11/05/2026

ഭാഗ്യ : ഭാഗം 01

രചന – രോഹിണി ആമി

വാതിലിൽ തുടരെത്തുടരെയുള്ള മുട്ടിവിളികളും കാളിങ് ബെല്ലും കേട്ടിട്ടാണ് ബാലു വന്നു കതകു തുറന്നത്……….. വെളിയിൽ ഈ റെസിഡൻഷ്യൽ ഏരിയയിലെ ഒട്ടുമിക്ക ആൾക്കാരുമുണ്ട്… കുറച്ചു പേർ സൈഡിൽ മുകളിലേക്ക് നോക്കി നിൽക്കുന്നുമുണ്ട്… എല്ലാവരുടെയും മുഖത്ത് ആകെയൊരു പരിഭ്രാന്തിയോ പേടിയോ ഒക്കെ പോലെ തോന്നി ……. ബാലു ചോദിക്കും മുന്നേ വിജയൻ സാർ കാര്യം പറയാൻ തുടങ്ങി…എല്ലാ നല്ല കാര്യങ്ങൾക്കും മുൻപന്തിയിൽ നിൽക്കുന്നയാളാണ് അദ്ദേഹം…. അതുകൊണ്ട് തന്നെ എല്ലാവർക്കും ബഹുമാനവുമുണ്ട്……

ബാൽക്കണി വഴി ഒരാൾ മുകളിലേക്ക് കയറിയിട്ടുണ്ടത്രേ……. അടുത്ത വീട്ടിലെ കുട്ടി കൃത്യമായി കണ്ടുവത്രെ….. പഠിച്ചുകൊണ്ടിരുന്നപ്പോൾ……

ബാലു ചുറ്റും നോക്കി…. ഒട്ടുമിക്ക വീട്ടുകാരും ഇങ്ങോട്ടേക്കു കണ്ണും നട്ടു നിൽപ്പുണ്ട്…. കള്ളനെ കാണാൻ….. രാത്രിയിൽ വന്ന പണിയോർത്തപ്പോൾ ദേഷ്യം വന്നു…. രണ്ടു ദിവസത്തെ യാത്ര കഴിഞ്ഞു ഒന്നിങ്ങു വന്നു കിടക്കാൻ തുടങ്ങുവായിരുന്നു…..ഒരു താല്പര്യവുമില്ലാതെ നിൽക്കുന്ന ബാലുവിനെ കണ്ടപ്പോൾ വിജയൻ സാർ വീണ്ടും പറഞ്ഞു……….

ബാലുവിന് ബുദ്ധിമുട്ട് ആയിന്നു മനസ്സിലായി….. എങ്കിലും ചുമ്മാ ഒന്നു നോക്കി ഉറപ്പിക്കാമല്ലോ….. എല്ലാവരുടെയും ഒരാശ്വാസത്തിന്… നാളെ ഒരുപക്ഷേ വേറൊരു വീട്ടിൽ കയറാൻ അവൻ ധൈര്യം കാണിച്ചാലോ……

ആരും വിജയൻ സാറിനെ ഏതിർത്തു സംസാരിക്കാറില്ല…. അത്രയ്ക്കും മാന്യനാണ് അദ്ദേഹം സമൂഹത്തിൽ……അതുകൊണ്ട് തന്നെ ബാലു അനുസരിച്ചു…

ഓരോരോ മെനക്കേട്…… പൊറുപൊറുത്തുകൊണ്ട് ബാലു മുകളിലേക്ക് കയറി…..

ആരെങ്കിലും കൂടെ ചെല്ല്….. കയ്യിൽ വല്ല കത്തിയോ മറ്റോ ഉണ്ടെങ്കിലോ……കുറച്ചു പേര് വീടിന് പിറകിൽ ഉണ്ടാവണം….. ആരോ പറയുന്നത് കേട്ടു……. ആരൊക്കെയോ തനിക്കു പിന്നാലെ നടന്നു കയറുന്നതും ബാലു അറിഞ്ഞു….

ബാൽക്കണി ഉള്ള റൂമിന്റെ ഡോർ തുറക്കാൻ ശ്രമിച്ചു ബാലു…… അത് അകത്തുനിന്നും ലോക്ക് ആണ്…. സത്യത്തിൽ ബാലുവിന് ഭയം തോന്നിയത് അപ്പോഴാണ്….. ആരാവും ഇപ്പോൾ ഇതിനുള്ളിൽ…….. വാതിലിൽ ആഞ്ഞു കൊട്ടി……. ഉള്ളിൽ നിന്നും എന്തൊക്കെയോ തട്ടിമറിഞ്ഞു… കുറ്റിയെടുക്കുന്ന ശബ്ദം കേട്ടതും ബാലു വാതിൽ തള്ളിതുറന്നു കഴിഞ്ഞിരുന്നു…. കൂടെയുള്ളവരും ബാലുവിനൊപ്പം അകത്തേക്ക് കയറി….

അവിടെ…… മങ്ങിയ വെട്ടത്തിൽ ഭാഗ്യ…തന്റെ ഭാര്യ…. മുഖത്ത് നിറയെ പരിഭ്രമം….. സാരിയുടെ സ്ഥാനം മാറിക്കിടക്കുന്നു… മുടിയെല്ലാം മുഖത്തും തോളത്തുമായി അഴിഞ്ഞു കിടക്കുന്നു….കഴുത്തിലെ വിയർപ്പ് തുടയ്ക്കുകയും തടവുകയും ചെയ്യുന്നുണ്ട് ….എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്…. പക്ഷേ ശബ്ദം പുറത്തേക്ക് വരുന്നില്ല….. ബാലു ഭാഗ്യയുടെ പിന്നിലേക്ക് നോക്കി…… അവിടെ ഒരാൾ…..അയാൾക്കും എല്ലാവരെയും കണ്ടപ്പോൾ ആകെ പരിഭ്രാന്തി……. പക്ഷേ ഭയമില്ല….മുഖത്ത് എല്ലാവരോടുമുള്ള ദേഷ്യം തെളിഞ്ഞു കാണാം……

ബെഡിലെ ഷീറ്റെല്ലാം ചുളുങ്ങി……..പില്ലോ രണ്ടും നിലത്തു കിടപ്പുണ്ട്…..ആ മുറിയിൽ നടന്നതെന്താണെന്ന് ഓരോരുത്തരും അവരവരുടെ ഭാവനയിൽ ഊഹിച്ചെടുത്തു……..

ഭാഗ്യേ നീ……..നീയെന്താ ഇവിടെ……അത്ര മാത്രമേ ബാലുവിന്റെ വായിൽ നിന്നും വന്നുള്ളൂ….. മറുപടിക്കായി എല്ലാവരും ഒരേപോലെ അവളുടെ മുഖത്തേക്ക് നോക്കി……..ആരെയും ഫേസ് ചെയ്യാനാവാതെ അവൾ തലകുനിച്ചു നിന്നു…..കൂടെ നിന്നവർ പതിയെ താഴേക്ക് ചെന്നു മുകളിൽ നടന്നതെന്തെന്ന് അവരുടേതായ കാഴ്ചപ്പാടിൽ മറ്റുള്ളവരോടും പറഞ്ഞു… കാണാത്തവർ ആ കാഴ്ച്ച കാണാനായി മുകളിലേക്ക് പോകാൻ തുടങ്ങവേ വിജയൻ സാർ തടഞ്ഞു……..

മുൻപിൽ കണ്ടത് ഉള്ളതാണെങ്കിൽ ഇത് ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല…… പലരും രാത്രിയിൽ ഈയൊരു ബാൽക്കണിയിൽ അനക്കം കണ്ടിട്ടുണ്ട്…. വീട്ടിൽ ഉള്ളവർ തന്നെയാണെന്നാണ് വിശ്വസിച്ചിരുന്നത്…. പക്ഷേ.. ഇതിപ്പോൾ….

ആരോ പറയുന്നത് ബാലുവിന്റെ ചെവിയിലുമെത്തി….. പുറത്തു നിന്നവരെല്ലാം കാര്യമറിഞ്ഞു വീടിന് അകത്തേക്ക് വന്നു…കണ്ടവർ കാണാത്തവർക്കായി അവരുടെ സ്ഥലം ഒഴിഞ്ഞു കൊടുത്തു…….ഇങ്ങനെ ഒരു കാര്യമാകുമ്പോൾ കാണാനും കേൾക്കുവാനും ആളുകൾക്ക് കൂടുതൽ ഇഷ്ടമുണ്ടാവില്ലേ…… അതിനിടയിൽ ഇത്രയും നേരം മിണ്ടാതെ മുറിയിൽ നിന്ന ആ ചെറുപ്പക്കാരൻ മുൻപിലേക്ക് വന്നു കൈചൂണ്ടി പറഞ്ഞു…..

നിങ്ങൾ വായിൽ തോന്നുന്നതൊക്കെ പറഞ്ഞാൽ കേട്ടുകൊണ്ട് നിന്നുവെന്ന് വരില്ല……പറയാനുള്ളത് എന്താണെന്ന് ആദ്യം കേൾക്ക്……..എന്നിട്ടാകാം നിങ്ങളുടെ ഭാവന…….

ഇനിയെന്ത് കേൾക്കാനാണ്….. പാതിരാത്രിയിൽ ബാൽക്കണി ചാടിക്കയറി ഒരു പെണ്ണിന്റെ കൂടെ ഒരു റൂമിൽ അടച്ചിരുന്നു നീയെന്തെടുക്കുവായിരുന്നു….. അത്രയ്ക്ക് സത്യസന്ധൻ ആയിരുന്നുവെങ്കിൽ മുൻവശത്തൊരു വാതിൽ ഉണ്ടായിരുന്നു… അതുവഴി വരണമായിരുന്നു…… ഇതിപ്പോൾ ഞങ്ങൾ കണ്ണിൽ കണ്ടതൊക്കെ പോരേ എന്തായിരുന്നുവെന്ന് അറിയാൻ………കൂടുതൽ ഒന്നും നീ പറയണ്ട…… അയാളുടെ വായടപ്പിച്ചു ഒരാൾ……

അങ്ങനെ പറഞ്ഞാൽ എങ്ങനാ…. എനിക്ക് പറയാനുള്ളതും കൂടി കേൾക്കണം നിങ്ങൾ….അയാൾ വീണ്ടും പറഞ്ഞു….

ഒന്നും പറയണ്ട….. ഞങ്ങൾ അത്രയ്ക്ക് മണ്ടന്മാരല്ല….. പോലീസിനെ വിളിക്കയാണ് ചെയ്യേണ്ടത്…… പക്ഷേ ഇങ്ങനൊരു നാണംകെട്ട കാര്യം ഇവിടെ നടന്നുവെന്നറിഞ്ഞാൽ നാണക്കേട് ഇവിടെയുള്ള എല്ലാവർക്കും കൂടിയാണ്….ഇവിടെ മാനം മര്യാദക്ക് താമസിക്കുന്നവരാണ് ഉള്ളത്…..

താൻ വിളിക്കെടോ പോലീസിനെ…. ബാക്കി ഞാൻ പറഞ്ഞോളാം അവരോട്….. ആ ചെറുപ്പക്കാരൻ മുൻപോട്ട് വന്നു പറഞ്ഞു….

തനിക്കും ഇവൾക്കും നാണം ഇല്ലെങ്കിലും മറ്റുള്ളവർക്ക് അതുണ്ട്…….. പറഞ്ഞത് ആരാണെന്ന് ബാലു നോക്കി.. ഇന്നലെവരെ തന്നെയും ഭാഗ്യയേയും ചേട്ടനും ചേച്ചിയെന്നും വിളിച്ചയാൾ.. എത്ര പെട്ടെന്നാണ് ഒരാളുടെ സ്വഭാവവും രീതികളും മാറുന്നത്…കാണിച്ചു വെച്ചിരിക്കുന്നതും അത്രയ്ക്കു നല്ല കാര്യമാണല്ലോ…

ബാലു ഭാഗ്യയെ സൂക്ഷിച്ചുനോക്കി തലകുനിച്ചു നിൽപ്പാണ് കുറച്ചു നേരമായി…….. കണ്ടതും കേട്ടതും എല്ലാം സത്യമാണെന്ന രീതിയിൽ……..മുഖത്ത് ആകെ ഒരു വല്ലായ്മ…. അത് ചിലപ്പോൾ എല്ലാവർക്കും മുന്നിൽ കള്ളി വെളിച്ചത്തായതിന്റെയാവും…..

എന്നാലും ഭാഗ്യ… ഞങ്ങളുടെ ഭാര്യമാരോട് നിങ്ങളെ കണ്ട് പഠിക്കാൻ ആണ് പറയാറ്……. ശ്ശേ……ഇനി അവരുടെ കളിയാക്കലും കൂടി കേൾക്കണമല്ലോ……..എന്നാലും നിങ്ങളുടെ പ്രായവും അയാളുടെ പ്രായവും നോക്കണ്ടതായിരുന്നു……
തോന്നിവാസം കാണിച് അത് കയ്യോടെ പിടിച്ചിട്ടും അവന്റെ അഹങ്കാരം നോക്ക് ….രണ്ടെണ്ണം കൊടുത്തു വിടുകയാ വേണ്ടത്…….. ഒരാൾ മുന്നോട്ട് കയറി വന്നു പറഞ്ഞു……. ഒരു പേടിയും കൂടാതെ ആ ചെറുപ്പക്കാരൻ അയാളെ നോക്കി കൈകെട്ടി നിന്നു…. ധൈര്യമുണ്ടെങ്കിൽ തല്ലെടാ എന്ന രീതിയിൽ……..

അതിനിടയിൽ ബഹളം കേട്ട് അനുവും അല്ലുവും അവരുടെ മുറികളിൽ നിന്നും ഇറങ്ങി വന്നു……. അച്ഛന്റെ കയ്യിൽ പിടിച്ചു അയാൾക്ക് പിറകിൽ നിന്നു….. നടക്കുന്നതെന്തെന്ന് മനസ്സിലാകാതെ അമ്പരന്ന് നിൽക്കുവാണ് രണ്ടാളും…. അച്ഛന്റെ മുഖത്തെ വിഷമം കണ്ടപ്പോൾ ഒന്നുകൂടി അച്ഛനൊപ്പം ചേർന്നു നിന്നു….. ചുറ്റും കണ്ണു പായിക്കുന്ന രണ്ടാളോടും ബാലു കണ്ണുകൊണ്ടു അകത്തേക്ക് പോകാൻ പറഞ്ഞു…… മനസ്സില്ലാ മനസ്സോടെ രണ്ടാളും റൂമിലേക്ക് പോയി ഡോറടച്ചു…….

പൊറുപൊറുക്കലിന്റെയും അടക്കി ചിരിയുടെയും സഹതാപത്തിന്റെയും നടുവിൽ മടുപ്പോടെ നിസ്സഹായാവസ്ഥയിൽ നിൽക്കുന്ന ബാലുവിനെ നോക്കി വിജയൻ സാർ പറഞ്ഞു…..

എല്ലാവരും വരൂ….എന്തായാലും നാളെ നേരം വെളുത്തിട്ട് തീരുമാനിക്കാം….. കൂടുതൽ ആരെയും അറിയിക്കേണ്ട……ഇയാളും പൊയ്ക്കോളൂ…..ആ ചെറുപ്പക്കാരനെ നോക്കി പറഞ്ഞു…..

അയാൾ ഭാഗ്യ യുടെയും ബാലുവിന്റെയും മുഖത്തുനോക്കി എന്തോ പറയാൻ വന്നപ്പോഴേക്കും ബാലു സ്റ്റെപ്പുകൾ ഇറങ്ങി തുടങ്ങിയിരുന്നു…….. കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അയാളും വെളിയിലേക്ക് നടന്നു…… വാതിൽ വരെ എത്തിയപ്പോൾ ഒന്നു തിരിഞ്ഞു നോക്കി പിറകിലേക്ക്…. തലയും കുനിച്ചു മറ്റുള്ളവരുടെ നോട്ടത്തിനും കുറ്റപ്പെടുത്തലിനും ഇടയിൽ നിന്നുരുകുന്ന ആ സ്ത്രീയെ….. മുറ്റത്തുനിന്നവരുടെ മുന്നിലൂടെ തന്നെ അയാൾ നടന്നു പോയി ആരെയും വകവയ്ക്കാതെ…. ആരെയും കൂസാതെ……..

കണ്ണിന് മേലെ കൈ മറച്ചു കിടക്കുകയായിരുന്നു ബാലു……. മനസ്സിൽ ഇപ്പോഴും ഭാഗ്യയുടെ മുഖമാണ്…. കണ്ടതെല്ലാം കള്ളമാണോ സത്യമാണോ ന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല…… പക്ഷേ.. അത് സത്യമാണെന്ന് വിളിച്ചു പറയുകയായിരുന്നു അവളുടെ ഭാവവും വേഷവും മുഖത്തെ പേടിയുമെല്ലാം…..

അച്ഛാ……. ഉറങ്ങിയോ……… അനുവും അല്ലുവും മുറിയിലേക്ക് വന്നു……

ഇല്ല മക്കളേ…. വാ….. രണ്ടാളെയും പിടിച്ചു ബെഡിലിരുത്തി ……

എന്താ അച്ഛാ ഇവിടെ നടക്കുന്നത്…… ഒന്നും മനസ്സിലാവുന്നില്ല…. അല്ലു പറഞ്ഞു….. കുറച്ചൊക്കെ മനസ്സിലായത് പോലെ അനു മിണ്ടാതെ ഇരുന്നു…… അമ്മയുടെ കാര്യം മക്കളോ ഭാര്യയുടെ കാര്യം ഭർത്താവോ മനഃപൂർവം പറഞ്ഞില്ല……… മൗനം കൂടിയപ്പോൾ ബാലു പറഞ്ഞു……

മക്കൾ പോയി കിടന്നോ….. എന്താണെങ്കിലും നമുക്ക് നാളെ സംസാരിക്കാം…… പൊക്കോ……..

അച്ഛൻ വിഷമിക്കണ്ട…… ഞങ്ങൾ ഉണ്ട് അച്ഛന്റെ കൂടെ…….. അനു അച്ഛന്റെ കവിളിൽ ഉമ്മ കൊടുത്തു അശ്വസിപ്പിച്ചു…… രണ്ടാളെയും എഴുന്നേൽപ്പിച്ചു അവരവരുടെ മുറിയിൽ കൊണ്ടു വിട്ടു……. പോരുംവഴി അച്ഛന്റെയും അമ്മയുടെയും മുറിയിൽ നോക്കി….. രണ്ടാളും ഉറങ്ങാതെ കിടക്കുകയാണ്….. ബഹളം നടക്കുമ്പോൾ പുറത്തേക്ക് വന്നില്ലെങ്കിലും കാര്യങ്ങൾ ഏറെക്കുറെ മനസ്സിലായിരിക്കുന്നു….. തിരിച്ചു മുറിയിലേക്ക് നടക്കും വഴി ഭാഗ്യയെ ഒന്നു തിരഞ്ഞു…… അടുക്കളയിൽ വെറും നിലത്തു മുട്ടിൽ മുഖം പൂഴ്ത്തി ഇരുപ്പുണ്ട്….. അടുത്ത് ആളനക്കം അറിഞ്ഞത് കൊണ്ടു പതിയെ തലയുയർത്തി നോക്കി….. ബാലുവിനെ കണ്ടതും മുഖം തിരിച്ചു കളഞ്ഞു……

ഈ വീട്ടിൽ വെച്ച് ആത്മഹത്യയെക്കുറിച്ച് ഒന്നും ചിന്തിച്ചേക്കരുത്…. എന്റെ മക്കൾക്കും പ്രായമായ അച്ഛനും അമ്മയ്ക്കും ഒക്കെ താമസിക്കേണ്ടതാണ്….. കേസിന്റെ പിറകെ നടക്കാനൊന്നും വയ്യ……. എന്ത് തീരുമാനിച്ചാലും അത് ഈ വീടിന് പുറത്തിറങ്ങിയതിനു ശേഷം മാത്രം…… അതും പറഞ്ഞു ബാലു നടന്നു പോയി…. ഭാഗ്യ രണ്ടു കയ്യാലെയും മുഖം പൊത്തിപ്പിടിച്ചു…. വിരലുകൾക്കിടയിലൂടെ കണ്ണുനീർ ഒഴുകി നെഞ്ചിലൊട്ടി…….

പിറ്റേന്ന് ബാലുവിനെ വിളിച്ചെഴുന്നേൽപ്പിച്ചത് അനുവാണ്…….

അച്ഛാ….. ദേ വിജയൻ അങ്കിളും വേറെ കുറച്ചാളുകളും വന്നിട്ടുണ്ട്…… അച്ഛനെ വിളിക്കാൻ പറഞ്ഞു……

ബാലുവിന്റെ മുഖം മങ്ങി….. ഇനി ആരെയൊക്കെ ഫേസ് ചെയ്യണം…. എന്തൊക്കെ കേൾക്കണം ഞാനും മക്കളും……

ചായ തരട്ടേ അച്ഛന്…..

വേണ്ട…. മോള് അല്ലുവിനെ വിളിച്ചെഴുന്നേൽപ്പിച്ചു കൊടുക്ക്…….. അതും പറഞ്ഞു എഴുന്നേറ്റ ബാലു ചോദിച്ചു……… ഭാഗ്യ……….

ആ…. എനിക്കറിയില്ല……. ഞാൻ അവരെ കണ്ടില്ല….. നോക്കാനും പോയില്ല…… അമ്മയോടുള്ള ദേഷ്യം മുഴുവൻ ആ വാക്കുകളിൽ ഉണ്ടായിരുന്നു…. കൂടുതൽ ഒന്നും ചോദിക്കാതെ ബാലു ഒന്നു ഫ്രഷ് ആവാൻ പോയി……..പുറത്തേക്ക് നടക്കുമ്പോൾ കണ്ടു അച്ഛന് ചായ പിടിപ്പിച്ചു കുടിപ്പിക്കുന്ന അമ്മയെ…… പരസഹായം കൂടാതെ അച്ഛൻ ഒന്നും ചെയ്യില്ല…… അമ്മയും ഭാഗ്യയും കൂടിയാ എല്ലാം ചെയ്യാറ്….. വേറൊരാളെ എൽപ്പിക്കാൻ അമ്മയ്ക്ക് താല്പര്യമില്ല…… എന്റെ അവസാനം വരെ ഞാൻ തന്നെ നോക്കിക്കോളാം എന്നാണ് പറയുക…..

പുറത്തേക്ക് വന്നപ്പോഴേ കണ്ടു വിജയൻ സാറും കൂടെ മൂന്നാളും……. ബാക്കിയുള്ളവർ ഗേറ്റിനു വെളിയിൽ നിൽപ്പുണ്ട്……. ബാലു ഒന്ന് ചുറ്റിനും നോക്കി…… മിക്ക വീടുകളിലും ഒന്നോ രണ്ടോ തലകൾ.. ഇങ്ങോട്ടേക്കാണ് നോട്ടം മുഴുവൻ……..എല്ലാവരുടെയും മുഖത്ത് പുച്ഛമാണോ സഹതാപമാണോ ന്ന് തിരിച്ചറിയാൻ പറ്റുന്നില്ല…….

അകത്തേക്ക് വരൂ……. ഇവിടെ ഇരിക്കാം…. ബാലു പറഞ്ഞതിന് വിജയൻ സാർ മറുപടി പറഞ്ഞു…….

ഇല്ല ബാലു….. ഇരിക്കുന്നില്ല….. ബാങ്കിൽ പോണം…… എല്ലാവർക്കും തിരക്കുണ്ട്…… പോകും മുന്നേ ഒരു കാര്യം പറയാനാണ് വന്നത്….. ഇന്നലെ നടന്നതെല്ലാം നിങ്ങളുടെ മാത്രം കുടുംബകാര്യമായിട്ട് തള്ളിക്കളയാമായിരുന്നു…. ഇത്രയും മോശമായ കാര്യത്തിൽ ആരും ഇടപെടാനും വരില്ലായിരുന്നു……. പക്ഷേ…… ഇതിപ്പോൾ…… പറയാതിരിക്കാനും കഴിയുന്നില്ല….. തന്നോട് പറയാനും ബുദ്ധിമുട്ടുണ്ട്……

എന്താണെങ്കിലും പറഞ്ഞോളൂ….. ഇനിയുള്ളതെല്ലാം ഞാൻ ഫേസ് ചെയ്തല്ലേ പറ്റൂ…… സന്തോഷിക്കാൻ വകയുള്ളതൊന്നുമല്ലെന്ന് നിങ്ങളുടെ ഓരോരുത്തരുടെയും മുഖം കണ്ടാലറിയാം……… ബാലു പറഞ്ഞു….

ബാലു…… താൻ പറഞ്ഞത് സത്യമാണ്….. ഇത് സന്തോഷിക്കാനുള്ള വാർത്തയല്ല….. എങ്ങനെയിപ്പോൾ ഞാനിതു പറയും….. വിജയൻ സാർ താടി ഉഴിഞ്ഞു നിന്നു…..

സാറിന് പറയാൻ ബുദ്ധിമുട്ടാണെങ്കിൽ ഞാൻ പറയാം…….. കൂടെ വന്നയാൾ പറഞ്ഞു……….. ഇന്നലെ വരെ തന്നെ ബഹുമാനത്തോടെ ബാലു സാർ എന്നു വിളിച്ചയാൾ….

ഇന്നലെ നടന്ന സംഭവം ആരോ മൊബൈലിൽ ഷൂട്ട്‌ ചെയ്തു …… അതിപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ആഘോഷിക്കുകയാണ്….. ഭർത്താവ് ഭാര്യയുടെ അവിഹിതം പിടിച്ചു എന്ന ക്യാപ്ഷനോടെ…. അതാരാണ് അപ്‌ലോഡ് ചെയ്തതെന്ന് അന്വേഷിക്കാൻ പോയില്ല……. ഉള്ളതല്ലേ ഞാൻ അപ്‌ലോഡ് ചെയ്തുള്ളു.. ഇല്ലാത്തതൊന്നുമല്ലല്ലോ ന്ന് അയാൾ ചോദിച്ചാൽ എന്തു പറയും…… അതുകൊണ്ട്…… ഇത് കൂടുതൽ വഷളാകും മുൻപ് ഇതിനൊരു നടപടി എടുക്കണം….. ഒന്നുകിൽ നിങ്ങളുടെ ഭാര്യയെ മാറ്റുക….. കുടുംബത്തോടെ മാറാൻ പറയാൻ മാത്രം അത്രയ്ക്ക് ദുഷ്ടരല്ല ഇവിടെ ആരും……..അങ്ങനെ പറയാനും ആവില്ലല്ലോ…..

മതിയെടോ……. ഞാൻ പറഞ്ഞു മനസിലാക്കാം……. വിജയൻ സാർ ഇടയ്ക്ക് കയറി പറഞ്ഞു ……… ഇത് എല്ലാവരും കൂടി ഒരുമിച്ചെടുത്ത തീരുമാനമാണ് ബാലു… എനിക്ക് ഒന്നും ചെയ്യാനാവില്ല ഇതിൽ…… ബാക്കിയുള്ള ഫാമിലിയിലും കുട്ടികളും മുതിർന്നവരും ഉള്ളതല്ലേ…. തീരുമാനത്തിന് എതിരു നിന്നാൽ പിന്നെ ആരും തന്റെ വീട്ടുകാരോട് സഹകരിക്കാൻ തയ്യാറാവില്ലെടോ…… പ്രായമായവർ ഉള്ളതല്ലേ ഇവിടെ …… താനാണെങ്കിൽ പകുതി ദിവസവും ഇവിടില്ല….. ആരുമൊന്ന് സഹായിക്കാനോ സഹകരിക്കാനോ ഇല്ലെങ്കിൽ……………. തീരുമാനം ഉടനെ അറിയിക്കണം…. പിന്നെ ആ വീഡിയോ റിമൂവ് ചെയ്യാൻ പറ്റുമോന്ന് ഞാൻ മോനോട് ചോദിച്ചിട്ടുണ്ട്……. അവൻ ശ്രമിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്…… അപ്പോൾ പിന്നെ ഞങ്ങൾ ഇറങ്ങുവാ…… താൻ വിഷമിക്കണ്ടടോ….. ഞങ്ങൾ എല്ലാവരും തനിക്കൊപ്പം ഉണ്ട്…. അത് പക്ഷേ ഭാര്യയില്ലാത്ത ബാലുവിനൊപ്പം ആണെന്ന് മാത്രം………..

എല്ലാവരും ഗേറ്റ് കടന്നു പൊയ്ക്കഴിഞ്ഞും ബാലു നിന്നിടത്തു നിന്നും അനങ്ങിയില്ല……. അനുവും അല്ലുവും വന്നു കയ്യിൽ പിടിച്ചു……. അവരെ ചേർത്ത് പിടിച്ചു…….

എല്ലാവരും അറിഞ്ഞു അല്ലേ അച്ഛാ……..

ഇനി ഞങ്ങൾക്കും തലയുയർത്തി നടക്കാൻ പറ്റില്ല അല്ലേ………..അനു ചോദിച്ചതിനുള്ള ഉത്തരം കൊടുക്കാൻ കഴിയാതെ ബാലു രണ്ടാളെയും കൂട്ടി അകത്തേക്ക് നടന്നു……….

കാത്തിരിക്കുവോ…………