19/04/2026

ജനനി : ഭാഗം 12

രചന – രോഹിണി ആമി

തോളിൽ തല ചായ്ച്ചു വച്ചിരിക്കുന്ന ജനിയോട് സിദ്ധു ചോദിച്ചു…….. ഒരുപാട് വിഷമിപ്പിച്ചോ…… മ്മ്…… കൊല്ലുന്നതായിരുന്നു ഇതിലും ഭേദം……. എന്നെ തേടിവരുമെന്നു സ്വപ്നത്തിൽ കൂടി വിചാരിച്ചില്ല ഞാൻ……. നീ എന്നെ സ്നേഹിക്കുന്നതിന്റെ പകുതി പോലും ഞാൻ സ്നേഹിച്ചിരുന്നില്ലന്ന് തോന്നിപ്പോകുവാ……. പകുതി അല്ല……. ഒട്ടുമില്ല എന്നു പറയുന്നതാവും സത്യം…… അതു നിന്റെ തോന്നലാണ് ജനീ…….. ഞാൻ ശ്രീയെ സ്നേഹിച്ചതും അവളെന്നെ വേണ്ടാന്നു വച്ചതും പ്രായത്തിന്റെ പക്വത ഇല്ലായ്മയായി കരുതാം…….. ഇത്‌ ഞാൻ നന്നായി തീരുമാനിച്ചു എടുത്തതാണ്……. പക്ഷേ നിന്റെ പ്രായം മാത്രമായിരുന്നു എന്നെ പിന്നോട്ടു വലിച്ചത്…… നീ കുഞ്ഞു പെണ്ണാണ്….. എന്നെ ഇഷ്ടമാകുമോന്ന് ഒരു പേടിയുമുണ്ടായിരുന്നു…..

അതാ….. ഇതെന്നാ താടിയും മുടിയും ഒന്നും വെട്ടാതെ……. ഒരു കോലമായി……… താടിയിൽ വിരലോടിച്ചു ജനി ചോദിച്ചു…….. അതൊന്നും ശ്രദ്ധിക്കാൻ തോന്നിയില്ല…… മനസ്സിൽ നീ മാത്രമായിരുന്നു ജനി…..നിന്നെ നഷ്ടപ്പെടുത്തിയതിന്റെ വേദന മാത്രമായിരുന്നു……. ഇപ്പോഴും എനിക്ക് വിശ്വാസം വന്നിട്ടില്ല……….നീ എന്റെ അടുത്തു പോലും ഇരിക്കുന്നത് സ്വപ്നം ആണോന്നു സംശയം ഉണ്ട്…….. സിദ്ധുവിന്റെ വിരല് പിടിച്ചു ഒരു ഞൊട്ട വിട്ടു ജനി…….. ആ……….. സംശയം മാറിയോ……. നിനക്ക് എന്നോടുള്ള പേടിയൊക്കെ പോയോ പെണ്ണേ……… ആദ്യമൊക്കെ പേടി ആയിരുന്നു……. പിന്നീട് ബഹുമാനം……. പിന്നെ ദേഷ്യം……. ഇപ്പോൾ അടങ്ങാത്ത സ്നേഹം……… സിദ്ധു ജനിയുടെ മുഖത്തേക്ക് നോക്കിയിരുന്നു……..

കുറച്ചു നേരം…. അതൊക്കെ പോട്ടെ………. നീ വീട്ടിൽ പറഞ്ഞിട്ടാണോ വന്നത്…….. അയ്യോ….. അല്ല……. അനിക്കുട്ടൻ ഇപ്പോൾ എന്നേ തിരക്കുന്നുണ്ടാവും…….. എനിക്കു പോണം……. ജനി ചാടിയെഴുന്നേറ്റു…….. അതിനു ഞാൻ വിട്ടിട്ടു വേണ്ടേ………. ഇനി നീ പോകണമെങ്കിൽ എന്റെ സമ്മതം വേണം…….. സിദ്ധു ജനിയുടെ കയ്യിൽ പിടിച്ച് വീണ്ടും അടുത്തിരുത്തി…. ആരു പറഞ്ഞു…….. അങ്ങനെയൊന്നും ഞാൻ ആർക്കും എന്നെ തീറെഴുതി കൊടുത്തിട്ടില്ല……. ഇല്ലേ………. അതുംപറഞ്ഞു സിദ്ധു എഴുന്നേറ്റു കൈലി മടക്കിക്കുത്തി ജനിയെ രണ്ടു കയ്യിലും കോരിയെടുത്തു………. അയ്യേ……. എന്നേ നിലത്തു നിർത്തൂ…… പ്ലീസ്………. ജനി പറയുന്നതൊന്നും ശ്രദ്ധിക്കാതെ സിദ്ധു അകത്തേക്കു നടന്നു…… ഞാൻ ഇനി സമ്മതം ചോദിച്ചോളാം…….. ഇപ്പോൾ താഴെ നിർത്ത്…….. രാധമ്മ കാണും……. നാണക്കേടാ……. ജനി പറഞ്ഞു കൊണ്ടേ ഇരുന്നു………. സിദ്ധു താഴെ നിർത്തില്ലാന്ന് മനസ്സിലായപ്പോൾ ജനി രണ്ടു കൈയ്യും എടുത്തു മുഖം മറച്ചു പിടിച്ചു………

എവിടെയോ കൊണ്ടുകിടത്തിയതുപോലെ തോന്നി……. പതിയെ കണ്ണു തുറന്നു……. സിദ്ധു മുന്നിൽ ചിരിച്ചു നിൽപ്പുണ്ട്…… ആരോ അടുത്ത് കിടപ്പുണ്ട്…. രാധമ്മ…….. ഉറക്കമാണ്……. ഈശ്വരാ…. അമ്മ എന്തു വിചാരിക്കും……. ജനി പതിയെ എഴുന്നേൽക്കാൻ നോക്കി…. അമ്മേ…… അമ്മേ…… ഇതാരാന്നു നോക്ക്…… സിദ്ധു അമ്മയെ തൊട്ടു വിളിച്ചു…… വിളിക്കല്ലേ ന്നു……. ജനി ദയനീയമായി സിദ്ധുവിനെ നോക്കി….. അമ്മ കണ്ണു തുറന്നു……. ജനിയെ കണ്ടു അത്ഭുതപ്പെട്ടു……. കണ്ണു തിരുമ്മി……. ക്ലോക്കിൽ സമയം നോക്കി…….. അമ്മേ……. ഇവൾക്ക് എന്നോട് ഭയങ്കര സ്നേഹം……. അതിരാവിലെ വന്ന് എന്നോട് കെട്ടാമോന്ന് ചോദിക്കുന്നു…….എന്താ അമ്മേടെ അഭിപ്രായം………… സിദ്ദു ചോദിച്ചു…. ജനി ഞെട്ടി സിദ്ധുവിനെ നോക്കി……. ദുഷ്ടൻ……… കാലുവാരിക്കളഞ്ഞു……… നട്ടാൽ കുരുക്കാത്ത കളവ് പറയുന്ന കേട്ടോ……. അയ്യേ …….. ജനി കണ്ണടച്ചു പിടിച്ചു…………

അവളെ കളിയാക്കിയാൽ നീ വാങ്ങും സിദ്ധു……. അതു കേൾക്കണ്ട താമസം….. ജനി രാധമ്മയെ കെട്ടിപ്പിടിച്ചു………. അവളെ ആകെയൊന്നു തലോടിയിട്ടു പറഞ്ഞു……….. നീ ആകെ നനഞ്ഞിരിക്കുന്നല്ലോ……. തലയിൽ വെള്ളം താഴില്ലേ………. ഈറനുടുത്തു നടക്കരുത് കുഞ്ഞേ…… ദോഷമാണ്……. പോയി കുളിച്ചിട്ടു വാ…… അമ്മ ചായ തരാം…… ജനി എണീറ്റു രാധമ്മയെ പിടിച്ചു എണീപ്പിച്ചു…… രാധമ്മ കൊടുത്ത ഡ്രെസ്സും എടുത്തു സിദ്ധുവിനെ നോക്കാതെ ബാത്‌റൂമിലേക്ക് പോയി………… ജനി ഓർത്തു……… രാധമ്മയെ പൂവിട്ടു തൊഴണം……… ഈ നേരത്ത് ഞാൻ എങ്ങനെ….. എന്തിന്….. എന്നൊന്നും ചോദിക്കാതെ…….. താൻ വെറുതെ ഭയന്നു….. എപ്പോഴും എന്റെ ഭാഗത്തു നിൽക്കുന്ന ഒരമ്മ……… ഈ സമയം സിദ്ധു അമ്മയോട് പറയുകയായിരുന്നു ജനിയുടെ കാര്യം……. എനിക്കന്നേ കുറച്ചു സംശയം തോന്നിയതാ നിന്നെ…….. അവളു പോയതിനു ശേഷം നിന്റെ മൗനം കണ്ടു ഞാൻ ഉറപ്പിച്ചതുമാ….. പക്ഷേ ജനിക്ക് നിന്നോട് സ്നേഹം ഉണ്ടെന്ന് അമ്മയ്ക് അറിയില്ലായിരുന്നു……..

അങ്ങിനെ അറിഞ്ഞിരുന്നേൽ എന്നേ അവളീ വീട്ടിലെ മോളായേനെ………. ഞാൻ അന്ന് പറഞ്ഞിരുന്നു അവളോട്‌….. അവളെ കെട്ടുന്നവൻ ഭാഗ്യവാനാണെന്നു…… പക്ഷേ ആ ഭാഗ്യവാൻ എന്റെ മോൻ ആവുമെന്ന് അമ്മ സ്വപ്നത്തിൽ കൂടി കരുതിയില്ല………… ഇതെല്ലാം കേട്ടുകൊണ്ട് ജനി നിൽപ്പുണ്ടായിരുന്നു…… ചായ എടുത്തു കയ്യിൽ പിടിപ്പിച്ചു രാധമ്മ…… എന്നിട്ട് കുളിച്ചിട്ടു വരാമെന്നും പറഞ്ഞു പോയി……… ഞാൻ ഇനി പൊക്കോട്ടെ…… അനിക്കുട്ടൻ തിരക്കുന്നുണ്ടാവും……..അവൻ പേടിക്കും…….. ജനി സിദ്ധുവിനോട് ചോദിച്ചു……. അനിക്കുട്ടനോട് ഞാൻ പറഞ്ഞിട്ടുണ്ട്…. കുറച്ചു കഴിയുമ്പോൾ അവൻ ഇങ്ങോട്ടു വരും…… സിദ്ധു അവൾക്കരികിലേക്കു ചേർന്നു നിന്നു……. നിനക്ക് ഇങ്ങോട്ടു തനിച്ചു വരാൻ പേടിയില്ലായിരുന്നോ പെണ്ണേ……. അതും നേരം വെളുക്കും മുൻപ്………ആ മഴയത്തു…….. നിനക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ……… ഞാനിപ്പോ വന്നതാ തെറ്റായത് അല്ലേ ……. ഇന്നും കൂടി ഈ മുഖം കണ്ടില്ലായിരുന്നുവെങ്കിൽ……… ഞാനിപ്പോ ഉണ്ടാകുമായിരുന്നോ എന്നുപോലും സംശയമാണ് എനിക്ക് ……….ഞാൻ എത്ര വിഷമിച്ചുവെന്ന് അറിയുവോ……. ആരെയും നോക്കിയില്ല…….

ആരെയും ഞാൻ കണ്ണിനു കണ്ടില്ല…….പേടി ഒട്ടും തോന്നിയില്ല………കിട്ടിയ വണ്ടിക്ക് കയറി……. ഒരു ലക്ഷ്യം മാത്രം……. ഒന്നു കാണണം…… ക്ഷമിക്കാൻ പറയാനേ പറ്റു എനിക്കു……. നിന്നെ വേദനിപ്പിച്ചതിനും …….. ദേഷ്യപ്പെട്ടതിനും എല്ലാം ….. അമ്മ പറഞ്ഞത് സത്യമാ……. നിന്നെ കിട്ടാൻ ശരിക്കും ഭാഗ്യം ചെയ്യണം ജനീ……….. സിദ്ധു ജനിയുടെ മുഖം കയ്യിലെടുത്തു……….. സൂര്യൻ ഉദിച്ചത് ജനിയുടെ മുഖത്താണെന്നു തോന്നി സിദ്ധുവിന്……. ജനി ഒരു ചിരിയോടെ സിദ്ധുവിനെ മാറ്റി നിർത്തി…….. അവിടെ നിന്നു പറഞ്ഞാൽ മതി….. എനിക്കു ചെവി കേൾക്കാം…… പോയി ഈ താടിയൊക്കെ ഒതുക്കി കുളിച്ചു വാ…… എന്നിട്ട് എന്നെ കൊണ്ടുവിട്………. നിനക്കിന്നു പോണോ ജനീ………പോകണ്ട….. വിടാൻ തോന്നുന്നില്ല……… അയ്യടാ……. ഞാൻ പോകും……. എന്നെ കാണാതിരിക്കാനൊക്കെ പറ്റിയില്ലേ ഇത്രയും ദിവസം……….. ഇപ്പോൾ ഞാൻ തേടി വന്നതുകൊണ്ട് ഈ മനസ്സിലിരിപ്പ് മനസ്സിലായി……..

ഇല്ലെങ്കിലോ……. എന്നെ തേടി വരുമായിരുന്നോ……… ഇല്ലല്ലോ…… ഇപ്പോഴും ഞാൻ കിടന്നു ഉരുകേണ്ടി വന്നേനെ…….. അപ്പോൾ പിന്നെ ഇതൊരു ശിക്ഷയാ…… ഞാൻ തരുന്ന ചെറിയൊരു ശിക്ഷ……. ഏതു ശിക്ഷ വേണമെങ്കിലും ഞാൻ വാങ്ങിക്കോളാം…… എന്തായാലും അനിക്കുട്ടൻ വരട്ടെ….. എന്നിട്ട് പോകാം…. അവനോടും അനുവാദം ചോദിക്കണ്ടേ ഞാൻ…….. അവന്റെ ചേച്ചിയെ എനിക്കിങ്ങു തരുമോന്നു…….. അതു നേരാ…….. ഇളയവൻ ആണേലും അവനോടു ചോദിച്ചു അനുവാദം വാങ്ങണം……. രാധമ്മ പറഞ്ഞു………. അനിക്കുട്ടന്റെ മുഖത്തു നോക്കാനുള്ള ധൈര്യം ജനിക്കുണ്ടായിരുന്നില്ല………. അവളുടെ മുഖത്തു വിരിയുന്ന ഭാവങ്ങൾ കണ്ടപ്പോൾ സിദ്ദുവിന് ചിരി വന്നു………. എന്ത് പണിയാ ചേച്ചി കാണിച്ചത്…… ഇങ്ങോട്ടു വരുവണേൽ ഒന്നു പറഞ്ഞിട്ട് വന്നുടായിരുന്നോ………. ഞാൻ രാവിലെ എഴുന്നേറ്റപ്പോൾ കാണാഞ്ഞിട്ട് പേടിച്ചു പോയി…….

ഇനി തേടാൻ ഒരു സ്ഥലമില്ല…… അവനോടു മറുപടി പറയാൻ വിഷമിക്കുന്ന ജനിയെ കണ്ടിട്ട് രാധമ്മ പറഞ്ഞു…….. പോട്ടെ…… സാരമില്ല മോനെ…….. നിന്നോട് ഒരു കാര്യം ചോദിക്കാനാ ഇങ്ങോട്ടു വിളിപ്പിച്ചത്…….. അതു കേൾക്കാൻ നിക്കാതെ ജനി അടുക്കളയിലേക്ക് പതിയെ മുങ്ങി…….. അനിക്കുട്ടൻ എന്തു പറയുമെന്ന് ഒരു പേടിയുണ്ടായിരുന്നു ജനിക്ക്…….. കുറച്ചു കഴിഞ്ഞു പിറകിൽ ആരോ നിൽക്കുന്ന പോലെ തോന്നി ജനിക്ക് ……….. അനിക്കുട്ടൻ……… അവൻ ജനിയുടെ കൈ പിടിച്ചു വെളിയിലേക്കിറങ്ങി…….. ചേച്ചിക്ക് സമ്മതമാണോ ഇതിനു……. ശരിക്കും ഇഷ്ടമായിട്ടു തന്നെയാണോ……. അപ്പോൾ ഇതായിരുന്നോ ചേച്ചിയുടെ വിഷമത്തിന്റെ കാര്യം……… ഇതെപ്പോ സംഭവിച്ചു……….. എനിക്കറിയില്ല അനിക്കുട്ടാ……….. എപ്പോഴാണ് സിദ്ധു സാർ മനസ്സിൽ കൂടിയതെന്ന്……… തനിച്ചായപ്പോൾ കൂടെ കൂട്ടിയപ്പോഴാണോ….. അതോ…….. അച്ഛനെ വെളിയിൽ കൊണ്ടു വരാൻ സഹായിക്കാം എന്നു പറഞ്ഞപ്പോഴാണോ ന്നു……. മനസ്സിലുള്ള ഇഷ്ടം ഇനിയും മൂടി വെച്ചാൽ ഞാനുണ്ടാവില്ലെന്ന് തോന്നി……

അറിയാതെ വന്നതാണ്……. ഞാൻ പോലും അറിയാതെ……… നിനക്ക് ഇഷ്ടമില്ലെങ്കിൽ തുറന്നു പറഞ്ഞോളൂ…… എനിക്കു നീയാണ് വലുത്…….. മ്മ്……. അതിന്നലെ എന്നെ തനിച്ചാക്കി ഇങ്ങോട്ടു തനിയെ പോന്നപ്പോളേ മനസ്സിലായി…… ഞാനാ വലുതെന്നു…… അനിക്കുട്ടൻ ചിരിച്ചു……… പിന്നെ ആ അമ്മയ്ക്കും ചേട്ടനും ചേച്ചിയോടുള്ള ഇഷ്ടം ഞാൻ കണ്ടിട്ടുള്ളതാണ്……. അച്ഛന്റെ കാര്യമെല്ലാം അറിഞ്ഞോണ്ടല്ലേ ഇവർ ചേച്ചിയെ സ്നേഹിക്കുന്നത്……… അതു ഞാൻ കണ്ടില്ലന്നു വക്കുന്നത് എങ്ങനാ………എനിക്ക് ഒത്തിരി ഇഷ്ടമായി അളിയനെ…….. കഴിഞ്ഞോ രണ്ടാളുടെയും സംസാരം……. രാധമ്മ ചോദിച്ചു……. എനിക്കു പൂർണ്ണ സമ്മതം ആണ് അമ്മേ….. എല്ലാം നിങ്ങൾ തന്നെ തീരുമാനിച്ചാൽ മതി…… ഞങ്ങൾക്ക് ആരെയും അറിയിക്കാനില്ല……. അറിയിച്ചാലും ആരും സഹകരിക്കില്ല…… അനിക്കുട്ടന്റെ മുഖത്തു വിഷമം നിറഞ്ഞു…… സിദ്ധു അവനെ ചേർത്തു പിടിച്ചു………ഇനി നിങ്ങൾ ഞങ്ങൾ ഇല്ല അനിക്കുട്ടാ……. നമ്മൾ ആണ്…….. ചെറിയ ഒരു ചടങ്ങ് മതി…… പിന്നെ ഒരാളെ കൂടി കാണാൻ ഉണ്ട്…… അനുവാദം ചോദിക്കാനുണ്ട്……… വാ മക്കളേ…. കഴിക്കാം…….. അമ്മ അനിക്കുട്ടന്റെ കൈ പിടിച്ചു അകത്തേക്ക് പോയി……

ആരുടെ അനുവാദം ആണ് വേണ്ടത്…….. അച്ഛന്റെ ആണോ…….. ജനി ചോദിച്ചു……. അതേ……. ചോദിക്കണ്ടേ പിന്നെ….. പോകുന്നുണ്ടോ…… ജയിലിൽ…….. മ്മ്…… ഉടനെ….. നിന്നെ കൊണ്ടുപോകില്ല ജനീ ……… അതുകൊണ്ട് ചോദിക്കണ്ട……… തല കുനിച്ചു നിൽക്കുന്ന ജനിയുടെ കയ്യ് പിടിച്ചു സിദ്ധു അകത്തേക്ക് നടന്നു………. പോകാനിറങ്ങാൻ നേരം ജനി സിദ്ധുവിന്റെ മൊബൈൽ എടുത്ത് സിദ്ധുവിനോട് ചേർന്നു നിൽക്കുന്ന ഒരു സെൽഫി എടുത്തു…… മൊബൈൽ അകത്തോട്ടു കയറ്റാൻ സമ്മതിച്ചാൽ അച്ഛനെ ഇതു കാണിക്കണം……. അവളുടെ കണ്ണു നിറഞ്ഞൊഴുകി …… അതു തുടച്ചിട്ട് സിദ്ധു പറഞ്ഞു…….. വിഷമിക്കണ്ട……. എല്ലാം ശരിയാകും……. ഉടനെ വീട്ടിലേക്കു വരുമെന്ന് അനിക്കുട്ടനോട് പറഞ്ഞു…… ഒരു ചടങ്ങിന് വേണ്ടി……… പോകാനിറങ്ങിയപ്പോൾ സിദ്ധുവിന്റെ മുഖം മങ്ങി………. ഇന്നാദ്യമായിട്ട് അമ്മ സന്തോഷത്തോടെ ജനിയെ യാത്രയയച്ചു…….. തുടരും