19/04/2026

അരികിലായ് : ഭാഗം 08

രചന – കാർത്തിക ശ്രീ

പറമ്പിൽ എല്ലാരുടെയും കൂടെ നടക്കുമ്പോഴും മനസ്‌ നേരത്തെ കഴിഞ്ഞുപോയ കാര്യങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു…

“റിച്ചു… ഇവിടെ അമ്പലങ്ങൾ ഒന്നും ഇല്ലേ???”

“അമ്പലവാസി എന്താ ചോദിക്കാൻ ഇത്ര വൈകിയേ എന്ന് വിചാരിക്കയായിരുന്നു ഞാൻ ”

“എന്നും നീ അമ്പലത്തിൽ അല്ലെ പോകുന്നെ.. ഇന്ന് വൈകുന്നേരം എല്ലാർക്കും കൂടി പള്ളിയിൽ പോകാം..”

എല്ലാരും റിച്ചു പറഞ്ഞതിന് സമ്മതം അറിയിച്ചു…

വൈകുന്നേരം പള്ളിയിൽ പോയി തിരിച്ചു വരുന്ന വഴി ഓർഡർ ചെയ്ത കേക്കും വാങ്ങി… പിന്നീട് എല്ലാരും ഡെക്കറേഷന്റെ തിരക്കിലായിരുന്നു… ഋതുവിന് ഇതൊക്കെ പുതിയ അനുഭവം ആയിരുന്നു…ആഘോഷങ്ങൾ ഒന്നും വേണ്ടെന്നു മാത്യുവും ലിസയും പറഞ്ഞെങ്കിലും അവർ അത് കേട്ടില്ല…

ഡെക്കറേഷൻ സമയങ്ങളിലും ഭക്ഷണം കഴിക്കുമ്പോഴും ലിനുവിന്റെ കണ്ണുകൾ ഋതുവിനെ തേടി പോകുന്നുണ്ടായിരുന്നു… അവൾ അത് അറിഞ്ഞില്ലെങ്കിലും മറ്റൊരാൾ അത് കൃത്യമായി കാണുന്നുണ്ടായിരുന്നു…

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

കുടുംബത്തിൽ മാത്രം ഒതുങ്ങിയ ചെറിയ ആഘോഷം… അവർ മാത്രം…. രാവിലെ കേക്ക് മുറിച്ചു.. പപ്പയ്ക്കും മമ്മയ്ക്കുമായി വാങ്ങിയത് അവർക്കായി കൊടുക്കുമ്പോൾ ഋതു മാത്രം മാറി നിന്നു…

“എന്താ മോളേ മാറി നിൽക്കുന്നേ???”

“അല്ല മമ്മ ഞാൻ ഗിഫ്റ്റ് ഒന്നും വാങ്ങിയില്ല…”

“മോൾ ഇവിടെ ഞങ്ങളുടെ സന്തോഷത്തിൽ പങ്കെടുത്തില്ലേ അതു തന്നെയാണ് ഏറ്റവും വലിയ ഗിഫ്റ്റ്..”

“എന്നാലും മമ്മ… ഒരു മിനിറ്റ് ഞാൻ ഇപ്പോൾ വരാം..”

അവൾ റൂമിൽ പോയി വൈറ്റ് പേപ്പറിനാൽ പൊതിഞ്ഞ ഗിഫ്റ്റ് കൊണ്ടുവന്നു..

“ഇത് പപ്പയും മമ്മയും റിച്ചുവും തനുവും മാളുട്ടിയും വിക്കിയും പിന്നെ എല്ലാരും കൂടെ ഒന്നിച്ചു തുറക്കണം… ഇഷ്ട്ടമാകുമോ എന്നറിയില്ല…”

ഇതു പറയുമ്പോൾ ഋതുവിന്റെ മുഖം ലിനുവിൽ ആയിരുന്നു.. എന്താണ് താൻ വിളിക്കേണ്ടതെന്ന് ഈ സമയം വരെയും അവൾക്ക് പിടികിട്ടിയിരുന്നില്ല…

പുറമെ ഗൗരവത്തിൽ നിന്നെങ്കിലും ഉള്ളിൽ അവൻ സന്തോഷിക്കുകയായിരുന്നു… കാരണം ഈ സമയം വരെ അവൾക്ക് തന്നെ സഹോദരനായി കാണാൻ കഴിഞ്ഞിട്ടില്ല… അല്ലെങ്കിൽ മറ്റുള്ളവർ വിളിക്കുന്നതുപോലെ വല്യേട്ടാ എന്ന് വിളിച്ചേനേ..

എല്ലാവരും ചുറ്റും നിന്നതും മമ്മയും പപ്പയും ആ വൈറ്റ് പേപ്പർ മാറ്റി.. ചിരിച്ചു നിൽക്കുന്ന പപ്പയേയും മമ്മയെയും ചേർത്ത് പിടിച്ചു നിൽക്കുന്ന റിച്ചുവും ലിനുവും മാളൂട്ടിയും അവർക്ക് ഇരുവശത്തുമായി തനുവും വിക്കിയും… പെൻസിൽകൊണ്ട് അതിമനോഹരമായി ഋതു വരച്ചത് എല്ലാർക്കും ഒരു അത്ഭുതം തന്നെയായിരുന്നു…ഒരാൾക്ക് ഒഴിച്ച്…

” ഇത്രയും കാലമായിട്ടും നിന്റെ ഈ ഒരു കഴിവ് മാത്രം ഞാൻ അറിഞ്ഞില്ലല്ലോ ഋതു??? ”

“അതിന് ഞാൻ വരക്കുന്നതൊക്കെ നിർത്തിട്ടു എത്രയോ കാലമായി തനു.. ഒന്ന് ശ്രമിച്ചു നോക്കിയതാണ്… ”

“എന്നാലും എന്ത് രസമായിട്ടാടി നീ വരക്കുന്നത് ???- വിക്കി

“ശരിയാ അടിപൊളിയായിട്ടുണ്ട് ചേച്ചി…”-മാളു

“അല്ലെങ്കിലും അനിയത്തി ആരുടെയാ.. നീ പൊളിച്ചു മുത്തേ..”-റിച്ചു

പപ്പയും മമ്മയും കെട്ടിപ്പിടിച്ചു ഉമ്മ തന്നപ്പോഴും ലിനുവിന്റെ മൗനം തന്നെ വേദനിപ്പിക്കുന്നതായി ഋതുവിന് തോന്നി.. എന്തുകൊണ്ടാണെന്ന് മനസിലാവാതെ കൂടുതൽ ഒന്നും പറയാതെ അവൾ മുകളിലേക്ക് നടക്കുമ്പോൾ അവന്റെ ചുണ്ടുകളിൽ ഒരു ചെറിയ ചിരി മിന്നി മാഞ്ഞു…

“നിന്റെ മനസ്സിനെ നീ തിരിച്ചറിയണം ഋതു … അവിടെ എനിക്കുള്ള സ്ഥാനവും..
നീ ഉപേക്ഷിച്ച നിന്റെ ഒരു കഴിവ് പുറത്ത് വന്നതുപോലെ ഇനിയും പലതും വരാനിരിക്കുന്നു.. അതിന് നിനക്ക് ലഭിക്കുന്നത് വേദനകളായിരിക്കില്ല..സന്തോഷം മാത്രം… അവിടെ നിന്നെ ചേർത്തുനിർത്താൻ ഒരു കുടുംബം ഉണ്ടാകും.. കൂടെ നിന്റെ പ്രിയപ്പെട്ടവരും”

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

റിച്ചുവും തനുവും പുറത്തിരുന്നു ഓൺലൈൻ വർക്ക്‌ ചെയ്യുമ്പോഴാണ് തനുവിന്റെ ഫോൺ അടിച്ചത്… ഡിസ്പ്ലേ നോക്കി ഒന്ന് ഞെട്ടി എങ്കിലും പിന്നീട് കോൾ അറ്റൻഡ് ചെയ്ത് ലൗഡ് സ്പീക്കറിൽ ഇട്ടു..

📞”ഹായ് ബേബി… എന്നെ മറന്നോ??? ”

📞”അങ്ങനെ ഞാൻ മറക്കുമോ ചേതാ..നീ എന്റെ ജീവനല്ലേ ”

ദേഷ്യം കടിച്ചമർത്തി പറയുന്ന തനുവിനെ കണ്ട് റിച്ചുവിന് ചിരിയാണ് വന്നത്…

📞”ബേബി ഐ മിസ്സ്‌ യു സൊ മച്ച്.. എന്നാണ് നാട്ടിൽ നിന്നും തിരിച്ചു വരുന്നേ…??”

📞”ചേതാ.. എനിക്കും നിന്നെ മിസ്സ്‌ ചെയ്യുന്നുണ്ട്.. ഒരാഴ്ച കഴിയും.. ”

📞”ഓ ഗോഡ് വൺ വീക്ക്‌??? ഹൗ ക്യാൻ ഐ ലിവ് വിത്ത്‌ ഔട്ട്‌ സീയിങ് യു???”

📞”ഫാമിലി ഫങ്ക്ഷൻ അല്ലേ.. അതു കഴിഞ്ഞു വേഗം വരാം ഞാൻ… ചിലപ്പോൾ വിളിച്ചാൽ കിട്ടില്ലട്ടോ…”

📞”അതെന്താ മുത്തേ.. നിന്നെ വിളിക്കാതെ ഞാൻ എങ്ങനെ നിൽക്കാനാണ്???”

📞”ചേതാ…എല്ലാരും ഉള്ളതല്ലേ… നമ്മുടെ കാര്യം ആർക്കും അറിയില്ലല്ലോ.. അതാ…നമുക്കുവേണ്ടിയല്ലേ…”

📞”ഓക്കേ ബേബി… നിനക്കുവേണ്ടി ഞാൻ എന്തും ചെയ്യും… ബൈ… ടേക്ക്കെയർ.. ലവ് യു ബേബി…”

📞”ബൈ ചേതാ..”

“അവന്റെയൊരു ബേബി… കൈയിൽ കിട്ടിയാൽ രണ്ടെണ്ണം പൊട്ടിക്കും ഞാൻ ”

“താനൂട്ടി.. കൂൾ ഡൗൺ… സമയമാകുമ്പോൾ രണ്ടെണ്ണം അവനിട്ടു പൊട്ടിക്കാൻ അവസരം തരന്നേ..”

“റിച്ചു.. എനിക്ക് അവന്റെ ഈ ഒലിപ്പീരു സഹിക്കുന്നില്ല…അധികം വൈകിക്കാതെ അവനുള്ളത് കൊടുത്തേ മതിയാകൂ..”

“മ്മ്മ്… നമുക്ക് നോക്കാം…”

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

കുളി കഴിഞ്ഞു ബാൽക്കണിയിൽ നിൽക്കുകയാണ് ഋതു… പുറം കാഴ്ചകളിലേക്കാണ് കണ്ണെങ്കിലും മനസ്‌ എവിടെയോ ആയിരുന്നു…

എന്തൊക്കെയോ മാറ്റങ്ങൾ തനിക്ക് വരുന്നതുപോലെ അവൾക്കുതന്നെ തോന്നി… ഒന്നും ഇല്ലെന്നു മനസിനെ പറഞ്ഞു പഠിപ്പിക്കുമ്പോഴും പ്രിയപ്പെട്ട എന്തോ തന്റെ അടുത്തുള്ളതുപോലെ… അവൾ പോലും അറിയാതെ അവളുടെ മനസിലേക്ക് ആദ്യം വന്നത് കാപ്പി കണ്ണുകളാണെകിൽ ശേഷം വന്നത് ലിനുവിന്റെ മുഖമായിരുന്നു….

കൂടുതൽ ഒന്നും ചിന്തിക്കാതെ തലയൊന്ന് കുടഞ്ഞുകൊണ്ട് അവൾ താഴേക്ക് നടന്നു…

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

റൂമിൽ ഫയൽ നോക്കുന്നതിനിടയിലാണ് റിച്ചു റൂമിലേക്ക് വന്നത്..

“വല്യേട്ടാ…”

“എന്താടാ…അകത്തേക്ക് വാ..”

“എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട്… ഏട്ടൻ തിരക്കിലാണോ??

“അല്ല നീ പറഞ്ഞോ .”

കൈയിലുള്ള ഫയൽ മടക്കി മേശപ്പുറത്തു വെച്ചു ലിനു..

“ഏട്ടാ.. അത്..”

“എന്താ എന്റെ കുഞ്ഞുമോന് ഒരു സ്റ്റാർട്ടിങ് ട്രബിൾ… അതും എന്നോട്??
അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ തുടങ്ങാം.. നിനക്കറിയേണ്ടത് ഋതുവിനെ കുറിച്ചുള്ളതാണോ???”

“മ്മ്… ഏട്ടൻ അവളെ നോക്കുന്നത് ഞാൻ കണ്ടിരുന്നു… ഇതുവരെ ഒരു പെണ്ണിന്റെയും മുഖത്ത് നോക്കാത്ത എന്റെ ഏട്ടന് എന്താ പറ്റിയെ??”

“നിന്റെ അനിയത്തിയായി വന്നവൾ ഈ വീട്ടിലെ മൂത്ത മരുമകളാകുന്നതിനെക്കുറിച്ച് നിന്റെ അഭിപ്രായം എന്താണ് ???”

ഞെട്ടി റിച്ചു നന്നായി ഞെട്ടി… ഇത്രയും വേഗം ഏട്ടന്റെ ഇങ്ങനൊരു തീരുമാനം അവൻ തീരെ പ്രതീക്ഷിച്ചില്ല…

“വല്യേട്ടാ…”

“സത്യം… എന്റെ പെണ്ണാണ് അവൾ… പക്ഷേ അത് അവൾക്കുപോലും അറിയില്ല..”

“ഏട്ടൻ എന്തൊക്കെയാ ഈ പറയുന്നത്???”

“ഡിഗ്രി മുതൽ ഒന്നിച്ചു പഠിക്കുന്നവരല്ലേ നിങ്ങൾ.. അവളുടെ സ്പോൺസർ ആരാണെന്നറിയോ നിനക്ക്??”

“ഇല്ല.. ഇതുവരെ ആ ഒരാളെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല… ശ്രമിച്ചുനോക്കിയിരുന്നു… പക്ഷേ നിരാശയായിരുന്നു ഫലം..”

അതിന് ലിനു ഒന്ന് ചിരിച്ചു…

“വെയിറ്റ്.. വെയിറ്റ്… അതു വല്യേട്ടനാണെന്ന് മാത്രം പറയല്ലേ… ”

“അതെന്താടാ ഞാനായിക്കൂടെ???”

“ഓ മൈ ഗോഡ്… എന്റെ ഏട്ടന് ഇങ്ങനൊരു മുഖമോ??? ഞാൻ ഋതുവിനോട് പറയട്ടെ??? അവൾ ഇത്രയും കാലം കാണാൻ ആഗ്രഹിച്ചയാൾ എന്റെ ഈ ഏട്ടനാണെന്ന്..”

“പാടില്ല റിച്ചു… അതിനു സമയമായില്ല.. അതു ഞാൻ തന്നെ അവളോട് പറഞ്ഞോളാം… ഈ കാര്യങ്ങൾ ആരോടും പറയരുത്..”

“അതെന്താ ഏട്ടാ??? എല്ലാർക്കും സന്തോഷം തരുന്ന കാര്യമല്ലേ??”

“ആണ്… പക്ഷേ ഋതുവിന് അതൊരു ഒരു ഷോക്ക് ആയിരിക്കും… ഇതൊന്നും അറിയാതെ വേണം അവൾ എന്നെ സ്നേഹിക്കാൻ… അതിന് ഞാൻ കാത്തിരിക്കാൻ തയ്യാറാണ്..”

“യു ആർ ദി ബെസ്റ്റ് ഏട്ടാ…വെറുതെ അല്ല എന്റെ എട്ടൻ കണ്ണിൽ ലെൻസ് വെച്ചത്… എന്തായാലും ഞാൻ ആരോടും പറയില്ല… എന്നാലും ഏട്ടൻ എങ്ങനെ കറക്റ്റായി ഇവിടെ ഞങ്ങൾ ഉള്ള സമയം എത്തിയേ??”

“ഞാൻ എത്തിയത് എന്റെ പപ്പ വിളിച്ചിട്ടാണല്ലോ… പപ്പയ്ക്ക് അറിയാം എല്ലാം..”

“ഓ.. അപ്പോൾ ഞാൻ മാത്രം പുറത്ത്..”

“നീ അറിഞ്ഞാൽ തനുവഴി അതു അവളുടെ ചെവിയിൽ എത്തും… അതാണ്…”

“ഏട്ടാ.. ഋതുവിനെ കുറിച്ച് ഏട്ടന് ഒരുപാട് അറിയാനുണ്ട്..”

“അവളെക്കുറിച്ച് എല്ലാം എനിക്കറിയാം.. ഒരുപക്ഷെ നിങ്ങൾ അറിയുന്നതിനേക്കാൾ കൂടുതൽ.. ഒരിക്കൽ അവളായി തന്നെ എന്നോട് പറയും അന്നുവരെ അവളുടെ ജീവിതത്തിൽ നടന്നതെല്ലാം..”

“മതി… അവളെക്കുറിച്ച് എനിക്ക് ആശങ്കകൾ ഉണ്ടായിരുന്നു… ഇനി എനിക്ക് അതിന്റെ ആവശ്യമില്ല. കാരണം അവൾ എന്നും ഞങ്ങളുടെ കൂടെ ഉണ്ടാകും.. എന്റെ ഏട്ടനേക്കാൾ നല്ലൊരാളെ ഋതുവിനു കിട്ടില്ല… ലവ് യു ഏട്ടാ…”

സന്തോഷത്തോടെ റിച്ചു ലിനുവിനെ കെട്ടിപിടിച്ചു…

തുടരും..