19/04/2026

അരികിലായ് : ഭാഗം 12

രചന – കാർത്തിക ശ്രീ

സ്പോൺസർ ആരാണെന്ന് അറിയാൻ ഋതുവിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അത് ആരോടും പറയാതെ.. ചോദിക്കാതെ..മനസ്സിൽ തന്നെ വെച്ചു.. ഒരിക്കൽ ഇതിനുത്തരം തന്നെ തേടി എത്തുമെന്ന് എന്തുകൊണ്ടോ അവൾ വിശ്വസിച്ചു.. ആ കാപ്പി കണ്ണുകൾക്കും തന്റെ സ്പോൺസറിനും തമ്മിൽ ബന്ധമുണ്ടോ എന്ന ഒരു സംശയവും അവളിൽ നിറഞ്ഞിരുന്നു..

റിസൾട്ട്‌ വന്നെങ്കിലും രണ്ടുപേരും വീട്ടിൽ തന്നെ ഇരിപ്പാണ്… വീട്ടിൽ ഹാളിൽ എല്ലാരും ഒന്നിച്ചിരിക്കുമ്പോൾ

“തനു..”

“എന്താ പപ്പ..”

“രണ്ടുപേരുടെയും അടുത്ത പ്ലാൻ എന്താ?? വീട്ടിൽ ഇരിക്കാനാണോ??”

“അത് പപ്പ എനിക്ക് അങ്ങനെ പ്ലാൻ ഒന്നും ഇല്ല.. വീട്ടിൽ ഇരിക്കാം ”

“നല്ലതാണ് തനു… ഞാൻ മാത്യുനെ വിളിച്ചു കല്യാണത്തിന്റെ തീയ്യതി നോക്കാം പറയാം..എന്താ??”

“അത് പിന്നെ പപ്പയ്ക്ക് അങ്ങനെ തോന്നുന്നെങ്കിൽ..എനിക്ക് സമ്മതം..”

“കൊള്ളാല്ലോ മോളേ.. തൽക്കാലം എന്റെ മോളുടെ ആഗ്രഹം പപ്പ രണ്ടുമൂന്നു വർഷം കഴിഞ്ഞു നടത്തി തരാം..”

“ശോ.. ഞാൻ വെറുതെ ആശിച്ചു…”

“പപ്പയുടെ മോളേ പപ്പയ്ക്ക് അറിയാല്ലോ… വീട്ടിൽ ഇരിക്കാതെ എന്താണെന്നു വെച്ചാൽ നോക്ക്.. ജോലിയെങ്കിൽ ജോലി.. ഇനി പഠിക്കാൻ ആണെങ്കിൽ അങ്ങനെ..”

“ഋതു എന്താണോ അതുപോലെ ഞാനും..”

“ഋതു മോളു പറ…”

“പപ്പാ… എനിക്ക് ബാങ്ക് കോച്ചിങ്ങിനു പോയാലോ എന്നുണ്ട്.. അതിന്റെ കൂടെ ജോലിയും..”

“അതെന്തിനാ ജോലി.. കോച്ചിങ്ങിനു പോയാൽപ്പോരേ?? രണ്ടും കൂടെ??”

“അതാകുമ്പോൾ എക്സ്പീരിയൻസും ആകുമല്ലോ..”

“മ്മ്… നല്ലതാണ്..”

“റിച്ചുവും വിക്കിയും ഇൻഫോപാർക്കിൽ വേക്കൻസി ഉണ്ടെന്ന് പറഞ്ഞു.. പോയാലോ പപ്പാ..”

“ഞാൻ അവനെ വിളിക്കട്ടെ.. അങ്ങനെ ഉണ്ടെങ്കിൽ അതാണ് നല്ലത്… അവർ കൂടെ ഉള്ളത് ഒരു സമാധാനം ആകും എനിക്കും മേരിക്കും..”

“എടി ഞാനും വരണോ?? അല്ലെങ്കിൽ വന്നേക്കാം… നീ ഇല്ലാതെ ഞാൻ എന്ത് ചെയ്യാനാ?? ഒന്നും ഇല്ലെങ്കിലും എന്റെ ചെക്കനെ കാണാല്ലോ..”

പപ്പാ കേൾക്കാതെയുള്ള തനുവിന്റെ സംസാരം കേട്ട് ഋതു ചിരിച്ചു…

പിന്നീടെല്ലാം പെട്ടെന്നായിരുന്നു.. ഡേവിഡ് പറഞ്ഞതനുസരിച്ചു അവർ രണ്ടുപേരും
സി വി അയച്ചു.. ഇന്റർവ്യൂ അറ്റൻഡ് ചെയ്യ്തു… ജോലി കിട്ടി ഇന്നാണ് അവർ എറണാകുളത്തേക്ക് പോകുന്നത്.. ഡേവിഡിനു മീറ്റിംഗ് ഉള്ളതുകൊണ്ട് റിച്ചുവും വിക്കിയും അവരെ കൂട്ടാൻ വന്നു..

“എല്ലാം എടുത്തു വച്ചില്ലേ മോളെ??”

“വെച്ചു മേരിയമ്മേ.. ഈ അച്ചാറും കൂടെ മതി..”

“ഋതു.. ബാഗ് കാറിൽ വെച്ചു.. ഇനി എന്തെങ്കിലും ഉണ്ടോ??”

“ഇല്ല വിക്കി.. ഈ അച്ചാർ കൂടെ… മേരിയമ്മ സ്പെഷ്യൽ ആണ്..”

“ഇതു ഞങ്ങൾക്ക് കൂടി വേണം ”

“നാലുപേർക്കും കൂടിയാണ്… അല്ല മോനെ നിങ്ങളുടെ അടുത്ത തന്നെയാണോ ഇവർ പോകുന്ന വീട്??”

“ആ അമ്മ ഒരു പത്തു മിനിറ്റ് ദൂരം..”

“സമാധാനം… നിങ്ങൾ കൂടെ ഉണ്ടല്ലോ..”

“എന്ന പപ്പാ അമ്മ പോയി വരവേ…”

“എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണം.. ശ്രദ്ധിക്കണം..”

“എന്താ സ്നേഹം… അല്ല ഞാൻ ആരാ?? നിങ്ങളുടെ മോൾ അല്ലേ??

“നിനക്ക് മൂക്ക് കയറിടാൻ ഇവൻ തന്നെ ധാരാളമല്ലേ എന്റെ തനു.. അതുപോലെ ആണോ ഋതു??”

“ഓ… അതാണെന്റെ പേടി… ഇവൻ എന്തൊക്കെ നിയമങ്ങളാണോ എനിക്ക് ഉണ്ടാക്കി വെച്ചിരിക്കുന്നേ??”

“നിനക്ക് നിയമങ്ങൾ വെച്ചിട്ട് എന്തുകാര്യം?? നീ അനുസരിക്കില്ലല്ലോ… എന്റെ ഋതുന്റെ കൂടെ നടന്നാൽ മതി.. അതാണ് നിനക്കുള്ള നിയമം..”

“ഈ നിയമം ഞാൻ അംഗീകരിക്കുന്നു റിച്ചു..പാലിച്ചിരിക്കും..”

“മതി.. മതി.. വൈകണ്ട.. പോയി വാ… രണ്ടുപേരും ശ്രദ്ധിക്കണം…”

“ശരി പപ്പാ..”

രണ്ടുപേരും പപ്പയെയും അമ്മയെയും ചേർത്തു പിടിച്ചു… പിന്നെ കാറിൽ കയറി.. വിക്കി ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു..

“റിച്ചു.. മോനെ അവരെ ശ്രദ്ധിക്കണേ… ഋതുന്റെ അവസ്ഥ നീ കണ്ടതാണല്ലോ.. പിന്നെ തനുവിനെ നിനക്കറിയാല്ലോ… രണ്ടുപേർക്കും ജീവനാണ് പരസ്പരം..”

“അറിയാം പപ്പ.. പേടിക്കണ്ട.. ഞാനുണ്ട്.. രണ്ടുപേരും എനിക്ക് വലുതാണ്.. അവർ ഹാപ്പി ആയിരിക്കും അവിടെ..”

“അത് മതി.. പോയി വാ..”

പുതിയ ജോലിയിൽ ഋതുവും തനുവും ഹാപ്പി ആയിരുന്നു… താമസം വേറെ ആണെങ്കിലും എന്തിനും ഏതിനും അവർ നാലുപേരും ഒന്നിച്ചായിരുന്നു.. ഇതേ സമയം ആ കാപ്പി കണ്ണുകളും അവളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു…

🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶

ഓർമ്മകളിൽ നിന്നും പുറത്ത് വരുമ്പോൾ ഋതുവിന് ഒരേ സമയം സന്തോഷവും സങ്കടവും തോന്നി…

“അല്ല താനെന്താ ഇവിടെ വന്നിരിക്കുന്നെ??”

“അത് ഞാൻ..”

“കരയുകയാണോ?? കണ്ണു നിറഞ്ഞിട്ടുണ്ടല്ലോ?? എന്തുപറ്റി??”

“ഹേയ്.. ഒന്നും ഇല്ല.. വെറുതെ…”

“ഋതുനോട് ഞാൻ ഒരു കാര്യം ചോദിക്കട്ടെ??”

അതുകേട്ടു അവൾ ഒന്ന് അവന്റെ മുഖത്തേക്ക് നോക്കി..

“തനിക്ക് എന്നെ പേടിയാണോ??? അല്ല എല്ലാരോടും താൻ സംസാരിക്കുന്നു എന്നോട് മാത്രം ഇല്ല..”

“അത്… ഞാൻ… എനിക്ക് റിച്ചുന്റെ ഏട്ടനെ അറിയാത്തതുകൊണ്ടാണ്..”

“തമ്മിൽ സംസാരിച്ചല്ലേ പരിചയപ്പെടുന്നത്?? ”

“മ്മ്..”

“റിച്ചു പറഞ്ഞിട്ട് തനിക്ക് എന്നെ അറിയാല്ലോ.. അപ്പോൾ ഇടയ്ക്ക് എന്നോടും സംസാരിക്കാം.. ഇഷ്ടമില്ലെങ്കിൽ വേണ്ടാട്ടോ..”

“പ്രശ്നമില്ല.. അറിയാത്തതുകൊണ്ടാണ്.. ഇഷ്ട്ടകുറവൊന്നും ഇല്ല..”

“ശരി.. അധികം ഇവിടെ നിൽക്കണ്ട.. സന്ധ്യ ആകാറായി.. വീട്ടിലേക്ക് നടന്നോളു..”

അപ്പോഴാണ് അവൾ ചുറ്റും നോക്കിയത്.. ചെറുതായി ഇരുട്ട് വീണിട്ടുണ്ട്..

“താൻ നടന്നോളു.. ഞാൻ പുറകെ ഉണ്ട്.. പേടിക്കേണ്ട..”

ലിനുവിന്റെ ആ വാക്കുകൾ അവൾക്ക് ആശ്വാസം തോന്നി.. അവൾ നടന്നു.. തൊട്ടു പുറകെ ഒരു ചെറു ചിരിയോടെ ലിനുവും..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

“നീ ഇതെവിടെ പോയതാ???”

“”അത് ഞാൻ വെറുതെ പറമ്പിലേക്ക് പോയതാ തനു … മമ്മയോട് പറഞ്ഞിരുന്നു..”

“എന്നാലും എത്ര സമയമായി.. നീ വാ.. മാളു നിനക്ക് എന്തൊക്കെയോ കൊണ്ടുവന്നിട്ടുണ്ട്..”

“രണ്ടുപേരും അവിടെ നിന്നെ.. നാളെ ഒരു ഔട്ടിങ് ഉണ്ട്… നമ്മൾ ആറുപേർ…”

“വല്യേട്ടനും വരുന്നുണ്ടോ???”

“അതെന്താടോ എനിക്ക് വന്നൂടെ?? നാളെ മീറ്റിംഗ് ഉണ്ടെന്നു റിച്ചു പറഞ്ഞു അതാ ഞാൻ..”

“അത് ക്യാൻസൽ ആക്കി തനു… മറ്റന്നാൾ തിരിച്ചു പോകും.. സൊ നാളെ നിങ്ങളുടെ കൂടെ ചിലവഴിച്ചേക്കാം..”

ഇതു കേട്ടുകൊണ്ടാണ് മാളു താഴേക്ക് വന്നത്

“അപ്പോൾ നാളെ എന്റെ പുന്നാര ഏട്ടൻ വരുന്നുണ്ടല്ലേ..ഞാൻ ഒരു കലക്ക് കലക്കും..”

“മാളൂട്ടി… ലോൺ എടുക്കേണ്ടി വരുമോ ഏട്ടൻ??”

“നീ പോടാ… എന്റെ വല്യേട്ടൻ സൂപ്പർ ആണ്… നിന്നെ പോലെയല്ല.. ”

“ഓ പിന്നെ… നീ നിന്റെ വിക്കിയോട് പറഞ്ഞാൽ മതി…”

“അതെന്താ ഏട്ടായി ഉണ്ടെങ്കിൽ നിങ്ങൾ എനിക്ക് ഒന്നും വാങ്ങി തരില്ലേ??? ”

മാളുവിന്റെ മുഖം മാറുന്നത് കണ്ട ലിനു

“മതി..മതി… രണ്ടുപേരും നിർത്തിയേ..മാളു ഇങ്ങു വാ..”

“നിനക്ക് എന്ത് വേണമെങ്കിലും ഏട്ടൻ വാങ്ങി തരും.. അവൻ നിന്നെ ദേഷ്യം പിടിപ്പിക്കുന്നതല്ലേ.. എന്തിനാ എന്റെ മോളുടെ മുഖം മാറിയേ?? ആരൊക്കെ വന്നാലും നീ ഞങ്ങളുടെ കുഞ്ഞല്ലേ.. അത് മാറുമോ??”
അവളെ നെഞ്ചോട് ചേർത്തു ലിനു പറഞ്ഞപ്പോൾ
ഇല്ലെന്നു മാളു തലയാട്ടി… ആ സമയം റിച്ചു വന്നു അവളെ മറുഭാഗത്തു കൂടി നെഞ്ചോട് ചെയ്തിരുന്നു…
“നീ എന്നും ഞങ്ങളുടെ കുഞ്ഞിയാണ്..”

ഇതൊക്കെ കണ്ടു നിന്ന ഋതുവിന്റെയും തനുവിന്റെയും മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു… ഉള്ളിൽ ഉള്ള വിങ്ങൽ മറച്ചു ചിരിക്കുന്ന ഋതുവിന്റെ കൈയിൽ തനു മുറുകെ പിടിച്ചു.. അവൾക്ക് അറിയാം ഈ സമയം ഋതുവിന്റെ ഉള്ളിൽ നിറയുന്ന കാര്യങ്ങളെ…

അതേ സമയം അവന്റെ കണ്ണുകൾ അവളെ തേടി എത്തിയിരുന്നു… അവളിലെ ഒരോ ഭാവവും അവനു പരിചിതമാണ് അവൾ പോലും അറിയാതെ…

തുടരും….