21/04/2026

വേനൽമഴ : ഭാഗം 09

രചന – ഭദ്ര ശ്രീ

അത്താഴം അമ്മ കഞ്ഞിയാക്കി മുറിയിൽ കൊണ്ട്പോയി കൊടുക്കുകയാണ് ചെയ്തത്. താഴേക്ക് ഇറങ്ങി വരാൻ പോലും കഴിയാതെ കുഴഞ്ഞു പോയിരുന്നു അനു.

പക്ഷെ രാത്രി വൈകിയപ്പോൾ അനു ശര്ധിക്കാൻ തുടങ്ങി, രണ്ട് മൂന്ന് വട്ടം തുടർച്ചയായി ശര്ധിച്ചപ്പോൾ നിരഞ്ജൻ അവളെയും കൊണ്ട് ഹോസ്പിറ്റലിൽ പോകാനിറങ്ങി, കൂടെ അമ്മയും. 5 മിനിറ്റ് കൊണ്ട് അടുത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലിൽ എത്തിച്ചു, രണ്ട് ഇൻജെക്ഷൻ എടുത്തതോടെ ആള് നോർമലായി. എങ്കിലും ശര്ധി മൂലം നല്ല ക്ഷീണം ഉണ്ടായിരുന്നതുകൊണ്ട് ഒരു ട്രിപ്പ്‌ ഇടേണ്ടി വന്നു.

“ബിപി കുറഞ്ഞതാണ്, പോരാത്തതിന് ഇമ്മ്യൂണിറ്റിയും കുറവാണ്…”

ഡോക്ടർ പറഞ്ഞത് അതേപടി നിരഞ്ജൻ അമ്മയോട് പറഞ്ഞു, അനു അപ്പോഴും മയക്കമായിരുന്നു. ഏകദേശം രണ്ടരയോടെയാണ് അവർ വീട്ടിൽ എത്തിയത്,
അനുവിനെ എടുത്തുകൊണ്ടാണ് നിരഞ്ജൻ റൂമിൽ കൊണ്ടുപോയി കിടത്തിയത്, കിടന്നപാടേ അവൾ ഉറങ്ങിയെങ്കിലും നിദ്രാദേവി നിരഞ്ജനെ തിരിഞ്ഞു പോലും നോക്കിയില്ല

തിരിഞ്ഞും മറിഞ്ഞും ഒരുപാട് നേരം കണ്ണുംമിഴിച്ചു കിടന്നിട്ടാണ് അവൻ ഒന്ന് ഉറങ്ങിയത്.
ഒന്ന് മയക്കം പിടിച്ചതും അനുവിന്റെ ഫോൺ ചിലച്ചതും കേട്ട് നിരഞ്ജൻ ഞെട്ടിയുണർന്നു.

“ശേ… ആരാ ഈ നട്ടപ്പാതിരായ്ക്ക്…..”

മുറുമുറുത്ത്കൊണ്ടാണ് നിരഞ്ജൻ ഫോൺ കൈയിൽ എടുത്തത്, ഡിസ്പ്ലേയിൽ തെളിഞ്ഞു കണ്ടു, പ്രിയ കാളിങ്….

നിരഞ്ജൻ അനുവിനെ നോക്കി, ക്ഷീണം കൊണ്ട് മയങ്ങി കിടപ്പാണവൾ, വേദനിക്കുന്നുണ്ടെന്ന പോലെ ഉറക്കത്തിലും മുഖം വല്ലാണ്ടാവുന്നുണ്ട്. അവൻ ഫോൺ അറ്റൻഡ് ചെയ്തു, ടെൻഷനും ഉറക്കം ഇല്ലായ്മയും കൊണ്ട് ആകെ തല വെട്ടിപിളരുന്ന വേദന തോന്നി നിരഞ്ജന്…

“ഹലോ ടീ… nee എഴുതി തീർന്നോ… പിന്നേ മറ്റവൻ അങ്ങനെ പറഞ്ഞെന്നും കരുതി നീ മുങ്ങികളയല്ലേ… എങ്ങാനും അവൻ ഇനി വല്ലതും പറഞ്ഞാൽ നിന്റെ കെട്ടിയോനെ കൊണ്ട് അവനെ ഇടിപ്പിക്കാം… എങ്ങനെയുണ്ട് എന്റെ ഐഡിയ…..”

ഫോണിന്റെ ഇങ്ങേതലക്കൽ ആരാണെന്ന് അറിയാൻ പോലുമുള്ള ക്ഷമ കാണിക്കാതെ പ്രിയ വർത്തമാനം പറയാൻ തുടങ്ങി, ഒടുവിൽ നിരഞ്ജൻ അങ്ങോട്ടൊരു ഹലോ പറഞ്ഞപ്പോഴാണ് പ്രിയ സൈലന്റ് ആയത്.

“ഹലോ…. ചേട്ടാ… അനാമിക…..”

പ്രിയ നിന്നു പരുങ്ങി.

“അവൾ ഉറക്കാടോ…..”

“എഴുന്നേറ്റില്ലേ…. സമയം ഒത്തിരിയായല്ലോ…..”

അപ്പോഴാണ് നിരഞ്ജൻ സമയം നോക്കിയത്, അഞ്ചര കഴിഞ്ഞിരിക്കുന്നു. പക്ഷെ അപ്പോഴും അനു നല്ല ഉറക്കമായിരുന്നു.

“അവൾക്ക് നല്ല സുഖമില്ല, ശര്ധി ആണ്….”

“ആണോ, അപ്പൊ ഇന്ന് അവൾ ക്ലാസ്സിൽ വരില്ലേ…..”

“ഇന്ന് എന്തായാലും ഇല്ല, നാളെ… അത് ഇന്ന് വൈകുന്നേരം പറയാം…
പിന്നെ, തന്നെ അല്ലേ അന്ന് ബേക്ക് ഹൗസിൽ വച്ച് കണ്ടത്….”

“ആ അതേ, ചേട്ടാ….”

“എന്താ എഴുതാനുണ്ടെന്നു പറഞ്ഞത്, ആരെയാ ഞാൻ ഇടിക്കേണ്ടത്…..?”

തമാശ പോലെയാണ് നിരഞ്ജൻ പ്രിയയോട് ചോദിച്ചതെങ്കിലും പ്രിയക്ക് അല്പം വൈമുഖ്യത്തോടെ നിരഞ്ജന് പെന്റിങ് നോട്ട് നെ കുറിച്ചും അർജുൻ അവളെ ചീത്ത പറഞ്ഞതിനെ കുറിച്ചും പറയേണ്ടി വന്നു, നിരഞ്ജനാകട്ടെ, അവളെ കേട്ടിരുന്നതല്ലാതെ ഒരക്ഷരം പോലും പറഞ്ഞില്ല. കാൾ കട്ട്‌ ചെയ്തു അവൻ അനുവിനെ നോക്കി, അവൾ ഉണർന്നിട്ടില്ല.

അവൻ പയ്യെ ഫോൺ ടേബിൾ മേലെ വച്ച് ശബ്ദം ഉണ്ടാക്കാതെ കതകും ചാരി താഴേക്ക് പോന്നു, അമ്മയും എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല. താഴത്തെ ബാത്‌റൂമിൽ കയറി അവൻ കുളിച്ചു ഫ്രഷ് ആയി ചായ ഇടാൻ തുടങ്ങിയപ്പോഴാണ് അമ്മ എണീറ്റു വന്നത്.

“അവള് എണീറ്റില്ലേ ടാ….”

“ഇല്ല ഉറക്കവാ…..”

“നീ ഇന്ന് പോണില്ലേ….”

“ഇല്ല, ഇപ്പൊ തന്നെ ഇല്ല ഉച്ചക്ക് ശേഷം പോവാ…. അമ്മ ഒരു ചായയെട്… ഞാൻ അപ്പുറത്തുണ്ടാവും….”

അവൻ ചായപ്പൊടി അമ്മയെ ഏൽപ്പിച്ച് ഹാളിൽ വന്നിരുന്നു, ടീവി ഓൺ ആക്കി ന്യൂസ് ചാനൽ വച്ചു. തുടരന്വേഷണം നടക്കുന്ന പെൺകുട്ടിയുടെ ആത്മഹത്യകേസ് ചാനലുകൾ ആഘോഷമാക്കുകയാണ്, അവൻ ചാനൽ മാറ്റി സൂര്യ മ്യൂസിക് വച്ചു.

“ആശിച്ചു ഞാൻ… തോരാത്തൊരീ…. പൂമാരിയിൽ….. മൂടട്ടെ നാം……”

ഇഷ്ടഗാനത്തിന്റെ ഇഷ്ടവരികൾ, നിരഞ്ജൻ സോഫയിലേക്ക് ചാഞ്ഞു കിടന്ന് കണ്ണുകളടച്ചു.

ചായ കുടി കഴിഞ്ഞ് അമ്മ തന്ന ഒരു കപ്പ് ചായയുമായി അവൻ മുറിയിലേക്ക് പോയി. അനു കിടക്കയിൽ കണ്ണുതുറന്നു കിടക്കുകയാണ്. വേദനയും ക്ഷീണവുമുണ്ടെന്ന് അവളുടെ മുഖത്തു നിന്നും വ്യക്തമാണ്.

അവനെ കണ്ടതും അനു എഴുന്നേൽക്കാൻ ശ്രമിച്ചു, പക്ഷെ അവൾക്കതിന് കഴിയുമായിരുന്നില്ല. നിരഞ്ജൻ അവൾക്ക് എഴുന്നേൽക്കാൻ വേണ്ടി കൈകൊണ്ട് ഒരു സപ്പോർട്ട് കൊടുത്തു. നിവർന്നിരിക്കാതെ കൂനിപ്പിടച്ചിരിക്കുന്ന അവളെ കണ്ടപ്പോൾ നിരഞ്ജന് വല്ലാണ്ട് വിഷമം തോന്നി, ചായ അവളുടെ കൈയിൽ കൊടുത്ത് മാറി അവൾ കുടിക്കുന്നതും നോക്കി നിന്നു അവൻ.

“എന്തെ നോക്കണേ….”

തന്നെത്തന്നെ നോക്കി നിൽക്കുന്ന അവനെ നോക്കി അനു ചോദിച്ചു,

“ഏയ്‌ ചുമ്മാ… വേദന ഉണ്ടോ…..?”

“ഇല്ല, ഞാൻ പോയ്‌ കുളിക്കട്ടെ…. സമയം ഒത്തിരി ആയി….”

“ഹീറ്റർ ഓണാക്കി ഇട്ടിട്ടുണ്ട്, പോയി കുളിച്ചോ….”

അവളുടെ കൈയിൽ നിന്ന് കപ്പും വാങ്ങിക്കൊണ്ടവൻ പറഞ്ഞു, അനു അതിശയത്തോടെ നിരഞ്ജനെ നോക്കി. താൻ പറയാതെ തന്റെ സങ്കടങ്ങൾ മനസിലാക്കാൻ പറ്റുന്നത് അച്ഛക്ക് മാത്രമായിരുന്നു എന്നായിരുന്നു തന്റെ ധാരണ, ആ അഹങ്കാരത്തിനാണ് മങ്ങലേറ്റത്…. കിരൺ പറഞ്ഞത് ശരിയാണ്, ഈ കാലൻ എന്റെ ഭാഗ്യം തന്നെയാണ്. അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരിപ്പൂവ് വിടർന്നു.

കുളിച്ചിറങ്ങി വരുമ്പോഴേക്കും ബെഡ്ഷീറ്റ് മാറ്റിയിരിക്കുന്നു, അനു തലമുടിയിൽ ടവൽ ചുറ്റിക്കൊണ്ട് പറഞ്ഞു.

“ഇങ്ങേർക്ക് എത്ര പറഞ്ഞാലും മനസിലാവൂലെ…, ഞാൻ ചെയ്യത്തില്ലേ ഇതൊക്കെ….”

അവൾ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി, മുകളിൽ നിന്നെ അവൾ കണ്ടു തന്റെ ബുക്ക്‌സും കൈയിൽ പിടിച്ചു കിളി പറന്നിരിക്കുന്ന നിരഞ്ജനെ. അവൾ സ്റ്റെപ് ഇറങ്ങി താഴേക്ക് വരുമ്പോൾ അമ്മ ചായയും പലഹാരവും ഒക്കെ മേശമേൽ എടുത്തു വക്കുകയായിരുന്നു, അനു കോണിപ്പടിയുടെ അരികിൽ ചേർന്ന് ഒഴിഞ്ഞു നിന്നു.

“നീ എന്താ അമ്മൂ അവിടെ നിക്കണേ… വന്നിരുന്നു ഭക്ഷണം കഴിക്ക്, ഗുളിക ഇല്ലേ നിനക്ക് കഴിക്കാൻ….”

“എനിക്ക് അങ്ങോട്ട് വരാമോ…..”

അനു വിക്കി വിക്കി ചോദിച്ചു, അവളുടെ ആ ചോദ്യം കേട്ടതും അമ്മയും നിരുപമയും നിരഞ്ജനും നീരവും പരസ്പരം മുഖത്തോട് മുഖം നോക്കി,

“അതെന്തേ ഇങ്ങോട്ട് വന്നാൽ നിന്നെ കോക്കാച്ചി പിടിക്കോ….?”

നിരഞ്ജൻ ചോദിച്ചു.

“അല്ല…. പീരീഡ്സ് ടൈമിൽ….”

“ഇവിടെ അങ്ങനൊന്നും ഇല്ല.. ഏട്ടത്തി വന്നിരുന്നു ആഹാരം കഴിക്കാൻ നോക്ക്…”

നിരുപമ അനുവിനെ ഒരു ചെയറിലേക്ക് പിടിച്ചിരുത്തി, അമ്മ ആഹാരം വിളമ്പി. കഴിച്ചു കഴിഞ്ഞപ്പോൾ നിരഞ്ജൻ അവൾക്ക് ഗുളിക പൊളിച്ചു കൊടുത്തു. അനു നിറഞ്ഞ കണ്ണുകളോടെ ദേവകിയമ്മയെ നോക്കി,

“എന്താടീ എരിവ് കൂടുതലുണ്ടോ….”

അമ്മയുടെ ചോദ്യത്തിന് അവൾ ഇല്ലെന്ന് തലയാട്ടി.

“മ്മ് എങ്കി മോള് കൈകഴുകി പോയി കിടന്നോ, അമ്മ കുറച്ചു കഴിഞ്ഞു വിളിക്കാം….”

അനു സ്റ്റെപ് കയറി പോകാൻ നേരം ഒന്ന് തിരിഞ്ഞു നോക്കി, അപ്പോഴേക്കും മൂവർസംഘം ഇരയെ കണ്ട പെരുംപാമ്പിനെ പോലെ ഇഡലിക്കും സാമ്പാറിനും മേലെ ചാടി വീണിട്ടുണ്ടായിരുന്നു.

കഴിച്ചു കഴിഞ്ഞ് നിരഞ്ജൻ അനുവിന്റെ ബുക്കുകളുമായി റൂമിലെത്തിയപ്പോൾ അവൾ ബെഡിൽ കമഴ്ന്നു കിടക്കുകയായിരുന്നു. അടുത്തേക്ക് ചെന്നപ്പോഴേ അവന് മനസിലായി, അവൾ കരയുകയാണ്. അവൻ ബുക്കുകളൊക്കെ മേശമേലേക്ക് വച്ച് ബെഡിൽ വന്നിരുന്നു അവളെ എഴുന്നേൽപ്പിച്ച് തനിക്കഭിമുഖമാക്കി.

കരയുമ്പോൾ അവളുടെ മൂക്കിൻതുമ്പും ചുണ്ടുകളും ചുമന്നുതുടുക്കും, അത് കാണാൻ അവനൊത്തിരി ഇഷ്ടമാണെങ്കിലും കരഞ്ഞു കൺപോളകൾ വീർത്ത അനുവിനെ നിരഞ്ജന് ഇഷ്ടമേയല്ല.

“ന്തിനാ നീ കരയണേ…. പെയിൻ ഉണ്ടേൽ പറഞ്ഞാ പോരെ…. ഞാൻ ഹോട്ട് വാട്ടർ ബാഗ് കൊണ്ടുവരണോ ചൂടുവെള്ളം നിറച്ച്…..”

അവന്റെ ചോദ്യത്തിന് അനു വിതുമ്പലോടെ വേണ്ട എന്നർത്ഥത്തിൽ തലയാട്ടി, അവൾ ഏങ്ങിക്കരയുമ്പോൾ നിരഞ്ജന് വല്ലാത്തൊരു വിമ്മിഷ്ടത തോന്നി.

“നീ പിന്നെ എന്തിനാ അമ്മൂ കരയണേ…..”

“അമ്മ…. അമ്മ…..”

“ഹാ അമ്മ, അമ്മക്കെന്ത് പറ്റി….?”

“ഞാൻ ന്റെ അമ്മയെ കണ്ടിട്ടേയില്ല…. ഞാൻ ജനിക്കുമ്പോ അമ്മ പോയിരുന്നു…. ചേച്ചിയും അച്ഛയും ആയിരുന്നു ന്റെ എല്ലാം…. അച്ഛ എപ്പോഴും പറയും ചേച്ചി അമ്മക്ക് തുല്യാ ന്ന്… അന്ന് മുതൽ ഞാൻ ചേച്ചിയെ അമ്മേച്ചിന്നേ വിളിച്ചിട്ടുള്ളൂ…

അമ്മേടെ ബന്ധുക്കൾ ഒക്കെ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്, ഞാൻ അമ്മേ കൊന്നിട്ടാ ഭൂമിയിലേക്ക് വന്നേ ന്ന്…. അപ്പൊ ഒക്കെ എനിക്ക് വല്ലാണ്ട് സങ്കടാവും… ഞാൻ കരയുമ്പോ അമ്മേച്ചി ന്നേ ചേർത്തു പിടിക്കും… അപ്പൊ എനിക്ക് തോന്നും ന്റെ അമ്മ എങ്ങും പോയിട്ടില്ല, ഞങ്ങളെ വിട്ട് അങ്ങനെ അമ്മക്ക് പോവാൻ പറ്റോ…

പിന്നെ പിന്നെ കുറ്റപ്പെടുത്തൽ എന്നെ വിഷമിപ്പിക്കാണ്ടായി, ന്റെ അച്ഛയും ചേച്ചിയും ഒപ്പം ഉണ്ടായിരുന്നു. ചേച്ചി പോയപ്പോ ന്റെ അമ്മയെ നഷ്ടപ്പെട്ടുന്ന് കരുതി…. എന്നാ…

എന്നാ ഇവിടുത്തെ അമ്മ…. ന്റെ അമ്മ എങ്ങും പോയിട്ടില്ല, ഇവിടെ ണ്ട്… ന്റെ അമ്മ തന്ന്യാ…. ന്റേം അമ്മയാ….”

വിങ്ങിപ്പൊട്ടിക്കൊണ്ട് അനു നിരഞ്ജന്റെ കഴുത്തിനോട് കൈചുറ്റി ചേർന്നിരുന്നു, അവളുടെ ഹൃദയം പിടക്കുന്നത് അവന് കേൾക്കാമായിരുന്നു. നിരഞ്ജൻ അവളെ ഇരുകൈയാൽ തന്നോട് ചേർത്തു പിടിച്ചു. ഒരു കൈയാൽ മെല്ലെ അവളുടെ തലമുടിയിഴകളെ തലോടിക്കൊണ്ടിരുന്നു. ഏറെനേരം അവൻ അവളെ അങ്ങനെ ചേർത്തു പിടിച്ചിരുന്നു, എങ്കിലും അവളുടെ നേർത്ത ഏങ്ങലുകൾ അവന്റെ ചെവികളെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു.

“ചുമ്മ…. ചുമ്മാ ചുമ്മാ കരയാതെടോ……”

അവൻ ആർദ്രമായി മൂളി, അനു അവന്റെ തോളിൽ നിന്നും മുഖമുയർത്തി അവന്റെ മുഖത്തേക്ക് നോക്കി.

“ഹ്മ്മ്മ്… ഹ്മ്മ്മ്… തഞ്ചി.. തഞ്ചി കൊഞ്ചി ചിരിക്കാമെടോ….”

നിരഞ്ജൻ വിരലുകളാൽ അവളുടെ കവിളുകളിൽ ചാൽകീറിയ കണ്ണീർപുഴകളെ തുടച്ചുനീക്കി രണ്ടുകൈകളും അവളുടെ രണ്ടുകവിളുകളോടും ചേർത്തു വച്ചൊന്നു കിള്ളി. അനു ഒന്ന് ചിരിച്ചു.

“ഹാവൂ… ഒന്ന് ചിരിച്ചു കണ്ടല്ലോ… സന്തോഷായി….”

“ഏട്ടാ…..”

പുറത്തുനിന്നും നിരുപമ നിരഞ്ജനെ നീട്ടിവിളിച്ചു.

“ആഹാ… എന്ത് മധുരതരമായ വിളി… എന്തോ ഒപ്പിക്കാനുള്ള ഒലിപ്പിക്കലാ കള്ളക്കുരിപ്പ്….”

നിരഞ്ജന്റെ കമന്ററി കേട്ട് അനു അറിയാതെ ചിരിച്ചു പോയി, അപ്പോഴേക്കും നീരു വാതിൽ കടന്ന് മുറിയിലേക്ക് വന്നിരുന്നു.

“ഏട്ടത്തിക്ക് കുറവുണ്ടോ ഏട്ടാ….”

“ഓഹോ… ബഹുമാനം ഒക്കെ ബലത്തിനുണ്ടല്ലോ…. നിനക്ക് എട്ടാന്നൊക്കെ വിളിക്കാനറിയാല്ലേ…. അവൾക്ക് കുറവുണ്ട്, അതൊക്ക അവിടെ നിക്കട്ടെ… എന്താ ഈ വരവിന്റെ ഉദ്ദേശം….”

“അത്… അത് ഏട്ടാ…..”

“അഹ്.. അത്…..”

“സ്കൂളിൽ പോണാരുന്നു…..”

“ആഹ് പൊക്കോ…. അതിനിപ്പോ ഞാനെന്തോ വേണം…..”

“കൊണ്ടാക്കണായിരുന്നു…”

ആ സ്വരത്തിന്റെ ഉടമ നീരവായിരുന്നു.

“രണ്ടും കൂടി പ്ലാൻ ചെയ്തോണ്ടാണല്ലേ… ആഹ് പോയ്‌ റെഡിയാവ് കൊണ്ടുവിടാം……”

“താങ്ക്സ് ഏട്ടാ…. ”

അതും പറഞ്ഞു രണ്ടാളും ഒറ്റപാച്ചിലായിരുന്നു.

“നീ വരുന്നുണ്ടോ…. സ്കൂൾ വരേ പോയി വരാം….”

നിരഞ്ജൻ അവളോട് ചോദിച്ചു, അനു വെറുതെ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്. പക്ഷെ അവളുടെ ആ ചിരിയിൽ അവനുള്ള മറുപടിയുണ്ടായിരുന്നു, അവനത് മനസ്സിലാവുകയും ചെയ്തു. നിരഞ്ജൻ എഴുന്നേറ്റ് അവൾക്ക് വേണ്ടി കൈനീട്ടി. അവൾ ആ കൈയിൽ പിടിച്ചെഴുന്നേറ്റു. അവർ താഴേക്ക് എത്തിയപ്പോഴേക്കും ബാഗോക്കെയായി നിരുപമയും നീരവും റെഡിയായി നിൽപ്പുണ്ടായിരുന്നു.

അവരെ കൊണ്ടുവിട്ട് തിരിച്ചു പോരുമ്പോൾ അനുവിനോട് നിരഞ്ജൻ പറഞ്ഞു.

“രണ്ടും ഇരട്ടകളാണ്, വെറും പരട്ട സ്വഭാവവും….. എങ്കിലും പാവാ…. ഞാനെന്നു വച്ചാ ജീവനാ…. എങ്ങാനും എനിക്കെങ്ങാനും വല്ലതും പറ്റിപോയാ നീ വേണം അവർക്ക്… നോക്കിക്കോണം ന്റെ പിള്ളേരേം അമ്മേനേം….”

“എന്തിനാ ഇങ്ങനൊക്കെ പറയണെ……?”

“ഞാൻ വെറുതെ പറഞ്ഞതാടോ… താൻ ഇങ്ങനെ ടെൻഷൻ ആവല്ലേ……”

ഡ്രൈവിംഗിൽ ശ്രദ്ധ കൊടുത്ത് സ്റ്റിയറിങ് തിരിക്കുന്നതിനിടയിൽ അവൾ അവളോട് പറഞ്ഞു.

“ഇന്നലെ ഒരു കാൾ വന്നിരുന്നു, ഈ കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ജീവനോടെ വീട്ടിൽ പോവില്ലത്രെ… പിന്നെ സിനിമ സ്റ്റൈലിൽ നാല് ഡയലോഗ് വേറെയും…

അമ്മയോടൊന്നും പറയാൻ നിക്കണ്ട ട്ടോ… നിന്നോട് പറയണം ന്ന് തോന്നി.”

നിരഞ്ജന് മറുപടിയായ് അനു തെളിച്ചമില്ലാത്ത ഒരു ചിരി സമ്മാനിച്ചു.

ഗേറ്റ് കടന്ന് കാർ മുറ്റത്ത് നിന്നു, അനു കാറിൽ നിന്നിറങ്ങി വീടിനുള്ളിലേക്ക് കയറാൻ ഭാവിച്ചപ്പോഴാണ് നിരഞ്ജൻ അവളെ പിന്നീന്ന് വിളിച്ചത്, അനു എന്തെന്നുള്ള ഭാവത്തിൽ അവനെ നോക്കി. അവൻ കാറിന്റെ ഡിക്കി തുറന്ന് ഒരു പാക്കറ്റ് അവൾക്ക് നേരെ നീട്ടി. അനു കൈയിലെ പൊതിയിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കിനിന്നു.

തുടരും