ഇന്ന് അടുക്കളയിലേക്ക് വന്നില്ല അല്ലെങ്കിൽ അവര് പച്ചക്കറിയൊക്കെ മുറിച് ഇടാൻ സഹായിക്കും, പിന്നെ രാവിലത്തെ ടെൻഷനും അവരെ ബാധിച്ചിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോഴും ആരും ഒന്നും സംസാരിച്ചില്ല…. നാളെ എല്ലാവർക്കും ക്ലാസ്സിനും കോളേജിലും പോകേണ്ടത് കൊണ്ട് ഐശു എല്ലാ ജോലിയും ഒതുക്കി വേഗം കിടന്നു.

രാവിലെ കോളേജിൽ പോകുന്ന ദിവസങ്ങളിൽ ഐഷുവിന്റെ ആദ്യ ജോലി മുറ്റം അടിക്കലാണ് അത് കഴിഞ്ഞ് തലേ ദിവസത്തെ ഡ്രസ്സ് ഒക്കെ കഴുകിയിടണം അപ്പോഴേക്കും സുമ രാവിലേക്കുള്ള ഭക്ഷണം തയ്യാറാക്കും പിന്നെ ഉച്ചക്ക് അവർക്ക് കൊണ്ടുപോകാനുള്ള കറിയാക്കുന്നത് ഐഷുവാണ് ചോറും വറവും സുമ ആക്കി വെക്കും. എല്ലാം കഴിഞ്ഞ് അനുവും ഐഷുവും ഒന്നിച്ചാണ് ബസ് സ്റ്റോപ്പിലേക്ക് പോവുക അവിടെ അഞ്ചു കാത്തുനിൽപ്പുണ്ട്, അനുവിന്റെ സ്കൂൾ അവിടുന്ന് നടക്കാനുള്ള ദൂരമേയുള്ളൂ അപ്പൊ അവനും അവിടുന്ന് കൂട്ടുകാരുടെ കൂടെ പോകും. ബസ് ഇറങ്ങി കോളേജിലേക്ക് നടക്കുമ്പോ അഞ്ചു തന്നെ സംസാരത്തിന് തുടക്കം ഇട്ടു…. ഡീ ഐഷു…. ഹ്മ്മ്…. നിനക്ക് കോൾ അടിച്ചല്ലോ…. എന്ത്…. അവള് നെറ്റി ചുളിച്ചു അഞ്ചുവിനെ നോക്കി. അന്ന് നമ്മള് കോഫി ഷോപ്പിൽ പോയപ്പോൾ അരുണേട്ടന്റെ ഫ്രണ്ടിനെ പരിചയപെട്ടില്ലേ…. ഹ്മ്മ്…. താല്പര്യമില്ലാതെ ഐഷു മൂളി….

ആ സിദ്ധു ഏട്ടൻ നിന്നെ പറ്റി ചോദിക്കാൻ എന്നെ വിളിച്ചിരുന്നു നിനക്ക് ലവർ ഉണ്ടോ എന്നൊക്കെ എന്നോട് ചോദിച്ചു ഹ്മ്മ് ഇത്‌ അത് തന്നെ മോളെ…. നീ എന്തൊക്കെയാ പറയുന്നേ അഞ്ചു നിന്നോട് ആരാ എന്നെ കുറിച്ച് പറഞ്ഞു കൊടുക്കാൻ പറഞ്ഞെ…. കുറച്ചു ദേഷ്യത്തോടെയാണ് ചോദിച്ചതെങ്കിലും ഐഷുവിന് സങ്കടം വരുന്നുണ്ടായിരുന്നു. എടി ഇത്‌ അങ്ങനെയല്ല സിദ്ധു ഏട്ടൻ നല്ല ഏട്ടനാ പോരാഞ് എന്താ ലുക്ക്‌ പിന്നെ കോടീശ്വരനും പിന്നെ എന്ത് വേണം…. നീ എന്തിനാ ഇതൊക്കെ എന്നോട് പറയുന്നേ…. അല്ല ചിലപ്പോ നിന്നെ വന്നു പ്രൊപോസ ചെയ്യാൻ താല്പര്യമുണ്ട്…. നിനക്ക് വട്ടാണോ അല്ല നിന്നെ എപ്പോഴാ ആ ഏട്ടൻ വിളിച്ചത്…. നമ്മള് ശനിയാഴ്ച അല്ലെ പോയത് ആ അന്ന് രാത്രി അരുണേട്ടന്റെ കൂടെ ആ ഏട്ടനും ഉണ്ടായിരുന്നു…. ഹ്മ്മ് എന്നാലേ ഇന്നലെ ആ ഏട്ടൻ എന്റെ വീട്ടിൽ വന്നായിരുന്നു എന്തിന് 🙄…. ഞെട്ടികൊണ്ട് അഞ്ചു ചോദിച്ചു…. പെണ്ണ്കാണാൻ…. ങേ നിനക്ക് വട്ടായോ നീ എന്തൊക്കെയാ ഈ പറയുന്നേ….

സത്യമാണ് ഇന്നലെ ആ ഏട്ടന്റെ കുടുംബമടക്കം വന്നു പെണ്ണ്കാണാൻ…. സത്യമാണോ ഡീ…. ആ പിന്നെ ആ ഏട്ടൻ ഇപ്പൊ ഞങ്ങളുടെ ഏട്ടനാ…. ഏട്ടനോ ഒന്ന് തെളിച്ചു പറ മോളെ അല്ലെങ്കിലേ കിളി പാറി നിൽക്കുകയാ…. ആ സിദ്ധാർഥ് ഏട്ടന്റെ ഏട്ടനാണ് എന്റെ ചേച്ചിയെ കല്യാണം കഴിക്കാൻ പോകുന്നത്…. ആരെ അച്ചു ചേച്ചിയെയോ…. ആ…. ആ ഏട്ടന് ഇതിലും വലിയ പണി സ്വപ്നങ്ങളിൽ മാത്രം…. ഡീ എന്റെ ചേച്ചിയെ ഒന്നും പറയണ്ട…. ഓ ഞാൻ ഒന്നും പറയുന്നില്ലേ…. അപ്പൊ നിങ്ങള് ബന്ധുക്കൾ ആകാൻ പോവുകയാ അല്ലെ…. ഹ്മ്മ്…. അപ്പൊ പിന്നെ കാര്യങ്ങളൊക്കെ എളുപ്പമായി…. എന്റെ അഞ്ചു നീ ഒന്ന് വരുന്നുണ്ടോ എനിക്ക് അങ്ങനെയൊന്നുമില്ല…. ഡീ ഞാൻ ഇനി സീരിയസായിട്ട് നിന്നോട് ഒരു കാര്യം ചോദിക്കട്ടെ…. ഹ്മ്മ്…. നിനക്ക് സിദ്ധു ഏട്ടനെ ഇഷ്ടായോ…. ഇഷ്ടായി പക്ഷെ നീ വിചാരിക്കുന്നത് പോലെയുള്ള ഇഷ്ടമല്ല….

ഡീ നിനക്ക് അറിയാതൊണ്ട ആ ഏട്ടൻ കുറെ ചാരിറ്റിയൊക്കെ ചെയ്യാറുണ്ട് അതും ആരെയും അറിയിക്കാതെ പിന്നെ നമ്മുടെ കോളേജിൽ തന്നെ കുറെ കുട്ടികളെ സ്പോൺസർ ചെയുന്നുണ്ട്, ആ ടൗണിലുള്ള ഓൾഡ് ഏജ് ഹോം ഇല്ലേ എല്ലാ വിശേഷ ദിവസങ്ങളിലും അവർക്ക് ഡ്രെസ്സ് എടുത്ത് കൊടുക്കും പിന്നെ ആ ദിവസത്തെ ഫുൾ ചിലവും ഏട്ടന്റെ വകയായിരിക്കും. നീ പറഞ്ഞത് ഒക്കെ സത്യം തന്നെയായിരിക്കും പക്ഷെ എന്ത് പറഞ്ഞാലും എനിക്ക് വേറെ ഒരു തരത്തിലുമുള്ള ഇഷ്ടം ആ ഏട്ടനോട് ഇല്ലാ…. ആ എന്ന നീ തന്നെ നേരിട്ട് പറഞ്ഞോ…. നേരിട്ടോ…. ഇന്ന് ഈവെനിംഗ് വരും എന്ന് പറഞ്ഞിന്…. എന്റെ ദേവി നിനക്ക് വേറെ പണിയില്ലേ അഞ്ചു കോളജിൽ നിന്ന് ആരെങ്കിലും കണ്ടാൽ പ്രശ്നമാവില്ലേ…. ഇല്ല ഡീ…. ക്ലാസ്സിൽ ഇരിക്കുമ്പോഴും വൈകുന്നേരം സിദ്ധു വരുമോ എന്ന ചിന്തയിലായിരുന്നു ഐഷു….. അഞ്ചു പറഞ്ഞതൊക്കെ കേട്ടപ്പോൾ ഒരു ഇഷ്ടമുണ്ട് പക്ഷെ അത് പ്രണയമാണോ അല്ല അല്ലെങ്കിൽ തന്നെ അവരെയൊക്കെ സ്വപ്നം കാണാനുള്ള യോഗ്യത പോലും തനിക്കില്ല.

പക്ഷെ ഐഷുവിന് ഏറ്റവും വലിയ പേടി അവര് സംസാരിക്കുന്നത് ആരെങ്കിലും കണ്ടാലോ എന്നാണ്. വൈകുന്നേരം ക്ലാസ്സ്‌ തീർന്നപ്പോൾ തൊട്ട് മിടിക്കാൻ തുടങ്ങിയതാണ് ഐഷുവിന്റെ നെഞ്ച്, പേടി കൊണ്ട് അവളുടെ രണ്ട് കൈയും വിയർത്തു ഐസ് പോലെയായിട്ടുണ്ട്. പക്ഷെ പ്രതീക്ഷിച്ചത് പോലെ സിധുവും അരുണും വന്നില്ല. അത് കൊണ്ട് സന്തോഷമായത് ഐഷുവിനാണ് അഞ്ജുവിന് സങ്കടവും. എന്നാലും അവര് പറഞ്ഞു പറ്റിച്ചല്ലോ…. അല്ലെങ്കിലും നീ പറഞ്ഞത് ഞാൻ വിശ്വസിച്ചിട്ടൊന്നുമില്ല…. അല്ലെ ഡീ സത്യമായിട്ടും പറഞ്ഞിന് സിദ്ധു ഏട്ടന് നിന്നെ ഇഷ്ടമാണെന്നും ഇന്ന് കാണാൻ വരുമെന്നും പക്ഷെ അരുണേട്ടനാണ് പറഞ്ഞെതെന്ന് മാത്രം…. ആ അരുണേട്ടൻ ചുമ്മാ നിന്നെ പറ്റിക്കാൻ പറഞ്ഞതായിരിക്കും…. ഏയ്യ് അങ്ങനെയാണെങ്കിൽ സിദ്ധു ഏട്ടൻ എന്തിനാ നിന്നെ പറ്റി ചോതിക്കുന്നെ…. എന്റെ അഞ്ചു ഒന്ന് നിർത്തുന്നുണ്ടോ ഈ സിദ്ധു പുരാണം കേട്ട് ഞാൻ മടുത്തു…. ഞാൻ ഇനിയൊന്നും പറയുന്നില്ല…. ആ അതാ നല്ലത് ഒരു ചിരിയോടെ രണ്ടാളും ബസ് സ്റ്റോപ്പിലേക്ക് നടന്നു. –

സന്ധ്യക്ക് വിളക്ക് കൊളുത്തി പ്രാര്ഥിക്കുമ്പോഴും ഐഷുവിന്റെ പ്രാർത്ഥന ഇനി സിധുവിനെ കാണല്ലേ എന്നാണ് പക്ഷെ ഇനി കാണാനുള്ള അവസരങ്ങൾ കൂടുകയാണെന്ന് അവൾക്കും അറിയാമായിരുന്നു. ഐഷു നാളെ നീ ലീവ് ആക്കിക്കോ രാത്രി എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴാണ് സുമ പറഞ്ഞത്. എന്തിന്…. പറഞ്ഞത് ഐഷുവിനോടാണെങ്കിലും ചോദിച്ചത് അനുവാണ്. ഐഷു നാളെ നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്…. വായിൽ വെക്കാൻ ഇരുന്ന് ഒരു ഉരുള ചോർ പ്ലേറ്റിലേക്ക് ഇട്ട് ഐഷു ദയനീയമായി സുമയെ നോക്കി. കൂട്ടരോ…. അനു വീണ്ടും ചോദിച്ചു. അതെ പെണ്ണ് കാണാൻ അവര് നാളെ വരും….. തുടരും….എല്ലാർക്കും ഇഷ്ടമാവുന്നുണ്ടെന്ന് വിചാരിക്കുന്നു അഭിപ്രായം പറയണേ