19/04/2026

അരികിലായ് : ഭാഗം 03

രചന – കാർത്തിക ശ്രീ

ആരാണെന്നോ എന്താണെന്നോ അറിയാത്ത ആ കണ്ണുകൾക്ക് എങ്ങനെയാ എന്നിൽ ഇങ്ങനെ മാറ്റം വരുത്താൻ പറ്റുന്നത്???

കൂടുതൽ ചിന്തിക്കാൻ നിൽക്കാതെ ഋതു കുളിച്ചു റെഡിയായി തന്നെ കാത്തുനിൽക്കുന്ന തനുവിന്റെ കൂടെ താഴെക്കിറങ്ങി…

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

സ്റ്റെപ് ഇറങ്ങി വരുമ്പോൾ കണ്ടു തങ്ങളെ കാത്തു നിൽക്കുന്ന സതിയേച്ചിയെ.. ഇതൊരു പതിവാണ് അധികദിവസവും രാവിലെ ഞങ്ങൾക്കുള്ള ചായ ചേച്ചിയാണ് ഉണ്ടാക്കാറുള്ളത്… ബുദ്ധിമുട്ടല്ലേ എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് നിങ്ങൾ ഞങ്ങളുടെ മക്കൾ അല്ലെ എന്നാണ്… പിന്നെ ഞങ്ങൾ ഒന്നും പറയാറില്ല…

” വാ… നിങ്ങളെ കാത്തിരിക്കുകയാണ് ജയേട്ടൻ ”

വേഗം തന്നെ കൈകഴുകി കഴിക്കാനായി ഇരുന്നു… നല്ല ചൂടുള്ള അപ്പവും മുട്ടക്കറിയും…

“അപ്പുവും അമ്മുവും എന്നാ വരുന്നേ ജയേട്ടാ???”

“ബുധനാഴ്ച വരും… കൂട്ടാൻ പോകണം… നിങ്ങള് വരുന്നോ ഞങ്ങളുടെ നാട് കാണാൻ???”

” ഇല്ല ഏട്ടാ.. അടുത്ത തവണ എന്തായാലും വരും.. ”

“ആയിക്കോട്ടെ… അമ്പലത്തിൽ ഉത്സവം വരുന്നുണ്ട്… അപ്പോൾ പോകട്ടോ ”

ഓക്കേ… ഞങ്ങൾ റെഡി അല്ലെ തനു ”

” ഡബിൾ ഓക്കേ”

“സതിയേച്ചി.. ഓഫീസിൽ ഞങ്ങളുടെ കൂടെയുള്ള കൃപയുടെ ചേച്ചി ട്യൂഷൻ എടുക്കുന്നുണ്ട്… അപ്പുനെ ട്യൂഷനു വിടണം എന്ന് പറഞ്ഞിരുന്നില്ലേ???”

” ആ.. എന്തായാലും അപ്പു വന്നിട്ട് നമുക്ക് ഒന്നിച്ചു പോകാം ഋതു അവനെ ചേർക്കാൻ.. ”

“ശരി ചേച്ചി… അവളോട് ഞാൻ പറയാം… ”

ചായകുടി കഴിഞ്ഞു രണ്ടുപേരോടും യാത്ര പറഞ്ഞു ഋതുവും തനുവും ജോലി സ്ഥലത്തേക്ക് ഇറങ്ങി…

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

സ്കൂട്ടി പാർക്ക്‌ ചെയ്തു പഞ്ചിങ്ങിനായി പോകുമ്പോൾ കണ്ടു അവിടെ നിൽക്കുന്ന റിച്ചുനെയും വിക്കിയെയും..

“ഞങ്ങൾ നിങ്ങളെ കാത്തു നിൽക്കുവായിരുന്നു..
വാ പഞ്ചു ചെയ്യാം ”

” അല്ല നീ ഇന്നലെ എപ്പോഴെത്തി വിക്കി??? നാട്ടിൽ എല്ലാർക്കും സുഖമല്ലേ??? ”

“ഞാൻ 8 മണി കഴിഞ്ഞിരുന്നു ഋതു… വീട്ടിൽ എല്ലാർക്കും സുഖം..”

“എന്നാ എല്ലാരും വാ.. അധികം ഇവിടെ നിന്ന് കത്തിയടിച്ചാൽ പഞ്ചിങ് നടക്കില്ല.. ഹാഫ് ഡേ സാലറി പോകും ”

കൂടുതൽ ആലോചിക്കാതെ റിച്ചു പറഞ്ഞത് കേട്ട് അവർ പഞ്ചു ചെയ്ത് ജോലിക്ക് കയറി…

ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോഴും കഴിഞ്ഞ കാര്യങ്ങൾ ഋതുവിനെ ഓർമിപ്പിക്കാതിരിക്കാൻ അവർ ശ്രദ്ധിച്ചു.. അവൾക്കും അത് മനസിലായിരുന്നു…

” റിച്ചു… വൈകുന്നേരം ഒന്ന് മാളിൽ പോയാലോ??? ”

” പോകാല്ലോ.. എന്തായാലും ശനിയാഴ്ച അല്ലെ… നാളെ ലീവും…. ”

” ഞാൻ ഇല്ലാട്ടോ…നീയും തനുവും വിക്കിയും പോയി വാ.. ”

” അങ്ങനെ ആണെങ്കിൽ ആരും പോകുന്നില്ല എന്താ റിച്ചു??? ”

” അതെ.. വിക്കി പറഞ്ഞതാ ശരി.. നീ ഇല്ലെങ്കിൽ ആരും പോകുന്നില്ല… ”

ഒടുവിൽ ഋതുവും സമ്മതിച്ചു… വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു അവർ നേരെ മാളിലേക്ക് വിട്ടു… അത്യാവശ്യം ഷോപ്പിംഗ് കഴിഞ്ഞു ഒരു സിനിമയും കണ്ടിട്ട് ഋതുവിനെയും തനുവിനെയും വീട്ടിൽ എത്തിച്ചാണ് അവർ റൂമിലേക്ക് പോയത്…

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

എന്നത്തേയും പോലെ രാത്രി ഓർമ്മകൾ അവളുടെ കണ്ണ് നനയിച്ചു… ആ കണ്ണുനീർ അവളുടെ തലയണയ്ക്ക് മാത്രം സ്വന്തമായി…എത്രയൊക്കെ മറക്കാൻ ആഗ്രഹിച്ചാലും അത് വീണ്ടും വീണ്ടും മനസിനെ കുത്തി നോവിച്ചു കൊണ്ടേയിരിക്കും…. ഉറക്കം കിട്ടാതെ ഋതു എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ കണ്ടു തന്റെ വയറ്റിലൂടെ കൈ ഇട്ടു സുഖമായി ഉറങ്ങുന്ന തനുവിനെ..

“എങ്ങനാടി നിന്നോട് ഞാൻ നന്ദി പറയുക… എത്ര പറഞ്ഞാലാണ് മതി വരുക??? ഒന്നുമല്ലാത്ത ഞാൻ ഇത്രയും എത്തീട്ടുണ്ടെങ്കിൽ അത് നിന്റെ കൂട്ട് കൊണ്ട് മാത്രമാണ്….”

എഴുന്നേറ്റ് ബാൽക്കണിയിലേക്ക് നടന്നു ഋതു…

എല്ലാത്തിൽ നിന്നും ഓടി രക്ഷപ്പെട്ട് ഇനി എന്ത്‌ എന്നാ ചോദ്യവുമായി മരണത്തെക്കുറിച്ചുപോലും ചിന്തിച്ച സമയത്തായിരുന്നു ഞാൻ തനുവിനെ കണ്ടത് അല്ല അവൾ എന്നെ കണ്ടെത്തിയത്… അല്ലെങ്കിൽ അത്രയും ആൾക്കാറുള്ള ആ ട്രെയിനിൽ കണ്ടനേരം മുതൽ അവൾ മാത്രമായിരുന്നു എന്നെക്കുറിച്ച് ചിന്തിച്ചത്.. പൈസ ഇല്ലാതിരുന്ന എനിക്ക് വെള്ളവും ഭക്ഷണവും വാങ്ങി തന്നത്…കൂടെ കൂട്ടിയത്… അന്ന് മുതൽ ഇതുവരെ ഉള്ള കാര്യങ്ങൾ ഓർത്തെടുക്കുകയാണ് ഋതു..

(കുറച്ച് പാസ്ററ് ആണേ… ഇപ്പോൾ നടക്കുന്നതുപോലെ പറഞ്ഞു പോകുകയാണ്…)

🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶

ഋതുവിനെ കൂട്ടി തനു നേരെ പോയത് അവളുടെ വീട്ടിലേക്കായിരുന്നു.. വലിയ രണ്ടുനില വീടിന്റെ മുൻപിൽ ടാക്സി നിർത്തിയപ്പോൾ ഭീതിയോടെ ചുറ്റും നോക്കി ഋതു…
അവളുടെ പേടി ശ്രദ്ധിച്ച തനു അവളുടെ കൈയിൽ പിടിച്ചു കൂട്ടിനു അവളുണ്ടെന്നു പറയാതെ പറഞ്ഞുകൊണ്ട്….

“താൻ വാ… നമുക്ക് അകത്തേക്ക് പോകാം..”

“എ…ന്റെ പേ..ര് ഋതു എന്നാണ്… ”

“അപ്പോൾ ഈയാളുടെ പേര് ഋതു ആണല്ലേ… എന്റെ പേര് അറിയണ്ടേ???”

” മ്മ്… ”

” ഞാൻ തനു… ബാക്കിയൊക്കെ പിന്നെ..”

അവളുടെ കൈ പിടിച്ചു കോളിങ് ബെൽ അമർത്തി തനു…

വാതിൽ തുറന്നത് മേരിയായിരുന്നു… ഒരു സാധാരണ കോട്ടൻ സാരിയാണ് വേഷം.. പണത്തിന്റെ അഹങ്കാരം ഒന്നും ഇല്ലാത്ത ഐശ്വര്യം ഉള്ള ഒരു അമ്മ… ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഋതുവിന്റെ അടുത്തേക്ക് വന്നു…

” മോള് വാ.. ഇവൾ വിളിച്ചു പറഞ്ഞപ്പോൾ മുതൽ അമ്മ കാത്തിരിക്കുവായിരുന്നു..”

അമ്മ… അതു മാത്രമാണ് ഋതു കേട്ടത്…. ഒരു പൊട്ടി കരച്ചിലോടെ അവൾ മേരിയെ കെട്ടിപ്പിടിച്ചു… ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അവർ അവളുടെ നെറുകിൽ കരുതലോടെ തലോടിക്കൊണ്ടിരുന്നു…

” എന്തിനാ മോൾ കരയുന്നത്???
തനു മോളേ റൂമിൽ കൊണ്ടുപോയി കിടത്ത്… അവൾ വിശ്രമിക്കട്ടെ…ബാക്കിയൊക്കെ പിന്നെ.. ഒറ്റക്കല്ല.. കൂടെ ഞങ്ങൾ ഉണ്ട് കേട്ടോ ”

“ശരിയമ്മ… വാ ഋതു… റൂമിലേക്ക് പോകാം..”

തനുവുമായി പോകുമ്പോഴും ഋതു മേരിയെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു… അവർ അവൾക്കായി പുഞ്ചിരിച്ചു… അവൾക്ക് ഒരുപാട് സങ്കടങ്ങൾ ഉണ്ടെന്ന് മേരിക്ക് മനസിലായി…

റൂമിൽ എത്തി കിടന്ന ഋതു മെല്ലെ ഉറങ്ങി… വന്നതുപോലെ കിടക്കുന്ന ഋതുവിനെ തനു ഒന്ന് നോക്കി… സാധാരണ പിങ്ക് കളർ ചുരിദാർ ആണ് വേഷം മുഖമൊക്കെ കരഞ്ഞതുകൊണ്ട് വീർത്തിട്ടുണ്ട്.. മെലിഞ്ഞ ശരീരം വല്ലാതെ ക്ഷീണം തോന്നിക്കുന്നുണ്ട്.. മുടി മേടഞ്ഞിട്ടിരിക്കുന്നു എങ്കിലും അലങ്കോലമായാണ് കിടക്കുന്നത്…

റൂമിൽ നിന്നും ഇറങ്ങി അവൾ അടുക്കളയിലേക്ക് പോയി…

” അമ്മ…”

” എന്താ മോളെ ഇതു??? അപ്പയോട് ഇനി എന്താ പറയുക??? ”

” അമ്മ അവളെ അങ്ങനെ ഒറ്റക്കാക്കാൻ തോന്നിയില്ല… ആരെയോ പേടിച്ചപ്പോലുള്ള അവളുടെ ഇരിപ്പ് കണ്ട് എനിക്ക് പേടിയാണ് തോന്നിയത്..അപ്പയോട് ഞാൻ പറഞ്ഞോളാം.. ”

” മ്മ്മ്… ഒരു പാവം മോളാണെന്നു തോന്നുന്നു… അതിന്റെ ഉള്ളിൽ ഒരുപാട് വിഷമങ്ങൾ ഉണ്ട്… ”

” ശരിയാണമ്മ… ”

പിന്നീട് കല്യണവിശേഷങ്ങളും ബാംഗ്ലൂർ വിശേഷങ്ങളും പറഞ്ഞു തനു ഡേവിഡിനായി കാത്തിരിക്കുന്നു…

ഒരു മണിക്കൂറിനു ശേഷം ഡേവിഡിന്റെ കാർ ഗേറ്റ് കടന്നുവന്നു… അതിൽ നിന്നും ഇറങ്ങി കാർ ലോക്ക് ചെയ്ത് ഡേവിഡ് അകത്തേക്ക് കയറി..

“അപ്പാ…” തനു ഡേവിഡിനെ കെട്ടിപിടിച്ചു…

“മോൾ നേരത്തെ എത്തിയോ ?? അപ്പയ്ക്ക് തിരക്കായിരുന്നു അതാ റെയിൽവേ സ്റ്റേഷനിൽ വരാഞ്ഞത് ”

“അത് സാരില്ല അപ്പ… ”

” എന്തുണ്ട് അവിടുത്തെ വിശേഷങ്ങൾ???

“അപ്പ എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്..”

” സീരിയസ് ആണോ??? ”

“മ്മ്.. അതെ ”

” അപ്പ ഒന്ന് ഫ്രഷ് ആയി വരട്ടെ.. അപ്പോഴേക്കും മോൾ അപ്പക്ക് ഒരു കോഫി ഉണ്ടാക്ക്.. ”

“ഓക്കേ ”

കുളി കഴിഞ്ഞു ഡേവിഡ് സോഫയിൽ ഇരുന്നു… തനു കൊണ്ടുവന്ന കോഫി വാങ്ങി ഒന്ന് സിപ്പ് ചെയ്ത് അവളെ കേൾക്കാനായി നിന്നു…

തനു പറഞ്ഞു തുടങ്ങി ബാംഗ്ലൂർ പോയതും അവിടുത്തെ വിശേഷങ്ങളും ഋതുവിനെ കണ്ടുമുട്ടിയതും അവളുടെ അപ്പോഴത്തെ അവസ്ഥയും കൂടെ കൂട്ടിയതും… എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അവൾക്ക് അപ്പയുടെ മുഖത്ത് നോക്കാൻ പേടി തോന്നി…

തനുവിന്റെ എല്ലാ കാര്യങ്ങളും ഇഷ്ടങ്ങളും സാധിച്ചു കൊടുക്കുന്ന അപ്പ അവളുടെ കൂട്ടുകാരൻ തന്നെയാണ്.. പക്ഷേ ഈ കാര്യം ഇങ്ങനെ എടുക്കുമെന്ന് അവൾക്ക് അറിയില്ല… അതായിരുന്നു അവളുടെ പേടി…

തുടരും…

Past, present എന്ന രീതിയില്ലാട്ടോ ഇനി കഥ പോകുക… തനുവിനെ കണ്ടുമുട്ടുന്നതിനു മുൻപുള്ള ഋതുവിന്റെ past പറയാൻ സമയം ആയിട്ടില്ല അപ്പോൾ ചേതൻ ആരാണെന്നും അറിയാം..