23/04/2026

ഓർമ്മകളിലൂടെ : ഭാഗം 12

രചന – മിയ അവ

ആ കാഴ്ച കണ്ടതും മനസ്സിന്റെ സകല നിയന്ത്രണവും വിട്ടു പോയിരുന്നു. സർവ്വ ദേഷ്യത്തോടെ തന്നെ ഉറക്കെ വിളിച്ചു.

” അമ്മൂ..”

എന്റെ വിളി കേട്ട് അമ്മുവും മനുവും ഒരുമിച്ചാണ് എന്റെ നേർക്ക് നോക്കിയത്. ഞെട്ടി പോയിരുന്നു അമ്മു എന്നെ അവിടെ കണ്ടപ്പോൾ. ആ പതർച്ച അവളുടെ മുഖത്ത് നിന്നും നന്നായി തന്നെ വായിച്ചെടുക്കാം.

“ആമി.. നീ..നീയെന്താ ഈ സമയത്തു ”

“കഴിഞ്ഞോടി…കഴിഞ്ഞോ നിന്റെ നാടകം ”

” ആമി….എന്തൊക്കെയാ നീ പറയുന്നേ.. ഞാൻ.. ഞാനെന്ത് ചെയ്തു…”

“മതി.. കിടന്നു വിയർക്കേണ്ട നീ…നിന്റെ മുഖം മൂടി അഴിഞ്ഞു വീണു അമ്മു… പഞ്ച പാവമായി വന്നു ചോര ഊറ്റി കുടിക്കുകയായിരുന്ന ചെന്നായ…”

ഒരു പുച്ഛത്തോടെ ഞാൻ പറഞ്ഞു നിർത്തിയപ്പോൾ അവൾ മനുവിനോട് കൂടുതൽ ചേർന്ന് നിൽക്കുന്നത് കണ്ടു.

” അവളെ ചെന്നായയെന്ന് വിളിക്കാൻ നീയാരാടി..നിനക്ക് എന്താ ഇവിടെ കാര്യം.”

ഇടയിൽ കയറി വന്ന കിഷോർ എനിക്ക് നേരെ കയർത്തു.

“ഞാൻ മനുവിനെ ഒന്ന് കാണാൻ വന്നതാ…എനിക്കൊരു തെറ്റ് പറ്റി.. അത് തിരുത്താൻ വേണ്ടിയാ വന്നത്…”

അത് കേട്ടതും അമ്മുവിന്റെ മുഖം വിളറുന്നത് എന്റെ കണ്ണുകൾ വ്യക്തമായി ഒപ്പിയെടുത്തു.

“മനുവേട്ടാ.. കണ്ടില്ലേ.. ഞാൻ പറഞ്ഞില്ലേ തെറ്റ് പറ്റിയെന്നു പറഞ്ഞൊരു നാടകം കളിച്ചു ഇവൾ ഏട്ടനെ കാണാൻ വരുമെന്ന്… കഴിഞ്ഞ ദിവസം ഏട്ടന്റെ ഫാമിലിയെ കുറിച്ചും സ്വത്ത് വകകളെ കുറിച്ചും അറിഞ്ഞത് തൊട്ട് ഇവളിലെ മാറ്റം ഞാൻ കണ്ടതാ… മനുവേട്ടന്റെ സ്വത്ത് തട്ടിയെടുക്കാൻ ഇവളിനി ഏട്ടനോട് പ്രണയമാണെന്ന് പറയാനുള്ള അടവാ ഇത്…”

“എന്ത് പറഞ്ഞെടി കള്ളി…ആരാടി പ്രണയം നടിച്ച് അടുത്ത് കൂടാൻ ശ്രമിക്കുന്നത്..”

പറച്ചിലിനൊപ്പം കോപം കൊണ്ട് വിറച്ച എന്റെ കൈകൾ അവളെ തല്ലാനായി വായുവിൽ ഉയർന്നു പൊങ്ങിയിരുന്നു. പക്ഷെ അത് അവളുടെ മുഖത്തു പതിയും മുന്നെ മനുവിന്റെ കൈകൾ എന്നെ തടഞ്ഞു. ഞെട്ടലോടെ ഞാൻ ആ മുഖത്തേക്ക് നോക്കി. ആ കണ്ണുകളിലും ദേഷ്യം പടർന്നു കയറിയിരുന്നു.

“തൊട്ട് പോകരുത് അവളെ…അവൾ എന്റെ പെണ്ണാ.. ഈ മനു ശങ്കറിന്റെ പെണ്ണ്..”

കാതുകളിൽ അതൊരു ഇടിമുഴക്കം പോലെ തോന്നിച്ചു. സങ്കടവും ദേഷ്യവും ഒരുപോലെ ഉള്ളിൽ ഉയർന്നു പൊങ്ങി.

“താനെന്താടോ പൊട്ടനാണോ…ഇവൾ തന്നെ ചതിക്കുകയാണ്.. ഇവൾക്ക് തന്നോട് ആത്മാർത്ഥ പ്രണയം ഒന്നും ഇല്ല…”

“അത് പറയാൻ നിനക്ക് എന്ത് അവകാശം… ആത്മാർത്ഥ പ്രണയം എന്താണെന്ന് നിനക്കറിയോടി…”

“ഇയാൾക്ക് ഇത് എന്താ…എടോ.. ഞാൻ തന്നോട് തർക്കിക്കാൻ വന്നതല്ല..ഇവളുടെ ചതിയിൽ പെടാതെ തന്നെ രക്ഷിക്കാനാ ഞാൻ നോക്കുന്നെ…”

“കൊള്ളാം.. നന്നായിട്ടുണ്ട് സഖാവിനു പറ്റിയ പണി തന്നെ.. അഭിനയം…നീ നിന്റെ അച്ഛനെ പറയിപ്പിക്കുമല്ലോടി…”

“ദേ.. എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ..”

“പറഞ്ഞാൽ നീ എന്ത് ചെയ്യുമെടി.. ഒരു ശീലാവതി വന്നിരിക്കുന്നു..”

“കിഷോർ.. നീ ഇതിൽ ഇടപെടേണ്ട.. ഇത് അവർ തമ്മിൽ പറഞ്ഞു തീർത്തോളും..”

ഷോണിമ ചേച്ചിയായിരുന്നു അത്. മനുവിന്റെയും കിഷോറിന്റെയും ശരത്തിന്റെയുമെല്ലാം ഉറ്റ സുഹൃത്ത്.
ഞാൻ ചേച്ചിയെ ദയനീയമായി ഒന്ന് നോക്കി. ആർട്സ് ക്ലബിന്റെ ഭാഗമായി ഒരുമിച്ച് ഓടി നടന്ന് ഞാനും ചേച്ചിയും നല്ല കൂട്ടായിരുന്നു. എന്റെ അവസ്ഥ കണ്ട് ചേച്ചിയുടെ മുഖത്തും ദുഃഖം നിഴലിക്കുന്നുണ്ടായിരുന്നു.

” നിന്റെ അച്ഛനെ കുറിച്ച് എനിക്ക് നന്നായി അറിയാം.. കറ കളഞ്ഞൊരു സഖാവ്.. അറിഞ്ഞപ്പോൾ ഒരുപാട് ബഹുമാനം തോന്നിയ ഒരു വ്യക്തിത്വം..നീയും അങ്ങനെ ആയിരിക്കുമെന്ന് കരുതി.. മനസ്സിൽ പ്രണയം തോന്നിപ്പോയി… പക്ഷെ..സ്വത്ത് കണ്ടു മോഹിക്കുന്നവളാണ് നീയെന്ന് അറിഞ്ഞപ്പോൾ.. അതിന് വേണ്ടി സ്വന്തം വ്യക്തിത്വം പോലും കളഞ്ഞു കള്ളം പറയുന്നത് കണ്ടപ്പോൾ… വെറുപ്പാണ് ഇന്നെനിക്ക് നിന്നോട്‌… നിന്നെ സ്നേഹിച്ചു പോയതിൽ നാണക്കേട് തോന്നുന്നു… ”

മനുവിന്റെ ഓരോ വാക്കുകളും നെഞ്ചിൽ ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു.

“അതിന് ഞാൻ തന്നോട് എന്ത് കള്ളമാടോ പറഞ്ഞത്…”

“ഇപ്പോൾ പറയുന്നത് തന്നെ… അമ്മു.. ഞാൻ കുഞ്ഞു നാള് മുതൽ കാണാൻ തുടങ്ങിയതാ ഇവളെ.. ഒന്നിച്ചു കളിച്ചു വളർന്നവരാ ഞങ്ങൾ…എന്റെ ഫാമിലി ബാക്ക്ഗ്രൗണ്ടും സ്വത്തിനെ കുറിച്ചുമെല്ലാം നല്ല ധാരണയുള്ളവൾ… ഇന്നീ നിമിഷം വരെ അതിൽ ഒരു മോഹം ഇവൾ കാണിച്ചിട്ടില്ല… നിസ്വാർത്ഥമായി എന്നെ സ്നേഹിക്കുക മാത്രമേ ചെയ്തുള്ളു… അറിഞ്ഞിരുന്നു കുറെ മുന്നെ തന്നെ ഇവളുടെ ഉള്ളിലെ എന്നോടുള്ള പ്രണയം.. കണ്ടില്ലെന്ന് നടിച്ച് നടക്കുവായിരുന്നു ഇത്രയും നാൾ…അന്ന് നീ എന്നെ എല്ലാരുടെയും മുന്നിൽ വെച്ചു അപമാനിച്ചു.പക്ഷെ ഇന്ന് ഈ കൂടി നിൽക്കുന്നവരുടെ മുന്നിൽ വെച്ചു തന്നെ ഞാൻ പറയുവാ…ഈ മനു ശങ്കറിന്റെ ജീവിതത്തിൽ ഇനി ഒരു പെണ്ണുണ്ടെങ്കിൽ.. അതെന്റെ അമ്മു മാത്രമായിരിക്കും…”

പറയുമ്പോഴും ആ കണ്ണുകളിൽ അമ്മുവിനോടുള്ള പ്രണയമായിരുന്നില്ല.. മറിച്ച് എന്നോടുള്ള ദേഷ്യവും വാശിയും മാത്രമായിരുന്നു തെളിഞ്ഞു നിന്നത്. അത് കേട്ടപ്പോൾ അമ്മുവിന്റെ മുഖം വിടർന്നതും ഞാൻ ശ്രദ്ധിച്ചു. അത് കണ്ടതും എന്റെ ദേഷ്യം ഇരട്ടിച്ചു. ദഹിപ്പിക്കുന്ന കണ്ണുകളോടെ അവളെ നോക്കി.

“അധികം വെളച്ചിൽ എടുക്കാതെ കടന്നു പോടീ എന്റെ മുന്നിന്ന്…”

മനുവിന്റെ ആട്ടിയുള്ള പറച്ചിൽ കൂടിയായപ്പോൾ എനിക്ക് സഹിച്ചില്ല. അതേ വാശിയോടെ തന്നെ തിരിച്ചു പറഞ്ഞു.

“ഡോ.. താൻ എന്നെ എല്ലാവരുടെയും മുന്നിലിട്ട് പരിഹസിക്കാൻ നോക്കുവാണോ..എന്നാ അങ്ങനെ തന്നെ കരുതിക്കോ…..ശരിയാ താൻ പറഞ്ഞത്… തന്റെ സ്വത്ത് തന്നെയാ എന്റെ ലക്ഷ്യം.. അതുക്കൊണ്ട് തന്നെ ആമി ആണയിട്ട് പറയുവാ..ഈ ആമിയുടെ കൊക്കിനു ജീവനുണ്ടേൽ നിങ്ങൾ തമ്മിലുള്ള വിവാഹം നടക്കില്ല… നടക്കാൻ ആമി സമ്മതിക്കില്ല..ഓർത്തു വെച്ചോ…മര്യാദയുടെ ഭാഷയിൽ പറഞ്ഞപ്പോൾ തനിക്ക് അത് ഉൾക്കൊള്ളാൻ ബുദ്ധി ഇല്ലാന്ന് മാത്രല്ല.. ഇപ്പൊ ഇവളുടെ കൂടെ കൂടി ന്നെ പരിഹസിക്കാനും അപമാനിക്കുവാനും മത്സരിക്കുവാണല്ലേ താൻ… ആമിയെ തോൽപ്പിക്കാൻ നോക്കുവാണല്ലേ… എന്നാ കേട്ടോ തന്റെയും ഇവളുടെയും മുന്നിൽ തോൽക്കാൻ ആമിയ്ക്ക് മനസ്സില്ലടോ… പിരിച്ചിരിക്കും ഞാൻ നിങ്ങളെ…ഇത് ആമിയുടെ വാക്കാ..”

മറുപടിയ്ക്ക് നിൽക്കാതെ ഒരിക്കൽ കൂടി രണ്ടു പേരെയും കനപ്പിച്ചു നോക്കി ഞാൻ തിരിഞ്ഞു നടന്നു.

പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ ഞാനും അമ്മുവും തീർത്തും ശത്രുക്കളായി മാറുകയായിരുന്നു. ഹോസ്റ്റൽ വെക്കേറ്റ് ചെയ്തു ഞാൻ വീട്ടിലേക്ക് തന്നെ താമസം മാറ്റി. പെട്ടെന്നുള്ള എന്റെ ഈ താമസ മാറ്റം കണ്ടു അച്ഛയും അമ്മയും ഒരുപാട് നിർബന്ധിച്ചപ്പോൾ ഉണ്ടായ കാര്യങ്ങൾ രണ്ടു പേരോടും ചെറുതായി സൂചിപ്പിച്ചു.അല്ലെങ്കിലും നിനക്ക് ആളുകളെ തിരിച്ചറിയാൻ കഴിയില്ലെന്ന് പറഞ്ഞു അമ്മ അപ്പോഴും കുറ്റപ്പെടുത്തി. മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവിതം നശിപ്പിച്ചെന്ന് പറഞ്ഞു വീണ്ടും വീണ്ടും എണ്ണിപ്പെറുക്കി കൊണ്ടിരുന്നു. അച്ഛ അപ്പോഴും തലയിൽ തഴുകി ആശ്വസിപ്പിച്ചു. സംഭവിച്ചത് സംഭവിച്ചു.. ഇനിയൊരു വഴക്കിനും പോവണ്ടെന്ന് ചെറു ശാസനയോടെ പറഞ്ഞു വെച്ചു. പക്ഷെ ദേഷ്യം പിടിപ്പിച്ചേ അടങ്ങുള്ളുവെന്ന് ഉറപ്പിച്ച് അവർ കച്ച കെട്ടിയിറങ്ങിയാൽ ഞാൻ എന്ത് ചെയ്യാനാ.. എനിക്ക് വാശി കേറ്റാനായി അവർ അവസരങ്ങൾ പലതും ഉണ്ടാക്കി. എന്നെ കാണിക്കാനായാലും മനുവിന്റെയും അമ്മുവിന്റെയും പ്രണയം അരങ്ങ് തകർത്തു പൂത്തുലഞ്ഞു. പലപ്പോഴും മനുവിനെക്കാൾ എന്നോട് കലിപ്പ് കിഷോറിന് ആണെന്ന് തോന്നി. കിട്ടുന്ന അവസരങ്ങളിൽ എല്ലാം എന്നോട് തട്ടി കേറാനും വഴക്കിടാനും അവൻ ആവേശം കാണിച്ചു. ഞാനും ഒട്ടും വിട്ടു കൊടുത്തില്ല. അങ്ങനെ പതിയെ ഞങ്ങൾക്കിടയിലെ പോര് കോളേജിൽ അധ്യാപകർക്കിടയിൽ പോലും ഒരു ചർച്ചാ വിഷയമായി മാറി. ഞങ്ങളോട് സ്നേഹമുള്ള പലരും ഇതൊന്ന് അവസാനിപ്പിക്കാൻ ഒളിഞ്ഞും തെളിഞ്ഞും ഉപദേശവുമായി എത്തി. പക്ഷെ ഒരു മാറ്റവുമില്ലാതെ അത് വീണ്ടും തുടർന്നു. ഞങ്ങൾ രണ്ടു ചേരികളായി തന്നെ മുറിക്കപ്പെട്ടു. മനുവിനോടുള്ള ഇഷ്ട്ട കൂടുതൽ കാരണം ക്ലാസ്സിൽ പോലും പലർക്കും ഞാൻ ശത്രുവായി മാറി. എന്നെ അകറ്റി അമ്മുവിനെ അവർ ചേർത്ത് നിർത്തി. അതിന്റെയുള്ളിൽ മനുവിന്റെ തെറ്റിദ്ധാരണകൾ കൂടുതൽ ശക്തമാക്കാൻ അമ്മു പല കളികളും കളിക്കുന്നുണ്ടായിരുന്നു. അതെല്ലാം തകർക്കാൻ ഞാൻ ഇടപെടുന്നതിനെ വീണ്ടും വളച്ചൊടിച്ചു അമ്മു അവയെല്ലാം എന്നെ മനുവിന്റെ കൂടുതൽ ശത്രുവാക്കാനുള്ള ആയുധങ്ങളാക്കി മാറ്റി. മനുവിന്റെ പാർട്ടിയുടെ കൊടി ഞാൻ നശിപ്പിച്ചെന്ന് പറഞ്ഞു വരെ അവൾ കള്ളക്കഥയുണ്ടാക്കി. അത് കോളേജിൽ വലിയ ഇഷ്യു തന്നെ സൃഷ്ടിച്ചു. എനിക്ക് സപ്പോർട്ട് ആയി ചുരുക്കം ചില സഖാക്കൾ കൂടി അണി നിരന്നപ്പോൾ അതൊരു രാഷ്ട്രീയ വഴക്കായി പോലും വഴി തിരിഞ്ഞു. ഇനിയൊരു പ്രശ്നം ഉണ്ടായാൽ കോളേജിൽ നിന്നും തന്നെ ഡിസ്മിസ് ചെയ്യുമെന്ന് പ്രിൻസിപ്പലിന്റെ ലാസ്റ്റ് വാർണിങ്ങും കിട്ടി. ഞങ്ങൾക്കിടയിലെ ശത്രുത കൂടുതൽ കൂടുതൽ അവിടെ ഊട്ടിയുറപ്പിക്കുകയായിരുന്നു.

അങ്ങനെ ദിവസങ്ങളും മാസങ്ങളും വീണ്ടും കൊഴിഞ്ഞു പോയി. മനു അവന്റെ ഫൈനൽ എക്സാമും എഴുതി തീർത്തു കോളേജിനോട് വിട പറയാൻ കാത്തിരിക്കുന്നു.
അന്ന് അവരുടെ ഫെയർവെല്ലിന്റെ അന്ന്… കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു ക്യാമ്പസിലെ എക്കാലത്തെയും മികച്ച ചെയർമാൻ എന്ന അംഗീകാര സ്മരണയായ ട്രോഫിയും പതക്കവും അങ്ങേര് ഏറ്റു വാങ്ങുമ്പോൾ എന്റെ ഉള്ളിൽ അഭിമാനമായിരുന്നു എന്റെ നേതാവിനെ കുറിച്ചോർത്തു. എന്നാൽ അതിനിടയിലും എന്നെ നോക്കിയ കണ്ണുകളിൽ പകയായിരുന്നു. എന്നോടുള്ള വാശിയായിരുന്നു. എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുന്ന മനുവിനെ ഞാൻ ദൂരെ നിന്ന് നോക്കി കണ്ടു. ഞാൻ നോക്കി നിൽക്കുന്നത് കണ്ടിട്ടാവണം അമ്മു ഓടിച്ചെന്ന് മനുവിനെ കെട്ടിപിടിച്ചു. എന്തൊക്കെയോ വാ തോരാതെ അവനോട് സംസാരിച്ചിരിക്കുന്നത് കണ്ടു. കൂടുതൽ നേരം ആ കാഴ്ച കണ്ടു നിൽക്കാൻ മനസ്സ് അനുവദിക്കാത്തത് കൊണ്ട് ഞാൻ വണ്ടിയുമെടുത്ത് വീട്ടിലേക്ക് മടങ്ങി. പിന്നെ മൂന്നാല് ദിവസങ്ങൾ കഴിഞ്ഞു ആരോ പറഞ്ഞു അറിഞ്ഞു മനു പോയതിനു പിന്നാലെ അമ്മുവും കോഴ്സ് മതിയാക്കി ടി.സി വാങ്ങി നാട്ടിലേക്ക് പോയെന്നു. അല്ലെങ്കിലും അവൾ വന്നതിന്റെ ലക്ഷ്യം പഠിത്തമായിരുന്നില്ലല്ലോ മനുവായിരുന്നല്ലോ..ആ ലക്ഷ്യം നേടിയെടുത്തപ്പോൾ അവൾ മടങ്ങിയാതാവുമെന്ന് ഓർത്തു.

ഒരു വാശി പുറത്താണെങ്കിലും ഞാൻ പറഞ്ഞൊരു വാക്കുണ്ട്.. അവരെ തമ്മിൽ ഒന്നിപ്പിക്കില്ലെന്ന്… മനുവിനെ അവളുടെ ചതിക്കെണിയിൽ നിന്ന് രക്ഷിക്കാൻ ആ വാക്ക് പാലിക്കാൻ വേണ്ടി ഞാൻ തുനിഞ്ഞിറങ്ങിയതാണ്. പക്ഷെ അച്ഛ തടഞ്ഞു. അവളെ കുറിച്ചും അവളുടെ വീട്ടുക്കാരെ കുറിച്ചും ഇതിനോടകം അച്ഛ അന്വേഷിച്ചറിഞ്ഞിരുന്നു. പണത്തിനും പദവിയ്ക്കും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവനായിരുന്നു അവളുടെ അച്ഛൻ. മനുവിന്റെ സ്വത്തിന് പുറമെ അവന്റെ രാഷ്ട്രീയ ഭാവിയും അവർ ലക്ഷ്യം വെച്ചിരുന്നു. അങ്ങനെയുള്ളവരുടെ മുന്നിലേക്ക് മകളെ ഇട്ടു കൊടുക്കാൻ അച്ഛയ്ക്ക് പേടി തോന്നി. നേരിനും നന്മയ്ക്കും വേണ്ടി ജീവഭയമില്ലാതെ പോരാടിയ സഖാവ് ഭീരുവായി പോയോന്ന് ഒരു വേള ഞാൻ ചിന്തിച്ചു പോയിരുന്നു. പിന്നെ ഓർത്തു സ്വന്തം രക്തത്തിന്റെ കാര്യം വന്നപ്പോൾ അച്ഛനും മറ്റുള്ളവരെ പോലെ സ്വാർത്ഥനായതാവാമെന്ന്. മക്കളെ സ്നേഹിക്കുന്ന ഒരു അച്ഛന്റെ വേദന ഒരുപക്ഷെ എനിക്ക് മനസ്സിലാകാത്തതാവാം.. എന്തായാലും ഇനിയൊരു ടെൻഷൻ അച്ഛന് കൊടുക്കരുതെന്ന ഡോക്ടറുടെ വാക്ക് ഓർത്തപ്പോൾ എതിർക്കാൻ തോന്നിയില്ല. മനു.. അമ്മുവെന്ന രണ്ടു അധ്യായങ്ങളെ എന്നന്നേക്കുമായി മനസ്സിൽ കുഴിച്ചു മൂടി എന്റെ ജീവിതവുമായി ഞാൻ മുന്നോട്ടു നീങ്ങി.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ശ്രീക്കുട്ടി വീണ്ടും താളുകൾ മറിച്ചു. പിന്നീടുള്ള മൂന്നോ നാലോ താളുകൾ ശൂന്യമായിരുന്നു. അടുത്ത താളിലേക്ക് വിരൽ ചലിച്ചപ്പോൾ അവിടെ വീണ്ടും മഷി പുരണ്ടിരിക്കുന്നത് കണ്ടു. ആകാംഷയോടെ തന്നെ കറുത്ത മഷിയിൽ ചാലിച്ച ആമിയുടെ ആ അക്ഷരങ്ങളിലൂടെ അവൾ കണ്ണോടിച്ചു.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

വർഷങ്ങൾ പലതും കഴിഞ്ഞു. ഏതാണ്ട് ആറു വർഷങ്ങൾക്ക് ശേഷമാണ് ഞാൻ വീണ്ടും അപ്രതീക്ഷിതമായി ആ മുഖം കാണുന്നത്. അന്നാണ് എന്റെയും മനുവിന്റെയും ജീവിതത്തിലെ ആ വഴിത്തിരിവ് ഉണ്ടാക്കിയത്. ഒട്ടും വിചാരിക്കാതെ ഞങ്ങളുടെ ജീവിതം മറ്റൊരു തലത്തിലേക്ക് മാറി മറിഞ്ഞത്.

(തുടരും )