19/04/2026

അരികിലായ്: ഭാഗം 31

രചന: കാർത്തിക ശ്രീ

തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കാനുള്ള തയ്യാറെടുപ്പിലാണ് ദേവ…അപ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്തത്…”ഹലോ… ദേവശ്രീ അല്ലേ??”അതേ.. ഇതാരാ സംസാരിക്കുന്നത്??””ഇത് തണലിൽ നിന്നാണ്..””സോറി പെട്ടെന്ന് മനസിലായില്ല… “”അത് സാരില്ല.. രാജൻ പറഞ്ഞു മോൾ അച്ഛനെ ഇവിടേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ടെന്ന്.. അതിനെക്കുറിച്ചു കൂടുതൽ പറയാനാണ് ഞാൻ വിളിച്ചത്..””അത് സാർ എനിക്ക് ഒരു ജോലി ശരിയായിട്ടുണ്ട് തിരുവനന്തപുരത്ത്.. ഇപ്പോൾ എനിക്ക് അച്ഛനെ കൊണ്ടുപോകാൻ കഴിയില്ല.. പിന്നെ ഇവിടെ തനിച്ചു നിർത്തുന്നത് ശരിയാകില്ല.. അതാ..”

“എങ്കിൽ നാളെ ഇങ്ങോട്ട് കൊണ്ടുവന്നോളൂ… ഇവിടെ അതുപോലുള്ള കുറെ പേരുണ്ട്… പിന്നെ ഓരോ പേരെ നോക്കാനും ഓരോ കെയർടേക്കറും ഉണ്ട്… മാസത്തിൽ ഒരു തുക ഇവിടെ അടച്ചാൽ മതി…””ശരി.. ഞാൻ നാളെത്തന്നെ അച്ഛനെ കൂട്ടി വരാം..”ഫോൺ കട്ട്‌ ചെയ്ത് അവൾ നേരെ രാഘവന്റെ റൂമിലേക്ക് നടന്നു…”എന്താ മോളെ… എല്ലാം എടുത്തുവെച്ചോ???””എല്ലാം എടുത്തുവെച്ചു അച്ഛാ.. നാളെ അച്ഛനെ ഞാൻ രാജേട്ടൻ പറഞ്ഞ സ്ഥലത്താക്കാം…””വേണ്ടമോളെ ഞാൻ ഇവിടെ നിൽക്കാം… ചുറ്റും ആളുകളുണ്ടല്ലോ…””പകൽ ആളുണ്ടാകും.. രാത്രിയോ?? “”ഒറ്റക്ക് നിൽക്കണം എന്നത് എന്റെ വിധിയായിരിക്കും മോളെ… അത്രയും ദ്രോഹിച്ചിട്ടുണ്ട് ഞാൻ ആ പാവത്തെ.. എല്ലാത്തിനും കൂട്ടുനിന്നു.. അവസാനം..” കൂടുതൽ പറയാൻ കഴിയാതെ ആ വൃദ്ധന്റെ വാക്കുകൾ ഇടറി…

“എന്തിനായിരുന്നു എന്ന് ഇപ്പോൾ തോന്നിട്ട് കാര്യമില്ല അച്ഛാ… പിന്നെ ഞാൻ അനുഭവിച്ചത് എന്റെ വിധി.. അച്ഛനും അമ്മയും ചെയ്ത തെറ്റിന് എനിക്ക് കിട്ടിയ ശിക്ഷ.. “”മോളെ… ഞാൻ… പാലൂട്ടിയ കൈക്ക് തന്നെ അവൻ തിരിച്ചു കൊത്തും എന്ന് വിചാരിച്ചില്ല…””മതി… കൂടുതൽ സംസാരിച്ചാൽ ഞാനും അച്ഛനും തെറ്റും… ഒന്ന് മാത്രം പറയാം… ചെയ്ത കുറ്റങ്ങളുടെ ശിക്ഷ എല്ലാരും ഒരിക്കൽ അനുഭവിക്കേണ്ടിവരും… ചേതനും… പിന്നെ നാളെ രാവിലെ പോകാം.. “രാഘവന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അവൾ റൂമിലേക്ക് പോയി…

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

വൈകുന്നേരം തന്നെ ലിനു തിരുവനന്തപുരത്തേക്ക് തിരിച്ചു… വിഷമം ഉണ്ടെങ്കിലും രണ്ടു ദിവസം കഴിഞ്ഞാൽ അവരും നാട്ടിലേക്ക് പോകും എന്ന സമാധാനത്തിൽ ഋതു നിന്നു…ലിനു പോയപ്പോൾ മുതൽ അവർ മൂന്നു പേരും അവളുടെ കൂടെ ഉണ്ടായിരുന്നു… ഭക്ഷണം കഴിച്ചു റൂമിലേക്ക് കയറിയപ്പോൾ വല്ലാത്തൊരു ശൂന്യത അവൾക്ക് തോന്നി.. മൊത്തം ഒരു സങ്കടം… കൂടെ കിടക്കാം എന്ന് തനു പറഞ്ഞെങ്കിലും ഋതു
സമ്മതിച്ചില്ല…തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാത്തതുകൊണ്ട് അവൾ ഷെൽഫിൽ നിന്നും അവന്റെ ഒരു ഷർട്ട്‌ എടുത്ത് അത് കെട്ടിപ്പിടിച്ചു കിടന്നു… അപ്പോഴേക്കും ലിനുവിന്റെ കോൾ അവളെ തേടി എത്തിയിരുന്നു…”ഇച്ചായന്റെ കൊച്ചിന് ഉറക്കം വരുന്നില്ലേ???””ഇല്ല.. എന്തോപോലെ ഇച്ഛ…””തനുവിന്റെ കൂടെ കിടന്നൂടായിരുന്നോ?? ”

“വേണ്ടാ.. ഒറ്റയ്ക്ക് കിടക്കാം എന്ന് തോന്നി… പക്ഷേ ഇപ്പോൾ എന്തോ ഒരു വിഷമം… മിസ്സ്‌ ചെയ്യുന്നു ഇച്ചാ..””രണ്ടു ദിവസത്തെ കാര്യമല്ലേ പെണ്ണെ.. “”എന്നാലും..””ഒരു എന്നാലും ഇല്ല… ഇപ്പോൾ കണ്ണുകൾ അടച്ചു കിടന്നേ… “അവൾ കണ്ണുകൾ അടച്ചു അവന്റെ ശബ്ദത്തിന് കാതോർത്തു… അവൻ പറയുന്ന ഓരോ കാര്യങ്ങളും കേട്ട് എപ്പോഴോ അവൾ ഉറങ്ങി… അത് മനസിലായതും ഒരു ചിരിയോടെ ലിനു കോൾ കട്ടാക്കി…

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

റൂമിൽ ഇരിക്കുന്ന ചേതന്റെ അടുത്തേക്ക് നിവേദ് വന്നു..”അല്ല നീ എന്താ ഇന്ന് ലേറ്റ് ആയത്??”
“ചേതാ.. RL കമ്പനി പുതിയൊരു വില്ല പ്രൊജക്റ്റ്‌ തുടങ്ങുന്നുണ്ട്… ഒന്ന് ശ്രമിച്ചു നോക്കിയാലോ?? ആ കോൺട്രാക്റ്റ് നമുക്ക് കിട്ടിയാൽ നമ്മുടെ ബിസിനസിനു നല്ലൊരു പേര് കിട്ടും… ഒപ്പം പുതിയ ഓഫറുകളും..””ഈ കമ്പനിയെക്കുറിച്ച് അന്വേഷിച്ചോ??””മ്മ്.. മുംബൈ ബിസിനസ്‌ ലോകത്തിൽ ഏറ്റവും മുന്നിലുള്ള PM ഗ്രൂപ്പിന്റെ കമ്പനി തന്നെയാണിത്…””പിന്നെ എന്താ പേര് മാറ്റം??””പേര് മാത്രേ മാറ്റമുള്ളൂ…നിയന്ത്രിക്കുന്നത് ഒരാൾ തന്നെയാണ്… ലിസ്റ്റിൻ മാത്യു പാലക്കൽ…… അദ്ദേഹം തിരുവനന്തപുരത്തു തുടങ്ങിയ കമ്പനിയാണിത്… തുടങ്ങിട്ട് ഒരു വർഷമേ ആയുള്ളൂവെങ്കിലും ബിസിനസ്‌ ലോകത്ത് ശ്രദ്ധ നേടിക്കഴിഞ്ഞു…”

“ഈ പേര് ഞാൻ എവിടെയോ കെട്ടിട്ടുണ്ടല്ലോ??”
“ഉണ്ട്… രണ്ടു ദിവസം മുന്നേ അലക്സ് നിന്നോട് പറഞ്ഞിരുന്നു.. ദേവശ്രീക്ക് ജോലി കിട്ടിയ കമ്പനി ”
“ആ അങ്ങനെ വരട്ടെ… എന്തായാലും ശ്രമിച്ചു നോക്കാം… കിട്ടിയാൽ അവൾക്ക് പണികൊടുക്കാൻ കഴിഞ്ഞെങ്കിലോ..””ശരി.. ഞാൻ അലക്സിനോട് സംസാരിക്കട്ടെ.. എന്നിട്ട് കമ്പനിയിൽ മീറ്റിങ് അറേൻജ് ചെയ്യാം..””ശരി “ഒരു പാട്ട് കൈയിൽ നിന്നും പോയതിൽ ചെറിയൊരു വിഷമം തോന്നിയെങ്കിലും ചേതൻ വേഗം ഓക്കേയായിരുന്നു…. ഗായകൻ എന്നതിലുപരി രേവതി ഗ്രൂപ്പ്‌ ഓഫ് കമ്പനിയുടെ ഓണർ കൂടിയാണ് ചേതൻ…..അവന്റെ ഉറ്റമിത്രം അലക്സാണ്‌ ബിസിനസ്‌ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്… ഇതു സംബന്ധമായ കാര്യമാണ് തൊട്ടുമുന്നേ നിവേദ് സംസാരിച്ചത്…

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

രാവിലെ ഒൻപത് മണിയോടെ ദേവയും രാഘവനും വീട്ടിൽ നിന്നും ഇറങ്ങി…രാഘവനെ തണലിൽ വിട്ട് വേണ്ട കാര്യങ്ങൾ ചെയ്തിട്ടാണ് ദേവ അവിടെ നിന്നും വിട്ടത്.. ഇറങ്ങുമ്പോൾ അവൾ ഒന്നും സംസാരിക്കാൻ നിന്നില്ല… റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും അവൾക്കു പോകാനുള്ള ട്രെയിൻ വന്നിരുന്നു… ടിക്കറ്റ് എടുത്ത് അവൾ അതിലേക്ക് കയറി…സന്ധ്യയോടെ അവൾ തിരുവനന്തപുരത്തെത്തി.. ഒരു ഓട്ടോ പിടിച്ചു നേരെ താമസിക്കാനുള്ള വുമൺസ് ഹോസ്റ്റലിലേക്ക് തിരിച്ചു… കമ്പനി തന്നെയാണ് താമസസൗകര്യം ഒരുക്കിയത്… അവിടെയെത്തി തനിക്ക് ലഭിച്ച മുറിയിലേക്ക് കയറി സാധനങ്ങൾ എല്ലാം എടുത്തുവെച്ചു.. ഒറ്റക്കുള്ള മുറിയാണ് അവൾക്ക് കിട്ടിയത്.. അതിൽ അവൾക്ക് സമാധാനം തോന്നി… നാളെ ജോലിയുടെ ആദ്യ ദിവസമാണ് അതുകൊണ്ട് ഒരു കുളിയും പാസാക്കി ഭക്ഷണവും കഴിച്ചു അവൾ നേരത്തെ കിടന്നു…

തുടരും

ചെറിയ part ആണ്.. അഡ്ജസ്റ്റ് ചെയ്യണേ